Wednesday, October 21, 2009

നേര്‍ക്കാഴ്‌ചകളുമായി ശശികുമാര്‍ വീണ്ടും











രജനീകാന്തിന്റെ കുചേലനെയും കമലഹാസന്റെ ദശാവതാരത്തെയും 'പെട്ടി'യിലടച്ചെന്ന പേര്‌ നേടിയ സിനിമയായിരുന്നു സുബ്രഹ്‌മണ്യപുരം. പ്രമേയത്തിലെ വ്യത്യസ്‌തത കൊണ്ടും സംവിധാനമികവു കൊണ്ടും ഏറെ ശ്രദ്ധനേടിയ സുബ്രഹ്‌മണ്യപുരത്തിന്‌ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തത്‌ 'താര'ത്തെ കുത്തിക്കൊന്ന സിനിമയെന്ന പദവി.

ഇന്ത പടം നമ്മുടയ ഉണ്‍മയാന വാഴ്‌ക താന്‍ എന്നു പ്രേക്ഷകര്‍ ഹൃദയം തൊട്ടു പറഞ്ഞ 'സുബ്രഹ്‌മണ്യപുര'ത്തിന്റെ വിജയാഘോഷങ്ങള്‍ അടങ്ങിയിട്ടും ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തരും അതിന്റെ ഹാംഗ്‌ഓവറിലായിരുന്നു ഏറെനാള്‍. അടുത്ത സിനിമകളിലൂടെ സുബ്രഹ്‌മണ്യപുരം ലേബലില്‍ നിന്നു പുറത്തുവരാനായിരുന്നു എല്ലാവരുടേയും ശ്രമം.

എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന ഭാവമായിരുന്നു സുബ്രഹ്‌മണ്യപുരത്തിലൂടെ മാജിക്‌ സൃഷ്‌ടിച്ച സംവിധായകന്‍ ശശികുമാറിന്‌. സംവിധാനത്തിനൊപ്പം അഭിനയരംഗത്തും അതിനു മുമ്പ്‌ വിതരണക്കാരനെന്ന രംഗത്തും കഴിവു തെളിയിച്ച ശശികുമാറിന്‌ സമയം കളയാനില്ലായിരുന്നു.

സിനിമ തന്നെ ജീവിതം എന്നു തിരിച്ചറിഞ്ഞ ശശികുമാര്‍ കുട്ടികള്‍ക്കു വേണ്ടി പശങ്ക നിര്‍മിച്ചതോടെ നിര്‍മാതാവ്‌ എന്ന വേഷവും അണിഞ്ഞു. പിന്നീടിപ്പോള്‍ നാടോടികളുമായി വീണ്ടും അഭിനയരംഗത്ത്‌. 'നാടോടികള്‍' തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്‌. ശശികുമാറാണു നാടോടികളിലെ നായകന്‍. സംവിധാനം സമുദ്രക്കനി( സുബ്രഹ്‌മണ്യപുരത്തിലെ ചിറ്റപ്പന്‍ വില്ലന്‍)അതോടൊപ്പം ഈ പ്രതിഭാധനന്‍ നിര്‍മിച്ച 'പശങ്ക'യെന്ന കുട്ടികളുടെ ചിത്രവും പ്രേക്ഷകപ്രീതി നേടി മുന്നേറുന്നു.

ഏതു റോളും ഭംഗിയായി ചെയ്‌തു തീര്‍ക്കാന്‍ ഇതെങ്ങനെ സാധിക്കും... ശശികുമാര്‍ പറയുന്നു...

* പശങ്കയില്‍ എന്തുകൊണ്ട്‌ അഭിനയിച്ചില്ല?

സുബ്രഹ്‌മണ്യപുരത്തിന്റെ ഷൂട്ടിംഗ്‌ നടക്കുമ്പോഴാണു നാടോടികളുടെയും പശങ്കയുടെയും കഥ കേട്ടത്‌. ഒന്നു നിര്‍മിക്കാനും മറ്റൊന്നില്‍ അഭിനയിക്കാനും തീരുമാനിച്ചു. അങ്ങനെ സംഭവിച്ചു എന്നേ പറയാന്‍ പറ്റൂ.

ആദ്യ ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവുമൊക്കെ ശശികുമാര്‍ ഏറ്റെടുത്തതു മുഖ്യധാരാ സിനിമകളോടു സന്ധി ചെയ്യാന്‍ മടിച്ചിട്ടാണ്‌.

'ഞാന്‍ വിചാരിക്കുന്ന തരത്തിലുള്ള ഒരു സിനിമ ഉണ്ടാവണമെങ്കില്‍ അതു ഞാന്‍ തന്നെ സംവിധാനം ചെയ്യേണ്ടതുണ്ട്‌. പുതുമുഖമായ ഞാന്‍ ഒരു കഥയുമായി നിര്‍മാതാവിനെ സമീപിച്ചാല്‍ അതയാള്‍ സ്വീകരിക്കണമെന്നില്ല. ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്‌തേക്കാം. അപ്പോള്‍ വിട്ടുവീഴ്‌ച വേണ്ടിവരും. അതുകൊണ്ടു നിര്‍മാണവും ഏറ്റെടുത്തു. ഒരുകാലത്തും പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. അതിനു ശ്രമിച്ചാല്‍ അവഗണനയായിരിക്കും ഫലം.

* സുബ്രഹ്‌മണ്യപുരത്തിനു ശേഷം അഭിനയിക്കാനും സംവിധാനം ചെയ്യാനും നിരവധി ഓഫറുകള്‍ വന്നില്ലേ?

വന്നിരുന്നു. നാലു കൊല്ലത്തിനുള്ളില്‍ നാല്‌പതു ചിത്രങ്ങള്‍ ചെയ്യണമെന്ന വാശിയൊന്നും എനിക്കില്ല. ചെയ്യുന്നുവെങ്കില്‍ നല്ലതു ചെയ്യുക. ഇല്ലെങ്കില്‍ വെറുതെയിരിക്കുക. അതാണെന്റെ നയം. ഇനി അഭിനയിക്കുന്നുവെങ്കില്‍ സംവിധാനമില്ല. സംവിധാനം ചെയ്യുന്നുവെങ്കില്‍ ആ ചിത്രത്തില്‍ അഭിനയിക്കില്ല.

* എന്തുകൊണ്ടാണു പശങ്ക നിര്‍മിക്കാന്‍ തീരുമാനിച്ചത്‌?

തമിഴില്‍ കുട്ടികള്‍ക്കായി നിര്‍മിക്കപ്പെടുന്ന ചിത്രങ്ങള്‍ കുറവാണ്‌. മുതിര്‍ന്നവര്‍ക്കുവേണ്ടി തയാറാക്കുന്ന സിനിമകള്‍ അവരും കാണേണ്ട ദുരവസ്‌ഥയാണിപ്പോഴുള്ളത്‌. അതിനാലാണു ബാലചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്‌.

* നാടോടികളില്‍ പാടുകയും ചെയ്‌തുവല്ലോ?

ഞാനൊരു ഗായകനല്ല. എങ്കിലും സംവിധായകന്‍ സമുദ്രക്കനി പറഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കിയതാണ്‌. അതിനുപിന്നില്‍ സംഗീത സംവിയാകന്‍ സുന്ദര്‍ സി. ബാബുവിന്റെ പ്രേരണയുമുണ്ട്‌.

* സ്വയം സംവിധാനം ചെയ്‌ത് അഭിനയിച്ച താങ്കള്‍ മറ്റൊരാളുടെ നിര്‍ദേശത്തില്‍ അഭിനയിച്ചപ്പോള്‍ എന്തു തോന്നി?

ഞങ്ങളുടെ കാഴ്‌ചപ്പാടുകള്‍ക്കു സമാനതയുള്ളതിനാല്‍ ഒരു മനസായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

* സുബ്രഹ്‌മണ്യപുരത്തില്‍ സമുദ്രക്കനിക്കു വില്ലന്‍വേഷം നല്‍കിയതിന്റെ പ്രത്യുപകാരമായാണോ നാടോടികളില്‍ താങ്കളെ നായകനാക്കിയത്‌?

അതിലെ കഥാപാത്രത്തിനു സമുദ്രക്കനി അനുയോജ്യനാണെന്നു തോന്നി. അഭിനയിപ്പിച്ചു. അതുപോലെ നാടോടികളിലെ കരുണയെന്ന കരുണാകരനാവാന്‍ എനിക്കു സാധിക്കുമെന്ന്‌ അദ്ദേഹത്തിനു തോന്നിയിരിക്കണം. നാടോടികള്‍ നിര്‍മിക്കണമെന്നാണു കക്ഷി ആദ്യം ആവശ്യപ്പെട്ടത്‌. പിന്നെയാണു നായകനാവാന്‍ പറഞ്ഞത്‌.

* കൊമേഴ്‌സ്യല്‍ സിനിമകളല്ലേ ചലച്ചിത്രമേഖലയെ നിലനിര്‍ത്തുന്നത്‌?

സേതു, പരുത്തുവീരന്‍, സുബ്രഹ്‌മണ്യപുരം എന്നിവയൊക്കെ കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ തന്നെയാണ്‌. നല്ല കഥ കണ്ടെത്തി അവയെ കൊമേഴ്‌സ്യലായി ചിത്രീകരിക്കണം. പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുന്ന സിനിമ, ഇഷ്‌ടപ്പെടാത്ത സിനിമ എന്നിങ്ങനെ രണ്ടെണ്ണമേയുള്ളൂ. പ്രദര്‍ശന വിജയം നേടിയ സിനിമകളുടെ ആവര്‍ത്തനമുണ്ടായാല്‍ കാഴ്‌ചക്കാര്‍ മുഷിയും, തിരസ്‌കരിക്കും.

ഷാജി കാരാട്ടുപാറ

No comments:

Post a Comment