Monday, October 26, 2009

ഭ്രാന്തന്‌ കൂട്ട്‌ ഭട്ടതിരി












ചെങ്കുത്തായ കാട്ടുവഴിയിലൂടെ കൂറ്റന്‍ പാറകല്ലുകള്‍ ഉരുട്ടിക്കയറ്റി മലമുകളിലെത്തിച്ച്‌ കൈകൊട്ടിച്ചിരിച്ച്‌ താഴേക്ക്‌ തള്ളിവീഴ്‌ത്തിയ നാറാണത്തെ ദത്തുപുത്രനെ താഴ്‌വാരത്തുള്ളവര്‍ അന്ന്‌ ഭ്രാന്തനെന്ന്‌ വിളിച്ചു. ഭ്രാന്തന്‍ തെളിയിച്ച വഴിയിലൂടെ നടന്നുകയറി ദേവിയുടെ കാലടിപ്പാടുകള്‍ വാല്‍കണ്ണാടിയില്‍ വീഴ്‌ത്തി നാറാണത്തുകാര്‍ ക്ഷേത്രം പണിതിട്ട്‌ കാലമേറെ പിന്നിട്ടു.

എന്നാല്‍, പത്തമ്പതു വര്‍ഷമായി അതിരാവിലെ ഭക്‌തരില്ലാത്ത ഈ കാട്ടുവഴിതാണ്ടി മലമുകളിലെത്തി ദേവിക്ക്‌ മുടങ്ങാതെ പൂജ നടത്തി തിരിച്ചിറങ്ങുന്ന ഒരു വൃദ്ധ ബ്രാഹ്‌മണനുണ്ട്‌. കാഴ്‌ചമറയുന്ന കണ്‍പോളകള്‍ക്ക്‌ മുകളില്‍ കട്ടിക്കണ്ണട വെച്ച്‌ വലംകൈയില്‍ പൂജാദ്രവ്യങ്ങളും വിധിപാത്രങ്ങളുമായി ഭക്‌തരില്ലാത്ത വഴിയിലൂടെ ഏകനായി കയറിയിറങ്ങുന്ന ഈ വൃദ്ധ ബ്രാഹ്‌മണനെ ലാഭക്കണ്ണില്‍മാത്രം ബന്ധങ്ങള്‍പോലും അളക്കുന്ന നാമെന്തുവിളിക്കും...?!

കാണിക്കയായി നാലണപോലും അര്‍പ്പിക്കാനെത്താറില്ല ഭക്‌തരാരും. താഴെ അസംഖ്യം ക്ഷേത്രങ്ങളും മുപ്പത്തിമുക്കോടി ദേവഗണങ്ങളുമുള്ളപ്പോള്‍ അനുഗ്രഹത്തിനായി എന്തിന്‌ കുന്നുകയറണമെന്നാകും ചോദ്യം. പോരാത്തതിന്‌ ദേവാനുഗ്രഹം പോസ്‌റ്റല്‍ മാര്‍ഗ്ഗം പോലും നമ്മെ തേടിയെത്തുന്ന ഇക്കാലത്ത്‌...

എന്നാല്‍ പട്ടാമ്പി നാറാണത്തു മംഗലം ആമയൂര്‍മനയിലെ അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാടിന്‌ ലോകത്താകമാനം ക്ഷേത്രങ്ങളാല്‍ നിറഞ്ഞാലും അതിനെല്ലാം മുകളിലാണ്‌ മലമുകളിലെ ഈ ദുര്‍ഗ്ഗാക്ഷേത്രം. മലയോളംപോന്ന വിശ്വാസത്തില്‍ രൂപപ്പെടുത്തിയെടുത്ത അനുഷ്‌ഠാനം. രായിരനെല്ലൂര്‍ മലയിലെ ദേവിക്ഷേത്രത്തിലേക്ക്‌ അതിരാവിലെ പൂജാപാത്രങ്ങളും ദ്രവ്യങ്ങളുമായി നടന്നുകയറാത്ത ദിവസത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഭട്ടതിരിപ്പാടിന്‌ അതുകൊണ്ടുതന്നെ സാധിക്കില്ലായിരുന്നു.

വഴിയരികലെ കാട്ടുച്ചെടികളിലെ കരിനീല പൂക്കള്‍ പോലെ നീണ്ട അമ്പതുവര്‍ഷങ്ങളാണ്‌ കൊഴിഞ്ഞ്‌ വീണത്‌... മഞ്ഞും മഴയുമേറ്റ്‌ പാമ്പും മയിലും പത്തിയും പീലിയും വിരിച്ചാടിയ വഴികളിലൂടെ, ഒരു സാധനപോലെ നടന്നുകയറിയ പ്രഭാതങ്ങള്‍ മാത്രമാണ്‌ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയില്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഭട്ടതിരിപ്പാടിന്‌ ഓര്‍ക്കുവാനുള്ളത്‌.

15-ാം വയസിലാണ്‌ പിതാവില്‍നിന്ന്‌ പൂജാപാത്രങ്ങള്‍ ഏറ്റുവാങ്ങി സ്വന്തമായി ശാന്തിതുടങ്ങിയത്‌. അതുവരെ പിതാവിന്റെ നിഴല്‍പറ്റി പൂജാവിധികളത്രയും പഠിച്ചെടുത്തു. മനയുടെ സ്വന്തം ക്ഷേത്രമാണ്‌. ഭാഗംവച്ചപ്പോള്‍ ക്ഷേത്രത്തെ ഒരംഗമായി സങ്കല്‍പ്പിച്ച്‌ സ്വത്തുവകകള്‍ നല്‍കി ഒപ്പം നിര്‍ത്തിയ പാരമ്പര്യം.

പുകള്‍പെറ്റതായിരുന്നു നാറാണത്തുമംഗലം മന. വായ്‌നല്‍കിയ ദൈവത്തിനാണ്‌ കുഞ്ഞിന്‌ അന്നംനല്‍കേണ്ട ചുമതലയെന്ന ചിന്തയാല്‍ കുട്ടികളെ ഓരോന്നിനേയും വഴിയരികില്‍ ഉപേക്ഷിച്ച വരുരുചി. അതിലൊരാളെ എടുത്തുവളര്‍ത്തിയത്‌ നാറാണത്തുമംഗലത്തുകാരായി. കിലോമീറ്ററുകള്‍ക്കകലെ ചിത്തല്ലൂര്‍ മനയില്‍ കുട്ടിവളര്‍ന്നു. പിന്നീട്‌ കുട്ടിയെ വേദപഠനത്തിനായാണ്‌ രായിരനല്ലൂര്‍ ഭാഗത്തെത്തിച്ചത്‌. വേദസൂക്‌തങ്ങള്‍ കുട്ടിയില്‍ കനലായെരിഞ്ഞു. അറിവിന്റെ പൊലിമയില്‍, വ്യാഖ്യാനത്തിന്റെ വ്യാപനത്തില്‍ കുട്ടിയില്‍ ചിന്തകള്‍ ചിതറി. അത്‌ പൊതുസമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍നിന്ന്‌ കുതറിമാറി സ്വതന്ത്രമായി.

അങ്ങിനെ കുട്ടി രായിരനല്ലൂര്‍ മലമുകളിലേക്ക്‌ കഷ്‌ടപ്പെട്ട്‌ പാറകല്ലുകള്‍ ഉരുട്ടികയറ്റി പിന്നെ താഴേക്ക്‌ തള്ളി ആര്‍ത്തുചിരിച്ചു. താഴ്‌വാരത്തിലെ അല്‍പ്പജ്‌ഞാനികളായ പരിഷ്‌കൃത സമൂഹം കുട്ടിയുടെ ചിരിമാലകളില്‍ കുടുങ്ങി 'നാറാണത്തെ കുട്ടി'ക്ക്‌ ഭ്രാന്താണെന്ന്‌ മുദ്രകുത്തി. എന്നാല്‍ ഈ ഭ്രാന്ത്‌ തങ്ങളുടെ ജീവിതത്തെയാണ്‌ നിര്‍വ്വചിക്കുന്നതെന്നറിഞ്ഞപ്പോള്‍ അവര്‍ക്കിത്‌ തത്വശാസ്‌ത്രമായി. അങ്ങിനെ നാറാണത്തു ഭ്രാന്തന്‍ ഒരേ സമയം ഭ്രാന്തനും തത്വജ്‌ഞാനിയുമായി.

കല്ലുരുട്ടിയ ഭ്രാന്തനെ താഴ്‌വാരത്തെ ജനത കൈകൂപ്പിവളങ്ങി. മുകളില്‍, ഉരുട്ടികയറ്റിയ കല്ലില്‍ ഞാന്നിരിക്കവെ കാടുണര്‍ത്തും സ്വകാര്യതയില്‍ ഊഞ്ഞാലാടാന്‍ വന്ന ദേവിക്ക്‌ ഭ്രാന്തന്‍ കൗതുകമായി. ഭ്രാന്തനെ വലംവച്ച ദേവി കല്ലില്‍ പാദമുദ്ര പതിപ്പിച്ച്‌ അനുഗ്രഹം ചൊരിഞ്ഞാണത്രെ മറഞ്ഞത്‌. ഭ്രാന്തനെ തേടിയെത്തിയ നാറാണത്തുമംഗലത്തുകാര്‍ കാലടിപ്പാടുകണ്ടു. പ്രശ്‌നചിന്തയില്‍ ദേവി സാന്നിദ്ധ്യം തെളിഞ്ഞു. കാലടിപ്പാട്‌ വാല്‍കണ്ണാടിയില്‍ വീഴ്‌ത്തി ക്ഷേത്രം പണിതു. ശാന്തിയ്‌ക്കായി ഒരു താവഴി രായിരനല്ലൂര്‍ മലയുടെ താഴ്‌വാരത്തേക്ക്‌ പറിച്ചുനട്ടു. അതില്‍ പിന്‍തലമുറയുണ്ടായി. കണ്ണികളിലൊന്നായി, നിയോഗമായി, അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാടും നടന്നുകയറുകയാണ്‌ ഈ അമ്പത്തേഴാം വയസിലും രായിരനല്ലൂര്‍ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കാട്ടുപാത. പാതിയില്‍ മുറിഞ്ഞ ഭ്രാന്തന്റെ യാത്രയ്‌ക്ക് പൂരണമേകാനുള്ള തുടര്‍യാത്രകള്‍...

കുടുംബക്ഷേത്രമായതിനാല്‍ പുതുക്കിപണിയാനും പൂജകഴിക്കാനുമുള്ള വക ഇല്ലത്തുനിന്നുതന്നെ കണ്ടെത്തണം. പ്രതിവര്‍ഷം നല്ലൊരു തുക വരുമിത്‌. ക്ഷേത്രത്തിലെ പണി ബാക്കിനിര്‍ത്തി ഇല്ലത്ത്‌ പണി നടത്തിയപ്പോള്‍ തീപിടിച്ചതില്‍പിന്നെ ക്ഷേത്രത്തിലെ പ്രവര്‍ത്തികഴിഞ്ഞേ ഇല്ലത്തു അറ്റകുറ്റപണികളുള്ളൂ. അടുത്തിടെ ക്ഷേത്രകവാടത്തില്‍, താഴ്‌വാരത്തേക്ക്‌ നോക്കി

നില്‍ക്കുന്ന നാറാണത്തുഭ്രാന്തന്റെ പ്രതിമയും പണികഴിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള കാട്ടുപാത വീതികൂട്ടി പടികള്‍ പണിതു. ഇല്ലത്തുനിന്നും വിട്ടുവിട്ടു പണിതാലും അഞ്ഞൂറിലേറെ വേണം പടികള്‍. കാലങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ പത്തിരുനൂറെണ്ണം പണിതു.

ഇല്ലത്തെ ഇന്നത്തെ കാരണവരായ അഷ്‌ടമൂര്‍ത്തിഭട്ടതിരിപ്പാട്‌ ക്ഷേത്രത്തിനായി ചെയ്‌തതൊന്നും എഴുതിവച്ചിട്ടില്ല. പാരമ്പര്യമങ്ങിനെയാണ്‌. പ്രതിഫലമായി ഒന്നും എടുക്കാറുമില്ല. കാണിക്കയില്ലാതെ, വഴിപാടില്ലാതെ നിത്യപൂജ നടന്നുപോകുന്ന ക്ഷേത്രത്തില്‍ നിന്ന്‌ എന്തു വരുമാനം ലഭിക്കാനാണ്‌...?!

ഭ്രാന്തന്‍ ദേവിയെ കണ്ടത്‌ തുലാം ഒന്നിനായിരുന്നെന്ന്‌ ഐതിഹ്യം. ഈ ഐതിഹ്യത്തെ പിന്‍പറ്റി ഭക്‌തര്‍ അന്നേദിവസം മലകയറും. കേട്ടറിഞ്ഞ്‌ സീസണ്‍ ഭക്‌തിയില്‍ ചുളുവില്‍ പാപമോചനം തേടി അന്യദേശത്തുനിന്നുപോലും നാട്ടുകാരൊഴുകും. കാട്ടുവഴിയില്‍ നിന്നുതിരിയാനിടമില്ലാതെ മനുഷ്യസാഗരമൊഴുകും. പീപ്പിയും അരിപ്പൊരിയുംചക്കരയുമായി കൊച്ചുകച്ചവടക്കാരും വഴിനീളെ അണിനിരക്കും. അന്ന്‌ നടവരവുണ്ടാകും. അന്നുകിട്ടുന്നതു മാത്രമാണ്‌ ക്ഷേത്രത്തിലെ വരുമാനം. സമീപകാലത്തായി വൃശ്‌ചികത്തിലെ കാര്‍ത്തികനാളിലും എത്താറുണ്ട്‌ ചിലരെങ്കിലും.

പ്രഭാതങ്ങളിലെ ശാന്തിക്കായുള്ള യാത്ര. ഒറ്റപൂജയേയുള്ളൂ. പാത്രങ്ങള്‍ ക്ഷേത്രത്തില്‍തന്നെ വച്ചിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. അന്ന്‌ കള്ളന്‍കൊണ്ടുപോയതില്‍പിന്നെ ശാന്തിക്കായി പോകുമ്പോള്‍ കൊണ്ടുപോകാറാണ്‌ പതിവ്‌. കാണിക്കയില്ലാത്ത കാണിക്കവഞ്ചികൊണ്ടുപോകാന്‍ ഏതായാലും അറിവുള്ള കള്ളന്‍മാതൊന്നും മലകയറിയെത്തുകയുമില്ല.

'...വയ്യാതായി... രാമനായിരുന്നു ഒരു സഹായം. അയാള്‍ നേരത്തെയങ്ങ്‌ പോയി. ഇപ്പോള്‍ ജ്യേഷ്‌ഠന്റെ മക്കളാണ്‌ സഹായത്തിന്‌. പലപ്പോഴും കയറാന്‍ പറ്റാറില്ല. അപ്പോള്‍ അവരെ അയയ്‌ക്കും...'! ക്ഷേത്രവഴിയിറങ്ങവെ പലയിടങ്ങിലായി പലതവണയിരുന്നിട്ടും അടങ്ങാത്ത കിതപ്പിനിടയില്‍ അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാട്‌ മുറിഞ്ഞവാക്കുകളോടെ പറഞ്ഞൊപ്പിച്ചു. സഹോദരന്‍ രാമനെ പൂജാകര്‍മ്മങ്ങള്‍ പഠിപ്പിച്ചുകൊണ്ടുവന്നതായിരുന്നു. എന്നാല്‍ അഞ്ചുമാസം മുന്നെ അദ്ദേഹം മരിച്ചതോടെ ജ്യോഷ്‌ഠന്റെ മക്കളാണ്‌ പൂജാകാര്യങ്ങളില്‍ സഹായിക്കുന്നത്‌. അവര്‍ അദ്ധ്യാപകരും മറ്റ്‌ ജോലിയുള്ളവരുമാണ്‌. ഇതിനിടയില്‍വേണം ശാന്തിക്കായി പുലര്‍കാലെ മലകയറാന്‍... 'തലമുറകളായുള്ള വിധിയാണ്‌. മുടക്കാന്‍ പറ്റില്ല...' ഭട്ടതിരിപ്പാട്‌ പുതുതലമുറയ്‌ക്ക് അനുഭവജ്‌ഞാനം പകര്‍ന്നുനല്‍കുന്നു. ഇതരക്ഷേത്രങ്ങളില്‍ നിന്ന്‌ തികച്ചും വത്യസ്‌തമാണ്‌ ഇവിടുത്തെ പൂജാധികര്‍മ്മങ്ങളും.

പുതുതലമുറ എത്രകാലത്തോളം ഇത്‌ തുടരുമെന്നതാണ്‌ ചോദ്യം. പക്ഷേ, ഭട്ടതിരിപ്പാടിന്‌ ഇക്കാര്യത്തില്‍ ഒട്ടുമില്ല സംശയം. താഴെ ഇല്ലത്തിനു സമീപത്ത്‌, സാമൂതിരിയുടെ കാലത്ത്‌ പണികഴിച്ച കുളത്തില്‍ മുങ്ങിനിവര്‍ന്ന്‌ ഈറനണിഞ്ഞ്‌ മലമുകളിലേക്ക്‌ പൂജാപാത്രങ്ങളും പൂജാപുഷ്‌പങ്ങളുമായി ഇനിയും പിന്തുടരും ഒട്ടേറെ കാലടിപ്പാടുകള്‍... കാലത്തിനു മായ്‌ക്കാന്‍ പറ്റില്ലല്ലോ, നിയോഗങ്ങളൊന്നും....

ജിനേഷ്‌ പൂനത്ത്‌
25/10/2009

No comments:

Post a Comment