സ്വന്തം അയ്യപ്പന്‍ | ||
തിരുവനന്തപുരം 1988 ഓഗസ്‌റ്റ് 16. പ്രിയ സെബാസ്‌റ്റ്യന്‍, മുണ്ഡനം ചെയ്‌തതിനു തുല്യം എന്റെ മുടി മുറിച്ചുകളഞ്ഞു. അന്നു കണ്ടതിലും ശരീരം പകുതിയായി. ഇവിടം വിട്ട് എത്രയും ദൂരെ പോകണമെന്നുണ്ട്. എന്നിട്ടും വയ്യ. ഇതൊക്കെയായിരുന്നു എഴുതാത്തതിനു കാരണം. ഞാന്‍ തീരെ കിടപ്പിലായിരുന്നു. ഞാനും മരണവുമായുള്ള ഒരു സംഗമേച്‌ഛ കൂടിയായിരുന്നുവെന്നു വേണം പറയാന്‍. നേരിയ നെഞ്ചുവേദനയായിരുന്നു. കണ്ണു തുറന്നതു ജനറല്‍ ആശുപത്രിയിലും. ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി. മുടി മുളയ്‌ക്കുന്നു. ശ്‌മശ്രുക്കള്‍ വളരുന്നു. സദാ കണ്ണട, പേന, പുസ്‌തകം ഇതൊക്കെ എനിക്കു ജീവിതം തരുന്ന വിഭവവേളയാണ്. വളരെയേറെ എന്റെ മരണത്തെക്കുറിച്ച് എഴുതണമെന്നുണ്ട്. അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തേക്കുറിച്ച്. കഴിയുന്നില്ല. ഈ വരുന്ന 25-ന് ഞാന്‍ വരും. വൈകിട്ട്‌് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ആ ആല്‍ത്തറയിലിരിക്കും. ആ വഴിക്ക് ഞാന്‍ കോഴിക്കോട്ടേക്കു പോകും. ആ വഴിക്ക്.. ആ വഴിക്ക്... നിന്റെ സ്വന്തം അയ്യപ്പന്‍. അയ്യപ്പന്‍ എനിക്കെഴുതിയിട്ടുള്ള നൂറുകണക്കിനു കത്തുകളില്‍ ഒരെണ്ണമാണു മുകളില്‍. മരണതുല്യമായ ജീവിതത്തേക്കുറിച്ചും മരണത്തേക്കുറിച്ചും വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം പറയുന്നു. എങ്കിലും തനിക്ക് അറുപതായി എന്നു നമ്മളെ നിശബ്‌ദമായി ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. ആത്മമിത്രങ്ങളായിരുന്ന വി.പി. ശിവകുമാര്‍, ജോണ്‍ ഏബ്രഹാം, സുരാസു, നരേന്ദ്രപ്രസാദ്, കടമ്മനിട്ട, മുരളി എന്നിവരെല്ലാം മരണത്തിലേക്കു നടന്നുപോയിട്ടും വാക്കുകളുടെ വജ്രസൂചികള്‍ കൊണ്ട് അനുവാചകന്റെ കരള്‍ കൊത്തി മുറിക്കുവാന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യത്തിനായി പ്രകൃതി തന്നെ അദ്ദേഹത്തെ കാത്തു സംരക്ഷിച്ചു ജീവിപ്പിക്കുന്നു. കരിനാക്കുള്ള പാട്ടുകാരനായി... മലയാളി കവിതയില്‍ ഗദ്യത്തിന് അപൂര്‍വമായ സാന്ദ്രതയും സംഗീതവും നല്‍കി... ജീവപര്യന്തം കവിയായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട്... ഒരുവനു കവിത അവന്റെ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടു നില്‌ക്കാം എന്നതിനു മലയാള ഭാഷയിലെ അവസാന വാക്കാകുമെന്നു തോന്നിപ്പിക്കുന്നു അയ്യപ്പന്‍. കാട്ടുപുല്ലുകള്‍ക്കിടയില്‍ പൊട്ടിമുളച്ച്.. ഋതുഭേദങ്ങളെ കൊഞ്ഞനം കുത്തി.. വിടര്‍ന്നുനില്‌ക്കുന്ന വിഷപ്പൂവ്... ഇടിമിന്നല്‍ ഏല്‍ക്കാതെ വാടിക്കരിയാതെ മഴയില്‍ പൊഴിയാതെ ചെറുകാറ്റില്‍ ഉന്മാദിയായി ചൂണ്ടുവിരലും പെരുവിരലും മഷിത്തണ്ടും കൊണ്ടു ഹൃദയത്തില്‍ നിന്നും പൊട്ടി ഒലിച്ച കാരീയം കോരിയെറിഞ്ഞ്... മലയാളഭാഷ അതുവരെ പരിചയിക്കാത്ത തന്റേതു മാത്രമായ രക്‌തനക്ഷത്രങ്ങള്‍ ചമച്ച്.. വ്യത്യസ്‌തമായ വഴിവെട്ടി കവിതയ്‌ക്ക് ആഴത്തിന്റെയും പരപ്പിന്റെയും ശക്‌തമായ ഒരു മൗലികത നല്‍കി കവിതയുമായി സഹവസിക്കേണ്ടത് എങ്ങനെയെന്ന്, ചോര ചീറ്റുമാറു നെഞ്ചുകീറി തെളിയിക്കുകയും ചെയ്‌ത്... ചേറുള്ള കാലടികളില്‍ തീര്‍ഥയാനങ്ങളുടെ മുദ്രകള്‍ സൂക്ഷിച്ച്... അയ്യപ്പന്‍. എനിക്ക് പതിനഞ്ചു വയസുള്ളപ്പോള്‍ തുടങ്ങുന്നു അദ്ദേഹവുമായുള്ള ബന്ധം. ഒരു പ്രസിദ്ധീകരണത്തില്‍ ഒരേ പേജില്‍ രണ്ടുപേരുടെയും കവിത അച്ചടിച്ചു വന്നത്.. അദ്ദേഹം എനിക്ക് കത്തെഴുതിയത്.. അദ്ദേഹത്തെ തേടി എറണാകുളം മുഴുവന്‍ ഞാന്‍ അലഞ്ഞത്.. പിന്നെ ഒയാസീസ് ലോഡ്‌ജില്‍ വച്ചു കണ്ടത്.. പരസ്‌പരം ഒഴുകിച്ചേര്‍ന്നത്.. അദ്ദേഹത്തിന്റെ നിഴലായ് ഞാന്‍ മാറിയത്.. പിന്നീട് കാലം പോയത് ഒരൊറ്റ മിന്നലായാണ്. പേമാരിയും ഇടിവെട്ടുമില്ലാതെ ഞൊടിയിടെ വെറും മിന്നലായ്.. ഞങ്ങളുടെ ജീവിതത്തില്‍ മുപ്പതു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവായി എനിക്കു തോന്നിയിട്ടില്ല. അത്രയ്‌ക്ക് അലിഞ്ഞിരുന്നു എന്റെ ജീവിതവുമായി അദ്ദേഹം. എന്റെ ആദ്യ കവിതാസമാഹാരമായ 'പുറപ്പാടി'ല്‍ ആദ്യം ചുംബനം എന്ന കുറിപ്പില്‍ അദ്ദേഹം എഴുതി: ''വെയിലില്‍ വിഹലമല്ലാത്ത മഹാവൃക്ഷത്തിന്റെ ചുവട് ഞാനാശംസിക്കുന്നു. ഏറ്റവും നല്ല കവിതയെഴുതുന്ന കവിയുടെ കൈവിരലുകള്‍ കടിച്ചുമുറിക്കാന്‍ നിന്റെ ദംഷ്‌ട്രകള്‍ക്കു ഞാനുറപ്പു തരുന്നു..'' വര്‍ഷങ്ങള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ 'കണ്ണ്' എന്ന കാവ്യസമാഹാരത്തിന്റെ ആദ്യപേജില്‍ അദ്ദേഹം കുറിച്ചിട്ടു: ''എന്നും ഒരു കാലൊച്ച പ്രതീക്ഷിക്കുന്ന സാഹോദര്യത്തിന്, സെബാസ്‌റ്റ്യന്. അദ്ദേഹത്തിന്റെ നിഴലായി മാറിയ ഞാന്‍ ആ ജീവിതവും കവിതയും വിസ്‌മയത്തോടെ നോക്കിനിന്നു. ഇതിനിടയില്‍ അദ്ദേഹം പലയിടങ്ങളിലേക്കും പറന്നുപോയി. മദ്രാസില്‍...ഡല്‍ഹിയില്‍...ആന്‌ധ്രയില്‍... റെയില്‍വേ പ്ലാറ്റ്‌ഫോം... ബസ്സ്റ്റാന്‍ഡ്... വരാന്തകള്‍... രാത്രി തങ്ങുവാനുള്ള ഇടങ്ങളാക്കി... ഈ ജീവിതയാത്രയില്‍ അദ്ദേഹം എനിക്കു നിരന്തരം കത്തുകള്‍ എഴുതി. നിരവധി വട്ടം നാട്ടിലും വീട്ടിലും വന്നു.. ഞങ്ങള്‍ ഒരുമിച്ചു യാത്രകള്‍ ചെയ്‌തു. എന്റെ അമ്മ വിളമ്പിയ ചോറ് ഒന്നിച്ചുണ്ടു.. എന്റെയും എന്റെ ബന്ധുക്കളുടെയും എല്ലാ വിശേഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. എന്റെ വിവാഹത്തിനു സഹോദരതുല്യം കൂടെ നിന്നു. ആലുവയിലെ ഞങ്ങളുടെ കടയ്‌ക്കു പിന്നില്‍ അദ്ദേഹത്തിനായി പണി തീര്‍ത്ത മുറിയില്‍ നാലുവര്‍ഷത്തോളം താമസിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തെ തേടി വന്നപ്പോള്‍ ആലുവ ചന്തയില്‍ വെച്ച് അദ്ദേഹത്തിനു സ്വീകരണം നല്‍കി. ആ ചടങ്ങില്‍ വന്‍ ജനാവലിക്കു മുമ്പില്‍ വച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസംഗിച്ചു: ''ഞാന്‍ ചന്തകളില്‍ പ്രസംഗിക്കാന്‍ യോഗ്യനല്ല. ഇങ്ങനെയുള്ള സ്‌ഥലങ്ങളില്‍ പ്രസംഗിച്ചവര്‍ ശ്രീ യേശുദേവനും ശ്രീബുദ്ധനും മുഹമ്മദ് നബിയും മറ്റുമാണ്....'' ആലുവ താമസത്തിനിടയില്‍ അയ്യപ്പന്‍ പലവട്ടം ആശുപത്രിയിലായി. അദ്ദേഹത്തെ ബാധിച്ച ഒരു വലിയ അസുഖം ചികിത്സിച്ചു മാറ്റാന്‍ സഹായിച്ചത് ന്യൂയോര്‍ക്കിലെ മലയാള കവി റെജീസ് ജോണാണ്... ഇതിനിടെ ഒഡേസ മൂവീസ് അയ്യപ്പനെക്കുറിച്ചു സിനിമയെടുത്തു. ഡല്‍ഹിയിലും കേരളത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട പലയിടങ്ങളിലും വച്ച് അതു ചിത്രീകരിച്ചു. കൂടിയാട്ടത്തിന്റെ ആചാര്യന്‍ ലോകപ്രശസ്‌തനായ വേണുജി, അയ്യപ്പന്റെ സഹപാഠിയാണ്.ഇരിങ്ങാലക്കുടയിലെ നാട്യകൈരളിയില്‍ ഒരിക്കല്‍ കാളിദാസ മഹോത്സവം നടക്കുമ്പോള്‍ ആ വേദിയില്‍ വച്ച് അയ്യപ്പനെ വേണുജി പൊന്നാടയണിയിച്ച് ആദരിച്ചു. അയ്യപ്പനുമായുള്ള ബാല്യകാലാനുഭവങ്ങള്‍ പങ്കുവച്ചു അദ്ദേഹം. എന്റെ ജീവിതത്തിലെന്ന പോലെ എന്റെ കാവ്യജീവിതത്തിലും നിറഞ്ഞുനിന്നു അദ്ദേഹം. ആദ്യ പുസ്‌തകത്തിലര്‍പ്പിച്ച ആദ്യ ചുംബനം മുതല്‍ എന്റെ ഈയിടെ തുടങ്ങിയ ആറാമത്തെ കവിതാസമാഹാരമായ 'ഇരുട്ട് പിഴിഞ്ഞ്' കൊല്ലത്തുവച്ചു ഡി.സി. ബുക്‌സ് പ്രകാശിപ്പിച്ചപ്പോള്‍ സദസില്‍ കാണികള്‍ക്കിടയിലിരുന്ന് അദ്ദേഹമെന്നെ അനുഗ്രഹിച്ചു. അയ്യപ്പനു കേരളം മുഴുവന്‍ സുഹൃത്തുക്കളുണ്ട്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ അവര്‍ക്കുമുണ്ടാകാം. അവര്‍ക്കും അദ്ദേഹത്തെക്കുറിച്ചു പലതും പറയാനുണ്ടാകും. എങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ വീട്ടിലെ കഞ്ഞിപ്പുരയില്‍ അമ്മ വിളമ്പിയ ചോറ് പലകയിലിരുന്നു കഴിക്കുന്ന ഞാനാകും കൗമാര കവിയും അയ്യപ്പനും. ഇന്നു വീട്ടിലെ ഡൈനിംഗ് ടേബിളില്‍ എനിക്കും അയ്യപ്പനും ചോറു വിളമ്പുന്ന എന്റെ ഭാര്യ. എന്റെ മക്കള്‍ക്ക് ഉടുപ്പുകളും ഭാര്യയ്‌ക്കു സാരിയും വാങ്ങി, പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ് തുകയില്‍ ബാക്കിയുമായി വരുന്ന അയ്യപ്പന്‍. ചിലപ്പോഴെല്ലാം മാസങ്ങള്‍ കഴിഞ്ഞിട്ടും വരാതെയാകുന്ന അയ്യപ്പനെ കാത്തിരിക്കുന്ന എന്റെ മക്കള്‍.. ഭാര്യ.. എന്റെ അപ്പന്‍ കിടപ്പിലായിരുന്നിട്ടും അയ്യപ്പന്‍ വന്നാല്‍ അപ്പന്‍ അറിയും. ശബ്‌ദം കേള്‍ക്കുമ്പോള്‍ ഉറക്കെ വിളിച്ചു ചോദിക്കും.. 'അയ്യപ്പന്‍ വന്നോടാ..' കാലങ്ങള്‍ പോയി. അയ്യപ്പന്‍ എനിക്കും ഞാന്‍ അയ്യപ്പനും കത്തെഴുതാതെയായി. അദ്ദേഹം എനിക്കയച്ച നൂറുകണക്കിനു കത്തുകള്‍ ഫയലില്‍ വിശ്രമിക്കുന്നു. ഞങ്ങളിരുന്നു കഞ്ഞികുടിച്ച അടുക്കളപ്പുരയും പലകയും ഇപ്പോഴില്ല. അമ്മയും അപ്പനും ഓര്‍മയായി.. ആലുവ മാര്‍ക്കറ്റില്‍ അയ്യപ്പന്‍ വര്‍ഷങ്ങള്‍ താമസിച്ച മുറി പൊളിച്ചു പോയി. മുപ്പതു വര്‍ഷത്തെ കവിതയും കാലവും മാറി... അയ്യപ്പനും അദ്ദേഹത്തിന്റെ കവിതയും മാറിയില്ല. 2009 സെപ്‌റ്റംബര്‍ 27, പുലരുന്നേയുള്ളൂ. കാലവര്‍ഷം പോയ് മറഞ്ഞിട്ടും വൈകി വന്ന മഴ തിമര്‍ത്തു പെയ്യുന്നു. ആകെ നനഞ്ഞു വിറച്ച് എന്റെ വീടിനുമ്മറത്ത് എവിടെ നിന്നോ വന്ന് അയ്യപ്പന്‍ വിളിക്കുന്നു- ''എടാ ഉണര്‍ന്നില്ലേ... ഷീബ.. എവിടെ.. ചായയെടുക്ക്...'' സെബാസ്‌റ്റ്യന് | ||
25/10/2009 |
Monday, October 26, 2009
സ്വന്തം അയ്യപ്പന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment