Wednesday, October 21, 2009

മുന്തിരിത്തോപ്പിലേക്കെത്തിയ ദുരന്തവാര്‍ത്ത
ഇന്നസെന്റ്‌














തേനി കമ്പത്തിലെ മുന്തിരിത്തോപ്പില്‍ ഷൂട്ടിംഗിനായി തയ്യാറായിരിക്കുമ്പോഴാണ്‌ തേക്കടി ദുരന്തവാര്‍ത്ത മരണത്തിന്റെ മണവുമായെത്തുന്നത്‌. കമലിന്റെ 'ആഗതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ്‌ ഞാന്‍, കമല്‍, ദിലീപ്‌, ബിജുമേനോന്‍, ക്യാമറമാന്‍ അജയ്‌ എല്ലാവരും തേനിയിലെത്തിയത്‌. 'കേരളയില്‍ ബോട്ട്‌ മുങ്ങി, രണ്ടുമൂന്ന്‌ പേര്‌ മരിച്ചിട്ടുണ്ട്‌ ' രണ്ട്‌ തമിഴ്‌ സ്വദേശികളാണ്‌ വന്ന്‌ പറഞ്ഞത്‌. സംഭവം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ നടുങ്ങി. നമ്മുടെ ഫ്രണ്ട്‌സും ബന്ധുക്കളും ഒക്കെ തേക്കടിയില്‍ യാത്രയ്‌ക്ക് പോകാനിടയുണ്ടല്ലോ. തേക്കടിയിലെത്തിയ പ്രൊഡ്യൂസര്‍ ഹംസ വിളിച്ചു പറഞ്ഞു 'രണ്ടുമൂന്നുപേരല്ല മരിച്ചത്‌, കുറേ പേര്‍ മരിച്ചിട്ടുണ്ട്‌. ഇവിടത്തെ സാഹചര്യം മോശമാണ്‌. ജനറേറ്ററോ ലൈറ്റോ എത്തിക്കാന്‍ പറ്റുമോ.' പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. മരണത്തേക്കാള്‍ വലുതാണോ സിനിമയും ഷൂട്ടിംഗും. തമിഴ്‌നാട്ടിലാണെങ്കിലും ഇവിടെനിന്ന്‌ കുറച്ച്‌ ദൂരമേ ദുരന്തസ്‌ഥലത്തേക്കുള്ളൂ. ജനറേറ്ററും ലൈറ്റുമായി തേക്കടിയിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടത്‌ വളരെ ദയനീയാവസ്‌ഥയാണ്‌. മരണത്തിന്റെ മണം നിറഞ്ഞ അന്തരീക്ഷം. കരച്ചില്‍, അലര്‍ച്ച . മൃതദേഹങ്ങളുമായി നാട്ടുകാര്‍ പായുന്നു. പാന്റും ചുരിദാറും ധരിച്ച മൃതദേഹങ്ങള്‍...... അമ്മമാരും കുട്ടികളും രക്ഷപ്പെട്ടവരും ഒക്കെ കരയുന്നുണ്ട്‌. ഇതൊന്നും നേരിടാനുള്ള ശക്‌തിയില്ലാതെ ഒന്നും മിണ്ടാന്‍ കഴിയാതെ ഞങ്ങള്‍ മരവിച്ച്‌നിന്നു. ഞങ്ങളോടൊപ്പംവന്ന ലൈറ്റുബോയികള്‍ വളരെ കഷ്‌ടപ്പെട്ടാണ്‌ ജനറേറ്ററും ലൈറ്റുകളും പ്രവര്‍ത്തിപ്പിച്ചത്‌. സിനിമയും ഷൂട്ടിംഗും ഞങ്ങള്‍ മറന്നു. എത്രപേര്‍ മരിച്ചതെന്നോ ആരൊക്കെ രക്ഷപ്പെട്ടെന്നോ ഒരു പിടിയുമില്ല.

ഒരിടത്ത്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിക്കാന്‍പോലും കഴിയാതെ വാവിട്ട്‌ കരയുന്നു. മറ്റൊരിടത്ത്‌ തടിച്ചുകൂടിയവരുടെ കൂട്ടക്കരച്ചില്‍. രക്ഷപ്പെട്ട ടൂറിസ്‌റ്റുകളുടെ കരച്ചിലില്‍ മനസിലായി അവര്‍ ഹിന്ദിയും തമിഴും കന്നടയും സംസാരിക്കുന്നവരാണെന്ന്‌. ടൂറിസ്‌റ്റുകളില്‍ മലയാളികളായി ആരുമില്ല. എന്നാല്‍ എല്ലാവരും മനുഷ്യരല്ലേ. മഴ പെയ്‌തപ്പോള്‍ ഞാന്‍ ജീപ്പിനുള്ളിലേക്ക്‌ ഒന്നു കയറിനിന്നു. അപ്പോള്‍ കണ്ട കാഴ്‌ച താങ്ങാവുന്നതായിരുന്നില്ല. അമ്മമാരുടെയും മുതിര്‍ന്നവരുടെയും നിലവിളി സഹിക്കാവുന്നതിനപ്പുറമായിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ നടക്കുന്നിടത്തെ ലൈറ്റിലേക്ക്‌ നോക്കി ദമ്പതികള്‍ കെട്ടിപ്പിടിച്ച്‌ കരയുന്നു. അവരുടെ കുഞ്ഞ്‌ നഷ്‌ടപ്പെട്ടതായി തോന്നി. നാട്ടുകാര്‍ ഏറെ കഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഹെലികോപ്‌ടര്‍ വന്നു. കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുറച്ച്‌ കഴിഞ്ഞ്‌ അവര്‍ മടങ്ങി. ആറര ആയപ്പോഴേക്കും എല്ലാവരും ചേര്‍ന്ന്‌ 24 ഓളം പേരെ കരയ്‌ക്കടുപ്പിച്ചു. രക്ഷപ്പെട്ടവര്‍ തങ്ങളുടെ ഒപ്പം എത്തിയവരെ തിരക്കി കരയാന്‍ തുടങ്ങി. പിന്നെ കാണുന്ന ദാരുണകാഴ്‌ച മൃതദേഹങ്ങള്‍ ചുമന്ന്‌ കൊണ്ടുപോകുന്നതായിരുന്നു. തേക്കടിയിലെ ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ലൈറ്റുബോയികള്‍ നല്ലവണ്ണം കഷ്‌ടപ്പെട്ടിട്ടുണ്ട്‌. മരണവീട്ടില്‍വച്ച്‌ കണ്ടാലോ മറ്റു പൊതുസ്‌ഥലത്ത്‌ കണ്ടാലോ 'സുഖമല്ലേയെന്ന്‌' ചോദിക്കുന്ന ആരാധകര്‍ക്ക്‌ നടുക്കത്തില്‍ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാവരും സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌. അത്രയ്‌ക്കും വേദനാജനകമായ അവസ്‌ഥയായിരുന്നു അവിടെ. ആശുപത്രിയിലെ അവസ്‌ഥ എന്തെന്നറിയാന്‍ ഞങ്ങളവിടെയെത്തി. വസ്‌ത്രങ്ങള്‍ ധരിച്ചുകിടക്കുന്ന കുട്ടികള്‍, അമ്മമാര്‍, പുരുഷന്‍മാര്‍ എല്ലാവരും മരിച്ചവരാണ്‌. എന്നാല്‍ മരിച്ചുവെന്ന്‌ തോന്നുന്നില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ ഹൃദയഭേദകമായ അനുഭവമായിരുന്നു. സമീപത്തെ ലോഡ്‌ജുകളിലെത്തിയവര്‍ അവരുടെ മക്കളെ, ബന്ധുക്കളെ കാണാതെ കാത്തുകിടക്കുകയാണ്‌. ഞങ്ങള്‍ ഇവരൊക്കെ കണ്ടിട്ടുണ്ടായിരിക്കാം. ഷൂട്ടിംഗിന്റെ സമയത്ത്‌ അവരെല്ലാം അവിടെ നടന്ന്‌ ഉല്ലസിച്ചിട്ടുള്ളവരായിരിക്കാം.

ജുഡീഷ്യല്‍ അന്വേഷണംവേണമെന്നും ഡ്രൈവറുടെ കുറ്റമാണെന്നും ബോട്ടിന്റെ രൂപകല്‌പനയില്‍വന്ന പിഴവെന്നും പറഞ്ഞ്‌ ദുരന്തത്തിന്റെ പേജ്‌ കുറച്ചുനാള്‍ കഴിഞ്ഞാല്‍ മറഞ്ഞുപോകും. ഹൈടെക്‌ യുഗമായിട്ടും നമ്മുടെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ ദുര്‍ബലമാണ്‌. ഒരു പുരോഗമനവും വന്നിട്ടില്ല. തേക്കടിപോലുള്ള സ്‌ഥലങ്ങളില്‍ ഇനിയും വികസനം ഉണ്ടാകേണ്ടതുണ്ട്‌. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇത്തരം സ്‌ഥലങ്ങളില്‍ ഹെലിപാഡ്‌ സ്‌ഥാപിക്കേണ്ടതാണ്‌. ഏത്‌ സമയവും പ്രവര്‍ത്തനസജ്‌ജമാകുന്ന ഓഫിസും ഉണ്ടായിരിക്കണം. ബോട്ടിംഗുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ഇത്‌ നടപ്പിലാക്കണം. ബോട്ടില്‍ യാത്രപുറപ്പെട്ടാല്‍ അവരുമായി ഏത്‌ സമയവും ആശയവിനിമയം നടത്താനുള്ള ഉത്തരാധുനിക സൗകര്യം ഉണ്ടായിരിക്കണം. മറ്റു രാജ്യങ്ങളില്‍ ഇതെല്ലാം നടപ്പിലാക്കിയിട്ടുണ്ട്‌. ബോട്ടില്‍ കയറിക്കഴിഞ്ഞാല്‍ യാത്രതുടങ്ങുന്നതിനുമുമ്പ്‌ യാത്രക്കാരെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്‌ ബോധവാന്മാരാക്കണം. ഹോട്ടലില്‍ താമസിക്കുന്ന എല്ലാ വിനോദസഞ്ചാരികളുടെയും വിലാസം നിര്‍ബന്ധമായും എഴുതിവയ്‌ക്കണം. അവരുടെ രക്ഷ, സുരക്ഷിതത്വം എല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്‌. ഏത്‌ സര്‍ക്കാരായാലും അത്‌ ഏറ്റെടുക്കണം. ഷൂട്ടിംഗ്‌സമയത്ത്‌ ഞാന്‍ എന്റെ ഭാര്യയോടും മകനോടും മരുമകളോടും തേക്കടിയിലേക്ക്‌ യാത്ര ചെയ്യാന്‍ ക്ഷണിക്കാറുണ്ട്‌. തേക്കടിയിലെ ബോട്ടുദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസില്‍നിന്ന്‌ വിട്ടുമാറിയിട്ടില്ല.

തയാറാക്കിയത്‌:

ധനേഷ്‌ കൃഷ്‌ണ

No comments:

Post a Comment