| മുട്ടയ്‌ക്കുള്ളിലെ പ്രത്യാശ |
| ആ രണ്ടു മുട്ടകള്‍ വിരിഞ്ഞുവരുന്നതു കണ്ടപ്പോള്‍ സൂര്യന്‍ ഉദിക്കുന്നതു പോലെയാണ് ശാസ്രജ്‌ഞന്മാര്‍ക്കു തോന്നിയത്. ശരിക്കും അതൊരു ഉദയമായിരുന്നു. ഏതാണ്ട് അന്യം നിന്ന ഒരു ജീവിവര്‍ഗത്തിന്റെ തിരിച്ചുവരവിനെ ഉദയം എന്നല്ലതെ എന്തു പറയാന്‍? ഇന്ത്യയില്‍ അവസാനത്തിലേക്കടുക്കുന്ന കഴുകന്മാരെ പുനര്‍ജനിപ്പിക്കാനുള്ള പദ്ധതിയുടെ വിജയകരമായ മുന്നേറ്റമായിരുന്നു ഹരിയാനയില്‍ പിഞ്‌ജോറിലെ വൈല്‍ഡ് ലൈഫ് സെന്ററില്‍ അടുത്തിടെ കണ്ടത്. സ്ലെന്‍ഡര്‍ ബില്ല്‌ഡ് വള്‍ചര്‍ ഇനത്തില്‍ പെട്ട ഈ പക്ഷി ഇതാദ്യമായായിരുന്നു പരീക്ഷണശാലയില്‍ വിരിയുന്നത്. വിവിധ ഇനങ്ങളിലായി നാലുകോടിയിലധികം കഴുകന്മാരുണ്ടായിരുന്ന ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷംകൊണ്ട് അവയുടെ 90 ശതമാനവും ചത്തൊടുങ്ങി എന്നറിയുമ്പോഴേ ഈ മുട്ടവിരിയലിന്റെ പ്രാധാന്യം നമുക്കു മനസിലാകൂ. ലോകത്തില്‍ ആകെ ആയിരത്തില്‍ താഴെയാണ് ഈ ഇനത്തില്‍ പെട്ട പക്ഷികള്‍ ഉള്ളത്. അതിനാല്‍തന്നെ ഇവിടെ നേടിയ വിജയം അതി പ്രധാനവുമാണ്. പിഞ്‌ജോറിനു പുറമെ, പശ്‌ചിമ ബംഗാളിലെ രാജഭട്‌ഖാവായിലും അസമില്‍ ഗുവാഹട്ടിയിലെ രാം സെന്ററിലുമാണ് കഴുകന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്. മുന്‍നിര പരിസ്‌ഥിതി സംഘടനയായ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിയ് നടത്തുന്ന രാജഭട്‌ഖാവായിലും രണ്ടു മുട്ടകള്‍ ഉണ്ടായെങ്കിലും രണ്ടിടത്തും ഓരോ മുട്ടയേ വിരിഞ്ഞുള്ളു. എങ്കിലും സംരക്ഷണം എന്ന ലക്ഷ്യത്തില്‍ അത് വലിയ നേട്ടമായാണ് ശാസ്രലോകം കരുതുന്നത്. ഹിമാചല്‍പ്രദേശിനു വടക്കു ഭാഗത്തുള്ള മേഖലയില്‍ ഒരിക്കല്‍ ഇവയെ വന്‍തോതില്‍ കാണാനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതു പഴങ്കഥയായി. അസമില്‍ ചിലയിടത്തു കണ്ടാലായി. കാട്ടിലല്ലാതെ പരീക്ഷണശാലയില്‍ ഈ ഇനം കഴുകന്‍ പിറക്കുന്നത് അത്യപൂര്‍വ സംഭവമാണ്. നാലു വയസായിക്കഴിഞ്ഞാല്‍ പിന്നെ വര്‍ഷത്തില്‍ ഒന്നെന്ന വിധമാണ് ഇവ മുട്ടയിടുക. ഇനി ഇവയെ പരിരക്ഷിക്കുക എന്ന അതീവ ദുഷ്‌കരമായ ലക്ഷ്യമാണ് ശാസ്രജ്‌ഞര്‍ക്കു മുന്നില്‍ ഉള്ളത്. സ്ലെന്‍ഡര്‍ ബില്ല്‌ഡ് ഇനത്തില്‍ പെട്ടതു മാത്രമല്ല, വൈറ്റ് ബായ്‌ക്ക്ഡ്, ലോങ്ങ് ബില്ല്‌ഡ് എന്നിവയുടെ നിലയും പരിതാപകരമാണ്. ഇവയും പിഞ്‌ജോറില്‍ പരിരക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് പ്രതീക്ഷനല്‍കുന്നത്. കന്നുകാലികള്‍ക്കു നല്‍കുന്ന ഡൈക്ലോഫെനാക് എന്ന മരുന്നാണ് ഇന്ത്യയില്‍ കഴുകന്മാര്‍ക്ക് അന്തകനായത്. ഈ മരുന്നു കഴിച്ചിട്ടുള്ള മൃഗങ്ങളുടെ മാസം തിന്നുന്ന കഴുകന്മാര്‍ ചത്തുവീഴുകയാണു പതിവ്. ഈ മരുന്നിന്റെ ഉപയോഗം നിരോധിച്ചതാണെങ്കിലും ഇപ്പോഴും നിര്‍ബാധം തുടരുന്നു. പരീക്ഷണശാലകളിലെ ഈ ശുഭ വാര്‍ത്തയ്‌ക്കു പിന്നാലെയാണ് ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് മറ്റൊരു നല്ല വാര്‍ത്ത പക്ഷി സ്‌നേഹികളെ തേടിയെത്തുന്നത്. അടുത്തിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതലായി കാണുന്നത് ഇരു രാജ്യങ്ങളുടെയും സൈനികരെ ആണെങ്കിലും ഹിമാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയായ ലാഹൗള്‍-സ്‌പിതി, കിന്നൗര്‍ ജില്ലകളിലെ മഞ്ഞു കൊടുമുടികള്‍ക്കു മീതെയാണ് ഇല്ലാതായി എന്നു കരുതിയിരുന്ന താടിക്കാരന്‍ കഴുകനെ കണ്ടെത്തിയത്. ഇവിടെ ഡൈക്ലോഫെനാക്കിന്റെ ഉപയോഗം ഇല്ലാത്തതിനാല്‍ ഇരുന്നൂറോളം താടിക്കാരന്മാര്‍ സസുഖം വാഴുന്നു. സ്‌പിതി താഴ്‌വരയിലാകട്ടെ ചൈനയില്‍ നിന്നുള്ള താടിക്കാരന്മാര്‍ ഇടയ്‌ക്കിടെ സന്ദര്‍ശനം നടത്തുന്നതുമുണ്ട്. ഇവയെ സംരക്ഷിക്കാന്‍ ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റിയുടെ സഹായം തേടിയിരിക്കുകയാണ് ഹിമാചല്‍ സര്‍ക്കാര്‍. ഇ.പി. ഷാജുദീന്‍ |
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment