| അടിച്ചുപൊളിക്കാന്‍ ഐ 20 ഡീസല്‍ |
| പെട്ടെന്നൊരുനാള്‍ പൊട്ടിമുളച്ചതു പോലായിരുന്നു വരവ്... ആദ്യം കണ്ടവര്‍ അല്‍പം അമ്പരന്നു. എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ ഏറെ നാളായി കാത്തിരുന്ന ഒരാള്‍ അവതരിച്ചതാണെന്നു മനസിലായി. സിനിമയിലെ നായകന്‍മാരെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. ഐ 20 ഡീസല്‍ എന്ന ഹ്യുണ്ടായിയുടെ പുത്തന്‍ അവതാരമാണ് കഥാപുരുഷന്‍. ഇപ്പോള്‍ വിപണിയിലുള്ള പ്രീമിയം ഹാച്ചുകളെക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നിലാണ് ഐ 20 ഡീസലിന്റെ സ്‌ഥലവും സൗകര്യവും ഫിനിഷും യാത്രാസുഖവും മാത്രമല്ല പിക്കപ്പും കാര്യക്ഷമമായ എ സിയുമൊക്കെ ഐ ട്വന്റി ഡീസലിനെ ഒന്നാമനാക്കുന്നു. 100 സി സിയും 15 ബി എച്ച് പിയും അധികം നല്‍കുന്ന ഡീസല്‍ എഞ്ചിനാണ് ഐ ട്വന്റിയുടെ കരുത്ത്. ട്വന്റി 20 ടൂര്‍ണമെന്റുകള്‍ ഹരമായ ഇന്ത്യന്‍ യുവത്വത്തിന് ആവേശം പകര്‍ന്നു നല്‍കുന്ന ചേരുവകളാണ് ഹ്യുണ്ടായ് ഐ 20-യില്‍ ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ ഡിസൈനാണെങ്കിലും ഇന്ത്യക്കാരും ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. പരന്ന രൂപമാണെങ്കിലും വലിപ്പം അധികം തോന്നിക്കില്ല. മറിച്ച് ദുര്‍മേദസില്ലാത്ത ഒരു മസില്‍മാന്റെ രൂപമാണ് ഐ 20-ക്ക്. ബോണറ്റിനുമുകളും വശങ്ങളുമെല്ലാം ഒരു സല്‍മാന്‍ ലുക്ക്. ഏതാണ്ടെല്ലാ പുതിയ ഹാച്ചുകളിലും കണ്ടെത്താനാവുന്ന പീല്‍ ബാക് ഹെഡ് ലാംപുകള്‍, ചെറിയ ഗ്രില്ലിനു താഴെയുള്ള വലുപ്പമേറിയ എയര്‍ ഡാംപ് എന്നിവയും ശ്രദ്ധേയം. പെട്രോള്‍ മോഡലില്‍ നിന്നു കാര്യമായ വ്യത്യാസമില്ലാത്ത ഉള്‍വശം. പുറത്തെ ഒതുക്കം ഉള്ളില്‍ കാണാന്‍ കഴിയില്ല. ആവശ്യത്തിലധികം ഇടം. സീറ്റുകള്‍ക്ക് വീതി യഥേഷ്‌ടം.ഹാച്ച് ബാക്കുകളില്‍ ഇത്രവലുപ്പമുള്ള സീറ്റുകള്‍ ഇതിന്റെ മാത്രം പ്രത്യേകതയാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ടില്‍റ്റിനു പുറമെ ടെലസ്‌കോപിക് ആയും സ്‌റ്റീയറിങ് ക്രമീകരിക്കാവുന്ന ഉയര്‍ന്നിരിക്കുന്ന ഡ്രൈവര്‍ സീറ്റ് മറ്റൊരു പ്രത്യേകത. ഉള്ളില്‍ നിന്നു സ്വിച്ചിട്ടാല്‍ മടക്കാനാവുന്ന വിംഗ് മിററുകള്‍, റേഡിയോയും താപനിലയും ട്രിപ് സെറ്റിങ്‌സുമൊക്കെ ക്രമീകരിക്കാനാവുന്ന ഡിസ്‌പ്ലേ കണ്‍സോള്‍, കൂളിങ് ഏര്‍പ്പാടുള്ള ഗ്ലഗ്ലൗവ് ബോക്‌സ്, പിന്നിലും വെന്റുള്ള ഓട്ടമാറ്റിക് എ സി, സ്‌റ്റീരിയൊ നിയന്ത്രണമുള്ള സ്‌റ്റീയറിങ്, എ ബി എസ്, ആറ് എയര്‍ ബാഗുകള്‍ തുടങ്ങി സൂപ്പര്‍ ലക്ഷ്വറി കാറുകളില്‍ കാണാറുള്ള പ്രത്യേകതയും ഡീസല്‍ ഐ ട്വന്റിയെ വേറിട്ടവനാക്കുന്നു. 1396 സി സി എന്‍ജിന്റെ കുതിപ്പ് ഭ്രാന്തന്‍ കുതിരയെപ്പോലെ വാഹനത്തെ മുന്നോട്ടുനയിക്കും. പിക്കപ്പ്, ഹൈവേയിലും നഗരത്തിലും ഡ്രൈവിങ് സുഖം, കയറ്റം കയറാന്‍ കൂടുതല്‍ കരുത്ത്, എന്ന ഐ ട്വന്റിയെ പ്രിയങ്കരനാക്കുന്ന ഘടകങ്ങളാണ്. യാത്രാസുഖത്തിന്റെ കാര്യത്തില്‍ ഐ ട്വന്റി ഡീസല്‍ പെട്രോള്‍ മോഡലിനൊപ്പം നില്‍ക്കും. 6.20 മുതല്‍ 7.21 ലക്ഷം വരെയാണ് വില. ലീറ്ററിന് 20.2 കീ മിയാണ് എആര്‍എഐ അവകാശപ്പെടുന്ന ഇന്ധനക്ഷമത. കരുത്തും മൈലേജും ഒന്നിക്കുന്ന അപൂര്‍വ ജന്മം എന്ന വിശേഷണമാകും ഉപയോക്‌താക്കള്‍ ഐ 20ക്ക് നല്‍കുക. സുജിത് പി. നായര്‍ |
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment