| ചൈന @ 60 | ||
അറബിക്കഥ എന്ന സിനിമയിലെ വിപ്ലവനായകന്‍ 'ക്യൂബാ മുകുന്ദന്‍' ഇപ്പോള്‍ ചൈനയിലെത്തിയാല്‍ ഹൃദയംപൊട്ടി മരിക്കും. അതാണിപ്പോള്‍ ചൈന. അമേരിക്കയാകാന്‍ കൊതിക്കുകയും കുതിക്കുകയും ചെയ്യുന്ന 'സഖാക്കളു'ടെ നാട്. ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി മുമ്പ് പറയുമായിരുന്നു... ചൈനയെ കണ്ടു പഠിക്ക്. ഇപ്പോള്‍ ലോകം മുഴുവന്‍ പറയുന്നു, ഇവിടത്തെ കമ്യൂണിസ്‌റ്റുകാരോടും 'ചൈനയെ കണ്ടു പഠിക്ക്'... സൈക്കിളും റേഡിയോയും അമൂല്യനിധിയായി കൊണ്ടുനടക്കുകയും സ്വന്തമാക്കുകയും ചെയ്‌ത ചൈനക്കാര്‍ക്ക് ഇന്നു വിലപ്പെട്ടത് ഫാസ്‌റ്റ്ഫുഡും ആഡംബരക്കാറും മണിമാളികയും... അറുപതു വയസു തികയുന്ന ചൈനയില്‍ മാറ്റങ്ങളുടെ വേലിയേറ്റം. നാട്ടിലെ ചൈനീസ് മാര്‍ക്കറ്റില്‍ എന്തും കിട്ടും. വേണ്ട സാധനങ്ങള്‍ തെരഞ്ഞെടുക്കലാണു വിഷമം... ആഡംബരത്തിനു പിന്നാലെ പായുന്ന മലയാളിയുടെ സൂത്രവാക്യം. അതുപോലെ തന്നെയാണു ചൈനയിലെ മാര്‍ക്കറ്റുകളും. എന്തും കിട്ടും. പഴയ ചൈനയൊന്നുമല്ല. ചെങ്കൊടി പാറുന്ന ചൈനയില്‍ ഇപ്പോള്‍ വിപ്ലവമോ സമത്വമോ ഒന്നുമല്ല വാര്‍ത്തയും പാഠവും. അതിവേഗപാതകളും ലക്ഷ്വറി ജീവിതസൗകര്യങ്ങളും സമ്പന്നതയുടെ പൂക്കാലവുമാണ് പുതിയ ചീനക്കാഴ്‌ചകള്‍. ജനസംഖ്യയില്‍ റെക്കോഡിട്ട ചൈനയ്‌ക്ക് ഇനി ലക്ഷ്യം അമേരിക്കതന്നെ. അമേരിക്കയാകാന്‍ വളരുകയാണു ചൈന എന്നുറപ്പിച്ചു പറയുന്നവരുമേറെ. ടിയാനന്‍മെന്‍ സ്‌ക്വയറിനു ശേഷമുള്ള ചൈനയുടെ യുവത്വം പുതുജീവിതത്തിന്റെ ചടുല താളമേറ്റുവാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് അമേരിക്ക കാണണമെങ്കില്‍ ചൈനയിലേക്കു വിമാനം കയറേണ്ടിവരും. അതാണിപ്പോഴത്തെ അവസ്‌ഥ. ചൈന ബ്രാന്‍ഡഡ് ആയിക്കഴിഞ്ഞിരിക്കുന്നു. നാല്‍പതു വര്‍ഷം മുമ്പ് സര്‍വരും തുല്യരായിരുന്ന ചൈനയുടെ മനസ് കൊതിച്ചിരുന്ന നാലു വിലപ്പെട്ട സാധനങ്ങളുണ്ടായിരുന്നു. സൈക്കിള്‍, റേഡിയോ, തയ്യല്‍ മെഷീന്‍, വാച്ച്... വയസ് അറുപതു പിന്നിടുമ്പോള്‍ ചൈനയുടെ മനസില്‍ നിറയുന്ന നാലു മോഹനസ്വപ്‌നങ്ങള്‍ ഇവ... വീട്, കാര്‍ (ബി.എം.ഡബ്ല്യൂവിനു പ്രിയം), മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്. ചൈനയിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷാങ്‌ഹായിലെ യുവാക്കളില്‍ മൂന്നില്‍ രണ്ടുപേരും ബ്ലോഗെഴുത്തുകാരാണെന്നു അടുത്തകാലത്തു നടത്തിയ ഒരു പഠന റിപ്പോര്‍ട്ട്. ഈ മാറ്റങ്ങളെല്ലാം ഇരുപതു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. സാമൂഹിക വിപ്ലവത്തിന്റെയും സാംസ്‌കാരിക വിപ്ലവത്തിന്റെയും പിന്നാലെ സാമ്പത്തിക രംഗത്തു വെന്‍ജിയാബാവോ വരെയെത്തുന്ന ചൈനീസ് ഭരണാധികാരിളുടെ വിശാലവീക്ഷണം ഒരു ദേശത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കാനാവും എന്നതിന്റെ മികച്ച തെളിവായിമാറുന്ന കാഴ്‌ചയാണിത്. ഇറക്കുമതി ചെയ്യാന്‍ ആഡംബരം സ്വന്തം നാട്ടിലെ ജീവിത സാഹചര്യങ്ങളില്‍, എല്ലാം എല്ലാവരും വീതിച്ചെടുത്ത മഹത്തായ ചൈനയില്‍ ഇന്നു കയറ്റുമതി ചെയ്യുന്നതു സൂര്യനു കീഴിലുള്ള എല്ലാക്കാര്യങ്ങളും... മസ്‌തിഷ്‌കമടക്കം. ഇറക്കുമതി ചെയ്യുന്നതാകട്ടെ പാശ്‌ചാത്യലോകങ്ങളുടെ മിന്നിത്തിളങ്ങുന്ന പുതുമനിറഞ്ഞ ആഡംബരവും. പാശ്‌ചാത്യരാജ്യങ്ങളില്‍നിന്നുള്ള ഫാഷന്റെ വിലപിടിപ്പുള്ള വിപണിയാണു ചൈന. വിദേശ സെലിബ്രിറ്റികള്‍ക്കു ചൈനയില്‍ വന്‍ ഡിമാന്‍ഡ്. വീട്ടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും യുറോപ്പിന്റെയും അമേരിക്കയുടെയും ഛായയും. സ്‌റ്റീലിലുള്ള അടുക്കളകളും അത്യന്താധുനിക ബാത്ത് റൂമുകളും ചൈനയുടെ വീട്ടകങ്ങളുടെ രൂപം തന്നെ മാറ്റിയിരിക്കുന്നു. ചൈനീസ് ശില്‍പഭംഗിയും ആര്‍കിടെക്‌ചറും വരെ യൂറോപ്യന്‍ രീതികള്‍ക്കു വഴിമാറുന്നതായാണു അറുപതാം പിറന്നാള്‍ക്കാലത്തു ചൈനയില്‍ കാണുന്നത്. അമേരിക്കയിലെ മാസച്യൂസെറ്റ്‌സ് ആസ്‌ഥാനമായ നോര്‍മന്‍ ഫോസ്‌റ്റര്‍ രൂപകല്‍പന ചെയ്‌ത ബീജിംഗിലെ വിമാനത്താവളം. രണ്ടു മൈലാണ് ഈ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ നീളം. സ്വിസില്‍നിന്നുള്ള ഹെര്‍സോഗ് ആന്‍ഡ് ഡി മ്യൂറന്‍ രൂപകല്‍പന ചെയ്‌ത ഒളിംപിക് സ്‌റ്റേഡിയമാണു മറ്റൊന്ന്. ഡച്ച് രീതിയില്‍ റെം കൂള്‍ഹാസാണ് ചൈനാ ടിവിയുടെ മന്ദിരം രൂപകല്‍പന ചെയ്‌തത്. ഇതു തന്നെയാണു ചൈനയുടെ ഏതാണു മുഴുവന്‍ ഭാഗങ്ങളും പങ്കുവയ്‌ക്കുന്ന പുതുമയുടെ വര്‍ത്തമാനം. കടല്‍കടന്നെത്തുന്ന ആഡംബരത്തെ എന്തുവിലകൊടുത്തും സ്വന്തമാക്കാനുള്ള ചീനമനസ് സാമ്പത്തിക ശക്‌തിയിലേക്കുള്ള കുതിപ്പില്‍ കൈത്താങ്ങാകുമെന്നാണു വിദഗ്‌ധര്‍ ഇപ്പോള്‍ കരുതുന്നത്. മൂന്നു പ്രദേശങ്ങള്‍... ചൈനയുടെ വന്‍മരങ്ങള്‍ ഷെന്‍സെന്‍, ഹോങ്‌കോങ്, ഹാങ്‌ഹായ്... ഇവയാണു ചൈനയുടെ വന്‍മരങ്ങള്‍. പടിഞ്ഞാറുനിന്നു കടല്‍കടന്നു ചൈനയിലേക്കുള്ള വഴികള്‍ തുറന്നതു ഷെന്‍സെന്നിലെ പ്രത്യേക സാമ്പത്തികമേഖലയയാണ്. പടിഞ്ഞാറുനിന്നുള്ളവര്‍ക്ക് നിക്ഷേപത്തിനും ചൈനയുടെ വളര്‍ച്ചയ്‌ക്കും ഒരുപോലെ വിത്തും വളവുമായ നഗരം. കമ്യൂണിസ്‌റ്റ് രീതിതന്നെ പിന്തുടരുന്ന ഭരണാധികാരികള്‍ ആവശ്യമായ രീതിയില്‍ വെള്ളമൊഴിച്ചും കൊടുത്തു. ഗോംഗ്‌ഡോംഗ് പ്രവിശ്യയിലെ ഈ നഗരം അതിവേഗമാണു ചൈനയുടെ വ്യാവസായിക തലസ്‌ഥാനമായി വളര്‍ന്നത്. 1970 വരെ തീരെച്ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു ഷെന്‍സെന്‍. പണമൊഴുകും വഴികളുടെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കുറച്ചപ്പോള്‍ ഷെന്‍സെന്‍ വളര്‍ന്നു. വിദേശത്തുനിന്നു ഡോളറും പൗണ്ടും ഷെന്‍സെന്റെ വഴികള്‍ക്ക് നാഗരികമുഖം നല്‍കി. നഗരം വളര്‍ന്നും. ഇന്നു ചൈനയുടെ നട്ടെല്ലാണു ഷെന്‍സെന്‍. 2020-ല്‍ ലോകത്തെ വന്‍ ശക്‌തിയാകുമെന്നു ചൈന മാറുവിരിച്ചു പറയുമ്പോള്‍ അവരുടെ മനസില്‍ നിറയെ ഷെന്‍സെന്‍ നല്‍കുന്ന പ്രതീക്ഷകളാണ്. ചൈനയിലെ വന്‍കിടകമ്പനികളുടെയെല്ലാം ആസ്‌ഥാനം ഷെന്‍സെന്നിലുണ്ട്. നിക്ഷേപം നടത്താന്‍ സായിപ്പുമാര്‍ ഷെന്‍സെന്നില്‍ ഇപ്പോഴും ക്യൂ നില്‍ക്കുന്നു. മുപ്പതുവര്‍ഷം കൊണ്ടു ഷെന്‍സെന്‍ വളര്‍ന്നപ്പോള്‍ ചൈനയിലെ വലിയ രണ്ടാമത്തെ തുറമുഖനഗരവുമായി ഇത്. ജനകീയ ചൈനാ റിപബ്ലിക്കിലെ സ്വയംഭരണാവകാശമുള്ള ഹോംഗ്‌കോങ് ലോകത്തെ ബിസിനസുകാരെയൊന്നടങ്കം ആകര്‍ഷിച്ചപ്പോള്‍ ചൈനയുടെ വളര്‍ച്ചയ്‌ക്കു തണലേകിയ മറ്റൊരു വന്‍മരമാണു പന്തലിച്ചത്. സ്വന്തം നിയമവ്യവസ്‌ഥയും നാണയവുമൊക്കെയായ് ഹോങ്‌കോംഗ് മുന്നേറുന്നു. ചൈനയുടെ കുതിപ്പിനൊപ്പം. മറ്റൊരു വന്‍മരമായതു ഷാംഗ്‌ഹായ്. സമാന്തര തലസ്‌ഥാനമെന്ന നിലയില്‍ കുതിക്കുന്ന ഈ നഗരവും വിദേശനിക്ഷേപത്തിന്റെ കളിത്തൊട്ടിലാണ്. സാമ്പത്തിക ഉദാരവല്‍കരണം തുറന്നുകൊടുത്ത വഴികള്‍ 1990നുശേഷമാണു ഷാംഗ്‌ഹായ്‌ക്ക് വിശാലമായ ആകാശം തുറന്നുകൊടുത്തത്. ഏറ്റവും വലിയ ചൈനീസ് നഗരവുമായി. നിര്‍മാണങ്ങളിലൂടെ കോണ്‍ക്രീറ്റ് വനമാകുന്ന ബീജിംഗും കൂടിയാകുമ്പോള്‍ ചൈനയുടെ വളര്‍ച്ചയുടെ ഹ്രസ്വചിത്രമാകും. ചൈനയുടെ പവര്‍ഹൗസ് എന്നറിയപ്പെടുമ്പോഴും വികസനത്തിന്റെ താളുകളില്‍ ബീജിംഗിന്റെ മുന്നേറ്റത്തിന്റെ വേഗതയും ഒട്ടും സാവധാനമല്ല. ബീജിംഗിന്റെ അധികാരക്കൈകള്‍ ചൈനയുടെ എല്ലാ വന്‍മരങ്ങളെയും നിയന്ത്രിക്കുമ്പോള്‍ കുതിപ്പിന്റെ പവര്‍ഹൗസ് എന്നല്ലാതെ ബീജിംഗിനെ എന്തുവിളിക്കാന്‍. ഡിസൈനിംഗ് ചൈന ഇരുപതു വര്‍ഷം മുമ്പ് ചൈനയ്‌ക്ക് ഡിസൈനര്‍ എന്ന വാക്കുപോലും അപരിചിതമായിരുന്നു. ഫാഷനും. 1992-ല്‍ ചൈനയുടെ വിപണി ലോകത്തിനു തുറന്നുകൊടുത്തപ്പോള്‍ ആരും കരുതിയില്ല, 17 വര്‍ഷം കൊണ്ടു നാലു ദശാബ്‌ദത്തിന്റെ വളര്‍ച്ച ഈ വിപണി കൈവരിക്കുമെന്ന്. ചൈനീസ് സങ്കല്‍പത്തില്‍തന്നെ ഇല്ലാതിരുന്ന 'സംഭവ'ങ്ങള്‍ ഈ വിപണി സ്വന്തമാക്കി. വാസ്‌തുവിദ്യ, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, ഇന്റീരിയര്‍ ഡെക്കറേഷന്‍ എന്നുവേണ്ട നിത്യ ജീവിതവുമായി ബന്ധപ്പെട്ട എന്തിനും ഇന്നു ചൈനയുടെ സ്വന്തം ബ്രാന്‍ഡുണ്ട്. പത്തുകോടി ജനങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ചൈനയുടെ നഗരങ്ങളിലേക്കു കുടിയേറിയത്. സൈക്കിളും റേഡിയോയും നെഞ്ചേറ്റിയവര്‍ ഇന്നു ബ്ലാക്ക് ബെറിയും ബി.