Wednesday, October 21, 2009

കടുവ വലിയ പുലിയല്ല

കടുവ വലിയ പുലിയല്ല

കടുവാ സംരക്ഷണത്തിനു പ്രതിവര്‍ഷം 20 കോടിയോളം രൂപ ഇന്ത്യയില്‍ ചെലവിടുന്നുണ്ടെങ്കിലും കടുവയുടെ കാര്യം കഷ്‌ടത്തിലാണെന്നാണ്‌ സര്‍ക്കാരിന്റെ തന്നെ കണക്ക്‌. ഈവര്‍ഷം ഇതുവരെ കടുവാസംരക്ഷണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടത്‌ 52 കടുവകള്‍. പരിസ്‌ഥിതി സംഘടനകളുടെ കണക്കനുസരിച്ച്‌ ഇത്‌ 66 എണ്ണമാണ്‌. കടുവകള്‍ക്ക്‌ വിശാലമായി ജീവിക്കാനുള്ള വനവിസൃതി അനുദിനം കുറഞ്ഞുവരികയാണ്‌. കാട്ടില്‍ രക്ഷയില്ലാതാകുന്നതോടെ നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങള്‍ക്ക്‌ അവിടെ മനുഷ്യനെ നേരിടേണ്ടി വരികയും ചെയ്യുന്നു. ഇതു രണ്ടും കൂടാതെയാണ്‌ വേട്ടക്കാരുടെ ശല്യം. അങ്ങനെ ദേശീയ മൃഗം ജീവിക്കാന്‍ കഷ്‌ടപ്പെടുകയാണ്‌.

ഒരു കടുവയ്‌ക്ക് സ്വൈര്യമായി ജീവിക്കാന്‍ 25 ചതുരശ്ര കിലോമീറ്റര്‍ വനം വേണമെന്നാണ്‌ കണക്ക്‌. ഈ വിസൃതി ലഭ്യമാകാതെ വരുമ്പോള്‍ ഒന്നിലധികം കടുവകള്‍ തമ്മില്‍ പോരാട്ടം ഉറപ്പാണ്‌. ഇങ്ങനെ പുറത്താക്കപ്പെടുന്ന കടുവകള്‍, വനത്തില്‍ ഇരയെ കിട്ടാതെ വരുന്നവ തുടങ്ങിയവ വനത്തിന്റെ വരമ്പത്തുള്ള ജനവാസ മേഖലയിലേക്കു വരും. അവിടെ വളര്‍ത്തു മൃഗങ്ങളെയും ചിലപ്പോള്‍ മനുഷ്യരെതന്നെയും പിടിച്ചു കഴിയുന്നതോടെയാണ്‌ മനുഷ്യന്‍ കടുവയുടെ അന്തകനാകുന്നത്‌.

ഇന്നെ, സദാ ആയുധങ്ങളുമായി കടുവയെ ഉന്നം വച്ചു വരുന്ന വേട്ടക്കാരുമാകുമ്പോള്‍ ചിത്രം പൂര്‍ത്തിയായി. 1994നും 2007നും ഇടയില്‍ 832 കടുവകളാണ്‌ ഇന്ത്യയില്‍ വേട്ടക്കാര്‍ക്ക്‌ ഇരയായത്‌. 'വന്‍പൂച്ചകളെ' സംരക്ഷിക്കാന്‍ നിലവിലുള്ള സംവിധാനമൊന്നും പോരാതെ വന്നതോടെ കടുവാ സംരക്ഷണത്തിനു മാത്രം ഒരു സേനയെ ഉണ്ടാക്കാനുള്ള ആലോചനയിലാണ്‌ സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രമായ കോര്‍ബറ്റ്‌ ടൈഗര്‍ റിസര്‍വില്‍ ഇതിനു തുടക്കം കുറിക്കും. ഉത്തരാഞ്ചലിലെ കോര്‍ബറ്റില്‍ 160 കടുവകളാണുള്ളത്‌. അതാണ്‌ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണവും. നിലവിലുള്ള സംരക്ഷണ സേനയെ സഹായിക്കുന്ന വിധത്തിലായിരിക്കും ഇവരുടെ പ്രവര്‍ത്തനം. അടുത്ത ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സേനയില്‍ 112 പേരാണുള്ളത്‌. കോര്‍ബറ്റ്‌ പാര്‍ക്കില്‍ താമസിക്കുന്ന ആദിവാസി ജനവിഭാഗമായ വന്‍ ഗുജ്‌ജാറുകളും ഇതിലുണ്ടാവും. തദ്ദേശീയരുടെ വനത്തേക്കുറിച്ചുള്ള അറിവ്‌ പരമാവധി മുതലാക്കുകയാണ്‌ ഇതിന്റെ പിന്നിലെ ഉദ്ദേശം.

പക്ഷേ ഇതൊക്കെ ചെയാലും ഇന്ത്യക്കു പുറത്തുനിന്നുള്ള കടുവാക്കൊലപാതകങ്ങളെ തടയാന്‍ ആവുന്നില്ലെന്നുള്ളതാണ്‌ ഒരു പ്രധാന തടസം. പശ്‌ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലുമൊക്കെ അതിര്‍ത്തിക്കപ്പുറത്തു നിന്നാണ്‌ കടുവകളെ തേടി വേട്ടക്കാരെത്തുന്നത്‌. ഇവരെ തടയാനും കടുവകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം പ്രചരിപ്പിക്കാനുമായി അയല്‍ രാജ്യങ്ങളുടെ സഹായം തേടാനൊരുങ്ങുകയാണ്‌ ഇന്ത്യ. കടുവകളുടെ പ്രധാന വിപണി ചൈനയാണ്‌. കടുവയുടെ ഓരോ ഭാഗവും ഇവിടെ ഓരോ ഉല്‍പന്നങ്ങള്‍ക്ക്‌ അസംസ്‌കൃതവസുവാകുന്നു. അതൊന്ന്‌ തടയാനായി പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശ്‌ ചൈനയ്‌ക്കു പോയെങ്കിലും അവര്‍ ഗൗനിച്ചതേയില്ല. ആ വഴിക്കുള്ള കടുവാവധം തുടരുമെന്നര്‍ഥം.

കടുവകളെ കൊന്നൊടുക്കിയതിന്റെ ഏറ്റവും രൂക്ഷത അനുഭവിച്ച 'സംരക്ഷണ കേന്ദ്ര'മാണ്‌ മധ്യപ്രദേശിലെ പന്നാ. അവിടെ കടുവ ഒന്നും ഇല്ലാതായതോടെ രണ്ടു കടുവകളെ ഇവിടേക്ക്‌ ഇറക്കുമതി ചെയിരുന്നു. ഇവയുടെ നീക്കം പഠിക്കാന്‍ റേഡിയോ കോളറും ഘടിപ്പിച്ചായിരുന്നു അവയെ കാട്ടിലിറക്കിയത്‌. ഇപ്പോഴിതാ രണ്ടു റേഡിയോ കോളറും പ്രവര്‍ത്തിക്കാതായി. കന്‍ഹാ റിസര്‍വില്‍ പത്തു കടുവകളെയാണ്‌ കോളര്‍ ഘടിപ്പിച്ചു വിട്ടത്‌. അതില്‍ പകുതിയും പ്രവര്‍ത്തിക്കുന്നില്ല. കടുവകളെക്കുറിച്ചു കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാണിത്‌.

ഇ.പി. ഷാജുദ്ദീന്‍

No comments:

Post a Comment