Wednesday, October 21, 2009

കഥ
ചോക്ലേറ്റ്‌

സ്‌കൂളിലെത്തണമെന്ന അടിയന്തര സന്ദേശത്തെത്തുടര്‍ന്ന്‌ മേരിമാതാ കോണ്‍വെന്റ്‌ സ്‌കൂളിലെ വിസിറ്റേഴ്‌സ് പാര്‍ക്കിംഗ്‌ ഏരിയയില്‍ വണ്ടി നിര്‍ത്തി ജോസ്‌ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക്‌ വേഗത്തില്‍ നടന്നു. ക്ലാസ്‌ സമയം കഴിഞ്ഞതിനാലാവും അപൂര്‍വം കുട്ടികളെ സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നുള്ളൂ. വിവിധ ഭാഗങ്ങളിലായി സ്‌ഥാപിച്ചിട്ടുള്ള പലവിധ ഗെയിമുകളുടെ കളിയിടങ്ങളില്‍നിന്നും ഇംഗ്ലീഷിലുള്ള ആഹ്ലാദപ്രകടനങ്ങളും, കുലീനത്വമുള്ള ആക്രോശങ്ങളുമുയരുന്നുണ്ട്‌.

സ്‌കൂളിന്റെ ഉപരിതലമാകട്ടെ ഒരു നക്ഷത്ര ഹോട്ടലിന്റെ ആഡംബരങ്ങളെ ഓര്‍മിപ്പിച്ച്‌ പരന്നുകിടക്കുന്നു. ഫോണ്‍ കിട്ടിയിട്ടും ഒന്നരമണിക്കൂറിലേറെ വൈകിയതിന്റെ ജാള്യത പരിശ്രമിച്ച്‌ വരുത്തി, ജോസ്‌ പ്രിന്‍സിപ്പലച്ചന്റെ മുറിയിലേക്ക്‌ കടന്നിരുന്നു. ജോസിനെകണ്ടതും, ''അഞ്‌ജലീനായര്‍ യു കാന്‍ ഗോ നൗ'' എന്ന്‌ ഇടവക വികാരി എന്ന അഡീഷണല്‍ ചാര്‍ജുകൂടി വഹിക്കുന്ന സാമുവേലച്ചന്‍ നീതുവിന്റെ ക്ലാസ്‌ ടീച്ചറിന്‌ നിര്‍ദേശം നല്‍കി. ഒരുതരം പുച്‌ഛരസത്തില്‍ ജോസിനെ നോക്കി, ചെറിയ ഹാന്‍ഡ്‌ബാഗും തൂക്കി, കട്ടിക്കണ്ണട വച്ച അഞ്‌ജലീനായര്‍ പോയപ്പോള്‍, ചരക്കാണല്ലോ എന്ന്‌ ജോസ്‌ മനസില്‍ കരുതി. നീതു സാറാ ഇട്ടൂപ്പാവട്ടെ, താന്‍ സ്‌നേഹപൂര്‍വം അഞ്‌ജലീ മാഡത്തിന്‌ സമ്മാനിച്ച ചോക്ലേറ്റ്‌ ബാറുമായി പുറത്തോട്ട്‌ നടക്കുന്നതിനിടയില്‍ തിരിഞ്ഞു പറഞ്ഞു. ''ഡാഡി, വണ്‍ മിനിറ്റ്‌. അഞ്‌ജലീ മാം ഫോര്‍ഗോട്ട്‌ ദിസ്‌''. ഇതിനിടയില്‍ ജോസും ഫാദറും പരസ്‌പരം ഉപചാരപദങ്ങള്‍ കൈമാറുകയും താമസിച്ചതിന്‌ ജോസ്‌ ക്ഷമാപണം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ മകളെ സാക്ഷിയാക്കി സാമുവേലച്ചന്‍ ആംഗലഭാഷയുടെ ഓക്‌സ്ഫോര്‍ഡ്‌ ശുദ്ധിയിലെന്ന മട്ടില്‍ ജോസിനോട്‌ വിവരിച്ച കാര്യങ്ങള്‍ താഴെ പറയുംവിധം സംഗ്രഹിക്കാം,

നീതുവിന്‌ ക്ലാസില്‍വച്ച്‌ ബ്ലീഡിംഗ്‌ ആയി. അവള്‍ ഭയന്നു നിലവിളിച്ചു. ക്ലാസ്‌ ടീച്ചര്‍കൂടിയായ അഞ്‌ജലീനായര്‍ നീതുവിനെ ആശ്വസിപ്പിച്ച്‌, സ്‌കൂള്‍ സ്‌റ്റോറില്‍നിന്നു വാങ്ങിയ നാപ്‌കിന്റെ സുരക്ഷിതത്വം നല്‍കി. ജോസ്‌ വരും വരെ കൂട്ടിരുന്നു.

നീതുവിനെ ഏതെങ്കിലും ഡോക്‌ടറെ കാണിക്കണമോ എന്ന ജോസിന്റെ ആകാംക്ഷനിറഞ്ഞ ചോദ്യത്തിന്‌ ഡോക്‌ടറെയല്ല, വീട്ടിലെ ഏതെങ്കിലും മുതിര്‍ന്ന സ്‌ത്രീയെ കാണിക്കൂ എന്ന്‌ തമാശപൂര്‍വം നിര്‍ദേശിച്ച ഫാദര്‍ ഇത്ര കൂടി കൂട്ടിച്ചേര്‍ത്തു. ''യു സീ ജോസ്‌. നീതു ഈസ്‌ ടൂ ഫാറ്റ്‌. യു ഹാവ്‌ ടു ടേക്ക്‌ ഹെര്‍ ടു എ ഹെല്‍ത്ത്‌ ക്ലിനിക്ക്‌. അഡ്വൈസ്‌ ഹെര്‍ ടു കണ്‍ട്രോള്‍ ഹെര്‍ ഡയറ്റ്‌. അതര്‍വൈസ്‌ ഇറ്റ്‌ വില്‍ ബി ഡെയിഞ്ചറസ്‌. ഷീ ഈസ്‌ ടു യംഗ്‌ടു ബികം എ ലേഡി''.

മൂന്നാംക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ലേഡി എന്ന്‌ ഫാദര്‍ സൂചിപ്പിച്ചതിലുള്ള അസ്വാരസ്യം പൊടുന്നനെ ജോസിന്റെ മുഖത്ത്‌ തെളിഞ്ഞെങ്കിലും, നീതുവിന്റെ ശരീരത്തിന്റെ അളവുകളെ അയാള്‍ പേടിയോടെ നോക്കി.

ഫാദറിനോട്‌ ഔപചാരികതയുടെ പേരില്‍ വാക്കുകളില്‍ മാത്രം നന്ദിപറഞ്ഞ്‌, പുറത്തിറങ്ങിയപ്പോള്‍ ജോസ്‌ നീതുവിനോട്‌ ചോദിച്ചു.

''നിന്റെ അഞ്‌ജലീന മാഡം പോയോ ഡിയര്‍?''

''അന്‍ചലീന അല്ല ഡാഡി. അന്‍ചലീ നായര്‍. ഈ ഡാഡീടെ ഒരുകാര്യം. മാം പോയി'' നീതു ഗൗരവത്തോടെ പറഞ്ഞു.

ൈഡ്രവിംഗ്‌ സീറ്റിലിരിക്കെ നീതുവിന്റെ ശരീരമുഴുപ്പ്‌ ജോസ്‌ വെപ്രാളത്തോടെ ഒരിക്കല്‍കൂടി അളന്നു... സാമുവേലച്ചന്‍ പറഞ്ഞ കാര്യങ്ങളൊക്കെ, ഒന്‍പത്‌ വയസുകാരിയുടെ അമിതവര്‍ണനകളിലൂടെ അവള്‍ വീണ്ടും പറഞ്ഞു. മകളുടെ ഭാവം ൈഡ്രവ്‌ ചെയ്യുന്നതിനിടയില്‍ ജോസിന്‌ വേര്‍തിരിച്ചെടുക്കാനായില്ല.... ഒടുവില്‍ അവള്‍ ചോദിക്കുന്നു ''ഞാന്‍ മമ്മിയെ വിളിച്ച്‌ പറയട്ടെ ഡാഡി''.

പിന്നീടാവട്ടെ എന്ന്‌ പറഞ്ഞപ്പോള്‍, നീതു ബാഗ്‌ തുറന്ന്‌ ച്യുയിങ്‌ഗം പൊളിച്ച്‌ വായിലിട്ട്‌ നുണയാന്‍ തുടങ്ങി. വിലകൂടിയ കാര്‍ പെര്‍ഫ്യൂമിന്റെ സുഗന്ധത്തെ തോല്‍പിച്ച്‌ ച്യുയിങ്‌ഗത്തിന്റെ വാത്സല്യമണം കാറിലാകെ നിറഞ്ഞു.

മൊബൈലില്‍ സാന്ദ്രയുടെ മിസ്‌ഡ് കോള്‍. ഇപ്പോള്‍തന്നെ നാലെണ്ണമായി. ൈഡ്രവ്‌ ചെയ്യുന്നതിനിടയില്‍ തിരിച്ച്‌ വിളിച്ച്‌ മകളോടൊപ്പമാണെന്ന്‌ പറഞ്ഞപ്പോള്‍ സാന്ദ്ര അക്ഷമയോടെ അപ്പുറത്ത്‌ പൂരിപ്പിക്കുന്നു ''നിന്റെയൊരു മോള്‍''.

അതെ. എന്റെ മോള്‍. അമ്മമാര്‍ കൂടെയില്ലാത്ത ചെറിയ പെണ്‍കുട്ടികള്‍ എപ്പോഴും നിലാവത്ത്‌ ഇറക്കിവിടപ്പെട്ട കോഴിക്കുഞ്ഞിനെപ്പോലെയാണ്‌. എല്ലാത്തിനും ഒരാത്മവിശ്വാസക്കുറവുണ്ടാകും. അതിനാല്‍തന്നെ എനിക്കെന്റെ മോളോടൊപ്പമുണ്ടായേ പറ്റൂ. നിനക്കൊനും മനസിലാവില്ല സാന്ദ്രാ. നീ പ്രസവിച്ചിട്ടില്ലല്ലോ? അഥവാ നീ പ്രസവിച്ചാലും ആരുടെ കുഞ്ഞിനെയാവും പെറുക? നിന്റെ വി.ഐ.പി. കസ്‌റ്റമേഴ്‌സില്‍ ഒരുവന്‍ മാത്രമല്ലേ ഞാന്‍? നിന്റെ നാട്യം അതല്ലെങ്കിലും.

ജോസ്‌ വണ്ടി പാക്ക്‌-മീ-ഹോമിലേക്ക്‌ വിട്ടു. അയാളങ്ങിനെയാണ്‌. തനിക്കോ മകള്‍ക്കോ ചെറിയ വിഷയമായാല്‍ പോലും നീതുവിനെയും കൂട്ടി ഏതെങ്കിലും റെസ്‌റ്റോറണ്ടിലേക്കോ ഫാസ്‌റ്റ്ഫുഡ്‌ കോര്‍ണറിലേക്കോ അതുമല്ലെങ്കില്‍ കടല്‍ക്കരയിലേക്കോ പോകും.

കടല്‍തീരത്തെ ബീച്ച്‌ റസ്‌റ്റോറന്റിലെ നീതുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട തായ്‌ന്യൂഡില്‍സും ടൈഗര്‍ പ്രോണ്‍സും, ലോബ്‌സ്റ്ററും.... അപ്പോഴൊക്കെ മകള്‍ വളരെയേറെ സന്തോഷവതിയാവുന്നു. അപ്പോള്‍ മാത്രമാണ്‌ നീതുവിന്റെ ബാല്യകുതൂഹലങ്ങള്‍ നൃത്തം ചവിട്ടാറുള്ളത്‌.

പാക്ക്‌-മീ-ഹോമില്‍ കൗമാരത്തിന്റെയും യൗവനത്തിന്റെയും കൂട്ടായ്‌മയുടെ ബഹളങ്ങള്‍. യുവമിഥുനങ്ങളും കോളജ്‌ കുട്ടികളും സംഘം ചേര്‍ന്നിരുന്ന്‌ ഷവര്‍മ്മയുടെയും ചിക്കന്‍ബ്രോസ്‌റ്റിന്റെയും രുചിഭേദങ്ങളെ ആഘോഷമാക്കുന്നു. നീതുവിന്‌ അറബിയുടെ നാട്ടില്‍ നിന്നും തനതുരുചിയുമായെത്തിയ ചിക്കന്‍ ബ്രോസ്‌റ്റിന്‌ ഓര്‍ഡര്‍ ചെയ്‌തു. അയാള്‍ ഒരു കോള്‍ഡ്‌ കോഫിയും.

മറ്റുള്ളവരുടെ ബഹളത്തിലേക്ക്‌ നിഷ്‌കളങ്കതയോടെ ചെവിയോര്‍ക്കുന്നതിനിടയിലും അവര്‍ക്കു മുന്നിലെ വിഭവ സമൃദ്ധിയിലേക്ക്‌ കൊതിയോടെ കണ്ണുകള്‍ പായിച്ച്‌ നീതു. കഴിഞ്ഞ തവണ ഇവിടെ നിന്നും കഴിച്ച ഷവര്‍മ്മയുടെ ടേസ്‌റ്റ് ഓര്‍ത്തെടുത്ത്‌ വാചാലയായി...

നീതുവിനെ മാത്രം ശ്രദ്ധിച്ചിരുന്ന ജോസ്‌ അപരാധംപോലെ നീതുവിന്റെ വളര്‍ച്ചയെക്കുറിച്ച്‌ സാമുവേലച്ചന്റെ ഉപദേശം ഓര്‍ത്തെടുത്തു. അധികംവൈകാതെ തന്നെ ഡോക്‌ടര്‍ രാജീവ്‌ കോശിയുടെ പെര്‍ഫെക്‌ട് ഹെല്‍ത്ത്‌ ക്ലിനിക്കില്‍ മകളെ കൊണ്ടുപോകാന്‍ അയാള്‍ തീരുമാനിച്ചു.

സാമുവേലച്ചന്‍ പറഞ്ഞപോലെ മുതിര്‍ന്ന സ്‌ത്രീ ആരാണുള്ളത്‌. ലീലയോ? വേണ്ട. അവര്‍ നാട്ടിലാകെ പറഞ്ഞു നടക്കും. അമ്മച്ചിയെ വിളിക്കാം. വയ്യാതെയാണെങ്കിലും അമ്മച്ചി വരും. ട്രീസ പ്രായപൂര്‍ത്തിയായപ്പോള്‍ പായസവും ഒരപ്പവുമുണ്ടാക്കി അമ്മച്ചി അയല്‍ക്കാരെയൊക്കെ അറിയിച്ചതോര്‍ത്തു. അന്ന്‌ അപ്പച്ചനുമുണ്ടായിരുന്നു. ട്രീസ പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ സമൃദ്ധിയില്‍ മയങ്ങിയാവണം ട്രീസ പത്തില്‍ തോറ്റത്‌. ഏതേത്‌ ആഘോഷങ്ങളുടെ വശ്യതയില്‍ ഭ്രമിച്ചാണ്‌ അവള്‍ ജീവിതത്തില്‍ തോറ്റത്‌? അമ്മച്ചിക്ക്‌ എപ്പോഴും കരഞ്ഞു പെറുക്കാന്‍ പഴയ ഓര്‍മ്മകളുടെ കുമ്പിളപ്പവുമായി ട്രീസ എത്താറുണ്ട്‌. അയാളും അമ്മച്ചിയും തനിച്ചാവുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍...

അപ്പച്ചന്റെ മരണശേഷം മൂത്തമകന്റെ ഭാര്യയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കും, പ്രായസംബന്ധിയായ കൈ-കാല്‍ വേദനകള്‍ക്കുമിടയില്‍, സീരിയല്‍ കഥാപാത്രങ്ങള്‍ക്ക്‌ നേരെ പ്രതിഷേധിച്ചും അവരെ ന്യായവിസ്‌താരം നടത്തിയും അമ്മച്ചിയങ്ങനെ കഴിയുന്നു. അമ്മച്ചി പിണക്കമായിരിക്കും. ഇതു കേട്ടാലെന്തായാലും അമ്മച്ചിക്ക്‌ സന്തോഷമാകും. വരാതിരിക്കില്ല. നെയ്യപ്പവും കുമ്പിളപ്പവുമായി അമ്മച്ചി വരും...

ഭക്ഷണശേഷം അടുത്തുതന്നെയുള്ള മെഡിക്കല്‍ഷോപ്പില്‍ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ നാപ്‌കിന്‍ വാങ്ങി വണ്ടിയിലെത്തിയപ്പോഴേക്കും നീതു ചോക്ലേറ്റ്‌ ബാര്‍ എടുത്ത്‌ ഒരു ചതുരക്കഷണം പൊട്ടിച്ചെടുത്ത്‌ ജോസിന്‌ നീട്ടി. നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ അവള്‍ ചോദിച്ചു.

'ആര്‍ യു ആന്‍ഗ്രി വിത്ത്‌ മമ്മീസ്‌ ചോക്ലേറ്റ്‌ ടൂ'?

'ങ്‌ഹും...' പരിഹാസച്ചിരി ജോസിന്റെ ചുണ്ടിലുണ്ടായിരുന്നു.

മാസാമാസമെത്തുന്ന ഗിഫ്‌റ്റ് ബോക്‌സില്‍ റ്റീന നിറച്ചുവിടുന്ന ഗാലക്‌സിയുടെയും പിക്‌-വണ്ണിന്റെയുമൊക്കെ ഗോളാകൃതിയും ചതുരാകൃതിയും സ്‌തൂപാകൃതിയുമൊക്കെയുള്ള മധുരക്കഷണങ്ങള്‍, ഓറഞ്ചിന്റെയും ലിച്ചിയുടെയും ടേസ്‌റ്റുകള്‍ക്കൊപ്പം റ്റീനയുടെ ടേസ്‌റ്റും അലിഞ്ഞിട്ടുണ്ടോ എന്ന്‌ തോന്നുന്ന പല ഫ്‌ളേവറുകളിലുള്ള ച്യൂയിങ്‌ഗങ്ങള്‍, ഒരു പ്രത്യേക തരം ചോക്ലേറ്റ്‌ 'ടേസ്‌റ്റ് ഓഫ്‌ മദര്‍ മില്‍ക്ക്‌' എന്ന പേരില്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രത്യേക ചേരുവകള്‍ നിറച്ച്‌ ..... കുഞ്ഞുന്നാള്‍ മുതലേ അമ്മയുടെ പാല്‍മണം പേറിയെത്തുന്ന അത്തരം ചോക്ലേറ്റുകള്‍ക്ക്‌ അഡിക്‌ടായി മാറിയ നീതു.

യൂണിഫോമിന്റെ ഇറുക്കത്തെ തോല്‍പ്പിച്ച്‌ നീതുവിന്റെ ശരീരത്തില്‍ നിന്ന്‌ പുറത്തുചാടാന്‍ വെമ്പുന്ന അവയവത്തുണ്ടുകള്‍, പല ജ്യാമിതീയ രൂപങ്ങള്‍ പേറുന്ന ചോക്ലേറ്റ്‌ കഷണങ്ങളായി തോന്നി ജോസിന്‌..

വണ്ടി മുറ്റത്തെത്തിയ ശബ്‌ദംകേട്ട്‌, വാതില്‍ തുറന്ന്‌ നീതുവിന്റെ ബാഗും വാങ്ങി ലീല വീര്‍പ്പിച്ച മുഖവുമായി നിന്നു. താമസിച്ചത്‌ വിളിച്ചുപറയാത്തതിലുള്ള നീരസമാണ്‌. ഷൂ മാത്രം ഊരിയെറിഞ്ഞ്‌ ലീലയ്‌ക്കൊപ്പം നടക്കുമ്പോള്‍, നീതു തിരിഞ്ഞുനോക്കി കണ്ണടച്ചു കാണിച്ചു.

ജോസ്‌് നെറ്റില്‍ വിക്കിപീഡിയയില്‍ നിന്ന്‌ ഒബ്‌സിറ്റിയെക്കുറിച്ച്‌ വായിച്ചെടുത്തു. മ്പ്വനുന്ഥദ്ധന്ധത്ന ദ്ധന്ഥ ന്റ ണ്ഡനുദ്ധ്ര്യന്റ ്യഗ്നദ്ധ്രന്ധദ്ധഗ്ന ദ്ധ ന്ദദ്ധ്യ നുറ്റ്യനുന്ഥന്ഥ ്വഗ്നത്ന്ര ക്ഷന്റന്ധ ന്റന്ഥ ന്റ്യ്യഗ്മണ്ഡഗ്മന്റന്ധനു ്രന്ധഗ്ന ന്ധനു നുറ്റന്ധനുന്ധ ന്ധന്റന്ധ ദ്ധന്ധ ണ്ഡന്റത്ന ന്റത്മനു ന്റ ന്റത്മ്രനുത്സന്ഥനു നുക്ഷക്ഷനു്യന്ധ ഗ്ന നുന്റന്ധ, നുന്റദ്ധ്രദ്ദ ന്ധഗ്ന ത്സനുഗ്മ്ര്യനു ്രദ്ധക്ഷനു നുറ്റണ്മനു്യന്ധന്റ്യത്ന. ദ്ധന്ധ ദ്ധന്ഥ നു്രക്ഷദ്ധനു ്ര്വത്ന ്വഗ്നത്ന്ര ണ്ഡന്റന്ഥന്ഥ ദ്ധനു്രറ്റ (പ്പങ്ങണ്ട) ന്റ.്ര.... ചൈല്‍ഡ്‌ ഹുഡ്‌ ഒബ്‌സിറ്റിയെക്കുറിച്ചും ഡൗണ്‍ലോഡ്‌ ചെയ്‌തതിനുശേഷം രണ്ടു ഫയലുകളും സേവ്‌ ചെയ്‌തു. നീതുവിന്റെ ബി.എം.ഐ ക്ലാസ്‌-3 ഒബ്‌സിറ്റിയിലാണല്ലോ വരുകയെന്ന്‌ വിഷമത്തോടെ ഓര്‍ത്തു.

മനസിന്റെ ഇളക്കങ്ങളെ സാന്ത്വനിപ്പിക്കാന്‍ ജോസ്‌ പീറ്റര്‍സ്‌കോട്ടിന്റെ മൂടി തുറന്നു. ഫ്രിഡ്‌ജ് തുറന്ന്‌ ഐസ്‌ക്യൂബ്‌സിന്‌ തിരയുമ്പോള്‍ ചോക്ലേറ്റ്‌ പൊതിഞ്ഞ പിസ്‌റ്റ ഫ്‌ളേവര്‍ ഐസ്‌ക്രീമിന്റെ ഫാമിലി പായ്‌ക്കറ്റ്‌. മുഴുവനായും വേസ്‌റ്റ് ബക്കറ്റിലിട്ടു. നീതു കരഞ്ഞേക്കും. സാരമില്ല, ഫ്രിഡ്‌ജ് ഡോറില്‍ ട്രോപ്പിക്കാനയുടെ ആപ്പിളിന്റെയും സ്‌ട്രോബറിയുടെയും ഫ്‌ളേവറുകളില്‍ മധുരച്ചാറുകള്‍ നിറച്ച കുപ്പികള്‍. ഇനി ഇത്തരം സാധനങ്ങള്‍ വാങ്ങേണ്ടായെന്ന്‌ അയാള്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു.

മേശപ്പുറത്ത്‌ ലീല അടച്ചുവെച്ച ഭക്ഷണം എന്താണെന്ന്‌ നോക്കിയില്ല. വൃത്തിയില്ലാതെ എല്ലാം വാരിവലിച്ച്‌ വച്ചിരിക്കുന്നു. ദേഷ്യത്തോടെ അവരെ വിളിച്ചുവെങ്കിലും പ്രതികരണമില്ലാതെയായപ്പോള്‍ അവര്‍ കിടന്നുകഴിഞ്ഞുവെന്ന്‌ മനസിലായി. റ്റീനയുടെ നിര്‍ദ്ദേശമാവും. അതോ അവളുടെ ഭയമോ? ഭയക്കുന്നതും നല്ലതാണ്‌് ലഹരിയുടെ ആവേശവും റ്റീനയോടുള്ള വിരക്‌തിയുണര്‍ത്തുന്ന ആവേഗവും ഒന്നിച്ചുണര്‍ത്തുന്ന വികാരങ്ങളെ, സാന്ദ്രയുടെയോ, അനിതാവിശ്വനാഥിന്റെയോ ഓര്‍മ്മകള്‍ ത്രസിപ്പിക്കുമ്പോള്‍ മധ്യവയസിന്റെ അങ്ങേ അറ്റത്തെത്തി നില്‍ക്കുന്ന അവരുടെ അടഞ്ഞവാതിലില്‍ മുട്ടണമെന്ന്‌ പലതവണ ആഗ്രഹിച്ചിട്ടില്ലേ? മകളുടെ സാമീപ്യം അദൃശ്യശക്‌തിയായി അതില്‍നിന്ന്‌ അകറ്റി നിര്‍ത്തിയിട്ടില്ലേ? ലഹരിയുടെ തരംഗങ്ങള്‍ പൊടുന്നനെ ജോസിന്റെ മകളോടുള്ള സ്‌നേഹത്തെ ഊര്‍ജസ്വലമാക്കി. അയാള്‍ നീതുവിന്റെ മുറിയിലെത്തി.

'നീതു...' ജോസ്‌ വിളിച്ചു. 'കമോണ്‍ ലെറ്റ്‌ അസ്‌ ഹാവ്‌ ഡിന്നര്‍' ബാര്‍ബിഡോളുകള്‍ക്കിടയില്‍ തടിച്ച ഒരു ബാര്‍ബിഡോളായി സ്വപ്‌നത്തില്‍ ചാറ്റുചെയ്യുന്ന ഭാവത്തില്‍ നീതു.

'നോ ഡാഡി. ഐ ആം ഫീലിംഗ്‌ സ്ലീപ്പി. ഐ ജസ്‌റ്റ് ഹാഡ്‌ ബൂസ്‌റ്റ്'.

അവളെ നിര്‍ബന്ധിക്കണ്ടായെന്ന്‌ ജോസ്‌ കരുതി. മിക്കി മൗസും ടെഡിബയറും പല നിറത്തിലും രൂപത്തിലും അലങ്കരിച്ച നീതുവിന്റെ അച്ചടക്കമില്ലാത്ത മുറി...

നീതുവിന്റെ കഴിഞ്ഞ ജന്മദിനത്തിന്‌ റ്റീന അയച്ച കരയാനും ചിരിക്കാനും കഴിവുള്ള ബാര്‍ബിഡോളില്‍ അയാള്‍ അലാറം ബട്ടണ്‍ സെറ്റുചെയ്‌തു. മകള്‍ക്ക്‌ വലിയ ഇഷ്‌ടമാണ്‌. 'ചിന്നു' എന്ന ആ പാവക്കുട്ടിയെ.

നീതുമോള്‍ ഗുഡ്‌നൈറ്റ്‌ പറഞ്ഞപ്പോഴേക്കും മൊബൈല്‍ ചിലച്ചു. റ്റീന. ഫോണ്‍ ഉടന്‍ നീതുവിന്‌ കൈമാറി. ഈയാഴ്‌ച നൈറ്റ്‌ഡ്യൂട്ടിയായതിനാല്‍ ഈ സമയത്ത്‌ വിളിയില്ലാത്തതാണ്‌. ഇന്നെന്താ എന്ന്‌ വിസ്‌മയിച്ചു നില്‍ക്കുമ്പോള്‍, റ്റീന ഫോണിലൂടെ നല്‍കുന്ന എസ്‌.എം.എസ്‌. സ്‌നേഹത്തിന്റെ മെസേജ്‌ ഡെലിവര്‍ ടോണ്‍ പോലെ നീതുവിന്റെ കൊഞ്ചിയുള്ള മൂളലുകളും ശബ്‌ദങ്ങളും... മകള്‍ ഉറക്കച്ചടവിലാണെന്ന്‌ തോന്നി....

നീതുവിന്റെ കമ്പ്യൂട്ടര്‍ ഗെയിം ഓഫാക്കുന്ന സംഗീതത്തിന്റെ ഇടര്‍ച്ചയില്‍ അവള്‍ റ്റീനയോട്‌ പറയുന്നതൊന്നും വ്യക്‌തമായില്ല. ഇടയ്‌ക്ക് ബ്ലഡ്‌ എന്നും പെയിന്‍ എന്നുമൊക്കെ പറയുന്നത്‌ കേട്ടു.

റ്റീനയ്‌ക്ക് വിഷമമായിരിക്കാണുമോ? നീതുവിന്‌ നഷ്‌ടമാകുന്ന ശൈശവ-ബാല്യകാലവാല്‍സല്യത്തിന്റെ പേരിലായിരുന്നു ആദ്യം റ്റീനയെ എതിര്‍ത്തത്‌. അവള്‍ തിരിച്ചുവന്നില്ല. ഇനി...? ഗാലക്‌സിയുടെയും പിക്‌വണ്ണിന്റെയുമൊക്കെ ചോക്ലേറ്റ്‌ വാത്സല്യം, ബാര്‍ബിഡോള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന നീതുവിന്‌ എത്രകാലം സഹിക്കാനാവും.

കുറച്ചുകാലമായി നീതു മൊബൈലും പിടിച്ച്‌ അനങ്ങാതെ നില്‍ക്കുന്നു. റ്റീന എന്തൊക്കെയോ നിര്‍ദ്ദേശങ്ങളോ ഉപദേശങ്ങളോ ഫോണ്‍വഴി നീതുവിന്‌ പകര്‍ന്നുകൊടുക്കുകയാവും.

അത്തരം സന്ദര്‍ഭങ്ങളിലാണ്‌ മകള്‍ ഒരു പാവക്കുട്ടിയെപ്പോലെ ഭാവരഹിതയായി നില്‍ക്കാറ്‌. ഒടുവില്‍ മമ്മിക്കെന്തോ പറയാനുണ്ടെന്നുപറഞ്ഞ്‌ നീതു ഫോണ്‍നീട്ടി.

മകളിലൂടെ മാത്രമാണ്‌ രണ്ടുപേരും സംസാരിക്കുന്നത്‌. അവളിലൂടെ പറയാനുള്ളത്‌ പറയുന്നു. കേള്‍ക്കാനുള്ളത്‌ കേള്‍ക്കുന്നു.

താല്‍പര്യമില്ലാതെ ജോസ്‌ ഒരു തണുത്ത ഹലോ മൂളി. 'ജോസ്‌, ഞാനെന്താണീ കേള്‍ക്കുന്നത്‌. നാട്ടിലെ ഇത്തരം കഥകളൊക്കെ പല വഴിക്കും ഞാനറിയുന്നുണ്ട്‌് നീയെന്താ എന്റെ മോളോട്‌ ചെയ്‌തത്‌ ജോസ്‌?' - ദേഷ്യത്തോടെ റ്റീന പുലമ്പുന്നു.

'വാട്ട്‌ യു മീന്‍?'

'ഐ മീന്‍ വാട്ട്‌ ഐ സഡ്‌. നീയെന്റെ മോളെ...'

തേങ്ങുംപോലെ റ്റീന.

'യു ബ്ലഡി ബിച്ച്‌.....' അലറിക്കൊണ്ട്‌ ജോസ്‌ ഫോണ്‍ വലിച്ചെറിഞ്ഞു. ജോസിന്റെ ഭാവമാറ്റം കണ്ട്‌ പകച്ചുനിന്ന നീതുവിനെ നെഞ്ചോടമര്‍ത്തിപ്പിടിച്ച്‌, ജോസ്‌ ഉച്ചത്തില്‍ കരഞ്ഞു. പിതൃത്വത്തിന്റെ സകല പരിശുദ്ധിയുടേയും വേദന പേറി അയാള്‍ വിളിച്ചു.

'മോളേ..... എന്റെ പൊന്നുമോളേ......'

ജെ. അനില്‍കുമാര്‍

No comments:

Post a Comment