Wednesday, October 21, 2009

മൗനത്തിനെതിരെ ഒരു സമരപുസ്‌തകം

പ്രതികരണശേഷി തളര്‍ന്നുപോയ ഒരു ജനതയോട്‌ ഇനിയും നിസംഗമായ മൗനം തുടരരുത്‌ എന്ന താക്കീതാണ്‌ ജോണ്‍ . ടി. വേക്കനും വൈക്കം ഭാസിയും ചേര്‍ന്നു രചിച്ച പോളിയോ എന്ന നാടകം. ഒരാഘോഷം പോലെ ഇന്ത്യയിലാകമാനം നടപ്പിലാക്കിയ പള്‍സ്‌ പോളിയോ പദ്ധതിക്കെതിരെ ഒരു സാമൂഹ്യസംഘടന പ്രതിഷേധിക്കുന്നതും അവരുടെ അന്വേഷണത്തിലൂടെ വെളിപ്പെടുന്ന ഭീകരമായ യാഥാര്‍ത്ഥ്യങ്ങളുമാണ്‌ ഈ നാടകത്തിന്റെ സാമാന്യപരിസരം.

''1995ലാണ്‌ ഇന്ത്യയില്‍ ആകമാനം പോളിയോ വാക്‌സിന്‍ കൊടുത്തു തുടങ്ങുന്നത്‌. ഒരു രാജ്യത്തെ അഞ്ചു വയസ്സില്‍ താളെയുള്ള കുട്ടികള്‍ക്ക്‌ ഒരേ സമയത്തു തന്നെ ഒരു വാക്‌സിന്‍ നല്‍കുക. ഇതിന്റെ പരിണിതഫലം എന്തു തന്നെയായാലും ഇതു പോലെ ഒരേ സമയത്തുള്ള വാക്‌സിനേഷനില്‍ ഒരു പക്ഷേ പതിയിരുന്നേക്കാവുന്ന അപകടത്തെ കുറിച്ച്‌ ഒരു സംഘടന പോലും ആശങ്കപ്പെട്ടിരുന്നില്ല എന്നത്‌ അല്‍ഭുതകരമായിരുന്നു. ഒരേ സമയത്തുള്ള വാക്‌സിനേഷന്‍ മുതലെടുത്ത്‌ രാജ്യവിരുദ്ധ ശക്‌തികള്‍ക്ക്‌ ഒരു തലമുറയെ മുഴുവന്‍ മന്ദബുദ്ധികളാക്കുന്നതിനോ വന്ധ്യരാക്കുന്നതിനോ കൊലപ്പെടുത്തുന്നതിനു തന്നെയോ ഉള്ള ഘടകം ഈ വാക്‌സിനിലൂടെ കടത്തിവിട്ടാല്‍ സാധിക്കുമെന്നതിനെ കുറിച്ച്‌ ഞാന്‍ ആലോചിച്ചു. പിന്നെ എന്റെ സുഹൃത്ത്‌ ഭാസിയാശാനുമായി ഈ ആശങ്ക പങ്കുവച്ചു. ആ ആശങ്കയും അന്വേഷണങ്ങളുമാണ്‌ പോളിയോ എന്ന നാടകത്തിന്റെ പ്രചോദനം''=ജോണ്‍.ടി.വേക്കന്‍ പറയുന്നു.

1997 ആഗസ്‌റ്റിലാണ്‌ വൈക്കം തിരുനാള്‍ നാടകവേദിആദ്യമായി പോളിയോ നാടകം അരങ്ങേറുന്നത്‌. ഇന്ത്യയില്‍ തന്നെ പോളിയോ വാക്‌സിനെതിരെയുള്ള ആദ്യപ്രതികരണമായിരുന്നു അത്‌.

''യാഥാര്‍ത്ഥ്യവും ഭാവനയും കൂട്ടിച്ചേര്‍ത്തെഴുതിയതാണ്‌ ഈ നാടകം. എന്നാല്‍ പോളിയോ വാക്‌സിനു മേല്‍ ഉയര്‍ന്നു വന്ന സംശയങ്ങളും വാക്‌സിനേഷനെ തുടര്‍ന്ന്‌ പലയിടങ്ങളിലുമുണ്ടായ സംഭവങ്ങളുമെല്ലാം ഞങ്ങളുടെ ഭാവനയെ പോലും ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു''

നാടകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പോളിയോ വാക്‌സിനേഷന്‍ തടയുന്ന നവോത്ഥാനപ്രസ്‌ഥാനക്കാരുടെ ഇടപെടലോടെയാണ്‌ പോളിയോ എന്ന നാടകം ആരംഭിക്കുന്നത്‌. മാനവേന്ദ്രപ്രസാദ്‌ എന്ന നേതാവിനോടൊപ്പമുള്ള ഈ സംഘത്തിന്റെ സംഭാഷണങ്ങളിലൂടെ , വാദപ്രതിവാദങ്ങളിലൂടെ അറിവുകള്‍ക്കൊപ്പം നമ്മളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു ഈ നാടകം. കോടതിയോട്‌ മാനവേന്ദ്രന്‍ ചോദിക്കുന്നു='' യുവര്‍ ഓണര്‍...പോളിയോ എന്നു പറയുന്നത്‌ പോളിയോ മയിലയിറ്റസിന്റെ ചുരുക്കപ്പേരാണ്‌. നാട്ടുഭാഷയില്‍ പിള്ള വാദം. ഇതു കുട്ടികള്‍ക്കുണ്ടാകുന്ന ഒരു തരം ശരീരതളര്‍ച്ചയാണ്‌. സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നത്‌ പോളിയോ ഒരു പകര്‍ച്ച വ്യാധിയാണെന്നും ഇത്‌ പരത്തുന്നത്‌ വൈല്‍ഡ്‌ പോളിയോ വൈറസ്‌ ആണെന്നുമാണ്‌. അതുപോലെ രോഗപ്രതിരോധ വാക്‌സിനില്‍ അടങ്ങിയിട്ടുള്ള വാക്‌സിന്‍ വൈറസിന്‌ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും രോഗം പരത്തുന്ന വൈല്‍ഡ്‌ വൈറസിനെ തടയാനുള്ള കഴിവുണ്ടെന്നുമാണ്‌. സര്‍ക്കാരിന്റെ ഇതേ സര്‍ക്കുലറില്‍ പറയുന്ന മറ്റൊരു കാര്യം ശരിയായ വാക്‌സിന്‍ നല്‍കിയാലും ആ കുട്ടികളുടെ അന്നപഥത്തില്‍ ഈ വൈറസിന്‌ കുറേക്കാലം കൂടി തങ്ങി നില്‍ക്കാനും രോഗം പകര്‍ത്താനും സാധിക്കുമെന്നാണ്‌. ഇത്‌ മെഡിക്കല്‍ സയന്‍സ്‌ തന്നെ പറയുന്ന സത്യമാണ്‌. അങ്ങനെയെങ്കില്‍ ഉറപ്പില്ലാത്ത ഈ വാക്‌സിന്‍ കുട്ടികള്‍ക്കു കൊടുക്കുന്നത്‌ എന്തിനാണ്‌...?''

ആഗോളമരുന്നു കമ്പനികളുമായി നടത്തുന്ന ഒരു ലാഭക്കച്ചവടത്തിനാണ്‌ ഈ കുട്ടികള്‍ ഇരയാകുന്നതെന്ന്‌ നായകകഥാപാത്രം വിളിച്ചു പറയുന്നു. ഇതിനുമുന്‍പും അങ്ങനെയുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നു സൂചിപ്പിക്കുന്നുമുണ്ട്‌ അയാള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രസവത്തിനെ തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ മഞ്ഞപ്പാല്‍ കൊടുക്കുന്നതിനെ ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍ വിലക്കിയ കാര്യമാണ്‌ അയാള്‍ ചൂണ്ടിക്കാട്ടുന്നത്‌.പോഷകമൂല്യവും പ്രതിരോധശക്‌തിയുമുള്ള ഈ ദ്രാവകമാണ്‌ യഥാര്‍ത്ഥത്തില്‍ കുട്ടികളില്‍ സര്‍വ്വരോഗങ്ങളേയും തടയാനുള്ള പ്രതിരോധഘടകമായി പ്രവര്‍ത്തിച്ചിരുന്നത്‌. ആശുപത്രികളില്‍ കൊടുക്കുന്ന വാക്‌സിനുകളുടെ പോലും കര്‍മ്മശേഷിയെ തകര്‍ക്കുന്ന ഈ മഞ്ഞപ്പാല്‍ കുട്ടികള്‍ക്കു കൊടുത്താല്‍ പലരോഗങ്ങളും അവര്‍ക്കുണ്ടാകാതിരിക്കും. അങ്ങനെ വന്നാല്‍ മരുന്നു കമ്പനികള്‍ക്കു വരുമാനം കുറയും . ഈ കച്ചവടതാല്‍പ്പര്യമായിരുന്നത്രേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. പോളിയോ വാക്‌സിന്‍ നല്‍കുന്നതിലും ഇങ്ങനെയൊരു കച്ചവടതാല്‍പ്പര്യം ഒളിച്ചിരിപ്പില്ലെന്ന്‌ ആര്‍ക്കു പറയാനാവും എന്ന ആശങ്ക നാടകത്തിലുടനീളം പങ്കുവയ്‌ക്കപ്പെടുന്നു.

തെറ്റുന്നതോ തെറ്റിക്കുന്നതോ?

മാനവേന്ദ്രന്‍ പറയുന്നത്‌ സമൂഹ മനഃസാക്ഷിയോടാണ്‌.=1997ഏപ്രില്‍ 7=ാം തീയതി ഇവിടുത്തെ എല്ലാ ദിനപ്പത്രങ്ങളിലും വന്ന ഒരു വാര്‍ത്ത ഞങ്ങള്‍ മുന്‍പു പറഞ്ഞ വിശദീകരണങ്ങളെ ന്യായീകരിക്കുന്ന ഒരു തെളിവാണ്‌. സന്ധി വേദനയ്‌ക്കും ആസ്‌തമാരോഗത്തിനും ഉപയോഗിച്ചു കൊണ്ടിരുന്ന മരുന്നിന്റെ ഫലമായി വളരെയേറെ രോഗികള്‍ യഥാര്‍ത്ഥകാരണമറിയാതെ മരണത്തിനിരയായി. കേരളത്തിലെ ഒരു പ്രമുഖമെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍ രോഗികളെ പഠനവിധേയമാക്കിയപ്പോള്‍ ഹൃദയത്തിന്റേയും കരളിന്റേയും പ്രവര്‍ത്തനം തടസ്സപ്പെട്ടും മഞ്ഞപ്പിത്തം ബാധിച്ചുമാണ്‌ ഇവര്‍ മരിച്ചതെന്നു മനസ്സിലാക്കി. ഇതിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ്‌ ഈ രോഗികള്‍ക്കു കൊടുത്തു കൊണ്ടിരുന്ന മരുന്നിലടങ്ങിയിട്ടുള്ള നിമിസുലൈഡ്‌ എന്ന രാസവസ്‌തുവാണ്‌ മരണത്തിന്‌ കാരണമായത്‌ എന്നു തെളിഞ്ഞത്‌. ഇതേ അവസരത്തില്‍ തന്നെയാണ്‌ ലോകാരോഗ്യസംഘടനയുടെ ഇന്‍ഫര്‍മേഷന്‍ വിഭാഗം ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ നിമിസുലൈഡ്‌ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ മാരകങ്ങളാണെന്ന്‌ അറിയിച്ചത്‌. ലോകാരോഗ്യസംഘടനയ്‌ക്കുപോലും തെറ്റുപറ്റാമെന്നതിന്‌ ഇതില്‍ കൂടുതല്‍ എന്തുതളിവാണ്‌ ഞങ്ങള്‍ ഹാജരാക്കേണ്ടത്‌?''

ഓറല്‍ വാക്‌സിനേഷന്‍ പ്രയോജന പ്രദമല്ല എന്നു കണ്ടത്തിയതിനെ തുടര്‍ന്ന്‌ അമേരിക്ക, ബ്രിട്ടണ്‍ , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഓറല്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തലാക്കി. ഇന്‍ജക്ഷനാണ്‌ ഇപ്പോള്‍ അവര്‍ ചെയ്യുന്നത്‌. അവര്‍ ഓറല്‍ വാക്‌സിനേഷനായി നിര്‍മ്മിച്ചു വച്ചതില്‍ ബാക്കിവന്ന പോളിയോ വാക്‌സിന്‍ മൂന്നാംലോകരാജ്യങ്ങള്‍ക്കു കൊടുക്കുകയാണു ചെയ്‌തതെന്നും അതിന്റെ തുടര്‍ച്ചയാവാം ഇന്ത്യയിലെ പള്‍സ്‌ പോളിയോ വാക്‌സിനേഷന്‍ എന്നും സംശയിക്കുന്നു നാടകൃത്തുക്കള്‍. വന്‍ ലാഭം കൊതിച്ച്‌ ഭരണക്കാരും ആഗോളമരന്നു മാഫിയയും തമ്മിലുണ്ടായ ഒരു അവിഹിതബന്ധത്തിന്റെ ഫലമാകാം ഈ രജ്യവ്യാപകമായ വാക്‌സിനേഷന്‍ എന്ന്‌ ആശങ്കപ്പെടുകയും ചെയ്യുന്നു.

നാടകം ഇറ്റലിയിലെ ഗവണ്‍മെന്റ്‌ പോളിയോ വാക്‌സിനെതിരെ സ്വീകരിച്ച നിലപാടുകളേയും എടുത്തുകാട്ടുന്നുണ്ട്‌= ''ഇറ്റലിയിലെ ഭരണകൂടവും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത് പോളിയോ വാക്‌സിന്‍ അവിടുത്തെ കുട്ടികള്‍ക്ക്‌ കൊടുത്തു വരുകയായിരുന്നു. എന്നാല്‍ 1987=മുതല്‍ ഈ സ്‌ഥിതിക്ക്‌ മാറ്റം വന്നു. ഇറ്റലിയിലെ ശാസ്‌ത്രജ്‌ഞരും ഡോക്‌ടര്‍മാരും ശാസ്‌ത്രസാങ്കേതികരംഗത്തെ വിദഗ്‌ധന്മാരും സാമൂഹ്യപ്രവര്‍ത്തകരുമടങ്ങുന്ന ഡെമോക്രാററിക്‌ മെഡിസിന്‍ എന്ന സംഘടന ചില വസ്‌തുതകള്‍ കണ്ടെത്തി. ഈ വാക്‌സിന്‍ ഇറ്റലിയില്‍ ഇറക്കുമതി ചെയ്യുന്നത്‌ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ സഹായത്തോടെ അമേരിക്കയില്‍ നിന്നാണ്‌. അമേരിക്കയിലെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കാലാവസ്‌ഥയുടെ പ്രത്യേകതകളും പഠനവിഷയമാക്കിയപ്പോള്‍ , ഈ വാക്‌സിന്‍ ഇറ്റലിയിലെ കാലാവസ്‌ഥയ്‌ക്കോ മനുഷ്യരുടെ ജീവിതക്രമത്തിനോ ചേരുന്നതല്ല എന്നു ബോധ്യപ്പെട്ടു. ഈ സത്യം വെളിച്ചത്തു വന്നതോടെ അവിടുത്തെ ജനങ്ങള്‍ പ്രസ്‌തുത വാക്‌സിനെതിരെ പ്രതികരിക്കുകയും അതു ബഹിഷ്‌ക്കരിക്കുകയും ചെയ്‌തു''

ഇറ്റലിയിലെ പ്രതികരണശേഷിയുള്ള ജനതയെ ചൂണ്ടിക്കാട്ടുന്നത്‌,എത്രഭീകരമായാലും പ്രതികരിക്കാന്‍ തയ്യാറാവാതെ അനുഭവിക്കാനൊരുങ്ങിനില്‍ക്കുന്ന നമ്മുടെ മനോഭാവത്തിന്റെ പരിതാപകരമായ അവസ്‌ഥ ബോധ്യപ്പെടുത്തുന്നതിനു കൂടി വേണ്ടിയാണ്‌. പോളിയോ വാക്‌സില്‍ കല്‍ക്കട്ടയില്‍ കൊടുത്തതിന്റെ അടുത്ത ദിവസം പന്ത്രണ്ടു കുട്ടികള്‍ മരിക്കുകയുണ്ടായി. കേരളത്തിലും പോളിയോ വാക്‌സിന്‍ കൊടുത്തതിനെ തുടര്‍ന്ന്‌ ഒട്ടനവധി സംഭവങ്ങള്‍ വാര്‍ത്തകളിലൂടെയും മറ്റും പുറത്തു വന്നു. എന്നാല്‍ അതിനെ കാര്യമായെടുക്കാനോ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നതിനോ ഒരു സാമൂഹ്യസംഘടന പോലും തയ്യാറായില്ല. പുതിയ കാലത്ത്‌ ആയുധങ്ങളേക്കാള്‍ ആയുധങ്ങളാകുന്നത്‌ തന്ത്രങ്ങളാണ്‌. തന്ത്രങ്ങളുടെ അജണ്ട നടപ്പാക്കുകയാണ്‌ മുതളിത്തത്തിന്റെ പുതിയ അജണ്ട. അതിനുവഴങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ നമ്മള്‍ എന്നാണ്‌ ഈ പ്രതികരണമില്ലായ്‌മകള്‍ സൂചിപ്പിക്കുന്നത്‌.

ഇന്‍ഡ്യന്‍ നാടകരംഗത്തെ പ്രമുഖ സംവിധായകരില്‍ ഒരാളായ ജോണ്‍ .ടി. വേക്കന്‍ നൂറിലേറെ കഥാപാത്രങ്ങളെ അണിനിരത്തിയാണ്‌ ഈ നാടകം രംഗത്തവതരിപ്പിച്ചത്‌. പോളിയോ വാക്‌സിനെതിരെയുള്ള സമരം മാത്രമല്ല ഈ നാടകം, ഇന്ത്യന്‍ രാഷ്‌ട്രിയത്തിന്റെ പരിതോവസ്‌ഥകളെ കുറിച്ചുള്ള അതൃപ്‌തിയും രോഷവും അസ്വസ്‌ഥതയുമാണ്‌. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ വികൃതമുഖത്തെ ഇത്ര നിശിതമായി വിമര്‍ശിക്കുന്ന ഒരു രംഗാവതരണം മലയാളത്തില്‍ ഇതിനുമുന്‍പ്‌ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

രാജേഷ്‌ വര്‍മ്മ

No comments:

Post a Comment