Monday, October 26, 2009

കാവേരി തടത്തിലെ കാരണവര്‍

ഈ കാരണവര്‍ക്ക്‌ പ്രായം അല്‍പം കൂടുതലാണ്‌. ആറരക്കോടി വര്‍ഷം. ഇത്രയും നാളും ചുണ്ണാമ്പ്‌ പൊടിയുടെ അടിയില്‍ സുഖ സുക്ഷുപിയിലായിരുന്നു, അടുത്തിടെ കണ്ടെത്തും വരെ. കണ്ടെത്തിയപ്പോഴാകട്ടെ അനേക കോടി രഹസ്യങ്ങള്‍ തന്റെയൊപ്പം ഉറങ്ങിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഈ കാരണവര്‍ ശാസ്ര ലോകത്തിന്‌ പ്രതീക്ഷയുടെ വെള്ളിവെളിച്ചമേകുന്നു.

തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ അരിയാലൂരില്‍ അടുത്തിടെ കണ്ടെത്തിയ ദിനോസര്‍ മുട്ടകള്‍ ശാസ്രലോകത്തെ ഇന്നും കുഴപ്പിച്ചുകൊണ്ടിരിക്കുന്ന, എങ്ങനെ ദിനോസര്‍ വംശം ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായി എന്ന സമസ്യക്കു മറുപടി നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്‌. ഇവിടെ നിന്ന്‌ മുമ്പ്‌ ദിനോസര്‍ മുട്ടകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കണ്ടു പിടിത്തം വളരെ യാദൃച്‌ഛികമായിരുന്നു. പെരിയാര്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ കാവേരീനദിക്കരയില്‍ ഖനനത്തിനു പറ്റിയ സ്‌ഥലം തപ്പിക്കൊണ്ടിരിക്കെ ഒരു നീര്‍ച്ചാലിനരികെ മണലില്‍ വൃത്താകൃതിയിലുള്ള ഒരുനിര കുഴികള്‍ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം നിര വൃത്തങ്ങളുടെ ഒരു കൂട്ടമാണതെന്നു കണ്ടെത്തിയ ശാസ്രജ്‌ഞര്‍ അതൊരു പ്രജനനകേന്ദ്രമാണെന്ന തിരിച്ചറിവില്‍ ഗവേഷണം ആവഴിക്കുവിട്ടു. ഭാരതിയാര്‍, ഭാരതിദാസന്‍ സര്‍വകലാശാലയിലെ ജിയോളജിസ്‌റ്റുകളും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ അതു ദിനോസര്‍ മുട്ടകളാകാമെന്ന നിഗമനത്തിലെത്തിയത്‌. ഫോട്ടോ കണ്ട രാജ്യാന്തര ദിനോസര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രജ്‌ഞര്‍ നിഗമനം ശരിയാണെന്ന്‌ ഉറപ്പിച്ചു.

ഒരു മുട്ടയ്‌ക്ക് അഞ്ചുമുതല്‍ എട്ടിഞ്ചുവരെ വ്യാസം. എട്ടെണ്ണമുള്ള ഒരുനിര. അങ്ങനെ പലനിരകള്‍. നദീ തീരത്തോ അടിത്തട്ടിലോ ആണ്‌ മുട്ടകള്‍ കണ്ടെത്തിയത്‌. കൂടുതല്‍ കുഴിച്ചപ്പോള്‍ ദിനോസറുകളുടെ എല്ലുകളും വിസര്‍ജ്യാവശിഷ്‌ടങ്ങളും കണ്ടെത്തി. എന്നാല്‍, ഇതിനേക്കാളൊക്കെ സന്തോഷമേകിയ കണ്ടെത്തല്‍ ഈ അവശിഷ്‌ടങ്ങളെ പൊതിഞ്ഞു നിന്ന പൊടിയുടെ അംശമായിരുന്നു. അഗ്നിപര്‍വ തത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഉറഞ്ഞുണ്ടാകുന്ന പൊടിയായിരുന്നു അത്‌. ശാസജ്‌ഞരുടെ നിഗമനം ഇങ്ങനെ: ഒരു ചതുരശ്ര കിലോമീറ്ററിലധികം മുട്ടകള്‍ കണ്ടെത്തിയ ഇവിടം ദിനോസറുകളുടെ നഴ്‌സറിയായിരുന്നു. തമ്പടിച്ച്‌ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കുന്ന പ്രദേശം. ആറരക്കോടി വര്‍ഷം മുമ്പുണ്ടായ വന്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ആ കുലമൊന്നാകെ നശിച്ചു. ഇത്‌ ശരിയാണെന്നു വന്നാല്‍ ഉല്‍ക്കാപതനത്തിലാണ്‌ ദിനോസറുകള്‍ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായതെന്ന ഇതുവരെയുള്ള വിശ്വാസം തിരുത്തിയെഴുതേണ്ടിവരും.

ആക്രമണകാരിയായ ഇരുകാലി കാര്‍ണോവറും നാലുകാലിയും സസ്യഭുക്കുമായിരുന്ന സൗറോപോഡുമായിരുന്നു ഇവിടെ മേഞ്ഞു നടന്നിരുന്ന ദിനോസറുകള്‍ എന്നാണ്‌ കരുതുന്നത്‌. അരിയാലൂരിലെ ദിനോസര്‍ സാന്നിധ്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കണ്ടെത്തിയതാണ്‌. 1843-ല്‍ ഇവിടെവച്ച്‌ ബ്രിട്ടീഷ്‌ ദമ്പതികള്‍ക്ക്‌ കുറെ 'വിചിത്രമായ എല്ലിന്‍ കഷണങ്ങള്‍' കിട്ടി. 32 പെട്ടികളിലായി അടുക്കിയ അവ ദിനോസറുകളുടേതായിരുന്നുവെന്ന്‌ തിരിച്ചറിയുന്നത്‌ 1860-ല്‍ ഒരു ബ്രിട്ടീഷ്‌ ജിയോളജിസ്‌റ്റ് ഇവിടെ നിന്ന്‌ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയതോടെയാണ്‌. തൊണ്ണൂറുകളില്‍ വീണ്ടും ദിനോസര്‍ മുട്ടകള്‍ കിട്ടിയെങ്കിലും ഇവിടം അതി വിശാലമായ ദിനോസര്‍ ഈറ്റില്ലമാണെന്ന്‌ തിരിച്ചറിയുന്നത്‌ ഒടുവിലത്തെ കണ്ടു പിടിത്തത്തോടെയാണ്‌.

പ്രപഞ്ചത്തിന്റെ തന്നെ രഹസ്യങ്ങള്‍ അടങ്ങുന്ന ഒരു പ്രദേശം കണ്ടെത്തിയാല്‍ സാധാരണഗതിയില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കുകയാണല്ലോ ചെയ്യുക. എന്നാല്‍, ഇതൊരു വിലപ്പെട്ട സ്‌ഥലമാണെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനസിലായെങ്കിലും സംരക്ഷിക്കാനുള്ള ഒന്നും ഇവിടെ ചെയില്ല. എട്ട്‌ സിമന്റ്‌ ഫാക്‌ടറികളാണ്‌ ഈ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മുതിര്‍ന്ന ജിയോളജിസ്‌റ്റായ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നു. 60,000 ടണ്‍ സിമന്റ്‌ ഒരോ ദിവസവും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഒരുലക്ഷം ടണ്ണിലധികം ചുണ്ണാമ്പ്‌കല്ലാണ്‌ ഇതിനായി പൊടിക്കുന്നത്‌. ഇക്കാലമത്രയും കൊണ്ട്‌ എത്രയധികം ഫോസിലുകള്‍ ഇവിടെ ചതഞ്ഞരഞ്ഞ്‌ സിമന്റായി ചാക്കില്‍ കയറി പോയിട്ടുണ്ടാവാം.

ഇന്ത്യയില്‍ ഫോസില്‍ ഗവേഷണരംഗത്ത്‌ വളരെകുറച്ചു പേരേ പങ്കെടുക്കുന്നുള്ളു. അവരില്‍ മുന്‍നിരയിലുള്ള പഞ്ചാബ്‌ സര്‍വകലാശാലയിലെ പ്രഫ.അശോക്‌ സാഹ്നിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ശാസ്രരംഗത്തെ അതിപ്രധാനമായ ചുവടുവയ്‌പാണ്‌ അരിയാലൂരിലെ കണ്ടുപിടിത്തം.

ദിനോസര്‍ പഠനത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന കാര്യംകൂടിയാണിത്‌. പടിഞ്ഞാറ്‌ ഗുജറാത്തില്‍ തുടങ്ങി മധ്യപ്രദേശില്‍ പടര്‍ന്ന്‌ തെക്കുകിഴക്ക്‌ തമിഴ്‌നാട്ടിലെത്തി നില്‍ക്കുന്ന ദിനോസര്‍ പെരുമ. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര വ്യാപക ഭൂപ്രദേശമാണ്‌ ഇത്തരം ഫോസിലുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്‌.

അരിയാലുരില്‍ ഭൂമിക്കടിയില്‍ പലതട്ടിലായി മുട്ടകള്‍ കണ്ടെത്തിയതില്‍ നിന്നു മനസിലായ ഒരുകാര്യം ദിനോസറുകള്‍ ഇവിടേക്ക്‌ സ്‌ഥിരമായി മുട്ടയിടാന്‍ എത്തിയിരുന്നുന്നതാണ്‌. 1859-ല്‍ ഫ്രാന്‍സില്‍ ആദ്യമായി ദിനോസറുകളുടെ മുട്ട കണ്ടെത്തിയ ശേഷം ഇരുന്നൂറോളം സ്‌ഥലങ്ങളില്‍ മുട്ട കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ശാസ്ര ലോകത്തിന്‌ തിരിച്ചറിയാന്‍ പറ്റാത്ത ഒരുകാര്യമുണ്ട്‌ - ദിനോസറുകള്‍ മുട്ട വിരിയിച്ചിരുന്നതെങ്ങനെ എന്ന്‌. പക്ഷികളെ പോലെ അടയിരുന്നായിരുന്നോ അതോ ഉരഗങ്ങളെപ്പോലെ അവയെ തനിയെ വിരിയാന്‍ വിടുകയായിരുന്നോ എന്നത്‌ ഇനിയും അജ്‌ഞാതം. അതിനുള്ള മറുപടി ഈ തമിഴ്‌മണ്ണില്‍ ഉറഞ്ഞു കിടപ്പുണ്ടെന്നാണ്‌ പ്രതീക്ഷ.

ഇ.പി. ഷാജുദീന്‍
25/10/2009

No comments:

Post a Comment