Wednesday, October 21, 2009

'യുഗ' രത്നമാകാന്‍...















'ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നു, ധ്രുവക്കരടികള്‍ മരിച്ചുവീഴുന്നു, അഞ്ചില്‍ രണ്ടുപേര്‍ക്കു പോലും ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല, ഭൂമിയുടെ താപനില ഉയരുന്നു, പസഫിക്ക്‌ സമുദ്രത്തിലെ ജലനിലപ്പുയരുന്നു' വരും തലമുറയ്‌ക്കു നാം കൈമാറാന്‍ ഉദ്ദേശിക്കുന്നത്‌ ഇതാണോ. ഒരിക്കലും ആകരുത്‌. ശുചിത്വം നിറഞ്ഞ ആരോഗ്യപൂര്‍ണമായ ഭൂമിയാണു നമുക്കു പൂര്‍വികര്‍ പകര്‍ന്നു നല്‍കിയത്‌. നാം പിന്‍ഗാമികള്‍ക്കു സമ്മാനിക്കുന്നതോ നശിപ്പിക്കപ്പെട്ട നിലയില്‍. ഇതു നീതിയുക്‌തമാണെന്നു തോന്നുന്നുണ്ടോ?

ലഖ്‌നൗവില്‍നിന്നുള്ള പതിമൂന്നുകാരിയായ യുഗരത്നയുടെ ശക്‌തവും പക്വത നിറഞ്ഞതുമായ ചോദ്യം ഐക്യരാഷ്‌ട്ര സംഘടനയുടെ ന്യൂയോര്‍ക്കില്‍ നടന്ന പാരിസ്‌ഥിതിക വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയില്‍ മുഴങ്ങിയപ്പോള്‍ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഉള്‍പ്പെടെ നൂറോളം ലോകനേതാക്കള്‍ നിശബ്‌ദരായി. അതിഭീമമായ വ്യവസായക്കുതിപ്പിനു വേണ്ടി പ്രകൃതിയെ കശക്കിയെറിഞ്ഞുകൊണ്ടു നടത്തുന്ന ഭ്രാന്തന്‍ പാച്ചിലിനിടെയില്‍ ഓര്‍ക്കാപ്പുറത്തുയര്‍ന്ന ഒരു ഓര്‍മപ്പെടുത്തലായി യുഗരത്നയെന്ന കുരുന്നിന്റെ വാക്കുകള്‍.

ഇതാദ്യമായാണ്‌ ഇന്ത്യയില്‍നിന്ന്‌ ഒരു പെണ്‍കുട്ടി യു.എന്‍. പരിസ്‌ഥിതി ഉച്ചകോടിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുന്നത്‌. മൂന്നു മിനിട്ടായിരുന്നു യുഗരത്നയുടെ പ്രസംഗം. ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ യുഗരത്ന യു.എന്‍. എന്‍വയേണ്‍മെന്റ്‌ പ്രോഗ്രാം (യു.എന്‍.ഇ.പി.) ജൂനിയര്‍ ബോര്‍ഡില്‍ ഇന്ത്യയുടെ പ്രതിനിധിയാണ്‌.

ചെറുപ്രായം മുതല്‍ പരിസ്‌ഥിതി വിഷയങ്ങളില്‍ തല്‍പരയായ യുഗ 2006-ലാണ്‌ സര്‍ക്കാര്‍ ഇതരസംഘടനയായ 'തരുമിത്ര'യില്‍ അംഗമാകുന്നത്‌. കുട്ടികളില്‍ പാരിസ്‌ഥിതിക അവബോധം വളര്‍ത്താനായി 1600 ഹൈസ്‌കൂളുകള്‍ ചേര്‍ന്നുണ്ടാക്കിയ തരുമിത്രയിലൂടെ യുഗ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി. പോളിത്തീന്‍ ബാഗുകള്‍ക്കെതിരായ പ്രചാരണപരിപാടികള്‍ക്ക്‌ യുഗ ചുക്കാന്‍ പിടിച്ചു. 2008-ല്‍ നോര്‍വെയില്‍ യു.എന്‍.ഇ.പി. സംഘടിപ്പിച്ച യൂത്ത്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഒരു മാസം മുമ്പു കൊറിയയില്‍ നടന്ന 'ടുണ്‍സ' രാജ്യാന്തര യൂത്ത്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഏണ്ണൂറോളം പ്രതിനിധികളില്‍ ഒരാളായിരുന്നു യുഗ.

യു.എന്‍. സമ്മേളനത്തിലെ ശ്രദ്ധേയമായ പ്രസംഗത്തിനു ശേഷം മടങ്ങിയെത്തിയ യുഗ രാജ്യത്ത്‌ നൂറുകോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള യു.എന്‍. പദ്ധതി വിജയപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്‌. 'എ പ്ലാന്റ്‌ ഫോര്‍ പ്ലാനറ്റ്‌' എന്ന പരിപാടിയുടെ വിജയത്തിനായി രാജ്യമെമ്പാടുമുള്ള കുട്ടികളും യുവാക്കളും അണിനിരക്കണമെന്നു യുഗ ആഹ്വാനം ചെയ്‌തു.

കുഞ്ഞായിരുന്നപ്പോള്‍ ഡിസ്‌കവറി ചാനലിലും നാഷണല്‍ ജ്യോഗ്രഫി ചാനലിലും പരിസ്‌ഥിതി പരിപാടികള്‍ കാണുന്നതു യുഗയുടെ ശീലമായിരുന്നുവെന്നു അമ്മ രോഷ്‌നി ശ്രീവാസ്‌തവ പറഞ്ഞു. തരുമിത്രയിലെത്തിയ ശേഷം യു.എന്‍.ഇ.പി. പുസ്‌തകങ്ങള്‍ ധാരാളം വായിക്കുകയും ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന പരിസ്‌ഥിതി സംബന്ധമായ വിഷയങ്ങള്‍ പഠിക്കുകയും ചെയ്‌തു. യുഗ പഠനേതര പ്രവൃത്തികളില്‍ ഏറെ പ്രധാന്യം നല്‍കിയിരുന്നത്‌ പരിസ്‌ഥിതി വിഷയങ്ങള്‍ക്കായിരുന്നുവെന്നും അമ്മ ഓര്‍മിക്കുന്നു.

പച്ചപ്പു നിറഞ്ഞ സമൃദ്ധമായ ഒരു ലോകത്തിനായി മുന്നൂറു കോടി കുട്ടികളെ പ്രതിനിധീകരിച്ചു യുഗ മുഴക്കുന്ന ശബ്‌ദം പെട്ടെന്നൊന്നും അവഗണിക്കാന്‍ ലോകനേതാക്കള്‍ക്കാവില്ലെന്നതു പ്രതീക്ഷയാകുന്നു.



സെപ്‌റ്റംബര്‍ 22-നു ന്യൂയോര്‍ക്കില്‍ യു.എന്‍. കാലാവസ്‌ഥാ വ്യതിയാന ഉച്ചകോടിയില്‍ യുഗ നടത്തിയ മൂന്നു മിനിട്ട്‌ പ്രസംഗത്തിന്റെ സംക്ഷിപ്‌തരൂപം.

ബഹുമാനപ്പെട്ട യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, മറ്റു വിശിഷ്‌ട വ്യക്‌തികളെ.

പാരിസ്‌ഥിതിക അവബോധം സൃഷ്‌ടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ, 1600 ഹൈസ്‌കൂളുകള്‍ ചേര്‍ന്ന എന്‍.ജി.ഒ. സംഘടനയായ 'തരുമിത്ര' എന്ന സംഘടനയില്‍ അംഗമാണ്‌ പതിമൂന്നുകാരിയായ യുഗരത്നയെന്ന ഞാന്‍. കാലാസ്‌ഥാ വ്യതിയാന ഉച്ചകോടിയില്‍ ലോകമെമ്പാടുമുള്ള മുന്നൂറു കോടി കുട്ടികളെ പ്രതിനിധാനം ചെയ്യാനായതില്‍ എനിക്കഭിമാനമുണ്ട്‌. കാലാവസ്‌ഥാ വ്യതിയാനത്തിനെതിരേ ശക്‌തമായ നടപടി വേണമെന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെ വരും തലമുറയ്‌ക്കു നമുക്കെതിരേ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നാം നല്‍കരുത്‌. ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നു, ധ്രുവക്കരടികള്‍ മരിച്ചുവീഴുന്നു, അഞ്ചില്‍ രണ്ടുപേര്‍ക്കു പോലും ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല, ഭൂമിയുടെ താപനില ഉയരുന്നു, സസ്യജാലങ്ങളെപ്പറ്റിയുടെ അറിവു നഷ്‌ടപ്പെടുന്നു, പസഫിക്ക്‌ സമുദ്രത്തിലെ ജലനിലപ്പുയരുന്നു' വരും തലമുറയ്‌ക്കു നാം കൈമാറാന്‍ ഉദ്ദേശിക്കുന്നത്‌ ഇതാണോ. ഒരിക്കലും ആകരുത്‌. ശുചിത്വം നിറഞ്ഞ ആരോഗ്യപൂര്‍ണമായ ഭൂമിയാണു നമുക്കു പൂര്‍വികര്‍ പകര്‍ന്നു നല്‍കിയത്‌. നാം വരും തലമുറയ്‌ക്കു സമ്മാനിക്കുന്നതോ നശിപ്പിക്കപ്പെട്ട നിലയില്‍. ഇതു നീതിയുക്‌തമാണെന്നു തോന്നുന്നുണ്ടോ? ബഹുമാനപ്പെട്ട ലോകനേതാക്കളെ, ശക്‌തമായ നടപടിക്കു സമയമായിരിക്കുന്നു. നമുക്കു വേണ്ടി മാത്രമല്ല വരും തലമുറയ്‌ക്കു വേണ്ടിക്കൂടി ഭൂമിയെ സംരക്ഷിച്ചേ മതിയാവൂ. ഇവിടെവച്ചല്ലെങ്കില്‍ പിന്നെ എവിടെവച്ച്‌? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? നാം അല്ലെങ്കില്‍ പിന്നെ ആര്‌? ദയവായി ഞങ്ങളുടെ ശബ്‌ദത്തിനു കാതു നല്‍കുക. ശോഭനമായ ഭാവിക്കായി ശക്‌തമായ കാഴ്‌ചപ്പാടും നേതൃത്വവും അനിവാര്യമാണ്‌. ഒരു മാസം മുമ്പു കൊറിയയില്‍ നടന്ന 'ടുണ്‍സ' രാജ്യാന്തര ചില്‍ഡ്രന്‍ ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ ഇതാണ്‌.

1. എല്ലാ രാജ്യങ്ങളും നടപ്പാക്കിയ പോസ്‌റ്റ് ക്യോട്ടോ ഉടമ്പടി അംഗീകരിക്കുക. നയപരിപാടികള്‍ രൂപീകരിക്കുക മാത്രം ചെയ്യാതെ നടപ്പാക്കുക. ഭൂമിമാതാവിനെ കരയിക്കുന്നവരെ തടയുക.

2. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ പുറത്തുവിടുന്ന വ്യവസായങ്ങള്‍ക്കായി ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന കാടുകള്‍ വെട്ടുന്നതെന്തിന്‌.

3. എല്ലാ ഉല്‍പന്നങ്ങളിലും കാര്‍ബണ്‍ സംബന്ധിച്ചും പരിസ്‌ഥിതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ നല്‍കുക.

4. ഹരിതസാമ്പത്തിക ലോകത്തേക്കും സുസ്‌ഥിര ഉല്‍പാദനത്തിലേക്കും ചുവടുവയ്‌ക്കുക.

5. കാലാവസ്‌ഥാ ഉത്തരവാദിത്ത നയപരിപാടികള്‍ നിരീക്ഷിക്കാന്‍ ബഹുരാഷ്‌ട്ര സംവിധാനം രൂപപ്പെടുത്തുക. അനുരൂപമായ പരിസ്‌ഥിതിയില്ലെങ്കില്‍ ഹൈടെക്‌ സമൂഹവും ബാങ്കുകളിലെ ധനശേഖരവും അര്‍ഥശൂന്യമാകും. പരിസ്‌ഥിതി പ്രശ്‌നത്തിനു പരിഹാരം കാണുകയെന്നതു മാത്രമല്ല ലക്ഷ്യം. ജനങ്ങളുടെ ചിന്താഗതിയും കാഴ്‌ചപ്പാടും മാറ്റുകയാണു വേണ്ടത്‌. എല്ലാ തലത്തിലും പാരിസ്‌ഥിതിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്‌ടിക്കണം. ഭൂമിയുടെ പരിപാലനത്തിനായി വികസനം ഒഴിവാക്കേണ്ട കാര്യമില്ല. ചെലവു കുറഞ്ഞ പാരിസ്‌ഥിതിസൗഹൃദ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണു വേണ്ടത്‌. സാധാരണക്കാര്‍ക്കു പ്രാപ്യമായ ബയോ ഇന്ധനം, പുനരുപയുക്‌ത ഊര്‍ജസ്രോതസുകള്‍, എനര്‍ജി എഫിഷ്യന്റ്‌ കാമ്പസുകള്‍, എന്നിവ കണ്ടെത്തണം.

നിങ്ങള്‍ ഏതു തീരുമാനമെടുക്കുമ്പോഴും കുട്ടികളുടേയും യുവാക്കളുടേയും ശബ്‌ദം കൂടി പരിഗണിക്കണം. ദേശീയ സുരക്ഷയും സമാധാനവും സാമ്പത്തിക വളര്‍ച്ചയും മുഖ്യവിഷയമാണെങ്കിലും എന്തുകൊണ്ട്‌ പാരിസ്‌ഥിതി വ്യതിയാനം ഒഴിവാക്കപ്പെടുന്നു. നിങ്ങള്‍ ലോകനേതാക്കള്‍ എന്നതിനുപരി നന്മനിറഞ്ഞ ഹൃദയമുള്ള മനുഷ്യര്‍ കൂടിയാണ്‌.

സംഭവിച്ചതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്‌. വര്‍ത്തമാനവും ഭൂതകാലവുമാണു നമ്മുടെ കൈകളിലുള്ളത്‌. ശോഭനമായ ഭൂതകാലത്തിനായി വര്‍ത്തമാനകാലത്തു പ്രവര്‍ത്തിക്കാം. നമുക്ക്‌ ഒരു ഭൂമി മാതാവാണുള്ളത്‌. പരിപാലിക്കുകയും പങ്കിട്ടെടുക്കുകയുമാവാം.

നിങ്ങള്‍ ഏതൊരു തീരുമാനമെടുക്കുമ്പോഴും, കൊടുംചൂടില്‍ കഷ്‌ടതയനുഭവിക്കുന്ന ഒരു കുഞ്ഞിനേയോ നിലനില്‍പ്പിനായി മല്ലടിക്കുന്ന ഏതെങ്കിലും ജന്തുവിഭാഗത്തേയോ ഓര്‍ക്കുക. 'ഒരുവന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതെല്ലാം ഭൂമിലുണ്ട്‌. എന്നാല്‍ ആരുടേയും അത്യാഗ്രഹത്തിനുള്ളതില്ല' എന്നാണു ഗാന്ധിജി പറഞ്ഞത്‌. ഒരു പക്ഷിക്ക്‌ ആകാശവീഥിയില്‍ പറക്കാം, മീനിനു വെള്ളത്തില്‍ നീന്താം, പുലിക്ക്‌ വേഗത്തില്‍ ഓടാം. എന്നാല്‍ മനുഷ്യവംശത്തിന്‌ മനസെന്ന പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ട്‌. ചിന്തിക്കാനും മാറ്റങ്ങളും പരിവര്‍ത്തനങ്ങളും വരുത്താനും അവനു കഴിവുണ്ട്‌. അതുകൊണ്ട്‌ ജന്മസിദ്ധമായ ഈ കഴിവുകള്‍ ഉപയോഗിച്ചു നമുക്ക്‌ പിറന്ന മണ്ണിനെ, നമ്മുടെ വീടിനെ, ഭൂമി മാതാവിനെ സംരക്ഷിക്കാം. നന്ദി.

ആര്‍. രാജീവ്‌

No comments:

Post a Comment