റോഡുകള്‍ ഇനി റേസിംഗ് ട്രാക്കുകള്‍ |
കാറോട്ടം ഒരു കളിയാണ്. അതിവേഗത്തിന്റെ രാജകുമാരന്‍മാരില്‍നിന്ന് ചക്രവര്‍ത്തിയെ തേടിയെടുക്കുന്ന കളി. സംഗതി കളിയാണെങ്കിലും പലപ്പോഴും കാര്‍ നിര്‍മാണ കമ്പനികള്‍ക്ക് ഇത് ജീവന്‍മരണ പോരാട്ടമാണ്. ട്രാക്കിലെ അപ്രമാദിത്വം ഉറപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ മൂലം പലപ്പോഴും കളി കാര്യമാകുന്നതും പതിവാണ്. ഇപ്പോള്‍ മക്ലാരന്‍ നടത്തുന്ന കളിയും അതുപോലൊന്നാണ്. റേസിംഗ് ട്രാക്കില്‍നിന്ന് മത്സരം റോഡിലേക്കു നീങ്ങുകയാണ്. ഫെരാരിയുടെ അപ്രമാദിത്വത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി യുകെ റേസിംഗ് സ്‌പെഷലിസ്‌റ്റ് മക്ലാരന്‍ സാധാരണക്കാര്‍ക്കായി പുതിയ സൂപ്പര്‍ കാര്‍ പുറത്തിറക്കി. 'റോഡില്‍ എഫ്1 കാര്‍' എന്ന പരസ്യവാചകവുമായാണ് മക് ലാരന്‍ തങ്ങളുടെ പുതിയ എംപി4-12സി കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്‍മാരായ ഫെരാരിയെ വെല്ലുവിളിച്ചുകൊണ്ട് പുറത്തിറക്കിയിരിക്കുന്ന കാറിന്റെ വില 15,000 പൗണ്ടാണ് (ഏകദേശം 12 ലക്ഷം രൂപ). സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന വിലയില്‍ ഒരു സൂപ്പര്‍ കാര്‍ എന്ന മക് ലാരന്റെയും എഫ് 1 ടീമിന്റെയും ഉടമ റോണ്‍ ഡെന്നീസിന്റെ സ്വപ്‌നമാണ് ഇപ്പോള്‍ സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നത്. ശരവേഗത്തില്‍ കുതിക്കാനുള്ള രൂപഘടനയോടു കൂടിയുളള ഡിസൈനാണ് മക്ലാരന്റെ പ്രത്യേകത. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന കാര്‍ പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എടുക്കുന്ന സമയം വെറും 3.5 സെക്കന്‍ഡ് മാത്രമാണ്. 3.8 ലിറ്റര്‍ വി8 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് ഈ സൂപ്പര്‍ കാറിന്റെ കരുത്ത്. 600 ബിഎച്ച്‌പിയാണ് ഇത് വികസിപ്പിച്ചെടുക്കുന്നത്. ആറ് ഫോര്‍ഡ് ഫിയസ്‌റ്റകള്‍ക്ക് തുല്യമായ പവറായിരിക്കും ഇത്. ലോകത്തെ ഏറ്റവും മികച്ച ഇന്റേണല്‍ കമ്പസ്‌ഷന്‍ എഞ്ചിനാണ് പുതിയ വാഹനത്തിന്റേതെന്നാണ് മക്ലാരന്റെ അവകാശവാദം. ബ്രിട്ടീഷ് ഹൈ ടെക് എഞ്ചിനിയറിംഗിന്റെ മകുടോദാഹരണമാണ് ഇതെന്നും മക്ലാരന്‍ ചൂണ്ടിക്കാട്ടുന്നു. 2011 ആകുമ്പോള്‍ വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോക്കിംഗ് സറോയിലുള്ള ഫാക്‌ടറിയിലാണ് നിര്‍മാണ്. നിലവില്‍ 500 തൊഴിലാളികള്‍ എന്നത് ഉത്‌പാദനം ആരംഭിക്കുന്നതോടെ 800 ആകുമെന്ന് കമ്പനി അറിയിച്ചു. ആദ്യ വര്‍ഷം ആയിരം കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നാലായിരം ആയി പുനര്‍നിര്‍ണയിക്കും. വാഹനത്തിന്റെ ഭാരം കുറയ്‌ക്കുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനുമായി ഭാരം കുറഞ്ഞ് അലുമിനിയവും കാര്‍ബണ്‍ ഫൈബറുമാണ് ഉപയോഗിച്ചിരിക്കുന്നത്. ശരശരി ഇന്ധനക്ഷമത 22 എംപിജിയാണ്. എന്നാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് എമിഷന്‍ എന്നു പറയുന്നത് 300 ജി/കിമി ആണ്. ആഗോള താപനത്തിനു കാരണമാകുന്ന എമിഷന്‍ മറ്റു കാറുകളെ അപേക്ഷിച്ച് തുലോം കുറവാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോര്‍മുല വണ്‍ ട്രാക്കിലെ പല ഗുണഗണങ്ങളുമായാണ് മക്ലാരന്റെ കാര്‍ റോഡുകളിലേക്ക് കുതിക്കാനൊരുങ്ങുന്നത്. 7 സ്‌പീഡ് എഫ്1 സ്‌റ്റൈല്‍ പാഡില്‍ ഷിഫ്‌റ്റ് ഗിയറുകള്‍ ഇവയിലൊന്ന്. പ്രീ കോഗ് എന്നാണ് ഇത് അറിയപ്പെടുക. 'സീംലെസ് ഷിഫ്‌റ്റ് ഗിയര്‍ബോക്‌സി'ന്റെ സഹായത്തോടെ മാറ്റുന്നതിനു മുന്‍പുതന്നെ മുന്‍കൂട്ടി ഗിയര്‍ നിശ്‌ചയിക്കാന്‍ കഴിയുന്നതാണ്. ഏറോഡയനാമിക്‌സ് ഷെയിപ്പ് വിമാനം പോലെ കുതിക്കാന്‍ വാഹനത്തെ സഹായിക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. ്‌എഫ്1 കാറുകളുടേതെന്ന പോലെ ഡ്രൈവറുടെയും പാസഞ്ചറുടെയും സംരക്ഷണത്തിനായി ഒരു ശക്‌തമായ, എന്നാല്‍ ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ മോണോസെല്‍ (ടബ്) നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഭാരമാകട്ടെ വെറും 81 കിലോഗ്രാം മാത്രമാണ്. ജയന്റ് സൈഡ് എയര്‍ സ്‌കൂപ്‌സ് എഞ്ചിന്‍ തണുപ്പിക്കുന്നതിനും കരുത്തുറ്റ ബ്രേക്കിനും സഹായിക്കും. ഹൈ ടെക് ഫാബ്രിക് സീറ്റുകള്‍ ഡ്രൈവറുടെയും പാസഞ്ചറുടേയും സൗകര്യത്തിന് അനുയോജ്യമാണ്. ഇതിനൊക്കെ പുറമേ ഏഴിഞ്ച് ഡാഷ്‌ബോര്‍ഡ് ടച്ച്‌സ്ക്രീനും വാഹത്തിന്റെ പ്രത്യേകതയാണ്. പാര്‍ക്കിംഗ് സെര്‍സറുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഓപ്‌ഷണല്‍ സാറ്റ് നാവ് എന്നിവ പുറം ഭാഗത്തെ സൗകര്യങ്ങളാണ്. ഗള്‍ വിംഗ് മോഡലിലുള്ള ഡോറുകള്‍ ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കും അനായാസം അകത്തു പ്രവേശിക്കുന്നതിന് സഹായകമാകും. മുകളിലേക്ക് ഉയരുന്നതായതിനാല്‍ തിരക്കുള്ള സ്‌ഥലങ്ങളില്‍ പോലും ഡോര്‍ തുറക്കുന്നത് പ്രശ്‌നം സൃഷ്‌ടിക്കില്ല. ബ്രാന്‍ഡ് ന്യൂ ഫെരാരി 458, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, പോര്‍ഷെ 911 ടര്‍ബോ, ബെന്റ്‌ലെ കോണ്ടിനെന്റല്‍ ജിടി, അസ്‌റ്റണ്‍ മാര്‍ട്ടില്‍ ഡിബി9 കാറുകള്‍ക്കായിരിക്കും പുതിയ മക്ലാരന്‍ വെല്ലുവിളി ഉയത്തുക. തോല്‍ക്കാന്‍ ഒരുക്കമല്ലാത്ത എതിരാളികളും അവസരത്തിനൊത്തുയര്‍ന്നാല്‍ റേസിംഗ് ട്രാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന തീപാറുന്ന പോരാട്ടം ഇനി വിപണിയിലേക്കും റോഡുകളിലേക്കും നീളും. സുജിത് പി. നായര്‍ |
Wednesday, October 21, 2009
റോഡുകള്‍ ഇനി റേസിംഗ് ട്രാക്കുകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment