വിജയനിലയത്തിലെ വിമര്‍ശനസാഹിത്യം | ||
''വീട് നഷ്‌ടപ്പെട്ട ഒരു കുട്ടി'' ടി. പത്മനാഭന്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്ന് ഇക്കുറി എത്തിയത് 'വിജയനിലയ'ത്തിലേക്കാണ്. ചുരുക്കം രചനകള്‍ കൊണ്ട് വിമര്‍ശനസാഹിത്യത്തിന്റെ ആത്മാവില്‍ കൈയൊപ്പ് ചാര്‍ത്തിയ പ്രൊഫ. എം. തോമസ് മാത്യുവിന്റെ വീട്ടിലേക്ക്. വിരോധാഭാസത്തിലാണ് കലയുടെ - വിമര്‍ശനത്തിന്റെയും ആരൂഡം ഉറപ്പിച്ചിരിക്കുന്നതെന്നു വിശ്വസിക്കുന്ന പ്രൊഫ. തോമസ് മാത്യു ഇപ്പോഴും കണ്ടെത്തലിനുശേഷമുളള അന്വേഷണത്തിലാണ്. അന്വേഷണത്തിന്റെ ആരംഭം എല്ലായ്‌പ്പോഴും കണ്ടതിനെ തേടിയായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. ചിതറിയ രചനകള്‍ക്കുളളില്‍ നിന്നും കുട്ടികൃഷ്‌ണ മാരാരുടെ സ്വാധീനത്താല്‍ വിമര്‍ശന സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍ തേടി തോമസ് മാത്യു എഴുത്തിന്റെ ലോകത്തെത്തി. മാരാരുടെ വിമര്‍ശനരീതിയെ പുരോഗമന ശക്‌തികള്‍ എതിര്‍ത്തപ്പോള്‍, സാഹിത്യാനുഭവത്തെ എങ്ങനെ യുക്‌തിഭദ്രമായി ആവിഷ്‌കരിക്കാമെന്ന വെല്ലുവിളിയേറ്റെടുത്ത മാരാരുടെ ധൈര്യവും തോമസ് മാത്യുവെന്ന വിമര്‍ശനകനു പ്രചോദനമായി. പിന്നീട് മാരാരെ വിമര്‍ശിച്ച് ലേഖനമെഴുതിയപ്പോള്‍ മാരാരില്‍ നിന്നു ലഭിച്ച പ്രശംസ ഏതു പുരസ്‌കാരത്തേക്കാളും മികച്ചതായി തോമസ് മാത്യു കാണുന്നു. അറുപതുകളില്‍ 'കല ജീവിതംതന്നെ' എന്ന പ്രസിദ്ധമായ കൃതികളില്‍ മാരാര്‍ യുവതലമുറയെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ 'പേരുമാത്രം അറിയാവുന്ന ആ പയ്യന്‍ എഴുതിയ വാക്കുകള്‍' ചിന്തിപ്പിക്കുന്നതാണെന്നെഴുതി. ടി. പത്മനാഭന്റെ 'ശേഖൂട്ടി' വായിച്ച് വായനാലോകത്ത് സജീവമായ തോമസ് മാത്യു മാരാരുടെ ഭാരത പര്യടനം വായിച്ച് അക്ഷരങ്ങളുടെ ലോകത്തിലെത്തിപ്പെടുകയായിരുന്നു. പിന്നീട് നിരൂപണത്തിന്റെ ലാവണ്യാനുഭവം വാക്കുകളില്‍ വരച്ചിട്ട എം. തോമസ് മാത്യുവെന്ന സാഹിത്യ നിരൂപകന്‍ വയലാര്‍ അവാര്‍ഡ് നേടിയതിനുശേഷം തന്റെ എഴുത്തനുഭവങ്ങള്‍ ചിന്തയും കാഴ്‌ചയും പങ്കുവയ്‌ക്കുന്നു. ഒപ്പം ചില വ്യവസ്‌ഥിതികളോട് മേനി നടിപ്പുകളോട് കലഹിക്കുകയും ചെയ്യുന്നു. * സാഹിത്യ വിമര്‍ശനത്തില്‍ പല പക്ഷങ്ങളുണ്ട്. താങ്കള്‍ വലതു വിമര്‍ശനരീതിയോട് ഓരം ചേര്‍ന്നുനില്‍ക്കുന്ന വിമര്‍ശകനാണോ? ഇല്ല. അങ്ങനെ ഏതെങ്കിലും ഒരു ചേരിയുടെ കൂടെയല്ല ഞാന്‍. സാഹിത്യ വിമര്‍ശനത്തില്‍ സിദ്ധാന്തമല്ല പ്രധാനം. സിദ്ധാന്തം അനുഭവത്തെ വിശദീകരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. തുടിയും തുടിയുണ്ടാക്കുന്ന അനുഭൂതിയുമാണ് സാഹിത്യത്തിലും സാഹിത്യാസ്വാദനത്തിലും പ്രധാന കാര്യം. ആ അനുഭൂതിയെ എങ്ങനെ ഉപയോഗിക്കാന്‍ കഴിയും എന്നിടത്താണ് സിദ്ധാന്തം വരുന്നത്. വിമര്‍ശനത്തില്‍ ഏതുപക്ഷം എന്നത് സിദ്ധാന്തത്തിന്റെ പക്ഷമല്ല. അനുഭവത്തിന്റേതാണ്. ഞാന്‍ യഥാര്‍ത്ഥത്തില്‍ സത്യസന്ധതയുടെ പക്ഷത്താണ്. പിന്നെ എല്ലാ സിദ്ധാന്തവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഞാന്‍ ഇരുപതു വര്‍ഷത്തോളം എം.എ ക്ലാസില്‍ തിയറി പഠിപ്പിച്ചു. പക്ഷേ കാര്യങ്ങളെ ഏതെങ്കിലും ഒരു സിദ്ധാന്തത്തിനനുസരിച്ച് വ്യഖ്യാനിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരിക്കലും ഒരു വിമര്‍ശകന്‍ അവന്‍ ഉപയോഗിക്കുന്ന ടൂള്‍ (സിദ്ധാന്തം) പ്രകടിപ്പിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് ഒരു വരമ്പു പണിക്കാരന്‍ തന്റെ പണിക്കുശേഷം വരമ്പില്‍ അയാളുടെ ഉപകരണങ്ങളുടെ അടയാളങ്ങള്‍ അവശേഷിപ്പിച്ചാല്‍ അയാള്‍ നല്ല പണിക്കാരനല്ല എന്നാണര്‍ത്ഥം. ഒരു മുടിവെട്ടുകാരന്‍ മുടിവെട്ടിനുശേഷം ഒരാളുടെ തലയില്‍ കത്രികപ്പാടവശേഷിപ്പിച്ചാല്‍ അയാള്‍ നല്ല മുടിവെട്ടുകാരനല്ല എന്നുളളതിന്റെ തെളിവാണ്. അതുപോലെ തന്നെ ഒരു വിമര്‍ശകന്‍ അവന്റെ ഉപകരണങ്ങള്‍ കാണിക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ ആ വിമര്‍ശകന്‍ പരാജയമാണ്. * വിമര്‍ശകന്‍ പലപ്പോഴും എഴുത്തുകാരന്റെ നെഗറ്റീവ് വശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു എന്നൊരു തോന്നല്‍ ഉണ്ട്? താങ്കള്‍ എങ്ങനെ കാണുന്നു? വിമര്‍ശകനെ സംബന്ധിച്ചിടത്തോളം കൃതിയുടെ നെഗറ്റീവ് പോസിറ്റീവ് എന്നുളളതല്ല പ്രധാനം. ആ കൃതി വായനക്കാരനെ അല്ലെങ്കില്‍ വിമര്‍ശകനെ എങ്ങനെ സ്വാധീനിക്കുന്നു. അത് എങ്ങനെയാണ് അനുവാജകന്‍ വായിക്കുന്നത് എന്തുകൊണ്ട് ആ കൃതി ഇഷ്‌ടപ്പെടുന്നു. അല്ലെങ്കില്‍ ഇഷ്‌ടപ്പെടുന്നില്ല. വിമര്‍ശകന്‍ എഴുത്തുകാരന് ഇഷ്‌ടപ്പെടാന്‍ വേണ്ടിയല്ല എഴുതുന്നത്. അയാളുടെ ആഗ്രഹങ്ങള്‍ക്ക് എതിരായിരിക്കും പലപ്പോഴും കൃതിയോടുളള വിമര്‍ശകന്റെ സമീപനം. * മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്‌തിശില്‍പം എന്ന