നാളികേരത്തിന്റെ നാട്ടിലെനിക്കൊരു... | ||
ഏവര്‍ക്കും ഇവിടേക്ക് സ്വാഗതം... കോട്ടയത്തെ നീണ്ടൂരില്‍ നിന്നും ചെമ്മാച്ചേല്‍ വീട്ടിലേക്കെത്തുമ്പോള്‍ ആദ്യം ഉളളിലേക്കു ക്ഷണിക്കുന്നത് ഈ ചൂണ്ടു പലകയാണ്. അതു കഴിഞ്ഞ് അകത്തേക്കു കയറുമ്പോള്‍ ആദ്യം ഓര്‍മ വരിക കളര്‍ഫുള്‍ ആയ ഒരു മലയാളസിനിമയുടെ സെറ്റാണ്‌്. ചുറ്റിനും കാഴ്‌ചയുടെ ഒരു ഉത്സവം തന്നെ. വേനല്‍ചൂടിലും ഭൂമിക്കു കുളിരു പകര്‍ന്നു നിരന്നു നില്‍ക്കുന്ന തണല്‍മരങ്ങള്‍. കണ്ണെത്താദൂരത്തോളം നെല്‍പാടങ്ങള്‍, വിശാലമായ ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ പശ്‌ചാത്തലത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന തെങ്ങുകളുടെ ചന്തം. കുലച്ച വാഴകള്‍, അരയന്നങ്ങളും എമു പക്ഷികളും തീര്‍ക്കുന്ന കാഴ്‌ചയുടെ അനുഭവം. കുളം, താമര, നീന്തിതുടിക്കുന്ന മത്സ്യങ്ങള്‍, മനോഹരമായ ശില്‌പങ്ങള്‍. ഷട്ടില്‍ ,വോളിബോള്‍ കോര്‍ട്ടുകള്‍ വിശ്രമമുറികള്‍ .എവിടെയ്‌ക്ക് ക്യാമറ തിരിച്ചാലും മനോഹരമായ ഫ്രെയിം. സിനിമാസെറ്റുമായി തട്ടിച്ചു നോക്കിയാല്‍ ആകെ ഒരു വ്യത്യസ്‌തതയുളളത്, പക്ഷികളുടെ കോലാഹലത്തിനിടയിലും ഇവിടം ശാന്തമാണ് എന്നുളളതാണ്. ഇനി പുറമെ കാഴ്‌ച പകര്‍ന്നു നല്‍കുന്ന ആനന്ദത്തിനപ്പുറം ഇറങ്ങിപ്പോയാല്‍ ഇവിടെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തി നിരവധി ജീവിതങ്ങളെയും കാണാം. പാടങ്ങളിലും മറ്റും പണിയെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍. കമ്പനികളിലെ തൊഴിലാളികളെപോലെ പി.എഫും, ബോണസും, മറ്റാനുകൂല്യങ്ങളും എല്ലാം വാങ്ങുന്നവരാണ് ഈ തൊഴിലാളികള്‍. കൂലിപ്പണിചെയ്യുന്നവര്‍ക്ക് ആരെങ്കിലും ഇത്രയെറെ ആനുകൂല്യങ്ങള്‍ നല്‍കുമോ എന്ന കൗതുകത്തേക്കാളുപരി മൂന്നു വര്‍ഷം മുന്‍പുവരെ ഈ ഭൂമി തരിശു നിലമായിരുന്നു എന്നറിയുമ്പോഴാണ് ശരിക്കും അത്ഭുതപ്പെടുക. പിന്നെ ഇവിടം എങ്ങനെ ഇത്രയും മാറി എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ ആദ്യം കണ്ട ചൂണ്ടു പലകയിലേക്ക് തിരിച്ചു പോകേണ്ടി വരും. അവിടെ ആതിഥേയനായും സുഹ്യത്തായും ജോയി ചെമ്മാച്ചേല്‍ ഉണ്ടാവും ആ കഥ പറയാന്‍. മറുനാടന്‍ മലയാളികള്‍ക്കൊരു കുഴപ്പമുണ്ട്. അന്യനാടുകളില്‍ കഴിയുന്നതിനിടയില്‍ കിട്ടുന്ന സമയം മുഴുവന്‍ അവന്‍ ഒരു പാട് കാര്യങ്ങള്‍ ആലോചിച്ചു കൂട്ടും . എന്റെ വീട്, നാട്, കുടുംബം ഇതൊക്കെ ഇപ്പോള്‍ എങ്ങനെയാവും. ഈ തവണ ഉത്സവത്തിന് അവധി കിട്ടുമോ തുടങ്ങിയ കാര്യങ്ങളാവും ചിന്തകളില്‍ മുഴുവന്‍. ഇനി സുന്ദരമായ ഒരു ഗ്രാമത്തില്‍ ജനിച്ചയാള്‍ കൂടിയാണെങ്കിലോ പറയേണ്ട. പാടവും പുഴയും, ഞാറ്റുപാട്ടിന്റെയും കൊയ്‌ത്തുപാട്ടിന്റെയും ഈണങ്ങളും ഗ്രാമ ചിത്രം എപ്പോഴും മാടിവിളിച്ചുകൊണ്ടിരിക്കും. പിന്നെ നാട്ടിലെത്താന്‍ കാത്തിരിക്കും. പാടത്തൊന്നിറങ്ങാന്‍, കൂട്ടുകാരുമൊത്ത് പുഴക്കരയില്‍ ഇരുന്ന് സൊറപറയാന്‍. ബിസിനസിന്റെയൊ ജോലിയുടെയൊ തിരക്കുകള്‍ വിട്ട്‌് മനസിനെ സ്വതന്ത്രമാക്കി വിടാന്‍, അങ്ങനെ സ്വപ്‌നങ്ങളുടെ ഒരു നീണ്ടകണക്കുകൂട്ടലുമൊക്കെ കഴിഞ്ഞു മടങ്ങിയെത്തുമ്പോഴോ നിരാശയായിരിക്കും ഫലം. പുഴ മൊത്തം മണല്‍ വാരി വറ്റി വരണ്ടിരിക്കും. പുഞ്ചപ്പാടങ്ങള്‍ക്കു പകരം ബഹുനില മന്ദിരങ്ങളുടെ ആര്‍ഭാടം. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളെ മനസില്‍ കുഴിച്ചുമൂടി മടങ്ങാന്‍ മാത്രമേ ഈ പ്രവാസികള്‍ക്കു പിന്നെ കഴിയൂ. അപ്പോഴും പുഴയും പാടവുമൊക്കെ ഒരു തേങ്ങലായി ഉള്ളിലുണ്ടാവും. ഗൃഹാതുരതയില്‍ ഊറ്റംകൊളളുന്ന എല്ലാ വിദേശമലയാളികളേയും പോലെ നീണ്ടൂര്‍ ചെമ്മാച്ചേല്‍ ജോയിക്കും ഒരിക്കല്‍ ഇങ്ങനെയൊരു അവസ്‌ഥയുണ്ടായി. മനസില്‍ കെട്ടിപ്പൊക്കിയ ചിത്രങ്ങളുമായി അമേരിക്കയില്‍നിന്നു നാട്ടിലെത്തിയ ജോയി താന്‍ മനസില്‍ ചില്ലിട്ടു വച്ച നാടിന്റെ ചിത്രങ്ങള്‍ പൊട്ടിത്തകരുന്നത് അറിഞ്ഞു. എന്നാല്‍ പഴമയെയും ശീലങ്ങളെയും തട്ടിയെറിഞ്ഞുകൊണ്ടുളള നാടിന്റെ ഓട്ടത്തെ അങ്ങനെ വിടാന്‍ ജോയി തയാറായില്ല. അന്നു വീടിനു മുന്‍പില്‍ തരിശായി കിടന്ന മണ്ണാര്‍മൂല പാടശേഖരത്തില്‍ നോക്കി ജോയി ഒരു തീരുമാനമെടുത്തു. ആ തീരുമാനമാണ് ഇന്നു മണ്ണാര്‍മൂലയില്‍ നെല്ലായും, ഏലമായും, ഔഷധത്തോട്ടമായുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്‌്. ഒരു നാടിനുമൊത്തം അഭിമാനമായി. കഥ ഇവിടെ തീരുന്നു ഇനി യഥാര്‍ഥ്യത്തിലേക്ക്... കല്ലും മുളളും നിറഞ്ഞ പാതയിലൂടെ നടന്നാണ് ജോയി നാടിനെ സ്വപ്‌ന തുല്യമാക്കിയത്. ജോയിയും ഭാര്യ ഷൈലയും ചേര്‍ന്ന് ലാന്‍ഡ് ഫിഷറീസ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് പ്രൊജക്‌ട് എന്ന നൂതന സംയോജിത കൃഷിപദ്ധതി രൂപീകരിക്കുകയാണ് ആദ്യം ചെയ്‌തത്. 28 ഏക്കറില്‍ തെങ്ങുകള്‍, മത്സ്യങ്ങള്‍, നെല്ല്, വാഴ, പക്ഷികള്‍, പശുക്കള്‍, ഏലം... എല്ലാവര്‍ക്കും വേണ്ടി ഒരു ചെറിയ ലോകം തീര്‍ക്കുക എന്നതായിരുന്നു പദ്ധതി. തുടക്കത്തില്‍ പ്രോത്സാഹനങ്ങള്‍ക്കു പകരം എതിര്‍പ്പുകളാണ് എത്തിയത്. ഇതിനെതിരേയുളള പടവെട്ടല്‍ തുടങ്ങിയപ്പോള്‍ ഒരു പറ്റം ആളുകള്‍ സഹായവുമായെത്തി. ഇതോടെ പദ്ധതികള്‍ വീണ്ടും തളിരിട്ടു. കൃഷി. മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പുകളും നീണ്ടൂര്‍ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും കൂടി സഹായവുമായെത്തിയതോടെ ആദ്യഘട്ടം പൂര്‍ത്തിയായി. നാട്ടില്‍തന്നെയുളള നൂറോളം തൊഴില്‍രഹിതര്‍ക്കു തൊഴില്‍ നല്‍കിക്കൊണ്ടു പദ്ധതി തുടങ്ങി. ജോയി അമേരിക്കയിലിരുന്നും ഇടയ്‌ക്കിടെ നാട്ടിലെത്തിയും ക്യഷി ചെയ്യുന്നതിനു നേതൃത്വം നല്‍കി. ബിസിനസ് തിരക്കിനിടയില്‍ കൃഷി ചെയ്യാനായി നാട്ടില്‍ പോകുന്നു എന്നു പറഞ്ഞ് കൂട്ടുകാര്‍ പോലും കളിയാക്കി. എന്നാല്‍ തന്റെ സ്വപ്‌ന സാഫല്യത്തിനുവേണ്ടി ജോയി അതൊക്കെ ചിരിച്ചുതളളി. ഏതു തീരുമാനങ്ങള്‍ക്കും പുറകില്‍ സഹായവുമായി ഭാര്യ ഷൈലയുമുണ്ടായിരുന്നു. പാടത്ത് ചെളി നിറച്ചാണ് ഞാറു നട്ടത്. കാര്‍ഷികഗവേഷണകേന്ദ്രങ്ങളില്‍ നിന്ന് വിളകള്‍ ഏറ്റവും നല്ലതു തന്നെ എത്തിച്ചു. മികച്ച പശുകള്‍ക്കും ആടുകള്‍ക്കും മറ്റുമായി നാടൊട്ടുക്കു പോയി. വിദഗ്‌്ദ്ധരുടെ ഉപദേശം തേടി. പാരമ്പരാഗതവും ശാസ്‌ത്രീയവുമായ കാര്‍ഷികരീതികള്‍ തന്നെയാണ് പരീക്ഷിച്ചത്.22 ല്‍ പരം കൃഷിയിനങ്ങള്‍ നട്ടു. സ്വപ്‌നങ്ങളൊന്നും വെറുതെയായില്ല. ഒടുവില്‍ കഷ്‌ടപ്പെട്ട് ഭൂമിയില്‍ വീഴ്‌ത്തിയ വിയര്‍പ്പുതുളളികള്‍ക്കു പൊന്നിന്റെ നിറം നല്‍കികൊണ്ട് നെല്‍ക്കതിരുകള്‍ വിരിഞ്ഞു. വരള്‍ച്ചയിലും കൃഷിയിടത്തോടു ചേര്‍ന്ന മുക്കാലിതോട് വറ്റാതെ അവയ്‌ക്കു വെളളം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ പ്രകൃതിപോലും ആ സ്വപ്‌നത്തിനു തണല്‍ വിരിച്ചു. കൃത്രിമമായി നിര്‍മിച്ച കുളത്തില്‍ താമരകള്‍ വിരിഞ്ഞു. ഒന്നും രണ്ടുമല്ല നൂറുകണക്കിന് താമരകള്‍ തന്നെ താറാവുകളും അരയന്നങ്ങളും, പാലക്കാടു നിന്നെത്തിച്ച വിലയേറിയ എമുവും അടങ്ങുന്ന പക്ഷികളുടെ ഒരു പടതന്നെ അതിലെ പറന്നും ഓടിയും നടന്നു. തൊഴുത്തുകളില്‍ ജേഴ്‌സി, സിന്ധി, സ്വസ്‌ബ്രൗണ്‍. തുടങ്ങിയ സങ്കരയിനം പശുക്കളും ഒപ്പം നാടന്‍ പശുക്കളും നിറഞ്ഞു. മറുനാടന്‍, നാടന്‍ ഇനങ്ങളില്‍പെട്ട ആടുകളുമെത്തി. കുളത്തില്‍ താമരയ്‌ക്കൊപ്പം കരീമീന്‍ , ആറ്റുകൊഞ്ച് , കാരി, വരാല്‍, അലങ്കാരമത്സ്യങ്ങള്‍ എന്നിവ ഓടി നടന്നു. അങ്ങനെ തരിശുപാടം വിസ്‌മയക്കാഴ്‌ചയുടെയും ഒരു പാടു കുടുംബങ്ങളുടെ വരുമാന സ്രോതസിന്റെയും ഇടമായി. പട്ടിണിമാറിയ കുടുംബങ്ങള്‍ക്കു മുകളില്‍ പുഞ്ചിരി പടര്‍ന്നു നിന്നു. നിലം മനോഹരമാകുന്നതിനൊപ്പം വിവിധങ്ങളായ കാര്‍ഷികവിളകളും പരീക്ഷിച്ചു. എല്ലാം നൂറുമേനി വിജയം. നെല്ല് വിളവെടുപ്പിനു സമയമായപ്പോള്‍ ഇവിടുത്തെ നെല്ല് കൊയ്യാന്‍ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ നേരിട്ടെത്തി, പണിയാളുകളോടൊപ്പം കൂടി. കേരളത്തിനു മൊത്തം മാതൃകയാണു നീണ്ടൂരെന്നു പറഞ്ഞ് അംഗീകാരങ്ങള്‍ നല്‍കി. ഇതെല്ലാം കേട്ടു നിറഞ്ഞ മനസോടെനിന്നവരില്‍ ജോയിയുമുണ്ടായിരുന്നു. തന്റെയൊരു ഭ്രാന്തന്‍ സ്വപ്‌നം, അമേരിക്കയില്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം കളയാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞവരുടെ മുന്‍പില്‍ തെല്ലൊരു ഗര്‍വോടു കൂടിത്തന്നെ. അപ്പോള്‍ ആ കണ്ണുകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ യഥാര്‍ഥ്യമാക്കി, എന്റെ നാടിതാ കണ്‍മുന്‍പില്‍. ഇനി എനിക്ക് നിരാശയോടെ മടങ്ങേണ്ടി വരില്ല എന്ന്. ഒപ്പം എന്നെ പോലെ ആര്‍ക്കും. അതിനാണി ചൂണ്ടുപലക ആര്‍ക്കും ഇവിടെ വരാം മനസ്സിനെ സ്വതന്ത്രമാക്കാം മടങ്ങാം ഏവര്‍ക്കും ഇവിടെയ്‌ക്ക് സ്വാഗതം. ജോസ് കാണക്കാരി | ||
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment