കിരീടവും ചെങ്കോലും നഷ്‌ടപ്പെട്ടിട്ടും വെള്ളക്കാരന്റെ മുന്നില്‍ ആത്മാഭിമാനം പണയം വയ്‌ക്കാന്‍ ആ ധീരയോദ്ധാവിന് കഴിയുമായിരുന്നില്ല. നികുതി നിഷേധിക്കുന്ന വെള്ളക്കാരന്‍ വിദേശിയാണെന്ന് ഉറക്കെ പറയാനുള്ള ചങ്കൂറ്റം അവനു ജന്മസിദ്ധമായി കിട്ടിയിരുന്നു. പടയാളികളേയും പടക്കോപ്പുകളും നഷ്‌ടമായെങ്കിലും കാടന്‍മാരെയും കര്‍ഷകരെയും കൂട്ടി സൂര്യനുദിക്കാത്ത സാമ്രാജ്യത്തിനെതിരേ ആദ്യമായി പടപൊരുതിയ ധീരദേശാഭിമാനി ഇനി അഭ്രപാളിയില്‍.
സ്വാതന്ത്ര്യ സമര ചരിത്രത്താളുകളില്‍ ഇടം നേടാത്ത കോട്ടയം കുടുംബത്തില്‍പെട്ട പടിഞ്ഞാറേ കോവിലകത്തെ കേരളവര്‍മ്മ പഴശ്ശിരാജയുടെ സമരവീര്യം ഇനി ചരിത്രത്തിലേക്ക് കടക്കുകയാണ്... വെള്ളിത്തിരയിലൂടെ... ഗാന്ധിജയന്തി ദിനത്തില്‍....
പുരുഷ സൗന്ദര്യത്തിന് പുതിയ സൂത്രവാക്യങ്ങള്‍ രചിച്ച മമ്മൂട്ടി പഴശിരാജയാകുമ്പോള്‍ അതു മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറും. രാജ്യസ്‌നേഹം തുളുമ്പുന്ന ഡയലോഗുകളും തീപാറുന്ന അഭ്യാസമുറകളും നിറഞ്ഞ പഴശ്ശിരാജ 'എഴുന്നള്ളുമ്പോള്‍' മലയാളികള്‍ കോരിത്തരിപ്പോടെ ഒരു നോക്കു കാണാന്‍ കാത്തിരിക്കും.
ഒരു വടക്കന്‍വീരഗാഥ കഴിഞ്ഞ് രണ്ടു പതിറ്റാണ്ടിനുശേഷമാണ് മമ്മൂട്ടി- ഹരിഹരന്‍-എംടി ടീം ഒന്നിക്കുന്നത്. ഇവര്‍ക്കൊപ്പം പ്രതിഭകളുടെ ഒരു മഹാസംഗമമാണ് പഴശ്ശിരാജയിലെന്നു പറയാം. ഇളയരാജയുടെ സംഗീതവും ഓസ്‌കര്‍ ജേതാവ് റസൂല്‍പൂക്കുട്ടിയുടെ ശബ്‌ദമിശ്രണവും ഒ.എന്‍.വിയുടെ വരികളുമെല്ലാം ഒത്തുചേര്‍ന്ന ലോകോത്തര സിനിമ. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ലോകമെങ്ങും ഈ ചിത്രം അഭ്രപാളികളില്‍ നിറയും. റസൂല്‍ പൂക്കുട്ടിയുടെ മുംബൈയിലെ സ്‌റ്റുഡിയോയില്‍ വിരിഞ്ഞ ശബ്‌ദഗാംഭീര്യം തിയറ്ററുകളില്‍ പ്രകമ്പനം കൊള്ളുമ്പോള്‍ ദേശബോധം അലയടിച്ചുണരും എന്നുറപ്പ്.
''ഇത് ഒരു ചരിത്ര ദൗത്യമാണ്. അയ്യായിരത്തോളം നടീനടന്മാരും അഞ്ഞൂറോളം സാങ്കേതിക വിദഗ്‌ദരും കൊടും ചൂടും തണുപ്പും അവഗണിച്ച് രാത്രി പകലന്യേ നടത്തിയ ഇതിഹാസ പോരാട്ടമാണിതെന്ന് മമ്മൂട്ടിയുടെ സാക്ഷ്യം. ഈ ചിത്രം കാണുന്നവര്‍ക്ക് ഞങ്ങള്‍ അനുഭവിച്ച മാനസിക- ശാരീരിക സമ്മര്‍ദ്ദങ്ങള്‍ ബോധ്യമാകും. നമുക്ക് പാരതന്ത്ര്യത്തിന്റെ വേദന അറിയില്ല. പതിനായിരങ്ങള്‍ ജീവനും സ്വത്തും ബലി കഴിച്ചിട്ടാണ് നാം ഇന്ന് ശ്വസിക്കുന്ന സ്വാതന്ത്ര്യ വായു ലഭിച്ചത്. അറിയപ്പെടാത്ത ഒട്ടേറെ പോരാട്ടങ്ങള്‍ ഇതിനായി നടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്ത് വസിക്കുന്ന നാം യുദ്ധത്തില്‍ പങ്കാളികളായിരുന്നുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍, ഓരോ മലയാളിക്കും അഭിമാനിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.- മമ്മൂട്ടി മനസുതുറക്കുന്നു.
സിനിമയുടെ തുടക്കത്തില്‍ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന രാജാവാണ് പഴശ്ശിരാജ. പിന്നീട് ഭാര്യ കൈതേരി മാക്കത്തിനൊപ്പം കാട്ടിനുള്ളിലേക്ക് ഒളിച്ചു കടക്കേണ്ടി വരുന്നു. അവിടെ നിന്ന് ഗിരിവര്‍ഗക്കാര്‍ക്കൊപ്പം ഗറില്ലയുദ്ധം നയിക്കുകയാണ്. സിനിമയുടെ രണ്ടാംപകുതിയായപ്പോഴേക്കും മമ്മൂട്ടിയുടെ ശരീരവും പഴശ്ശിരാജയായി രൂപാന്തരപ്പെട്ടിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൊടും തണുപ്പില്‍ ഒരു ഷര്‍ട്ടുപോലുമിടാതെ ഒരാള്‍ മാത്രമേ സെറ്റിലുണ്ടായിരുന്നുള്ളൂ; അത് മമ്മൂട്ടിയായിരുന്നു. നോമ്പുകാലത്ത് പച്ചവെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉശിരന്‍ പ്രകടനം എല്ലാവര്‍ക്കും അത്ഭുതമായി. ഒരു ക്ഷീണവും അദ്ദേഹത്തില്‍ പ്രകടമായിരുന്നില്ല. അത്രയധികം സമരവീര്യം ആ സിരകളില്‍ നിറഞ്ഞിരുന്നു.
വയനാട്, തലക്കോണം, കൂര്‍ഗിലെ മടിക്കേരി, ചെന്നൈ, കാഞ്ഞങ്ങാട് തുടങ്ങിയിടങ്ങളിലാണ് ചിത്രീകരണം നടന്നത്. മഴമൂലം പലപ്പോഴും ഷൂട്ടിംഗ് മുടങ്ങി. നാട്ടുകാരുടെ അനാവശ്യ ഇടപെടല്‍ മൂലം ലൊക്കേഷന്‍ മാറേണ്ടി വന്നു. എപ്പോഴും മൂന്നു ക്യാമറകള്‍ ചിത്രീകരണത്തിന് നീക്കി വച്ചു. മലയാളത്തില്‍ ആദ്യമായി പാനവിഷന്‍ ക്യാമറകള്‍ ഉപയോഗിച്ചതും ഈ ചിത്രത്തിനു വേണ്ടിയാണെന്നു പറയാം. പ്രധാന സീനുകളെല്ലാം പാനവിഷന്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
മലയാള ചരിത്രത്തിലാദ്യമായി വിദേശികളുടെ വേഷം വിദേശികള്‍ തന്നെ ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
പഴശ്ശിരാജയ്‌ക്കു ജന്മം നല്‍കാന്‍ അണിയറയില്‍ ശരിക്കും പോരാട്ടം നടത്തിയത് നിര്‍മ്മാതാവ് ഗോകുലം ഗോപാലനും സംവിധായകന്‍ ഹരിഹരനുമാണ്. മകളുടെ പ്രസവത്തിനു പോലും ഹരിഹരന്‍ ഒരു ദിവസം പോലും സെറ്റില്‍ നിന്ന് മാറിനിന്നില്ല. പേരക്കുട്ടിക്ക് 6 മാസമായിട്ടും ഒരു നോക്ക് കണ്ടിട്ടില്ല. ഈ സ്വന്തം കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു അദ്ദേഹത്തിനു പ്രധാനം. അതു പോലെ അരുമ പുത്രന്റെ വേര്‍പാടിന്റെ ദുഃഖത്തിനിടയിലും ഗോകുലം ഗോപാലന്‍ വാക്കു മാറ്റിയില്ല.
മലയാള സിനിമാ ചരിത്രത്തിലെന്നല്ല, ലോക സിനിമാ രംഗത്തും നാഴിക കല്ലാണ് അഭ്രപാളികളിലെ ഈ പോരാട്ടം. സെറ്റിട്ടല്ല, ശരിക്കും വിഷപാമ്പുകളും വന്യമൃഗങ്ങളുമുള്ള വനത്തില്‍ യഥാര്‍ത്ഥ യുദ്ധമാണ് ചിത്രീകരിച്ചത്. റസൂല്‍ പൂക്കുട്ടിക്കുവേണ്ടി യഥാര്‍ത്ഥ ശബ്‌ദം ലഭിക്കാന്‍ ആയിരങ്ങള്‍ പങ്കെടുത്ത ഈ യുദ്ധങ്ങള്‍ വീണ്ടും ചെയ്യേണ്ടി വന്നു. സിനിമയില്‍ വെള്ളം ചേര്‍ക്കാന്‍ നിര്‍മ്മാതാവിന് താല്‌പര്യമില്ലാത്തതിനാല്‍ സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായി വന്നത് രണ്ടര വര്‍ഷം! മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയും തുക മുടക്കി നിര്‍മിക്കുന്ന ആദ്യ ചിത്രവും ഇതുതന്നെ. 12 കോടി രൂപ ബജറ്റില്‍ നിര്‍മാണം തുടങ്ങിയ ചിത്രത്തിനു ചെലവായത് 25 കോടി രൂപ.
ഇത് മലയാളത്തിന്റെ ലോകസിനിമയാണ്- തന്റെ സ്‌റ്റുഡിയോയില്‍ നിന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. കുഞ്ഞു കേരളത്തിന്റെ ചെറിയ ഭാഷയ്‌ക്കും ഇത്തരത്തിലൊരു സിനിമ ലോകകത്തിനു സമ്മാനിക്കാനാകുമെന്ന് പ്രഖ്യാപിക്കുകയാണിവിടെ.... റസൂല്‍ പറഞ്ഞു. ശബ്‌ദ ചിത്രീകരണത്തിനായി റസൂല്‍ പൂക്കുട്ടിയെ സമീപിച്ചപ്പോള്‍ ആദ്യം വിസമ്മതിച്ചെങ്കിലും ചിത്രത്തിന്റെ സ്‌റ്റില്‍സ് കണ്ടപ്പോള്‍ ഫ്‌ളൈറ്റ് പോലും കാന്‍സല്‍ ചെയ്‌ത് ഈ സംഘത്തില്‍ ചേരുകയായിരുന്നു. ഒരു ലക്ഷത്തോളം ശബ്‌ദങ്ങളാണ് ഈ സിനിമയ്‌ക്കായി കൃത്രിമമായി ഉണ്ടാക്കിയത്. അമ്പ്, വില്ല്, ശ്വാസം, ഇല, കാറ്റിന്റെ മൂളല്‍, കാലിന്റെ അനക്കം തുടങ്ങിയശബ്‌ദങ്ങളെല്ലാം ഓരോ അമ്പ് എയ്യുമ്പോഴും ഉണ്ടാകണം. ശബ്‌ദമിശ്രണത്തിനു സിനിമയിലുള്ള സ്‌ഥാനവും ആദ്യമായി മലയാളി ഈ ചിത്രത്തിലൂടെ കേട്ടറിയാന്‍ പോവുകയാണ്.
വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്. ശരത് കുമാറിന്റെ എടച്ചേന കുങ്കന്‍, മനോജ്.കെ.ജയന്റെ തലയ്‌ക്കല്‍ ചന്തു, പദ്‌മപ്രിയയുടെ നീലി, കനിഹയുടെകൈതേരി മാക്കം എന്നവിര്‍ക്കൊപ്പം തിലകന്‍ കുറുമ്പ്രനാട് രാജാ വീരവര്‍മ്മയായും നെടുമുടിവേണു മൂപ്പനായും സുമന്‍ പഴയംവീടന്‍ചന്തുവായും ശോഭിക്കുന്നു. കണ്ണവത്തു നമ്പ്യാരായി ദേവനും എമ്മന്‍ നായരായി ലാലു അലക്‌സും കൈതേരി അമ്പുവായി സുരേഷ്‌കൃഷ്‌ണയും ഉണ്ണി മൂത്തയായി ക്യാപ്‌റ്റന്‍ രാജുവും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
തമിഴ്‌സിനിമയിലെ മുഖ്യ താരമായ ശരത്‌കുമാറിന്റെ ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ശരത്‌കുമാറിന്റെ ആദ്യ മലയാളം സിനിമ മമ്മൂട്ടിക്കൊപ്പമായപ്പോള്‍ മമ്മൂട്ടിയുടെ ആദ്യ തമിഴ്‌ചിത്രമായ മൗനം സമ്മതം ശരത്തിനൊപ്പമായിരുന്നുവെന്നത് തികച്ചും യാദൃശ്‌ചികം മാത്രം.
ഇളയരാജയുടെ സംഗീതം ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഒ.എന്‍.വി. കുറുപ്പിനെക്കൂടാതെ ഗിരീഷ് പുത്തഞ്ചേരി, കനേഷ് പുനൂര്‍ എന്നിവരും വരികളെഴുതിയിട്ടുണ്ട്. സംഗീതത്തിനു പിന്നണി വായിച്ചത് ഹംഗറിയിലെ സിംഫണി ഓര്‍ക്കസ്‌ട്രയിലെ ഇരുന്നൂറോളം പേരാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും യേശുദാസ്, ചിത്ര, എം.ജി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖ ഗായകരാണ്.
തിരശീലയില്‍ മമ്മൂട്ടി പറയുന്നു... പഴശ്ശിരാജയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ... അതേ നമ്മളും ഇനി കാണാന്‍ പോകുന്നതേയുള്ളൂ;ഇതുവരെ കാണാത്ത പഴശിതമ്പുരാന്റെ മുഖം....
രേഖാ ബിറ്റ |
No comments:
Post a Comment