Wednesday, October 21, 2009

മറക്കില്ലൊരിക്കലും...‍









എ.കെ. ബാലന്‍


അനേകം അടിസ്‌ഥാനവര്‍ഗ പ്രതിനിധികളെ ഞാന്‍ മൂന്നു ദിവസംകൊണ്ട്‌ അടുത്തു കണ്ടു. ഹൃദ്രോഗ ചികിത്സയ്‌ക്ക് സര്‍ക്കാര്‍ സഹായം നല്‍കാമെന്നു പറഞ്ഞപ്പോള്‍ അദ്‌ഭുതം കൊണ്ടു വിശ്വസിക്കാനാവാതെ നിന്ന ആദിവാസി കുടുംബനാഥനെ പോലെ പലരും.

നാടിന്റെ യഥാര്‍ഥ അവകാശികളാണ്‌ ആദിവാസികള്‍ എന്ന്‌ എല്ലാവരും പറയുന്നുണ്ട്‌. പക്ഷേ അവരുടെ ജീവിതാവസ്‌ഥ അടുത്തറിയേണ്ടേ? മന്ത്രിയുടെ ഓഫീസിലിരുന്നാല്‍ സ്‌ഥിതിവിവരക്കണക്കായേ ഇവര്‍ നമ്മുടെ മുന്നില്‍ വരൂ, അതുകൊണ്ടാണ്‌ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ഞാന്‍ ആദിവാസിക്കുടികളിലേക്കു പോയത്‌. അവിടെ, കാത്തുകാത്തിരുന്ന കുടിവെള്ളമെത്തുമ്പോള്‍, വൈദ്യുതി കണ്ണുചിമ്മുമ്പോള്‍, വിദ്യാഭ്യാസത്തിന്‌ നാമ്പു വിടരുമ്പോള്‍ മനസും കണ്ണും നിറയുന്ന ആയിരങ്ങളെ ഞാന്‍ കണ്ടു. ഏതൊരു ജനകീയസമരം വിജയിക്കുന്നതിലും സംതൃപ്‌തിയേകുന്ന കാഴ്‌ച.

അവരുടെ ജീവിതത്തെക്കുറിച്ച്‌ സ്വപ്‌നം കണ്ടു മനസിലാക്കേണ്ട കാര്യം എനിക്കില്ല. അവരുടേതു പോലെയുള്ള ജീവിത സാഹചര്യത്തില്‍ വളര്‍ന്ന ഒരാളാണ്‌ ഞാന്‍.

ആദിവാസികള്‍ക്ക്‌ പ്രഖ്യാപിച്ചിട്ടുള്ള വ്യക്‌തിഗത ആനുകൂല്യങ്ങളില്‍ ചോര്‍ച്ച സംഭവിക്കുന്നുണ്ടോ, പ്രമാണി വര്‍ഗത്തിന്റെ പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടോ, സ്‌ത്രീകള്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെടുന്നുണ്ടോ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇരയാകുന്നുണ്ടോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലായിരുന്നു വയനാടന്‍ യാത്ര. മദ്യവര്‍ജനം നാടിന്റെ രക്ഷയ്‌ക്ക് എന്ന സന്ദേശമാണ്‌ ഈ സാമൂഹിക പക്ഷാചരണത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്‌. പക്ഷാചരണം എല്ലാ വര്‍ഷത്തെയും പതിവാണെങ്കിലും ഇക്കുറി അടിസ്‌ഥാന വര്‍ഗവുമായി നേരിട്ട്‌ സംവദിക്കാനുള്ള തീരുമാനമെടുത്തു. അടിസ്‌ഥാന വര്‍ഗക്കാര്‍ക്കു വേണ്ടി ഇടതുപക്ഷം കുറേയേറെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. ആ വിഭാഗം നടത്തിയ അത്യുജ്വല പോരാട്ടത്തിന്റെ ഭാഗമായാണ്‌ കേരളത്തിന്‌ ഈ നേട്ടങ്ങളൊക്കെയുണ്ടായത്‌. അതുകൊണ്ട്‌ തന്നെ ആദിവാസിക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അവയുടെ വിലയിരുത്തലും യാത്രയുടെ ഉദ്ദേശമായിരുന്നു. ആ വര്‍ഗത്തില്‍ ജനിച്ചുവെന്ന കാരണം കൊണ്ട്‌ എനിക്ക്‌ യഥാര്‍ഥ്യങ്ങള്‍ നേരാംവണ്ണം ബോധ്യപ്പെടണമെന്നില്ലേ.

ബാലന്‍ ദളിതരിലെ ബ്രാഹ്‌മണാനാണെന്നാണ്‌ പി.സി. ജോര്‍ജ്‌ പറയുന്നത്‌. അവിടെ പോയി ഞാന്‍ പ്രസംഗിക്കുകയായിരുന്നില്ല. നിവേദനവുമായെത്തിയവരോട്‌ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. രണ്ടായിരത്തോളം അപേക്ഷകളാണ്‌ എനിക്കു കിട്ടിയത്‌. അതെല്ലാം പരിശോധിച്ചു കഴിഞ്ഞു. ആദിവാസികളില്‍ പലര്‍ക്കും അവര്‍ക്ക്‌ സമ്പൂര്‍ണ വൈദ്യസഹായം ഉണ്ട്‌ എന്ന്‌ അറിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്‌ ആദിവാസികള്‍ക്കു വേണ്ടി സമഗ്ര ആരോഗ്യപദ്ധതി ആവിഷ്‌കരിച്ചത്‌. ഏതുരോഗം ആദിവാസിക്കു വന്നാലും ആശുപത്രിയില്‍ ചികിത്സ സൗജന്യമാണ്‌. പ്രത്യേക ചികിത്സ ആവശ്യമായവര്‍ക്ക്‌ ആര്‍.സി.സിയിലും ശ്രീചിത്രയിലും മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രികളിലും മുന്‍കൂട്ടി പണം നല്‍കിയിട്ടുണ്ട്‌. അടുത്തിടെ, നന്ദിയോട്‌ പഞ്ചായത്തിലെ ആനന്ദെന്ന ആറുവയസ്സുള്ള കുട്ടി നാഡീസംബന്ധമായ രോഗം ബാധിച്ച്‌ ശ്രീചിത്രയിലായിരുന്നു. അവിടെ പ്രതിപക്ഷനേതാവ്‌ വന്നു. എന്നിട്ട്‌ കുട്ടിയെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എനിക്കൊരു കത്തയച്ചു. ഞാന്‍ കുട്ടിക്കുള്ള ചികിത്സ സൗജന്യമാക്കി. ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞു കത്തും അയച്ചു. യഥാര്‍ത്ഥത്തില്‍ സമഗ്ര ആരോഗ്യ പദ്ധതി ഇല്ലായിരുന്നുവെങ്കില്‍ ആ കുട്ടിക്ക്‌ വിദഗ്‌ദ ചികിത്സ കിട്ടുമായിരുന്നില്ല. വേങ്ങലോട്‌ കോളനിയില്‍ ഞാന്‍ താമസിച്ച വീട്ടിലെ ഗൃഹനാഥന്‍ ഹൃദയസംബന്ധിയായ അസുഖം ഉള്ളയാളാണ്‌. അയാള്‍ക്ക്‌ എത്ര ലക്ഷം രൂപ വേണമെങ്കിലും ചികിത്സക്കായി സര്‍ക്കാര്‍ നല്‍കുമെന്ന്‌ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ തയാറായില്ല. അയാളുടെ രോഗം അപ്പോള്‍ തന്നെ പകുതി മാറിയതു പോലെ. കല്ലുവയല്‍ കോളനിയിലായിരുന്നു അടുത്ത ദിവസത്തെ താമസം. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എല്ലായിടത്തും എനിക്കു ചുറ്റും വലിയ ജനക്കൂട്ടമായിരുന്നു. കലാപരിപാടികളോടെയായിരുന്നു അവരുടെ സ്വീകരണം. ഞാന്‍ താമസിച്ച കോളനിയില്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതി ഉണ്ടായി. ഉടന്‍ തന്നെ അത്‌ ശരിയാക്കി കൊടുത്തു. വെള്ളം കിട്ടിയപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകള്‍ക്കതീതമായിരുന്നു. പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും നിവൃത്തിയില്ലാതെ വന്ന ചിലരെയും കണ്ടുമുട്ടി. കുറിച്യാട്‌ കാട്ടുനായ്‌ക കോളനിയിലെ ഗീത, മേപ്പാടി കൈരളി കോളനിയിലെ ശാന്തിനിയെന്ന അഞ്ചാംക്ലാസ്സുകാരി, നിഷാന്ത്‌ എന്നിവര്‍ ഇതിനുദാഹരണങ്ങള്‍. ഇതില്‍ ഗീതയുടെ കഥ മാധ്യമങ്ങളിലൊക്കെ വന്നതാണ്‌. ഇവര്‍ക്കെല്ലാം തുടര്‍വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ താമസം കൂടാതെ ഏര്‍പ്പെടുത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ തെളിഞ്ഞത്‌ ഭാവിയുടെ പ്രകാശമായിരുന്നു.

വൈദ്യുതിവകുപ്പിന്റെ കൂടി ചുമതല ഉണ്ടായിരുന്നത്‌ യാത്രയില്‍ ഉപകാരമായി. കണ്ടറിഞ്ഞ ദുരവസ്‌ഥ മനസ്സിലാക്കി, മൂന്നു കോടി രൂപയാണ്‌ ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കാന്‍ പ്രത്യേകമായി അനുവദിച്ചത്‌. മിക്കവാറും കോളനികളിലേക്ക്‌ വൈദ്യുതി എത്തണമെങ്കില്‍ ദീര്‍ഘദൂരം ലൈന്‍ വലിക്കണം. അതുചെയ്യുമ്പോള്‍ ബാക്കിയുള്ളവര്‍ക്കും ഗുണം കിട്ടും. വയനാട്‌ ജില്ലയ്‌ക്ക് 21 കോടി രൂപയുടെ വൈദ്യുതി പദ്ധതിയാണ്‌ പ്രസരണ, വിതരണത്തിനായി അനുവദിച്ചത്‌. കൂട്ടത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന പാലങ്ങളും ഒലിച്ചുപോയ വീടുകളുടെ അവശിഷ്‌ടങ്ങളും കണ്ടു. അവ പുതുക്കിപ്പണിയുന്നതിന്‌ അടിയന്തര നിര്‍ദ്ദേശം യാത്രക്കിടയില്‍ തന്നെ ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കി. കുടിവെള്ളക്ഷാമവും രൂക്ഷമായിരുന്നു ചിലയിടങ്ങളില്‍. അവിടെയും വേണ്ട നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിച്ചു. ഓരോ ഊരില്‍ പോകുമ്പോഴും ഇത്തരം കടമകളുടെ ബോധ്യപ്പെടുത്തലുമുണ്ടായിരുന്നു വരവേല്‍ക്കാന്‍.

ആദിവാസി ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ ആദ്യമായിട്ടല്ല. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തിയ ഭൂതകാലം എനിക്കുണ്ട്‌. 1975ലെ നിയമവുമായി ബന്ധപ്പെട്ടായിരുന്നു അട്ടപ്പാടിയിലെ ഊരുകളെ അടുത്തറിഞ്ഞത്‌. അവിടെ കൃഷിക്കാരും ആദിവാസികളും രണ്ടു ധ്രുവങ്ങളിലായിരുന്നു. ആ ഘട്ടത്തിലാണ്‌ ശിവദാസമേനോനും ഞാനും എം.ചന്ദ്രനും ആദിവാസി കോളനികളിലെത്തിയത്‌.

കോളനികളില്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ശക്‌തമായ സാന്നിധ്യമുണ്ട്‌. യാത്രക്കിടെ, ചില കോളനികളിലെ പെണ്‍കുട്ടികള്‍ എന്റെയടുക്കല്‍ വന്ന്‌ പറഞ്ഞു- ഇവിടെ കള്ളവാറ്റുണ്ടെന്ന്‌. ലഹരിക്കെതിരേ പരസ്യമായി പറഞ്ഞാല്‍ തല്ലുകിട്ടുമെന്നതാണ്‌ സ്‌ഥിതി. ഇത്തരം കുറ്റങ്ങള്‍ക്ക്‌ ആദിവാസികളെ പിടിച്ചു ജയിലിലിട്ടിട്ട്‌ അവരുടെ വീട്‌ പട്ടിണിയാകുമെന്നല്ലാതെ ഒരു കാര്യവുമില്ല. അവരെ ബോധ്യപ്പെടുത്തി മാറ്റുക എന്നതാണ്‌ പ്രായോഗികം. ഞാന്‍ അവരോട്‌ ചോദിച്ചു. നിങ്ങള്‍ കുടി നിര്‍ത്ത്വോ. അവരു പറയും ഓ നിര്‍ത്തും. 50 വയസുവരെയാണ്‌ ആദിവാസി ജീവിക്കുന്നത്‌. അങ്ങനെയുള്ള കുടുംബത്തിലുണ്ടാവുന്ന കുട്ടികള്‍ക്കും ആരോഗ്യമുണ്ടാകില്ല. നന്നായി പഠിക്കാന്‍ പറ്റുന്ന കുരുന്നുകളെയാണ്‌ മദ്യം നശിപ്പിക്കുന്നത്‌. സമ്പൂര്‍ണമായി മദ്യനിരോധനമുള്ള പ്രദേശമാണ്‌ അട്ടപ്പാടി. അവിടെ വ്യാജവാറ്റുണ്ട്‌. കഞ്ചാവ്‌ കൃഷി നടക്കുന്ന സ്‌ഥലം ഞാന്‍ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. വെട്ടീട്ട്‌ ഇങ്ങ്‌ പോരും. വീണ്ടും വയ്‌ക്കും. അതാണ്‌ അവസ്‌ഥ. ഇതിനെതിരേ ശക്‌തമായ ബോധവല്‍ക്കരണമാണ്‌ ആവശ്യം.

ഒരു മന്ത്രി ഊരുകളിലേക്ക്‌ വരുമ്പോള്‍ ഭരണകൂടം പുറകിലുണ്ടെന്ന വലിയ ശുഭാപ്‌തി വിശ്വാസം ആദിവാസികള്‍ക്കിടയിലുണ്ടാകും. അതായിരുന്നു ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശം. സര്‍ക്കാര്‍ ഇത്ര വലിയ ആനുകൂല്യം കൊടുത്തിട്ടും നടപടികള്‍ സ്വീകരിച്ചിട്ടും അസംതൃപ്‌തിയുള്ള വിഭാഗം ആദിവാസികള്‍ക്കിടയിലുണ്ട്‌. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒഴിഞ്ഞു മാറുന്നു എന്ന തോന്നല്‍ അവര്‍ക്കിടയില്‍ ശക്‌തമാണ്‌. ഉത്തരവാദപ്പെട്ട ഇടതുപക്ഷ പ്രസ്‌ഥാനങ്ങള്‍ അങ്ങിനെ മാറുന്നു എന്ന തോന്നലുണ്ടായാല്‍ വല്ലാത്ത അസ്വസ്‌ഥതയും ഒറ്റപ്പെടലും ഉണ്ടാകും. അത്‌ അവസാനിപ്പിക്കണം. ഈ വികാരത്തെ സമര്‍ത്ഥമായി രാജ്യദ്രോഹ ശക്‌തികള്‍ ഉപയോഗിക്കും. വര്‍ക്കലയില്‍ നടന്ന കൊലപാതകം കണ്ടില്ലേ. ഏതുകൊലപാതകത്തിനും പ്രത്യക്ഷത്തിലോ പരോക്ഷമായോ ഒരു കാരണമുണ്ടാകും. അരാജകത്വം വളര്‍ത്താനുള്ള ഗൂഢശ്രമമാണ്‌ നടക്കുന്നത്‌. പൊതുവില്‍ ഈ സമൂഹം അവഗണിക്കപ്പെടുന്നില്ല. പരിമിതകളുണ്ടെങ്കിലും പരമാവധി ശ്രമിക്കുന്നുണ്ട്‌. ഇക്കാര്യങ്ങള്‍ അവരിലെത്തിക്കാതെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. പൊതുസമൂഹത്തില്‍ നിന്ന്‌ അവരെ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയാണ്‌ ഇത്‌. സര്‍ക്കാര്‍ എന്നു പറയുന്നത്‌ ഇവരില്‍ നിന്നു വേറിട്ടുനില്‍ക്കേണ്ട ഒന്നല്ല. അധികാരവും ജനങ്ങളും തമ്മില്‍ അതിര്‍വരമ്പ്‌ ഉണ്ടാകാന്‍ പാടില്ല. സന്ദര്‍ശനം കൊണ്ട്‌ വലിയ വിപ്ലവം നടന്നു എന്നല്ല. ചെറിയ ഒരു തുടക്കം. പലരും എന്നെ വിളിക്കുന്നു കത്തയയ്‌ക്കുന്നു. പത്രദൃശ്യമാധ്യമങ്ങളും നല്ലരീതിയില്‍ സമീപിക്കുന്നു.

പഠിക്കുന്ന സമയത്ത്‌ ഞാന്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത്‌ 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്‌. അടിസ്‌ഥാന വര്‍ഗത്തോട്‌ പ്രതിബദ്ധതയുള്ളതുകൊണ്ടായിരുന്നു അത്‌. അല്ലാതെ എനിക്ക്‌ എന്തെങ്കിലും കിട്ടാന്‍ വേണ്ടി ആയിരുന്നില്ല. എന്റെ അച്‌ഛന്‍ അധ്വാനിച്ച്‌ ഉണ്ടാക്കിയ 20 സെന്റ്‌ സ്‌ഥലമത്താണ്‌ ഇപ്പോഴും താമസിക്കുന്നത്‌. മിച്ചഭൂമിയും ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ല. കുടികിടപ്പും ഇല്ല. പാവപ്പെട്ടവനുവേണ്ടിയിട്ടുള്ള സമരത്തില്‍ ഞങ്ങളുടെ കാലഘട്ടത്തില്‍ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്തതൊക്കെ ഞങ്ങള്‍ ചെയ്‌തു. കമ്യൂണിസ്‌റ്റുകാരായതുകൊണ്ട്‌ മാത്രം. ഞങ്ങളുടെ ജീവിതത്തിലെ വലിയ സമ്പത്താണ്‌ അത്‌. ഭരണമുണ്ടായാലും ഇല്ലെങ്കിലും ഈ ജനവിഭാഗങ്ങളെ മറക്കാന്‍ കമ്യൂണിസ്‌റ്റുകള്‍ക്കാവില്ല.

തയാറാക്കിയത്‌: തനേഷ്‌ തമ്പി
E-mail to a friend

No comments:

Post a Comment