Monday, October 26, 2009

സ്വന്തം അയ്യപ്പന്‍

സ്വന്തം അയ്യപ്പന്‍












തിരുവനന്തപുരം

1988 ഓഗസ്‌റ്റ് 16.

പ്രിയ സെബാസ്‌റ്റ്യന്‍,

മുണ്ഡനം ചെയ്‌തതിനു തുല്യം എന്റെ മുടി മുറിച്ചുകളഞ്ഞു.

അന്നു കണ്ടതിലും ശരീരം പകുതിയായി.

ഇവിടം വിട്ട്‌ എത്രയും ദൂരെ പോകണമെന്നുണ്ട്‌.

എന്നിട്ടും വയ്യ.

ഇതൊക്കെയായിരുന്നു എഴുതാത്തതിനു കാരണം.

ഞാന്‍ തീരെ കിടപ്പിലായിരുന്നു.

ഞാനും മരണവുമായുള്ള ഒരു സംഗമേച്‌ഛ കൂടിയായിരുന്നുവെന്നു വേണം പറയാന്‍.

നേരിയ നെഞ്ചുവേദനയായിരുന്നു. കണ്ണു തുറന്നതു ജനറല്‍ ആശുപത്രിയിലും. ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി. മുടി മുളയ്‌ക്കുന്നു. ശ്‌മശ്രുക്കള്‍ വളരുന്നു.

സദാ കണ്ണട, പേന, പുസ്‌തകം ഇതൊക്കെ എനിക്കു ജീവിതം തരുന്ന വിഭവവേളയാണ്‌. വളരെയേറെ എന്റെ മരണത്തെക്കുറിച്ച്‌ എഴുതണമെന്നുണ്ട്‌. അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തേക്കുറിച്ച്‌. കഴിയുന്നില്ല. ഈ വരുന്ന 25-ന്‌ ഞാന്‍ വരും. വൈകിട്ട്‌് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ആ ആല്‍ത്തറയിലിരിക്കും.

ആ വഴിക്ക്‌ ഞാന്‍ കോഴിക്കോട്ടേക്കു പോകും.

ആ വഴിക്ക്‌.. ആ വഴിക്ക്‌...

നിന്റെ സ്വന്തം അയ്യപ്പന്‍.

അയ്യപ്പന്‍ എനിക്കെഴുതിയിട്ടുള്ള നൂറുകണക്കിനു കത്തുകളില്‍ ഒരെണ്ണമാണു മുകളില്‍. മരണതുല്യമായ ജീവിതത്തേക്കുറിച്ചും മരണത്തേക്കുറിച്ചും വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം പറയുന്നു.

എങ്കിലും തനിക്ക്‌ അറുപതായി എന്നു നമ്മളെ നിശബ്‌ദമായി ഓര്‍മിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ആത്മമിത്രങ്ങളായിരുന്ന വി.പി. ശിവകുമാര്‍, ജോണ്‍ ഏബ്രഹാം, സുരാസു, നരേന്ദ്രപ്രസാദ്‌, കടമ്മനിട്ട, മുരളി എന്നിവരെല്ലാം മരണത്തിലേക്കു നടന്നുപോയിട്ടും വാക്കുകളുടെ വജ്രസൂചികള്‍ കൊണ്ട്‌ അനുവാചകന്റെ കരള്‍ കൊത്തി മുറിക്കുവാന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യത്തിനായി പ്രകൃതി തന്നെ അദ്ദേഹത്തെ കാത്തു സംരക്ഷിച്ചു ജീവിപ്പിക്കുന്നു.

കരിനാക്കുള്ള പാട്ടുകാരനായി... മലയാളി കവിതയില്‍ ഗദ്യത്തിന്‌ അപൂര്‍വമായ സാന്ദ്രതയും സംഗീതവും നല്‍കി... ജീവപര്യന്തം കവിയായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട്‌...

ഒരുവനു കവിത അവന്റെ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടു നില്‌ക്കാം എന്നതിനു മലയാള ഭാഷയിലെ അവസാന വാക്കാകുമെന്നു തോന്നിപ്പിക്കുന്നു അയ്യപ്പന്‍.

കാട്ടുപുല്ലുകള്‍ക്കിടയില്‍ പൊട്ടിമുളച്ച്‌.. ഋതുഭേദങ്ങളെ കൊഞ്ഞനം കുത്തി.. വിടര്‍ന്നുനില്‌ക്കുന്ന വിഷപ്പൂവ്‌...

ഇടിമിന്നല്‍ ഏല്‍ക്കാതെ വാടിക്കരിയാതെ മഴയില്‍ പൊഴിയാതെ ചെറുകാറ്റില്‍ ഉന്മാദിയായി ചൂണ്ടുവിരലും പെരുവിരലും മഷിത്തണ്ടും കൊണ്ടു ഹൃദയത്തില്‍ നിന്നും പൊട്ടി ഒലിച്ച കാരീയം കോരിയെറിഞ്ഞ്‌... മലയാളഭാഷ അതുവരെ പരിചയിക്കാത്ത തന്റേതു മാത്രമായ രക്‌തനക്ഷത്രങ്ങള്‍ ചമച്ച്‌.. വ്യത്യസ്‌തമായ വഴിവെട്ടി കവിതയ്‌ക്ക് ആഴത്തിന്റെയും പരപ്പിന്റെയും ശക്‌തമായ ഒരു മൗലികത നല്‍കി കവിതയുമായി സഹവസിക്കേണ്ടത്‌ എങ്ങനെയെന്ന്‌, ചോര ചീറ്റുമാറു നെഞ്ചുകീറി തെളിയിക്കുകയും ചെയ്‌ത്... ചേറുള്ള കാലടികളില്‍ തീര്‍ഥയാനങ്ങളുടെ മുദ്രകള്‍ സൂക്ഷിച്ച്‌... അയ്യപ്പന്‍.

എനിക്ക്‌ പതിനഞ്ചു വയസുള്ളപ്പോള്‍ തുടങ്ങുന്നു അദ്ദേഹവുമായുള്ള ബന്ധം. ഒരു പ്രസിദ്ധീകരണത്തില്‍ ഒരേ പേജില്‍ രണ്ടുപേരുടെയും കവിത അച്ചടിച്ചു വന്നത്‌.. അദ്ദേഹം എനിക്ക്‌ കത്തെഴുതിയത്‌.. അദ്ദേഹത്തെ തേടി എറണാകുളം മുഴുവന്‍ ഞാന്‍ അലഞ്ഞത്‌.. പിന്നെ ഒയാസീസ്‌ ലോഡ്‌ജില്‍ വച്ചു കണ്ടത്‌.. പരസ്‌പരം ഒഴുകിച്ചേര്‍ന്നത്‌.. അദ്ദേഹത്തിന്റെ നിഴലായ്‌ ഞാന്‍ മാറിയത്‌.. പിന്നീട്‌ കാലം പോയത്‌ ഒരൊറ്റ മിന്നലായാണ്‌. പേമാരിയും ഇടിവെട്ടുമില്ലാതെ ഞൊടിയിടെ വെറും മിന്നലായ്‌.. ഞങ്ങളുടെ ജീവിതത്തില്‍ മുപ്പതു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവായി എനിക്കു തോന്നിയിട്ടില്ല. അത്രയ്‌ക്ക് അലിഞ്ഞിരുന്നു എന്റെ ജീവിതവുമായി അദ്ദേഹം.

എന്റെ ആദ്യ കവിതാസമാഹാരമായ 'പുറപ്പാടി'ല്‍ ആദ്യം ചുംബനം എന്ന കുറിപ്പില്‍ അദ്ദേഹം എഴുതി: ''വെയിലില്‍ വിഹലമല്ലാത്ത മഹാവൃക്ഷത്തിന്റെ ചുവട്‌ ഞാനാശംസിക്കുന്നു. ഏറ്റവും നല്ല കവിതയെഴുതുന്ന കവിയുടെ കൈവിരലുകള്‍ കടിച്ചുമുറിക്കാന്‍ നിന്റെ ദംഷ്‌ട്രകള്‍ക്കു ഞാനുറപ്പു തരുന്നു..''

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ 'കണ്ണ്‌' എന്ന കാവ്യസമാഹാരത്തിന്റെ ആദ്യപേജില്‍ അദ്ദേഹം കുറിച്ചിട്ടു:

''എന്നും ഒരു കാലൊച്ച പ്രതീക്ഷിക്കുന്ന സാഹോദര്യത്തിന്‌, സെബാസ്‌റ്റ്യന്‌.

അദ്ദേഹത്തിന്റെ നിഴലായി മാറിയ ഞാന്‍ ആ ജീവിതവും കവിതയും വിസ്‌മയത്തോടെ നോക്കിനിന്നു.

ഇതിനിടയില്‍ അദ്ദേഹം പലയിടങ്ങളിലേക്കും പറന്നുപോയി. മദ്രാസില്‍...ഡല്‍ഹിയില്‍...ആന്‌ധ്രയില്‍... റെയില്‍വേ പ്ലാറ്റ്‌ഫോം... ബസ്സ്റ്റാന്‍ഡ്‌... വരാന്തകള്‍... രാത്രി തങ്ങുവാനുള്ള ഇടങ്ങളാക്കി... ഈ ജീവിതയാത്രയില്‍ അദ്ദേഹം എനിക്കു നിരന്തരം കത്തുകള്‍ എഴുതി.

നിരവധി വട്ടം നാട്ടിലും വീട്ടിലും വന്നു.. ഞങ്ങള്‍ ഒരുമിച്ചു യാത്രകള്‍ ചെയ്‌തു.

എന്റെ അമ്മ വിളമ്പിയ ചോറ്‌ ഒന്നിച്ചുണ്ടു.. എന്റെയും എന്റെ ബന്ധുക്കളുടെയും എല്ലാ വിശേഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. എന്റെ വിവാഹത്തിനു സഹോദരതുല്യം കൂടെ നിന്നു. ആലുവയിലെ ഞങ്ങളുടെ കടയ്‌ക്കു പിന്നില്‍ അദ്ദേഹത്തിനായി പണി തീര്‍ത്ത മുറിയില്‍ നാലുവര്‍ഷത്തോളം താമസിച്ചു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ അദ്ദേഹത്തെ തേടി വന്നപ്പോള്‍ ആലുവ ചന്തയില്‍ വെച്ച്‌ അദ്ദേഹത്തിനു സ്വീകരണം നല്‍കി. ആ ചടങ്ങില്‍ വന്‍ ജനാവലിക്കു മുമ്പില്‍ വച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രസംഗിച്ചു: ''ഞാന്‍ ചന്തകളില്‍ പ്രസംഗിക്കാന്‍ യോഗ്യനല്ല. ഇങ്ങനെയുള്ള സ്‌ഥലങ്ങളില്‍ പ്രസംഗിച്ചവര്‍ ശ്രീ യേശുദേവനും ശ്രീബുദ്ധനും മുഹമ്മദ്‌ നബിയും മറ്റുമാണ്‌....''

ആലുവ താമസത്തിനിടയില്‍ അയ്യപ്പന്‍ പലവട്ടം ആശുപത്രിയിലായി. അദ്ദേഹത്തെ ബാധിച്ച ഒരു വലിയ അസുഖം ചികിത്സിച്ചു മാറ്റാന്‍ സഹായിച്ചത്‌ ന്യൂയോര്‍ക്കിലെ മലയാള കവി റെജീസ്‌ ജോണാണ്‌...

ഇതിനിടെ ഒഡേസ മൂവീസ്‌ അയ്യപ്പനെക്കുറിച്ചു സിനിമയെടുത്തു.

ഡല്‍ഹിയിലും കേരളത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട പലയിടങ്ങളിലും വച്ച്‌ അതു ചിത്രീകരിച്ചു.

കൂടിയാട്ടത്തിന്റെ ആചാര്യന്‍ ലോകപ്രശസ്‌തനായ വേണുജി, അയ്യപ്പന്റെ സഹപാഠിയാണ്‌.ഇരിങ്ങാലക്കുടയിലെ നാട്യകൈരളിയില്‍ ഒരിക്കല്‍ കാളിദാസ മഹോത്സവം നടക്കുമ്പോള്‍ ആ വേദിയില്‍ വച്ച്‌ അയ്യപ്പനെ വേണുജി പൊന്നാടയണിയിച്ച്‌ ആദരിച്ചു. അയ്യപ്പനുമായുള്ള ബാല്യകാലാനുഭവങ്ങള്‍ പങ്കുവച്ചു അദ്ദേഹം.

എന്റെ ജീവിതത്തിലെന്ന പോലെ എന്റെ കാവ്യജീവിതത്തിലും നിറഞ്ഞുനിന്നു അദ്ദേഹം. ആദ്യ പുസ്‌തകത്തിലര്‍പ്പിച്ച ആദ്യ ചുംബനം മുതല്‍ എന്റെ ഈയിടെ തുടങ്ങിയ ആറാമത്തെ കവിതാസമാഹാരമായ 'ഇരുട്ട്‌ പിഴിഞ്ഞ്‌' കൊല്ലത്തുവച്ചു ഡി.സി. ബുക്‌സ് പ്രകാശിപ്പിച്ചപ്പോള്‍ സദസില്‍ കാണികള്‍ക്കിടയിലിരുന്ന്‌ അദ്ദേഹമെന്നെ അനുഗ്രഹിച്ചു.

അയ്യപ്പനു കേരളം മുഴുവന്‍ സുഹൃത്തുക്കളുണ്ട്‌. ഇങ്ങനെയുള്ള അനുഭവങ്ങള്‍ അവര്‍ക്കുമുണ്ടാകാം. അവര്‍ക്കും അദ്ദേഹത്തെക്കുറിച്ചു പലതും പറയാനുണ്ടാകും.

എങ്കിലും

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ വീട്ടിലെ കഞ്ഞിപ്പുരയില്‍ അമ്മ വിളമ്പിയ ചോറ്‌ പലകയിലിരുന്നു കഴിക്കുന്ന ഞാനാകും കൗമാര കവിയും അയ്യപ്പനും.

ഇന്നു വീട്ടിലെ ഡൈനിംഗ്‌ ടേബിളില്‍ എനിക്കും അയ്യപ്പനും ചോറു വിളമ്പുന്ന എന്റെ ഭാര്യ.

എന്റെ മക്കള്‍ക്ക്‌ ഉടുപ്പുകളും ഭാര്യയ്‌ക്കു സാരിയും വാങ്ങി, പണ്ഡിറ്റ്‌ കറുപ്പന്‍ അവാര്‍ഡ്‌ തുകയില്‍ ബാക്കിയുമായി വരുന്ന അയ്യപ്പന്‍. ചിലപ്പോഴെല്ലാം മാസങ്ങള്‍ കഴിഞ്ഞിട്ടും വരാതെയാകുന്ന അയ്യപ്പനെ കാത്തിരിക്കുന്ന എന്റെ മക്കള്‍.. ഭാര്യ..

എന്റെ അപ്പന്‍ കിടപ്പിലായിരുന്നിട്ടും അയ്യപ്പന്‍ വന്നാല്‍ അപ്പന്‍ അറിയും. ശബ്‌ദം കേള്‍ക്കുമ്പോള്‍ ഉറക്കെ വിളിച്ചു ചോദിക്കും..

'അയ്യപ്പന്‍ വന്നോടാ..'

കാലങ്ങള്‍ പോയി. അയ്യപ്പന്‍ എനിക്കും ഞാന്‍ അയ്യപ്പനും കത്തെഴുതാതെയായി. അദ്ദേഹം എനിക്കയച്ച നൂറുകണക്കിനു കത്തുകള്‍ ഫയലില്‍ വിശ്രമിക്കുന്നു. ഞങ്ങളിരുന്നു കഞ്ഞികുടിച്ച അടുക്കളപ്പുരയും പലകയും ഇപ്പോഴില്ല.

അമ്മയും അപ്പനും ഓര്‍മയായി..

ആലുവ മാര്‍ക്കറ്റില്‍ അയ്യപ്പന്‍ വര്‍ഷങ്ങള്‍ താമസിച്ച മുറി പൊളിച്ചു പോയി.

മുപ്പതു വര്‍ഷത്തെ കവിതയും കാലവും മാറി...

അയ്യപ്പനും അദ്ദേഹത്തിന്റെ കവിതയും മാറിയില്ല.

2009 സെപ്‌റ്റംബര്‍ 27, പുലരുന്നേയുള്ളൂ.

കാലവര്‍ഷം പോയ്‌ മറഞ്ഞിട്ടും വൈകി വന്ന മഴ തിമര്‍ത്തു പെയ്യുന്നു. ആകെ നനഞ്ഞു വിറച്ച്‌ എന്റെ വീടിനുമ്മറത്ത്‌ എവിടെ നിന്നോ വന്ന്‌ അയ്യപ്പന്‍ വിളിക്കുന്നു- ''എടാ ഉണര്‍ന്നില്ലേ... ഷീബ.. എവിടെ.. ചായയെടുക്ക്‌...''

സെബാസ്‌റ്റ്യന്‍
25/10/2009

ഭ്രാന്തന്‌ കൂട്ട്‌ ഭട്ടതിരി












ചെങ്കുത്തായ കാട്ടുവഴിയിലൂടെ കൂറ്റന്‍ പാറകല്ലുകള്‍ ഉരുട്ടിക്കയറ്റി മലമുകളിലെത്തിച്ച്‌ കൈകൊട്ടിച്ചിരിച്ച്‌ താഴേക്ക്‌ തള്ളിവീഴ്‌ത്തിയ നാറാണത്തെ ദത്തുപുത്രനെ താഴ്‌വാരത്തുള്ളവര്‍ അന്ന്‌ ഭ്രാന്തനെന്ന്‌ വിളിച്ചു. ഭ്രാന്തന്‍ തെളിയിച്ച വഴിയിലൂടെ നടന്നുകയറി ദേവിയുടെ കാലടിപ്പാടുകള്‍ വാല്‍കണ്ണാടിയില്‍ വീഴ്‌ത്തി നാറാണത്തുകാര്‍ ക്ഷേത്രം പണിതിട്ട്‌ കാലമേറെ പിന്നിട്ടു.

എന്നാല്‍, പത്തമ്പതു വര്‍ഷമായി അതിരാവിലെ ഭക്‌തരില്ലാത്ത ഈ കാട്ടുവഴിതാണ്ടി മലമുകളിലെത്തി ദേവിക്ക്‌ മുടങ്ങാതെ പൂജ നടത്തി തിരിച്ചിറങ്ങുന്ന ഒരു വൃദ്ധ ബ്രാഹ്‌മണനുണ്ട്‌. കാഴ്‌ചമറയുന്ന കണ്‍പോളകള്‍ക്ക്‌ മുകളില്‍ കട്ടിക്കണ്ണട വെച്ച്‌ വലംകൈയില്‍ പൂജാദ്രവ്യങ്ങളും വിധിപാത്രങ്ങളുമായി ഭക്‌തരില്ലാത്ത വഴിയിലൂടെ ഏകനായി കയറിയിറങ്ങുന്ന ഈ വൃദ്ധ ബ്രാഹ്‌മണനെ ലാഭക്കണ്ണില്‍മാത്രം ബന്ധങ്ങള്‍പോലും അളക്കുന്ന നാമെന്തുവിളിക്കും...?!

കാണിക്കയായി നാലണപോലും അര്‍പ്പിക്കാനെത്താറില്ല ഭക്‌തരാരും. താഴെ അസംഖ്യം ക്ഷേത്രങ്ങളും മുപ്പത്തിമുക്കോടി ദേവഗണങ്ങളുമുള്ളപ്പോള്‍ അനുഗ്രഹത്തിനായി എന്തിന്‌ കുന്നുകയറണമെന്നാകും ചോദ്യം. പോരാത്തതിന്‌ ദേവാനുഗ്രഹം പോസ്‌റ്റല്‍ മാര്‍ഗ്ഗം പോലും നമ്മെ തേടിയെത്തുന്ന ഇക്കാലത്ത്‌...

എന്നാല്‍ പട്ടാമ്പി നാറാണത്തു മംഗലം ആമയൂര്‍മനയിലെ അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാടിന്‌ ലോകത്താകമാനം ക്ഷേത്രങ്ങളാല്‍ നിറഞ്ഞാലും അതിനെല്ലാം മുകളിലാണ്‌ മലമുകളിലെ ഈ ദുര്‍ഗ്ഗാക്ഷേത്രം. മലയോളംപോന്ന വിശ്വാസത്തില്‍ രൂപപ്പെടുത്തിയെടുത്ത അനുഷ്‌ഠാനം. രായിരനെല്ലൂര്‍ മലയിലെ ദേവിക്ഷേത്രത്തിലേക്ക്‌ അതിരാവിലെ പൂജാപാത്രങ്ങളും ദ്രവ്യങ്ങളുമായി നടന്നുകയറാത്ത ദിവസത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഭട്ടതിരിപ്പാടിന്‌ അതുകൊണ്ടുതന്നെ സാധിക്കില്ലായിരുന്നു.

വഴിയരികലെ കാട്ടുച്ചെടികളിലെ കരിനീല പൂക്കള്‍ പോലെ നീണ്ട അമ്പതുവര്‍ഷങ്ങളാണ്‌ കൊഴിഞ്ഞ്‌ വീണത്‌... മഞ്ഞും മഴയുമേറ്റ്‌ പാമ്പും മയിലും പത്തിയും പീലിയും വിരിച്ചാടിയ വഴികളിലൂടെ, ഒരു സാധനപോലെ നടന്നുകയറിയ പ്രഭാതങ്ങള്‍ മാത്രമാണ്‌ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയില്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഭട്ടതിരിപ്പാടിന്‌ ഓര്‍ക്കുവാനുള്ളത്‌.

15-ാം വയസിലാണ്‌ പിതാവില്‍നിന്ന്‌ പൂജാപാത്രങ്ങള്‍ ഏറ്റുവാങ്ങി സ്വന്തമായി ശാന്തിതുടങ്ങിയത്‌. അതുവരെ പിതാവിന്റെ നിഴല്‍പറ്റി പൂജാവിധികളത്രയും പഠിച്ചെടുത്തു. മനയുടെ സ്വന്തം ക്ഷേത്രമാണ്‌. ഭാഗംവച്ചപ്പോള്‍ ക്ഷേത്രത്തെ ഒരംഗമായി സങ്കല്‍പ്പിച്ച്‌ സ്വത്തുവകകള്‍ നല്‍കി ഒപ്പം നിര്‍ത്തിയ പാരമ്പര്യം.

പുകള്‍പെറ്റതായിരുന്നു നാറാണത്തുമംഗലം മന. വായ്‌നല്‍കിയ ദൈവത്തിനാണ്‌ കുഞ്ഞിന്‌ അന്നംനല്‍കേണ്ട ചുമതലയെന്ന ചിന്തയാല്‍ കുട്ടികളെ ഓരോന്നിനേയും വഴിയരികില്‍ ഉപേക്ഷിച്ച വരുരുചി. അതിലൊരാളെ എടുത്തുവളര്‍ത്തിയത്‌ നാറാണത്തുമംഗലത്തുകാരായി. കിലോമീറ്ററുകള്‍ക്കകലെ ചിത്തല്ലൂര്‍ മനയില്‍ കുട്ടിവളര്‍ന്നു. പിന്നീട്‌ കുട്ടിയെ വേദപഠനത്തിനായാണ്‌ രായിരനല്ലൂര്‍ ഭാഗത്തെത്തിച്ചത്‌. വേദസൂക്‌തങ്ങള്‍ കുട്ടിയില്‍ കനലായെരിഞ്ഞു. അറിവിന്റെ പൊലിമയില്‍, വ്യാഖ്യാനത്തിന്റെ വ്യാപനത്തില്‍ കുട്ടിയില്‍ ചിന്തകള്‍ ചിതറി. അത്‌ പൊതുസമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍നിന്ന്‌ കുതറിമാറി സ്വതന്ത്രമായി.

അങ്ങിനെ കുട്ടി രായിരനല്ലൂര്‍ മലമുകളിലേക്ക്‌ കഷ്‌ടപ്പെട്ട്‌ പാറകല്ലുകള്‍ ഉരുട്ടികയറ്റി പിന്നെ താഴേക്ക്‌ തള്ളി ആര്‍ത്തുചിരിച്ചു. താഴ്‌വാരത്തിലെ അല്‍പ്പജ്‌ഞാനികളായ പരിഷ്‌കൃത സമൂഹം കുട്ടിയുടെ ചിരിമാലകളില്‍ കുടുങ്ങി 'നാറാണത്തെ കുട്ടി'ക്ക്‌ ഭ്രാന്താണെന്ന്‌ മുദ്രകുത്തി. എന്നാല്‍ ഈ ഭ്രാന്ത്‌ തങ്ങളുടെ ജീവിതത്തെയാണ്‌ നിര്‍വ്വചിക്കുന്നതെന്നറിഞ്ഞപ്പോള്‍ അവര്‍ക്കിത്‌ തത്വശാസ്‌ത്രമായി. അങ്ങിനെ നാറാണത്തു ഭ്രാന്തന്‍ ഒരേ സമയം ഭ്രാന്തനും തത്വജ്‌ഞാനിയുമായി.

കല്ലുരുട്ടിയ ഭ്രാന്തനെ താഴ്‌വാരത്തെ ജനത കൈകൂപ്പിവളങ്ങി. മുകളില്‍, ഉരുട്ടികയറ്റിയ കല്ലില്‍ ഞാന്നിരിക്കവെ കാടുണര്‍ത്തും സ്വകാര്യതയില്‍ ഊഞ്ഞാലാടാന്‍ വന്ന ദേവിക്ക്‌ ഭ്രാന്തന്‍ കൗതുകമായി. ഭ്രാന്തനെ വലംവച്ച ദേവി കല്ലില്‍ പാദമുദ്ര പതിപ്പിച്ച്‌ അനുഗ്രഹം ചൊരിഞ്ഞാണത്രെ മറഞ്ഞത്‌. ഭ്രാന്തനെ തേടിയെത്തിയ നാറാണത്തുമംഗലത്തുകാര്‍ കാലടിപ്പാടുകണ്ടു. പ്രശ്‌നചിന്തയില്‍ ദേവി സാന്നിദ്ധ്യം തെളിഞ്ഞു. കാലടിപ്പാട്‌ വാല്‍കണ്ണാടിയില്‍ വീഴ്‌ത്തി ക്ഷേത്രം പണിതു. ശാന്തിയ്‌ക്കായി ഒരു താവഴി രായിരനല്ലൂര്‍ മലയുടെ താഴ്‌വാരത്തേക്ക്‌ പറിച്ചുനട്ടു. അതില്‍ പിന്‍തലമുറയുണ്ടായി. കണ്ണികളിലൊന്നായി, നിയോഗമായി, അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാടും നടന്നുകയറുകയാണ്‌ ഈ അമ്പത്തേഴാം വയസിലും രായിരനല്ലൂര്‍ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കാട്ടുപാത. പാതിയില്‍ മുറിഞ്ഞ ഭ്രാന്തന്റെ യാത്രയ്‌ക്ക് പൂരണമേകാനുള്ള തുടര്‍യാത്രകള്‍...

