Wednesday, October 21, 2009

ചരിത്രവീഥികളിലെ ചൈന ഇങ്ങനെ












രാജഭരണത്തിന്റെ ആഢ്യത്തമുള്ള പൂര്‍വകാലം. സോഷ്യലിസത്തിന്റെയും ചെമ്പട്ടുവിരിച്ച കമ്യൂണിസത്തിന്റെയും വിപ്ലവവീരകഥകള്‍ താലോലിക്കുന്ന ചൈനീസ്‌ മനസ്‌. ലോകം കണ്ട വിപ്ലവത്തിന്റെ ചരിത്രമാണിത്‌. വിപ്ലവനായകന്‍ മാവോ സേതൂങും ചെമ്പടയും കിലോമീറ്ററുകള്‍ താണ്ടി പിടിച്ചെടുത്ത അധികാരവഴി 1949 ഒക്‌ടോബര്‍ ഒന്നിനു ചൈനാ ജനകീയ റിപബ്ലിക്കിന്റെ ഉദയത്തിലേക്കു നയിച്ചു. ചരിത്രം ഇതിനെ ലോംഗ്‌ മാര്‍ച്ച്‌ എന്നു കുറിച്ചിട്ടു. പിന്നെയുണ്ടായതു ലോകശക്‌തിയിലേക്കുള്ള ചൈനയുടെ വളര്‍ച്ചയായിരുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതിയില്‍നിന്ന്‌ ഇനി വരാനിരിക്കുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയാകാനുള്ള ചൈനയുടെ മുന്നേറ്റത്തില്‍ വര്‍ത്തമാനകാലം തികച്ചും പരിവര്‍ത്തനത്തിന്റേതാണ്‌. ഒരു രണ്ടാം പരിവര്‍ത്തനകാലം.

1912 ജനുവരി ഒന്നിനു നിലവില്‍വന്ന റിപബ്ലിക്‌ ഓഫ്‌ ചൈനയില്‍നിന്നു രാജാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടു സോഷ്യലിസത്തിലേക്കു വളര്‍ന്ന 37 വര്‍ഷത്തിന്റെ ചരിത്രം കൂടിയുണ്ട്‌ ചൈനയ്‌ക്ക്. ജനകീയ റിപബ്ലിക്കാവുന്നതിനു തൊട്ടുപിന്നിലുള്ള സംഭവബഹുലമായ ചരിത്രമാണ്‌ ഈ കാലഘട്ടത്തിലൂടെ ചൈന പറയുന്നത്‌. ഇതിനിടയില്‍ ജപ്പാനുമായുണ്ടായ യുദ്ധം ചൈനയുടെ സോഷ്യലിസത്തിലേക്കുള്ള വളര്‍ച്ചയില്‍ കാതലായ ശക്‌തിപകര്‍ന്നു. 1945-ല്‍ ജപ്പാന്‍ ചീനപ്പടയ്‌ക്കു മുന്നില്‍ കീഴടങ്ങി. പക്ഷേ, അപ്പോഴേക്കും ദരിദ്രമായിക്കഴിഞ്ഞിരുന്നു പണപ്പെട്ടികളൊക്കെയും. ചൈനയിലെ ദേശീയവാദികളും കമ്യൂണിസ്‌റ്റുകളും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി. ശീതയുദ്ധത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ക്കിടയില്‍ 1947-ല്‍ ഭരണഘടന തയാറായെങ്കിലും അതു നടപ്പാക്കാനായില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മാവോ സേതുങിന്റെ നേതൃത്വത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ചൈന 1949 ഒക്‌ടോബര്‍ ഒന്നിന്‌ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അധികാരക്കൊടി ചാര്‍ത്തി. ഇതോടെ ശീതയുദ്ധത്തിന്‌ അവസാനമായി. രാജ്യത്തെ സാധുവായ ഏക രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ 'ജനായത്ത ഏകാധിപത്യ'ത്തിനു ചൈനയില്‍ നാന്ദി കുറിക്കപ്പെട്ടു. സോഷ്യലിസ്‌റ്റ് രാഷ്‌ട്രമായി ചൈനമാറുമ്പോഴേക്കും ദേശീയവാദികള്‍ തായ്‌വാനിലേക്കു ചുരുങ്ങി. റിപബ്ലിക്‌ ഓഫ്‌ ചൈനയുടെ തലസ്‌ഥാനം തായ്‌വാനിലേക്കു മാറ്റിക്കൊണ്ട്‌ അവര്‍ അവിടെ അധികാരം സ്‌ഥാപിച്ചു. ജനകീയ റിപബ്ലിക്കിന്റെ ഉദയത്തിനു തൊട്ടുപിന്നാലെയുണ്ടായ സാമൂഹിക വിപ്ലവം ചൈനയുടെ മുഖം മാറ്റിവരച്ചു. സമത്വചിന്തയില്‍ അധിഷ്‌ഠിതമായ പരിഷ്‌കാരങ്ങള്‍ ചൈനയെന്ന സോഷ്യലിസ്‌റ്റ് രാഷ്‌ട്രത്തെ പുരോഗതിയിലേക്കു കൈപിടിച്ചുയര്‍ത്തുന്നതിന്റെ കാഴ്‌ചയാണു പിന്നെക്കണ്ടത്‌.

രാജ്യത്തെ ജന്മിമാരില്‍നിന്നു പിടിച്ചെടുത്ത ഭൂമി ജനസംഖ്യയുടെ 90 ശതമാനം വരുന്ന കര്‍ഷകര്‍ക്കു തുല്യമായി വീതിച്ചു നല്‍കി നീതി നടപ്പാക്കി. ഇക്കാലത്തു ഗ്രാമീണ ചൈനയില്‍ പലയിടങ്ങളിലും ജന്മിമാരും പരിഷ്‌കരണവാദികളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. ഒരു ലക്ഷത്തോളം പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതായാണു കണക്ക്‌. പുതിയ പരിഷ്‌കാരങ്ങളുടെ ഫലമായി 1958 ആകുമ്പോഴേക്കു ചൈന സമൃദ്ധിയുടെ സൂചനകള്‍ വ്യക്‌തമാക്കിക്കഴിഞ്ഞിരുന്നു. വ്യാവസായിക രംഗത്തും ആരോഗ്യ പരിപാലന രംഗത്തും മാവോയുടെ പരിഷ്‌കാരങ്ങള്‍ സമൂഹത്തിലെ സാമ്പത്തികമായ അന്തരമില്ലാതാക്കുകയും ജനങ്ങളുടെ ഇടയില്‍ വമ്പിച്ച തോതില്‍ സ്വാഗതാര്‍ഹമാവുകയും ചെയ്‌തു. 1979-ല്‍ നിലവില്‍വന്ന ഒറ്റക്കുട്ടി നയത്തോടെ ചൈന ജനപ്പെരുപ്പത്തിന്റെ അശ്വമേധം പിടിച്ചുകെട്ടാന്‍ ശ്രമം തുടങ്ങി. അഞ്ചുകുട്ടികള്‍ വരെയായിരുന്നു ചൈനയിലെ കുടുംബങ്ങളിലെ രീതി. നഗരങ്ങളിലെ ദമ്പതിമാര്‍ക്ക്‌ ഒരു കുട്ടി മാത്രം മതിയെന്നതായിരുന്നു ഒറ്റക്കുട്ടി നയത്തിന്റെ കാതല്‍. ഇതു കുറഞ്ഞത്‌ ഒരു ദശാബ്‌ദം കൂടി തുടരേണ്ടിവരുമെന്നാണു ചൈനീസ്‌ അധികാരികളുടെ ഇപ്പോഴത്തെ നിലപാട്‌.

ദാരിദ്ര്യത്തിന്റെയും സമ്പന്നതയുടെയും രണ്ടറ്റങ്ങളില്‍നിന്നു തുല്യതയുടെ ജനപഥത്തിലേക്കു വഴിമാറിയ ചൈന പിന്നെയും മാറുകയായിരുന്നു. സൈക്കിളും, വാച്ചും റേഡിയോയും സ്വന്തമാക്കാന്‍ ആശിച്ചിരുന്ന ചീനക്കാര്‍ ചൈനയുടെ വളര്‍ച്ചയോടൊപ്പം അതി സുഖലോലുപന്‍മാരും സമ്പന്നരുമാകുന്നതിന്റെ പില്‍കാല ചരിത്രമായിരുന്നു അത്‌...

ജി.എന്‍. പാര്‍വതി

No comments:

Post a Comment