Wednesday, October 21, 2009

അതിജീവനത്തിനു പൊരുതുന്ന ദേശീയ ജലജീവി

മനുഷ്യനുമായി ചങ്ങാത്തം കൂടുന്ന അപൂര്‍വം ജലജീവികളിലൊന്നാണ്‌ ഡോള്‍ഫിന്‍. സര്‍ക്കസ്‌ കൂടാരങ്ങളിലെ ആനകളെപ്പോലെ ജലപ്പരപ്പിനു മീതേ ചാടിത്തുള്ളി, കുത്തിമറിഞ്ഞ്‌ സിംക്രണൈസ്‌ഡ് സ്വിമ്മിംഗ്‌ നടത്തുന്ന ഡോള്‍ഫിനുകളെ മലയാളി അല്‍ഭുതത്തോടെ ആദ്യം കണ്ടത്‌ കൃത്യം 30 വര്‍ഷം മുമ്പ്‌ ഏഴാം കടലിനക്കരെ എന്ന സിനിമയിലാണ്‌. അമേരിക്കയിലെ മീനുകള്‍ ഇതിലപ്പുറവും കാണിക്കുമെന്നാണ്‌ അന്ന്‌ പഴമക്കാര്‍ പറഞ്ഞത്‌.

പിന്നെ ദൂരദര്‍ശനിലെ കടലിനടിയിലെ അല്‍ഭുതങ്ങളില്‍ ഡോള്‍ഫിന്‍ പതിവുകാരനായി. ഡിസ്‌കവറിയും ആനിമല്‍ പ്ലാനറ്റുമൊക്കെ വന്നപ്പോള്‍ ഡോള്‍ഫിനേക്കാള്‍ വലിയ പുലികള്‍ കടലിലുണ്ടെന്നു കൊച്ചു കുട്ടികള്‍ക്കു പോലും ബോധ്യമായി. ആര്‍ക്കും ഒരു ശല്യവുമില്ലാതെ സ്വസ്‌ഥം ജീവിച്ചു പോന്നിരുന്ന ശുദ്ധജല ഡോള്‍ഫിനെ കഴിഞ്ഞയാഴ്‌ച്ച നാമെല്ലാം പത്രവാര്‍ത്തയാക്കി-ദേശീയ ജലജീവി എന്ന പദവി നല്‍കിക്കൊണ്ട്‌. ദേശീയ പക്ഷിയുടെയും ദേശീയ മൃഗത്തിന്റെയുമൊക്കെ കാര്യം തീരെ കഷ്‌ടമാണ്‌. സംരക്ഷിത കേന്ദ്രങ്ങളില്‍ പോലും കുറ്റിയറ്റുപോകുന്ന ഗതികേടാണ്‌ ദേശീയ മൃഗം കടുവയുടേത്‌. ദേശീയ പക്ഷിയായ മയിലാവട്ടെ ഓരോ ദിവസവും മനുഷ്യരുടെ കടന്നുകയറ്റത്തില്‍ ആവാസ സ്‌ഥാനം നഷ്‌ടപ്പെട്ട്‌ അഗതിയായിക്കൊണ്ടിരിക്കുകയാണ്‌.

ഏതാണ്ട്‌ ഇതേ അവസ്‌ഥ തന്നെയാണ്‌ ഡോള്‍ഫിനും. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ നദികളില്‍ വളരെയധികം ഉണ്ടായിരുന്ന ഡോള്‍ഫിനുകള്‍ ഇന്ന്‌ രാജ്യമൊട്ടാകെ രണ്ടായിരത്തിന്‌ ഇറ്റു മുകളിലെ കാണൂ. ദേശീയ പദവികിട്ടുന്നതിനൊപ്പം സംരക്ഷണവും കിട്ടുന്നില്ലെങ്കില്‍ അടുത്ത നൂറ്റാണ്ട്‌ പുലരുന്നതുകാണാന്‍ ഇന്ത്യന്‍ നദികളില്‍ ഡോള്‍ഫിനുകള്‍ ഉണ്ടാവില്ല.

മനുഷ്യന്റെ താളത്തിനു തുള്ളുന്ന കടല്‍ ഡോള്‍ഫിനുകളോട്‌ വ്യത്യസമാണ്‌ ബിഹാറില്‍ സൂസ്‌ എന്നറിയപ്പെടുന്ന ശുദ്ധജല ഡോള്‍ഫിനുകള്‍.നീളം രണ്ടുമുതല്‍ രണ്ടര മീറ്റര്‍ വരെ. നല്ല മിനുസമുള്ള പുറംചാരഛായ കലര്‍ന്ന കറുപ്പു നിറം നീണ്ട മൂക്കും ചുണ്ടും... ഇതാണ്‌ ശുദ്ധജല ഡോള്‍ഫിനുകളുടെ പുറം കാഴ്‌ച്ച. ബിഹാറില്‍ പട്‌ന മുതല്‍ ഭഗല്‍പുര്‍ വരെ ഗംഗാനദിയില്‍ കാണുന്ന ഈ ഇനത്തിനെ ഗംഗാ ഡോള്‍ഫിനെന്നും വിളിക്കും. ബ്രഹ്‌മപുത്രയിലും സിന്ധു നദിയിലും അതിന്റെ കൈവഴികളിലും കാണപ്പെടുന്ന സൂസ്‌ എന്ന ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയാക്കണമെന്ന്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറാണ്‌ ആദ്യം ആവശ്യപെട്ടത്‌. കേന്ദ്ര മന്ത്രി ജയ്‌റാം രമേശ്‌ അത്‌ അതിവേഗം സാധിച്ചെടുത്തു.

ഭഗല്‍പുരില്‍ ഗംഗാ ഡോള്‍ഫിന്‍ സാങ്ങ്‌ച്വറി സ്‌ഥാപിച്ചു കൊണ്ട്‌ 1991-ല്‍ ബിഹാര്‍ സര്‍ക്കാരാണ്‌ ആദ്യം ഡോള്‍ഫിനുകളെ സംരക്ഷണ വലയത്തിലാക്കിയത്‌. അനുദിനം ഡോള്‍ഫിനുകളുടെ എണ്ണം കുറഞ്ഞുവരുന്നതു കണ്ട്‌ സമരപാതയിലെത്തിയ പരിസ്‌ഥിതി പ്രവര്‍ത്തകരാണ്‌ സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചത്‌.

അയ്യോപാവമാണെങ്കിലും കാഴച്ചയിലെ വില്ലത്തമാണ്‌ ഇവയ്‌ക്കു വിനയായത്‌. നീണ്ട ചുണ്ട്‌ കാണുമ്പോള്‍ അത്‌ ആക്രമണകാരിയാണെന്നാണ്‌ ജനങ്ങളുടെ വിചാരം. ഇത്‌ അബദ്ധത്തില്‍ കുടുങ്ങിയാല്‍ തന്നെ മീന്‍പിടുത്തക്കാര്‍ കൊന്നുകളയുകയാണ്‌ പതിവ്‌. ഇതു കൂടാതെയാണ്‌ വേട്ടക്കാരുടെ ശല്യം. ഡോള്‍ഫിനുകളുടെ മാംസത്തില്‍ മെര്‍ക്കുറിയുടെ അളവ്‌ വളരെ കൂടുതലായതിനാല്‍ മനുഷ്യര്‍ക്കു കഴിക്കാനാവില്ല. എന്നാല്‍ ഇവയുടെ മാംസത്തില്‍ നിന്നുണ്ടാക്കുന്ന എണ്ണ മനുഷ്യശരീരത്തിലെ മുറിവുണക്കാന്‍ ഉപയോഗിക്കുന്നു. ലൈംഗിക ഉത്തേജന മരുന്നുണ്ടാക്കാമെന്ന ചിന്തയിലും ഇവയെ കൊന്നൊടുക്കുന്നുണ്ട്‌.

എന്നാല്‍, ഇവയെ ഇല്ലായ്‌മ ചെയ്യാനുള്ള നിരവധികാര്യങ്ങളാണ്‌ പരോക്ഷമായി മനുഷ്യന്‍ ചെയ്യുന്നത്‌. ഹിമാലയത്തില്‍ നിന്ന്‌ രണ്ടായിരം കിലോമീറ്ററോളം ഒഴുകിയാണ്‌ ഗംഗ ബിഹാറിലെത്തുന്നത്‌. ഇതിനിടയില്‍ മനുഷ്യന്‍ ഇടുന്ന മാലിന്യമെല്ലാം ഡോള്‍ഫിനുകളുടെ കുലം മുടിച്ചു. വിവിധ ഉത്സവങ്ങളോടനുബന്ധിച്ച്‌ ഗംഗയില്‍ നിമജ്‌ജനം ചെയ്യുന്ന ദേവരൂപങ്ങളെല്ലാം ഡോള്‍ഫിന്റെ ജീവിതത്തെയാണു ബാധിച്ചത്‌. നഗരമാലിന്യങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങളും വ്യാവസായിക മാലിന്യങ്ങളും ഡോള്‍ഫിനുകളുടെ ആവാസവ്യവസ്‌ഥ തകര്‍ത്തു. ഗംഗയില്‍ പണിതിരിക്കുന്ന അമ്പതിലധികം അണക്കെട്ടുകള്‍ ഡോള്‍ഫിനെ വംശീയമായി ഛിന്നഭിന്നമാക്കിയതാണ്‌ അവയുടെ വംശമറ്റുപോകാനുണ്ടായ പ്രധാന കാരണം.

ദേശീയ ജലജീവിയെന്ന ലേബലായതോടെ ബിഹാറില്‍ ഡോള്‍ഫിന്‍ വേട്ടക്കാരെ തേടി പോലീസ്‌ ഇറങ്ങിയിട്ടുണ്ട്‌. ഗംഗാ ഡോള്‍ഫിനുകളെക്കുറിച്ച്‌ രണ്ടുവര്‍ഷം വേള്‍ഡ്‌ വൈഡ്‌ ഫണ്ട്‌ വിശദമായ പഠനം നടത്തിയിരുന്നു. അവരുടെ സംരക്ഷണ പദ്ധതിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രൊജക്‌ട് ഡോള്‍ഫിന്‍ പദ്ധതി ഉടനേ പ്രഖ്യാപിക്കപ്പെട്ടേക്കും.

ഇ.പി. ഷാജുദീന്‍

No comments:

Post a Comment