കുടുംബക്ഷേത്രമായതിനാല്‍ പുതുക്കിപണിയാനും പൂജകഴിക്കാനുമുള്ള വക ഇല്ലത്തുനിന്നുതന്നെ കണ്ടെത്തണം. പ്രതിവര്‍ഷം നല്ലൊരു തുക വരുമിത്‌. ക്ഷേത്രത്തിലെ പണി ബാക്കിനിര്‍ത്തി ഇല്ലത്ത്‌ പണി നടത്തിയപ്പോള്‍ തീപിടിച്ചതില്‍പിന്നെ ക്ഷേത്രത്തിലെ പ്രവര്‍ത്തികഴിഞ്ഞേ ഇല്ലത്തു അറ്റകുറ്റപണികളുള്ളൂ. അടുത്തിടെ ക്ഷേത്രകവാടത്തില്‍, താഴ്‌വാരത്തേക്ക്‌ നോക്കി

നില്‍ക്കുന്ന നാറാണത്തുഭ്രാന്തന്റെ പ്രതിമയും പണികഴിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള കാട്ടുപാത വീതികൂട്ടി പടികള്‍ പണിതു. ഇല്ലത്തുനിന്നും വിട്ടുവിട്ടു പണിതാലും അഞ്ഞൂറിലേറെ വേണം പടികള്‍. കാലങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ പത്തിരുനൂറെണ്ണം പണിതു.

ഇല്ലത്തെ ഇന്നത്തെ കാരണവരായ അഷ്‌ടമൂര്‍ത്തിഭട്ടതിരിപ്പാട്‌ ക്ഷേത്രത്തിനായി ചെയ്‌തതൊന്നും എഴുതിവച്ചിട്ടില്ല. പാരമ്പര്യമങ്ങിനെയാണ്‌. പ്രതിഫലമായി ഒന്നും എടുക്കാറുമില്ല. കാണിക്കയില്ലാതെ, വഴിപാടില്ലാതെ നിത്യപൂജ നടന്നുപോകുന്ന ക്ഷേത്രത്തില്‍ നിന്ന്‌ എന്തു വരുമാനം ലഭിക്കാനാണ്‌...?!

ഭ്രാന്തന്‍ ദേവിയെ കണ്ടത്‌ തുലാം ഒന്നിനായിരുന്നെന്ന്‌ ഐതിഹ്യം. ഈ ഐതിഹ്യത്തെ പിന്‍പറ്റി ഭക്‌തര്‍ അന്നേദിവസം മലകയറും. കേട്ടറിഞ്ഞ്‌ സീസണ്‍ ഭക്‌തിയില്‍ ചുളുവില്‍ പാപമോചനം തേടി അന്യദേശത്തുനിന്നുപോലും നാട്ടുകാരൊഴുകും. കാട്ടുവഴിയില്‍ നിന്നുതിരിയാനിടമില്ലാതെ മനുഷ്യസാഗരമൊഴുകും. പീപ്പിയും അരിപ്പൊരിയുംചക്കരയുമായി കൊച്ചുകച്ചവടക്കാരും വഴിനീളെ അണിനിരക്കും. അന്ന്‌ നടവരവുണ്ടാകും. അന്നുകിട്ടുന്നതു മാത്രമാണ്‌ ക്ഷേത്രത്തിലെ വരുമാനം. സമീപകാലത്തായി വൃശ്‌ചികത്തിലെ കാര്‍ത്തികനാളിലും എത്താറുണ്ട്‌ ചിലരെങ്കിലും.

പ്രഭാതങ്ങളിലെ ശാന്തിക്കായുള്ള യാത്ര. ഒറ്റപൂജയേയുള്ളൂ. പാത്രങ്ങള്‍ ക്ഷേത്രത്തില്‍തന്നെ വച്ചിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. അന്ന്‌ കള്ളന്‍കൊണ്ടുപോയതില്‍പിന്നെ ശാന്തിക്കായി പോകുമ്പോള്‍ കൊണ്ടുപോകാറാണ്‌ പതിവ്‌. കാണിക്കയില്ലാത്ത കാണിക്കവഞ്ചികൊണ്ടുപോകാന്‍ ഏതായാലും അറിവുള്ള കള്ളന്‍മാതൊന്നും മലകയറിയെത്തുകയുമില്ല.

'...വയ്യാതായി... രാമനായിരുന്നു ഒരു സഹായം. അയാള്‍ നേരത്തെയങ്ങ്‌ പോയി. ഇപ്പോള്‍ ജ്യേഷ്‌ഠന്റെ മക്കളാണ്‌ സഹായത്തിന്‌. പലപ്പോഴും കയറാന്‍ പറ്റാറില്ല. അപ്പോള്‍ അവരെ അയയ്‌ക്കും...'! ക്ഷേത്രവഴിയിറങ്ങവെ പലയിടങ്ങിലായി പലതവണയിരുന്നിട്ടും അടങ്ങാത്ത കിതപ്പിനിടയില്‍ അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാട്‌ മുറിഞ്ഞവാക്കുകളോടെ പറഞ്ഞൊപ്പിച്ചു. സഹോദരന്‍ രാമനെ പൂജാകര്‍മ്മങ്ങള്‍ പഠിപ്പിച്ചുകൊണ്ടുവന്നതായിരുന്നു. എന്നാല്‍ അഞ്ചുമാസം മുന്നെ അദ്ദേഹം മരിച്ചതോടെ ജ്യോഷ്‌ഠന്റെ മക്കളാണ്‌ പൂജാകാര്യങ്ങളില്‍ സഹായിക്കുന്നത്‌. അവര്‍ അദ്ധ്യാപകരും മറ്റ്‌ ജോലിയുള്ളവരുമാണ്‌. ഇതിനിടയില്‍വേണം ശാന്തിക്കായി പുലര്‍കാലെ മലകയറാന്‍... 'തലമുറകളായുള്ള വിധിയാണ്‌. മുടക്കാന്‍ പറ്റില്ല...' ഭട്ടതിരിപ്പാട്‌ പുതുതലമുറയ്‌ക്ക് അനുഭവജ്‌ഞാനം പകര്‍ന്നുനല്‍കുന്നു. ഇതരക്ഷേത്രങ്ങളില്‍ നിന്ന്‌ തികച്ചും വത്യസ്‌തമാണ്‌ ഇവിടുത്തെ പൂജാധികര്‍മ്മങ്ങളും.

പുതുതലമുറ എത്രകാലത്തോളം ഇത്‌ തുടരുമെന്നതാണ്‌ ചോദ്യം. പക്ഷേ, ഭട്ടതിരിപ്പാടിന്‌ ഇക്കാര്യത്തില്‍ ഒട്ടുമില്ല സംശയം. താഴെ ഇല്ലത്തിനു സമീപത്ത്‌, സാമൂതിരിയുടെ കാലത്ത്‌ പണികഴിച്ച കുളത്തില്‍ മുങ്ങിനിവര്‍ന്ന്‌ ഈറനണിഞ്ഞ്‌ മലമുകളിലേക്ക്‌ പൂജാപാത്രങ്ങളും പൂജാപുഷ്‌പങ്ങളുമായി ഇനിയും പിന്തുടരും ഒട്ടേറെ കാലടിപ്പാടുകള്‍... കാലത്തിനു മായ്‌ക്കാന്‍ പറ്റില്ലല്ലോ, നിയോഗങ്ങളൊന്നും....

ജിനേഷ്‌ പൂനത്ത്‌
25/10/2009

സമാന്തര സിനിമയിലെ സ്‌ത്രീശക്‌തി
















മലയാളത്തിലെ സമാന്തരസിനിമകളില്‍ സമീപകാലത്ത്‌ ശക്‌തമായ കുറെ സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രതിഭയും പ്രതിബദ്ധതയുമുണ്ടെന്നു തെളിയിച്ച നടിയാണ്‌ ശ്വേതമേനോന്‍. ആ അനന്യമായ അഭിനയം മുതല്‍ക്കൂട്ടായി മാറിയ ചിത്രങ്ങളാണ്‌ പരദേശി, മദ്ധ്യവേനല്‍, സമയം, ആകാശഗോപുരം, പലേരിമാണിക്യം എന്നിവയൊക്കെ.

അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. പിന്നെ മോഡലും അവതാരകയുമൊക്കെയായി ആ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി, തമിഴ്‌ സിനിമകളില്‍ അഭിനയം തുടരുന്ന ശ്വേത മലയാളത്തിലേക്ക്‌ തിരികെയെത്തിയിട്ട്‌ രണ്ടുകൊല്ലമേ ആവുന്നുള്ളു.

ഇവിടത്തെ മുഖ്യധാര സിനിമകളുടെ ഭാഗമാകാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു?

ഹിന്ദിയിലെ വന്‍ബാനര്‍ ചിത്രങ്ങളില്‍ മുന്‍നിര നായകര്‍ക്കൊപ്പം ഞാനഭിനയിക്കുന്നുണ്ട്‌. തമിഴില്‍ കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുന്നു. അതേസമയംതന്നെ മലയാളത്തില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളും ലഭിക്കുന്നു. ഏത്‌ ആര്‍ട്ടിസ്‌റ്റിനാണ്‌ ഒരേസമയം ഇങ്ങനെ വൈവിധ്യമുള്ള റോളുകള്‍ കിട്ടുന്നത്‌.

മലയാളി നടികള്‍ കുടുംബിനികളായി രംഗമൊഴിയുന്നു, അതല്ലെങ്കില്‍ അന്യഭാഷാ ചിത്രങ്ങളിലേക്ക്‌ കളംമാറുന്നു. ആ ഒഴിവിലേക്ക്‌ മറുനാടന്‍ നടികള്‍ വരുന്നു. അപ്പോള്‍ മലയാളിയായ ശ്വേതയ്‌ക്ക് ഇവിടെ ന്യായമായും ലഭിക്കേണ്ട ഒരു സ്‌ഥാനമുണ്ട്‌. അതു കിട്ടുന്നില്ലെന്നു തോന്നുന്നുണ്ടോ?

എല്ലാ പടത്തിലും എന്നെ കാസ്‌റ്റുചെയ്യണമെന്ന്‌ പറയാന്‍ കഴിയില്ലല്ലോ. എല്ലാം ചെയ്യാനെനിക്കു സാധിക്കുകയുമില്ല.

ഒരുപക്ഷേ, മലയാളത്തിലെ ഒരു നായികാനടിയും സ്വീകരിക്കാനിഷ്‌ടപ്പെടാത്ത കഥാപാത്രങ്ങളെയാണ്‌ ശ്വേത ചെയ്‌തത്‌. പരദേശിയിലെ ആമിന, മദ്ധ്യവേനലിലെ സരോജനി തുടങ്ങിയവയൊക്കെ എന്തുകൊണ്ട്‌?

ഹിന്ദിയിലും മറ്റും ഗ്ലാമറസായി അഭിനയിക്കുന്നതിനിടെ ഡീഗ്ലാമറസായ കഥാപാത്രങ്ങളെ ലഭിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. മലയാളത്തില്‍ പക്ഷേ, അത്തരം വേഷങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ബഹുഭൂരിപക്ഷവും അതു മാത്രമായിത്തീര്‍ന്നു. കുറച്ച്‌ ലൈറ്റായ റോളുകള്‍കൂടി ഇടയ്‌ക്ക് കിട്ടിയിരുന്നെങ്കിലെന്ന്‌ വിചാരിക്കാറുണ്ട്‌. അത്തരത്തിലൊന്നാണ്‌ സലിംബാബ സംവിധാനംചെയ്യുന്ന വലിയങ്ങാടിയിലെ ലക്ഷ്‌മി.

അന്യഭാഷാചിത്രങ്ങളില്‍ ഗ്ലാമറസായി അഭിനയിക്കുന്നതിന്റെ കുറ്റബോധം നിമിത്തമാണോ മലയാളത്തില്‍ അതിനു വിരുദ്ധമായി അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നത്‌?

കുറ്റബോധമോ പ്രായശ്‌ചിത്തമോ ഒന്നുമല്ല കാരണം. ഓരോ സിനിമയ്‌ക്കും അതത്‌ പ്രദേശത്തിന്റെ സാംസ്‌കാരിക സ്വഭാവമുണ്ട്‌. ഹിന്ദിയിലും മറ്റും കാണുന്ന ഗ്ലാമര്‍ പ്രകടനം മലയാളത്തില്‍ പറ്റില്ല. കേരളീയന്റെ മനസില്‍ ഒരു ബാരോമീറ്റര്‍ ഉണ്ട്‌.

പ്രത്യേകിച്ച്‌ സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌. അതിനപ്പുറം പോകാന്‍ ഇവിടത്തെ സിനിമ തയാറല്ല. അപ്പോള്‍ ഞാനും അത്‌ അനുസരിക്കേണ്ടതുണ്ട്‌.

ഇത്രയൊക്കെ അര്‍പ്പണബോധത്തോടെ അഭിനയിക്കുന്ന ശ്വേതയെ മലയാള ചലച്ചിത്രമേഖല വേണ്ടത്ര അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നുണ്ടോ?

അത്ര പെട്ടെന്ന്‌ നമ്മളാരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും അംഗീകരിക്കാറുണ്ടോ? അതിന്‌ വാശിപിടിച്ചിട്ടു കാര്യമുണ്ടോ? ഒക്കെ ക്രമേണ സംഭവിക്കേണ്ടതാണ്‌. എന്നെ തിരിച്ചറിയുന്ന ഒരവസരം വരുമെന്നുതന്നെയാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.

ഷാജി കാരാട്ടുപാറ
25/10/2009

ലോകം വിഴുങ്ങാന്‍ 'സുനാമി 2022'

ലോകം വിഴുങ്ങാന്‍ 'സുനാമി 2022'











2004ല്‍ ലോകത്ത്‌ വന്‍ വിനാശം വിതച്ച സുനാമിയെക്കുറിച്ച്‌ നമ്മളിന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നു. ഇതാ വരാന്‍പോകുന്ന 2022ല്‍ ലോകം വിഴുങ്ങാന്‍ സുനാമി ഭീകരന്‍ എത്തുന്നു. ലോകം മുഴുവന്‍ ഈ വരാന്‍ പോകുന്ന സുനാമി കീഴടക്കും!

ട്രന്റി ബൂണ്‍ ഇന്റര്‍നാഷണലിനുവേണ്ടി ട്രെനോങ്‌ ശ്രീച്ചുവാ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുനാമി 2022 എന്ന ചിത്രമാണ്‌ വരാന്‍ പോകുന്ന സുനാമിയുടെ ഭീകരത വെളിപ്പെടുത്തുന്നത്‌. ഹോളിവുഡില്‍ വിസ്‌മയമായി മാറാന്‍ പോകുന്ന സുനാമി 2022 ലോകം മുഴുവന്‍ ഒക്‌ടോബര്‍ അവസാനം റിലീസ്‌ ചെയ്യും.

കേരളത്തില്‍ നവഗ്രഹ സിനി ആര്‍ട്ട്‌സിനുവേണ്ടി കെ.എന്‍. ബൈജു ചിത്രം അവതരിപ്പിക്കുന്നു.

പത്ത്‌ മില്യന്‍ യു.എസ്‌. ഡോളര്‍ മുടക്കി ഒരു വര്‍ഷംകൊണ്ട്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ്‌ ചിത്രം പുറത്തിറങ്ങുന്നത്‌. ലോക പ്രശസ്‌ത ഗ്രാഫിക്‌സ് ഡിസൈന്‍ കമ്പനിയായ ഹോളിവുഡിലെ ഡിജിറ്റല്‍ ലാബിലാണ്‌ ചിത്രത്തിന്റെ ഗ്രാഫിക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. വരാന്‍ പോകുന്ന 2022 ലെ സുനാമി, ലോകത്ത്‌ വന്‍ വിനാശം വിതയ്‌ക്കുന്ന രംഗങ്ങള്‍ ആരെയും അദ്‌ഭുതപ്പെടുത്തുന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

സുനാമി ലോകത്ത്‌ പ്രത്യക്ഷപ്പെട്ടശേഷം ലോകമെങ്ങുമുള്ള ശാസ്‌ത്രഞ്‌ജന്‍മാര്‍ സുനാമിയെക്കുറിച്ച്‌ പഠനങ്ങള്‍ നടത്തുന്നു. ഒരു അമേരിക്കന്‍ ശാസ്‌ത്രജ്‌ഞന്‍ 2022 ല്‍ സുനാമി ശക്‌തമായി ആഞ്ഞടിക്കുമെന്നും അതോടെ ലോകാവസാനം ഉണ്ടാകുമെന്നും പ്രഖ്യാപിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ സുനാമി ദിവസം അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ ആശങ്കയോടെ ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്‌തു. പക്ഷേ, അന്ന്‌ സുനാമി എന്ന ഭീകരന്‍ എത്തിയില്ല. ശാസ്‌ത്രജ്‌ഞന്‍ വീണ്ടും സുനാമിയുടെ വരവിനെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ശാസ്‌ത്രജ്‌ഞന്റെ എതിരാളികള്‍, എതിര്‍ പ്രചരണം ആരംഭിക്കുകയും ചെയ്‌തു. അടുത്തദിവസം സുനാമി ലോകം മുഴുവന്‍ ആഞ്ഞടിച്ചു. ലോകത്തുള്ള സകല ജീവജാലങ്ങളും ചത്തൊടുങ്ങി. അന്ന്‌, ആകാശംമുട്ടെ ഉയര്‍ന്നുനിന്ന ബുദ്ധപ്രതിമയില്‍ ഉടക്കി രാജ്യത്തിന്റെ പരമാധികാരിയായ പ്രസിഡന്റ്‌ മാത്രം രക്ഷപ്പെട്ടു. പ്രേക്ഷകരെ ജിജ്‌ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന 'സുനാമി 2022' ട്രന്റി ബൂണ്‍ ഇന്റര്‍നാഷണലാണ്‌ നിര്‍മ്മിക്കുന്നത്‌. രചന, സംവിവാനം: ട്രനോങ്ങ്‌ ശ്രീച്ചുവാ, ക്യാമറ: സരയൂ സുററാപ്രോണ്‍, പി.ആര്‍.ഒ. അയ്‌മനം സാജന്‍, വിതരണം: നവഗ്രഹ സിനി ആര്‍ട്ട്‌സ്. പിസ്രാണ്‍, ശ്രീമാന്‍ കോംങ്ങ്‌ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
25/10/2009

റിയോ ചിറകില്‍ പ്രീമിയര്‍

റിയോ ചിറകില്‍ പ്രീമിയര്‍

പ്രീമിയര്‍ പദ്‌മിനി... പേരില്‍ത്തന്നെ ഗുണമേന്‍മ അടക്കം എന്ന പരസ്യ വാചകം അനുസ്‌മരിപ്പിക്കുന്ന ബ്രാന്‍ഡ്‌ നെയിം. ഒരു കാലത്ത്‌ ആഡംബരത്തിന്റെ അവസാന വാക്കായി ഇന്ത്യ കണ്ടിരുന്ന കാര്‍. പഴയ പ്രതാപത്തിന്റെ അവശേഷിപ്പ്‌ പോലെ ചില 'പഴഞ്ചന്‍' പ്രീമിയര്‍ പദ്‌മിനികള്‍ ഇപ്പോഴും നിരത്തുകളില്‍ കാണാം. 'വയസന്‍' പ്രീമിയര്‍ പദ്‌മിനിയില്‍ സഞ്ചരിക്കുന്നവരെ കാണുമ്പോള്‍ ഇപ്പോഴും ജനങ്ങള്‍ക്ക്‌ ഒരു ആദരവ്‌ തോന്നുന്നത്‌ സ്വാഭാവികം. 'പഴയ കുടുംബക്കാരുടെ' ഇന്ത്യയിലെ ഇന്നത്തെ നില അല്‍പം മോശമായിരിക്കാം. എന്നാലും തറവാടിന്റെ പേരിനൊരു കുറവും സംഭവിച്ചിട്ടില്ലെന്ന്‌ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ആരും പറയും.

തറവാടിന്റെ ഈ നല്ല പേര്‌ മുതലാക്കാന്‍ തന്നെ ഒടുവില്‍ പ്രീമിയര്‍ തീരുമാനിച്ചുകഴിഞ്ഞു. ഒന്‍പത്‌ വര്‍ഷത്തിനുശേഷം വാഹന വിപണിയിലേക്ക്‌ മടങ്ങി വരികയാണ്‌ ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകളിലെ രാജാക്കന്‍മാരായി വാണ ആദ്യകാല വാഹന നിര്‍മ്മാതാക്കളായ പ്രീമിയര്‍ ഓട്ടോ.കോംപാക്‌ട് സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനവുമായാണ്‌ പ്രീമിയര്‍ ഓട്ടോ വീണ്ടുമെത്തുന്നത്‌.

എന്നാല്‍ ഇക്കുറി ചൈനയുടെ ഒരു കൈയ്‌ സഹായത്തോടെയാണ്‌ പ്രീമിയര്‍ ഇന്ത്യയിലേക്ക്‌ ഓടിയെത്തുന്നത്‌. ചൈനയിലെ വാഹന നിര്‍മ്മാതാക്കളായ സോട്യേയുടെ സഹകരണത്തോടെയാണ്‌ പ്രീമിയര്‍ 'റിയോ' എന്ന ചെറു എസ്‌.യു.വി. പുറത്തിറക്കുന്നത്‌. സോട്യേ നല്‍കുന്ന വാഹന ഘടകങ്ങള്‍ പ്രീമിയര്‍ പുണെയിലുള്ള പ്ലാന്റില്‍ കൂട്ടിയോജിപ്പിക്കും. പ്രതിവര്‍ഷം 20,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ്‌ പ്ലാന്റിനുള്ളത്‌. എന്നാല്‍ എഞ്ചിന്‍ പ്രീമിയറിന്റെ തന്നെയാകും.

ചൈനയുടെ പേര്‌ കേള്‍ക്കുമ്പോള്‍ത്തന്നെ വിലയില്‍ അല്‍പം കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരാണ്‌ അധികവും. റിയോയുടെ കാര്യത്തില്‍ ഇതു നൂറു ശതമാനം ശരിയുമാണ്‌. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതല്ലെങ്കിലും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ എസ്‌.യു.വി വിപണിയില്‍ എത്തിക്കാനാണ്‌ പ്രീമിയര്‍ ശ്രമിക്കുന്നത്‌.

റിയോയുടെ അടിസ്‌ഥാന മോഡലിന്‌ അഞ്ചുലക്ഷം രൂപയാകും വിലയെന്നാണ്‌ സൂചന. തൊട്ടടുത്ത പ്രതിയോഗി മഹീന്ദ്ര സ്‌കോര്‍പിയൊയെക്കാള്‍ മുപ്പത്‌ ശതമാനം വിലകുറവാണിത്‌. വലിപ്പവും സ്‌കോര്‍പിയോയെക്കാള്‍ അല്‍പം ചെറുതാണ്‌. ഈ വിഭാഗത്തിലുള്ള എതിരാളികളേക്കാള്‍ ഒന്നരലക്ഷം രൂപയോളം കുറവുണ്ടാകുമെന്നാണ്‌ കമ്പനി നല്‍കുന്ന ഉറപ്പ്‌. അതുകൊണ്ടുതന്ന സ്‌കോര്‍പിയോ അടക്കമുള്ള എതിരാളികള്‍ ഒന്ന്‌ അറച്ച മട്ടാണ്‌. എന്നാല്‍ കൂടിയ റിയോയുടെ വില ഏഴുലക്ഷം വരുമെന്നും സൂചനയുണ്ട്‌. എ.ബി.എസ്‌, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ റിയോവിലുണ്ടാകും. ഹൈവേയില്‍ 17 കിലോമീറ്ററാണ്‌ കമ്പനി പറയുന്ന മൈലേജ്‌. നഗരത്തില്‍ ഇത്‌ 13 ആയി കുറയും.

ടൊയോട്ട 1997 ല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇറക്കിയ ടെറിയോസിന്റെ പിന്‍ഗാമിയാണ്‌ റിയോ. ടെറിയോസിന്റെ ഘടകങ്ങള്‍ പിന്നീട്‌ സോട്യേ സ്വന്തമാക്കുകയായിരുന്നു. അഞ്ചുസ്‌പീഡ്‌ മാനുവല്‍ ഗിയറുള്ള 65 ബി.എച്ച്‌.പി കരുത്ത്‌ പകരുന്നതാണ്‌ പ്രീമിയര്‍ വികസിപ്പിച്ച 1.5 ലിററര്‍ ഡീസല്‍ എന്‍ജിന്‍.

പ്യൂഷോ, ഫിയറ്റ്‌ തുടങ്ങിയവയുടെ സഹായത്തോടെ ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ഫിയറ്റിന്റെ ശ്രമം പുത്തന്‍ തലമുറ കാറുകളുടെ കടന്നുവരവോടെയാണ്‌ തകര്‍ന്നത്‌. ഒപ്പം തൊഴില്‍ പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ കമ്പനി അടച്ചു പൂട്ടുക മാത്രമായിരുന്നു ഏക പോംവഴി.

തിന്മയ്‌ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഉത്സവമായ ദീപാവലിയോടെ വീണ്ടും ഇന്ത്യയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടം തെളിക്കാമെന്നാണ്‌ പ്രീമിയര്‍ പ്രതീക്ഷിക്കുന്നത്‌. ഒരിക്കല്‍ കുടി പ്രീമിയര്‍ നമ്പര്‍ വണ്‍ എന്ന്‌ വാഹനപ്രേമികളെക്കൊണ്ട്‌ പറയിക്കാന്‍ ഒരു കാലത്ത്‌ സമ്പന്നതയുടെ പ്രതീകം കൂടിയായിരുന്ന പ്രീമിയറിനു കഴിയുമോ? വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നതും ഇതുതന്നെയാണ്‌.

സുജിത്‌ പി. നായര്‍
25/10/2009

വാരണാസിതന്‍ ചെണ്ടയുണര്‍ന്നുണര്‍ന്നു...














പൊന്നാരംതോട്ടത്തെ വാരണാസി ഇല്ലത്തിപ്പോള്‍ പഴയപോലെ മഹാപ്രതിഭകള്‍ വിരുന്നുവരാറില്ല. രാമലക്ഷ്‌മണന്മാരെപ്പോലെയായിരുന്നു വാരണാസി മാധവന്‍ നമ്പൂതിരിയും വിഷ്‌ണു നമ്പൂതിരിയും.... മദ്ദളത്തിന്റെ ഇടന്തലയും വലന്തലയുംപോലെ പരസ്‌പര പൂരിതം.

അസുരവാദ്യമായ ചെണ്ടയില്‍ കൊടുങ്കാറ്റ്‌ തീര്‍ത്ത വാരണാസി മാധവന്‍ നമ്പൂതിരി ദേവനന്മകളുള്ള എളിമയുള്ള മനുഷ്യനായിരുന്നു. അനുജന്‍ വിഷ്‌ണുവും വ്യത്യസ്‌തനായില്ല...

വാരണാസി വിഷ്‌ണു നമ്പൂതിരിയുടെ മനസിന്റെ കളിയരങ്ങില്‍ ഓര്‍മകളുടെ കേളികൊട്ട്‌.

''ജ്യേഷ്‌ഠനെപ്പോലെ ചെണ്ടയോ മൃദംഗമോ അഭ്യസിക്കാനായിരുന്നു മോഹം. പക്ഷേ, അങ്ങിനെയായാല്‍ രണ്ടുപേരും രണ്ടുവഴിക്കാകുമോ എന്ന്‌ ഞാന്‍ ഭയന്നു. അങ്ങനെ ജ്യേഷ്‌ഠന്റെ നിഴലാകാന്‍ മദ്ദളം അഭ്യസിക്കാന്‍ തീരുമാനിച്ചു...'' അതൊരു കാലം...!!

മാവേലിക്കര വാരണാസി ഇല്ലത്തെ ചന്ദന-കര്‍പ്പൂര സുഗന്ധസാന്ദ്രതയില്‍, ആത്മീയതയുടെ ചാരുകസാലയിലിരുന്ന്‌ വാരണാസി വിഷ്‌ണു നമ്പൂതിരി ഗതകാലം പരതുകയാണ്‌.

''...തുടക്കത്തില്‍ ഒരു നൂറ്‌ വൈതരണികളുണ്ടായിരുന്നു. ഈ നമ്പൂരാര്‍ക്ക്‌ പൊതുവാള്‍മാരുടേം മാരാര്‍മാരുടേം കഞ്ഞികുടി മുട്ടിക്കണോ എന്നായിരുന്നു സ്വജാതീലുള്ള ചില കാര്‍ണോര്‍മാരുടെ സന്ദേഹം. ഈ വാരണാസിമാര്‍ക്ക്‌ ശീവേലിക്ക്‌ കൊട്ടിയാല്‍ പോരേ എന്ന്‌ കല്ലുവഴിച്ചിട്ടയില്‍ പ്രാവീണ്യമുള്ള ചില വടക്കന്‍ വീരന്മാരുടെ ചോദ്യം... കേരളത്തില്‍ തെക്ക്‌- വടക്ക്‌ സ്‌പര്‍ധ പണ്ടുമുതലേയുണ്ട്‌. അതിന്റെ വൈഷമ്യങ്ങള്‍ ഞങ്ങള്‍ വേണ്ടതിലേറെ അനുഭവിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ അത്‌ തെല്ലുകുറഞ്ഞിട്ടുണ്ടെന്നാണ്‌ കേട്ടറിവ്‌. എങ്കിലും ഗോപിയാശാനും കടവൂര്‍ വാസുദേവന്‍ നായര്‍ക്കുമെല്ലാം ദേശീയ ബഹുമതികള്‍ കിട്ടിയപ്പോള്‍ തെക്കന്‍ ദേശത്താണ്‌ മികച്ച സ്വീകരണങ്ങള്‍ ലഭിച്ചത്‌. പ്രതിഫലത്തിന്റെ കാര്യത്തിലും ഓണാട്ടുകര തന്നെയാണ്‌ മെച്ചം എന്നാണ്‌ ഞങ്ങളുടെ അനുഭവം.

? ശ്രീകുമാരന്‍ തമ്പിയും 'വാരണാസിതന്‍ ചെണ്ട'യെക്കുറിച്ച്‌ ഹിറ്റ്‌ പാട്ടെഴുതിയിട്ടുണ്ടല്ലോ (ഉത്തരാസ്വയംവരം)

ഉണ്ട്‌... അടുത്തിടെ എനിക്കുള്ള ഒരു പുരസ്‌കാരച്ചടങ്ങില്‍ തമ്പിസാര്‍ മുഖ്യാതിഥിയായിരുന്നു. നല്ല മനുഷ്യനായതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ തൊട്ടതെല്ലാം പൊന്നാക്കാനായത്‌. 'വാരണാസി'യുടെ പേര്‌ പാട്ടില്‍ കേട്ടപ്പോള്‍ വടക്കന്‍ ദേശത്തുനിന്നുണ്ടായ എതിര്‍പ്പുകളെക്കുറിച്ച്‌ അദ്ദേഹം സവിസ്‌തരം പറഞ്ഞു.

? ഈ തെക്ക്‌-വടക്ക്‌ വേര്‍തിരിവ്‌ ഇന്നും ഉണ്ടോ.

വിദ്യാഭ്യാസം കൂടിയില്ലേ? അന്നത്തെപ്പോലെ ഉണ്ടാവില്ല. ഞങ്ങളുടെ ആരംഭകാലത്ത്‌ ചെണ്ടയും മദ്ദളവും ഇലത്താളവും മാത്രമേ കഥകളിക്ക്‌ പിന്നണിയിലുണ്ടായിരുന്നുള്ളൂ. കട്ടിക്കസവുമുണ്ടും വീരാളിപ്പട്ടും നാലുമടക്ക്‌ മാലയുമൊക്കെയായിരുന്നു വാദ്യക്കാരുടെ വേഷം. ഞങ്ങള്‍ ഖദര്‍ വസ്‌ത്രമായിരുന്നു ധരിക്കാറ്‌. അതുതന്നെ വേഷംകൊണ്ട്‌ മാത്രം വമ്പന്മാരായി വിലസിയിരുന്ന ചിലര്‍ക്ക്‌ ഈര്‍ഷ്യ ഉണ്ടാകാന്‍ ഇടയായി.

? അക്കാലത്ത്‌ പ്രതിഫലം...

തുടക്കത്തില്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും മറ്റും നാലുദിവസത്തെ കളിക്ക്‌ തുടക്കത്തില്‍ ഏഴ്‌ ക. ജ്യേഷ്‌ഠന്‌ 30 ക. വരെ കിട്ടിയിരുന്നു. വാസ്‌തവത്തില്‍ കഥകളി കലാകാരന്മാരുടെ പ്രതിഫലത്തിനായി പോരാടിയ ഒറ്റയാള്‍ പട്ടാളം കലാമണ്ഡലം കൃഷ്‌ണന്‍നായരായിരുന്നു. ഹരിചന്ദ്രന്റെ രണ്ടു വേഷങ്ങള്‍ക്ക്‌ 75 ക. കിട്ടിയേ മതിയാകൂ എന്ന്‌ അദ്ദേഹം പരസ്യമായി ശഠിച്ചു. അക്കാലത്ത്‌ അതൊരു വലിയ വാര്‍ത്തയായിരുന്നു. രജനീകാന്ത്‌ 50 കോടി ആവശ്യപ്പെട്ടു എന്നൊക്കെ ഇന്ന്‌ എഴുതുമ്പോലെ...!

? സാമ്പത്തിക നേട്ടം ഇന്നാണെങ്കിലും അത്‌ കഥകളിയുടെ പുഷ്‌കലകാലമായിരുന്നില്ലേ.

അതെ. ഒരിക്കല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പത്തു ദിവസം തുടര്‍ച്ചയായി കളിയുണ്ടായിരുന്നു. എഴുപതുകളില്‍ ഒരു ഫെബ്രുവരി മാസം തുടര്‍ച്ചയായി 28 ദിവസവും കളിയരങ്ങിലായിരുന്നു.

? അരങ്ങിലെ സംതൃപ്‌തി.

തീര്‍ച്ചയായും ഇന്നത്തെക്കാള്‍ കൂടുതലായിരുന്നു. ഒരിക്കല്‍ മദ്ദളം അരയിലേറ്റിയാല്‍ മറ്റൊരു ലോകത്താകും. ഗുരു ചെങ്ങന്നൂര്‍, മാങ്കുളം, കൃഷ്‌ണന്‍നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കുടമാളൂര്‍... ഇവരുടെയൊക്കെ അഭിനയത്തികവില്‍ സ്വര-നാദ-ഭാവങ്ങളുടെ ഒരു സ്വര്‍ഗലോകത്തുതന്നെയാകും ഞങ്ങള്‍.

? അരങ്ങിന്‌ പുറത്തെ കഷ്‌ടതകളോ.

അതും ഇന്നത്തേതിന്റെ പത്തിരട്ടി. ഒരു മദ്ദളം വാങ്ങണമെങ്കില്‍ പെരുവമ്പില്‍ പോകണം. ക്ഷേത്രപ്പറമ്പിലെ പ്ലാവിന്റെ തടി കൊണ്ടുള്ളതുതന്നെ വേണമെന്ന്‌ എനിക്ക്‌ നിര്‍ബന്ധമായിരുന്നു. അതിന്‌ നാദശുദ്ധി കൂടും. മദ്ദളം മംഗളവാദ്യമാണ്‌. ദേവവാദ്യമെന്നും പറയും. ശിവതാണ്‌ഠവത്തിന്‌ അനിവാര്യമാണ്‌. കഥകളിയില്‍ പരിഷ്‌കാരങ്ങള്‍ കൂടുന്നതിന്‌ മുമ്പ്‌ മദ്ദളമായിരുന്നു അകമ്പടി. കോട്ടയം തമ്പുരാന്റെ കാലത്താണ്‌ അസുരവാദ്യമായ ചെണ്ടയെ കളിയരങ്ങിലേക്ക്‌ ആനയിച്ചത്‌. അക്കാലത്ത്‌ മദ്ദളം സ്‌ത്രീ വേഷക്കാരുടെ ചലനങ്ങള്‍ക്കൊത്തു മാത്രം മുഴങ്ങി.

ശുദ്ധമദ്ദളത്തിന്‌ ഏതാണ്ട്‌ 15 കി.ഗ്രാം തൂക്കംവരുമായിരുന്നു (ഇന്നത്‌ കുറഞ്ഞിട്ടുണ്ട്‌). യാത്രയിലുടനീളം ശരീരത്തിന്റെ ഒരനുബന്ധംപോലെ ഞങ്ങള്‍ ചുമന്നുനടന്നു. മറ്റൊരു കൈമാറാതെ. പിന്നെ ഈ ഭാരം അരയില്‍ തൂക്കി അഞ്ചും ആറും മണിക്കൂര്‍ വേദിയില്‍. നീണ്ട അഞ്ചു ദശകങ്ങള്‍... ഇതിന്റെയൊക്കെ ഫലമായി തണ്ടെല്ലിന്‌ തുടര്‍ച്ചയായി അസ്വാസ്‌ഥ്യങ്ങളുണ്ട്‌ ഇപ്പോള്‍. പലപ്പോഴും അരങ്ങിന്റെ പിന്നില്‍ ചാക്ക്‌ വിരിച്ചായിരുന്നു ഉറക്കം. അപ്പോഴും നിവൃത്തിയുണ്ടെങ്കില്‍ മണ്ണൂര്‍മഠം ശിവക്ഷേത്രത്തിലെ ശാന്തി മുടക്കാതെ നോക്കുമായിരുന്നു.

? ഗുരുനാഥന്മാര്‍....

ഹൈസ്‌കൂള്‍ കാലത്തുതന്നെ മദ്ദളവാദനം അഭ്യസിച്ചു തുടങ്ങിയിരുന്നു. 52- ല്‍ ഇതേ ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട്‌ കലാമണ്ഡലത്തിലും ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിലും ഉപരിപഠനം. അക്കാലത്ത്‌ സുതാര്യമായ ഒരു അക്കാദമിക്‌ സിലബസ്‌ ഉണ്ടായിരുന്നില്ല. റഫറന്‍സ്‌ ഗ്രന്ഥങ്ങളുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ നമ്പീശനുണ്ടാക്കിയ സിലബസുണ്ട്‌. കലാമണ്ഡലം ശങ്കരവാര്യരുടെ 'മദ്ദളം മംഗളവാദ്യം'പോലുള്ള പുസ്‌തകങ്ങളുണ്ട്‌. മദ്ദളത്തിന്റെ ഇരുവശത്തും തുകല്‍ തൊപ്പിക്ക്‌ പകരം പ്ലാവിന്‍പലകയുള്ള ഉപകരണത്തിലായിരുന്നു വാദ്യപഠനം. പലപ്പോഴും വിരലുകളില്‍ ചോരകിനിഞ്ഞിട്ടുണ്ട്‌.

? പുരസ്‌കാരങ്ങള്‍.

72- ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം ചെന്നിത്തല ചെല്ലപ്പന്‍പിള്ളയുടെയും വീരമണി അയ്യരുടെയും സ്‌മാരക പുരസ്‌കാരങ്ങള്‍, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം കലാമണ്ഡലം ഹൈദരാലി അവാര്‍ഡ്‌, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ സ്‌മാരക അവാര്‍ഡ്‌, മാവേലിക്കര കഥകളി ക്ലബില്‍നിന്നും വീരശൃംഖല.... പിന്നെയും നിരവധിയുണ്ട്‌.

? എന്തേ അകാലത്തില്‍ അരങ്ങിനെ ഉപേക്ഷിച്ചത്‌..? ഇപ്പോള്‍ പൂര്‍ണ സംതൃപ്‌തനാണോ.

ജ്യേഷ്‌ഠനോടൊപ്പം വാരണാസി സഹോദരന്മാരായാണ്‌ അരങ്ങില്‍ കാലുറപ്പിച്ചത്‌. ജ്യേഷ്‌ഠന്റെ വിയോഗത്തോടെ അരങ്ങിനോട്‌ വിടപറഞ്ഞു. കൈലാസനാഥന്റെ പൂജാരിയായി കഴിയുന്നു. ഒന്നു കണ്ണടച്ചിരുന്നാല്‍ മതി. കടലിരമ്പുംപോലെയുള്ള ജ്യേഷ്‌ഠന്റെ വാദ്യഘോഷം കേള്‍ക്കാം. മാങ്കുളത്തിന്റെ നളനെയും മുകുരഭ്രമര മുദ്രകളും കാണാം.

? വാരണാസി കുടുംബത്തിലെ പുത്തന്‍തലമുറയ്‌ക്ക് വാദ്യകലയോടുള്ള താത്‌പര്യം.

മകന്‍ നാരായണന്‍ നമ്പൂതിരി മദ്ദളം അഭ്യസിച്ചിട്ടുണ്ട്‌. എന്നാല്‍ അയാള്‍ ബാങ്കുദ്യോഗസ്‌ഥനാണ്‌. ജ്യേഷ്‌ഠന്റെ മകന്‍ കലാമണ്ഡലം നാരായണന്‍ നമ്പൂതിരി പുത്തന്‍ തലമുറയിലെ അറിയപ്പെടുന്ന ചെണ്ടവിദ്വാനാണ്‌. മധു വാരണാസിയും (സ്‌ത്രീ വേഷം) ഇപ്പോള്‍ നന്നേ പ്രശസ്‌തനാണ്‌.

? തിരിഞ്ഞുനോക്കുമ്പോള്‍...

അഴിയിടത്തുചിറ ഭഗവതി (ഞങ്ങളുടെ കുലദേവത)യുടെയും ശ്രീ പരമേശ്വരന്റെയും അനുഗ്രഹം. എം.എ. ബേബിയും രമേശ്‌ ചെന്നിത്തലയുമൊക്കെ ഈ ഇല്ലത്ത്‌ വന്നിട്ടുണ്ട്‌. കഥകളി ഗവേഷണവുമായി ബന്ധപ്പെട്ട്‌ സ്വദേശികളും വിദേശികളുമായ പല വിദ്യാര്‍ഥികളും എന്നെപ്പോലുള്ളവരെ ബഹുമാനിക്കുമ്പോള്‍ സന്തോഷമുണ്ട്‌. കഥകളിയിലെ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരുപാടു കലാകാരന്മാര്‍ സന്ദര്‍ശിച്ചിട്ടുള്ള ഇല്ലമാണിത്‌. എല്ലാം ദൈവകൃപ.

എങ്കിലും ഒരു ചെറിയ നൊമ്പരം ബാക്കിയുണ്ട്‌. ഇരുപതുകൊല്ലം സര്‍ക്കാര്‍ ജോലി ചെയ്യുന്ന ശിപായിമാര്‍ക്കുപോലും നല്ല തുക പെന്‍ഷന്‍ ലഭിക്കുന്നുണ്ട്‌. ഏതാണ്ട്‌ അരനൂറ്റാണ്ടോളം ദിനരാത്രങ്ങള്‍ കഠിനാധ്വാനം ചെയ്‌ത ഞങ്ങള്‍ക്ക്‌ വാര്‍ധക്യപീഡകള്‍ മാത്രം ബാക്കി. കേരള ലളിതകലാ അക്കാദമിയുടെ ചെറിയ പെന്‍ഷന്‍ തുക വിസ്‌മരിക്കുന്നില്ല. എങ്കിലും ഞങ്ങളെക്കാള്‍ കഴിവിലും പരിചയത്തിലും പ്രായത്തിലുമെല്ലാം പിന്നില്‍ നില്‍ക്കുന്ന പല കലാകാരന്മാരും പത്മശ്രീയും ദേശീയ പുരസ്‌കാരങ്ങളുമെല്ലാം ലഭിക്കുമ്പോള്‍ അസൂയപ്പെടാറില്ല. പകരം ഞങ്ങളുടെ തലമുറയിലെ പല നല്ല കലാകാരന്മാരും അവഗണിക്കപ്പെടുന്നില്ലേ എന്നൊരു സന്ദേഹം മാത്രം.

സുരേഷ്‌ വര്‍മ
25/10/2009

കാവേരി തടത്തിലെ കാരണവര്‍

ഈ കാരണവര്‍ക്ക്‌ പ്രായം അല്‍പം കൂടുതലാണ്‌. ആറരക്കോടി വര്‍ഷം. ഇത്രയും നാളും ചുണ്ണാമ്പ്‌ പൊടിയുടെ അടിയില്‍ സുഖ സുക്ഷുപിയിലായിരുന്നു, അടുത്തിടെ കണ്ടെത്തും വരെ. കണ്ടെത്തിയപ്പോഴാകട്ടെ അനേക കോടി രഹസ്യങ്ങള്‍ തന്റെയൊപ്പം ഉറങ്ങിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഈ കാരണവര്‍ ശാസ്ര ലോകത്തിന്‌ പ്രതീക്ഷയുടെ വെള്ളിവെളിച്ചമേകുന്നു.

തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ അരിയാലൂരില്‍ അടുത്തിടെ കണ്ടെത്തിയ ദിനോസര്‍ മുട്ടകള്‍ ശാസ്രലോകത്തെ ഇന്നും കുഴപ്പിച്ചുകൊണ്ടിരിക്കുന്ന, എങ്ങനെ ദിനോസര്‍ വംശം ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായി എന്ന സമസ്യക്കു മറുപടി നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്‌. ഇവിടെ നിന്ന്‌ മുമ്പ്‌ ദിനോസര്‍ മുട്ടകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കണ്ടു പിടിത്തം വളരെ യാദൃച്‌ഛികമായിരുന്നു. പെരിയാര്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ കാവേരീനദിക്കരയില്‍ ഖനനത്തിനു പറ്റിയ സ്‌ഥലം തപ്പിക്കൊണ്ടിരിക്കെ ഒരു നീര്‍ച്ചാലിനരികെ മണലില്‍ വൃത്താകൃതിയിലുള്ള ഒരുനിര കുഴികള്‍ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം നിര വൃത്തങ്ങളുടെ ഒരു കൂട്ടമാണതെന്നു കണ്ടെത്തിയ ശാസ്രജ്‌ഞര്‍ അതൊരു പ്രജനനകേന്ദ്രമാണെന്ന തിരിച്ചറിവില്‍ ഗവേഷണം ആവഴിക്കുവിട്ടു. ഭാരതിയാര്‍, ഭാരതിദാസന്‍ സര്‍വകലാശാലയിലെ ജിയോളജിസ്‌റ്റുകളും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ അതു ദിനോസര്‍ മുട്ടകളാകാമെന്ന നിഗമനത്തിലെത്തിയത്‌. ഫോട്ടോ കണ്ട രാജ്യാന്തര ദിനോസര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രജ്‌ഞര്‍ നിഗമനം ശരിയാണെന്ന്‌ ഉറപ്പിച്ചു.

ഒരു മുട്ടയ്‌ക്ക് അഞ്ചുമുതല്‍ എട്ടിഞ്ചുവരെ വ്യാസം. എട്ടെണ്ണമുള്ള ഒരുനിര. അങ്ങനെ പലനിരകള്‍. നദീ തീരത്തോ അടിത്തട്ടിലോ ആണ്‌ മുട്ടകള്‍ കണ്ടെത്തിയത്‌. കൂടുതല്‍ കുഴിച്ചപ്പോള്‍ ദിനോസറുകളുടെ എല്ലുകളും വിസര്‍ജ്യാവശിഷ്‌ടങ്ങളും കണ്ടെത്തി. എന്നാല്‍, ഇതിനേക്കാളൊക്കെ സന്തോഷമേകിയ കണ്ടെത്തല്‍ ഈ അവശിഷ്‌ടങ്ങളെ പൊതിഞ്ഞു നിന്ന പൊടിയുടെ അംശമായിരുന്നു. അഗ്നിപര്‍വ തത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഉറഞ്ഞുണ്ടാകുന്ന പൊടിയായിരുന്നു അത്‌. ശാസജ്‌ഞരുടെ നിഗമനം ഇങ്ങനെ: ഒരു ചതുരശ്ര കിലോമീറ്ററിലധികം മുട്ടകള്‍ കണ്ടെത്തിയ ഇവിടം ദിനോസറുകളുടെ നഴ്‌സറിയായിരുന്നു. തമ്പടിച്ച്‌ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കുന്ന പ്രദേശം. ആറരക്കോടി വര്‍ഷം മുമ്പുണ്ടായ വന്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ആ കുലമൊന്നാകെ നശിച്ചു. ഇത്‌ ശരിയാണെന്നു വന്നാല്‍ ഉല്‍ക്കാപതനത്തിലാണ്‌ ദിനോസറുകള്‍ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായതെന്ന ഇതുവരെയുള്ള വിശ്വാസം തിരുത്തിയെഴുതേണ്ടിവരും.

ആക്രമണകാരിയായ ഇരുകാലി കാര്‍ണോവറും നാലുകാലിയും സസ്യഭുക്കുമായിരുന്ന സൗറോപോഡുമായിരുന്നു ഇവിടെ മേഞ്ഞു നടന്നിരുന്ന ദിനോസറുകള്‍ എന്നാണ്‌ കരുതുന്നത്‌. അരിയാലൂരിലെ ദിനോസര്‍ സാന്നിധ്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കണ്ടെത്തിയതാണ്‌. 1843-ല്‍ ഇവിടെവച്ച്‌ ബ്രിട്ടീഷ്‌ ദമ്പതികള്‍ക്ക്‌ കുറെ 'വിചിത്രമായ എല്ലിന്‍ കഷണങ്ങള്‍' കിട്ടി. 32 പെട്ടികളിലായി അടുക്കിയ അവ ദിനോസറുകളുടേതായിരുന്നുവെന്ന്‌ തിരിച്ചറിയുന്നത്‌ 1860-ല്‍ ഒരു ബ്രിട്ടീഷ്‌ ജിയോളജിസ്‌റ്റ് ഇവിടെ നിന്ന്‌ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയതോടെയാണ്‌. തൊണ്ണൂറുകളില്‍ വീണ്ടും ദിനോസര്‍ മുട്ടകള്‍ കിട്ടിയെങ്കിലും ഇവിടം അതി വിശാലമായ ദിനോസര്‍ ഈറ്റില്ലമാണെന്ന്‌ തിരിച്ചറിയുന്നത്‌ ഒടുവിലത്തെ കണ്ടു പിടിത്തത്തോടെയാണ്‌.

പ്രപഞ്ചത്തിന്റെ തന്നെ രഹസ്യങ്ങള്‍ അടങ്ങുന്ന ഒരു പ്രദേശം കണ്ടെത്തിയാല്‍ സാധാരണഗതിയില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കുകയാണല്ലോ ചെയ്യുക. എന്നാല്‍, ഇതൊരു വിലപ്പെട്ട സ്‌ഥലമാണെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനസിലായെങ്കിലും സംരക്ഷിക്കാനുള്ള ഒന്നും ഇവിടെ ചെയില്ല. എട്ട്‌ സിമന്റ്‌ ഫാക്‌ടറികളാണ്‌ ഈ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മുതിര്‍ന്ന ജിയോളജിസ്‌റ്റായ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നു. 60,000 ടണ്‍ സിമന്റ്‌ ഒരോ ദിവസവും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഒരുലക്ഷം ടണ്ണിലധികം ചുണ്ണാമ്പ്‌കല്ലാണ്‌ ഇതിനായി പൊടിക്കുന്നത്‌. ഇക്കാലമത്രയും കൊണ്ട്‌ എത്രയധികം ഫോസിലുകള്‍ ഇവിടെ ചതഞ്ഞരഞ്ഞ്‌ സിമന്റായി ചാക്കില്‍ കയറി പോയിട്ടുണ്ടാവാം.

ഇന്ത്യയില്‍ ഫോസില്‍ ഗവേഷണരംഗത്ത്‌ വളരെകുറച്ചു പേരേ പങ്കെടുക്കുന്നുള്ളു. അവരില്‍ മുന്‍നിരയിലുള്ള പഞ്ചാബ്‌ സര്‍വകലാശാലയിലെ പ്രഫ.അശോക്‌ സാഹ്നിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ശാസ്രരംഗത്തെ അതിപ്രധാനമായ ചുവടുവയ്‌പാണ്‌ അരിയാലൂരിലെ കണ്ടുപിടിത്തം.

ദിനോസര്‍ പഠനത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന കാര്യംകൂടിയാണിത്‌. പടിഞ്ഞാറ്‌ ഗുജറാത്തില്‍ തുടങ്ങി മധ്യപ്രദേശില്‍ പടര്‍ന്ന്‌ തെക്കുകിഴക്ക്‌ തമിഴ്‌നാട്ടിലെത്തി നില്‍ക്കുന്ന ദിനോസര്‍ പെരുമ. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര വ്യാപക ഭൂപ്രദേശമാണ്‌ ഇത്തരം ഫോസിലുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്‌.

അരിയാലുരില്‍ ഭൂമിക്കടിയില്‍ പലതട്ടിലായി മുട്ടകള്‍ കണ്ടെത്തിയതില്‍ നിന്നു മനസിലായ ഒരുകാര്യം ദിനോസറുകള്‍ ഇവിടേക്ക്‌ സ്‌ഥിരമായി മുട്ടയിടാന്‍ എത്തിയിരുന്നുന്നതാണ്‌. 1859-ല്‍ ഫ്രാന്‍സില്‍ ആദ്യമായി ദിനോസറുകളുടെ മുട്ട കണ്ടെത്തിയ ശേഷം ഇരുന്നൂറോളം സ്‌ഥലങ്ങളില്‍ മുട്ട കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ശാസ്ര ലോകത്തിന്‌ തിരിച്ചറിയാന്‍ പറ്റാത്ത ഒരുകാര്യമുണ്ട്‌ - ദിനോസറുകള്‍ മുട്ട വിരിയിച്ചിരുന്നതെങ്ങനെ എന്ന്‌. പക്ഷികളെ പോലെ അടയിരുന്നായിരുന്നോ അതോ ഉരഗങ്ങളെപ്പോലെ അവയെ തനിയെ വിരിയാന്‍ വിടുകയായിരുന്നോ എന്നത്‌ ഇനിയും അജ്‌ഞാതം. അതിനുള്ള മറുപടി ഈ തമിഴ്‌മണ്ണില്‍ ഉറഞ്ഞു കിടപ്പുണ്ടെന്നാണ്‌ പ്രതീക്ഷ.

ഇ.പി. ഷാജുദീന്‍
25/10/2009

Thursday, October 22, 2009

ചീറ്റയുടെ രണ്ടാം വരവ്‌



ഒരു ചീറ്റപ്പുലിയെ കിട്ടിയിരുന്നെങ്കില്‍ ഓട്ടമല്‍സരം നടത്താമായിരുന്നുവെന്ന്‌ കരുതിയിരുന്ന ഓട്ടക്കാരെല്ലാം ഒരുങ്ങിയിരുന്നോളൂ, ചീറ്റപ്പുലിയുടെ വംശം ഇന്ത്യയില്‍ കുറ്റിയറ്റു പോയതിനാല്‍ ഇനി ഒരിക്കലും ഓട്ടമല്‍സരം നടത്തേണ്ടി വരില്ലെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി- താമസിയാതെ ഇന്ത്യന്‍ കാടുകളിലും ചീറ്റപ്പുലി ചീറ്റിത്തുടങ്ങും.

ഇന്ത്യയുടെ സ്വന്തം ഭാഷയായ സംസ്‌കൃതത്തിലെ സിത്രകായായില്‍ നിന്നാണ്‌ ചീറ്റയുടെ പേരു വന്നതെങ്കിലും അരനൂറ്റാണ്ടു മുമ്പ്‌ ഇന്ത്യയില്‍ നിന്ന്‌ അവസാന ചീറ്റയും അപ്രത്യക്ഷമായി. സ്വാതന്ത്ര്യത്തിനുമുന്‍പ്‌ സായിപ്പുമാരും രാജാക്കന്മാരുമൊക്കെ വേട്ടയാടിക്കൊന്ന്‌ അവസാനം പേരിനുപോലും ഒന്ന്‌ ഇന്ത്യയില്‍ ഇല്ലാതായി. ഏഷ്യന്‍ വനമേഖലയില്‍ വ്യാപകമായുണ്ടായിരുന്ന മൃഗമായിരുന്നു ഇതെന്നോര്‍ക്കണം.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വംശമറ്റുപോയ ഏക മൃഗവും ചീറ്റയായിരുന്നു. ഇന്ന്‌ ആഫ്രിക്കയിലും ഇറാനിലും, യു.എ.ഇയിലും പാകിസാന്റെ ചില മലയിടുക്കുകളിലും മാത്രമുള്ള ചീറ്റയെ ഇന്ത്യന്‍ കാടുകളില്‍ കുടിയിരുത്താനുള്ള വമ്പന്‍ പദ്ധതി ഒരുങ്ങുകയാണ്‌.

ആഫ്രിക്കയില്‍ നിന്നോ യു.എ.ഇയില്‍ നിന്നോ ലക്ഷണമൊത്ത പുലികളെ ഇന്ത്യയില്‍ കാട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയെടുക്കാനുള്ളതാണു പദ്ധതി. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലൊക്കെ ഇഷ്‌ടം പോലെ പുലികള്‍ ഉണ്ട്‌. അവയില്‍ ചിലതിനെ ഇവിടേക്കു കൊണ്ടുവരും. കുറെ നാളത്തേക്ക്‌ ചെറിയ ഒരു പ്രദേശത്ത്‌ താമസിപ്പിച്ച്‌ ഇനി കഴിയാന്‍ പോകുന്ന വനത്തിനെക്കുറിച്ച്‌ നന്നായി മനസിലാക്കിക്കൊടുത്തശേഷമായിരിക്കും പുലികളെ കാട്ടിലേക്കു തുറന്നു വിടുന്നത്‌. കാര്യങ്ങളെല്ലാം ഉദ്ദേശിച്ചരീതിയില്‍ നടന്നാല്‍, കര്‍ണാടകയിലെ ബിജാപുര്‍-സോളാപുര്‍ വനത്തില്‍ 60 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ആദ്യമായി ചീറ്റപ്പുലിയുടെ കാലടി പതിയും. ആന്ധ്രാ പ്രദേശിലെ ചില വന പ്രദേശവും കണ്ടു വച്ചിട്ടുണ്ട്‌.

കഴിഞ്ഞയാഴ്‌ച രാജ്‌സ്ഥാനിലെ ബികാനെറില്‍ നടന്നയോഗമാണ്‌ പുലിക്കൈമാറ്റത്തിന്‌ അന്തിമ തീരുമാനമെടുത്തത്‌. കര്‍ണാടകയും ആന്ധ്രയും കൂടാതെ ഗുജറാത്തും രാജസ്‌ഥാനും ചത്തിസ്‌ഗഡും മധ്യപ്രദേശും പരിഗണനയിലുണ്ട്‌.

അടുത്ത പത്തുവര്‍ഷത്തേക്ക്‌ ഓരോ വര്‍ഷവും പത്തോളം പുലികളെ ഇന്ത്യയിലേക്ക്‌ ഇറക്കാനാണ്‌ പരിപാടി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ചീറ്റവര്‍ഗങ്ങള്‍ 5000 വര്‍ഷം മുമ്പ്‌ വേര്‍പിരിഞ്ഞതാണ്‌. ഒടുവില്‍ ഇന്ത്യന്‍ ചീറ്റകള്‍ക്ക്‌ പുനര്‍ജനമേകാന്‍ ആഫ്രിക്കന്‍ ചീറ്റകള്‍ വരേണ്ടി വരികയാണ്‌.

ഇന്ത്യയില്‍ മൃഗങ്ങളെ കാടുമാറ്റി പാര്‍പ്പിക്കുന്നത്‌ പുതിയ സംഭവമൊന്നുമല്ല. മധ്യപ്രദേശിലെ പന്ന, രാജ്‌സ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതങ്ങളില്‍ കടുവകളെ മറ്റു സങ്കേതങ്ങളില്‍ നിന്ന്‌ കൊണ്ടുവന്നു പാര്‍പ്പിച്ചത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു.

ഇങ്ങനെ കടുവയെ മാറ്റിത്താമസിപ്പിക്കേണ്ടി വന്നത്‌ ചീറ്റയെ ഇറക്കുമതി ചെയ്യുന്നതിന്‌ ഭീഷണിയാണെന്നും അഭിപ്രായമുണ്ട്‌. കാരണം, സരിസ്‌കയില്‍ ഒറ്റക്കടുവപോലും ഇല്ലാതായപ്പോഴാണ്‌ അവിടേക്ക്‌ കുടിയേറ്റം വേണ്ടി വന്നത്‌. പന്നയിലാവട്ടെ പെണ്‍കടുവകള്‍ ഇല്ലാതായപ്പോള്‍ ഇറക്കുമതി വേണ്ടിവന്നു. കാല്‍ നൂറ്റാണ്ടിലേറെയായി കടുവാസംരക്ഷണത്തിനു കോടികള്‍ ചെലവഴിച്ചിട്ടും ഇങ്ങനെ കടുവകള്‍ ഇല്ലാതാകുന്ന നാട്ടില്‍ പുറത്തു നിന്നു ചീറ്റപ്പുലിയെ കൊണ്ടു വരുന്നത്‌ എത്രത്തോളം പ്രായോഗികമാകുമെന്നതാണ്‌ പ്രസകമായ ചോദ്യം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വേട്ടയാടപ്പെട്ടത്‌ 110 കടുവകളാണ്‌. ഇതിനിടയില്‍ ചീറ്റപ്പുലികളെ വിദേശത്തു നിന്നു കൊണ്ടുവന്ന്‌ സംരക്ഷിക്കാനായില്ലെങ്കില്‍ അതു പാഴ്‌ചെലവാവില്ലേ എന്നു ചോദിക്കുന്നവരും ഏറെ.

മാത്രവുമല്ല, മാറിയ കാടിലും കാലാവസ്‌ഥയിലും ആഫ്രിക്കന്‍ ചീറ്റകള്‍ ഇന്ത്യയില്‍ അതിജീവിച്ചേക്കില്ലെന്നു പറയുന്നവരും ഉണ്ട്‌. രാജസ്‌ഥാനിലെ മുഖ്യ വനപാലകന്‍ ആര്‍.എന്‍. മല്‍ഹോത്ര ഈ അഭിപ്രായക്കാരനാണ്‌.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോലിക്യുലാര്‍ ബയോളജി ചീറ്റയെ ക്ലോണ്‍ ചെയു സൃഷ്‌ടിക്കാന്‍ പരിപാടി ഇട്ടിരുന്നു. ഇറാനില്‍ നിന്ന്‌ ഒരു ജോഡി ചീറ്റയെ കൊണ്ടുവന്ന്‌ ക്ലോണ്‍ ചെയ്യാനായിരുന്നു പരിപാടി. ഇറാന്‍ സമ്മതിക്കാതിരുന്നതിനാല്‍ അതു നടന്നില്ല. പിന്നീട്‌ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയു. പിന്നീട്‌ ഇന്ത്യ ഇറാനോട്‌ ഒരു ചീറ്റയെ വിട്ടു തരാമോ എന്നു ചോദിച്ചു. സമ്മതമല്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഇറാന്‌ അരസമ്മതമായിട്ടുണ്ട്‌- ഒരു സിംഹത്തെ കൊടുത്താല്‍ ഒരു ചീറ്റയെ തരാം. ഇന്ത്യ ഇനിയും സമ്മതം മൂളിയിട്ടില്ല.

എന്തായാലും വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ സ്വപ്‌നപദ്ധതിയാണ്‌ ചീറ്റയുടെ രണ്ടാം വരവ്‌. വൈല്‍ഡ്‌ ലൈഫ്‌ ട്രസ്‌റ്റ് തലവന്‍ എം.കെ. രഞ്‌ജിത്‌ സിംഗിനെയും വന്യജീവി വിദഗ്‌ധന്‍ വൈ. വി. ഝാലയെയും പോലുള്ളവര്‍ പിന്തുണയുമായി ഉള്ളതിനാല്‍ ജയ്‌റാം രമേശ്‌ ശുഭാപ്തി വിശ്വാസത്തിലാണ്‌.

സണ്‍ഡേ മംഗളം സെപ്റ്റംബര്‍ 20, 2009

Wednesday, October 21, 2009

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു...












ഏവര്‍ക്കും ഇവിടേക്ക്‌ സ്വാഗതം... കോട്ടയത്തെ നീണ്ടൂരില്‍ നിന്നും ചെമ്മാച്ചേല്‍ വീട്ടിലേക്കെത്തുമ്പോള്‍ ആദ്യം ഉളളിലേക്കു ക്ഷണിക്കുന്നത്‌ ഈ ചൂണ്ടു പലകയാണ്‌. അതു കഴിഞ്ഞ്‌ അകത്തേക്കു കയറുമ്പോള്‍ ആദ്യം ഓര്‍മ വരിക കളര്‍ഫുള്‍ ആയ ഒരു മലയാളസിനിമയുടെ സെറ്റാണ്‌്. ചുറ്റിനും കാഴ്‌ചയുടെ ഒരു ഉത്സവം തന്നെ. വേനല്‍ചൂടിലും ഭൂമിക്കു കുളിരു പകര്‍ന്നു നിരന്നു നില്‍ക്കുന്ന തണല്‍മരങ്ങള്‍. കണ്ണെത്താദൂരത്തോളം നെല്‍പാടങ്ങള്‍, വിശാലമായ ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ പശ്‌ചാത്തലത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന തെങ്ങുകളുടെ ചന്തം. കുലച്ച വാഴകള്‍, അരയന്നങ്ങളും എമു പക്ഷികളും തീര്‍ക്കുന്ന കാഴ്‌ചയുടെ അനുഭവം. കുളം, താമര, നീന്തിതുടിക്കുന്ന മത്സ്യങ്ങള്‍, മനോഹരമായ ശില്‌പങ്ങള്‍. ഷട്ടില്‍ ,വോളിബോള്‍ കോര്‍ട്ടുകള്‍ വിശ്രമമുറികള്‍ .എവിടെയ്‌ക്ക് ക്യാമറ തിരിച്ചാലും മനോഹരമായ ഫ്രെയിം.

സിനിമാസെറ്റുമായി തട്ടിച്ചു നോക്കിയാല്‍ ആകെ ഒരു വ്യത്യസ്‌തതയുളളത്‌, പക്ഷികളുടെ കോലാഹലത്തിനിടയിലും ഇവിടം ശാന്തമാണ്‌ എന്നുളളതാണ്‌. ഇനി പുറമെ കാഴ്‌ച പകര്‍ന്നു നല്‍കുന്ന ആനന്ദത്തിനപ്പുറം ഇറങ്ങിപ്പോയാല്‍ ഇവിടെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തി നിരവധി ജീവിതങ്ങളെയും കാണാം. പാടങ്ങളിലും മറ്റും പണിയെടുക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങള്‍.

കമ്പനികളിലെ തൊഴിലാളികളെപോലെ പി.എഫും, ബോണസും, മറ്റാനുകൂല്യങ്ങളും എല്ലാം വാങ്ങുന്നവരാണ്‌ ഈ തൊഴിലാളികള്‍. കൂലിപ്പണിചെയ്യുന്നവര്‍ക്ക്‌ ആരെങ്കിലും ഇത്രയെറെ ആനുകൂല്യങ്ങള്‍ നല്‍കുമോ എന്ന കൗതുകത്തേക്കാളുപരി മൂന്നു വര്‍ഷം മുന്‍പുവരെ ഈ ഭൂമി തരിശു നിലമായിരുന്നു എന്നറിയുമ്പോഴാണ്‌ ശരിക്കും അത്ഭുതപ്പെടുക. പിന്നെ ഇവിടം എങ്ങനെ ഇത്രയും മാറി എന്ന ചോദ്യത്തിന്‌ ഉത്തരം തേടിയാല്‍ ആദ്യം കണ്ട ചൂണ്ടു പലകയിലേക്ക്‌ തിരിച്ചു പോകേണ്ടി വരും. അവിടെ ആതിഥേയനായും സുഹ്യത്തായും ജോയി ചെമ്മാച്ചേല്‍ ഉണ്ടാവും ആ കഥ പറയാന്‍.

മറുനാടന്‍ മലയാളികള്‍ക്കൊരു കുഴപ്പമുണ്ട്‌. അന്യനാടുകളില്‍ കഴിയുന്നതിനിടയില്‍ കിട്ടുന്ന സമയം മുഴുവന്‍ അവന്‍ ഒരു പാട്‌ കാര്യങ്ങള്‍ ആലോചിച്ചു കൂട്ടും . എന്റെ വീട്‌, നാട്‌, കുടുംബം ഇതൊക്കെ ഇപ്പോള്‍ എങ്ങനെയാവും. ഈ തവണ ഉത്സവത്തിന്‌ അവധി കിട്ടുമോ തുടങ്ങിയ കാര്യങ്ങളാവും ചിന്തകളില്‍ മുഴുവന്‍. ഇനി സുന്ദരമായ ഒരു ഗ്രാമത്തില്‍ ജനിച്ചയാള്‍ കൂടിയാണെങ്കിലോ പറയേണ്ട. പാടവും പുഴയും, ഞാറ്റുപാട്ടിന്റെയും കൊയ്‌ത്തുപാട്ടിന്റെയും ഈണങ്ങളും ഗ്രാമ ചിത്രം എപ്പോഴും മാടിവിളിച്ചുകൊണ്ടിരിക്കും. പിന്നെ നാട്ടിലെത്താന്‍ കാത്തിരിക്കും. പാടത്തൊന്നിറങ്ങാന്‍, കൂട്ടുകാരുമൊത്ത്‌ പുഴക്കരയില്‍ ഇരുന്ന്‌ സൊറപറയാന്‍. ബിസിനസിന്റെയൊ ജോലിയുടെയൊ തിരക്കുകള്‍ വിട്ട്‌് മനസിനെ സ്വതന്ത്രമാക്കി വിടാന്‍,

അങ്ങനെ സ്വപ്‌നങ്ങളുടെ ഒരു നീണ്ടകണക്കുകൂട്ടലുമൊക്കെ കഴിഞ്ഞു മടങ്ങിയെത്തുമ്പോഴോ നിരാശയായിരിക്കും ഫലം. പുഴ മൊത്തം മണല്‍ വാരി വറ്റി വരണ്ടിരിക്കും. പുഞ്ചപ്പാടങ്ങള്‍ക്കു പകരം ബഹുനില മന്ദിരങ്ങളുടെ ആര്‍ഭാടം. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളെ മനസില്‍ കുഴിച്ചുമൂടി മടങ്ങാന്‍ മാത്രമേ ഈ പ്രവാസികള്‍ക്കു പിന്നെ കഴിയൂ. അപ്പോഴും പുഴയും പാടവുമൊക്കെ ഒരു തേങ്ങലായി ഉള്ളിലുണ്ടാവും.

ഗൃഹാതുരതയില്‍ ഊറ്റംകൊളളുന്ന എല്ലാ വിദേശമലയാളികളേയും പോലെ നീണ്ടൂര്‍ ചെമ്മാച്ചേല്‍ ജോയിക്കും ഒരിക്കല്‍ ഇങ്ങനെയൊരു അവസ്‌ഥയുണ്ടായി.

മനസില്‍ കെട്ടിപ്പൊക്കിയ ചിത്രങ്ങളുമായി അമേരിക്കയില്‍നിന്നു നാട്ടിലെത്തിയ ജോയി താന്‍ മനസില്‍ ചില്ലിട്ടു വച്ച നാടിന്റെ ചിത്രങ്ങള്‍ പൊട്ടിത്തകരുന്നത്‌ അറിഞ്ഞു. എന്നാല്‍ പഴമയെയും ശീലങ്ങളെയും തട്ടിയെറിഞ്ഞുകൊണ്ടുളള നാടിന്റെ ഓട്ടത്തെ അങ്ങനെ വിടാന്‍ ജോയി തയാറായില്ല. അന്നു വീടിനു മുന്‍പില്‍ തരിശായി കിടന്ന മണ്ണാര്‍മൂല പാടശേഖരത്തില്‍ നോക്കി ജോയി ഒരു തീരുമാനമെടുത്തു. ആ തീരുമാനമാണ്‌ ഇന്നു മണ്ണാര്‍മൂലയില്‍ നെല്ലായും, ഏലമായും, ഔഷധത്തോട്ടമായുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്‌്. ഒരു നാടിനുമൊത്തം അഭിമാനമായി. കഥ ഇവിടെ തീരുന്നു ഇനി യഥാര്‍ഥ്യത്തിലേക്ക്‌... കല്ലും മുളളും നിറഞ്ഞ പാതയിലൂടെ നടന്നാണ്‌ ജോയി നാടിനെ സ്വപ്‌ന തുല്യമാക്കിയത്‌. ജോയിയും ഭാര്യ ഷൈലയും ചേര്‍ന്ന്‌ ലാന്‍ഡ്‌ ഫിഷറീസ്‌ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ്‌ പ്രൊജക്‌ട് എന്ന നൂതന സംയോജിത കൃഷിപദ്ധതി രൂപീകരിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. 28 ഏക്കറില്‍ തെങ്ങുകള്‍, മത്സ്യങ്ങള്‍, നെല്ല്‌, വാഴ, പക്ഷികള്‍, പശുക്കള്‍, ഏലം... എല്ലാവര്‍ക്കും വേണ്ടി ഒരു ചെറിയ ലോകം തീര്‍ക്കുക എന്നതായിരുന്നു പദ്ധതി. തുടക്കത്തില്‍ പ്രോത്സാഹനങ്ങള്‍ക്കു പകരം എതിര്‍പ്പുകളാണ്‌ എത്തിയത്‌. ഇതിനെതിരേയുളള പടവെട്ടല്‍ തുടങ്ങിയപ്പോള്‍ ഒരു പറ്റം ആളുകള്‍ സഹായവുമായെത്തി. ഇതോടെ പദ്ധതികള്‍ വീണ്ടും തളിരിട്ടു.

കൃഷി. മൃഗസംരക്ഷണ-ഫിഷറീസ്‌ വകുപ്പുകളും നീണ്ടൂര്‍ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്തും കൂടി സഹായവുമായെത്തിയതോടെ ആദ്യഘട്ടം പൂര്‍ത്തിയായി. നാട്ടില്‍തന്നെയുളള നൂറോളം തൊഴില്‍രഹിതര്‍ക്കു തൊഴില്‍ നല്‍കിക്കൊണ്ടു പദ്ധതി തുടങ്ങി.

ജോയി അമേരിക്കയിലിരുന്നും ഇടയ്‌ക്കിടെ നാട്ടിലെത്തിയും ക്യഷി ചെയ്യുന്നതിനു നേതൃത്വം നല്‍കി. ബിസിനസ്‌ തിരക്കിനിടയില്‍ കൃഷി ചെയ്യാനായി നാട്ടില്‍ പോകുന്നു എന്നു പറഞ്ഞ്‌ കൂട്ടുകാര്‍ പോലും കളിയാക്കി. എന്നാല്‍ തന്റെ സ്വപ്‌ന സാഫല്യത്തിനുവേണ്ടി ജോയി അതൊക്കെ ചിരിച്ചുതളളി. ഏതു തീരുമാനങ്ങള്‍ക്കും പുറകില്‍ സഹായവുമായി ഭാര്യ ഷൈലയുമുണ്ടായിരുന്നു. പാടത്ത്‌ ചെളി നിറച്ചാണ്‌ ഞാറു നട്ടത്‌. കാര്‍ഷികഗവേഷണകേന്ദ്രങ്ങളില്‍ നിന്ന്‌ വിളകള്‍ ഏറ്റവും നല്ലതു തന്നെ എത്തിച്ചു. മികച്ച പശുകള്‍ക്കും ആടുകള്‍ക്കും മറ്റുമായി നാടൊട്ടുക്കു പോയി. വിദഗ്‌്ദ്ധരുടെ ഉപദേശം തേടി. പാരമ്പരാഗതവും ശാസ്‌ത്രീയവുമായ കാര്‍ഷികരീതികള്‍ തന്നെയാണ്‌ പരീക്ഷിച്ചത്‌.22 ല്‍ പരം കൃഷിയിനങ്ങള്‍ നട്ടു.

സ്വപ്‌നങ്ങളൊന്നും വെറുതെയായില്ല. ഒടുവില്‍ കഷ്‌ടപ്പെട്ട്‌ ഭൂമിയില്‍ വീഴ്‌ത്തിയ വിയര്‍പ്പുതുളളികള്‍ക്കു പൊന്നിന്റെ നിറം നല്‍കികൊണ്ട്‌ നെല്‍ക്കതിരുകള്‍ വിരിഞ്ഞു. വരള്‍ച്ചയിലും കൃഷിയിടത്തോടു ചേര്‍ന്ന മുക്കാലിതോട്‌ വറ്റാതെ അവയ്‌ക്കു വെളളം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ പ്രകൃതിപോലും ആ സ്വപ്‌നത്തിനു തണല്‍ വിരിച്ചു.

കൃത്രിമമായി നിര്‍മിച്ച കുളത്തില്‍ താമരകള്‍ വിരിഞ്ഞു. ഒന്നും രണ്ടുമല്ല നൂറുകണക്കിന്‌ താമരകള്‍ തന്നെ

താറാവുകളും അരയന്നങ്ങളും, പാലക്കാടു നിന്നെത്തിച്ച വിലയേറിയ എമുവും അടങ്ങുന്ന പക്ഷികളുടെ ഒരു പടതന്നെ അതിലെ പറന്നും ഓടിയും നടന്നു. തൊഴുത്തുകളില്‍ ജേഴ്‌സി, സിന്ധി, സ്വസ്‌ബ്രൗണ്‍. തുടങ്ങിയ സങ്കരയിനം പശുക്കളും ഒപ്പം നാടന്‍ പശുക്കളും നിറഞ്ഞു. മറുനാടന്‍, നാടന്‍ ഇനങ്ങളില്‍പെട്ട ആടുകളുമെത്തി. കുളത്തില്‍ താമരയ്‌ക്കൊപ്പം കരീമീന്‍ , ആറ്റുകൊഞ്ച്‌ , കാരി, വരാല്‍, അലങ്കാരമത്സ്യങ്ങള്‍ എന്നിവ ഓടി നടന്നു. അങ്ങനെ തരിശുപാടം വിസ്‌മയക്കാഴ്‌ചയുടെയും ഒരു പാടു കുടുംബങ്ങളുടെ വരുമാന സ്രോതസിന്റെയും ഇടമായി. പട്ടിണിമാറിയ കുടുംബങ്ങള്‍ക്കു മുകളില്‍ പുഞ്ചിരി പടര്‍ന്നു നിന്നു. നിലം മനോഹരമാകുന്നതിനൊപ്പം വിവിധങ്ങളായ കാര്‍ഷികവിളകളും പരീക്ഷിച്ചു. എല്ലാം നൂറുമേനി വിജയം.

നെല്ല്‌ വിളവെടുപ്പിനു സമയമായപ്പോള്‍ ഇവിടുത്തെ നെല്ല്‌ കൊയ്യാന്‍ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ നേരിട്ടെത്തി, പണിയാളുകളോടൊപ്പം കൂടി. കേരളത്തിനു മൊത്തം മാതൃകയാണു നീണ്ടൂരെന്നു പറഞ്ഞ്‌ അംഗീകാരങ്ങള്‍ നല്‍കി. ഇതെല്ലാം കേട്ടു നിറഞ്ഞ മനസോടെനിന്നവരില്‍ ജോയിയുമുണ്ടായിരുന്നു. തന്റെയൊരു ഭ്രാന്തന്‍ സ്വപ്‌നം, അമേരിക്കയില്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം കളയാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞവരുടെ മുന്‍പില്‍ തെല്ലൊരു ഗര്‍വോടു കൂടിത്തന്നെ.

അപ്പോള്‍ ആ കണ്ണുകള്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ യഥാര്‍ഥ്യമാക്കി, എന്റെ നാടിതാ കണ്‍മുന്‍പില്‍. ഇനി എനിക്ക്‌ നിരാശയോടെ മടങ്ങേണ്ടി വരില്ല എന്ന്‌. ഒപ്പം എന്നെ പോലെ ആര്‍ക്കും. അതിനാണി ചൂണ്ടുപലക ആര്‍ക്കും ഇവിടെ വരാം മനസ്സിനെ സ്വതന്ത്രമാക്കാം മടങ്ങാം ഏവര്‍ക്കും ഇവിടെയ്‌ക്ക് സ്വാഗതം.

ജോസ്‌ കാണക്കാരി

വിജയനിലയത്തിലെ വിമര്‍ശനസാഹിത്യം

''മരങ്ങള്‍ മുറ്റി വളര്‍ന്നിരുന്ന കുന്നിന്‍ ചെരിവിലൂടെ അവന്‍ അലസനായി നടന്നു. ആളുകള്‍ നടന്നുപോയിരുന്ന വഴികളിലൂടെയൊന്നുമായിരുന്നില്ല അവന്റെ കാലുകള്‍ നീങ്ങിയിരുന്നത്‌. പതുക്കെ പതുക്കെ അവന്റെ മനസ്‌ പഴയ ലോകത്തില്‍ നിന്നും സംഭവങ്ങളില്‍ നിന്നുമൊക്കെ മുക്‌തമായി വന്നു. അവന്റെ അച്‌ഛന്‍ ജോലി ചെയ്‌തിരുന്ന ഫാക്‌ടറിയില്‍ നിന്നുവരുന്ന ഇരമ്പം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. പൂപ്പാതിരിയുടെ നനഞ്ഞ ചില്ലയിലിരുന്നു പാടുന്ന കാട്ടുപുള്ളിന്റെ സംഗീതം അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കൊഴിഞ്ഞു വീണുകിടക്കുന്ന പൂ കാണുന്നുണ്ടായിരുന്നില്ല. അവനുമാത്രം അറിയാവുന്ന എന്തോ ഓര്‍ത്തിട്ടെന്നപോലെ അവന്‍ നടന്നു''.

''വീട്‌ നഷ്‌ടപ്പെട്ട ഒരു കുട്ടി'' ടി. പത്മനാഭന്‍

മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്ന്‌ ഇക്കുറി എത്തിയത്‌ 'വിജയനിലയ'ത്തിലേക്കാണ്‌. ചുരുക്കം രചനകള്‍ കൊണ്ട്‌ വിമര്‍ശനസാഹിത്യത്തിന്റെ ആത്മാവില്‍ കൈയൊപ്പ്‌ ചാര്‍ത്തിയ പ്രൊഫ. എം. തോമസ്‌ മാത്യുവിന്റെ വീട്ടിലേക്ക്‌. വിരോധാഭാസത്തിലാണ്‌ കലയുടെ - വിമര്‍ശനത്തിന്റെയും ആരൂഡം ഉറപ്പിച്ചിരിക്കുന്നതെന്നു വിശ്വസിക്കുന്ന പ്രൊഫ. തോമസ്‌ മാത്യു ഇപ്പോഴും കണ്ടെത്തലിനുശേഷമുളള അന്വേഷണത്തിലാണ്‌. അന്വേഷണത്തിന്റെ ആരംഭം എല്ലായ്‌പ്പോഴും കണ്ടതിനെ തേടിയായിരിക്കുമെന്ന്‌ അദ്ദേഹം പറയുകയും ചെയ്യുന്നു. ചിതറിയ രചനകള്‍ക്കുളളില്‍ നിന്നും കുട്ടികൃഷ്‌ണ മാരാരുടെ സ്വാധീനത്താല്‍ വിമര്‍ശന സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍ തേടി തോമസ്‌ മാത്യു എഴുത്തിന്റെ ലോകത്തെത്തി. മാരാരുടെ വിമര്‍ശനരീതിയെ പുരോഗമന ശക്‌തികള്‍ എതിര്‍ത്തപ്പോള്‍, സാഹിത്യാനുഭവത്തെ എങ്ങനെ യുക്‌തിഭദ്രമായി ആവിഷ്‌കരിക്കാമെന്ന വെല്ലുവിളിയേറ്റെടുത്ത മാരാരുടെ ധൈര്യവും തോമസ്‌ മാത്യുവെന്ന വിമര്‍ശനകനു പ്രചോദനമായി.

പിന്നീട്‌ മാരാരെ വിമര്‍ശിച്ച്‌ ലേഖനമെഴുതിയപ്പോള്‍ മാരാരില്‍ നിന്നു ലഭിച്ച പ്രശംസ ഏതു പുരസ്‌കാരത്തേക്കാളും മികച്ചതായി തോമസ്‌ മാത്യു കാണുന്നു.

അറുപതുകളില്‍ 'കല ജീവിതംതന്നെ' എന്ന പ്രസിദ്ധമായ കൃതികളില്‍ മാരാര്‍ യുവതലമുറയെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ 'പേരുമാത്രം അറിയാവുന്ന ആ പയ്യന്‍ എഴുതിയ വാക്കുകള്‍' ചിന്തിപ്പിക്കുന്നതാണെന്നെഴുതി.

ടി. പത്മനാഭന്റെ 'ശേഖൂട്ടി' വായിച്ച്‌ വായനാലോകത്ത്‌ സജീവമായ തോമസ്‌ മാത്യു മാരാരുടെ ഭാരത പര്യടനം വായിച്ച്‌ അക്ഷരങ്ങളുടെ ലോകത്തിലെത്തിപ്പെടുകയായിരുന്നു.

പിന്നീട്‌ നിരൂപണത്തിന്റെ ലാവണ്യാനുഭവം വാക്കുകളില്‍ വരച്ചിട്ട എം. തോമസ്‌ മാത്യുവെന്ന സാഹിത്യ നിരൂപകന്‍ വയലാര്‍ അവാര്‍ഡ്‌ നേടിയതിനുശേഷം തന്റെ എഴുത്തനുഭവങ്ങള്‍ ചിന്തയും കാഴ്‌ചയും പങ്കുവയ്‌ക്കുന്നു. ഒപ്പം ചില വ്യവസ്‌ഥിതികളോട്‌ മേനി നടിപ്പുകളോട്‌ കലഹിക്കുകയും ചെയ്യുന്നു.

* സാഹിത്യ വിമര്‍ശനത്തില്‍ പല പക്ഷങ്ങളുണ്ട്‌. താങ്കള്‍ വലതു വിമര്‍ശനരീതിയോട്‌ ഓരം ചേര്‍ന്നുനില്‍ക്കുന്ന വിമര്‍ശകനാണോ?

ഇല്ല. അങ്ങനെ ഏതെങ്കിലും ഒരു ചേരിയുടെ കൂടെയല്ല ഞാന്‍. സാഹിത്യ വിമര്‍ശനത്തില്‍ സിദ്ധാന്തമല്ല പ്രധാനം. സിദ്ധാന്തം അനുഭവത്തെ വിശദീകരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്‌. തുടിയും തുടിയുണ്ടാക്കുന്ന അനുഭൂതിയുമാണ്‌ സാഹിത്യത്തിലും സാഹിത്യാസ്വാദനത്തിലും പ്രധാന കാര്യം. ആ അനുഭൂതിയെ എങ്ങനെ ഉപയോഗിക്കാന്‍ കഴിയും എന്നിടത്താണ്‌ സിദ്ധാന്തം വരുന്നത്‌.

വിമര്‍ശനത്തില്‍ ഏതുപക്ഷം എന്നത്‌ സിദ്ധാന്തത്തിന്റെ പക്ഷമല്ല. അനുഭവത്തിന്റേതാണ്‌. ഞാന്‍ യഥാര്‍ത്ഥത്തില്‍ സത്യസന്ധതയുടെ പക്ഷത്താണ്‌. പിന്നെ എല്ലാ സിദ്ധാന്തവും അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. ഞാന്‍ ഇരുപതു വര്‍ഷത്തോളം എം.എ ക്ലാസില്‍ തിയറി പഠിപ്പിച്ചു. പക്ഷേ കാര്യങ്ങളെ ഏതെങ്കിലും ഒരു സിദ്ധാന്തത്തിനനുസരിച്ച്‌ വ്യഖ്യാനിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.

ഒരിക്കലും ഒരു വിമര്‍ശകന്‍ അവന്‍ ഉപയോഗിക്കുന്ന ടൂള്‍ (സിദ്ധാന്തം) പ്രകടിപ്പിക്കുന്നത്‌ ശരിയല്ല. ഉദാഹരണത്തിന്‌ ഒരു വരമ്പു പണിക്കാരന്‍ തന്റെ പണിക്കുശേഷം വരമ്പില്‍ അയാളുടെ ഉപകരണങ്ങളുടെ അടയാളങ്ങള്‍ അവശേഷിപ്പിച്ചാല്‍ അയാള്‍ നല്ല പണിക്കാരനല്ല എന്നാണര്‍ത്ഥം. ഒരു മുടിവെട്ടുകാരന്‍ മുടിവെട്ടിനുശേഷം ഒരാളുടെ തലയില്‍ കത്രികപ്പാടവശേഷിപ്പിച്ചാല്‍ അയാള്‍ നല്ല മുടിവെട്ടുകാരനല്ല എന്നുളളതിന്റെ തെളിവാണ്‌. അതുപോലെ തന്നെ ഒരു വിമര്‍ശകന്‍ അവന്റെ ഉപകരണങ്ങള്‍ കാണിക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ ആ വിമര്‍ശകന്‍ പരാജയമാണ്‌.

* വിമര്‍ശകന്‍ പലപ്പോഴും എഴുത്തുകാരന്റെ നെഗറ്റീവ്‌ വശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു എന്നൊരു തോന്നല്‍ ഉണ്ട്‌? താങ്കള്‍ എങ്ങനെ കാണുന്നു?

വിമര്‍ശകനെ സംബന്ധിച്ചിടത്തോളം കൃതിയുടെ നെഗറ്റീവ്‌ പോസിറ്റീവ്‌ എന്നുളളതല്ല പ്രധാനം. ആ കൃതി വായനക്കാരനെ അല്ലെങ്കില്‍ വിമര്‍ശകനെ എങ്ങനെ സ്വാധീനിക്കുന്നു. അത്‌ എങ്ങനെയാണ്‌ അനുവാജകന്‍ വായിക്കുന്നത്‌ എന്തുകൊണ്ട്‌ ആ കൃതി ഇഷ്‌ടപ്പെടുന്നു. അല്ലെങ്കില്‍ ഇഷ്‌ടപ്പെടുന്നില്ല.

വിമര്‍ശകന്‍ എഴുത്തുകാരന്‌ ഇഷ്‌ടപ്പെടാന്‍ വേണ്ടിയല്ല എഴുതുന്നത്‌.

അയാളുടെ ആഗ്രഹങ്ങള്‍ക്ക്‌ എതിരായിരിക്കും പലപ്പോഴും കൃതിയോടുളള വിമര്‍ശകന്റെ സമീപനം.

* മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്‌തിശില്‍പം എന്ന കൃതിക്കാണ്‌ വയലാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌. ഇതിനേക്കാള്‍ മികച്ചതാണ്‌ താങ്കളുടെ മറ്റ്‌ കൃതികളില്‍ ഏതെങ്കിലും എന്ന്‌ തോന്നിയിട്ടുണ്ടോ?

അങ്ങനെയൊരു തോന്നലിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. എന്റെ എല്ലാ കൃതികള്‍ക്കും അതിന്റെതായ ദൗര്‍ബല്യങ്ങളുണ്ട്‌. അതുപോലെ തന്നെ ഗുണവശങ്ങളും. ഓരോ എഴുത്തുകാരേയും രചനക്കായി ഞാന്‍ ഓരോതരത്തിലാണ്‌ സമീപിക്കുന്നത്‌. ഉദാഹരണത്തിന്‌ മാരാരെ സമീപിക്കുന്ന രീതിയല്ല. ടി. പത്മനാഭന്റെ കൃതികളെ സമീപിക്കുന്നത്‌. അതുകൊണ്ട്‌ ഏതാണ്ട്‌ മികച്ച കൃതി എന്നു ചോദിച്ചാല്‍ എന്റെ നോട്ടത്തില്‍ ഞാന്‍ എഴുതിയ എല്ലാ രചനകളും എനിക്ക്‌ ഒരുപോലെ മികച്ചതാണ്‌.

മാരാര്‍ ലാവ്യണാനുഭവത്തിന്റെ യുക്‌തിശില്‍പം, ആത്മാവിന്റെ മുറിവുകള്‍ ഈ രണ്ട്‌ രചനകളും എനിക്ക്‌ ഒരുപോലെ സംതൃപ്‌തി നല്‍കിയ കൃതികളാണ്‌.

എന്നു പറഞ്ഞാല്‍ മറ്റു കൃതികള്‍ സംതൃപ്‌തി നല്‍കിയില്ല എന്നര്‍ത്ഥമില്ല. പറയാന്‍ ആഗ്രഹിച്ചത്‌ പറയാന്‍ കഴിഞ്ഞു എന്ന സംതൃപ്‌തി എന്റെ എല്ലാ പുസ്‌തകങ്ങളും എനിക്കു നല്‍കിയിട്ടുണ്ട്‌.

ടി. പത്മനാഭന്റെ രചനകള്‍ ഭാവഗീതങ്ങളോട്‌ അടുത്തു നില്‍ക്കുന്ന എന്നു പലരും പറയുന്നു. ഇക്കാര്യം ഞാന്‍ പലരോടും ചോദിച്ചു. അവരൊന്നും എനിക്ക്‌ തൃപ്‌തികരമായ ഒരു ഉത്തരം നല്‍കിയില്ല. അപ്പോള്‍ ഞാന്‍ സ്വന്തംനിലക്ക്‌ അന്വേഷിച്ചു. പത്മനാഭന്റെ രചനകള്‍ ഭാവഗീതങ്ങളോട്‌ അടുത്തു നില്‍ക്കുന്നു എന്തുകൊണ്ട്‌ ഭാവഗീതങ്ങളാകുന്നില്ല എന്ന്‌. അതിന്റെ ഫലമാണ്‌ ആത്മാവിന്റെ മുറിവുകള്‍.

എഴുത്ത്‌ എപ്പോഴും വിമര്‍ശകന്‌ സംതൃപ്‌തി അതെല്ലങ്കില്‍ വെല്ലുവിളികളോ പ്രചോദനങ്ങളോ ആകുന്നത്‌ മാറിനിന്ന്‌ പറയാന്‍ കഴിയുമ്പോഴാണ്‌.

ഏറ്റവും ഇഷ്‌ടപ്പെട്ടതും സ്വാധീനിച്ചതും കുട്ടികൃഷ്‌ണ മാരാരാണ്‌. എഴുത്തിന്റെ വഴിയിലേക്ക്‌ വരാന്‍ മാരാരാര്‍ എങ്ങനെ കാരണമായി?

എഴുത്തിന്റെ ഘടന പഠിപ്പിച്ചത്‌ മാരാരാണ്‌. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഇടപ്പളളിയില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഒരു സെമിനാറുണ്ടായിരുന്നു. അന്ന്‌ ഒരുപാടു പ്രമുഖര്‍ പ്രസംഗിച്ചു. പലരുടെയും സംഭാഷണങ്ങള്‍ മനസിലായില്ല. മാരാര്‍ക്കൊപ്പം വയലാര്‍, ഒ.എന്‍.വി തുടങ്ങിയവര്‍ക്കെയായിരുന്നു പ്രാസംഗികര്‍. ഇവരെല്ലാം എതിരാളിയായി കണ്ടത്‌ മാരാരെയായിരുന്നു. ഇയാള്‍ അപകടകാരിയാണെന്ന തോന്നലോടെയാണ്‌ എല്ലാവരും പ്രസംഗിച്ചത്‌. എന്നാല്‍ അവഗണിക്കാനും കഴിയുന്നില്ല. ആ സമയത്തൊന്നും മാരാരെ വായിച്ചിട്ടില്ല. പക്ഷേ സാഹിത്യരംഗത്ത്‌ മാരാര്‍ ഒഴിച്ചു കൂടാനാവാത്ത ഒരാളൊണെന്ന്‌ അന്ന്‌ തിരിച്ചറിഞ്ഞു. പിന്നീട്‌ ഭാരതപര്യടനം വായിച്ചതോടെ മാരാര്‍ വളരെയധികം സ്വാധീനിച്ചു. എങ്ങനെ ഒരു കൃതി അപഗ്രഥിക്കണമെന്ന്‌ തിരിച്ചറിഞ്ഞത്‌ ഇതോടെയാണ്‌. അതില്‍ പല പ്രസക്‌ത ചോദ്യങ്ങളും കണ്ടു. പിന്നീട്‌ മാരാരുടെ എല്ലാ കൃതികളും തേടിപ്പിടിച്ച്‌ വായിക്കാന്‍ തുടങ്ങി. അന്നുമുതലുളള ആത്മബന്ധമാണ്‌ മാരാരോട്‌.

എപ്പോഴാണ്‌ സ്വന്തം മേഖല വിമര്‍ശനസാഹിത്യമാണെന്ന്‌ തിരിച്ചറിഞ്ഞത്‌?

തുടക്കം മുതലേ വായനയുടെ ലോകത്തായിരുന്നു. അക്കാലത്ത്‌ എന്തെങ്കിലും എഴുതിയിരുന്നോ എന്ന്‌ അറിയില്ല. എന്തൊക്കെയോ എഴുതി. കഥയോ കവിതയോ അങ്ങനെ. പക്ഷേ അതൊന്നും തൃപ്‌തി തന്നില്ല. പിന്നെ വിമര്‍ശനത്തിലേക്ക്‌ വന്നതോടെ ഇതില്‍ ശോഭിക്കാന്‍ കഴിയും എന്ന തോന്നലുണ്ടായിരുന്നു. കുറച്ച്‌ സ്‌നേഹിതമാര്‍ സഹായിച്ചു. ആദ്യമായി 'ദീനബന്ധു'വില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട്‌ സ്‌ഥിരമായി ദീനബന്ധുവില്‍ എഴുതാന്‍ തുടങ്ങി.

പുതിയ രചനകള്‍?

വര്‍ക്ക്‌ ചെയ്യുന്നുണ്ട്‌. വെറുതേ ഇരിക്കുന്നില്ല. വേറൊരു പണിയും അറിയില്ലല്ലോ? തിയറികള്‍ (സിദ്ധാന്തങ്ങള്‍) മുഴുവന്‍ ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്‌. റീഡബിള്‍ ആയുള്ള സിദ്ധാന്ത ചര്‍ച്ചകള്‍ മലയാളത്തില്‍ കുറവാണെന്ന ആക്ഷേപം നിലനില്‍ക്കുണ്ട്‌. അതു ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്‌. കുറെയൊക്കെ മനസിലുണ്ട്‌. എഴുതിയിട്ടില്ല. ചിലപ്പോള്‍ ചെയ്യും. ചിലപ്പോള്‍ കഴിഞ്ഞില്ലെന്നും വരും. ഒരു പ്രത്യേക വര്‍ക്ക്‌ ചെയ്യണമെന്ന സ്വപ്‌നമൊന്നുമില്ല.

പുരസ്‌കാരം വൈകിയെന്നോ അല്ലെങ്കില്‍ നേരത്തേയായി എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങനെയൊരു വിചാരമൊന്നുമില്ല. പുരസ്‌കാരത്തിന്‌ പുരസ്‌കാരത്തിന്റെ വിലയേയുള്ളൂ. അതിന്‌ സാഹിത്യത്തിന്റെ വിലയല്ല. പുരസ്‌കാരം കിട്ടുമെന്ന വിചാരം ഒട്ടുമില്ലായിരുന്നു, കാരണം അതിലെ കളികളെല്ലാം അറിയാം എന്നുള്ളതുകൊണ്ടുതന്നെ.

പിന്നെ, വയലാര്‍ അവാര്‍ഡ്‌ കിട്ടിയതു കൊണ്ട്‌ പ്രത്യേക ഗുണമുണ്ടെന്ന തോന്നലുമില്ല. ഞാന്‍ നിസംഗനാണ്‌. എഴുതുമ്പോഴുള്ള അഭിമാനം മാത്രമേ ഇപ്പോഴുമുള്ളൂ.

അധ്യാപനം എഴുത്തുകാരനാകാന്‍ സഹായിച്ചോ?

സഹായിച്ചുകാണും. എഴുത്തും അധ്യാപനവും തമ്മിലുള്ള ബന്ധം ചിലപ്പോള്‍ അനുകൂലമാണ്‌; ചിലപ്പോള്‍ മറിച്ചും. എഴുതാന്‍ തോന്നുന്ന കാര്യങ്ങള്‍ ഒരിക്കലും ക്ലാസില്‍ പറയരുത്‌. എഴുതാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ എക്‌സ്പ്രസ്‌ ചെയ്‌താല്‍ എഴുത്തിനുള്ള സംതൃപ്‌തിയും വെല്ലുവിളിയും അവിടെ തീരും. കാരണം ഒന്നു പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അതുകൊണ്ടാണ്‌ സുകുമാര്‍ അഴീക്കോടിന്‌ ഇപ്പോള്‍ എഴുതാന്‍ കഴിയാത്തത്‌. അഴീക്കോട്‌ പറയാനുള്ളത്‌ വാരിവലിച്ചു തീര്‍ക്കുന്നു, അതുകൊണ്ട്‌ എഴുതാനുള്ള ആര്‍ജവം ഇല്ലാതായി.

മലയാളത്തില്‍ ഇടതു വിമര്‍ശകരുടെ എണ്ണം കൂടുതലാണ്‌. ഇവര്‍ക്കിടയില്‍ വഴിമാറിയ വിമര്‍ശനശൈലിയുള്ളവര്‍ തഴയപ്പെടുന്നുണ്ടോ?

മാര്‍ക്‌സിസ്‌റ്റ് വിമര്‍ശന ശൈലി പിന്തുടരുന്നു എന്ന്‌ മേനി നടിക്കുന്നവരുണ്ടാകും. എന്നാല്‍ മാര്‍ക്‌സിസ്‌റ്റ് സിദ്ധാന്തം അടിസ്‌ഥാനമാക്കിയുള്ള വിമര്‍ശകര്‍ കുറവാണ്‌. ടി.പി.രാജീവന്‍ ചെയ്‌തിരുന്നു. വി.സി.ശ്രീജനും മാര്‍ക്‌സിസ്‌റ്റ് രീതി അവലംബിച്ചു. ഒരുകാലത്ത്‌ സച്ചിദാനന്ദനും. ഇപ്പോള്‍ മാര്‍ക്‌സിസ്‌റ്റ് വിമര്‍ശകര്‍ എന്നുപറയുന്നവര്‍ മാര്‍ക്‌സിനെപ്പോലും ശരിക്കു മനസിലാക്കിയിട്ടുണ്ടോ എന്നതു സംശയമാണ്‌. വള്‍ഗര്‍ മാര്‍ക്‌സിസമാണ്‌ ഇപ്പോള്‍ ആളുകള്‍ കൊണ്ടുനടക്കുന്നത്‌. അന്ധവിശ്വാസികളായ ഒരുതരം മാര്‍ക്‌സിസ്‌റ്റ് സാഹിത്യ വിമര്‍ശകര്‍.

എഴുത്തിലെ ഹൈജാക്കര്‍മാരെക്കുറിച്ച്‌?

ഏത്‌ എഴുത്തുകാരനും അയാള്‍ എഴുത്തുകാരനാണെങ്കില്‍ ഇടമുണ്ടാകും. കൃതിയുണ്ടെങ്കില്‍ അത്‌ അവിടെ കിടക്കും. അംഗീകാരവും കിട്ടും. അവനവന്റെ ഇടം സൃഷ്‌ടിക്കാന്‍ കഴിയാത്ത എഴുത്തുകാരന്‍ എഴുത്തുകാരനല്ല. ഒരുപക്ഷേ, താല്‍ക്കാലികമായ മാധ്യമശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ ഒരു എഴുത്തുകാരനെ തടഞ്ഞുനിര്‍ത്താന്‍ ഹൈജാക്കര്‍മാര്‍ക്കു കഴിഞ്ഞേക്കും. പക്ഷേ സ്‌ഥിരമായി മൂടിവയ്‌ക്കാന്‍ കഴിയില്ല.

എഴുത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്‌തി, ആരാധിക്കുന്നത്‌. മാരാരെക്കുറിച്ചുള്ള രചനയ്‌ക്കു തന്നെ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച്‌?

ഇതു വളരെ സന്തോഷമുള്ള കാര്യമാണ്‌. ഈ പുസ്‌തകത്തിന്‌ പുരസ്‌കാരം ലഭിച്ചതിലൂടെ പുസ്‌തകം കുറെ ആളുകളുടെ കൈവശമെത്തും. മാരാരെ ആളുകള്‍ അംഗീകരിക്കും. മാരാരെയും മറ്റും പുതിയ തലമുറ വായിക്കാതെപോകുന്നു എന്നത്‌ സത്യമാണ്‌. ഇനി, പുരസ്‌കാരം കിട്ടിയ രചനയല്ലേ എന്നു കരുതി മാരാരെ വായിക്കാമെന്നു തോന്നിയാല്‍ അത്‌ വായനക്കാരനും സാഹിത്യത്തിനും നല്ലതാണ്‌.

കുട്ടിക്കൃഷ്‌ണ മാരാര്‍ എന്ന എഴുത്തുകാരന്‌ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്ന തോന്നലുണ്ടോ?

എഴുത്തില്‍ സ്വന്തം വഴി തെരഞ്ഞെടുത്തതുകൊണ്ടാകാം മാരാരെ കൂടുതല്‍ പേരും 'ശത്രു' ആയാണ്‌ കണ്ടത്‌. മാരാരെ വായിച്ചവര്‍ക്കെല്ലാം അദ്ദേഹത്തോടു ബഹുമാനം തന്നെയാണ്‌. മാരാര്‍ ഒരു പ്രമുഖ പത്രത്തിന്റെ പ്രൂഫ്‌ റീഡറായിരുന്നു. അന്ന്‌ ആ പത്രത്തിലുണ്ടായിരുന്ന പത്രാധിപന്‍മാര്‍ മാരാരെക്കാള്‍ വലിയവരൊന്നും ആയിരുന്നില്ല. അതുകൊണ്ടുതന്നെ മാരാരുടെ വളര്‍ച്ചയെ അവര്‍ തടഞ്ഞെന്നുവേണം കരുതാന്‍. മാരാരെ ആ സ്‌ഥാപനത്തിന്റെ എഡിറ്ററാക്കിയാല്‍ നല്ലതായിരുന്നു. എന്നാലത്‌ അവര്‍ തന്നെ നഷ്‌ടപ്പെടുത്തുടയാണുണ്ടായത്‌.

വിമര്‍ശനസാഹിത്യത്തില്‍ വഴിമാറി സഞ്ചരിച്ചയാളായിരുന്നോ കെ.പി.അപ്പന്‍?

കെ.പി.അപ്പനെക്കുറിച്ച്‌ സാധാരണ പറയാറുണ്ട്‌, അപ്പന്‍ അരാഷ്‌ട്രീയവാദിയാണെന്ന്‌. അതു കേള്‍ക്കുന്നതില്‍ അപ്പന്‌ ഇഷ്‌ടവുമുണ്ടായിരുന്നു. രാഷ്‌ട്രീയമില്ല എന്ന്‌ അപ്പന്‍ പറയുമ്പോള്‍ അതിനര്‍ത്ഥം ഇപ്പോഴുള്ള രാഷ്‌ട്രീയത്തില്‍ താന്‍ ഇല്ലെന്നാണ്‌. അപ്പോള്‍ പ്രസക്‌തമായ ചോദ്യം, ഇപ്പോള്‍ കാണുന്നതാണോ രാഷ്‌ട്രീയം എന്നതാണ്‌. ആ അര്‍ത്ഥത്തില്‍ അപ്പന്‍ അരാഷ്‌ട്രീയവാദിയല്ല. അധികാര രാഷ്‌ട്രീയത്തില്‍ താല്‍പര്യമില്ലെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ.

എഴുത്തിന്റെ പുതുവഴികളിലേക്ക്‌ തോമസ്‌ മാത്യു സഞ്ചരിക്കുകയാണ്‌. വാങ്‌മുഖം, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം, എന്റെ വല്‌മീകം എവിടെ... തോമസ്‌ മാത്യുവിന്റെ രചനകളുടെ പേരുകള്‍ കാണുമ്പോഴേ വായനക്കാര്‍ക്കറിയാം, ഇവയില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന്‌. അത്‌ അധികാര രാഷ്‌ട്രീയത്തോടുള്ള വെല്ലുവിളിയാകാം, വ്യവസ്‌ഥിതിയോടുള്ള കലഹമാകാം. അല്ലെങ്കില്‍ ഇന്ത്യയിലിരുന്ന്‌ ആനന്ദവര്‍ധനനനെക്കുറിച്ച്‌ ഇംഗ്ലീഷില്‍ വായിക്കുന്നതിലെ മര്യാദകേടുമാകാം.

അനൂബ്‌ ശ്രീധരന്‍

വളരെ കൂളാണ്‌ ആഷിഖ്‌















പ്രേക്ഷകനെ മുഷിപ്പിക്കാത്ത സിനിമ എന്ന ഒറ്റ ലക്ഷ്യമേ ഒരു സംവിധായകനെന്ന നിലയില്‍ തനിക്കുള്ളൂവെന്ന്‌ ആത്മവിശ്വാസത്തോടെ പറയാന്‍ ആഷിഖ്‌ അബുവിനു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ല.

കേവലം മുപ്പതുവയസുമാത്രമുള്ള ആഷിഖ്‌ ഡാഡികൂള്‍ എന്ന തന്റെ കന്നിചിത്രത്തിലൂടെ അതു വിജയകരമായി തെളിയിച്ചുകഴിഞ്ഞു. മലയാളി പ്രേക്ഷകന്റെ പള്‍സ്‌ വ്യക്‌തമായി മനസിലാക്കിയ ഈ ചെറുപ്പക്കാരന്‍ യുവത്വത്തിന്റെ പ്രസരിപ്പോടെയാണ്‌ ഡാഡികൂളിലെ കേന്ദ്ര കഥാപാത്രമായ ആന്റണി സൈമണ്‍ എന്ന ക്രൈംബ്രാഞ്ച്‌ ഓഫീസറായ ഡാഡിയെയും ആദിയെന്ന മകനെയും സൃഷ്‌ടിച്ചിരിക്കുന്നത്‌.

വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സംഭവങ്ങളല്ല ആഷിഖിന്‌ സിനിമ. അത്‌ ജീവിതത്തിലെ ഏതാനും ദിനങ്ങള്‍ മാത്രമാണ്‌. ആ ദിവസങ്ങളെ കേവലം രണ്ടരമണിക്കൂറിന്റെ വൃത്തത്തിലേക്ക്‌ ''വളരെ കൂളായി '' ആഷിഖ്‌ പകര്‍ത്തിവച്ചപ്പോള്‍ ഡാഡികൂള്‍ മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്താത്ത ഒരു സിനിമയായി. കൈത്തഴക്കംവന്ന പല സംവിധായകരുടെയും ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ യാതൊരു ചലനവും സൃഷ്‌ടിക്കാതെ കടന്നുപോയപ്പോഴാണ്‌ ഒരു പുതുമുഖ സംവിധായകന്റെ യാതൊരു ടെന്‍ഷനുമില്ലാതെ ആഷിഖ്‌ സൃഷ്‌ടിച്ച മമ്മൂട്ടിയുടെ 'കൂള്‍' ക്യാരക്‌ടര്‍ ഫാമിലിയെ തീയറ്ററുകളില്‍ പിടിച്ചിരുത്തിയത്‌. മമ്മൂട്ടി, പെട്ടി, കുട്ടിയെന്നു തന്റെ സിനിമയെ ആക്ഷേപിച്ചവര്‍ക്കു തന്റെ ചിത്രം കണ്ടിട്ട്‌ അഭിപ്രായം പറയൂ എന്ന നിര്‍ദേശമേ ഈ ചെറുപ്പക്കാരന്‍ മുന്നോട്ടു വയ്‌ക്കുന്നുള്ളൂ. തന്റെ സിനിമയുടെ വാണിജ്യ വിജയവും പ്രേക്ഷകര്‍ ഇഷ്‌ടപ്പെട്ടതുമാണ്‌ ഇത്തരം ആക്ഷേപങ്ങള്‍ക്കുള്ള തന്റെ മറുപടിയെന്ന്‌ വളരെ കൂളായി ആഷിഖ്‌ പറയും . ആദ്യസിനിമയിലൂടെ സംവിധാനത്തിനൊപ്പം, കഥയും തിരക്കഥയും തനിക്കു വഴങ്ങുമെന്നു തെളിയിച്ച ഈ യുവ സംവിധായകനില്‍ നിന്നു പ്രേക്ഷകനെ ആനന്ദിപ്പിക്കുന്ന മികവുറ്റ വിജയ ചിത്രങ്ങള്‍ നമ്മള്‍ക്ക്‌ ഇനിയും പ്രതീക്ഷിക്കാം. തന്റെ സിനിമയെക്കുറിച്ചും സിനിമാ സങ്കല്‍പ്പങ്ങളെക്കുറിച്ചും ആഷിഖ്‌ സംസാരിക്കുന്നു.

? ആഷിഖ്‌ അബു എങ്ങനെയാണ്‌ ഡാഡികൂളിന്റെ സംവിധായകനായി രൂപപ്പെടുന്നത്‌

മഹാരാജാസ്‌ കോളജിലാണ്‌ ഞാന്‍ പ്രീഡിഗ്രി മുതല്‍ എം.എ വരെ പഠിച്ചത്‌. അവിടെ ഞാന്‍ എസ്‌.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മാഗസിന്‍ എഡിറ്റര്‍, ചെയര്‍മാന്‍ എന്നീ പദവികള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്‌. അന്ന്‌ മഹാരാജാസില്‍ നാടകരംഗം സജീവമായിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദ്‌ അന്നത്തെ മഹാരാജാസിലെ പ്രധാന നടനാണ്‌. ഒരിക്കല്‍ നാടകത്തില്‍ അഭിനയിക്കേണ്ട ഒരു നടന്‌ വരാന്‍ കഴിയാതെവന്നപ്പോള്‍ എനിക്ക്‌ ആ വേഷം കൈകാര്യം ചെയ്യേണ്ടതായി വന്നിട്ടുണ്ട്‌. അന്നൊന്നും പക്ഷേ നാടകത്തിലെയോ സിനിമയിലെയോ ഒരു മേഖലയും എന്നെ മോഹിപ്പിച്ചിരുന്നില്ല. പിന്നീട്‌ 1998 ല്‍ കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലാണ്‌ എന്നെ സിനിമയുമായി അടുപ്പിച്ചത്‌. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ കോളജ്‌ ചെയര്‍മാനായ ഞാന്‍ തുടര്‍ന്നു മഹാരാജാസില്‍ ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ചു. നാലുദിവസം നീണ്ടുനിന്ന ആ ഫിലിം ഫെസ്‌റ്റിവലില്‍ ലോക സിനിമകളടക്കം 32 സിനിമകള്‍ അവതരിപ്പിച്ചു. ഇത്‌ എന്നിലെ സിനിമാ മോഹങ്ങളെ ഉണര്‍ത്തുകയായിരുന്നു. അതിനു മുമ്പു ഞാന്‍ മാഗസിന്‍ എഡിറ്ററായ സമയത്താണ്‌ മഹാരാജാസിന്റെ 'ഓര്‍മ' എന്ന കോളജ്‌ മാഗസിന്‌ ചീഫ്‌ എഡിറ്റേഴ്‌സ് ട്രോഫി ലഭിക്കുന്നത്‌. അതു സമ്മാനിച്ചതു മമ്മുക്കയാണ്‌. അങ്ങനെ മമ്മുക്കയുമായി പരിചയമായി.

? പിന്നീട്‌ എന്താണ്‌ സംഭവിച്ചത്‌

'മനസറിയാതെ'യെന്ന കാമ്പസ്‌ ഫിലിം ഈ സമയം ഞാന്‍ സംവിധാനം ചെയ്‌തതു കൈരളിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്നു. അന്ന്‌ കാമ്പസ്‌ ഫിലിംരംഗം ഇത്ര സജീവമായിരുന്നില്ല. ഒന്നേകാല്‍ മണിക്കൂറുള്ള ആ കാമ്പസ്‌ ഫിലിം ശ്രദ്ധിക്കപ്പെട്ടു. പിന്നീട്‌ 2001 ല്‍ ശലഭം എന്ന പേരില്‍ ഒരു മ്യൂസിക്‌ ആല്‍ബവും പുറത്തിറക്കി. സംവിധായകന്‍ കമലായിരുന്നു അതിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. ആ പരിചയം വച്ച്‌ എനിക്ക്‌ അസിസന്റായി ഒരവസരം തരാമോയെന്നു ഞാന്‍ ചോദിച്ചു. കമല്‍ സാറിന്‌ പൂര്‍ണ സമ്മതമായിരുന്നു. അങ്ങനെ അദ്ദേഹം സംവിധാനം ചെയ്‌ത സ്വപ്‌നക്കൂട്‌ തൊട്ട്‌ ഗോള്‍വരെയുള്ള ഏഴ്‌ ചിത്രങ്ങളില്‍ തുടര്‍ന്ന്‌ അസിസ്‌റ്റന്റായി വര്‍ക്ക്‌ ചെയ്‌തു.

? ഡാഡികൂളിന്റെ കഥയുടെ ത്രെഡ്‌ ലഭിക്കുന്നത്‌ എങ്ങനെയാണ്‌?

വയര്‍ലെസ്‌ സെറ്റുമായി നില്‍ക്കുന്ന ഒരു പോലീസുകാരന്‍. അയാള്‍ക്ക്‌ അമിതമായ ക്രിക്കറ്റ്‌ ജ്വരമുണ്ടെങ്കില്‍ ആ വയര്‍ലെസ്‌ സെറ്റ്‌ ഒരു ട്രാന്‍സിസ്‌റ്റര്‍ റേഡിയോ ആക്കി ഉപയോഗിക്കാവുന്നതാണ്‌. അതായിരുന്നു കഥയുടെ ആദ്യ ഇമേജ്‌. പിന്നെ അയാള്‍ എങ്ങനെ ഇത്ര ക്രിക്കറ്റ്‌ പ്രേമിയും, ജോലിയില്‍ മടിയനുമായി എന്നതായി അന്വേഷണം. അങ്ങനെയാണ്‌ ആ അന്വേഷണം മകനില്‍ എത്തുന്നത്‌. ആ ഡാഡിയും മകനും ഒരു ക്രിക്കറ്റ്‌ താരത്തെ നേരിട്ടുകണ്ടാല്‍ എന്തു സംഭവിക്കും. അങ്ങനെയാണു കഥയുടെ ത്രെഡ്‌ വികസിച്ചത്‌. ഡാഡികൂളിന്റെ കഥ ആദ്യം ഞാന്‍ പറയുന്നതു സുഹൃത്തുക്കളോടാണ്‌. അതിനുശേഷമാണ്‌ കഥയുടെ ത്രെഡ്‌ മമ്മുക്കയോടു പറഞ്ഞത്‌. ലാല്‍ മീഡിയയില്‍ മമ്മുക്ക മിഷന്‍ 90 ഡേയ്‌സിന്റെ ഡബ്ബിംഗ്‌ ജോലിയിലായിരുന്നു അപ്പോള്‍. എഴുതിനോക്കാന്‍ പറഞ്ഞ്‌ മമ്മുക്കയാണ്‌ എനിക്ക്‌ ധൈര്യം തന്നത്‌. പിന്നീട്‌ തിരക്കഥ തയാറാക്കി .ഒരാളുടെ കൂടെ ഇന്‍പുട്ട്‌ ഉണ്ടെങ്കില്‍ അതു നന്നായിരിക്കുമെന്ന്‌ എനിക്ക്‌ തോന്നി. അങ്ങനെയാണ്‌ ചിത്രത്തിന്റെ സംഭാഷണമെഴുതാന്‍ ബിപിന്‍ ചന്ദ്രന്‍ വരുന്നത്‌. തിരക്കഥ ഞങ്ങള്‍ പൂര്‍ത്തിയാക്കി മമ്മുക്കയെ വായിച്ചുകേള്‍പ്പിച്ചു. മമ്മുക്കയ്‌ക്കു പദ്ധതി ഇഷ്‌ടമായി. അതിനുമുമ്പ്‌ കമല്‍സാറിനെയും സ്‌ക്രിപ്‌റ്റ് കാട്ടിയിരുന്നു. ഡയലോഗില്‍ ചില മാറ്റങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചു. 51 ദിവസം മൊത്തം ഷൂട്ടിംഗുണ്ടായിരുന്നു. ക്രിക്കറ്റ്‌ താരമാകാന്‍ ശ്രീശാന്തിനെയും പരിഗണിച്ചതാണ്‌ .അദ്ദേഹത്തിന്റെ തിരക്കുമൂലം ആ ശ്രമം നടന്നില്ല.

? ആദിയെന്ന കുട്ടിയെയും വില്ലന്‍ വേഷം ചെയ്യാന്‍ ബാലാജിയെയും എങ്ങനെയാണ്‌ കണ്ടെത്തിയത്‌

മമ്മുക്കയുടെ മകനായി അഭിനയിക്കേണ്ട കുട്ടിക്ക്‌ നാച്ചുറല്‍ അഭിനയ മികവു വേണ്ടിയിരുന്നതിനാല്‍ കുട്ടിയെ കണ്ടെത്തല്‍ സാഹസികമായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍, ഒരുപാടു കുട്ടികളെ ഞങ്ങള്‍ വേഷത്തിനായി പരിഗണിച്ചുവെങ്കിലും തൃപ്‌തിവന്നില്ല. ആ സമയത്താണ്‌ ഒരു മാഗസിനില്‍ ധനഞ്‌ജയനെന്ന പയ്യന്റെ ചിത്രം കാണുന്നത്‌. വേണ്ട പരിശീലനം നല്‍കിയപ്പോള്‍ ആദിയെന്ന കഥാപാത്രമാകാന്‍ ധനഞ്‌ജയനു വേഗംകഴിഞ്ഞു. അതുപോലെ തന്നെയായിരുന്നു വില്ലന്‍ വേഷം ചെയ്‌ത ഡാനിയേല്‍ ബാലാജിയുടെ കാസ്‌റ്റിംഗും. മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രമെന്നാല്‍ മസിലുകള്‍ ഉള്ളവരും, കണ്ണ്‌ ചുവന്നവരും, തടിച്ചവന്മാരുമാണെന്ന ധാരണയാണുള്ളത്‌. ഒന്നു മാറി ചിന്തിക്കണമെന്ന്‌ തോന്നി. മാക്‌സിമം യാഥാര്‍ത്ഥ്യത്തോട്‌ അടുത്തു നില്‍ക്കുന്ന വില്ലനെ അവതരിപ്പിക്കണമെന്നു ഞാന്‍ ആദ്യമേ തീരുമാനിച്ചു. ഡാഡികൂളിലെ വില്ലന്‍ മയക്കുമരുന്നിന്‌ അടിമയാണ്‌. സ്‌ഥിരമായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ മെലിഞ്ഞ ശരീര പ്രകൃതക്കാരായിരിക്കും. അങ്ങനെയുള്ള ഒരു നടനെ തിരയുന്ന സമയത്താണ്‌ ബാലാജി ശ്രദ്ധയില്‍പ്പെടുന്നത്‌. വേട്ടയാട്‌ വിളയാട്‌ എന്ന തമിഴ്‌ചിത്രത്തിലെ ബാലജിയുടെ അഭിനയം എന്നെ ഒത്തിരി ആകര്‍ഷിപ്പിച്ചിരുന്നു.ആദ്യമൊന്നും ഞങ്ങളുടെ ഓഫര്‍ ബാലാജി സ്വീകരിച്ചില്ല. ആശിഷ്‌ വിദ്യാര്‍ത്ഥി വില്ലനായി ചിത്രത്തിലുണ്ടെങ്കില്‍ പിന്നെ എന്റെ ആവശ്യമില്ലെന്നായിരുന്നു ബാലാജിയുടെ കമന്റ്‌. ആദ്യരംഗത്തൊന്നും വില്ലനാണെന്നു തോന്നാതെ ഒരുഘട്ടത്തില്‍ ഭയപ്പെടുത്താന്‍പോന്ന ആ കഥാപാത്രത്തിനു ബാലാജിയെ അല്ലാതെ മറ്റൊരാളെ എനിക്കു സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല. എന്തിനു പറയുന്നു ഒടുവില്‍ ബാലാജി സമ്മതിച്ചെന്നു മാത്രമല്ല, കാമറയുടെ മുന്നില്‍ നിന്നു മാറാന്‍ കൂട്ടാക്കാത്ത അവസ്‌ഥയിലേക്ക്‌ എത്തിയെന്നു പറയാം. ഇപ്പോള്‍ ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്‌.

? എന്താണ്‌ താങ്കളുടെ സിനിമാ സങ്കല്‍പ്പം

പ്രേക്ഷകനെ മടുപ്പിക്കാത്ത, അവന്റെ യുക്‌തിയെ ചോദ്യം ചെയ്യാത്ത സിനിമ സംവിധാനം ചെയ്യുക എന്നതാണ്‌ ഞാന്‍ കടമയായി കരുതുന്നത്‌. പത്മരാജന്റെയോ, ഭരതന്റെയോയൊന്നും ഡെപ്‌ത്ത്നെസ്‌ എനിക്കില്ലെന്ന്‌ സ്വയം അറിയാം. എനിക്ക്‌ എന്താണ്‌ ചെയ്യാന്‍ കഴിയുക എന്നതിനെക്കുറിച്ച്‌ വ്യക്‌തമായ തിരിച്ചറിവുണ്ട്‌. പ്രേക്ഷകനെ രസിപ്പിക്കുക എന്ന മിനിമം ഉദ്ദേശ്യമേ എനിക്കുള്ളൂ. ലളിതമായി കൈകാര്യം ചെയ്യാവുന്ന വിഷയം പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അതു സ്വീകരിക്കണപ്പെടുമെന്നു തന്നെയാണ്‌ എന്റെ വിശ്വാസം.

? താങ്കളുടെ ഒരുകാലത്തെ കാമ്പസ്‌ സുഹൃത്തുക്കള്‍ ഡാഡികൂളിന്റെ അണിയറയിലുണ്ടല്ലോ

കാമറാമാന്‍ സാമീര്‍ താഹിറും സംഭാഷണം എഴുതിയ ബിപിന്‍ ചന്ദ്രനും മഹാരാജാസില്‍ എന്റെ സീനിയര്‍ ആയിരുന്നു. പിന്നെ സംഗീത സംവിധായകന്‍ ബിജിബാല്‍ സെന്റ്‌ ആല്‍ബര്‍ട്‌സിലായിരുന്നു പഠിച്ചതെങ്കിലും അന്നേ വയലിനിസ്‌റ്റ് എന്ന നിലയില്‍ ബിജിബാലിനെ അറിയാം. പഠനം കഴിഞ്ഞശേഷവും ഇവരുമായുള്ള സൗഹൃദങ്ങള്‍ ഞാന്‍ നിലനിര്‍ത്തി. ഞാന്‍ ചെയ്‌ത പല പരസ്യ ചിത്രങ്ങളുടെയും (പാനസോണിക്ക്‌, ജോയ്‌ ആലുക്കാസ്‌, ദുബായ്‌ ഗോള്‍ഡന്‍ ജ്വല്ലറി എന്നിവയുടെ പരസ്യങ്ങള്‍) കാമറാമാന്‍ സാമീര്‍ ആയിരുന്നു. എന്റെ മനസറിയാതെ എന്ന ടെലിഫിലിമില്‍ ബിപിന്‍ ചന്ദ്രന്‍ അഭിനയിച്ചിരുന്നു. ബിജിബാലും വര്‍ക്കുകളില്‍ സഹകരിച്ചിട്ടുണ്ട്‌. സാമീറിന്റെ കാമറ മികവിനെപ്പറ്റി ചിത്രം കണ്ട പലരും നല്ല അഭിപ്രായം പറഞ്ഞിരുന്നു. പിന്നെ, ഡാഡികൂള്‍ റിലീസിംഗിന്‌ എറണാകുളം പത്മയില്‍ ചിത്രം കാണാനായി മഹാരാജാസിലെ സുഹൃത്തുക്കള്‍ അനവധിപേര്‍ എത്തിയിരുന്നു. പലര്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്‌തുവെന്നത്‌ അത്ഭുതമായിരുന്നു. അവര്‍ പലരും ഭാവിയില്‍ ഞാന്‍ ഒരു രാഷ്‌ട്രീയ നേതാവാകുമെന്നാണു കരുതിയിരുന്നത്‌.

? ഇംഗ്ലീഷ്‌ വാക്കുകള്‍ പലവരികളിലും തിരുകിവച്ചുവെന്ന്‌ താങ്കളുടെ ചിത്രത്തിലെ പാട്ടുകള്‍ക്കെതിരേ ആരോപണങ്ങളുണ്ടായല്ലോ

ഇപ്പോള്‍ പ്രേക്ഷകന്‍ ഇഷ്‌ടപ്പെടുന്നുവെന്നു നിങ്ങള്‍ പറയുന്ന പാട്ടുകള്‍ സൂക്ഷ്‌മമായി ശ്രദ്ധിച്ചാല്‍ കേട്ടു മറന്ന പാട്ടുകളുടെയും ട്യൂണുകളുമായുള്ള സാദൃശ്യം വ്യക്‌തമാകും. അത്തരം ശ്രമങ്ങള്‍ നടത്തുമ്പോള്‍ അത്‌ എളുപ്പത്തില്‍ ഹിറ്റാകും. ഗാനരചിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും സേഫായി നില്‍ക്കാനും കഴിയും. അതിനു കഷ്‌ടപ്പാട്‌ കുറവാണ്‌. അധ്വാനിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്‌ അത്തരം പാതകള്‍ പിന്തുടരുന്നത്‌. ഒന്നുപറയാം, കണ്ടു മറന്നതും കേട്ടുമറന്നതും എന്റെ സിനിമയ്‌ക്കു വേണ്ട. എന്റെ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റാകണമെന്ന്‌ നിര്‍ബന്ധമില്ല. പുതുമ ഞാന്‍ ഇഷ്‌ടപ്പെടുന്നു. അത്‌ പ്രേക്ഷകരിലെത്താന്‍ ചിലപ്പോള്‍ അല്‍പ്പം കാലംകൂടി എടുത്തുവെന്നുവന്നേക്കാം.

? ഒരു സംവിധായകനെന്ന നിലയില്‍ ഗാനചിത്രീകരണത്തിനായി ഹോങ്കോംഗില്‍ പോയതും വസ്‌ത്രാലങ്കാര രംഗത്തെ ധാരാളിത്വവും ഒഴിവാക്കാമായിരുന്നില്ലേ

ഡാഡികൂളിന്റെ വസ്‌ത്രാലങ്കാരത്തിനു ചെലവായ എല്ലാ ബില്ലുകളും എന്റെ കൈയിലുണ്ട്‌. ആ ബില്‍ തുക നോക്കിയാല്‍ മനസിലാകും മറ്റു ചിത്രങ്ങളുടെ വസ്‌ത്രാലങ്കാര ചെലവിനേക്കാള്‍ ഡാഡികൂളിലെ വസ്‌ത്രാലങ്കാര ചെലവ്‌ വളരെ കുറവായിരുന്നുവെന്ന്‌. പിന്നെ ഡാഡികൂള്‍ കണ്ട്‌ ചെലവേറിയതായി തോന്നിയെങ്കില്‍ അതു അവതരണ ശൈലിയുടെ വിജയമാണ്‌. പിന്നെ, ഗാനചിത്രീകരണത്തിനായി ഹോങ്കോംഗില്‍പോയത്‌ നിര്‍മാതാവിന്റെ താല്‍പര്യംമൂലമാണ്‌. എതിരു നില്‍ക്കുന്നതു ശരിയല്ലല്ലോ? . ആഴ്‌ചകളോളം പണിതുയര്‍ത്തിയ ഷൂട്ടിംഗ്‌ സെറ്റുകള്‍ക്കായും ഞങ്ങള്‍ പണം ചെലവിട്ടിട്ടില്ല. യഥാര്‍ത്ഥ്യത്തോട്‌ അടുത്തുനില്‍ക്കാനാണ്‌ ശ്രമിച്ചത്‌. ചിത്രത്തില്‍ കാണുന്ന ക്രൈംബ്രാഞ്ച്‌ ഓഫീസ്‌ എറണാകുളം പ്രസ്‌ അക്കാദമിയാണ്‌. യഥാര്‍ത്ഥ ക്രൈംബ്രാഞ്ച്‌ ഓഫീസുമായി നല്ല സാദൃശ്യമുണ്ടെന്നു ചിത്രംകണ്ട പലരും പറഞ്ഞിരുന്നു. ചെലവിന്റെ കാര്യം പറയുകയാണെങ്കില്‍ സൂപ്പര്‍സ്‌റ്റാര്‍ ചിത്രമായിട്ടും ഡാഡികൂളിന്‌ ആകെ ചെലവായത്‌ ഒന്നരക്കോടി രൂപയാണ്‌. നിര്‍മാതാവിനു തെറ്റില്ലാത്ത ലാഭവും കിട്ടി. അതില്‍ ഞാന്‍ ഹാപ്പിയാണ്‌.

? പുതിയ പദ്ധതികള്‍

രണ്ട്‌, മൂന്ന്‌ പദ്ധതികള്‍ മനസിലുണ്ട്‌. എന്നു നടക്കുമെന്നു പറയാന്‍ കഴിയില്ല. മമ്മുക്കയെ ഉദ്ദേശിച്ചുള്ളതാണ്‌ അതില്‍ ഒരു പ്രൊജക്‌ട്. മറ്റൊന്നു യുവതാരങ്ങളെ നായകരാക്കിയുള്ളതും. മറ്റൊരു പദ്ധതി തമിഴ്‌ സിനിമയാണ്‌. ഒന്നു ഞാന്‍ തറപ്പിച്ചു പറയാം. ഡാഡികൂള്‍ പോലുള്ള ഒരു സിനിമയായിരിക്കില്ല അത്‌. തികച്ചും വ്യത്യസ്‌തതയുള്ള പ്രമേയമായിരിക്കും അവയെല്ലാം.

എം. എ. ബൈജു

വെല്ലുവിളിച്ച്‌ ക്രൂസ്‌


ഷെവര്‍ലെ ഒപ്‌ട്രയ്‌ക്ക് പകരക്കാരന്‍ ഒടുവില്‍ നിരത്തിലേക്ക്‌ ഇറങ്ങുന്നു. അതും അഴകുറ്റ രൂപവും പോക്കറ്റിനിണങ്ങുന്ന വിലയുമായി. പേര്‌ ഷെവര്‍ലെ ക്രൂസ്‌. ഹോണ്ട സിവികും ടൊയോട്ട കൊറോളയുമാണ്‌ എതിരാളികള്‍ എന്നു പ്രഖ്യാപിച്ചാണ്‌ ജനറല്‍ മോട്ടോഴ്‌സിന്റെ മിഡ്‌സൈസ്‌ സെഡാന്‍ ഷെവര്‍ലെ ക്രൂസ്‌ എത്തുന്നത്‌. ഷെവര്‍ലേയുടെ ലേബലില്‍ എത്തുന്ന ക്രൂസ്‌ എതിരാളികള്‍ക്ക്‌ കനത്ത വെല്ലുവളി ഉയര്‍ത്തുമെന്നതില്‍ യാതൊരു സംശയവും ഇല്ല.

ഡീസല്‍ എഞ്ചിന്റെ മാത്രം കരുത്തുമായാണ്‌ ക്രൂസ്‌ തല്‍ക്കാലം ഇന്ത്യയില്‍ എത്തുന്നത്‌. സെഗ്മെന്റില്‍ മികച്ച ഡീസല്‍ കാറുകളില്ലെന്ന തിരിച്ചറിവാണ്‌ ഇത്തരമൊരു നീക്കത്തിന്‌ ജനറല്‍ മോട്ടോഴ്‌സിനെ പ്രേരിപ്പിച്ചത്‌. കാപ്‌ടിവയിലെ രണ്ടു ലിറ്റര്‍ വി.സി.ഡി.ഐ എന്‍ജിനാണ്‌ ക്രൂസില്‍. 1991 സി.സി കരുത്തുള്ള എന്‍ജിന്‍ 4,000 ആര്‍.പി.എമ്മില്‍ 150 പി.എസ്‌ കരുത്തും 2,600 ആര്‍.പി.എമ്മില്‍ 327 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. ക്രൂസിന്റെ ഓട്ടോമാറ്റിക്‌ മോഡലും 1.8 ലിററര്‍ പെട്രോള്‍ മോഡലും 2010 ല്‍ വിപണിയില്‍ എത്തും.

എല്‍ടി, എല്‍ടിഇസഡ്‌ വേര്‍ഷനുകളാണ്‌ ലഭ്യമാവുക. അലോയി വീലുകള്‍, വിന്‍ഡോയില്‍ ക്രോം ഗാര്‍ണിഷ്‌ എന്നിവ എല്‍ടിയുടെ പ്രത്യേകയായി പറയാം. ക്രോം ഡോര്‍ ഹാന്‍ഡിലുകളും ട്രങ്ക്‌ ലിഡ്‌ ഗാര്‍ണിഷും എല്‍ടിഇസഡിന്റെ പ്രത്യേകത. ഒപ്പം 5 സ്‌പോക്‌ 17 ഇഞ്ച്‌ അലോയി വീല്‍, ഇലക്‌ട്രിക്‌ സണ്‍റൂഫ്‌, ഇന്‍ ഡാഷ്‌ 6 സിഡി ഹാങ്ങര്‍, റിയര്‍ പാര്‍ക്കിംഗ്‌ അസിസ്‌റ്റ്, ക്രൂസ്‌ കണ്‍ട്രോള്‍ എന്നിവയും എല്‍ടിഇസഡിന്റെ സവിശേഷതകളാണ്‌. ഓട്ടോമാറ്റിക്‌ ക്ലൈമറ്റ്‌ കണ്‍ടോളും ഈ വിഭാഗത്തിനു മാത്രമായുള്ളതാണ്‌.

അഞ്ചു സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനാണ്‌ ക്രൂസിലുള്ളത്‌. അലോയ്‌ വീലുകള്‍, സ്‌റ്റാന്‍ഡേഡ്‌ എ.ബി.എസ്‌, ഓള്‍ ടൈം ഇലക്രേ്‌ടാണിക്‌ സ്‌റ്റെബിലിറ്റി പ്രോഗ്രാം എന്നിവയൊക്കെയാണ്‌ ക്രൂസിന്റെ മറ്റുസവിശേഷതകള്‍. പുഷ്‌ ബട്ടണ്‍ സ്‌റ്റാര്‍ട്ട്‌ നിരവധി വാഹനപ്രേമികളെ മോഹിപ്പിക്കുന്ന ഒരു ഗിമ്മിക്കാകും. കീയില്ലാതെ സ്‌റ്റാര്‍ട്ട്‌ ചെയ്യാന്‍ കഴിയുന്ന സംവിധാനം വാഹനത്തിന്റെ എടുത്തപറയത്തക്ക പ്രത്യേകതയായാണ്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്‌. മൂന്നു വര്‍ഷത്തേക്കോ ഒരുലക്ഷം കിലോമീറ്ററിനോ വാറണ്ടി.

കൊറിയന്‍ കാര്‍ ഡിസൈനറായ ടേവാന്‍ കിം രൂപകല്‍പ്പന ചെയ്‌ത ക്രൂസ്‌ 2008 ലെ പാരിസ്‌ മോട്ടോര്‍ ഷോയിലാണ്‌ ജനറല്‍ മോട്ടോഴ്‌സ് അവതരിപ്പിച്ചത്‌. ലിറററിന്‌ 18.3 കിലോമീറ്റര്‍ മൈലേജ്‌ ലഭിക്കുമെന്ന്‌ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. അനുയോജ്യമായ സാഹചര്യങ്ങളില്‍ എന്ന പതിവ്‌ പല്ലവി ഒപ്പമുണ്ട്‌. എന്നാല്‍ പറയുന്നത്‌ ഷെവര്‍ലെ ആയതിനാല്‍ അത്‌ മൊത്തത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

ജി.എമ്മിന്റെ ഡെല്‍റ്റാ രണ്ട്‌ പ്ലാറ്റ്‌ഫോമിലാണ്‌ ക്രൂസ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഗ്ലോബര്‍ ഡെല്‍റ്റാ പ്ലാറ്റ്‌ഫേമില്‍ ജിഎം പുറത്തിറക്കുന്ന ആദ്യ കാറെന്ന ബഹുമതിയും ക്രൂസിനു സ്വന്തമായുണ്ട്‌. മഴയുടെ ശക്‌തി തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന റെയ്‌ന്‍ സെന്‍സിങ്‌ വൈപ്പറുകള്‍, കീലെസ്‌ എന്‍ട്രി, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ യൂണിറ്റ്‌, രണ്ട്‌ എയര്‍ബാഗുകള്‍, എ.ബി.എസ്‌ എന്നിവയും ക്രൂസിലുണ്ട്‌. ഈ വിഭാഗത്തിലുള്ള മറ്റു മോഡലുകളേക്കാള്‍ കൂടുതല്‍ സ്‌ഥലസൗകര്യം ക്രൂസിന്റെ മാത്രം പ്രത്യേകതയാണ്‌. വലിയ ഗ്ലൗവ്‌ ബോക്‌സുകള്‍, വലിയ ഡോര്‍ ബിന്നുകള്‍, സെന്റര്‍ കണ്‍സോള്‍ സ്‌റ്റോറേജ്‌ എന്നിവയൊക്കെ മറ്റു മിഡ്‌സൈസ്‌ഡ് സെഡാനുകളേക്കാള്‍ മുകളിലുള്ളതാണ്‌.

സ്‌റ്റൈലിന്റെ കാര്യത്തിലും ക്രൂസ്‌ ആര്‍ക്കും പിന്നിലല്ല. സ്വിച്ച്‌ ഗിയര്‍, സ്‌റ്റിയറിങ്‌ വീല്‍, ഹെഡ്‌ലാമ്പ്‌ എന്നിവയെക്കൊ ക്രൂസിന്‌ 'റോയല്‍ ലുക്ക്‌' നല്‍കുന്നതില്‍ നിര്‍ണായക പങ്കാണ്‌ വഹിക്കുന്നത്‌. എന്നാല്‍ ഇന്റീരിയറിനെ അപേക്ഷിച്ച്‌ എക്‌സ്റ്റീരിയര്‍ അത്ര മികച്ചതല്ലെന്ന്‌ ആക്ഷേപം ഉന്നയിക്കുന്ന ചിലരുമുണ്ട്‌. ഈ ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്ന്‌ വരും ദിവസങ്ങളില്‍ വിപണിയിലെ പ്രതികരണത്തില്‍നിന്ന്‌ വ്യക്‌തമാകും എന്നു കരുതാം.

രൂപംപോലെതന്നെ ആകര്‍ഷകമാണ്‌ ക്രൂസിന്റെ വിലയും. 10.99 ലക്ഷം മുതല്‍ 12.45 ലക്ഷം വരെയാണ്‌ വില. എല്‍.ടി വേരിയന്റിന്‌ 10.99 ലക്ഷവും ഫുള്ളി ലോഡഡ്‌ എല്‍.ടി.സഡിന്‌ 12.45 ലക്ഷവുമാണ്‌ (എക്‌സ് ഷോറൂം, മുംബൈ). ആറു നിറങ്ങളില്‍ ക്രൂസ്‌ തിരഞ്ഞെടുക്കാം.അറ്റ്‌ലാന്റിസ്‌ ബ്ലൂ, ലൈറ്റ്‌ ഗോള്‍ഡ്‌, വെല്‍വെറ്റ്‌ റെഡ്‌, ഒളിമ്പിക്‌ വൈറ്റ്‌, മിസ്‌റ്റിക്‌ ലേക്ക്‌, കാരിയര്‍ ബ്ലാക്‌ എന്നീ നിറങ്ങളിലാണ്‌ ക്രൂസ്‌ ഷോറൂമുകളിലെത്തുക.

സുജിത്‌ പി. നായര്‍

കൊക്കയില്‍ ഉയര്‍ന്ന അദൃശ്യകരം













ഒക്‌ടോബര്‍ മൂന്ന്‌, വൈകിട്ട്‌ 7.30. കനത്ത മഴ..... ഇരുട്ടും കോടമഞ്ഞും... വിജനമായ തുമ്പച്ചി അടിവാരം. പുളിയന്‍മല-തൊടുപുഴ സംസ്‌ഥാന പാതയിലൂടെ ഒരു സാന്‍ഡ്രോ കാര്‍ ഇറങ്ങിവരുന്നു. വലതുവശത്ത്‌ അഗാധമായ കൊക്ക. എട്ടാമത്തെ ഹെയര്‍പിന്‍ തിരിയുമ്പോള്‍ പാതവക്കില്‍ ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങള്‍. പെട്ടെന്നു ഡ്രൈവര്‍ വളയം അല്‌പം തിരിച്ചു. ബ്രേക്കില്‍ കാലമര്‍ന്നു.... നിമിഷങ്ങള്‍ക്കകം കാര്‍ കീഴ്‌ക്കാം തൂക്കായ കൊക്കയിലേക്കു മറിഞ്ഞു.

പിന്നെ ഒരു യുവാവിന്റെ നിലവിളി അടിവാരത്ത്‌ നിന്നു ഉയര്‍ന്നു. 'എന്റെ ചാച്ചനെ രക്ഷിക്കൂ, കാറില്‍ ചാച്ചനുണ്ട്‌'' ഓരോ വട്ടവും കാര്‍ മറിയുമ്പോള്‍ മകന്റെ നെഞ്ചില്‍ തീ ആളി. കുറച്ചു കഴിഞ്ഞപ്പോള്‍ നിശബ്‌ദതമാത്രം. മുകളില്‍ ചില വാഹനങ്ങളുടെ വെളിച്ചം. ആള്‍ക്കൂട്ടം. മരണം വഴിമാറിയ നെഞ്ചിടിപ്പു നിലയ്‌ക്കാറായ അനുഭവത്തിനു സാക്ഷി തൊടുപുഴ മുതലക്കോടം പനച്ചിനാനിക്കല്‍ ടോമി (45). പിതാവ്‌ ജോസഫിനും (83) ജീവന്‍ തിരിച്ചുകിട്ടിയെന്നു വിശ്വസിക്കാനാവുന്നില്ല. കാര്‍ മറിയുമ്പോള്‍ ടോമിക്കു സുബോധം. മരത്തില്‍ തട്ടി നൂറടിയോളം താഴേക്കു ഡോര്‍ തുറന്നുവീഴുമ്പോള്‍ ആധി പിതാവിനെക്കുറിച്ചു മാത്രം. അവിടെനിന്നു 250 അടിയോളം താഴെ പിതാവും തെറിച്ചുവീണെന്നു അപ്പോള്‍ മകന്‍ കരുതിയില്ല. മരണം വഴുതിമാറിയ ആശ്വാസത്തില്‍ മറ്റൊന്നും ചിന്തിക്കാതെ കുത്തനെ മുകളിലേക്കു കയറി. ''ദൈവകരം എന്നെ താങ്ങി''. റോഡില്‍ നോക്കിനിന്നവര്‍ക്കു പെട്ടെന്നു വിശ്വസിക്കാവുന്ന കാഴ്‌ചയായിരുന്നില്ല അത്‌. പോറല്‍പോലും ഏല്‍ക്കാത്ത ടോമിയെ പെട്ടെന്ന്‌ എത്തിയ പോലീസ്‌ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

പിതാവിനെ രക്ഷിക്കണമെന്നു നിലവിളിച്ചപ്പോള്‍ രക്ഷപെടാന്‍ സാധ്യതയില്ലെന്നു പലരും പറഞ്ഞു. വടമില്ലാതെ കീഴേയ്‌ക്കു ഇറങ്ങാനാവില്ലെന്നും. വന്‍ വീഴ്‌ചയില്‍ പോറലേല്‍ക്കാത്ത ടോമി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത അനുഭവമാണ്‌ പിന്നീടുണ്ടായത്‌. 2000 ത്തില്‍പരം അടി താഴ്‌ചയുള്ള കൊക്കയില്‍ പതിച്ച പിതാവിനെയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇതേ ആശുപത്രിയില്‍ കൊണ്ടുവന്നു. അബോധാവസ്‌ഥയിലായ പിതാവിന്റെ തലയില്‍ മാരക പരിക്കും രക്‌തസ്രാവവും പ്രതീക്ഷ വേണ്ടെന്നു പലരും സൂചിപ്പിച്ചു.

അപ്പോള്‍ ഈ മധ്യവയസ്‌ക്കന്‍ തിരക്കിയതു ബന്ധുവായ ഡോ.റോസ്‌ ടോമിനെയാണ്‌. ഈ ഡോക്‌ടര്‍ നേരിട്ടു വന്നപ്പോള്‍ ആശ്വാസം. അതീവ ഗുരുതരമല്ല. പിന്നെ മുതലക്കോടം ആശുപത്രിയിലേക്കു ഇരുവരെയും മാറ്റുകയായിരുന്നു.

മറിയുന്ന വാഹനത്തിന്റെ ശബ്‌ദവും ഹെഡ്‌ലൈറ്റിന്റെ മിന്നലും 2000 അടിയിലേറെ താഴെയുള്ള പൂച്ചപ്ര ടൗണിലെ ആളുകള്‍ കണ്ടു. അവര്‍ ഉടനെ താഴെനിന്നു വട്ടം കയറി ജോസഫിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

എതിര്‍വശത്തെ മലയോരമായ പൂമാല വെയ്‌റ്റിംഗ്‌ ഷെഡിലിരുന്നവരും വാഹനം പതിക്കുന്നതുകണ്ടു. അവരില്‍ ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. ഉരുണ്ടുവന്ന പാറക്കഷണം കാലില്‍ ഉടക്കിയിരുന്നു. ഈ സ്‌ഥലത്തിനു താഴെ കിഴുക്കാംതൂക്കായ പാറ നെടുനീളെ രണ്ടായി തിരിഞ്ഞ്‌ ചെറിയ തോട്‌. ഈ പാറയിടുക്കിലാണ്‌ തകര്‍ന്നു തരിപ്പണമായ കാര്‍. കാരകുന്നേല്‍ ഷാജിയുടെ സ്‌ഥലത്തിന്റെ അതിരാണിത്‌. ഇയാളുടെ വീട്ടില്‍ നിന്ന്‌ 500 അടിയോളം മുകളിലായിരുന്നു കാര്‍ പതിച്ചത്‌.

ഇതേ സ്‌ഥലത്ത്‌ കാര്‍ പതിച്ച്‌ മുമ്പ്‌ ഒരാള്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ജോസഫിനു ഒന്നും ഒര്‍മയില്ല. വാഹനം പാളിയെന്നു മാത്രം അറിയാം. കണ്ണുതുറക്കുമ്പോള്‍ ആശുപത്രിയിലാണ്‌. അപകടം നടക്കുമ്പോള്‍ ജോസഫിന്റെ ഒന്‍പതുമക്കളുടെയും വീടുകളില്‍ പ്രാര്‍ഥന. തങ്ങള്‍ രക്ഷപ്പെട്ടത്‌ പ്രാര്‍ഥനയുടെ ശക്‌തികൊണ്ടാണെന്നും ദൈവാനുഗ്രഹം കൊണ്ടാണെന്നും ഇരുവരും ഉറക്കെപ്പറയുന്നു. അപകടവിവരം വീടുകളില്‍ അറിഞ്ഞപ്പോള്‍ ടോമിയുടെ മൊബൈല്‍ ഫോണിലേക്കു വിളിച്ചു. പക്ഷേ, മറുപടി കിട്ടാതായപ്പോള്‍ കുടുംബാംഗങ്ങള്‍ക്കു വിഷമം. സംഭവസ്‌ഥലത്ത്‌ ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍, പെട്ടെന്നു തന്നെ വിവരം ടോമി വിളിച്ചുപറഞ്ഞപ്പോള്‍ ഭാര്യ പൗളിനും മക്കളായ ആനോളിനും അനൂപിനും അരുണിനും വിശ്വാസമായി.

സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാത്തതുകൊണ്ടാണു തങ്ങള്‍ രക്ഷപ്പെട്ടതെന്നു ടോമിയും പിതാവും ഒരുപോലെ പറയുന്നു. വാഹനം പുറത്തിറക്കിയാല്‍ ബെല്‍റ്റ്‌ ധരിക്കുന്ന ടോമി ഏതോ ഉള്‍പ്രേരണ മൂലം ഒഴിവാക്കുകയായിരുന്നു.

നെടുങ്കണ്ടത്തെ കൃഷിഭൂമിയിലായിരുന്ന ടോമി പിതാവിനെ മുരിക്കാശേരിയില്‍ നിന്നു കൂട്ടാന്‍ ചെന്നപ്പോള്‍ ബെല്‍റ്റു ധരിച്ചിരുന്നു. വാഹനം വീട്ടിലേക്കു കയറാന്‍ ശ്രമിച്ചപ്പോള്‍ ബെല്‍റ്റ്‌ അഴിക്കുകയായിരുന്നു. ഈ യാത്രയാണ്‌ അപകടത്തില്‍ കലാശിച്ചത്‌. ബെല്‍റ്റുണ്ടായിരുന്നെങ്കില്‍ വാഹനത്തിന്റെ ഗതിയുണ്ടാകുമായിരുന്നു. മകനോടൊപ്പം മുതലക്കോടത്തു താമസിക്കുന്ന ജോസഫ്‌ പതിവായി മുരിക്കാശേരിയിലെ കൃഷിഭൂമിയില്‍ തങ്ങും. പണിക്കാര്‍ക്കു കൂലികൊടുത്തശേഷം എല്ലാ ആഴ്‌ചയിലും വീട്ടിലേക്കു മടങ്ങും.

1960 ല്‍ രാമപുരം പിഴകില്‍ നിന്നു തൊടുപുഴയ്‌ക്കു കുടിയേറിയ ജോസഫ്‌ ഇവിടത്തെ സ്‌ഥലം വില്‍ക്കാതെ ഹൈറേഞ്ചിലേക്കു കയറി. മക്കള്‍ക്കെല്ലാം അവിടെ സ്‌ഥലമുണ്ട്‌. താമസം ലോറേഞ്ചിലും.

പഴയമണ്ണിന്റെ കരുത്തിന്റെയും നന്മയുടെയും പ്രതീകമായ ജോസഫ്‌ ദൈവത്തിനു നിറഞ്ഞ മനസോടെ നന്ദിപറയുന്നു. ഇതിനു മുമ്പു പലവട്ടം മരണം ഇദ്ദേഹത്തിനു വട്ടമിട്ടു പറന്നിട്ടുണ്ട്‌.

ഒരിക്കല്‍ കൊന്നത്തെങ്ങിന്റെ മുകളില്‍ നിന്നു പച്ചത്തേങ്ങ വീണതു തലയിലേക്ക്‌. തേങ്ങ പൊട്ടിച്ചിതറിയെന്നുമാത്രം. ഇത്തിരി ചതഞ്ഞു, തൊലിയും പൊട്ടി. കേട്ടവര്‍ നെറ്റിചുളിച്ചതുമിച്ചം. അടുത്ത ഊഴം കാലന്റെ രൂപത്തില്‍ എരുമയുടെ ആക്രമണം. കൃഷിചെയ്യാന്‍ ചെളിനിറഞ്ഞ പാടത്ത്‌ വീട്ടിലെ എരുമയെ കുറ്റിയില്‍ കെട്ടി. ഇതിനെ മാറ്റിക്കെട്ടിയേക്കാമെന്നു ജോസഫ്‌ വിചാരിച്ചു. പിന്നെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ചെളിയില്‍ പുതഞ്ഞ താന്‍ മരിക്കുകയാണെന്ന്‌ കരുതി. പക്ഷേ, എങ്ങിനെയോ ആയുസിന്റെ നീളം കൂടി. ഒരു വേളയില്‍ തൊട്ടുമുന്നില്‍ മോന്തയുമായി നിന്ന എരുമയുടെ മൂക്കുകയറില്‍ ഒരുകൈ പിടിമുറുക്കി. അടുത്ത നിമിഷം എരുമ ചെളിയില്‍ മലര്‍ന്നടിച്ചു വീണു. മുകളില്‍ ജോസഫും.

ഈ രക്ഷപെടല്‍ ഇന്നും അവിശ്വസനീയം. അടുത്തതായിരുന്നു ഏറ്റവും വലിയ പരീക്ഷണം. മുരിക്കാശേരിയില്‍ കാല്‍നൂറ്റാണ്ടുമുമ്പ്‌ ഒരു കണ്ണിന്റെ കാഴ്‌ചയെടുത്ത സംഭവം ഇന്നും വേട്ടയാടുന്നു. അന്നു കേരള കോണ്‍ഗ്രസ്‌ (ജെ)യുടെ നിയോജകമണ്ഡലം പ്രസിഡന്റ്‌. അന്നത്തെ സബ്‌ ഇന്‍സ്‌പെക്‌ടറുമായി അല്ലറചില്ലറ വിദ്വേഷം. പാര്‍ട്ടി പിളര്‍ന്ന കാലം. ഇന്‍സ്‌പെക്‌ടറുടെ ഒത്താശയോടെ കവലയില്‍ നിന്നു നടന്നുപോയ ജോസഫിനുനേരെ ആസിഡ്‌ ബള്‍ബുകൊണ്ട്‌ ചിലര്‍ ആക്രമിച്ചു. തളര്‍ന്നുവീണ ഇദ്ദേഹം നീണ്ടകാലം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സിച്ചു.

കാഴ്‌ചയെടുത്ത ആക്രമണത്തിനുശേഷം രാഷ്‌ട്രീയ പ്രവര്‍ത്തനം നിര്‍ത്തി. നീണ്ടകാലം കൃഷിസ്‌ഥലത്ത്‌ നിന്നു വിട്ടുനിന്നു. ദൈവം ഏറെ സ്‌നേഹിക്കുകയാണെന്നു ജോസഫ്‌ പറയുന്നു. അപകടമുണ്ടാകുന്നത്‌ ഗൃഹപ്പിഴ കാലത്താണ്‌. രക്ഷപെടുന്നത്‌ ദൈവാനുഗ്രഹം കൊണ്ടും.

സ്‌റ്റീഫന്‍ അരീക്കര

മുന്തിരിത്തോപ്പിലേക്കെത്തിയ ദുരന്തവാര്‍ത്ത
ഇന്നസെന്റ്‌














തേനി കമ്പത്തിലെ മുന്തിരിത്തോപ്പില്‍ ഷൂട്ടിംഗിനായി തയ്യാറായിരിക്കുമ്പോഴാണ്‌ തേക്കടി ദുരന്തവാര്‍ത്ത മരണത്തിന്റെ മണവുമായെത്തുന്നത്‌. കമലിന്റെ 'ആഗതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ്‌ ഞാന്‍, കമല്‍, ദിലീപ്‌, ബിജുമേനോന്‍, ക്യാമറമാന്‍ അജയ്‌ എല്ലാവരും തേനിയിലെത്തിയത്‌. 'കേരളയില്‍ ബോട്ട്‌ മുങ്ങി, രണ്ടുമൂന്ന്‌ പേര്‌ മരിച്ചിട്ടുണ്ട്‌ ' രണ്ട്‌ തമിഴ്‌ സ്വദേശികളാണ്‌ വന്ന്‌ പറഞ്ഞത്‌. സംഭവം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ നടുങ്ങി. നമ്മുടെ ഫ്രണ്ട്‌സും ബന്ധുക്കളും ഒക്കെ തേക്കടിയില്‍ യാത്രയ്‌ക്ക് പോകാനിടയുണ്ടല്ലോ. തേക്കടിയിലെത്തിയ പ്രൊഡ്യൂസര്‍ ഹംസ വിളിച്ചു പറഞ്ഞു 'രണ്ടുമൂന്നുപേരല്ല മരിച്ചത്‌, കുറേ പേര്‍ മരിച്ചിട്ടുണ്ട്‌. ഇവിടത്തെ സാഹചര്യം മോശമാണ്‌. ജനറേറ്ററോ ലൈറ്റോ എത്തിക്കാന്‍ പറ്റുമോ.' പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. മരണത്തേക്കാള്‍ വലുതാണോ സിനിമയും ഷൂട്ടിംഗും. തമിഴ്‌നാട്ടിലാണെങ്കിലും ഇവിടെനിന്ന്‌ കുറച്ച്‌ ദൂരമേ ദുരന്തസ്‌ഥലത്തേക്കുള്ളൂ. ജനറേറ്ററും ലൈറ്റുമായി തേക്കടിയിലെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടത്‌ വളരെ ദയനീയാവസ്‌ഥയാണ്‌. മരണത്തിന്റെ മണം നിറഞ്ഞ അന്തരീക്ഷം. കരച്ചില്‍, അലര്‍ച്ച . മൃതദേഹങ്ങളുമായി നാട്ടുകാര്‍ പായുന്നു. പാന്റും ചുരിദാറും ധരിച്ച മൃതദേഹങ്ങള്‍...... അമ്മമാരും കുട്ടികളും രക്ഷപ്പെട്ടവരും ഒക്കെ കരയുന്നുണ്ട്‌. ഇതൊന്നും നേരിടാനുള്ള ശക്‌തിയില്ലാതെ ഒന്നും മിണ്ടാന്‍ കഴിയാതെ ഞങ്ങള്‍ മരവിച്ച്‌നിന്നു. ഞങ്ങളോടൊപ്പംവന്ന ലൈറ്റുബോയികള്‍ വളരെ കഷ്‌ടപ്പെട്ടാണ്‌ ജനറേറ്ററും ലൈറ്റുകളും പ്രവര്‍ത്തിപ്പിച്ചത്‌. സിനിമയും ഷൂട്ടിംഗും ഞങ്ങള്‍ മറന്നു. എത്രപേര്‍ മരിച്ചതെന്നോ ആരൊക്കെ രക്ഷപ്പെട്ടെന്നോ ഒരു പിടിയുമില്ല.

ഒരിടത്ത്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിക്കാന്‍പോലും കഴിയാതെ വാവിട്ട്‌ കരയുന്നു. മറ്റൊരിടത്ത്‌ തടിച്ചുകൂടിയവരുടെ കൂട്ടക്കരച്ചില്‍. രക്ഷപ്പെട്ട ടൂറിസ്‌റ്റുകളുടെ കരച്ചിലില്‍ മനസിലായി അവര്‍ ഹിന്ദിയും തമിഴും കന്നടയും സംസാരിക്കുന്നവരാണെന്ന്‌. ടൂറിസ്‌റ്റുകളില്‍ മലയാളികളായി ആരുമില്ല. എന്നാല്‍ എല്ലാവരും മനുഷ്യരല്ലേ. മഴ പെയ്‌തപ്പോള്‍ ഞാന്‍ ജീപ്പിനുള്ളിലേക്ക്‌ ഒന്നു കയറിനിന്നു. അപ്പോള്‍ കണ്ട കാഴ്‌ച താങ്ങാവുന്നതായിരുന്നില്ല. അമ്മമാരുടെയും മുതിര്‍ന്നവരുടെയും നിലവിളി സഹിക്കാവുന്നതിനപ്പുറമായിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ നടക്കുന്നിടത്തെ ലൈറ്റിലേക്ക്‌ നോക്കി ദമ്പതികള്‍ കെട്ടിപ്പിടിച്ച്‌ കരയുന്നു. അവരുടെ കുഞ്ഞ്‌ നഷ്‌ടപ്പെട്ടതായി തോന്നി. നാട്ടുകാര്‍ ഏറെ കഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഹെലികോപ്‌ടര്‍ വന്നു. കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുറച്ച്‌ കഴിഞ്ഞ്‌ അവര്‍ മടങ്ങി. ആറര ആയപ്പോഴേക്കും എല്ലാവരും ചേര്‍ന്ന്‌ 24 ഓളം പേരെ കരയ്‌ക്കടുപ്പിച്ചു. രക്ഷപ്പെട്ടവര്‍ തങ്ങളുടെ ഒപ്പം എത്തിയവരെ തിരക്കി കരയാന്‍ തുടങ്ങി. പിന്നെ കാണുന്ന ദാരുണകാഴ്‌ച മൃതദേഹങ്ങള്‍ ചുമന്ന്‌ കൊണ്ടുപോകുന്നതായിരുന്നു. തേക്കടിയിലെ ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. ലൈറ്റുബോയികള്‍ നല്ലവണ്ണം കഷ്‌ടപ്പെട്ടിട്ടുണ്ട്‌. മരണവീട്ടില്‍വച്ച്‌ കണ്ടാലോ മറ്റു പൊതുസ്‌ഥലത്ത്‌ കണ്ടാലോ 'സുഖമല്ലേയെന്ന്‌' ചോദിക്കുന്ന ആരാധകര്‍ക്ക്‌ നടുക്കത്തില്‍ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാവരും സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌. അത്രയ്‌ക്കും വേദനാജനകമായ അവസ്‌ഥയായിരുന്നു അവിടെ. ആശുപത്രിയിലെ അവസ്‌ഥ എന്തെന്നറിയാന്‍ ഞങ്ങളവിടെയെത്തി. വസ്‌ത്രങ്ങള്‍ ധരിച്ചുകിടക്കുന്ന കുട്ടികള്‍, അമ്മമാര്‍, പുരുഷന്‍മാര്‍ എല്ലാവരും മരിച്ചവരാണ്‌. എന്നാല്‍ മരിച്ചുവെന്ന്‌ തോന്നുന്നില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ ഹൃദയഭേദകമായ അനുഭവമായിരുന്നു. സമീപത്തെ ലോഡ്‌ജുകളിലെത്തിയവര്‍ അവരുടെ മക്കളെ, ബന്ധുക്കളെ കാണാതെ കാത്തുകിടക്കുകയാണ്‌. ഞങ്ങള്‍ ഇവരൊക്കെ കണ്ടിട്ടുണ്ടായിരിക്കാം. ഷൂട്ടിംഗിന്റെ സമയത്ത്‌ അവരെല്ലാം അവിടെ നടന്ന്‌ ഉല്ലസിച്ചിട്ടുള്ളവരായിരിക്കാം.

ജുഡീഷ്യല്‍ അന്വേഷണംവേണമെന്നും ഡ്രൈവറുടെ കുറ്റമാണെന്നും ബോട്ടിന്റെ രൂപകല്‌പനയില്‍വന്ന പിഴവെന്നും പറഞ്ഞ്‌ ദുരന്തത്തിന്റെ പേജ്‌ കുറച്ചുനാള്‍ കഴിഞ്ഞാല്‍ മറഞ്ഞുപോകും. ഹൈടെക്‌ യുഗമായിട്ടും നമ്മുടെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ ദുര്‍ബലമാണ്‌. ഒരു പുരോഗമനവും വന്നിട്ടില്ല. തേക്കടിപോലുള്ള സ്‌ഥലങ്ങളില്‍ ഇനിയും വികസനം ഉണ്ടാകേണ്ടതുണ്ട്‌. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇത്തരം സ്‌ഥലങ്ങളില്‍ ഹെലിപാഡ്‌ സ്‌ഥാപിക്കേണ്ടതാണ്‌. ഏത്‌ സമയവും പ്രവര്‍ത്തനസജ്‌ജമാകുന്ന ഓഫിസും ഉണ്ടായിരിക്കണം. ബോട്ടിംഗുള്ള ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ഇത്‌ നടപ്പിലാക്കണം. ബോട്ടില്‍ യാത്രപുറപ്പെട്ടാല്‍ അവരുമായി ഏത്‌ സമയവും ആശയവിനിമയം നടത്താനുള്ള ഉത്തരാധുനിക സൗകര്യം ഉണ്ടായിരിക്കണം. മറ്റു രാജ്യങ്ങളില്‍ ഇതെല്ലാം നടപ്പിലാക്കിയിട്ടുണ്ട്‌. ബോട്ടില്‍ കയറിക്കഴിഞ്ഞാല്‍ യാത്രതുടങ്ങുന്നതിനുമുമ്പ്‌ യാത്രക്കാരെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്‌ ബോധവാന്മാരാക്കണം. ഹോട്ടലില്‍ താമസിക്കുന്ന എല്ലാ വിനോദസഞ്ചാരികളുടെയും വിലാസം നിര്‍ബന്ധമായും എഴുതിവയ്‌ക്കണം. അവരുടെ രക്ഷ, സുരക്ഷിതത്വം എല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്‌. ഏത്‌ സര്‍ക്കാരായാലും അത്‌ ഏറ്റെടുക്കണം. ഷൂട്ടിംഗ്‌സമയത്ത്‌ ഞാന്‍ എന്റെ ഭാര്യയോടും മകനോടും മരുമകളോടും തേക്കടിയിലേക്ക്‌ യാത്ര ചെയ്യാന്‍ ക്ഷണിക്കാറുണ്ട്‌. തേക്കടിയിലെ ബോട്ടുദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസില്‍നിന്ന്‌ വിട്ടുമാറിയിട്ടില്ല.

തയാറാക്കിയത്‌:

ധനേഷ്‌ കൃഷ്‌ണ

ലോകത്തിന്റെ തിരശീലയില്‍ ഒരു മലയാള സിനിമ!‍

കേരളം ഉള്‍പ്പെടെ നാലു സംസ്‌ഥാനങ്ങളിലായി 177 ദിവസങ്ങള്‍ നീണ്ടുനിന്ന പഴശിരാജയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയിലെ തന്റെ വസതിയിലെത്തുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‌ അതൊരു യുദ്ധഭൂമിയില്‍നിന്നു തിരിച്ചെത്തിയാലെന്ന അനുഭവമായിരുന്നു. പടുകൂറ്റന്‍ സെറ്റുകള്‍ക്കുപുറമേ കടലോരങ്ങളിലും കുന്നിന്‍ചെരുവിലും കൊടുംകാട്ടിലും ഗുഹാമുഖത്തും പാറയിടുക്കുകളിലുമായുണ്ടായ ആ ഷൂട്ടിംഗ്‌ അനുഭവങ്ങള്‍ 'മേക്കിംഗ്‌ ഓഫ്‌ പഴശിരാജ' എന്നൊരു പുസ്‌തകമാക്കി ചലച്ചിത്ര പഠിതാക്കള്‍ക്കു നല്‍കാനാണ്‌ ഹരിഹരന്റെ തീരുമാനം. അതില്‍ അടിവരയിട്ടു പറയാവുന്ന ചില അനുഭവങ്ങളും കഷ്‌ടപ്പാടിന്റെ മലകയറ്റങ്ങളും ഹരിഹരന്‍ മംഗളം വായനക്കാരുമായി പങ്കുവയ്‌ക്കുന്നു.

ആരംഭം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു തുടക്കംകുറിച്ചത്‌ മംഗല്‍ പാണ്‌ഡെയാണെന്നാണ്‌ ചില ചരിത്രകാരന്മാര്‍ പറയുന്നത്‌. എന്നാല്‍ വില്യം ലോഗോന്റെ മലബാര്‍ മാന്വലില്‍ പറയുന്നത്‌ അത്‌ പഴശിരാജ ആണെന്നാണ്‌. മലബാര്‍ ചരിത്രം ഏറെ തെളിവുകളോടെ രചിച്ചിട്ടുള്ള ആധികാരിക ഗ്രന്ഥമായ മലബാര്‍ മാന്വലിനെ വിശ്വാസത്തിലെടുക്കാം.

നീണ്ട ഒന്‍പതു വര്‍ഷമാണ്‌ ബ്രിട്ടീഷുകാരോട്‌ പഴശിരാജ യുദ്ധം ചെയ്‌തത്‌.

1796 മുതല്‍ 1804 വരെയുള്ള ആ കാലം മലബാര്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഇന്നും ജ്വലിച്ചുകിടപ്പാണ്‌. ഇന്ന്‌ നാം അനുഭവിക്കുന്ന ദേശീയതയും സ്വാതന്ത്ര്യവുമെല്ലാം ആ കാലഘട്ടത്തോടും കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്‌ ആദ്യമായി മുന്നിട്ടിറങ്ങി വീരമൃത്യു വരിച്ച ആ രാജാവിന്‌ ഏറ്റവും ജനകീയ കലാരൂപമായ ചലച്ചിത്രം കൊണ്ടൊരു സ്‌മാരകം പണിയുക എന്നത്‌ വളരെക്കാലമായി മനസില്‍ കിടന്നൊരാശയമാണ്‌.

ഇരുപതു വര്‍ഷം മുന്‍പ്‌ ഒരു സിനിമയെക്കുറിച്ച്‌ ചിന്തിച്ച വേളയില്‍ ഈ കഥയായാലെന്ത്‌ എന്ന്‌ എം.ടി. ചോദിച്ചിരുന്നു. പക്ഷേ അന്നതു നടക്കാതെപോയി. പകരമാണ്‌ ഒരു വടക്കന്‍ വീരഗാഥ ചെയ്യുന്നത്‌. ഇപ്പോള്‍ എം.ടി.യുടെ തിരക്കഥയിലും എന്റെ സംവിധാനത്തിലും ഉള്ളൊരു സിനിമ ചെയ്യാന്‍ ഗോകുലം ഫിലിംസ്‌ ഉടമ ഗോപാലന്‍ വന്നപ്പോള്‍ അത്‌ ഇതായിക്കൂടേ എന്ന്‌ എം.ടി. ആഗ്രഹിച്ചു. ഇതിനുണ്ടാകുന്ന ചെലവ്‌ വളരെ ഭീമമാണെന്നറിഞ്ഞിട്ടും ഗോകുലം ഗോപാലന്‍ ഈ ആഗ്രഹം ഒരു മലബാറുകാരനായ തന്റെയും ആഗ്രഹമാണെന്നു പറഞ്ഞ്‌ മുന്നോട്ടുവന്നു. അങ്ങനെയാണ്‌ കോടാനുകോടി രൂപയുടെ മുതല്‍ മുടക്കില്‍ പഴശിയുടെ ജീവിതം സിനിമയാകുന്നത്‌.

ക്യാമറയുമായി 200 വര്‍ഷം പിന്നിലേക്ക്‌

ചിത്രീകരണത്തിനായി 200 വര്‍ഷം മുന്‍പുള്ള ആ കാലഘട്ടം പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കാര്യമായിരുന്നു. വടക്കന്‍ പാട്ടിന്റെ കാലഘട്ടം അത്ര പിറകിലല്ലാത്തതിനാല്‍ അതിന്റെ പശ്‌ചാത്തലത്തിലുള്ള സിനിമകള്‍ ഒരുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ അതുപോലെ എളുപ്പമായിരുന്നില്ല രണ്ടു നൂറ്റാണ്ടു മുന്‍പുള്ള കേരളീയ അന്തരീക്ഷത്തെ തിരിച്ചുപിടിക്കല്‍.

പഴശിരാജ ബ്രിട്ടീഷുകാരുമായി ഒളിയുദ്ധം നടത്തിയത്‌ വയനാടന്‍ കാടുകളിലാണ്‌. പക്ഷേ ഇന്നത്തെ വയനാടന്‍ കാട്‌ നിബിഢമല്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും അങ്ങനെയൊരു കാട്‌ തിരഞ്ഞു കാണാതെ അന്വേഷണം അന്യ സംസ്‌ഥാനങ്ങളിലേക്കും നീട്ടേണ്ടിവന്നു. ഒടുവില്‍ ആന്‌ധ്രയിലെ തിരുപ്പതിയില്‍നിന്ന്‌ എഴുപതു കിലോമീറ്റര്‍ അകലെയുള്ള തലക്കോണ എന്ന വനപ്രദേശമാണ്‌ ഗറില്ലായുദ്ധം ഷൂട്ട്‌ ചെയ്യാന്‍ കണ്ടെത്തിയത്‌. ഇങ്ങനെ തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളിലെ ഇതരഭാഗങ്ങളും ലൊക്കേഷനുകളായി.

അതുപോലെ വടക്കന്‍ കേരളത്തില്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ ടെലിഫോണ്‍ ലൈനും ടി.വി. കേബിളും വൈദ്യുതിലൈനും മൊബൈല്‍ ടവറും ഒന്നുമില്ലാത്ത നാട്ടിന്‍പുറങ്ങള്‍ കണ്ടെത്താനും നന്നേ അലയേണ്ടിവന്നു.

ഇതിനേക്കാളൊക്കെ ക്ലേശകരമായിരുന്നു ഇരുനൂറു വര്‍ഷം മുന്‍പുള്ള വീട്‌, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, വസ്‌ത്രങ്ങള്‍, ചെരിപ്പ്‌, ആയുധങ്ങള്‍, വിളക്ക്‌, കുതിരവണ്ടി തുടങ്ങിയവയുടെ കണ്ടെത്തല്‍.

കിട്ടാത്തതൊക്കെ ചരിത്രരേഖകളുടെയും ബ്രിട്ടീഷ്‌ ലൈബ്രറിയിലെ ഗ്രന്ഥങ്ങളുടെയും സഹായത്താല്‍ പുനര്‍ നിര്‍മ്മിച്ചു. നമ്പൂതിരി വരച്ച രൂപരേഖകള്‍ മുന്‍നിര്‍ത്തിയാണ്‌ അക്കാലത്തെ വസ്‌ത്രങ്ങള്‍ തുന്നിയത്‌. ഇതിനെല്ലാമായി ഒരു റിസേര്‍ച്ച്‌ വിഭാഗംതന്നെ പ്രവര്‍ത്തിച്ചിരുന്നു.

കലര്‍പ്പില്ലാത്ത കഥ, യഥാതഥമായ ആവിഷ്‌ക്കാരം















ചരിത്രത്തോട്‌ അങ്ങേയറ്റം നീതി പുല
ര്‍ത്തിക്കൊണ്ടുള്ളതാണ്‌ ഇതിന്റെ രചന. എം.ടി. ഇതാദ്യമായാണ്‌ ഒരു സിനിമയ്‌ക്കുവേണ്ടി ഒന്നിലധികം രീതിയില്‍ തിരക്കഥയെഴുതുന്നത്‌. പല വീക്ഷണകോണുകളില്‍ എഴുതിയ സ്‌ക്രിപ്‌റ്റ് പല ആവര്‍ത്തി പരിശോധിച്ചും തിരുത്തിയുമാണ്‌ ഷൂട്ട്‌ ചെയ്‌ത തിര രൂപത്തില്‍ എത്തിച്ചേര്‍ന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭകാലം പശ്‌ചാത്തലമാക്കിയെടുക്കുന്ന ഈ ചിത്രം ലോകം മുഴുവന്‍ കാണണമെന്നും അതിനുള്ള നിലവാരം ഉണ്ടായിരിക്കണമെന്നും നിശ്‌ചയിച്ചു തന്നെയാണ്‌ ഞങ്ങളെല്ലാം ഇറങ്ങിപ്പുറപ്പെട്ടത്‌.

മുന്‍പും പഴശിരാജയെപ്പറ്റി ചലച്ചിത്രവും നാടകവുമെല്ലാം ഇറങ്ങിയിട്ടുണ്ട്‌. ചരിത്രത്തേക്കാള്‍ ഭാവനയാണ്‌ അതില്‍ മുന്നിട്ടുനിന്നത്‌. കച്ചവടഘടകങ്ങള്‍ കലര്‍ത്തുമ്പോള്‍ ചരിത്രം ദുഷിക്കും എന്നത്‌ ഒരു സത്യമാണല്ലോ. പക്ഷേ ഈ പഴശിചിത്രം പഴശിരാജ നായകനും ബ്രിട്ടീഷുകാര്‍ വില്ലന്‍മാരുമായ ഒരു കൊമേഴ്‌സ്യല്‍ ചിത്രമല്ല.

ഈ സിനിമയില്‍ ബ്രിട്ടീഷുകാര്‍ കടന്നുവരുന്നത്‌ നേരേ ചരിത്രത്തില്‍നിന്നുതന്നെയാണ്‌. ഈസ്‌റ്റ് ഇന്ത്യാ കമ്പനി മലബാറില്‍ സ്‌ഥാപിച്ച കോളനി ഭരിച്ചിരുന്ന വെള്ളക്കാരത്രയും കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്‌. സബ്‌കലക്‌ടര്‍ തോമസ്‌ ഹെര്‍വിന്‍ബാബര്‍, ജെയിംസ്‌ കോര്‍ഡര്‍ സിക്കിള്‍സണ്‍, കേണല്‍ ഈഗിള്‍സ്‌, ഗവര്‍ണര്‍ ഡെങ്കന്‍ തുടങ്ങിയവരുടെ ഒരു നിരതന്നെയാണ്‌ ചിത്രത്തില്‍. ഇംഗ്ലണ്ടില്‍നിന്നു വന്ന സ്‌റ്റേജ്‌ ആര്‍ട്ടിസ്‌റ്റുകളാണ്‌ ഈ ബ്രിട്ടീഷ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ബ്രിട്ടീഷ്‌ സൈനികരായും അഭിനയിക്കുന്നത്‌ യഥാര്‍ഥ വെള്ളക്കാര്‍ തന്നെ.

എണ്ണമറ്റ പ്രതിസന്ധികള്‍

ഈ സിനിമ പൂര്‍ത്തീകരിക്കാനാവുമോ എന്നു പേടിച്ച നിരവധി വിഘ്‌നങ്ങള്‍ ഷൂട്ടിംഗിനിടയില്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോഴെല്ലാം ഇച്‌ഛാശക്‌തിയാണ്‌ മുന്നോട്ടു നയിച്ചത്‌. ഇത്രദിവസം ഷൂട്ട്‌ ചെയ്‌ത (177 ദിവസം) ഒരു മലയാള സിനിമയും മുമ്പുണ്ടായിട്ടില്ല. ഇത്രയും ആളുകളും (2000 പേര്‍) ഒരു ചിത്രത്തിലും പങ്കെടുത്തിട്ടില്ല. നായകനടന്‍ മമ്മൂട്ടിക്ക്‌ പഴശിരാജയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ്‌ ക്യാമറയ്‌ക്കു മുന്‍പില്‍ നില്‍ക്കേണ്ടിവന്നത്‌ നൂറുദിവസമാണ്‌. തമിഴ്‌നടന്‍ ശരത്‌കുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ്‌ താരങ്ങള്‍ക്കും ഒരുപാട്‌ കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്‌.

മലയാള സിനിമ ഉള്ളകാലമത്രയും ഓര്‍മ്മിക്കപ്പെടുന്നൊരു സിനിമയായിരിക്കും പഴശി രാജ എന്നാണ്‌ എന്റെ എളിയവിശ്വാസം. ഇതൊരു മലയാള സിനിമയല്ല, ഇന്ത്യന്‍ സിനിമയെന്നു വിശേഷിപ്പിക്കാനാണ്‌ ഞാനാഗ്രഹിക്കുന്നത്‌. അത്രമാത്രം നിലവാരം ഈ സിനിമ പുലര്‍ത്തുന്നുണ്ട്‌.

N.M. Navas