എം.ഡബ്ല്യുവും സ്വന്തമാക്കിയത് ഈ കുറഞ്ഞ കാലയളവിലാണെന്നതു മാത്രം മതി വളര്‍ച്ചയുടെ വേഗമറിയാന്‍. ഇന്‍ ദ മൂഡ് ഫോര്‍ ലവ് പോലുള്ള സിനിമകള്‍ ചൈനക്കാര്‍ക്കു ദൃശ്യങ്ങളുടെയും ഫാഷന്റെയും പുതിയ സമ്മാനിച്ചു. പോപ്പ് സംഗീതവും സംഗീതനിശകളും ചൈനയില്‍ പതിവായി. 2004, 2005, 2006 വര്‍ഷങ്ങളില്‍ ഹുനാന്‍ സാറ്റലൈറ്റ് ടെലിവിഷനാണു പുതുമയാര്‍ന്ന സൂപ്പര്‍ ഗേള്‍ എന്ന സംഗീത മത്സരത്തിനു തുടക്കം കുറിച്ചത്. റിയാലിറ്റി ഷോ പ്രശസ്‌തമാകും മുമ്പു തന്നെ ചൈനക്കാര്‍ ഈ പരിപാടിയെ സഹര്‍ഷം സ്വീകരിച്ചു. ചൈനീസ് സംഗീതത്തിന്റെ പുതുതലമുറയെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക പങ്കുവഹിച്ച സൂപ്പര്‍ ഗേളിന്റെ വരവ് ചൈനീസ് സര്‍ക്കാര്‍ ടിവിയുടെ കുത്തകയ്‌ക്കാണ് അന്ത്യം കുറിച്ചത്. പരിപാടി സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ ഉണ്ടാക്കുമെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിച്ചെങ്കിലും വിലപ്പോയില്ല. 95.75 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വരുമാനമാണു 2005ലെ സൂപ്പര്‍ ഗേള്‍ ഫൈനല്‍ വാരിക്കൂട്ടിയത്. 2006-ല്‍ അത് ഇരട്ടി കവിഞ്ഞു. ഈവര്‍ഷം ഹാപ്പി ഗേള്‍ എന്ന പേരില്‍ പരിപാടി പുനരാരംഭിച്ചിരിക്കുകയാണ്. രുചിയേറും ഭക്ഷണശാലകള്‍ തുറന്ന വിപണി ചൈനയുടെ ഭക്ഷണശീലങ്ങളെ പാടേ അട്ടിമറിച്ചു. വിശാലമായ ഭൂപ്രദേശത്ത് ഓരോയിടത്തിനും അവരുടേതായ തനിമയാര്‍ന്ന ഭക്ഷണവും ശീലങ്ങളുമുണ്ടായിരുന്ന ചൈനയിലേക്കു കോളയും ഫാസ്‌റ്റ്ഫുഡും കടന്നുവന്നത് വഴിവച്ചത് പുതിയ തലമുറയുടെ ഭക്ഷണശീലങ്ങള്‍ക്ക് പുതിയ രുചി പകര്‍ന്നു. ഈ പുതിയ ഭക്ഷണശീലങ്ങളുടെ ചൈനീസ് ചരിത്രത്തില്‍ കെന്റക്കി ഫ്രൈഡ് ചിക്കന്‍(കെ.എഫ്.സി) എന്ന ആഗോള ഭക്ഷണ ഭീമന്‍ കുറിച്ചിട്ട ദിവസമാണ് 1987 നവംബര്‍ 12. ഒരു വ്യാഴവട്ടംമുമ്പ് ഹോംഗ്‌കോങില്‍നിന്നു പരാജയത്തോടെ ചൈനീസ് മണ്ണിനോടു വിടപറഞ്ഞ കെ.എഫ്.സി. മടങ്ങിയെത്തി. ടിയാനന്‍മെന്‍ ചത്വരത്തില്‍നിന്ന് വെറും അഞ്ചുമിനുട്ടുകൊണ്ടു നടന്നെത്താവുന്ന ഖ്വിയാന്‍മെന്നില്‍ 1100 ചതുരശ്ര മീറ്ററില്‍ മൂന്നു നിലകളിലായി കെ.എഫ്.സിക്കു നാന്ദികുറിച്ച നാളുകള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോഴും ബീജിംഗുകാര്‍ക്കു നാവില്‍ വെള്ളമൂറും. ലോകത്തില്‍ വച്ചുതന്നെ ഏറ്റവും വലിയ കെ.എഫ്.സി. സ്‌റ്റോര്‍ ബീജിംഗിലാണെന്നതും ശ്രദ്ധേയം. കെ.എഫ്.സിയുടെ ആഗമനം കഴിഞ്ഞു മൂന്നു വര്‍ഷം കഴിഞ്ഞാണു ലോകോത്തര ഭക്ഷ്യ ശൃംഖലയായ മക് ഡൊണാള്‍ഡിന്റെ ചീനാപ്രവേശം. പടിഞ്ഞാറന്‍ നാടുകളെ അടുത്തറിയാന്‍ തുടങ്ങിയ നാളുകളിലാണ് ചൈനയില്‍ രുചിയേറും കമ്പനികളെത്തുന്നത്. 1992 ആയപ്പോഴേക്കും ചൈനയില്‍ കെ.എഫ്.സിക്ക് ഒമ്പതു സ്‌റ്റോറുകളായി. അഞ്ഞൂറ് ഇരിപ്പിടങ്ങളുമായാണ് മക്‌ഡൊണാള്‍ഡ് വ്യവസായ നഗരമായ ഷാന്‍സെന്നില്‍ സ്‌ഥാനമുറപ്പിച്ചത്. അതേവര്‍ഷം തന്നെ ബീജിംഗില്‍ പീസാ ഹട്ടും തുറന്നു. ഭക്ഷണശീലത്തോടൊപ്പം ആതിഥ്യമര്യാദയുടെ പടിഞ്ഞാറന്‍ പാഠങ്ങളും ഇതോടെ ചൈനക്കാര്‍ അറിഞ്ഞു. വാതില്‍പടിയില്‍നിന്ന് തീന്‍മേശയിലേക്കുള്ള ആനയിക്കലും സ്വസ്‌ഥമായ അന്തരീക്ഷത്തില്‍ സന്തോഷകരമായ നിറപ്പകിട്ടില്‍ ശാന്തമായ സംഗീതത്തിന്റെ താളത്തോടൊപ്പം ഒരു ഭക്ഷണം ചൈനക്കാരുടെ മനസിന് നവ്യാനുഭവമായി. വിവാഹങ്ങള്‍ ഇത്തരം ഹോട്ടലുകളില്‍ നടത്തുക എന്ന സംസ്‌കാരവും ഇതോടെ ചൈനക്കാര്‍ പഠിച്ചു. കോളകുടിക്കേണ്ടവര്‍ക്കു പ്രത്യേകം പാര്‍ലറുകളും ചൈനയില്‍ പലയിടത്തും തുറന്നു. അതിവേഗം ബഹുദൂരം... എല്ലാം എക്‌സ്പ്രസ് എക്‌സ്പ്രസ്‌വേകളുടെ നാടാണ് ചൈന. അതിവേഗം ബഹുദൂരം പിന്നിടുന്നതിന്റെ ഗുണങ്ങളും ത്രില്ലും എത്രയോ കാലം മുമ്പേ ചൈനക്കാര്‍ അറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ചൈനയില്‍ എക്‌സ്പ്രസ് വേകള്‍ക്ക് കാര്യമായ എതിര്‍പ്പുകളില്ല, അതു വികസനവിരുദ്ധവുമല്ല. 1988വരെ എക്‌സ്പ്രസ് വേ എന്ന വാക്ക് ചൈനയില്‍ കേട്ടുകേള്‍വിപോലുമില്ലായിരുന്നു. 2008 അവസാനമായപ്പോഴേക്ക് ചൈനയിലെ 60,300 കിലോമീറ്ററില്‍ എക്‌സ്പ്രസ് വേകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ചൈനയ്‌ക്കു മുന്നില്‍ അമേരിക്ക മാത്രം. 1993-ല്‍ വിരലിലെണ്ണാവുന്ന എക്‌സ്പ്രസ് വേകള്‍ മാത്രമായിരുന്നു ചൈനയില്‍. 2020നു മുമ്പ് 35,000 കിലോമീറ്റര്‍ നീളത്തില്‍ ട്രങ്ക് ഹൈവേയാണ് ഇപ്പോള്‍ ചൈനയുടെ സ്വപ്‌ന പദ്ധതി. 70 കിലോമീറ്റര്‍ വേഗമാണ് എക്‌സ്പ്രസ് വേകളില്‍ അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വേഗം. കൂടിയത് 130 കിലോമീറ്റര്‍ വരെ. അതിവേഗം ചൈന കുതിക്കുമ്പോള്‍ സാമ്പത്തികരംഗത്തിനു കൂടി കനപ്പെട്ട വരുമാനമുണ്ടാക്കിയാണു ചൈനയുടെ ഈ വേഗയാത്ര. വരുന്ന വര്‍ഷങ്ങളില്‍ ചൈന ലോകശക്‌തിയിലേക്കു കുതിച്ചോടുന്നത് ഈ എക്‌സ്പ്രസ് വേകളിലൂടെയാകും. അതിനേക്കാള്‍ വേഗമാണ് ചൈന സാങ്കേതികരംഗത്തു നടത്തുന്ന കുതിച്ചു ചാട്ടം. ലോകത്തെവിടെയും കുറഞ്ഞവിലയ്‌ക്കു ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ തന്നെ ഉദാഹരണം. അത്രവേഗമാണ് സാങ്കേതികരംഗത്തെ ചൈനയുടെ മുന്നേറ്റം. ഇനി ഒരു മറുപുറം വികസനത്തിന്റെ അധ്യായങ്ങള്‍ ലോകമറിയുമ്പോള്‍ ചൈനയ്‌ക്ക് ഒരു മറുപുറവുമുണ്ടെന്നു കാണാതെ വയ്യ. നഗരങ്ങള്‍ ആരെയും കൊതിപ്പിക്കുന്ന വേഗത്തില്‍ കുതിക്കുമ്പോള്‍ ഗ്രാമങ്ങള്‍ പറയുന്നതില്‍ ദൈന്യത്തിന്റെ കഥകളുമുണ്ട്. വികസനമെത്തുന്നതിനു മുമ്പത്തെ ചൈനയുടെ ചട്ടക്കൂടുകളില്‍തന്നെ ജീവിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അതെന്തൊക്കെത്തന്നെയായാലും, വിദ്യാഭ്യാസ രംഗത്തും സാങ്കേതികരംഗത്തും രാജ്യപുരോഗതിയിലും ചൈനയുടെ മുന്നേറ്റം അതിവേഗമാണ്. എക്‌സ്പ്രസ്‌വേ പോലെ... ഈ വികസനമാതൃകയെ ഇങ്ങനെ വിളിക്കാം... മെയ്‌ഡ് ഇന്‍ ചൈന. എന്‍.എം. ഉണ്ണികൃഷ്‌ണന്‍ | ||
Wednesday, October 21, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment