വളരെ കൂളാണ് ആഷിഖ് | ||
പ്രേക്ഷകനെ മുഷിപ്പിക്കാത്ത സിനിമ എന്ന ഒറ്റ ലക്ഷ്യമേ ഒരു സംവിധായകനെന്ന നിലയില്‍ തനിക്കുള്ളൂവെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ആഷിഖ് അബുവിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. കേവലം മുപ്പതുവയസുമാത്രമുള്ള ആഷിഖ് ഡാഡികൂള്‍ എന്ന തന്റെ കന്നിചിത്രത്തിലൂടെ അതു വിജയകരമായി തെളിയിച്ചുകഴിഞ്ഞു. മലയാളി പ്രേക്ഷകന്റെ പള്‍സ് വ്യക്‌തമായി മനസിലാക്കിയ ഈ ചെറുപ്പക്കാരന്‍ യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് ഡാഡികൂളിലെ കേന്ദ്ര കഥാപാത്രമായ ആന്റണി സൈമണ്‍ എന്ന ക്രൈംബ്രാഞ്ച് ഓഫീസറായ ഡാഡിയെയും ആദിയെന്ന മകനെയും സൃഷ്‌ടിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സംഭവങ്ങളല്ല ആഷിഖിന് സിനിമ. അത് ജീവിതത്തിലെ ഏതാനും ദിനങ്ങള്‍ മാത്രമാണ്. ആ ദിവസങ്ങളെ കേവലം രണ്ടരമണിക്കൂറിന്റെ വൃത്തത്തിലേക്ക് ''വളരെ കൂളായി '' ആഷിഖ് പകര്‍ത്തിവച്ചപ്പോള്‍ ഡാഡികൂള്‍ മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു സിനിമയായി. കൈത്തഴക്കംവന്ന പല സംവിധായകരുടെയും ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ യാതൊരു ചലനവും സൃഷ്‌ടിക്കാതെ കടന്നുപോയപ്പോഴാണ് ഒരു പുതുമുഖ സംവിധായകന്റെ യാതൊരു ടെന്‍ഷനുമില്ലാതെ ആഷിഖ് സൃഷ്‌ടിച്ച മമ്മൂട്ടിയുടെ 'കൂള്‍' ക്യാരക്‌ടര്‍ ഫാമിലിയെ തീയറ്ററുകളില്‍ പിടിച്ചിരുത്തിയത്. മമ്മൂട്ടി, പെട്ടി, കുട്ടിയെന്നു തന്റെ സിനിമയെ ആക്ഷേപിച്ചവര്‍ക്കു തന്റെ ചിത്രം കണ്ടിട്ട് അഭിപ്രായം പറയൂ എന്ന നിര്‍ദേശമേ ഈ ചെറുപ്പക്കാരന്‍ മുന്നോട്ടു വയ്‌ക്കുന്നുള്ളൂ. തന്റെ സിനിമയുടെ വാണിജ്യ വിജയവും പ്രേക്ഷകര്‍ ഇഷ്‌ടപ്പെട്ടതുമാണ് ഇത്തരം ആക്ഷേപങ്ങള്‍ക്കുള്ള തന്റെ മറുപടിയെന്ന് വളരെ കൂളായി ആഷിഖ് പറയും . ആദ്യസിനിമയിലൂടെ സംവിധാനത്തിനൊപ്പം, കഥയും തിരക്കഥയും തനിക്കു വഴങ്ങുമെന്നു തെളിയിച്ച ഈ യുവ സംവിധായകനില്‍ നിന്നു പ്രേക്ഷകനെ ആനന്ദിപ്പിക്കുന്ന മികവുറ്റ വിജയ ചിത്രങ്ങള്‍ നമ്മള്‍ക്ക് ഇനിയും പ്രതീക്ഷിക്കാം. തന്റെ സിനിമയെക്കുറിച്ചും സിനിമാ സങ്കല്‍പ്പങ്ങളെക്കുറിച്ചും ആഷിഖ് സംസാരിക്കുന്നു. ? ആഷിഖ് അബു എങ്ങനെയാണ് ഡാഡികൂളിന്റെ സംവിധായകനായി രൂപപ്പെടുന്നത് മഹാരാജാസ് കോളജിലാണ് ഞാന്‍ പ്രീഡിഗ്രി മുതല്‍ എം.എ വരെ പഠിച്ചത്. അവിടെ ഞാന്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മാഗസിന്‍ എഡിറ്റര്‍, ചെയര്‍മാന്‍ എന്നീ പദവികള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്. അന്ന് മഹാരാജാസില്‍ നാടകരംഗം സജീവമായിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദ് അന്നത്തെ മഹാരാജാസിലെ പ്രധാന നടനാണ്. ഒരിക്കല്‍ നാടകത്തില്‍ അഭിനയിക്കേണ്ട ഒരു നടന് വരാന്‍ കഴിയാതെവന്നപ്പോള്‍ എനിക്ക് ആ വേഷം കൈകാര്യം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അന്നൊന്നും പക്ഷേ നാടകത്തിലെയോ സിനിമയിലെയോ ഒരു മേഖലയും എന്നെ മോഹിപ്പിച്ചിരുന്നില്ല. പിന്നീട് 1998 ല്‍ കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലാണ് എന്നെ സിനിമയുമായി അടുപ്പിച്ചത്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കോളജ് ചെയര്‍മാനായ ഞാന്‍ തുടര്‍ന്നു മഹാരാജാസില്‍ ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ചു. നാലുദിവസം നീണ്ടുനിന്ന ആ ഫിലിം ഫെസ്‌റ്റിവലില്‍ ലോക സിനിമകളടക്കം 32 സിനിമകള്‍ അവതരിപ്പിച്ചു. ഇത് എന്നിലെ സിനിമാ മോഹങ്ങളെ ഉണര്‍ത്തുകയായിരുന്നു. അതിനു മുമ്പു ഞാന്‍ മാഗസിന്‍ എഡിറ്ററായ സമയത്താണ് മഹാരാജാസിന്റെ 'ഓര്‍മ' എന്ന കോളജ് മാഗസിന് ചീഫ് എഡിറ്റേഴ്‌സ് ട്രോഫി ലഭിക്കുന്നത്. അതു സമ്മാനിച്ചതു മമ്മുക്കയാണ്. അങ്ങനെ മമ്മുക്കയുമായി പരിചയമായി. ? പിന്നീട് എന്താണ് സംഭവിച്ചത് 'മനസറിയാതെ'യെന്ന കാമ്പസ് ഫിലിം ഈ സമയം ഞാന്‍ സംവിധാനം ചെയ്‌തതു കൈരളിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്നു. അന്ന് കാമ്പസ് ഫിലിംരംഗം ഇത്ര സജീവമായിരുന്നില്ല. ഒന്നേകാല്‍ മണിക്കൂറുള്ള ആ കാമ്പസ് ഫിലിം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2001 ല്‍ ശലഭം എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബവും പുറത്തിറക്കി. സംവിധായകന്‍ കമലായിരുന്നു അതിന്റെ പ്രകാശനം നിര്‍വഹിച്ചത്. ആ പരിചയം വച്ച് എനിക്ക് അസിസന്റായി ഒരവസരം തരാമോയെന്നു ഞാന്‍ ചോദിച്ചു. കമല്‍ സാറിന് പൂര്‍ണ സമ്മതമായിരുന്നു. അങ്ങനെ അദ്ദേഹം സംവിധാനം ചെയ്‌ത സ്വപ്‌നക്കൂട് തൊട്ട് ഗോള്‍വരെയുള്ള ഏഴ് ചിത്രങ്ങളില്‍ തുടര്‍ന്ന് അസിസ്‌റ്റന്റായി വര്‍ക്ക് ചെയ്‌തു. ? ഡാഡികൂളിന്റെ കഥയുടെ ത്രെഡ് ലഭിക്കുന്നത് എങ്ങനെയാണ്? വയര്‍ലെസ് സെറ്റുമായി നില്‍ക്കുന്ന ഒരു പോലീസുകാരന്‍. അയാള്‍ക്ക് അമിതമായ ക്രിക്കറ്റ് ജ്വരമുണ്ടെങ്കില്‍ ആ വയര്‍ലെസ് സെറ്റ് ഒരു ട്രാന്‍സിസ്‌റ്റര്‍ റേഡിയോ ആക്കി ഉപയോഗിക്കാവുന്നതാണ്. അതായിരുന്നു കഥയുടെ ആദ്യ ഇമേജ്. പിന്നെ അയാള്‍ എങ്ങനെ ഇത്ര ക്രിക്കറ്റ് പ്രേമിയും, ജോലിയില്‍ മടിയനുമായി എന്നതായി അന്വേഷണം. അങ്ങനെയാണ് ആ അന്വേഷണം മകനില്‍ എത്തുന്നത്. ആ ഡാഡിയും മകനും ഒരു ക്രിക്കറ്റ് താരത്തെ നേരിട്ടുകണ്ടാല്‍ എന്തു സംഭവിക്കും. അങ്ങനെയാണു കഥയുടെ ത്രെഡ് വികസിച്ചത്. ഡാഡികൂളിന്റെ കഥ ആദ്യം ഞാന്‍ പറയുന്നതു സുഹൃത്തുക്കളോടാണ്. അതിനുശേഷമാണ് കഥയുടെ ത്രെഡ് മമ്മുക്കയോടു പറഞ്ഞത്. ലാല്‍ മീഡിയയില്‍ മമ്മുക്ക മിഷന്‍ 90 ഡേയ്‌സിന്റെ ഡബ്ബിംഗ് ജോലിയിലായിരുന്നു അപ്പോള്‍. എഴുതിനോക്കാന്‍ പറഞ്ഞ് മമ്മുക്കയാണ് എനിക്ക് ധൈര്യം തന്നത്. പിന്നീട് തിരക്കഥ തയാറാക്കി .ഒരാളുടെ കൂടെ ഇന്‍പുട്ട് ഉണ്ടെങ്കില്‍ അതു നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചിത്രത്തിന്റെ സംഭാഷണമെഴുതാന്‍ ബിപിന്‍ ചന്ദ്രന്‍ വരുന്നത്. തിരക്കഥ ഞങ്ങള്‍ പൂര്‍ത്തിയാക്കി മമ്മുക്കയെ വായിച്ചുകേള്‍പ്പിച്ചു. മമ്മുക്കയ്‌ക്കു പദ്ധതി ഇഷ്‌ടമായി. അതിനുമുമ്പ് കമല്‍സാറിനെയും സ്‌ക്രിപ്‌റ്റ് കാട്ടിയിരുന്നു. ഡയലോഗില്‍ ചില മാറ്റങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചു. 51 ദിവസം മൊത്തം ഷൂട്ടിംഗുണ്ടായിരുന്നു. ക്രിക്കറ്റ് താരമാകാന്‍ ശ്രീശാന്തിനെയും പരിഗണിച്ചതാണ് .അദ്ദേഹത്തിന്റെ തിരക്കുമൂലം ആ ശ്രമം നടന്നില്ല. ? ആദിയെന്ന കുട്ടിയെയും വില്ലന്‍ വേഷം ചെയ്യാന്‍ ബാലാജിയെയും എങ്ങനെയാണ് കണ്ടെത്തിയത് മമ്മുക്കയുടെ മകനായി അഭിനയിക്കേണ്ട കുട്ടിക്ക് നാച്ചുറല്‍ അഭിനയ മികവു വേണ്ടിയിരുന്നതിനാല്‍ കുട്ടിയെ കണ്ടെത്തല്‍ സാഹസികമായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍, ഒരുപാടു കുട്ടികളെ ഞങ്ങള്‍ വേഷത്തിനായി പരിഗണിച്ചുവെങ്കിലും തൃപ്‌തിവന്നില്ല. ആ സമയത്താണ് ഒരു മാഗസിനില്‍ ധനഞ്‌ജയനെന്ന പയ്യന്റെ ചിത്രം കാണുന്നത്. വേണ്ട പരിശീലനം നല്‍കിയപ്പോള്‍ ആദിയെന്ന കഥാപാത്രമാകാന്‍ ധനഞ്‌ജയനു വേഗംകഴിഞ്ഞു. അതുപോലെ തന്നെയായിരുന്നു വില്ലന്‍ വേഷം ചെയ്‌ത ഡാനിയേല്‍ ബാലാജിയുടെ കാസ്‌റ്റിംഗും. മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രമെന്നാല്‍ മസിലുകള്‍ ഉള്ളവരും, കണ്ണ് ചുവന്നവരും, തടിച്ചവന്മാരുമാണെന്ന ധാരണയാണുള്ളത്. ഒന്നു മാറി ചിന്തിക്കണമെന്ന് തോന്നി. മാക്‌സിമം യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വില്ലനെ അവതരിപ്പിക്കണമെന്നു ഞാന്‍ ആദ്യമേ തീരുമാനിച്ചു. ഡാഡികൂളിലെ വില്ലന്‍ മയക്കുമരുന്നിന് അടിമയാണ്. സ്‌ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ മെലിഞ്ഞ ശരീര പ്രകൃതക്കാരായിരിക്കും. അങ്ങനെയുള്ള ഒരു നടനെ തിരയുന്ന സമയത്താണ് ബാലാജി ശ്രദ്ധയില്‍പ്പെടുന്നത്. വേട്ടയാട് വിളയാട് എന്ന തമിഴ്‌ചിത്രത്തിലെ ബാലജിയുടെ അഭിനയം എന്നെ ഒത്തിരി ആകര്‍ഷിപ്പിച്ചിരുന്നു.ആദ്യമൊന്നും ഞങ്ങളുടെ ഓഫര്‍ ബാലാജി സ്വീകരിച്ചില്ല. ആശിഷ് വിദ്യാര്‍ത്ഥി വില്ലനായി ചിത്രത്തിലുണ്ടെങ്കില്‍ പിന്നെ എന്റെ ആവശ്യമില്ലെന്നായിരുന്നു ബാലാജിയുടെ കമന്റ്. ആദ്യരംഗത്തൊന്നും വില്ലനാണെന്നു തോന്നാതെ ഒരുഘട്ടത്തില്‍ ഭയപ്പെടുത്താന്‍പോന്ന ആ കഥാപാത്രത്തിനു ബാലാജിയെ അല്ലാതെ മറ്റൊരാളെ എനിക്കു സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല. എന്തിനു പറയുന്നു ഒടുവില്‍ ബാലാജി സമ്മതിച്ചെന്നു മാത്രമല്ല, കാമറയുടെ മുന്നില്‍ നിന്നു മാറാന്‍ കൂട്ടാക്കാത്ത അവസ്‌ഥയിലേക്ക് എത്തിയെന്നു പറയാം. ഇപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ? എന്താണ് താങ്കളുടെ സിനിമാ സങ്കല്‍പ്പം പ്രേക്ഷകനെ മടുപ്പിക്കാത്ത, അവന്റെ യുക്‌തിയെ ചോദ്യം ചെയ്യാത്ത സിനിമ സംവിധാനം ചെയ്യുക എന്നതാണ് ഞാന്‍ കടമയായി കരുതുന്നത്. പത്മരാജന്റെയോ, ഭരതന്റെയോയൊന്നും ഡെപ്‌ത്ത്നെസ് എനിക്കില്ലെന്ന് സ്വയം അറിയാം. എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നതിനെക്കുറിച്ച് വ്യക്‌തമായ തിരിച്ചറിവുണ്ട്. പ്രേക്ഷകനെ രസിപ്പിക്കുക എന്ന മിനിമം ഉദ്ദേശ്യമേ എനിക്കുള്ളൂ. ലളിതമായി കൈകാര്യം ചെയ്യാവുന്ന വിഷയം പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അതു സ്വീകരിക്കണപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ? താങ്കളുടെ ഒരുകാലത്തെ കാമ്പസ് സുഹൃത്തുക്കള്‍ ഡാഡികൂളിന്റെ അണിയറയിലുണ്ടല്ലോ കാമറാമാന്‍ സാമീര്‍ താഹിറും സംഭാഷണം എഴുതിയ ബിപിന്‍ ചന്ദ്രനും മഹാരാജാസില്‍ എന്റെ സീനിയര്‍ ആയിരുന്നു. പിന്നെ സംഗീത സംവിധായകന്‍ ബിജിബാല്‍ സെന്റ് ആല്‍ബര്‍ട്‌സിലായിരുന്നു പഠിച്ചതെങ്കിലും അന്നേ വയലിനിസ്‌റ്റ് എന്ന നിലയില്‍ ബിജിബാലിനെ അറിയാം. പഠനം കഴിഞ്ഞശേഷവും ഇവരുമായുള്ള സൗഹൃദങ്ങള്‍ ഞാന്‍ നിലനിര്‍ത്തി. ഞാന്‍ ചെയ്‌ത പല പരസ്യ ചിത്രങ്ങളുടെയും (പാനസോണിക്ക്, ജോയ് ആലുക്കാസ്, ദുബായ് ഗോള്‍ഡന്‍ ജ്വല്ലറി എന്നിവയുടെ പരസ്യങ്ങള്‍) കാമറാമാന്‍ സാമീര്‍ ആയിരുന്നു. എന്റെ മനസറിയാതെ എന്ന ടെലിഫിലിമില്‍ ബിപിന്‍ ചന്ദ്രന്‍ അഭിനയിച്ചിരുന്നു. ബിജിബാലും വര്‍ക്കുകളില്‍ സഹകരിച്ചിട്ടുണ്ട്. സാമീറിന്റെ കാമറ മികവിനെപ്പറ്റി ചിത്രം കണ്ട പലരും നല്ല അഭിപ്രായം പറഞ്ഞിരുന്നു. പിന്നെ, ഡാഡികൂള്‍ റിലീസിംഗിന് എറണാകുളം പത്മയില്‍ ചിത്രം കാണാനായി മഹാരാജാസിലെ സുഹൃത്തുക്കള്‍ അനവധിപേര്‍ എത്തിയിരുന്നു. പലര്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്‌തുവെന്നത് അത്ഭുതമായിരുന്നു. അവര്‍ പലരും ഭാവിയില്‍ ഞാന്‍ ഒരു രാഷ്‌ട്രീയ നേതാവാകുമെന്നാണു കരുതിയിരുന്നത്. ? ഇംഗ്ലീഷ് വാക്കുകള്‍ പലവരികളിലും തിരുകിവച്ചുവെന്ന് താങ്കളുടെ ചിത്രത്തിലെ പാട്ടുകള്‍ക്കെതിരേ ആരോപണങ്ങളുണ്ടായല്ലോ ഇപ്പോള്‍ പ്രേക്ഷകന്‍ ഇഷ്‌ടപ്പെടുന്നുവെന്നു നിങ്ങള്‍ പറയുന്ന പാട്ടുകള്‍ സൂക്ഷ്‌മമായി ശ്രദ്ധിച്ചാല്‍ കേട്ടു മറന്ന പാട്ടുകളുടെയും ട്യൂണുകളുമായുള്ള സാദൃശ്യം വ്യക്‌തമാകും. അത്തരം ശ്രമങ്ങള്‍ നടത്തുമ്പോള്‍ അത് എളുപ്പത്തില്‍ ഹിറ്റാകും. ഗാനരചിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും സേഫായി നില്‍ക്കാനും കഴിയും. അതിനു കഷ്‌ടപ്പാട് കുറവാണ്. അധ്വാനിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് അത്തരം പാതകള്‍ പിന്തുടരുന്നത്. ഒന്നുപറയാം, കണ്ടു മറന്നതും കേട്ടുമറന്നതും എന്റെ സിനിമയ്‌ക്കു വേണ്ട. എന്റെ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റാകണമെന്ന് നിര്‍ബന്ധമില്ല. പുതുമ ഞാന്‍ ഇഷ്‌ടപ്പെടുന്നു. അത് പ്രേക്ഷകരിലെത്താന്‍ ചിലപ്പോള്‍ അല്‍പ്പം കാലംകൂടി എടുത്തുവെന്നുവന്നേക്കാം. ? ഒരു സംവിധായകനെന്ന നിലയില്‍ ഗാനചിത്രീകരണത്തിനായി ഹോങ്കോംഗില്‍ പോയതും വസ്‌ത്രാലങ്കാര രംഗത്തെ ധാരാളിത്വവും ഒഴിവാക്കാമായിരുന്നില്ലേ ഡാഡികൂളിന്റെ വസ്‌ത്രാലങ്കാരത്തിനു ചെലവായ എല്ലാ ബില്ലുകളും എന്റെ കൈയിലുണ്ട്. ആ ബില്‍ തുക നോക്കിയാല്‍ മനസിലാകും മറ്റു ചിത്രങ്ങളുടെ വസ്‌ത്രാലങ്കാര ചെലവിനേക്കാള്‍ ഡാഡികൂളിലെ വസ്‌ത്രാലങ്കാര ചെലവ് വളരെ കുറവായിരുന്നുവെന്ന്. പിന്നെ ഡാഡികൂള്‍ കണ്ട് ചെലവേറിയതായി തോന്നിയെങ്കില്‍ അതു അവതരണ ശൈലിയുടെ വിജയമാണ്. പിന്നെ, ഗാനചിത്രീകരണത്തിനായി ഹോങ്കോംഗില്‍പോയത് നിര്‍മാതാവിന്റെ താല്‍പര്യംമൂലമാണ്. എതിരു നില്‍ക്കുന്നതു ശരിയല്ലല്ലോ? . ആഴ്‌ചകളോളം പണിതുയര്‍ത്തിയ ഷൂട്ടിംഗ് സെറ്റുകള്‍ക്കായും ഞങ്ങള്‍ പണം ചെലവിട്ടിട്ടില്ല. യഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കാനാണ് ശ്രമിച്ചത്. ചിത്രത്തില്‍ കാണുന്ന ക്രൈംബ്രാഞ്ച് ഓഫീസ് എറണാകുളം പ്രസ് അക്കാദമിയാണ്. യഥാര്‍ത്ഥ ക്രൈംബ്രാഞ്ച് ഓഫീസുമായി നല്ല സാദൃശ്യമുണ്ടെന്നു ചിത്രംകണ്ട പലരും പറഞ്ഞിരുന്നു. ചെലവിന്റെ കാര്യം പറയുകയാണെങ്കില്‍ സൂപ്പര്‍സ്‌റ്റാര്‍ ചിത്രമായിട്ടും ഡാഡികൂളിന് ആകെ ചെലവായത് ഒന്നരക്കോടി രൂപയാണ്. നിര്‍മാതാവിനു തെറ്റില്ലാത്ത ലാഭവും കിട്ടി. അതില്‍ ഞാന്‍ ഹാപ്പിയാണ്. ? പുതിയ പദ്ധതികള്‍ രണ്ട്, മൂന്ന് പദ്ധതികള്‍ മനസിലുണ്ട്. എന്നു നടക്കുമെന്നു പറയാന്‍ കഴിയില്ല. മമ്മുക്കയെ ഉദ്ദേശിച്ചുള്ളതാണ് അതില്‍ ഒരു പ്രൊജക്‌ട്. മറ്റൊന്നു യുവതാരങ്ങളെ നായകരാക്കിയുള്ളതും. മറ്റൊരു പദ്ധതി തമിഴ് സിനിമയാണ്. ഒന്നു ഞാന്‍ തറപ്പിച്ചു പറയാം. ഡാഡികൂള്‍ പോലുള്ള ഒരു സിനിമയായിരിക്കില്ല അത്. തികച്ചും വ്യത്യസ്‌തതയുള്ള പ്രമേയമായിരിക്കും അവയെല്ലാം. എം. എ. ബൈജു | ||
Wednesday, October 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment