Monday, September 14, 2009

ചമയകലയുടെ ചക്രവര്‍ത്തി


ചമയകലയുടെ ചക്രവര്‍ത്തി
Text Size:
ചമയം ഒരുക്കിയ കാഞ്ചീവരം, പരദേശി എന്നീ രണ്ടു ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡ്‌ ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ പട്ടണം റഷീദ്‌. പരദേശി മികച്ച ചമയത്തിനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്തെങ്കില്‍ റഷീദ്‌ ചായമിട്ട കാഞ്ചീവരം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതാണ്‌ ഇരട്ടി മധുരമായത്‌.

കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷമായി മലയാളസിനിമയുടെ ചമയക്കൂട്ടുകള്‍ ചാലിക്കുന്നത്‌ റഷീദിന്റെ കൈകളാണ്‌. ദൈവം അറിഞ്ഞനുഗ്രഹിച്ച വിരലുകളാല്‍ അറിയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടനവധി മുഖങ്ങളെ അണിയിച്ചൊരുക്കി. സിനിമയില്‍ റഷീദ്‌ ആദ്യമായി ചായം തേക്കുന്നത്‌ സത്താറിന്റെ മുഖത്താണ്‌. പിന്നീട്‌ തെന്നിന്ത്യന്‍ സിനിയ്‌ക്കും പുറത്തേക്കു വളര്‍ന്ന ചമയവൈഭവം ഹോളിവുഡില്‍ വരെയെത്തി. ഹോളിവുഡിലെ ചമയകലകാരന്‍മാരായ ബാരി കൂപ്പറിനൊപ്പവും മാര്‍ട്ടീനയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ച അനുഭവങ്ങളും എന്തും നേരിടാനുള്ള ആര്‍ജവവും ആത്മവിശ്വാസവും ഒപ്പം ചേരുമ്പോള്‍ അവാര്‍ഡുകള്‍ റഷീദിനൊപ്പം വന്നു ചേരുന്നു. അങ്ങനെ വിശ്വസിക്കാനാണ്‌ റഷീദിന്‌ ഇഷ്‌ടവും.

ഇന്ന്‌ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ഒട്ടേറെപ്പേരുടെയും മുഖത്ത്‌ ആദ്യമായി ചായം തേച്ചത്‌ പട്ടണം റഷീദായിരിക്കും. മഞ്‌ജു വാര്യര്‍, അസിന്‍, നയന്‍ താര, മീരാ ജാസ്‌മിന്‍... പട്ടിക അവസാനിക്കുന്നില്ല.

ചമയത്തിനു സംസ്‌ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം തേടിയെത്തിയത്‌ റഷീദിനെ ആയിരുന്നു. ആധാരമായിരുന്നു സിനിമ. പിന്നീട്‌ ഗുരു, കുഞ്ഞിക്കുനന്‍, അനന്തഭദ്രം, പരദേശി എന്നീ ചിത്രങ്ങളിലൂടെ സംസ്‌ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ പട്ടണം വീട്ടിലെത്തി. ഇപ്പോള്‍ ദേശീയ തലത്തിലെ ആദ്യ പുരസ്‌കാരവും റഷീദിനു സ്വന്തം. കൊച്ചി വാഴക്കാലായിലെ പട്ടണം വീട്ടിലിരുന്ന്‌ റഷീദ്‌ ഓര്‍മകളും അനുഭവങ്ങളും പങ്കുവച്ചു.

അവാര്‍ഡിനെക്കുറിച്ച്‌?

പരദേശി ചെയ്യുമ്പോള്‍തന്നെ നല്ല റിസല്‍ട്ട്‌ ഉണ്ടാകണം എന്ന്‌ ചിന്തിച്ചിരുന്നു. പക്ഷേ ഇത്തരത്തില്‍ വലിയ ഒരു അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ല.

പരദേശിയില്‍?

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുളള കഥയാണ്‌. കാലത്തിന്റെ പഴമ കഥാപാത്രങ്ങള്‍ക്കും തോന്നിക്കണം. പ്രേക്ഷകന്‌ വിശ്വാസമാവണം. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ സൂക്ഷ്‌മമായി പഠിച്ച ശേഷമാണ്‌ ജോലി തുടങ്ങിയത്‌. വ്യത്യസ്‌ത കാലങ്ങളിലൂടെ കടന്നുപോകുന്ന പരദേശിയിലെ കഥാപാത്രത്തിന്‌ ചമയമൊരുക്കാന്‍ ഒരുപാടു സാധ്യതകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം ഒരുപാട്‌ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌. അതിനൊക്കെ യോജിച്ച വിധത്തില്‍ ചമയം തയാറാക്കേണ്ടിയിരുന്നു. ഏറെ മുസ്ലിം കഥാപാത്രങ്ങളെ കണ്ടുമറന്ന മലയാളിക്കു മുന്‍പില്‍ വ്യത്യസ്‌തമായ ചമയക്കൂട്ടാണ്‌ ഒരുക്കിയത്‌. അതുകൊണ്ടുതന്നെ സ്‌ഥിരം വേഷപ്പകര്‍ച്ചകള്‍ പൂര്‍ണമായും ഒഴിവാക്കി. സംവിധായകന്‍ കെ.ടി കുഞ്ഞുമുഹമ്മദിന്റെ മനസിലെ വലിയകത്ത്‌ മൂസയെ സൂക്ഷ്‌മമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നാണ്‌ വിശ്വാസം. മേക്കപ്പ്‌ ചെയ്യാന്‍ ഓരോ ദിവസവും മൂന്നരമണിക്കൂര്‍ മോഹന്‍ലാല്‍ മുന്നിലിരുന്നു തന്നു. ലാലിന്റെ വിഗും, താടിമീശയും എല്ലാം പൂര്‍ണമായും വിദേശത്തുനിന്നും കൊണ്ടുവന്നു.

കാഞ്ചീവരം?

പ്രിയദര്‍ശന്‍ നേരിട്ടുവിളിച്ച്‌ സംസാരിക്കുകയായിരുന്നു. കഥപറഞ്ഞപ്പോള്‍ തന്നെ വ്യത്യസ്‌തമായ അനുഭവം പ്രേക്ഷകനു നല്‍കുന്നതാവണം ചമയമെന്നു സൂചിപ്പിച്ചിരുന്നു. 1920-കളിലെ കഥയാണ്‌. പച്ചയായ തമിഴ്‌ ഗ്രാമം. കറുത്തനിറമുള്ള മനുഷ്യര്‍. കവിളില്‍ മഞ്ഞള്‍ക്കുറി ചാര്‍ത്തിയ സ്‌ത്രീകള്‍. അങ്ങനെ പലതും. കലാസംവിധായകന്‍ സാബു സിറിള്‍ കഥാപാത്രങ്ങളുടെ സ്‌കെച്ച്‌ തയ്യാറാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചായിരുന്നു ജോലി തുടങ്ങിയത്‌. ഓരോ ഷോട്ടും യഥാര്‍ഥമാണെന്നു തോന്നുന്ന വിധത്തില്‍ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഒരുപാടുപേരുടെ അധ്വാനവും വിയര്‍പ്പും ആ ചിത്രത്തിനു പിന്നിലുണ്ട്‌.

തുടക്കം?

കളമശേരിയിലെ ഫാക്‌ട് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്നു മുതലേ പഠനത്തേക്കാളേറെ കലാ പ്രവര്‍ത്തനമായിരുന്നു താല്‍പര്യം. നാടകമായിരുന്നു തട്ടകം. കൂട്ടുകാരുമൊത്ത്‌ യുവജനോത്സവങ്ങളിലും മറ്റും നാടകവുമായി സജീവമായിരുന്നു. അതിനുമാത്രമായി ഞങ്ങള്‍ ഒരു സംഘം തന്നെയുണ്ടായിരുന്നു അന്ന്‌. ഡ്രോയിംഗ്‌ അധ്യാപകനായിരുന്ന ജോസഫ്‌ വരാപ്പുഴയുടെ ഓപറയില്‍ കഥാപാത്രമായി വേഷമിട്ടതോടെയാണ്‌ നാടകത്തെ കൂടുതല്‍ ഇഷ്‌ടപ്പെട്ടു തുടങ്ങിയത്‌. ഞങ്ങളുടെ നാടകസംഘം ഒന്നിച്ചാണ്‌ എല്‍.പി. സ്‌കൂള്‍ ജയിച്ച്‌ ഹൈസ്‌കൂളിലെത്തിയത്‌. സഹോദരന്‍ പട്ടണം ഷായും റാഫി-മെക്കാര്‍ട്ടിനുമൊക്കെ സ്‌കൂളില്‍ തിളങ്ങി നില്‍ക്കുന്ന സമയം. സ്‌കൂള്‍ യുവജനോത്സവത്തിന്‌ ചേട്ടനെയും കൂട്ടുകാരെയും പിന്നിലാക്കി നാടകത്തിന്‌ ഒന്നാമത്തെി. അക്കുറി ബെസ്‌റ്റ് ആക്‌ടര്‍ ഞാനായിരുന്നു. പിന്നീട്‌ ചേട്ടന്റെയും സംഘത്തിന്റെയും ഒപ്പമായി നാടകം.

പഠനം?

ഹൈസ്‌കൂളിനു ശേഷം തുടര്‍ വിദ്യാഭ്യാസം ഉണ്ടായില്ല. തീയറ്റര്‍ പ്രവര്‍ത്തനവും തെരുവു ഗായക സംഘവുമൊക്കെയായി കറങ്ങി. ബംഗാളില്‍ പ്രളയമുണ്ടായപ്പോള്‍ ദുരിതാശ്വാസ സഹായമെത്തിക്കാന്‍ നാടുനീളെ പാട്ടു പാടി. റാഫിയും മെക്കാര്‍ട്ടിനുമായിരുന്നു ഹര്‍മോണിയവും മറ്റും കൈകാര്യം ചെയ്‌തിരുന്നത്‌.

സ്വന്തം വഴി തിരിച്ചറിഞ്ഞത്‌?

സ്‌കൂളില്‍ നാടകങ്ങള്‍ക്കും ഫാന്‍സിഡ്രസ്‌ മത്സരങ്ങള്‍ക്കും മേക്കപ്പ്‌ ചെയ്‌തിരുന്നു. പഠനശേഷം ചെറിയ നാടകട്രൂപ്പുകളിലും ഫാന്‍സിഡ്രസ്‌ മത്സരങ്ങള്‍ക്കും മേക്കപ്പ്‌ ചെയ്യാന്‍ തുടങ്ങി. ചേട്ടന്‍ പട്ടണം ഷാ അന്ന്‌ സിനിമയില്‍ മേക്കപ്പ്‌ ചെയ്‌തു തുടങ്ങിയിരുന്നു. എഴുപതുകളുടെ അവസാനമാണ്‌. അന്നൊക്കെ ശ്രമിച്ചാല്‍ ഏതെങ്കിലും കമ്പനിയിലോ മറ്റോ ജോലിക്ക്‌ കയറാമായിരുന്നു. ആ വഴിക്ക്‌ ശ്രമം നടത്തിയില്ല. ചേട്ടന്റെ അസിസ്‌റ്റന്റായി കൂടി. അദ്ദേഹത്തിന്റെ സ്വാധീനം അത്രമേല്‍ ഉണ്ടായിരുന്നു. ചേട്ടനാണ്‌ ഗുരു. ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ ചമയത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്‌ അദ്ദേഹത്തില്‍ നിന്നാണ്‌.

വന്ന വഴി?

അസിസ്‌റ്റന്റ്‌ ആയി ജോലി ചെയ്യുമ്പോഴും ഒരു സിനിമയ്‌ക്ക് സ്വന്തമായി ചമയം ഒരുക്കണമെന്നായിരുന്നു ആഗ്രഹം. സ്വഭാവികമായും അതങ്ങനെതന്നെ ആയിരിക്കുമല്ലോ. ഒരുപാട്‌ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. മാനസികമായി തകര്‍ന്ന നാളുകള്‍. ആയിടക്ക്‌ ചാവറ അച്ചനെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററിയുടെ പ്രോജക്‌ട് വന്നു. ജോര്‍ജ്‌ കിത്തുവായിരുന്നു സംവിധായകന്‍. നവോദയ സ്‌റ്റുഡിയോയില്‍ ഷൂട്ടിംഗ്‌. അന്ന്‌ കൊച്ചിയിലെ അറിയപ്പെടുന്ന മേക്കപ്പ്‌മാനായിരുന്ന ക്ലച്ചര്‍ ഡേവിസ്‌ ചമയം. അദ്ദേഹം ഡോക്യുമെന്ററിയില്‍ സഹകരിക്കാന്‍ വിളിക്കുകയായിരുന്നു. അദ്ദേഹത്തിന്‌ ഇടയ്‌ക്ക് അസൗകര്യമായതോടെ സ്വഭാവികമായും ചമയം ഒരുക്കേണ്ട ചുമതല എന്നില്‍ വന്നുചേര്‍ന്നു. ഡോക്യുമെന്ററിയുടെ ഷൂട്ടിംഗിനിടയില്‍ അപ്പച്ചന്‍ മുതലാളിയുമായി അടുത്ത ബ്‌നധം സ്‌ഥാപിച്ചു. നവോദയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തെക്കുറിച്ച്‌ ആലാചിക്കുന്നത്‌ അപ്പോഴാണ്‌. ചര്‍ച്ച നടക്കുന്നു എന്നു മാത്രമറിയാം.ഒരു ദിവസം നവോദയ അപ്പച്ചന്‍ നേരിട്ട്‌ വീട്ടില്‍ വിളിച്ച്‌ പുതിയ സിനിമയ്‌ക്ക് ചമയം ഒരുക്കണമെന്ന്‌ പറഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു സിനിമയിലേക്കുള്ള ആ വിളി.

എന്താണ്‌ ചമയം ഒരുക്കുന്നയാളുടെ ധര്‍മം?

സംവിധായകന്‍ മനസില്‍ കാണുന്ന ബിംബത്തെ മേക്കപ്പിലൂടെ അണിയിച്ചൊരുക്കി പൂര്‍ണമാക്കുക എന്നതാണ്‌ ഒരു ചമയക്കാരന്റെ ദൗത്യം. അതില്‍ സത്യസന്ധത ഉണ്ടായിരിക്കണം. ചമയം അല്‍പം കൂടിയാലോ കുറഞ്ഞാലോ പ്രശ്‌നമാണ്‌. പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന തരത്തില്‍ നടനെ ചമയക്കാരന്‍ അണിയിച്ചൊരുക്കണം. മേക്കപ്പുമായാണ്‌ നടന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നില്‍ക്കുന്നതെന്ന തോന്നല്‍ കാഴ്‌ചക്കാര്‍ക്കുണ്ടായാല്‍ അതു മേക്കപ്പ്‌മാന്റെ പരാജയമാണ്‌. കഥാപാത്രം കാണുന്ന പ്രേക്ഷകന്‌ എവിടെയെങ്കിലും കൃത്രിമത്വം തോന്നിയാല്‍ തീര്‍ന്നു എല്ലാം. ഒരു മേക്കപ്പ്‌മാന്റെ പരാജയമാണത്‌.

വെല്ലുവിളിയായി തോന്നിയ കഥാപാത്രം?

വെല്ലുവിളി എന്ന നിലയിലല്ല ജോലിയെ സമീപിക്കുന്നത്‌. ഏറ്റെടുത്ത ജോലി കൃത്യമായും സത്യസന്ധമായും ചെയ്‌തുതീര്‍ക്കുക. പൊന്തന്‍മാട ചെയ്‌തപ്പോഴാണ്‌ അല്‍പം ടെന്‍ഷന്‍ തോന്നിയത്‌. ഇന്നത്തെപ്പോലെ സാങ്കേതികമികവോ അത്യാധുനിത മേക്കപ്പ്‌ സാധനങ്ങളോ ഇല്ലാതെ ചെയ്‌ത വര്‍ക്കാണ്‌. മമ്മൂട്ടിയുടെ മാട എന്ന കഥാപാത്രത്തെ അണിയിച്ചൊരുക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. പിന്നെ കുഞ്ഞിക്കൂനനിലെ ദിലീപിന്റെ കഥാപാത്രം.

നഷ്‌ടബോധം തോന്നിയിട്ടുണ്ടോ?

ഏറ്റെടുത്തിട്ട്‌ അവസാനനിമിഷം ചെയ്യാന്‍ കഴിയാതെ പോയ ചില സിനിമകളുണ്ട്‌. അതൊക്കെ ഓര്‍ക്കുമ്പോള്‍ നഷ്‌ടബോധം തോന്നിയിട്ടുണ്ട്‌. വാനപ്രസ്‌ഥം, പുലിജന്‍മം, തിരക്കഥ, നിഴല്‍ക്കുത്ത്‌... ഇവയൊക്കെ അതില്‍ ചിലതു മാത്രം. സമയക്കുറവു മൂലം ഇവയൊക്കെ മറ്റുപലരെയും ഏല്‍പ്പിക്കുകയായിരുന്നു.

മലയാളത്തിലെ സാധ്യതകള്‍...

ചമയത്തിന്റെ സാധ്യതകള്‍ മലയാള സിനിമ പ്രയോജനപ്പെടുത്തിയിട്ടില്ല. ഒന്നോ രണ്ടോ കഥാപാത്ര രൂപീകരണത്തില്‍ മാത്രം ഇവിടെ ചമയം ഒതുങ്ങിപ്പോകുന്നു. പ്ലാനറ്റ്‌സ് ഓഫ്‌ എയിം എന്ന ഹോളിവുഡ്‌ ചിത്രമുണ്ട്‌. നൂറിലേറെ കുരങ്ങന്‍മാര്‍ ഒരു ഗ്രഹത്തില്‍ അകപ്പടുന്നതാണ്‌ കഥ. ഇതില്‍ കുരങ്ങന്‍മാരായി നൂറിലേറെ നടന്‍മാരെ വേഷം അണിയിച്ച്‌ ഒരുക്കിയെടുത്തതാണ്‌. അത്തരത്തില്‍ ഒരു സിനിമ മലയാളത്തില്‍ ചിന്തിക്കാനുമാവില്ല. ചമയമൊരുക്കാന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല. ചമയത്തിനു കൂടുതല്‍ പണംമുടക്കാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നില്ല എന്നതും പ്രശ്‌നമാണ്‌. കേരളംപോലെ വളരെ ചെറിയ ഒരു പ്രദേശത്തു പ്രദര്‍ശിപ്പിക്കാനുള്ള ചിത്രമായതിനാല്‍ മേക്കപ്പിനായി അധികം പണം നീക്കിവയ്‌ക്കാന്‍ നിര്‍മാണ കമ്പനികള്‍ മടിക്കുന്നു. ഇതു ചെലവു ചുരുക്കലിന്റെ ലിസ്‌റ്റില്‍പ്പെടുത്തുന്നു. എന്നാല്‍ 'പരദേശി' പോലുള്ള അപൂര്‍വം ചില ചിത്രങ്ങള്‍ മേക്കപ്പിനു പ്രാധാന്യം നല്‍കുന്നവയാണ്‌.

ഓരോ പുരസ്‌കാരങ്ങളും ഉത്തേജനമാണ്‌.

ചമയം എന്ന കലയ്‌ക്കായി എന്താണ്‌ നല്‍കാനുള്ളത്‌?

ഒരു മേക്കപ്പ്‌ അക്കാദമി തുടങ്ങണം. ചമയത്തെക്കുറിച്ച്‌ സാങ്കേതികമായി പഠിപ്പിക്കുന്ന സ്‌ഥാപനം. പിന്നെ തീയേറ്റര്‍ ചമയത്തെക്കുറിച്ചും സിനിമയിലെ ചമയത്തെക്കുറിച്ചും പുസ്‌തകം എഴുതുന്നുണ്ട്‌. മലയാളത്തിലും ഇംഗ്ലീഷിലും ഒരുമിച്ച്‌ പ്രസിദ്ധീകരിക്കണം അതിന്റെ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. വരാനിരിക്കുന്ന തലമുറയ്‌ക്ക് ചമയഅനുഭവങ്ങളും അറിവുകളും പകര്‍ന്നുകൊടുക്കാനാണ്‌ ശ്രമം.

പുതിയ പ്രോജക്‌ടുകള്‍?

യുഗപുരുഷനും കുട്ടിസ്രാങ്കുമാണ്‌ പ്രതീക്ഷയുള്ള ചിത്രങ്ങള്‍. പിന്നെ പത്താം നിലയിലെ തീവണ്ടി. മോഹന്‍ലാല്‍ നായകനായ ഏയ്‌ഞ്ചല്‍ ജോണ്‍ പൂര്‍ത്തിയായി. ഷാഫിയുടെ ചട്ടമ്പിനാടാണ്‌ അടുത്ത ചിത്രം.

കുടുംബം?

ബാപ്പ പട്ടണം ഹുസൈന്‍. ഉമ്മ ജമീല. ചേട്ടന്‍ പട്ടണം ഷായ്‌ക്കൊപ്പം സഹോദരി റുഷിദയും മേക്കപ്പ്‌ രംഗത്ത്‌ സജീവമാണ്‌. ബാപ്പയുടെ ഓര്‍മകള്‍ ഉറങ്ങുന്ന വാഴക്കാല മൂലേപ്പാടം റോഡിലെ പട്ടണം തറവാട്ടു വീട്ടിലാണ്‌ താമസം. ഭാര്യ നജ്‌മ കലൂര്‍ മങ്കുത്തില്‍ കുടുംബാംഗമാണ്‌. മൂന്നു മക്കളാണ്‌; അലത്താഫ്‌, അല്‍ഫിയ, റിന്‍ഷാദ്‌.

ദിപു വിജയ്‌

No comments:

Post a Comment