ഒരു ചീറ്റപ്പുലിയെ കിട്ടിയിരുന്നെങ്കില്‍ ഓട്ടമല്‍സരം നടത്താമായിരുന്നുവെന്ന് കരുതിയിരുന്ന ഓട്ടക്കാരെല്ലാം ഒരുങ്ങിയിരുന്നോളൂ, ചീറ്റപ്പുലിയുടെ വംശം ഇന്ത്യയില്‍ കുറ്റിയറ്റു പോയതിനാല്‍ ഇനി ഒരിക്കലും ഓട്ടമല്‍സരം നടത്തേണ്ടി വരില്ലെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി- താമസിയാതെ ഇന്ത്യന്‍ കാടുകളിലും ചീറ്റപ്പുലി ചീറ്റിത്തുടങ്ങും.
ഇന്ത്യയുടെ സ്വന്തം ഭാഷയായ സംസ്‌കൃതത്തിലെ സിത്രകായായില്‍ നിന്നാണ് ചീറ്റയുടെ പേരു വന്നതെങ്കിലും അരനൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ നിന്ന് അവസാന ചീറ്റയും അപ്രത്യക്ഷമായി. സ്വാതന്ത്ര്യത്തിനുമുന്‍പ് സായിപ്പുമാരും രാജാക്കന്മാരുമൊക്കെ വേട്ടയാടിക്കൊന്ന് അവസാനം പേരിനുപോലും ഒന്ന് ഇന്ത്യയില്‍ ഇല്ലാതായി. ഏഷ്യന്‍ വനമേഖലയില്‍ വ്യാപകമായുണ്ടായിരുന്ന മൃഗമായിരുന്നു ഇതെന്നോര്‍ക്കണം.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വംശമറ്റുപോയ ഏക മൃഗവും ചീറ്റയായിരുന്നു. ഇന്ന് ആഫ്രിക്കയിലും ഇറാനിലും, യു.എ.ഇയിലും പാകിസാന്റെ ചില മലയിടുക്കുകളിലും മാത്രമുള്ള ചീറ്റയെ ഇന്ത്യന്‍ കാടുകളില്‍ കുടിയിരുത്താനുള്ള വമ്പന്‍ പദ്ധതി ഒരുങ്ങുകയാണ്.
ആഫ്രിക്കയില്‍ നിന്നോ യു.എ.ഇയില്‍ നിന്നോ ലക്ഷണമൊത്ത പുലികളെ ഇന്ത്യയില്‍ കാട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയെടുക്കാനുള്ളതാണു പദ്ധതി. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലൊക്കെ ഇഷ്‌ടം പോലെ പുലികള്‍ ഉണ്ട്. അവയില്‍ ചിലതിനെ ഇവിടേക്കു കൊണ്ടുവരും. കുറെ നാളത്തേക്ക് ചെറിയ ഒരു പ്രദേശത്ത് താമസിപ്പിച്ച് ഇനി കഴിയാന്‍ പോകുന്ന വനത്തിനെക്കുറിച്ച് നന്നായി മനസിലാക്കിക്കൊടുത്തശേഷമായിരിക്കും പുലികളെ കാട്ടിലേക്കു തുറന്നു വിടുന്നത്. കാര്യങ്ങളെല്ലാം ഉദ്ദേശിച്ചരീതിയില്‍ നടന്നാല്‍, കര്‍ണാടകയിലെ ബിജാപുര്‍-സോളാപുര്‍ വനത്തില്‍ 60 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ആദ്യമായി ചീറ്റപ്പുലിയുടെ കാലടി പതിയും. ആന്ധ്രാ പ്രദേശിലെ ചില വന പ്രദേശവും കണ്ടു വച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച രാജ്‌സ്ഥാനിലെ ബികാനെറില്‍ നടന്നയോഗമാണ് പുലിക്കൈമാറ്റത്തിന് അന്തിമ തീരുമാനമെടുത്തത്. കര്‍ണാടകയും ആന്ധ്രയും കൂടാതെ ഗുജറാത്തും രാജസ്‌ഥാനും ചത്തിസ്‌ഗഡും മധ്യപ്രദേശും പരിഗണനയിലുണ്ട്.
അടുത്ത പത്തുവര്‍ഷത്തേക്ക് ഓരോ വര്‍ഷവും പത്തോളം പുലികളെ ഇന്ത്യയിലേക്ക് ഇറക്കാനാണ് പരിപാടി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ചീറ്റവര്‍ഗങ്ങള്‍ 5000 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞതാണ്. ഒടുവില്‍ ഇന്ത്യന്‍ ചീറ്റകള്‍ക്ക് പുനര്‍ജനമേകാന്‍ ആഫ്രിക്കന്‍ ചീറ്റകള്‍ വരേണ്ടി വരികയാണ്.
ഇന്ത്യയില്‍ മൃഗങ്ങളെ കാടുമാറ്റി പാര്‍പ്പിക്കുന്നത് പുതിയ സംഭവമൊന്നുമല്ല. മധ്യപ്രദേശിലെ പന്ന, രാജ്‌സ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതങ്ങളില്‍ കടുവകളെ മറ്റു സങ്കേതങ്ങളില്‍ നിന്ന് കൊണ്ടുവന്നു പാര്‍പ്പിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.
ഇങ്ങനെ കടുവയെ മാറ്റിത്താമസിപ്പിക്കേണ്ടി വന്നത് ചീറ്റയെ ഇറക്കുമതി ചെയ്യുന്നതിന് ഭീഷണിയാണെന്നും അഭിപ്രായമുണ്ട്. കാരണം, സരിസ്‌കയില്‍ ഒറ്റക്കടുവപോലും ഇല്ലാതായപ്പോഴാണ് അവിടേക്ക് കുടിയേറ്റം വേണ്ടി വന്നത്. പന്നയിലാവട്ടെ പെണ്‍കടുവകള്‍ ഇല്ലാതായപ്പോള്‍ ഇറക്കുമതി വേണ്ടിവന്നു. കാല്‍ നൂറ്റാണ്ടിലേറെയായി കടുവാസംരക്ഷണത്തിനു കോടികള്‍ ചെലവഴിച്ചിട്ടും ഇങ്ങനെ കടുവകള്‍ ഇല്ലാതാകുന്ന നാട്ടില്‍ പുറത്തു നിന്നു ചീറ്റപ്പുലിയെ കൊണ്ടു വരുന്നത് എത്രത്തോളം പ്രായോഗികമാകുമെന്നതാണ് പ്രസകമായ ചോദ്യം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വേട്ടയാടപ്പെട്ടത് 110 കടുവകളാണ്. ഇതിനിടയില്‍ ചീറ്റപ്പുലികളെ വിദേശത്തു നിന്നു കൊണ്ടുവന്ന് സംരക്ഷിക്കാനായില്ലെങ്കില്‍ അതു പാഴ്‌ചെലവാവില്ലേ എന്നു ചോദിക്കുന്നവരും ഏറെ.
മാത്രവുമല്ല, മാറിയ കാടിലും കാലാവസ്‌ഥയിലും ആഫ്രിക്കന്‍ ചീറ്റകള്‍ ഇന്ത്യയില്‍ അതിജീവിച്ചേക്കില്ലെന്നു പറയുന്നവരും ഉണ്ട്. രാജസ്‌ഥാനിലെ മുഖ്യ വനപാലകന്‍ ആര്‍.എന്‍. മല്‍ഹോത്ര ഈ അഭിപ്രായക്കാരനാണ്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോലിക്യുലാര്‍ ബയോളജി ചീറ്റയെ ക്ലോണ്‍ ചെയു സൃഷ്‌ടിക്കാന്‍ പരിപാടി ഇട്ടിരുന്നു. ഇറാനില്‍ നിന്ന് ഒരു ജോഡി ചീറ്റയെ കൊണ്ടുവന്ന് ക്ലോണ്‍ ചെയ്യാനായിരുന്നു പരിപാടി. ഇറാന്‍ സമ്മതിക്കാതിരുന്നതിനാല്‍ അതു നടന്നില്ല. പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയും ചെയു. പിന്നീട് ഇന്ത്യ ഇറാനോട് ഒരു ചീറ്റയെ വിട്ടു തരാമോ എന്നു ചോദിച്ചു. സമ്മതമല്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഇറാന് അരസമ്മതമായിട്ടുണ്ട്- ഒരു സിംഹത്തെ കൊടുത്താല്‍ ഒരു ചീറ്റയെ തരാം. ഇന്ത്യ ഇനിയും സമ്മതം മൂളിയിട്ടില്ല.
എന്തായാലും വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ സ്വപ്‌നപദ്ധതിയാണ് ചീറ്റയുടെ രണ്ടാം വരവ്. വൈല്‍ഡ് ലൈഫ് ട്രസ്‌റ്റ് തലവന്‍ എം.കെ. രഞ്‌ജിത് സിംഗിനെയും വന്യജീവി വിദഗ്‌ധന്‍ വൈ. വി. ഝാലയെയും പോലുള്ളവര്‍ പിന്തുണയുമായി ഉള്ളതിനാല്‍ ജയ്‌റാം രമേശ് ശുഭാപ്തി വിശ്വാസത്തിലാണ്.
സണ്‍ഡേ മംഗളം സെപ്റ്റംബര്‍ 20, 2009
No comments:
Post a Comment