Monday, October 26, 2009

വാരണാസിതന്‍ ചെണ്ടയുണര്‍ന്നുണര്‍ന്നു...














പൊന്നാരംതോട്ടത്തെ വാരണാസി ഇല്ലത്തിപ്പോള്‍ പഴയപോലെ മഹാപ്രതിഭകള്‍ വിരുന്നുവരാറില്ല. രാമലക്ഷ്‌മണന്മാരെപ്പോലെയായിരുന്നു വാരണാസി മാധവന്‍ നമ്പൂതിരിയും വിഷ്‌ണു നമ്പൂതിരിയും.... മദ്ദളത്തിന്റെ ഇടന്തലയും വലന്തലയുംപോലെ പരസ്‌പര പൂരിതം.

അസുരവാദ്യമായ ചെണ്ടയില്‍ കൊടുങ്കാറ്റ്‌ തീര്‍ത്ത വാരണാസി മാധവന്‍ നമ്പൂതിരി ദേവനന്മകളുള്ള എളിമയുള്ള മനുഷ്യനായിരുന്നു. അനുജന്‍ വിഷ്‌ണുവും വ്യത്യസ്‌തനായില്ല...

വാരണാസി വിഷ്‌ണു നമ്പൂതിരിയുടെ മനസിന്റെ കളിയരങ്ങില്‍ ഓര്‍മകളുടെ കേളികൊട്ട്‌.

''ജ്യേഷ്‌ഠനെപ്പോലെ ചെണ്ടയോ മൃദംഗമോ അഭ്യസിക്കാനായിരുന്നു മോഹം. പക്ഷേ, അങ്ങിനെയായാല്‍ രണ്ടുപേരും രണ്ടുവഴിക്കാകുമോ എന്ന്‌ ഞാന്‍ ഭയന്നു. അങ്ങനെ ജ്യേഷ്‌ഠന്റെ നിഴലാകാന്‍ മദ്ദളം അഭ്യസിക്കാന്‍ തീരുമാനിച്ചു...'' അതൊരു കാലം...!!

മാവേലിക്കര വാരണാസി ഇല്ലത്തെ ചന്ദന-കര്‍പ്പൂര സുഗന്ധസാന്ദ്രതയില്‍, ആത്മീയതയുടെ ചാരുകസാലയിലിരുന്ന്‌ വാരണാസി വിഷ്‌ണു നമ്പൂതിരി ഗതകാലം പരതുകയാണ്‌.

''...തുടക്കത്തില്‍ ഒരു നൂറ്‌ വൈതരണികളുണ്ടായിരുന്നു. ഈ നമ്പൂരാര്‍ക്ക്‌ പൊതുവാള്‍മാരുടേം മാരാര്‍മാരുടേം കഞ്ഞികുടി മുട്ടിക്കണോ എന്നായിരുന്നു സ്വജാതീലുള്ള ചില കാര്‍ണോര്‍മാരുടെ സന്ദേഹം. ഈ വാരണാസിമാര്‍ക്ക്‌ ശീവേലിക്ക്‌ കൊട്ടിയാല്‍ പോരേ എന്ന്‌ കല്ലുവഴിച്ചിട്ടയില്‍ പ്രാവീണ്യമുള്ള ചില വടക്കന്‍ വീരന്മാരുടെ ചോദ്യം... കേരളത്തില്‍ തെക്ക്‌- വടക്ക്‌ സ്‌പര്‍ധ പണ്ടുമുതലേയുണ്ട്‌. അതിന്റെ വൈഷമ്യങ്ങള്‍ ഞങ്ങള്‍ വേണ്ടതിലേറെ അനുഭവിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ അത്‌ തെല്ലുകുറഞ്ഞിട്ടുണ്ടെന്നാണ്‌ കേട്ടറിവ്‌. എങ്കിലും ഗോപിയാശാനും കടവൂര്‍ വാസുദേവന്‍ നായര്‍ക്കുമെല്ലാം ദേശീയ ബഹുമതികള്‍ കിട്ടിയപ്പോള്‍ തെക്കന്‍ ദേശത്താണ്‌ മികച്ച സ്വീകരണങ്ങള്‍ ലഭിച്ചത്‌. പ്രതിഫലത്തിന്റെ കാര്യത്തിലും ഓണാട്ടുകര തന്നെയാണ്‌ മെച്ചം എന്നാണ്‌ ഞങ്ങളുടെ അനുഭവം.

? ശ്രീകുമാരന്‍ തമ്പിയും 'വാരണാസിതന്‍ ചെണ്ട'യെക്കുറിച്ച്‌ ഹിറ്റ്‌ പാട്ടെഴുതിയിട്ടുണ്ടല്ലോ (ഉത്തരാസ്വയംവരം)

ഉണ്ട്‌... അടുത്തിടെ എനിക്കുള്ള ഒരു പുരസ്‌കാരച്ചടങ്ങില്‍ തമ്പിസാര്‍ മുഖ്യാതിഥിയായിരുന്നു. നല്ല മനുഷ്യനായതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ തൊട്ടതെല്ലാം പൊന്നാക്കാനായത്‌. 'വാരണാസി'യുടെ പേര്‌ പാട്ടില്‍ കേട്ടപ്പോള്‍ വടക്കന്‍ ദേശത്തുനിന്നുണ്ടായ എതിര്‍പ്പുകളെക്കുറിച്ച്‌ അദ്ദേഹം സവിസ്‌തരം പറഞ്ഞു.

? ഈ തെക്ക്‌-വടക്ക്‌ വേര്‍തിരിവ്‌ ഇന്നും ഉണ്ടോ.

വിദ്യാഭ്യാസം കൂടിയില്ലേ? അന്നത്തെപ്പോലെ ഉണ്ടാവില്ല. ഞങ്ങളുടെ ആരംഭകാലത്ത്‌ ചെണ്ടയും മദ്ദളവും ഇലത്താളവും മാത്രമേ കഥകളിക്ക്‌ പിന്നണിയിലുണ്ടായിരുന്നുള്ളൂ. കട്ടിക്കസവുമുണ്ടും വീരാളിപ്പട്ടും നാലുമടക്ക്‌ മാലയുമൊക്കെയായിരുന്നു വാദ്യക്കാരുടെ വേഷം. ഞങ്ങള്‍ ഖദര്‍ വസ്‌ത്രമായിരുന്നു ധരിക്കാറ്‌. അതുതന്നെ വേഷംകൊണ്ട്‌ മാത്രം വമ്പന്മാരായി വിലസിയിരുന്ന ചിലര്‍ക്ക്‌ ഈര്‍ഷ്യ ഉണ്ടാകാന്‍ ഇടയായി.

? അക്കാലത്ത്‌ പ്രതിഫലം...

തുടക്കത്തില്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും മറ്റും നാലുദിവസത്തെ കളിക്ക്‌ തുടക്കത്തില്‍ ഏഴ്‌ ക. ജ്യേഷ്‌ഠന്‌ 30 ക. വരെ കിട്ടിയിരുന്നു. വാസ്‌തവത്തില്‍ കഥകളി കലാകാരന്മാരുടെ പ്രതിഫലത്തിനായി പോരാടിയ ഒറ്റയാള്‍ പട്ടാളം കലാമണ്ഡലം കൃഷ്‌ണന്‍നായരായിരുന്നു. ഹരിചന്ദ്രന്റെ രണ്ടു വേഷങ്ങള്‍ക്ക്‌ 75 ക. കിട്ടിയേ മതിയാകൂ എന്ന്‌ അദ്ദേഹം പരസ്യമായി ശഠിച്ചു. അക്കാലത്ത്‌ അതൊരു വലിയ വാര്‍ത്തയായിരുന്നു. രജനീകാന്ത്‌ 50 കോടി ആവശ്യപ്പെട്ടു എന്നൊക്കെ ഇന്ന്‌ എഴുതുമ്പോലെ...!

? സാമ്പത്തിക നേട്ടം ഇന്നാണെങ്കിലും അത്‌ കഥകളിയുടെ പുഷ്‌കലകാലമായിരുന്നില്ലേ.

അതെ. ഒരിക്കല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പത്തു ദിവസം തുടര്‍ച്ചയായി കളിയുണ്ടായിരുന്നു. എഴുപതുകളില്‍ ഒരു ഫെബ്രുവരി മാസം തുടര്‍ച്ചയായി 28 ദിവസവും കളിയരങ്ങിലായിരുന്നു.

? അരങ്ങിലെ സംതൃപ്‌തി.

തീര്‍ച്ചയായും ഇന്നത്തെക്കാള്‍ കൂടുതലായിരുന്നു. ഒരിക്കല്‍ മദ്ദളം അരയിലേറ്റിയാല്‍ മറ്റൊരു ലോകത്താകും. ഗുരു ചെങ്ങന്നൂര്‍, മാങ്കുളം, കൃഷ്‌ണന്‍നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കുടമാളൂര്‍... ഇവരുടെയൊക്കെ അഭിനയത്തികവില്‍ സ്വര-നാദ-ഭാവങ്ങളുടെ ഒരു സ്വര്‍ഗലോകത്തുതന്നെയാകും ഞങ്ങള്‍.

? അരങ്ങിന്‌ പുറത്തെ കഷ്‌ടതകളോ.

അതും ഇന്നത്തേതിന്റെ പത്തിരട്ടി. ഒരു മദ്ദളം വാങ്ങണമെങ്കില്‍ പെരുവമ്പില്‍ പോകണം. ക്ഷേത്രപ്പറമ്പിലെ പ്ലാവിന്റെ തടി കൊണ്ടുള്ളതുതന്നെ വേണമെന്ന്‌ എനിക്ക്‌ നിര്‍ബന്ധമായിരുന്നു. അതിന്‌ നാദശുദ്ധി കൂടും. മദ്ദളം മംഗളവാദ്യമാണ്‌. ദേവവാദ്യമെന്നും പറയും. ശിവതാണ്‌ഠവത്തിന്‌ അനിവാര്യമാണ്‌. കഥകളിയില്‍ പരിഷ്‌കാരങ്ങള്‍ കൂടുന്നതിന്‌ മുമ്പ്‌ മദ്ദളമായിരുന്നു അകമ്പടി. കോട്ടയം തമ്പുരാന്റെ കാലത്താണ്‌ അസുരവാദ്യമായ ചെണ്ടയെ കളിയരങ്ങിലേക്ക്‌ ആനയിച്ചത്‌. അക്കാലത്ത്‌ മദ്ദളം സ്‌ത്രീ വേഷക്കാരുടെ ചലനങ്ങള്‍ക്കൊത്തു മാത്രം മുഴങ്ങി.

ശുദ്ധമദ്ദളത്തിന്‌ ഏതാണ്ട്‌ 15 കി.ഗ്രാം തൂക്കംവരുമായിരുന്നു (ഇന്നത്‌ കുറഞ്ഞിട്ടുണ്ട്‌). യാത്രയിലുടനീളം ശരീരത്തിന്റെ ഒരനുബന്ധംപോലെ ഞങ്ങള്‍ ചുമന്നുനടന്നു. മറ്റൊരു കൈമാറാതെ. പിന്നെ ഈ ഭാരം അരയില്‍ തൂക്കി അഞ്ചും ആറും മണിക്കൂര്‍ വേദിയില്‍. നീണ്ട അഞ്ചു ദശകങ്ങള്‍... ഇതിന്റെയൊക്കെ ഫലമായി തണ്ടെല്ലിന്‌ തുടര്‍ച്ചയായി അസ്വാസ്‌ഥ്യങ്ങളുണ്ട്‌ ഇപ്പോള്‍. പലപ്പോഴും അരങ്ങിന്റെ പിന്നില്‍ ചാക്ക്‌ വിരിച്ചായിരുന്നു ഉറക്കം. അപ്പോഴും നിവൃത്തിയുണ്ടെങ്കില്‍ മണ്ണൂര്‍മഠം ശിവക്ഷേത്രത്തിലെ ശാന്തി മുടക്കാതെ നോക്കുമായിരുന്നു.

? ഗുരുനാഥന്മാര്‍....

ഹൈസ്‌കൂള്‍ കാലത്തുതന്നെ മദ്ദളവാദനം അഭ്യസിച്ചു തുടങ്ങിയിരുന്നു. 52- ല്‍ ഇതേ ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട്‌ കലാമണ്ഡലത്തിലും ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിലും ഉപരിപഠനം. അക്കാലത്ത്‌ സുതാര്യമായ ഒരു അക്കാദമിക്‌ സിലബസ്‌ ഉണ്ടായിരുന്നില്ല. റഫറന്‍സ്‌ ഗ്രന്ഥങ്ങളുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ നമ്പീശനുണ്ടാക്കിയ സിലബസുണ്ട്‌. കലാമണ്ഡലം ശങ്കരവാര്യരുടെ 'മദ്ദളം മംഗളവാദ്യം'പോലുള്ള പുസ്‌തകങ്ങളുണ്ട്‌. മദ്ദളത്തിന്റെ ഇരുവശത്തും തുകല്‍ തൊപ്പിക്ക്‌ പകരം പ്ലാവിന്‍പലകയുള്ള ഉപകരണത്തിലായിരുന്നു വാദ്യപഠനം. പലപ്പോഴും വിരലുകളില്‍ ചോരകിനിഞ്ഞിട്ടുണ്ട്‌.

? പുരസ്‌കാരങ്ങള്‍.

72- ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം ചെന്നിത്തല ചെല്ലപ്പന്‍പിള്ളയുടെയും വീരമണി അയ്യരുടെയും സ്‌മാരക പുരസ്‌കാരങ്ങള്‍, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം കലാമണ്ഡലം ഹൈദരാലി അവാര്‍ഡ്‌, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ സ്‌മാരക അവാര്‍ഡ്‌, മാവേലിക്കര കഥകളി ക്ലബില്‍നിന്നും വീരശൃംഖല.... പിന്നെയും നിരവധിയുണ്ട്‌.

? എന്തേ അകാലത്തില്‍ അരങ്ങിനെ ഉപേക്ഷിച്ചത്‌..? ഇപ്പോള്‍ പൂര്‍ണ സംതൃപ്‌തനാണോ.

ജ്യേഷ്‌ഠനോടൊപ്പം വാരണാസി സഹോദരന്മാരായാണ്‌ അരങ്ങില്‍ കാലുറപ്പിച്ചത്‌. ജ്യേഷ്‌ഠന്റെ വിയോഗത്തോടെ അരങ്ങിനോട്‌ വിടപറഞ്ഞു. കൈലാസനാഥന്റെ പൂജാരിയായി കഴിയുന്നു. ഒന്നു കണ്ണടച്ചിരുന്നാല്‍ മതി. കടലിരമ്പുംപോലെയുള്ള ജ്യേഷ്‌ഠന്റെ വാദ്യഘോഷം കേള്‍ക്കാം. മാങ്കുളത്തിന്റെ നളനെയും മുകുരഭ്രമര മുദ്രകളും കാണാം.

? വാരണാസി കുടുംബത്തിലെ പുത്തന്‍തലമുറയ്‌ക്ക് വാദ്യകലയോടുള്ള താത്‌പര്യം.

മകന്‍ നാരായണന്‍ നമ്പൂതിരി മദ്ദളം അഭ്യസിച്ചിട്ടുണ്ട്‌. എന്നാല്‍ അയാള്‍ ബാങ്കുദ്യോഗസ്‌ഥനാണ്‌. ജ്യേഷ്‌ഠന്റെ മകന്‍ കലാമണ്ഡലം നാരായണന്‍ നമ്പൂതിരി പുത്തന്‍ തലമുറയിലെ അറിയപ്പെടുന്ന ചെണ്ടവിദ്വാനാണ്‌. മധു വാരണാസിയും (സ്‌ത്രീ വേഷം) ഇപ്പോള്‍ നന്നേ പ്രശസ്‌തനാണ്‌.

? തിരിഞ്ഞുനോക്കുമ്പോള്‍...

അഴിയിടത്തുചിറ ഭഗവതി (ഞങ്ങളുടെ കുലദേവത)യുടെയും ശ്രീ പരമേശ്വരന്റെയും അനുഗ്രഹം. എം.എ. ബേബിയും രമേശ്‌ ചെന്നിത്തലയുമൊക്കെ ഈ ഇല്ലത്ത്‌ വന്നിട്ടുണ്ട്‌. കഥകളി ഗവേഷണവുമായി ബന്ധപ്പെട്ട്‌ സ്വദേശികളും വിദേശികളുമായ പല വിദ്യാര്‍ഥികളും എന്നെപ്പോലുള്ളവരെ ബഹുമാനിക്കുമ്പോള്‍ സന്തോഷമുണ്ട്‌. കഥകളിയിലെ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരുപാടു കലാകാരന്മാര്‍ സന്ദര്‍ശിച്ചിട്ടുള്ള ഇല്ലമാണിത്‌. എല്ലാം ദൈവകൃപ.

എങ്കിലും ഒരു ചെറിയ നൊമ്പരം ബാക്കിയുണ്ട്‌. ഇരുപതുകൊല്ലം സര്‍ക്കാര്‍ ജോലി ചെയ്യുന്ന ശിപായിമാര്‍ക്കുപോലും നല്ല തുക പെന്‍ഷന്‍ ലഭിക്കുന്നുണ്ട്‌. ഏതാണ്ട്‌ അരനൂറ്റാണ്ടോളം ദിനരാത്രങ്ങള്‍ കഠിനാധ്വാനം ചെയ്‌ത ഞങ്ങള്‍ക്ക്‌ വാര്‍ധക്യപീഡകള്‍ മാത്രം ബാക്കി. കേരള ലളിതകലാ അക്കാദമിയുടെ ചെറിയ പെന്‍ഷന്‍ തുക വിസ്‌മരിക്കുന്നില്ല. എങ്കിലും ഞങ്ങളെക്കാള്‍ കഴിവിലും പരിചയത്തിലും പ്രായത്തിലുമെല്ലാം പിന്നില്‍ നില്‍ക്കുന്ന പല കലാകാരന്മാരും പത്മശ്രീയും ദേശീയ പുരസ്‌കാരങ്ങളുമെല്ലാം ലഭിക്കുമ്പോള്‍ അസൂയപ്പെടാറില്ല. പകരം ഞങ്ങളുടെ തലമുറയിലെ പല നല്ല കലാകാരന്മാരും അവഗണിക്കപ്പെടുന്നില്ലേ എന്നൊരു സന്ദേഹം മാത്രം.

സുരേഷ്‌ വര്‍മ
25/10/2009

No comments:

Post a Comment