കൊക്കയില്‍ ഉയര്‍ന്ന അദൃശ്യകരം | ||
ഒക്‌ടോബര്‍ മൂന്ന്, വൈകിട്ട് 7.30. കനത്ത മഴ..... ഇരുട്ടും കോടമഞ്ഞും... വിജനമായ തുമ്പച്ചി അടിവാരം. പുളിയന്‍മല-തൊടുപുഴ സംസ്‌ഥാന പാതയിലൂടെ ഒരു സാന്‍ഡ്രോ കാര്‍ ഇറങ്ങിവരുന്നു. വലതുവശത്ത് അഗാധമായ കൊക്ക. എട്ടാമത്തെ ഹെയര്‍പിന്‍ തിരിയുമ്പോള്‍ പാതവക്കില്‍ ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങള്‍. പെട്ടെന്നു ഡ്രൈവര്‍ വളയം അല്‌പം തിരിച്ചു. ബ്രേക്കില്‍ കാലമര്‍ന്നു.... നിമിഷങ്ങള്‍ക്കകം കാര്‍ കീഴ്‌ക്കാം തൂക്കായ കൊക്കയിലേക്കു മറിഞ്ഞു. പിന്നെ ഒരു യുവാവിന്റെ നിലവിളി അടിവാരത്ത് നിന്നു ഉയര്‍ന്നു. 'എന്റെ ചാച്ചനെ രക്ഷിക്കൂ, കാറില്‍ ചാച്ചനുണ്ട്'' ഓരോ വട്ടവും കാര്‍ മറിയുമ്പോള്‍ മകന്റെ നെഞ്ചില്‍ തീ ആളി. കുറച്ചു കഴിഞ്ഞപ്പോള്‍ നിശബ്‌ദതമാത്രം. മുകളില്‍ ചില വാഹനങ്ങളുടെ വെളിച്ചം. ആള്‍ക്കൂട്ടം. മരണം വഴിമാറിയ നെഞ്ചിടിപ്പു നിലയ്‌ക്കാറായ അനുഭവത്തിനു സാക്ഷി തൊടുപുഴ മുതലക്കോടം പനച്ചിനാനിക്കല്‍ ടോമി (45). പിതാവ് ജോസഫിനും (83) ജീവന്‍ തിരിച്ചുകിട്ടിയെന്നു വിശ്വസിക്കാനാവുന്നില്ല. കാര്‍ മറിയുമ്പോള്‍ ടോമിക്കു സുബോധം. മരത്തില്‍ തട്ടി നൂറടിയോളം താഴേക്കു ഡോര്‍ തുറന്നുവീഴുമ്പോള്‍ ആധി പിതാവിനെക്കുറിച്ചു മാത്രം. അവിടെനിന്നു 250 അടിയോളം താഴെ പിതാവും തെറിച്ചുവീണെന്നു അപ്പോള്‍ മകന്‍ കരുതിയില്ല. മരണം വഴുതിമാറിയ ആശ്വാസത്തില്‍ മറ്റൊന്നും ചിന്തിക്കാതെ കുത്തനെ മുകളിലേക്കു കയറി. ''ദൈവകരം എന്നെ താങ്ങി''. റോഡില്‍ നോക്കിനിന്നവര്‍ക്കു പെട്ടെന്നു വിശ്വസിക്കാവുന്ന കാഴ്‌ചയായിരുന്നില്ല അത്. പോറല്‍പോലും ഏല്‍ക്കാത്ത ടോമിയെ പെട്ടെന്ന് എത്തിയ പോലീസ് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിതാവിനെ രക്ഷിക്കണമെന്നു നിലവിളിച്ചപ്പോള്‍ രക്ഷപെടാന്‍ സാധ്യതയില്ലെന്നു പലരും പറഞ്ഞു. വടമില്ലാതെ കീഴേയ്‌ക്കു ഇറങ്ങാനാവില്ലെന്നും. വന്‍ വീഴ്‌ചയില്‍ പോറലേല്‍ക്കാത്ത ടോമി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത അനുഭവമാണ് പിന്നീടുണ്ടായത്. 2000 ത്തില്‍പരം അടി താഴ്‌ചയുള്ള കൊക്കയില്‍ പതിച്ച പിതാവിനെയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇതേ ആശുപത്രിയില്‍ കൊണ്ടുവന്നു. അബോധാവസ്‌ഥയിലായ പിതാവിന്റെ തലയില്‍ മാരക പരിക്കും രക്‌തസ്രാവവും പ്രതീക്ഷ വേണ്ടെന്നു പലരും സൂചിപ്പിച്ചു. അപ്പോള്‍ ഈ മധ്യവയസ്‌ക്കന്‍ തിരക്കിയതു ബന്ധുവായ ഡോ.റോസ് ടോമിനെയാണ്. ഈ ഡോക്‌ടര്‍ നേരിട്ടു വന്നപ്പോള്‍ ആശ്വാസം. അതീവ ഗുരുതരമല്ല. പിന്നെ മുതലക്കോടം ആശുപത്രിയിലേക്കു ഇരുവരെയും മാറ്റുകയായിരുന്നു. മറിയുന്ന വാഹനത്തിന്റെ ശബ്‌ദവും ഹെഡ്‌ലൈറ്റിന്റെ മിന്നലും 2000 അടിയിലേറെ താഴെയുള്ള പൂച്ചപ്ര ടൗണിലെ ആളുകള്‍ കണ്ടു. അവര്‍ ഉടനെ താഴെനിന്നു വട്ടം കയറി ജോസഫിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. എതിര്‍വശത്തെ മലയോരമായ പൂമാല വെയ്‌റ്റിംഗ് ഷെഡിലിരുന്നവരും വാഹനം പതിക്കുന്നതുകണ്ടു. അവരില്‍ ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. ഉരുണ്ടുവന്ന പാറക്കഷണം കാലില്‍ ഉടക്കിയിരുന്നു. ഈ സ്‌ഥലത്തിനു താഴെ കിഴുക്കാംതൂക്കായ പാറ നെടുനീളെ രണ്ടായി തിരിഞ്ഞ് ചെറിയ തോട്. ഈ പാറയിടുക്കിലാണ് തകര്‍ന്നു തരിപ്പണമായ കാര്‍. കാരകുന്നേല്‍ ഷാജിയുടെ സ്‌ഥലത്തിന്റെ അതിരാണിത്. ഇയാളുടെ വീട്ടില്‍ നിന്ന് 500 അടിയോളം മുകളിലായിരുന്നു കാര്‍ പതിച്ചത്. ഇതേ സ്‌ഥലത്ത് കാര്‍ പതിച്ച് മുമ്പ് ഒരാള്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ജോസഫിനു ഒന്നും ഒര്‍മയില്ല. വാഹനം പാളിയെന്നു മാത്രം അറിയാം. കണ്ണുതുറക്കുമ്പോള്‍ ആശുപത്രിയിലാണ്. അപകടം നടക്കുമ്പോള്‍ ജോസഫിന്റെ ഒന്‍പതുമക്കളുടെയും വീടുകളില്‍ പ്രാര്‍ഥന. തങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ഥനയുടെ ശക്‌തികൊണ്ടാണെന്നും ദൈവാനുഗ്രഹം കൊണ്ടാണെന്നും ഇരുവരും ഉറക്കെപ്പറയുന്നു. അപകടവിവരം വീടുകളില്‍ അറിഞ്ഞപ്പോള്‍ ടോമിയുടെ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. പക്ഷേ, മറുപടി കിട്ടാതായപ്പോള്‍ കുടുംബാംഗങ്ങള്‍ക്കു വിഷമം. സംഭവസ്‌ഥലത്ത് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ വിവരം ടോമി വിളിച്ചുപറഞ്ഞപ്പോള്‍ ഭാര്യ പൗളിനും മക്കളായ ആനോളിനും അനൂപിനും അരുണിനും വിശ്വാസമായി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുകൊണ്ടാണു തങ്ങള്‍ രക്ഷപ്പെട്ടതെന്നു ടോമിയും പിതാവും ഒരുപോലെ പറയുന്നു. വാഹനം പുറത്തിറക്കിയാല്‍ ബെല്‍റ്റ് ധരിക്കുന്ന ടോമി ഏതോ ഉള്‍പ്രേരണ മൂലം ഒഴിവാക്കുകയായിരുന്നു. നെടുങ്കണ്ടത്തെ കൃഷിഭൂമിയിലായിരുന്ന ടോമി പിതാവിനെ മുരിക്കാശേരിയില്‍ നിന്നു കൂട്ടാന്‍ ചെന്നപ്പോള്‍ ബെല്‍റ്റു ധരിച്ചിരുന്നു. വാഹനം വീട്ടിലേക്കു കയറാന്‍ ശ്രമിച്ചപ്പോള്‍ ബെല്‍റ്റ് അഴിക്കുകയായിരുന്നു. ഈ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. ബെല്‍റ്റുണ്ടായിരുന്നെങ്കില്‍ വാഹനത്തിന്റെ ഗതിയുണ്ടാകുമായിരുന്നു. മകനോടൊപ്പം മുതലക്കോടത്തു താമസിക്കുന്ന ജോസഫ് പതിവായി മുരിക്കാശേരിയിലെ കൃഷിഭൂമിയില്‍ തങ്ങും. പണിക്കാര്‍ക്കു കൂലികൊടുത്തശേഷം എല്ലാ ആഴ്‌ചയിലും വീട്ടിലേക്കു മടങ്ങും. 1960 ല്‍ രാമപുരം പിഴകില്‍ നിന്നു തൊടുപുഴയ്‌ക്കു കുടിയേറിയ ജോസഫ് ഇവിടത്തെ സ്‌ഥലം വില്‍ക്കാതെ ഹൈറേഞ്ചിലേക്കു കയറി. മക്കള്‍ക്കെല്ലാം അവിടെ സ്‌ഥലമുണ്ട്. താമസം ലോറേഞ്ചിലും. പഴയമണ്ണിന്റെ കരുത്തിന്റെയും നന്മയുടെയും പ്രതീകമായ ജോസഫ് ദൈവത്തിനു നിറഞ്ഞ മനസോടെ നന്ദിപറയുന്നു. ഇതിനു മുമ്പു പലവട്ടം മരണം ഇദ്ദേഹത്തിനു വട്ടമിട്ടു പറന്നിട്ടുണ്ട്. ഒരിക്കല്‍ കൊന്നത്തെങ്ങിന്റെ മുകളില്‍ നിന്നു പച്ചത്തേങ്ങ വീണതു തലയിലേക്ക്. തേങ്ങ പൊട്ടിച്ചിതറിയെന്നുമാത്രം. ഇത്തിരി ചതഞ്ഞു, തൊലിയും പൊട്ടി. കേട്ടവര്‍ നെറ്റിചുളിച്ചതുമിച്ചം. അടുത്ത ഊഴം കാലന്റെ രൂപത്തില്‍ എരുമയുടെ ആക്രമണം. കൃഷിചെയ്യാന്‍ ചെളിനിറഞ്ഞ പാടത്ത് വീട്ടിലെ എരുമയെ കുറ്റിയില്‍ കെട്ടി. ഇതിനെ മാറ്റിക്കെട്ടിയേക്കാമെന്നു ജോസഫ് വിചാരിച്ചു. പിന്നെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ചെളിയില്‍ പുതഞ്ഞ താന്‍ മരിക്കുകയാണെന്ന് കരുതി. പക്ഷേ, എങ്ങിനെയോ ആയുസിന്റെ നീളം കൂടി. ഒരു വേളയില്‍ തൊട്ടുമുന്നില്‍ മോന്തയുമായി നിന്ന എരുമയുടെ മൂക്കുകയറില്‍ ഒരുകൈ പിടിമുറുക്കി. അടുത്ത നിമിഷം എരുമ ചെളിയില്‍ മലര്‍ന്നടിച്ചു വീണു. മുകളില്‍ ജോസഫും. ഈ രക്ഷപെടല്‍ ഇന്നും അവിശ്വസനീയം. അടുത്തതായിരുന്നു ഏറ്റവും വലിയ പരീക്ഷണം. മുരിക്കാശേരിയില്‍ കാല്‍നൂറ്റാണ്ടുമുമ്പ് ഒരു കണ്ണിന്റെ കാഴ്‌ചയെടുത്ത സംഭവം ഇന്നും വേട്ടയാടുന്നു. അന്നു കേരള കോണ്‍ഗ്രസ് (ജെ)യുടെ നിയോജകമണ്ഡലം പ്രസിഡന്റ്. അന്നത്തെ സബ് ഇന്‍സ്‌പെക്‌ടറുമായി അല്ലറചില്ലറ വിദ്വേഷം. പാര്‍ട്ടി പിളര്‍ന്ന കാലം. ഇന്‍സ്‌പെക്‌ടറുടെ ഒത്താശയോടെ കവലയില്‍ നിന്നു നടന്നുപോയ ജോസഫിനുനേരെ ആസിഡ് ബള്‍ബുകൊണ്ട് ചിലര്‍ ആക്രമിച്ചു. തളര്‍ന്നുവീണ ഇദ്ദേഹം നീണ്ടകാലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചു. കാഴ്‌ചയെടുത്ത ആക്രമണത്തിനുശേഷം രാഷ്‌ട്രീയ പ്രവര്‍ത്തനം നിര്‍ത്തി. നീണ്ടകാലം കൃഷിസ്‌ഥലത്ത് നിന്നു വിട്ടുനിന്നു. ദൈവം ഏറെ സ്‌നേഹിക്കുകയാണെന്നു ജോസഫ് പറയുന്നു. അപകടമുണ്ടാകുന്നത് ഗൃഹപ്പിഴ കാലത്താണ്. രക്ഷപെടുന്നത് ദൈവാനുഗ്രഹം കൊണ്ടും. സ്‌റ്റീഫന്‍ അരീക്കര | ||
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment