Wednesday, October 21, 2009

'പ്രൊട്ടസ്‌റ്റ് തമ്പുരാന്‍' നവതിയില്‍











ശബരിമല ശ്രീ ധര്‍മശാസ്‌താവിന്റെ പിതൃസ്‌ഥാനീയനായ പന്തളത്തു വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ രാജാ നവതിയുടെ നിറവില്‍. സമ്പത്തും പ്രൗഢിയുമുള്ള അനവധി രാജകുടുംബങ്ങള്‍ നമുക്കുണ്ടെന്നാലും ലോകം ആരാധിക്കുന്ന ശബരിമല ശ്രീ ധര്‍മശാസ്‌താവിന്റെ പിതൃസ്‌ഥാനീയനാവാന്‍ നമുക്ക്‌ ഒറ്റ രാജാവു മാത്രമേ ഉള്ളൂ.

കേരള കാളിദാസന്റെയും കേരള പാണിനിയുടേയും കേരള വാക്‌ഭടന്റെയും പാദസ്‌പര്‍ശമേറ്റ ഹരിപ്പാട്‌ അനന്തപുരം കോവിലകത്തു നാളെ കുടുംബാംഗങ്ങളുമൊത്താണു പന്തളത്തു തമ്പുരാന്റെ നവതി ആഘോഷം. വലിയ തമ്പുരാനായിരുന്ന പുത്തന്‍കോയിക്കല്‍ കൊട്ടാരത്തില്‍ കെ. രവിവര്‍മ തമ്പുരാന്റെ നിര്യാണത്തെ തുടര്‍ന്നാണു മൂപ്പുമുറ അനുസരിച്ച്‌ 2002-ല്‍ രാമവര്‍മരാജ വലിയതമ്പുരാനായി അവരോധിക്കപ്പെട്ടത്‌. പന്തളം ലക്ഷ്‌മിവിലാസം കൊട്ടാരത്തില്‍ മംഗല തമ്പുരാട്ടിയുടേയും കരിവേലി ഇല്ലത്ത്‌ ദേവദത്തന്‍ നമ്പൂതിരിയുടെയും ഏഴു മക്കളില്‍ രണ്ടാമനായി 1919 ഒക്‌ടോബര്‍ 10-നു പിറന്ന രേവതിനാള്‍ പി. രാമവര്‍മരാജാ ഭഗവാന്‍ അയ്യപ്പന്‍െ പിതൃസ്‌ഥാനീയനാവാന്‍ കഴിഞ്ഞതു കാലനിയോഗം. പന്തളം രാജകുടുംബത്തില്‍ ജനിക്കുന്ന എല്ലാവര്‍ക്കും വലിയതമ്പുരാന്‍ ആവാനാവില്ല. ആഗ്രഹിച്ചാലും നിഷ്‌ഫലം.

വലിയതമ്പുരാന്‍ വളരെ ചെറുപ്പത്തിലെ തന്നെ മറ്റു ബന്ധുക്കളെ പോലെ തന്നെ പുരോഗമനവാദിയായിരുന്നു. തോന്നല്ലൂര്‍ യു.പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാവേലിക്കര സ്‌പെഷ്യല്‍ സ്‌കൂള്‍, കോട്ടയം സി.എം.എസ്‌., തിരുവനന്തപുരം തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയിലെ ആദ്യ ബാച്ചില്‍ 1938-ല്‍ ബി.എസ്സി. ഡിഗ്രി എടുത്തു. മൂന്നു വര്‍ഷക്കാലം അധ്യാപന ജോലി ചെയ്‌തു. മുംബൈയില്‍ റെയില്‍വേ ഉദ്യോഗസ്‌ഥനായി. ഇതിനിടെ മുംബൈ ഗവ. ലോ കോളജില്‍ നിന്ന്‌ എല്‍എല്‍.ബി. നേടി. കള്ളം പറയാന്‍ കഴിയാത്തതിനാല്‍ വക്കീല്‍ പണിക്കു പോയില്ല. 77-ല്‍ റെയില്‍വേയില്‍ നിന്നു വിരമിച്ചു. 78-ലാണു ഭാര്യാഗേഹമായ അനന്തപുരം കൊട്ടാരത്തില്‍ സ്‌ഥിരതാമസമാക്കിയത്‌.

പന്തളം കോവിലകം കമ്യൂണസത്തിന്റെയും പുരോഗമന വാദത്തിന്റെയും ഈറ്റില്ലമായിരുന്നു. അധഃസ്‌ഥിതനെ അകത്തിരുത്തി, അവരോടൊത്തു ഭക്ഷണം കഴിക്കുമ്പോള്‍ അവന്റെ മനസിലുള്ള പരിവര്‍ത്തനം ഒരു സാമൂഹ്യപരിവര്‍ത്തനമായി കണ്ടു. കൈപ്പുഴ പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലെ അറയിലും പുരയിലും ഇ.എം.എസ്‌, എം.എന്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയ വിപ്ലവകാരികള്‍ ഒളിപാര്‍ത്തതോടെ കൊട്ടാരം കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ പോലെ പ്രവര്‍ത്തിച്ചിരുന്ന ഇന്നലെകള്‍. വിദ്യാഭ്യാസത്തിലും വായനയിലും പന്തളം രാജവംശം ഏറെ മുന്നിലായിരുന്നു. കോഴിക്കോട്‌ സാമൂതിരിയെ പോലെയോ തിരുവിതാംകൂര്‍ രാജവംശത്തെ പോലെയോ പന്തളം രാജകുടുംബത്തിന്‌ സമ്പത്തില്ലായിരുന്നു. ഭൗതികതയുടേയും ആത്മീയതയുടേയും ഇഴപിരിഞ്ഞ മനസില്‍ 'തത്ത്വമസി' മന്ത്രം മാത്രം ഉരുക്കഴിച്ചു.

കമ്യൂണിസ്‌റ്റ് എന്ന പേരില്‍ അന്തരിച്ച വലിയതമ്പുരാന്‍ രവിവര്‍മ രാജ അനുഭവിച്ച പീഡനങ്ങള്‍ അനവധിയായിരുന്നു. നവതിയുടെ നിറവില്‍ നില്‍ക്കുന്ന വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ രാജയെ 'പ്രൊട്ടസ്‌റ്റ് തമ്പുരാന്‍' എന്നായിരുന്നു പഠനകാലത്തു വിളിച്ചിരുന്നത്‌. അനീതിക്കെതിരേയുള്ള എതിര്‍പ്പ്‌ അതാണ്‌ ആ പേരിന്റെ പിന്നില്‍ ഒളിച്ചിരുന്ന സത്യം. ചേറ്റിന്റെ നന്മയുള്ളവരുടേയും തമ്പുരാക്കന്മാരുടേയും രക്‌തത്തിന്റെ നിറം ഒന്നു തന്നെയാണെന്ന തിരിച്ചറിവാണ്‌ ഇപ്പോഴും വലിയതമ്പുരാനെ പോലെയുള്ളവരുടെ മനസ്‌ നിറയെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കു തണലേകിയ ഇത്തരത്തിലൊരു കൊട്ടാരം വേറെവിടെയും ഉണ്ടാവില്ലെന്നിരിക്കെ, വര്‍ത്തമാനകാല രാഷ്‌ട്രീയത്തില്‍ നിന്നു പന്തളം രാജകുടുംബം വഴുതിപ്പോയതിന്റെ പിന്നിലെ ചുവപ്പു ചരിത്രം ആരും തിരഞ്ഞിട്ടില്ല. താനിന്നു രാജാവായിരുന്നെങ്കില്‍ സര്‍ സി.പിയെ മന്ത്രിയാക്കുമെന്നാണു വലിയതമ്പുരാന്‍ നവതിയുടെ നിറവില്‍ പറഞ്ഞത്‌. ജനാധിപത്യത്തിന്റെ മൂല്യത്തകര്‍ച്ചയില്‍ അദ്‌ദേഹം ഖിന്നനാണ്‌.

അയ്യപ്പനും താനും വേറിട്ടു നില്‍ക്കുന്നില്ലെന്നു പറയുന്ന തമ്പുരാന്‍ 1982-ല്‍ രാജപ്രതിനിധിയായി ശബരിമലയില്‍ പോയിരുന്നു. അതിനുമുമ്പു പലയാവര്‍ത്തി അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ടു മനം നിറയെ പീയൂഷം നിറച്ചു. പിതൃസ്‌ഥാനീയനായതോടെ ഇനി അയ്യപ്പനെ കാണാന്‍ ശബരിമലയ്‌ക്കു പോകാന്‍ ആചാരം അനുവദിക്കുന്നില്ല. അച്‌ഛന്‍ എത്തിയാല്‍ മകന്‍ എണീക്കും എന്നാണു പഴമൊഴി. ജനുവരി 12-നു വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോള്‍ ഉടവാളും ഭസ്‌മവും നല്‍കി രാജപ്രതിനിധിയെ ശബരിമലയ്‌ക്ക് അയയ്‌ക്കുന്നതു വലിയതമ്പുരാനാണ്‌. 65 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അനന്തപുരം കൊട്ടാരത്തില്‍ നീലകണ്‌ഠന്‍ നമ്പൂതിരിയുടേയും ശാരദ തമ്പുരാട്ടിയുടെയും മകളായ രുഗ്മിണി തമ്പുരാട്ടിയെ വേളി കഴിച്ചു. മക്കള്‍: ഡോ. എസ്‌.ആര്‍. വര്‍മ, അനിയന്‍ വര്‍മ (സെന്‍ട്രല്‍ ബാങ്ക്‌, മുംബൈ), ശശി വര്‍മ (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, മുംബൈ), രമാ കെ. തമ്പുരാന്‍ (റിട്ട. അധ്യാപിക).

No comments:

Post a Comment