കൃതിക്കാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഇതിനേക്കാള്‍ മികച്ചതാണ് താങ്കളുടെ മറ്റ് കൃതികളില്‍ ഏതെങ്കിലും എന്ന് തോന്നിയിട്ടുണ്ടോ? അങ്ങനെയൊരു തോന്നലിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. എന്റെ എല്ലാ കൃതികള്‍ക്കും അതിന്റെതായ ദൗര്‍ബല്യങ്ങളുണ്ട്. അതുപോലെ തന്നെ ഗുണവശങ്ങളും. ഓരോ എഴുത്തുകാരേയും രചനക്കായി ഞാന്‍ ഓരോതരത്തിലാണ് സമീപിക്കുന്നത്. ഉദാഹരണത്തിന് മാരാരെ സമീപിക്കുന്ന രീതിയല്ല. ടി. പത്മനാഭന്റെ കൃതികളെ സമീപിക്കുന്നത്. അതുകൊണ്ട് ഏതാണ്ട് മികച്ച കൃതി എന്നു ചോദിച്ചാല്‍ എന്റെ നോട്ടത്തില്‍ ഞാന്‍ എഴുതിയ എല്ലാ രചനകളും എനിക്ക് ഒരുപോലെ മികച്ചതാണ്. മാരാര്‍ ലാവ്യണാനുഭവത്തിന്റെ യുക്‌തിശില്‍പം, ആത്മാവിന്റെ മുറിവുകള്‍ ഈ രണ്ട് രചനകളും എനിക്ക് ഒരുപോലെ സംതൃപ്‌തി നല്‍കിയ കൃതികളാണ്. എന്നു പറഞ്ഞാല്‍ മറ്റു കൃതികള്‍ സംതൃപ്‌തി നല്‍കിയില്ല എന്നര്‍ത്ഥമില്ല. പറയാന്‍ ആഗ്രഹിച്ചത് പറയാന്‍ കഴിഞ്ഞു എന്ന സംതൃപ്‌തി എന്റെ എല്ലാ പുസ്‌തകങ്ങളും എനിക്കു നല്‍കിയിട്ടുണ്ട്. ടി. പത്മനാഭന്റെ രചനകള്‍ ഭാവഗീതങ്ങളോട് അടുത്തു നില്‍ക്കുന്ന എന്നു പലരും പറയുന്നു. ഇക്കാര്യം ഞാന്‍ പലരോടും ചോദിച്ചു. അവരൊന്നും എനിക്ക് തൃപ്‌തികരമായ ഒരു ഉത്തരം നല്‍കിയില്ല. അപ്പോള്‍ ഞാന്‍ സ്വന്തംനിലക്ക് അന്വേഷിച്ചു. പത്മനാഭന്റെ രചനകള്‍ ഭാവഗീതങ്ങളോട് അടുത്തു നില്‍ക്കുന്നു എന്തുകൊണ്ട് ഭാവഗീതങ്ങളാകുന്നില്ല എന്ന്. അതിന്റെ ഫലമാണ് ആത്മാവിന്റെ മുറിവുകള്‍. എഴുത്ത് എപ്പോഴും വിമര്‍ശകന് സംതൃപ്‌തി അതെല്ലങ്കില്‍ വെല്ലുവിളികളോ പ്രചോദനങ്ങളോ ആകുന്നത് മാറിനിന്ന് പറയാന്‍ കഴിയുമ്പോഴാണ്. ഏറ്റവും ഇഷ്‌ടപ്പെട്ടതും സ്വാധീനിച്ചതും കുട്ടികൃഷ്‌ണ മാരാരാണ്. എഴുത്തിന്റെ വഴിയിലേക്ക് വരാന്‍ മാരാരാര്‍ എങ്ങനെ കാരണമായി? എഴുത്തിന്റെ ഘടന പഠിപ്പിച്ചത് മാരാരാണ്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇടപ്പളളിയില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഒരു സെമിനാറുണ്ടായിരുന്നു. അന്ന് ഒരുപാടു പ്രമുഖര്‍ പ്രസംഗിച്ചു. പലരുടെയും സംഭാഷണങ്ങള്‍ മനസിലായില്ല. മാരാര്‍ക്കൊപ്പം വയലാര്‍, ഒ.എന്‍.വി തുടങ്ങിയവര്‍ക്കെയായിരുന്നു പ്രാസംഗികര്‍. ഇവരെല്ലാം എതിരാളിയായി കണ്ടത് മാരാരെയായിരുന്നു. ഇയാള്‍ അപകടകാരിയാണെന്ന തോന്നലോടെയാണ് എല്ലാവരും പ്രസംഗിച്ചത്. എന്നാല്‍ അവഗണിക്കാനും കഴിയുന്നില്ല. ആ സമയത്തൊന്നും മാരാരെ വായിച്ചിട്ടില്ല. പക്ഷേ സാഹിത്യരംഗത്ത് മാരാര്‍ ഒഴിച്ചു കൂടാനാവാത്ത ഒരാളൊണെന്ന് അന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഭാരതപര്യടനം വായിച്ചതോടെ മാരാര്‍ വളരെയധികം സ്വാധീനിച്ചു. എങ്ങനെ ഒരു കൃതി അപഗ്രഥിക്കണമെന്ന് തിരിച്ചറിഞ്ഞത് ഇതോടെയാണ്. അതില്‍ പല പ്രസക്‌ത ചോദ്യങ്ങളും കണ്ടു. പിന്നീട് മാരാരുടെ എല്ലാ കൃതികളും തേടിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. അന്നുമുതലുളള ആത്മബന്ധമാണ് മാരാരോട്. എപ്പോഴാണ് സ്വന്തം മേഖല വിമര്‍ശനസാഹിത്യമാണെന്ന് തിരിച്ചറിഞ്ഞത്? തുടക്കം മുതലേ വായനയുടെ ലോകത്തായിരുന്നു. അക്കാലത്ത് എന്തെങ്കിലും എഴുതിയിരുന്നോ എന്ന് അറിയില്ല. എന്തൊക്കെയോ എഴുതി. കഥയോ കവിതയോ അങ്ങനെ. പക്ഷേ അതൊന്നും തൃപ്‌തി തന്നില്ല. പിന്നെ വിമര്‍ശനത്തിലേക്ക് വന്നതോടെ ഇതില്‍ ശോഭിക്കാന്‍ കഴിയും എന്ന തോന്നലുണ്ടായിരുന്നു. കുറച്ച് സ്‌നേഹിതമാര്‍ സഹായിച്ചു. ആദ്യമായി 'ദീനബന്ധു'വില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട് സ്‌ഥിരമായി ദീനബന്ധുവില്‍ എഴുതാന്‍ തുടങ്ങി. പുതിയ രചനകള്‍? വര്‍ക്ക് ചെയ്യുന്നുണ്ട്. വെറുതേ ഇരിക്കുന്നില്ല. വേറൊരു പണിയും അറിയില്ലല്ലോ? തിയറികള്‍ (സിദ്ധാന്തങ്ങള്‍) മുഴുവന്‍ ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്. റീഡബിള്‍ ആയുള്ള സിദ്ധാന്ത ചര്‍ച്ചകള്‍ മലയാളത്തില്‍ കുറവാണെന്ന ആക്ഷേപം നിലനില്‍ക്കുണ്ട്. അതു ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്. കുറെയൊക്കെ മനസിലുണ്ട്. എഴുതിയിട്ടില്ല. ചിലപ്പോള്‍ ചെയ്യും. ചിലപ്പോള്‍ കഴിഞ്ഞില്ലെന്നും വരും. ഒരു പ്രത്യേക വര്‍ക്ക് ചെയ്യണമെന്ന സ്വപ്‌നമൊന്നുമില്ല. പുരസ്‌കാരം വൈകിയെന്നോ അല്ലെങ്കില്‍ നേരത്തേയായി എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ? അങ്ങനെയൊരു വിചാരമൊന്നുമില്ല. പുരസ്‌കാരത്തിന് പുരസ്‌കാരത്തിന്റെ വിലയേയുള്ളൂ. അതിന് സാഹിത്യത്തിന്റെ വിലയല്ല. പുരസ്‌കാരം കിട്ടുമെന്ന വിചാരം ഒട്ടുമില്ലായിരുന്നു, കാരണം അതിലെ കളികളെല്ലാം അറിയാം എന്നുള്ളതുകൊണ്ടുതന്നെ. പിന്നെ, വയലാര്‍ അവാര്‍ഡ് കിട്ടിയതു കൊണ്ട് പ്രത്യേക ഗുണമുണ്ടെന്ന തോന്നലുമില്ല. ഞാന്‍ നിസംഗനാണ്. എഴുതുമ്പോഴുള്ള അഭിമാനം മാത്രമേ ഇപ്പോഴുമുള്ളൂ. അധ്യാപനം എഴുത്തുകാരനാകാന്‍ സഹായിച്ചോ? സഹായിച്ചുകാണും. എഴുത്തും അധ്യാപനവും തമ്മിലുള്ള ബന്ധം ചിലപ്പോള്‍ അനുകൂലമാണ്; ചിലപ്പോള്‍ മറിച്ചും. എഴുതാന്‍ തോന്നുന്ന കാര്യങ്ങള്‍ ഒരിക്കലും ക്ലാസില്‍ പറയരുത്. എഴുതാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ എക്‌സ്പ്രസ് ചെയ്‌താല്‍ എഴുത്തിനുള്ള സംതൃപ്‌തിയും വെല്ലുവിളിയും അവിടെ തീരും. കാരണം ഒന്നു പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് സുകുമാര്‍ അഴീക്കോടിന് ഇപ്പോള്‍ എഴുതാന്‍ കഴിയാത്തത്. അഴീക്കോട് പറയാനുള്ളത് വാരിവലിച്ചു തീര്‍ക്കുന്നു, അതുകൊണ്ട് എഴുതാനുള്ള ആര്‍ജവം ഇല്ലാതായി. മലയാളത്തില്‍ ഇടതു വിമര്‍ശകരുടെ എണ്ണം കൂടുതലാണ്. ഇവര്‍ക്കിടയില്‍ വഴിമാറിയ വിമര്‍ശനശൈലിയുള്ളവര്‍ തഴയപ്പെടുന്നുണ്ടോ? മാര്‍ക്‌സിസ്‌റ്റ് വിമര്‍ശന ശൈലി പിന്തുടരുന്നു എന്ന് മേനി നടിക്കുന്നവരുണ്ടാകും. എന്നാല്‍ മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തം അടിസ്‌ഥാനമാക്കിയുള്ള വിമര്‍ശകര്‍ കുറവാണ്. ടി.പി.രാജീവന്‍ ചെയ്‌തിരുന്നു. വി.സി.ശ്രീജനും മാര്‍ക്‌സിസ്‌റ്റ് രീതി അവലംബിച്ചു. ഒരുകാലത്ത് സച്ചിദാനന്ദനും. ഇപ്പോള്‍ മാര്‍ക്‌സിസ്‌റ്റ് വിമര്‍ശകര്‍ എന്നുപറയുന്നവര്‍ മാര്‍ക്‌സിനെപ്പോലും ശരിക്കു മനസിലാക്കിയിട്ടുണ്ടോ എന്നതു സംശയമാണ്. വള്‍ഗര്‍ മാര്‍ക്‌സിസമാണ് ഇപ്പോള്‍ ആളുകള്‍ കൊണ്ടുനടക്കുന്നത്. അന്ധവിശ്വാസികളായ ഒരുതരം മാര്‍ക്‌സിസ്‌റ്റ് സാഹിത്യ വിമര്‍ശകര്‍. എഴുത്തിലെ ഹൈജാക്കര്‍മാരെക്കുറിച്ച്? ഏത് എഴുത്തുകാരനും അയാള്‍ എഴുത്തുകാരനാണെങ്കില്‍ ഇടമുണ്ടാകും. കൃതിയുണ്ടെങ്കില്‍ അത് അവിടെ കിടക്കും. അംഗീകാരവും കിട്ടും. അവനവന്റെ ഇടം സൃഷ്‌ടിക്കാന്‍ കഴിയാത്ത എഴുത്തുകാരന്‍ എഴുത്തുകാരനല്ല. ഒരുപക്ഷേ, താല്‍ക്കാലികമായ മാധ്യമശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ ഒരു എഴുത്തുകാരനെ തടഞ്ഞുനിര്‍ത്താന്‍ ഹൈജാക്കര്‍മാര്‍ക്കു കഴിഞ്ഞേക്കും. പക്ഷേ സ്‌ഥിരമായി മൂടിവയ്‌ക്കാന്‍ കഴിയില്ല. എഴുത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്‌തി, ആരാധിക്കുന്നത്. മാരാരെക്കുറിച്ചുള്ള രചനയ്‌ക്കു തന്നെ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച്? ഇതു വളരെ സന്തോഷമുള്ള കാര്യമാണ്. ഈ പുസ്‌തകത്തിന് പുരസ്‌കാരം ലഭിച്ചതിലൂടെ പുസ്‌തകം കുറെ ആളുകളുടെ കൈവശമെത്തും. മാരാരെ ആളുകള്‍ അംഗീകരിക്കും. മാരാരെയും മറ്റും പുതിയ തലമുറ വായിക്കാതെപോകുന്നു എന്നത് സത്യമാണ്. ഇനി, പുരസ്‌കാരം കിട്ടിയ രചനയല്ലേ എന്നു കരുതി മാരാരെ വായിക്കാമെന്നു തോന്നിയാല്‍ അത് വായനക്കാരനും സാഹിത്യത്തിനും നല്ലതാണ്. കുട്ടിക്കൃഷ്‌ണ മാരാര്‍ എന്ന എഴുത്തുകാരന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്ന തോന്നലുണ്ടോ? എഴുത്തില്‍ സ്വന്തം വഴി തെരഞ്ഞെടുത്തതുകൊണ്ടാകാം മാരാരെ കൂടുതല്‍ പേരും 'ശത്രു' ആയാണ് കണ്ടത്. മാരാരെ വായിച്ചവര്‍ക്കെല്ലാം അദ്ദേഹത്തോടു ബഹുമാനം തന്നെയാണ്. മാരാര്‍ ഒരു പ്രമുഖ പത്രത്തിന്റെ പ്രൂഫ് റീഡറായിരുന്നു. അന്ന് ആ പത്രത്തിലുണ്ടായിരുന്ന പത്രാധിപന്‍മാര്‍ മാരാരെക്കാള്‍ വലിയവരൊന്നും ആയിരുന്നില്ല. അതുകൊണ്ടുതന്നെ മാരാരുടെ വളര്‍ച്ചയെ അവര്‍ തടഞ്ഞെന്നുവേണം കരുതാന്‍. മാരാരെ ആ സ്‌ഥാപനത്തിന്റെ എഡിറ്ററാക്കിയാല്‍ നല്ലതായിരുന്നു. എന്നാലത് അവര്‍ തന്നെ നഷ്‌ടപ്പെടുത്തുടയാണുണ്ടായത്. വിമര്‍ശനസാഹിത്യത്തില്‍ വഴിമാറി സഞ്ചരിച്ചയാളായിരുന്നോ കെ.പി.അപ്പന്‍? കെ.പി.അപ്പനെക്കുറിച്ച് സാധാരണ പറയാറുണ്ട്, അപ്പന്‍ അരാഷ്‌ട്രീയവാദിയാണെന്ന്. അതു കേള്‍ക്കുന്നതില്‍ അപ്പന് ഇഷ്‌ടവുമുണ്ടായിരുന്നു. രാഷ്‌ട്രീയമില്ല എന്ന് അപ്പന്‍ പറയുമ്പോള്‍ അതിനര്‍ത്ഥം ഇപ്പോഴുള്ള രാഷ്‌ട്രീയത്തില്‍ താന്‍ ഇല്ലെന്നാണ്. അപ്പോള്‍ പ്രസക്‌തമായ ചോദ്യം, ഇപ്പോള്‍ കാണുന്നതാണോ രാഷ്‌ട്രീയം എന്നതാണ്. ആ അര്‍ത്ഥത്തില്‍ അപ്പന്‍ അരാഷ്‌ട്രീയവാദിയല്ല. അധികാര രാഷ്‌ട്രീയത്തില്‍ താല്‍പര്യമില്ലെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. എഴുത്തിന്റെ പുതുവഴികളിലേക്ക് തോമസ് മാത്യു സഞ്ചരിക്കുകയാണ്. വാങ്‌മുഖം, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം, എന്റെ വല്‌മീകം എവിടെ... തോമസ് മാത്യുവിന്റെ രചനകളുടെ പേരുകള്‍ കാണുമ്പോഴേ വായനക്കാര്‍ക്കറിയാം, ഇവയില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന്. അത് അധികാര രാഷ്‌ട്രീയത്തോടുള്ള വെല്ലുവിളിയാകാം, വ്യവസ്‌ഥിതിയോടുള്ള കലഹമാകാം. അല്ലെങ്കില്‍ ഇന്ത്യയിലിരുന്ന് ആനന്ദവര്‍ധനനനെക്കുറിച്ച് ഇംഗ്ലീഷില്‍ വായിക്കുന്നതിലെ മര്യാദകേടുമാകാം. അനൂബ് ശ്രീധരന്‍ | ||
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment