Monday, October 26, 2009

റിയോ ചിറകില്‍ പ്രീമിയര്‍

റിയോ ചിറകില്‍ പ്രീമിയര്‍

പ്രീമിയര്‍ പദ്‌മിനി... പേരില്‍ത്തന്നെ ഗുണമേന്‍മ അടക്കം എന്ന പരസ്യ വാചകം അനുസ്‌മരിപ്പിക്കുന്ന ബ്രാന്‍ഡ്‌ നെയിം. ഒരു കാലത്ത്‌ ആഡംബരത്തിന്റെ അവസാന വാക്കായി ഇന്ത്യ കണ്ടിരുന്ന കാര്‍. പഴയ പ്രതാപത്തിന്റെ അവശേഷിപ്പ്‌ പോലെ ചില 'പഴഞ്ചന്‍' പ്രീമിയര്‍ പദ്‌മിനികള്‍ ഇപ്പോഴും നിരത്തുകളില്‍ കാണാം. 'വയസന്‍' പ്രീമിയര്‍ പദ്‌മിനിയില്‍ സഞ്ചരിക്കുന്നവരെ കാണുമ്പോള്‍ ഇപ്പോഴും ജനങ്ങള്‍ക്ക്‌ ഒരു ആദരവ്‌ തോന്നുന്നത്‌ സ്വാഭാവികം. 'പഴയ കുടുംബക്കാരുടെ' ഇന്ത്യയിലെ ഇന്നത്തെ നില അല്‍പം മോശമായിരിക്കാം. എന്നാലും തറവാടിന്റെ പേരിനൊരു കുറവും സംഭവിച്ചിട്ടില്ലെന്ന്‌ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ആരും പറയും.

തറവാടിന്റെ ഈ നല്ല പേര്‌ മുതലാക്കാന്‍ തന്നെ ഒടുവില്‍ പ്രീമിയര്‍ തീരുമാനിച്ചുകഴിഞ്ഞു. ഒന്‍പത്‌ വര്‍ഷത്തിനുശേഷം വാഹന വിപണിയിലേക്ക്‌ മടങ്ങി വരികയാണ്‌ ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകളിലെ രാജാക്കന്‍മാരായി വാണ ആദ്യകാല വാഹന നിര്‍മ്മാതാക്കളായ പ്രീമിയര്‍ ഓട്ടോ.കോംപാക്‌ട് സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനവുമായാണ്‌ പ്രീമിയര്‍ ഓട്ടോ വീണ്ടുമെത്തുന്നത്‌.

എന്നാല്‍ ഇക്കുറി ചൈനയുടെ ഒരു കൈയ്‌ സഹായത്തോടെയാണ്‌ പ്രീമിയര്‍ ഇന്ത്യയിലേക്ക്‌ ഓടിയെത്തുന്നത്‌. ചൈനയിലെ വാഹന നിര്‍മ്മാതാക്കളായ സോട്യേയുടെ സഹകരണത്തോടെയാണ്‌ പ്രീമിയര്‍ 'റിയോ' എന്ന ചെറു എസ്‌.യു.വി. പുറത്തിറക്കുന്നത്‌. സോട്യേ നല്‍കുന്ന വാഹന ഘടകങ്ങള്‍ പ്രീമിയര്‍ പുണെയിലുള്ള പ്ലാന്റില്‍ കൂട്ടിയോജിപ്പിക്കും. പ്രതിവര്‍ഷം 20,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ്‌ പ്ലാന്റിനുള്ളത്‌. എന്നാല്‍ എഞ്ചിന്‍ പ്രീമിയറിന്റെ തന്നെയാകും.

ചൈനയുടെ പേര്‌ കേള്‍ക്കുമ്പോള്‍ത്തന്നെ വിലയില്‍ അല്‍പം കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരാണ്‌ അധികവും. റിയോയുടെ കാര്യത്തില്‍ ഇതു നൂറു ശതമാനം ശരിയുമാണ്‌. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതല്ലെങ്കിലും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ എസ്‌.യു.വി വിപണിയില്‍ എത്തിക്കാനാണ്‌ പ്രീമിയര്‍ ശ്രമിക്കുന്നത്‌.

റിയോയുടെ അടിസ്‌ഥാന മോഡലിന്‌ അഞ്ചുലക്ഷം രൂപയാകും വിലയെന്നാണ്‌ സൂചന. തൊട്ടടുത്ത പ്രതിയോഗി മഹീന്ദ്ര സ്‌കോര്‍പിയൊയെക്കാള്‍ മുപ്പത്‌ ശതമാനം വിലകുറവാണിത്‌. വലിപ്പവും സ്‌കോര്‍പിയോയെക്കാള്‍ അല്‍പം ചെറുതാണ്‌. ഈ വിഭാഗത്തിലുള്ള എതിരാളികളേക്കാള്‍ ഒന്നരലക്ഷം രൂപയോളം കുറവുണ്ടാകുമെന്നാണ്‌ കമ്പനി നല്‍കുന്ന ഉറപ്പ്‌. അതുകൊണ്ടുതന്ന സ്‌കോര്‍പിയോ അടക്കമുള്ള എതിരാളികള്‍ ഒന്ന്‌ അറച്ച മട്ടാണ്‌. എന്നാല്‍ കൂടിയ റിയോയുടെ വില ഏഴുലക്ഷം വരുമെന്നും സൂചനയുണ്ട്‌. എ.ബി.എസ്‌, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ റിയോവിലുണ്ടാകും. ഹൈവേയില്‍ 17 കിലോമീറ്ററാണ്‌ കമ്പനി പറയുന്ന മൈലേജ്‌. നഗരത്തില്‍ ഇത്‌ 13 ആയി കുറയും.

ടൊയോട്ട 1997 ല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇറക്കിയ ടെറിയോസിന്റെ പിന്‍ഗാമിയാണ്‌ റിയോ. ടെറിയോസിന്റെ ഘടകങ്ങള്‍ പിന്നീട്‌ സോട്യേ സ്വന്തമാക്കുകയായിരുന്നു. അഞ്ചുസ്‌പീഡ്‌ മാനുവല്‍ ഗിയറുള്ള 65 ബി.എച്ച്‌.പി കരുത്ത്‌ പകരുന്നതാണ്‌ പ്രീമിയര്‍ വികസിപ്പിച്ച 1.5 ലിററര്‍ ഡീസല്‍ എന്‍ജിന്‍.

പ്യൂഷോ, ഫിയറ്റ്‌ തുടങ്ങിയവയുടെ സഹായത്തോടെ ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ഫിയറ്റിന്റെ ശ്രമം പുത്തന്‍ തലമുറ കാറുകളുടെ കടന്നുവരവോടെയാണ്‌ തകര്‍ന്നത്‌. ഒപ്പം തൊഴില്‍ പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ കമ്പനി അടച്ചു പൂട്ടുക മാത്രമായിരുന്നു ഏക പോംവഴി.

തിന്മയ്‌ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഉത്സവമായ ദീപാവലിയോടെ വീണ്ടും ഇന്ത്യയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടം തെളിക്കാമെന്നാണ്‌ പ്രീമിയര്‍ പ്രതീക്ഷിക്കുന്നത്‌. ഒരിക്കല്‍ കുടി പ്രീമിയര്‍ നമ്പര്‍ വണ്‍ എന്ന്‌ വാഹനപ്രേമികളെക്കൊണ്ട്‌ പറയിക്കാന്‍ ഒരു കാലത്ത്‌ സമ്പന്നതയുടെ പ്രതീകം കൂടിയായിരുന്ന പ്രീമിയറിനു കഴിയുമോ? വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നതും ഇതുതന്നെയാണ്‌.

സുജിത്‌ പി. നായര്‍
25/10/2009

No comments:

Post a Comment