Wednesday, October 21, 2009

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ ലോ കോളജിന്റെ അമരത്തേക്ക്‌













സാമൂഹ്യമായും സാമ്പത്തികമായും ഏറെ പുറകില്‍ നില്‍ക്കുന്ന കുടുംബി സമുദായത്തില്‍ നിന്നൊരാള്‍ ലോ കോളജിന്റെ അമരത്ത്‌. എറണാകുളം പറവൂരിനടുത്ത്‌ കടമ്മക്കുടിയില്‍ പി.എസ്‌. ഗോപിയാണ്‌ ഈ പദവിയിലൂടെ സ്വന്തം സമുദായത്തിന്‌ അഭിമാനമായി മാറിയിരിക്കുന്നത്‌. കോഴിക്കോട്‌ ലോ കോളജ്‌ പ്രിന്‍സിപ്പലായി കഴിഞ്ഞാഴ്‌ച ഇദ്ദേഹം ചാര്‍ജെടുത്തപ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും മുഴുവന്‍ സമുദായാംഗങ്ങളുടെയും സന്തോഷം മറച്ചുവക്കാനാകാത്തതായിരുന്നു.

പിന്നാക്ക സമുദായമാണെങ്കിലും കുടുംബി സമുദായത്തിനുള്ളത്‌ തുച്‌ഛം സംവരണം മാത്രം. ഒ.ഇ.സി.യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിദ്യാഭ്യാസത്തിനുള്ള സംവരണം ഒരു ശതമാനം മാത്രം. ജോലിക്ക്‌ മൂന്നുശതമാനവും. എസ്‌.സിയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ നിലവിലുണ്ടെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. സംവരണത്തിന്റെ കാര്യമായ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെയാണ്‌ ഇദ്ദേഹം ലോ കോളേജിന്റെ കപ്പിത്താനായി മാറിയിരിക്കുന്നത്‌ എന്നതാണ്‌ ശ്രദ്ധേയം.

മൂന്നു നാലുതലമുറ മുമ്പ്‌ ഗോവയില്‍ നിന്നാണ്‌ കുടുംബികള്‍ കേരളത്തില്‍ എത്തിയതെന്ന്‌ ഗോപി പറഞ്ഞു. പോര്‍ച്ചുഗീസ്‌ അധിനിവേശത്തെ തുടര്‍ന്നുള്ള കാലമായിരുന്നു അത്‌. ഗൗഡസാരസ്വത ബ്രാഹ്‌മണര്‍ക്കൊപ്പമായിരുന്നു കുടുംബികളും എത്തിയത്‌. സത്യത്തില്‍ ഇവര്‍ ഭൂരിഭാഗവും ബ്രാഹ്‌മണരുടെ ജോലിക്കാരായിരുന്നു. മാതൃഭാഷ കൊങ്കിണിയായിരുന്നുവെങ്കിലും കൊങ്കിണി സമുദായത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഭട്ട്‌, പൈ തുടങ്ങിയ വിഭാഗങ്ങളാണ്‌ കൊങ്കിണികളായി അറിയപ്പെടുന്നത്‌. കടല്‍ മാര്‍ഗം കൊടുങ്ങല്ലൂരിലായിരുന്നു എല്ലാവരും വന്നിറങ്ങിയത്‌. അവിടെ നിന്നാണ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയത്‌. തുടര്‍ന്ന്‌ എല്ലാവര്‍ഷവും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്ക്‌ എല്ലാവരും ഒത്തുചേരുമായിരുന്നു. ട്രങ്കുപെട്ടിയില്‍ സാധനങ്ങളുമായിട്ടായിരുന്നു എല്ലാവരും വന്നിരുന്നത്‌. ഒരാഴ്‌ചയോളം നീണ്ടുനില്‍ക്കുന്ന യാത്ര. ഓരോ പ്രദേശത്തുകാര്‍ക്കും പ്രത്യേകം പ്രത്യേകം തറകളുണ്ടായിരുന്നു. കുടുംബവിശേഷങ്ങള്‍ കൈമാറിയിരുന്നത്‌ അന്നായിരുന്നു. വിവാഹങ്ങള്‍ തീരുമാനിക്കുന്നതും അവിടെവച്ചുതന്നെ. കാലംമാറിയിട്ടും പഴയ തോതിലില്ലെങ്കിലും ഇപ്പോഴും കുറെപ്പേരൊക്കെ താലപ്പൊലിക്ക്‌ കൃത്യമായി കൊടുങ്ങല്ലൂരില്‍ എത്തുന്നു.

മൂന്നുലക്ഷത്തോളം പേരാണ്‌ കുടുംബി സമുദായക്കാരായി കേരളത്തില്‍ ഉള്ളത്‌. ബ്രാഹ്‌മണരുടെ വീട്ടുജോലി എന്ന പഴയ അവസ്‌ഥയ്‌ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരുടെയും നില മോശപ്പെട്ടതുതന്നെയെന്ന്‌ ഗോപി പറയുന്നു. വളരെ കഷ്‌ടപ്പെട്ടാണ്‌ ഇദ്ദേഹം പഠിച്ചത്‌. വീട്‌ ഒരു തുരുത്തിലായിരുന്നു. ചുറ്റും വെള്ളം. എന്നാല്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്‌ഥയായിരുന്നു അന്ന്‌. അരമണിക്കൂറില്‍ കൂടുതല്‍ വഞ്ചിയില്‍ യാത്ര ചെയ്‌ത് ഞാറയ്‌ക്കല്‍ സ്‌കൂളില്‍പോയിട്ടായിരുന്നു പഠനം. ഇപ്പോള്‍ വരാപ്പുഴ പാലം വന്നു. കുടിവെള്ളപ്രശ്‌നവും ഏറെക്കുറെ പരിഹരിച്ചു. മാതാപിതാക്കള്‍ക്ക്‌ വിദ്യാഭ്യാസം തീരെയുണ്ടായിരുന്നില്ല. കൂലിപ്പണിയായിരുന്നു തൊഴില്‍. ആറു സഹോദരങ്ങള്‍. പഠിച്ച്‌ ഈ നിലയിലെത്തിയത്‌ ഇദ്ദേഹം മാത്രം. സെന്റ്‌ ആല്‍ബര്‍ട്ട്‌സ് കോളജില്‍നിന്ന്‌ ഊര്‍ജ്‌ജതന്ത്രത്തില്‍ ബിരുദം. എല്‍.എല്‍.ബി. എറണാകുളം ലോകോളജില്‍നിന്ന്‌. പിന്നെ എല്‍.എല്‍.എം. വക്കീലായെങ്കിലും പ്രാക്‌ടീസിനൊന്നും പോയില്ല. അതെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല എന്ന്‌ ഗോപി സമ്മതിക്കുന്നു. പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. കൃത്യമായ ലക്ഷ്യബോധം അന്നുണ്ടായിരുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. പിന്നെ തെരഞ്ഞെടുത്തത്‌ അധ്യാപനം തന്നെ.

1985ല്‍ കോഴിക്കോട്‌ ലോകോളജില്‍ പാര്‍ട്ട്‌ ടൈം അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം. 89 മുതല്‍ എറണാകുളത്ത്‌ മുഴുവന്‍ സമയ അധ്യാപകന്‍. കഴിഞ്ഞ ഓഗസ്‌റ്റ് മുതല്‍ തൃശൂരില്‍. ഇപ്പോള്‍ കോഴിക്കോട്‌ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. കൂടെ പഠിച്ചവര്‍ പലരും ജഡ്‌ജിമാരും മറ്റുമൊക്കെയായിട്ടുണ്ട്‌. എന്നാല്‍ സ്‌പെഷല്‍ സെക്രട്ടറിയുടെ റാങ്കുള്ള പ്രിന്‍സിപ്പലാകാന്‍ കഴിഞ്ഞതില്‍ ഇദ്ദേഹം ചാരിതാര്‍ത്ഥ്യനാണ്‌. താന്‍ വഴി സമുദായത്തിന്‌ ഉയര്‍ച്ചയുണ്ടാകും എന്നതാണ്‌ ഏറ്റവും വലിയ സന്തോഷം എന്ന്‌ പറയുന്നു ഇദ്ദേഹം. ഉയര്‍ന്ന നിലയിലെത്തിയാല്‍ പിന്നാക്കം നില്‍ക്കുന്ന സ്വന്തം സമുദായത്തെ മറക്കുന്നവരില്‍ നിന്ന്‌ വ്യത്യസ്‌തനായി ഒരു കുടുംബിയെന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നതായും ഗോപി പറയുന്നു.

കേരളത്തിലെത്തി തലമുറകള്‍ കഴിഞ്ഞെങ്കിലും സ്വന്തം ഭാഷ കൊങ്കിണി കൈവിടാന്‍ തങ്ങള്‍ തയാറല്ല എന്നു ഗോപി പറയുന്നു. കുടുംബികള്‍ ഭൂരിഭാഗവും വീട്ടില്‍ സംസാരിക്കുന്നത്‌ കൊങ്കിണി തന്നെ. എന്നാല്‍ ഇന്നും ഭാഷാന്യൂനപക്ഷങ്ങള്‍ എന്ന പരിഗണനയില്‍ തങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ ഇദ്ദേഹത്തിന്‌ വിഷമമുണ്ട്‌. മലയാളവും ഇംഗ്ലീഷും ഹിന്ദിയും പഠിക്കുന്നതോടൊപ്പം പുതിയ തലമുറയെ കൊങ്കിണി പഠിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്‌ഞാബദ്ധരാണെന്നും ഗോപി പറയുന്നു.

സ്വന്തം മക്കളെയും ഉയര്‍ന്ന നിലയില്‍ എത്തിക്കാന്‍ ഇദ്ദേഹം ഭഗീരഥ പ്രയത്നം ചെയ്യുന്നു. കുടുംബത്തിനുവേണ്ടി മാത്രമല്ല, സമുദായത്തിന്‌ മൊത്തത്തില്‍ അതാവശ്യമാണ്‌. ഒരു മകന്‍ ലോകോളജിലും ഒരാള്‍ എഞ്ചിനീയറിംഗിനും പഠിക്കുന്നു. അതോടൊപ്പം സമുദായത്തിലെ മറ്റുള്ളവര്‍ക്കും തന്നാലാകുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കാനും താനൊരിക്കലും മടികാണിക്കാറില്ല എന്നും ഗോപി പറയുന്നു.

ഐ. ഗോപിനാഥ്‌

No comments:

Post a Comment