ലോകത്തിന്റെ തിരശീലയില്‍ ഒരു മലയാള സിനിമ! | ||||||
കേരളം ഉള്‍പ്പെടെ നാലു സംസ്‌ഥാനങ്ങളിലായി 177 ദിവസങ്ങള്‍ നീണ്ടുനിന്ന പഴശിരാജയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയിലെ തന്റെ വസതിയിലെത്തുമ്പോള്‍ സംവിധായകന്‍ ഹരിഹരന് അതൊരു യുദ്ധഭൂമിയില്‍നിന്നു തിരിച്ചെത്തിയാലെന്ന അനുഭവമായിരുന്നു. പടുകൂറ്റന്‍ സെറ്റുകള്‍ക്കുപുറമേ കടലോരങ്ങളിലും കുന്നിന്‍ചെരുവിലും കൊടുംകാട്ടിലും ഗുഹാമുഖത്തും പാറയിടുക്കുകളിലുമായുണ്ടായ ആ ഷൂട്ടിംഗ് അനുഭവങ്ങള്‍ 'മേക്കിംഗ് ഓഫ് പഴശിരാജ' എന്നൊരു പുസ്‌തകമാക്കി ചലച്ചിത്ര പഠിതാക്കള്‍ക്കു നല്‍കാനാണ് ഹരിഹരന്റെ തീരുമാനം. അതില്‍ അടിവരയിട്ടു പറയാവുന്ന ചില അനുഭവങ്ങളും കഷ്‌ടപ്പാടിന്റെ മലകയറ്റങ്ങളും ഹരിഹരന്‍ മംഗളം വായനക്കാരുമായി പങ്കുവയ്‌ക്കുന്നു. ആരംഭം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു തുടക്കംകുറിച്ചത് മംഗല്‍ പാണ്‌ഡെയാണെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ വില്യം ലോഗോന്റെ മലബാര്‍ മാന്വലില്‍ പറയുന്നത് അത് പഴശിരാജ ആണെന്നാണ്. മലബാര്‍ ചരിത്രം ഏറെ തെളിവുകളോടെ രചിച്ചിട്ടുള്ള ആധികാരിക ഗ്രന്ഥമായ മലബാര്‍ മാന്വലിനെ വിശ്വാസത്തിലെടുക്കാം. നീണ്ട ഒന്‍പതു വര്‍ഷമാണ് ബ്രിട്ടീഷുകാരോട് പഴശിരാജ യുദ്ധം ചെയ്‌തത്.
ഇരുപതു വര്‍ഷം മുന്‍പ് ഒരു സിനിമയെക്കുറിച്ച് ചിന്തിച്ച വേളയില്‍ ഈ കഥയായാലെന്ത് എന്ന് എം.ടി. ചോദിച്ചിരുന്നു. പക്ഷേ അന്നതു നടക്കാതെപോയി. പകരമാണ് ഒരു വടക്കന്‍ വീരഗാഥ ചെയ്യുന്നത്. ഇപ്പോള്‍ എം.ടി.യുടെ തിരക്കഥയിലും എന്റെ സംവിധാനത്തിലും ഉള്ളൊരു സിനിമ ചെയ്യാന്‍ ഗോകുലം ഫിലിംസ് ഉടമ ഗോപാലന്‍ വന്നപ്പോള്‍ അത് ഇതായിക്കൂടേ എന്ന് എം.ടി. ആഗ്രഹിച്ചു. ഇതിനുണ്ടാകുന്ന ചെലവ് വളരെ ഭീമമാണെന്നറിഞ്ഞിട്ടും ഗോകുലം ഗോപാലന്‍ ഈ ആഗ്രഹം ഒരു മലബാറുകാരനായ തന്റെയും ആഗ്രഹമാണെന്നു പറഞ്ഞ് മുന്നോട്ടുവന്നു. അങ്ങനെയാണ് കോടാനുകോടി രൂപയുടെ മുതല്‍ മുടക്കില്‍ പഴശിയുടെ ജീവിതം സിനിമയാകുന്നത്. ക്യാമറയുമായി 200 വര്‍ഷം പിന്നിലേക്ക്
പഴശിരാജ ബ്രിട്ടീഷുകാരുമായി ഒളിയുദ്ധം നടത്തിയത് വയനാടന്‍ കാടുകളിലാണ്. പക്ഷേ ഇന്നത്തെ വയനാടന്‍ കാട് നിബിഢമല്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും അങ്ങനെയൊരു കാട് തിരഞ്ഞു കാണാതെ അന്വേഷണം അന്യ സംസ്‌ഥാനങ്ങളിലേക്കും നീട്ടേണ്ടിവന്നു. ഒടുവില്‍ ആന്‌ധ്രയിലെ തിരുപ്പതിയില്‍നിന്ന് എഴുപതു കിലോമീറ്റര്‍ അകലെയുള്ള തലക്കോണ എന്ന വനപ്രദേശമാണ് ഗറില്ലായുദ്ധം ഷൂട്ട് ചെയ്യാന്‍ കണ്ടെത്തിയത്. ഇങ്ങനെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലെ ഇതരഭാഗങ്ങളും ലൊക്കേഷനുകളായി. അതുപോലെ വടക്കന്‍ കേരളത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ടെലിഫോണ്‍ ലൈനും ടി.വി. കേബിളും വൈദ്യുതിലൈനും മൊബൈല്‍ ടവറും ഒന്നുമില്ലാത്ത നാട്ടിന്‍പുറങ്ങള്‍ കണ്ടെത്താനും നന്നേ അലയേണ്ടിവന്നു. ഇതിനേക്കാളൊക്കെ ക്ലേശകരമായിരുന്നു ഇരുനൂറു വര്‍ഷം മുന്‍പുള്ള വീട്, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, വസ്‌ത്രങ്ങള്‍, ചെരിപ്പ്, ആയുധങ്ങള്‍, വിളക്ക്, കുതിരവണ്ടി തുടങ്ങിയവയുടെ കണ്ടെത്തല്‍. കിട്ടാത്തതൊക്കെ ചരിത്രരേഖകളുടെയും ബ്രിട്ടീഷ് ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെയും സഹായത്താല്‍ പുനര്‍ നിര്‍മ്മിച്ചു. നമ്പൂതിരി വരച്ച രൂപരേഖകള്‍ മുന്‍നിര്‍ത്തിയാണ് അക്കാലത്തെ വസ്‌ത്രങ്ങള്‍ തുന്നിയത്. ഇതിനെല്ലാമായി ഒരു റിസേര്‍ച്ച് വിഭാഗംതന്നെ പ്രവര്‍ത്തിച്ചിരുന്നു. കലര്‍പ്പില്ലാത്ത കഥ, യഥാതഥമായ ആവിഷ്‌ക്കാരം
ചരിത്രത്തോട് അങ്ങേയറ്റം നീതി പുല ര്‍ത്തിക്കൊണ്ടുള്ളതാണ് ഇതിന്റെ രചന. എം.ടി. ഇതാദ്യമായാണ് ഒരു സിനിമയ്‌ക്കുവേണ്ടി ഒന്നിലധികം രീതിയില്‍ തിരക്കഥയെഴുതുന്നത്. പല വീക്ഷണകോണുകളില്‍ എഴുതിയ സ്‌ക്രിപ്‌റ്റ് പല ആവര്‍ത്തി പരിശോധിച്ചും തിരുത്തിയുമാണ് ഷൂട്ട് ചെയ്‌ത തിര രൂപത്തില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭകാലം പശ്‌ചാത്തലമാക്കിയെടുക്കുന്ന ഈ ചിത്രം ലോകം മുഴുവന്‍ കാണണമെന്നും അതിനുള്ള നിലവാരം ഉണ്ടായിരിക്കണമെന്നും നിശ്‌ചയിച്ചു തന്നെയാണ് ഞങ്ങളെല്ലാം ഇറങ്ങിപ്പുറപ്പെട്ടത്. മുന്‍പും പഴശിരാജയെപ്പറ്റി ചലച്ചിത്രവും നാടകവുമെല്ലാം ഇറങ്ങിയിട്ടുണ്ട്. ചരിത്രത്തേക്കാള്‍ ഭാവനയാണ് അതില്‍ മുന്നിട്ടുനിന്നത്. കച്ചവടഘടകങ്ങള്‍ കലര്‍ത്തുമ്പോള്‍ ചരിത്രം ദുഷിക്കും എന്നത് ഒരു സത്യമാണല്ലോ. പക്ഷേ ഈ പഴശിചിത്രം പഴശിരാജ നായകനും ബ്രിട്ടീഷുകാര്‍ വില്ലന്‍മാരുമായ ഒരു കൊമേഴ്‌സ്യല്‍ ചിത്രമല്ല. ഈ സിനിമയില്‍ ബ്രിട്ടീഷുകാര്‍ കടന്നുവരുന്നത് നേരേ ചരിത്രത്തില്‍നിന്നുതന്നെയാണ്. ഈസ്‌റ്റ് ഇന്ത്യാ കമ്പനി മലബാറില്‍ സ്‌ഥാപിച്ച കോളനി ഭരിച്ചിരുന്ന വെള്ളക്കാരത്രയും കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. സബ്‌കലക്‌ടര്‍ തോമസ് ഹെര്‍വിന്‍ബാബര്‍, ജെയിംസ് കോര്‍ഡര്‍ സിക്കിള്‍സണ്‍, കേണല്‍ ഈഗിള്‍സ്, ഗവര്‍ണര്‍ ഡെങ്കന്‍ തുടങ്ങിയവരുടെ ഒരു നിരതന്നെയാണ് ചിത്രത്തില്‍. ഇംഗ്ലണ്ടില്‍നിന്നു വന്ന സ്‌റ്റേജ് ആര്‍ട്ടിസ്‌റ്റുകളാണ് ഈ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് സൈനികരായും അഭിനയിക്കുന്നത് യഥാര്‍ഥ വെള്ളക്കാര്‍ തന്നെ. എണ്ണമറ്റ പ്രതിസന്ധികള്‍ ഈ സിനിമ പൂര്‍ത്തീകരിക്കാനാവുമോ എന്നു പേടിച്ച നിരവധി വിഘ്‌നങ്ങള്‍ ഷൂട്ടിംഗിനിടയില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഇച്‌ഛാശക്‌തിയാണ് മുന്നോട്ടു നയിച്ചത്. ഇത്രദിവസം ഷൂട്ട് ചെയ്‌ത (177 ദിവസം) ഒരു മലയാള സിനിമയും മുമ്പുണ്ടായിട്ടില്ല. ഇത്രയും ആളുകളും (2000 പേര്‍) ഒരു ചിത്രത്തിലും പങ്കെടുത്തിട്ടില്ല. നായകനടന്‍ മമ്മൂട്ടിക്ക് പഴശിരാജയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ് ക്യാമറയ്‌ക്കു മുന്‍പില്‍ നില്‍ക്കേണ്ടിവന്നത് നൂറുദിവസമാണ്. തമിഴ്‌നടന്‍ ശരത്‌കുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങള്‍ക്കും ഒരുപാട് കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. മലയാള സിനിമ ഉള്ളകാലമത്രയും ഓര്‍മ്മിക്കപ്പെടുന്നൊരു സിനിമയായിരിക്കും പഴശി രാജ എന്നാണ് എന്റെ എളിയവിശ്വാസം. ഇതൊരു മലയാള സിനിമയല്ല, ഇന്ത്യന്‍ സിനിമയെന്നു വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അത്രമാത്രം നിലവാരം ഈ സിനിമ പുലര്‍ത്തുന്നുണ്ട്. N.M. Navas |
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment