Monday, November 2, 2009

ഡല്‍ഹി കത്തിയെരിഞ്ഞ നാളുകള്‍










നിര്‍പ്രീത്‌ കൗറിന്‌ ജീവിതത്തില്‍ മൂന്നു ഭാഗങ്ങളാണ്‌. ജീവിതത്തിന്റെ വര്‍ണങ്ങളെല്ലാം ആസ്വദിച്ചു വളര്‍ന്ന കൗമാരം. ക്രൂരമായ വിധിയുടെ വിഷം നിറഞ്ഞ കൈകള്‍ പിച്ചിച്ചീന്തിയ ജീവിതത്തിന്റെ വിഷമം നിറഞ്ഞ പ്രയാണം, ഒടുവില്‍ സാമൂഹ്യ സേവനത്തിന്റെ വഴിത്താരകളിലെ സാന്ത്വനം
നിറയുന്ന പോരാട്ടം.

നിര്‍പ്രീതിന്റെ ജീവിതത്തെ മാറ്റിമറിച്ച കറുത്തവ്യാഴത്തിന്‌ ഇന്ന്‌ കാല്‍ നൂറ്റാണ്ടു തികയുന്നു.

ഒറ്റരാത്രി കൊണ്ട്‌ ജീവിതമാകെ മാറിമറി മറിഞ്ഞത്‌ നിര്‍പ്രീത്‌ എന്നും ഓര്‍ക്കുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു എന്ന വാര്‍ത്തയും സിഖുകാര്‍ക്കെതിരേ ഡല്‍ഹിയില്‍ കലാപം തുടങ്ങി എന്നവാര്‍ത്തയും കേട്ടിട്ട്‌ കിടന്നുറങ്ങാന്‍ പോകുമ്പോള്‍ നിര്‍പ്രീത്‌ ഓര്‍ത്തില്ല നാളെ അതു കരിനിഴല്‍ വീഴ്‌ത്താന്‍ പോവുകയണെന്ന്‌.

1984 നവംബര്‍ 1. ആകാശത്തെ തുളച്ച്‌ കയറിപ്പോകുന്ന പുകഗോപുരങ്ങളും കണ്ടാണ്‌ അന്നു ഡല്‍ഹി ഉണര്‍ന്നത്‌. സിഖുകാരുടെ വീടുകള്‍ കത്തിയമരുന്നതിന്റെ പുകച്ചുരുളുകളായിരുന്നു അവ. വടിവാളുകളും കത്തികളും ഇരുമ്പ്‌ ദണ്ഡുകളുമൊക്കെയുമായി വീടുവളഞ്ഞ സംഘം നിര്‍പ്രീതിന്റെ മുന്നിലിട്ടായിരുന്നു പിതാവിനെ ജീവനോടെ ചുട്ടുകരിച്ചത്‌. നിര്‍പ്രീതിനെ അവര്‍ വളഞ്ഞിട്ട്‌ തല്ലിയൊതുക്കി, അനക്കമില്ലാതായപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയി. എല്ലു നുറുങ്ങെ മര്‍ദനമേറ്റിട്ടും ആന്തരാവയവങ്ങള്‍ രകമൊഴുകി തകരാറിലായിട്ടും നിര്‍പ്രീത്‌ ഭാഗ്യവതിയായിരുന്നു, ആ കള്ളക്കൂട്ടം മാനം കവര്‍ന്നില്ലല്ലോ. അത്രയും ഭാഗ്യമില്ലാത്ത നൂറുകണക്കിനു പെണ്‍കുട്ടികളും യുവതികളും ഇന്ത്യയുടെ തലസ്‌ഥാനത്ത്‌ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചെന്നും വെടിവച്ചത്‌ സിഖുകാരായ രണ്ട്‌ അംഗരക്ഷകരാണെന്നും വാര്‍ത്ത പരന്ന്‌ മണിക്കൂറുകള്‍ക്കകമാണ്‌ ഡല്‍ഹിയില്‍ സിഖ്‌ വേട്ട തുടങ്ങിയത്‌. സിഖുകാരുടെ വീടുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളുമൊക്കെ ചാരമാകാന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. സ്‌ഥിതി കൈവിട്ടു പോകുന്നുവെന്ന്‌ മനസിലാക്കിയ മുതിര്‍ന്ന അഭിഭാഷകനും പ്രതിപക്ഷ നേതാവുമായ രാം ജെത്മലാനി ആഭ്യന്തരമന്ത്രി നരസിംഹ റാവുവിനെ കണ്ട്‌ സിഖുകാരെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എന്നത്തെയുമെന്നപോലെ മൗനം ഭൂഷണമാക്കി കൈയുംകെട്ടിയിരുന്നു ആ ബഹുഭാഷാ പണ്ഡിതന്‍. സിഖുകാരെ ഉന്മൂലനം ചെയ്യാന്‍ വ്രതമെടുത്തിറങ്ങിയ കള്ളക്കൂട്ടത്തിന്‌ ആ മൗനസമ്മതം ധാരാളമായിരുന്നു. ഇന്നേക്കു കൃത്യം 25 വര്‍ഷം മുമ്പ്‌, നവംബര്‍ ഒന്നിന്റെ പ്രഭാതം വിടര്‍ന്നത്‌ സിഖുകാര്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു.

സായുധസംഘങ്ങള്‍ ഗുരുദ്വാരകളും സിഖുകാരുടെ വാസസ്‌ഥലങ്ങളും തേടിയിറങ്ങി. ജീവനും കൊണ്ടോടുന്ന നിരപരാധികളെ പിന്നാലെ ചെന്നു പിടിച്ച്‌ ഇരുമ്പുകമ്പിക്കടിച്ചും പെട്രോളൊഴിച്ചു കത്തിച്ചും കാലപുരിക്കയച്ച്‌ മിടുക്കുകാണിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റും കൊണ്ടായിരുന്നു അക്രമികള്‍ സിഖുകാരെ തേടിയിറങ്ങിയത്‌. കുറഞ്ഞ വരുമാനക്കാര്‍ താമസിക്കുന്ന തൃലോക്‌പുരി, മംഗള്‍പുരി, സുല്‍ത്താന്‍പുരി, പാലം കോളനി എന്നിവിടങ്ങളില്‍ കാലദൂതന്മാരെ പോലെ അവര്‍ മരണം വിതച്ചു. ഡല്‍ഹി മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. അതോടെ അക്രമികള്‍ക്ക്‌ എന്തും ചെയ്യാമെന്ന ലൈസന്‍സായി.

രണ്ടാം തീയതി ഡല്‍ഹിയില്‍ പട്ടാളമിറങ്ങി. പക്ഷേ, അക്രമികള്‍ക്കു നേരേ വെടിവയ്‌ക്കാന്‍ ഉത്തരവ്‌ നല്‍കേണ്ടിയിരുന്നത്‌ പോലീസ്‌ മേലധികാരികളായിരുന്നു. അതിനാല്‍തന്നെ പട്ടാളത്തിനു നോക്കി നില്‍ക്കേണ്ടിവന്നു. എന്നാല്‍, നട്ടെല്ലുള്ള ഉദ്യോഗസ്‌ഥരുണ്ടായിരുന്ന ഫരശ്‌ ബസാറിലും കരോള്‍ ബാഗിലുമൊക്കെ തലപൊക്കാന്‍ ഒരുത്തര്‍ക്കും ധൈര്യമുണ്ടായില്ലെന്നത്‌, പോലീസ്‌ മനസുവച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ സിഖുകാര്‍ സുരക്ഷിതരായിരുന്നേനേ എന്ന സത്യം ഇന്നും ഓര്‍മിപ്പിക്കുന്നു.

സിഖുകാരനായ ഗ്യാനി സെയില്‍ സിംഗ്‌ രാഷ്‌ട്രപതിയായിരിക്കെ അറിയപ്പെടുന്ന സിഖുകാര്‍ക്കു പോലും രക്ഷയില്ലെന്നതായിരുന്നു അന്നത്തെ അവസ്‌ഥ. പ്രശസ എഴുത്തുകാരനായ ഖുഷ്‌വന്ത്‌ സിംഗിന്‌ അഭയം തേടി സ്വീഡിഷ്‌ എംബസിയിലേക്ക്‌ ഓടേണ്ടിവന്നു. ഡല്‍ഹി ഹൈക്കോടതിയിലെ സിറ്റിംഗ്‌ ജഡ്‌ജായ ജസ്‌റ്റിസ്‌ എസ്‌.എസ്‌.ഛദ്ധ സുപ്രീംകോടതി വളപ്പില്‍ രക്ഷതേടി ഒളിച്ചു. ഇന്ത്യന്‍ സൈന്യത്തെ യുദ്ധമുന്നണിയില്‍ നയിച്ച ലഫ്‌.ജനറല്‍ ജഗ്‌ജിത്‌ സിംഗ്‌ അറോറ ഐ.കെ. ഗുജ്‌റാളിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. അങ്ങനെ എത്രയോപേര്‍.

രണ്ടു ദിവസം ഡല്‍ഹിയെ അക്രമികള്‍ക്കു വിട്ടുകൊടുത്തിട്ട്‌ നവംബര്‍ മൂന്നിനാണ്‌ അക്രമം ഒതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌. ഏതാനും പേരെ അറസ്‌റ്റ് ചെയ്‌ നിമിഷങ്ങള്‍ക്കകം കലാപം കെട്ടടങ്ങുകയും ചെയു. രണ്ടു ദിവസം കൊണ്ട്‌ ജീവന്‍ നഷ്‌ടമായത്‌ നാലായിരം സിഖുകാര്‍ക്ക്‌. നിരവധി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി.

ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്ന്‌ എന്ന്‌ കാലം വിലയിരുത്തുമെന്ന്‌ ഉറപ്പുള്ള കൂട്ടക്കൊല തന്റെ മുന്നില്‍ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി രണ്ടാഴ്‌ച്ചയ്‌ക്കു ശേഷം പറഞ്ഞ വാക്കുകള്‍ മുറിവിന്മേല്‍ ഉപ്പു പുരട്ടുന്ന മട്ടിലായിരുന്നു." ഇന്ദിരാജിയുടെ കൊലപാതകത്തിനു ശേഷം രാജ്യത്തിന്റെ വിവിധസ്‌ഥലങ്ങളില്‍ കലാപം ഉണ്ടായി. പക്ഷേ, ഒരു വന്‍മരം വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ്‌''...

നിര്‍പ്രീതിലേക്കു തിരിച്ചു വരാം. തന്റെ ജീവിതത്തെ കശക്കിയെറിഞ്ഞവര്‍ക്കെതിരേ പോരാടാന്‍ ഖാലിസാന്‍ പ്രസ്‌ഥാനമാണ്‌ മറുപടി എന്നു വിശ്വസിച്ച നിര്‍പ്രിത്‌ അതില്‍ ചേര്‍ന്നു. ഒരു സിഖ്‌ തീവ്രവാദിയെ ജീവിത പങ്കാളിയാക്കി. 12 ദിവസമേ ദാമ്പത്യ ജീവിതം നീണ്ടുള്ളൂ. അപ്പോഴേക്കും ഭര്‍ത്താവ്‌ അറസ്‌റ്റിലായി. പിന്നെ അയാളെ നിര്‍പ്രീത്‌ കണ്ടിട്ടേയില്ല. തീവ്രവാദിയെ സംരക്ഷിച്ചതിനു നിര്‍പ്രീതിന്റെ അമ്മയും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നിര്‍പ്രീതും അറസ്‌റ്റിലായി. എട്ടു വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങിയ നിര്‍പ്രീത്‌ ഇപ്പോള്‍ ഒരു സര്‍ക്കാരിതരസംഘടന നയിക്കുന്നു.

സിഖ്‌ തീവ്രവാദത്തിന്‌ ശകിയേറിയ ദിനങ്ങളായിരുന്നു പിന്നീട്‌ ഇന്ത്യ കണ്ടത്‌. കലാപത്തിന്‌ നേതൃത്വം നല്‍കിയവരെന്ന്‌ സിഖുകാര്‍ ആരോപിച്ച കോണ്‍ഗ്രസ്‌ നേതാക്കളായ ലളിത്‌ മാക്കനും അര്‍ജുന്‍ ദാസും വധിക്കപ്പെട്ടു. 1985ലെ എയര്‍ ഇന്ത്യാ വിമാന ബോംബിംഗും ഇതിന്റെ ബാക്കിയായിരുന്നു.

പത്തു കമ്മിറ്റികളും കമ്മിഷനുകളുമാണ്‌ ഡല്‍ഹി കൂട്ടക്കൊലയെക്കുറിച്ച്‌ അന്വേഷിച്ചത്‌. കുറ്റാരോപിതരായ മിക്കവരെയും രക്ഷിക്കുന്നതായിരുന്നു ഇവയുടെ റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഒടുവില്‍ ജസ്‌റ്റിസ്‌ നാനാവതി കമ്മിഷന്‍ കോണ്‍ഗ്രസ്‌ നേതാക്കളായ എച്ച്‌.കെ.എല്‍.ഭഗത്ത്‌, ജഗദീഷ്‌ ടൈറ്റ്‌ലര്‍, സജ്‌ജന്‍ കുമാര്‍ എന്നിവരെ മൃദുവായി കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട്‌ നല്‍കി. കലാപത്തില്‍ ഇവരുടെ പങ്ക്‌ വ്യകമായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന്‌ ശകമായ ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ്‌ കഴിഞ്ഞ മാര്‍ച്ചില്‍ ടൈറ്റ്‌ലറെ സി.ബി.ഐ പരിപൂര്‍ണമായി കുറ്റവിമുകനാക്കുന്നത്‌. പിന്നെ നാം കാണുന്നത്‌ കഴിഞ്ഞ ഏപ്രിലില്‍ പത്രസമ്മേളനത്തിനിടെ സിഖ്‌ പത്രപ്രവര്‍ത്തകനായ ജര്‍ണയില്‍ സിംഗ്‌ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനു നേരേ ഷൂസ്‌ എറിയുന്നതാണ്‌.

ഭരണകൂടത്തിനു നേരേ സിഖ്‌ സമൂഹം എറിയാന്‍ ആ ഷൂസ്‌ കാല്‍ നൂറ്റാണ്ട്‌ കാത്തു വച്ചു. ആയിരങ്ങളെ കൂട്ടക്കൊല ചെയ കാപാലിക സംഘത്തിന്റെ തലവന്മാര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയും അന്നത്തെ കൂട്ടക്കൊലയുടെ സൂത്രധാരന്മാരില്‍ ഏതാണ്ട്‌ എല്ലാവരും ഒരിക്കല്‍പോലും പോലീസിന്റെ പിടിയില്‍ പെടാതെ നടക്കുകയും ചെയ്യുന്ന അതേ ഡല്‍ഹിയിലാണ്‌ ആഭ്യന്തരമന്ത്രിയുടെ അടുക്കല്‍കൂടിമാത്രം പോയ ഷൂസ്‌ ഏറിഞ്ഞ പ്രതിഷേധക്കാരന്‍ പോലീസിന്റെ പിടിയിലായതെന്നത്‌ ചരിത്രത്തിന്റെ ക്രൂരമായ തമാശമാത്രം.
--------------------------------
ഇ. എസ്‌. അഭിലാഷ്‌

ബ്ലാക്ക്‌ ബെല്‍റ്റ്‌ @ 62


തല മറന്ന്‌ എണ്ണ തേക്കരുതെന്നാണ്‌ പഴമൊഴിയെങ്കിലും അച്ചോയിച്ചേട്ടന്‍ ഇതിനൊരപവാദമാണിന്ന്‌. പ്രായത്തെ വെല്ലുവിളിച്ച്‌ അയോധനാഭ്യാസത്തിനിറങ്ങിയ ഇദ്ദേഹത്തിനു മുന്നില്‍ തലകുനിക്കാതെ വയ്യ. സപ്‌തതി പിന്നിട്ടിട്ടും കരാട്ടെയോടുള്ള അടങ്ങാത്ത ആവേശം ആദ്യമൊക്കെ കാഴ്‌ചക്കാര്‍ക്കൊരു തമാശയായിരുന്നു. എന്നാല്‍ കരാട്ടേ അഭ്യാസത്തിനിറങ്ങി അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞ്‌ ബ്ലാക്ക്‌ ബെല്‍റ്റും അടിച്ചെടുത്താണ്‌ ഈ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിന്‍മാറിയത്‌. വടിവൊത്ത ഖദറിട്ട്‌ മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനിടയിലും ആയോധന കലയോടുള്ള അടങ്ങാത്ത ആരാധന മനസിലൊളിപ്പിച്ചിരുന്നുവെന്നതാണ്‌ യാഥാര്‍ഥ്യം. വെറുമൊരു ഹോബി മാത്രമായിരുന്നില്ല എസ്‌.ടി. അഗസ്‌റ്റ്യനെന്ന തങ്കമണി സ്രാമ്പിക്കല്‍ അച്ചോയിക്ക്‌ കരാട്ടെ പഠനം. ഒരു ജീവിതചര്യകൂടിയായിരുന്നു.

യൗവനത്തിന്റെ പ്രതാപം വിട്ടൊഴിയുന്നതിനു മുമ്പേ പരിശീലനംആരംഭിച്ചിരുന്നുവെങ്കിലും ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം തന്നെത്തേടിയെത്തിയതോടെ കരാട്ടെയെ താത്‌കാലികമായി കൈവിടേണ്ടിവന്നു. ഖദര്‍ അണിഞ്ഞ്‌ ഭരണസാരഥ്യം ഏറ്റെടുത്തതോടെ വെള്ളക്കുപ്പായം അഴിച്ചുവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. അഞ്ച്‌ വര്‍ഷത്തെ ഭരണത്തിരക്ക്‌ ഒഴിഞ്ഞപ്പോഴേയ്‌ക്കും പ്രായത്തിന്റെ അവശതകള്‍ ശരീരത്തിലും മനസിലും തികട്ടിത്തുടങ്ങിയിരുന്നു. എന്നാല്‍ കരാട്ടേയോടുള്ള ഒടുങ്ങാത്ത താത്‌പര്യം വീണ്ടും മനസില്‍ മൊട്ടിട്ടു. ഇത്തവണ ഇളയ മകനോടൊപ്പം വീണ്ടും വെള്ളക്കുപ്പായമണിഞ്ഞ്‌ ഗോദയിലിറങ്ങി. ചിട്ടയായ കഠിന പരിശ്രമത്തിനൊടുവില്‍ അച്ചോയി അത്‌ നേടുകതന്നെ ചെയ്‌തു. അയോധന കല ജീവിതത്തിന്റെ ഭാഗമാക്കിയ അച്ചോയിയെ തേടി 62-ാം വയസില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ എത്തി. 16 വര്‍ഷം മുമ്പ്‌ തുടക്കം കുറിച്ച പരിശീലനത്തിന്‌ അംഗീകാരം ലഭിച്ചത്‌ കഴിഞ്ഞ മേയ്‌ 10-നായിരുന്നു. 62-ാം വയസില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടുന്ന സംസ്‌ഥാനത്തെ ഒന്നാമനെന്ന ബഹുമതിയും ഇതോടെ അച്ചോയിക്ക്‌ സ്വന്തമായി. ഇന്റര്‍നാഷണല്‍ ഷോറിന്‍ റീയു സെയ്‌ബുഖാന്‍ സ്‌റ്റൈലിലായിരുന്നു പരിശീലനം.

വാര്‍ധക്യത്തിന്റെ അവശതകള്‍ കൊണ്ടെത്തിച്ച ശാരീരിക ക്ഷീണങ്ങള്‍ ഇന്ന്‌ പഴങ്കഥയായി. നിതാന്ത പരിശീലനം മാത്രമാണ്‌ ഇതിന്‌ വഴിതെളിച്ചത്‌. നഷ്‌ടപ്പെട്ട ഇച്‌ഛാശക്‌തിയും മാനോധൈര്യവും തിരിച്ചെത്തി. ഇന്നിപ്പോള്‍ എന്തിനും ഏതിനും യുവാവിന്റെ ചുറുചുറുക്കാണെന്ന്‌ അച്ചോയി പറയുന്നു. 1993-ലാണ്‌ കരാട്ടെ പഠനം ആരംഭിക്കുന്നത്‌. ആഴ്‌ചയില്‍ രണ്ട്‌ ദിവസം വൈകുന്നേരങ്ങളില്‍ തങ്കമണിയിലെ കവളക്കാട്ട്‌ ജോസിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. രണ്ട്‌ വര്‍ഷം പിന്നിട്ടതോടെ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രസിഡന്റാകാന്‍ നിയോഗമുണ്ടായതോടെ കരാട്ടെ പഠനം പൂര്‍ണമായി മുടങ്ങി. ഇതിനിടെ കൊളസ്‌ട്രോളും പിടികൂടി. പിന്നീട്‌ അധികാരമൊഴിഞ്ഞ്‌ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 2003-ലാണ്‌ വീണ്ടും പരിശീലനം പുനരാരംഭിക്കുന്നത്‌.

ആറ്‌ വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ്‌ ഇന്റര്‍ നാഷണല്‍ ഷോറിന്‍ യു ക്ലബ്ബില്‍ നിന്നും ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടുന്നത്‌. ചിങ്‌മോക്‌സങ്‌ മലേഷ്യയായിരുന്നു ഗ്രാന്റ്‌ മാസ്‌റ്റര്‍. നിശ്‌ചയദാര്‍ഢ്യവും നിതാന്ത പരിശ്രമവും അംഗീകാരം നേടിക്കൊടുത്തതിനൊപ്പം കൊളസ്‌ട്രോളിന്റെ ശല്യം പൂര്‍ണമായി വിട്ടൊഴിഞ്ഞു. മരുന്നില്ലാത്ത ജീവിതം ഇഷ്‌ടപ്പെടുന്ന അച്ചോയി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടിയെങ്കിലും പരിശീലനത്തിന്‌ മുടക്കം വരുത്തിയിട്ടില്ല. ദിവസവും വൈകിട്ട്‌ വീട്ടിലെത്തിയ ശേഷം രണ്ട്‌ മണിക്കൂര്‍ സമയമെങ്കിലും പരിശീലനം നിര്‍ബന്ധമാണ്‌. ഇന്നിപ്പോള്‍ ഏത്‌ ജോലി ചെയ്യാനും കിലോമീറ്ററുകള്‍ അനായാസേന താണ്ടാനും കഴിയമെന്ന്‌ തെല്ലഭിമാനത്തോടെ തന്നെ എസ്‌.ടി. അഗസ്‌റ്റ്യന്‍ പറയുന്നു. അടിപിടിയും അക്രമവും പതിവായ രാഷ്‌ട്രീയ രംഗത്തെ പിടിച്ചുനില്‍പ്പിന്‌ ആയോധന മുറകള്‍ അനിവാര്യമാണെങ്കിലും രാഷ്‌ട്രീയ പ്രതിയോഗികളെ കായിക കരുത്തുകൊണ്ട്‌ നേരിടുന്നതിനോട്‌ അച്ചോയിക്ക്‌ തെല്ലും താത്‌പര്യമില്ല. കട്ടപ്പന ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുകൂടിയായ എസ്‌.ടി. അഗസ്‌റ്റ്യന്‌ കരാട്ടെയോടുള്ള താത്‌പര്യം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ആയോധനമുറയുടെ ആദ്യപാഠങ്ങള്‍ മാത്രം അഭ്യസിച്ചുവെന്ന്‌ തോന്നലുള്ള അച്ചോയിക്ക്‌ കൂടുതല്‍ പരിശീലനത്തിനായി ജപ്പാനിലേക്ക്‌ പോകണമെന്നാണ്‌ ആഗ്രഹം. മക്കളായ ഷിജോയും ബിജോയും കരാട്ടേയില്‍ ഇതിനകം കഴിവ്‌ തെളിയിച്ചു കഴിഞ്ഞു. ആഗ്നസാണ്‌ ഭാര്യ.
-----------------------
എം.ഡി. രഞ്‌ജിത്ത്‌

മരമുകളിലെ എണ്‍പതുകാരന്‍
















പേര്‌: എസ്‌. മാധവന്‍

വയസ്‌: 82

ഇപ്പോഴത്തെ തൊഴില്‍: മരംകയറ്റം

വിളിപ്പേര്‌ എസ്‌ എന്നായതു കൊണ്ടുമാത്രമല്ല, തെങ്ങില്‍ കയറേണ്ടി വരുമ്പോള്‍ മാധവന്‍ യേസ്‌ എന്നു പറയുന്നത്‌. അതു തൊഴിലെന്നപോലെ ആവേശവും കൂടിയാണ്‌ ഈ എണ്‍പത്തിരണ്ടുകാരന്‌.

നാട്ടുമൂലകളില്‍ സൊറ പറഞ്ഞിരിക്കുന്നവരോട്‌ എസ്‌. മാധവന്‍ 'നിങ്ങള്‍ക്ക്‌ അയ്യത്ത്‌ നാലു തടം വെട്ടി കപ്പനട്ടൂടെ' എന്നു ചോദിക്കുന്നത്‌ വെറുതെയല്ല. പ്രായമിത്രയായാലും ഏതധ്വാനത്തിനും താന്‍ തയാറാണെന്ന ബോധ്യമാണു മാധവനെ മുന്നോട്ടു നയിക്കുന്നത്‌.

പുലര്‍ച്ചെ അഞ്ചു മണിക്ക്‌ എഴുന്നേല്‍ക്കും. വീടിനടുത്തുള്ള ഡിപ്പോക്കടവില്‍ (പമ്പയാറ്റില്‍) കുളി, സമീപത്തെ ശാസ്‌താക്ഷേത്രത്തില്‍ തൊഴുതശേഷം വീട്ടില്‍ തിരിച്ചെത്തി പത്രം വായന. തുടര്‍ന്ന്‌ ഭക്ഷണവും കഴിച്ച്‌ എട്ടുമണിക്ക്‌ ജോലി തുടങ്ങുകയായി വര്‍ഷങ്ങളായുള്ള പതിവാണിത്‌.

50 അടിയോളം ഉയരംവരുന്ന തെങ്ങുകളില്‍ കയറി തേങ്ങയിട്ടിറങ്ങാന്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എടുക്കുന്നത്ര സമയമൊന്നും മാധവന്‍ മൂപ്പര്‍ക്കുവേണ്ട. 'എസ്‌' കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള വാക്കത്തിയുമായി കൊന്നത്തെങ്ങുകള്‍ കയറാന്‍ തുടങ്ങിയത്‌ 17- ാം വയസിലാണ്‌. ഈ പണി തുടങ്ങിയിട്ട്‌ വര്‍ഷം 65 കഴിഞ്ഞു. ഷുഗറിനോ പ്രഷറിനോ കൊളസ്‌ട്രോളിനോ ഒന്നും ഇതുവരെയും ഈ അധ്വാനിയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 12- ാം വയസു മുതല്‍ പാടത്തെ പണിക്കു പോയിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ മക്കള്‍ പറയും എത്രവര്‍ഷമായി അച്‌ഛന്‍ കഷ്‌ടപ്പെടുകയാ ഇനിയും വിശ്രമിച്ചുകൂടെ? ''അധ്വാനിച്ചു കഴിക്കുന്ന സ്വാദ്‌ ചുമ്മാതിരുന്നു തിന്നാല്‍ കിട്ടുമോ അതെനിക്കു ദഹിക്കില്ല''. നാലാംക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള മൂപ്പരുടെ മറുപടി ഇതായിരിക്കും. ഈ വാക്കുകള്‍ ഏറ്റുപിടിച്ചിരുന്നെങ്കില്‍ രാജ്യം രക്ഷപ്പെട്ടേനെയെന്നാണ്‌ നാട്ടുകാരുടെ കമന്റ്‌.

1928- ല്‍ ജനിച്ച മാധവന്‍ ഹരിപ്പാട്‌ പിലാപ്പുഴയിലാണ്‌ വളര്‍ന്നത്‌. ഹരിപ്പാട്ടും പള്ളിപ്പാട്ടുമൊക്കെയായി പണി ചെയ്‌തു പോന്നു. 1949- ല്‍ വീയപുരത്തുകാരി ലക്ഷ്‌മിയെ വിവാഹം ചെയ്‌തശേഷമാണ്‌ വീയപുരത്തുകാരനായത്‌. 1977- ല്‍ വീയപുരം പാലത്തിന്റെ പണിക്കായി തെങ്ങുമുറിക്കുമ്പോള്‍ തെങ്ങിന്റെ ആരുകൊണ്ട്‌ ഇടതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടെങ്കിലും അധ്വാനിക്കാനുള്ള മനസിനെ തളര്‍ത്താന്‍ ആ ദുരന്തത്തിനുമായില്ല.

പണത്തിലും സ്വത്തിലും വലുതായി മാധവന്‍ കരുതുന്നത്‌ ആരോഗ്യവും അധ്വാനിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്‌തിയുമാണ്‌. മരണംവരെയും അതുണ്ടാകണമെന്ന പ്രാര്‍ഥനയെ ദൈവത്തോടുള്ളൂ. അഞ്ചു പെണ്ണും രണ്ടാണുമായി ഏഴു മക്കളാണ്‌. ഇതില്‍ അഞ്ചുപേരുടെ വിവാഹം കഴിഞ്ഞു.

ചെറുപ്പകാലം മുതല്‍ക്കേ പത്രംവായനയും റേഡിയോ കേള്‍ക്കലും ശീലമാക്കിയ മാധവനോട്‌ പഴയകാല സംഭവങ്ങള്‍ പറഞ്ഞ്‌ തര്‍ക്കിക്കാന്‍ തയാറായവര്‍ പലരുണ്ടെങ്കിലും ഒരിക്കല്‍ തര്‍ക്കിച്ചവര്‍ പിന്നീട്‌ അബദ്ധം കാട്ടിയിട്ടില്ല. അത്രയ്‌ക്കു തിട്ടമാണ്‌ രാഷ്‌ട്രീയമുള്‍പ്പെടെയുള്ള പഴയകാല സംഭവങ്ങള്‍.

ആര്‍ക്കും മാതൃകയാക്കാവുന്ന കുറേ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയ മാധവന്‍ ഏറെ ഉയരത്തിലാണ്‌, എല്ലാ അര്‍ഥത്തിലും.
-----------------------
സുധീഷ്‌ ഗോപാല്‍

ലോകത്തെ സംരക്ഷിക്കാന്‍ 350

കാലാവസ്‌ഥാ മാറ്റത്തിനെതിരേ ലോകമെമ്പാടും കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍വരെ കൈകോര്‍ത്ത്‌ രംഗത്തിറങ്ങിയത്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌.ഒക്‌ടോബര്‍ 24-ന്‌ രാജ്യാന്തര കാലാവസ്‌ഥാ നടപടി ദിന(ഇന്റര്‍ണാഷണല്‍ ഡേ ഫര്‍ ക്ലൈമറ്റ്‌ ആക്ഷന്‍) ത്തില്‍ നഗര മധ്യങ്ങളിലും മലനിരകളിലും മഞ്ഞു മൂടിയ താഴ്‌വാരങ്ങളിലും സ്‌കൂളുകളിലും ഓഫീസുകളിലും നിരത്തുകളിലും സര്‍ക്കാര്‍ മന്ദിരങ്ങളുടെ മുന്നിലുമൊക്കെ പതിനായിരങ്ങള്‍ കൈകോര്‍ത്തു. അവരുടെ കൈകളില്‍ 350 എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു, അല്ലെങ്കില്‍ അവര്‍ 350 എന്ന അക്ഷരത്തിന്റെ രൂപത്തില്‍ കൈകള്‍ കോര്‍ത്തു നിന്നു.

എന്താണീ 350? അന്തരീക്ഷത്തിനു താങ്ങാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവാണത്‌ - അളക്കുന്നത്‌ പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം) എന്ന യൂണിറ്റില്‍. നിലവില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ 389 പി.പി.എം. നമ്മള്‍ വളരെ അപകടകരമായ നിലയിലാണ്‌ ഇപ്പോള്‍ ജീവിക്കുന്നതെന്നു സാരം. ഈ നിലയില്‍ തുടരുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിവരികയും ചെയാല്‍ ലോകത്തെ കാത്തിരിക്കുന്നത്‌ സര്‍വനാശമായിരിക്കും. അതിന്റെ തുടക്കം കണ്ടു കഴിഞ്ഞിരുക്കുന്നു. ഇപ്പോള്‍തന്നെ നല്ല കാലവര്‍ഷ സമയത്തും ഒരു ദിവസം മഴ വിട്ടു നിന്നാല്‍ നമ്മള്‍ ഉരുകുന്നതിന്റെ കാര്യം മറ്റൊന്നുമല്ല. മഴക്കാലം കഴിയുന്നതോടെ നദികളെല്ലാം വറ്റിവരളുന്നതിന്റെ കാരണം തപ്പി പോകേണ്ടതുമില്ല.

ഹിമാലയത്തിന്റെ പരിസ്‌ഥിതിയാകെ മാറിമറിയുന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ വന്നത്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌. ഹിമവാന്റെ മലനിരകളില്‍ പതിവില്‍ കൂടിയ അളവില്‍ മഞ്ഞുരുകുന്നു. അവയില്‍ നിന്നുത്ഭവിക്കുന്ന നദികളില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം, അതുമൂലമുണ്ടാകുന്ന കെടുതികള്‍, പിന്നെ മേഖലയുടെയാകെ പരിസ്‌ഥിതി മാറ്റവും. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ സമുദ്രങ്ങളില്‍ ജലനിരപ്പുയരുന്നു. കടലോര നഗരങ്ങളും കൊച്ചു ദ്വീപുകളും മാലദ്വീപുപോലെയുള്ള ദ്വീപ്‌ രാഷ്‌ട്രങ്ങളും കാലക്രമേണ മുങ്ങിപ്പോകും എന്നതാണു സ്‌ഥിതി. നമ്മുടെ കൊച്ചിയും കൊല്‍ക്കത്തയും മുംബൈയുമൊക്കെ ഈ ഭീഷണിയെ നേരിടുന്നു. കടല്‍ ജല നിരപ്പുയരുന്നതിന്റെ മറ്റൊരു ഭീഷണി ഗംഗയടക്കം പ്രധാന നദികളിലൊക്കെ ഉപ്പുരസം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതാണ്‌.

പ്രകൃതി കനിഞ്ഞുനല്‍കിയ സൗകര്യങ്ങളൊക്കെ നമ്മള്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ വരുന്നതലമുറകള്‍ക്കും അതു കാത്തുവയ്‌ക്കേണ്ടേ എന്ന ചിന്തയില്‍ നിന്നാണ്‌, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വിപത്തിനെതിരേ ലോകത്തിന്റെ, പ്രത്യേകിച്ച്‌ ലോക നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ ഈ ദിനം ആചരിച്ചത്‌. ബാക്കിയുള്ള വനങ്ങളും മരങ്ങളുമെങ്കിലും സംരക്ഷിക്കപ്പെടണം. ആഗോളമായി വനവല്‍കരണ ചിന്ത ഉണര്‍ന്നുവരണം എങ്കില്‍മാത്രമേ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു അതിന്റെ സന്ദേശം. ഒപ്പം വ്യാവസായിക മേഖലയും വാഹനങ്ങളും അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന കാര്‍ബണ്‍ മാലിന്യങ്ങളുടെ അളവ്‌ കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും.

അടുത്ത ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ലോകരാജ്യങ്ങളുടെ പരിസ്‌ഥിതി സമ്മേളനത്തിനു മുന്നോടിയായി ആഗോള ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിച്ചുവിടുക ഈ കൂട്ടായ്‌മയുടെ ലക്ഷ്യമായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 1997-ല്‍ തയാറാക്കിയ ക്യോട്ടോ ഉടമ്പടിക്കു പകരം പുതിയ കരാര്‍ ഉണ്ടാക്കാനാണ്‌ കോപ്പന്‍ഹേഗനിലെ സമ്മേളനം. ലോകത്തില്‍ ഏറ്റവുമധികം വ്യാവസായിക - വാഹന മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളുന്ന അമേരിക്ക ക്യോട്ടോ ഉടമ്പടിയില്‍ പങ്കാളിയായിരുന്നില്ല. അതു കൊണ്ടു തന്നെ അതു പരാജയവുമായി. എല്ലാ രാജ്യങ്ങളുടെയും വല്യേട്ടനായി ഭാവിക്കുന്ന അമേരിക്ക ന്യായീകരണമില്ലാത്ത വാദഗതികളോടെയാണ്‌ ക്യോട്ടോ ഉടമ്പടിയെ തകര്‍ത്തു കളഞ്ഞത്‌. അതുതന്നെ കോപ്പന്‍ഹേഗനിലും ഉണ്ടാകുമെന്നാണ്‌ സൂചന. അവിടെ അമേരിക്കയ്‌ക്കു കൂട്ടായി ചൈനയും ഉണ്ടാകും. അവര്‍ക്കും അന്തരീക്ഷ മാലിന്യം കുറയ്‌ക്കൂ എന്ന അഭ്യര്‍ഥനയോട്‌ പുച്‌ഛമാണ്‌. സാര്‍വ നശീകരണത്തിന്‌ മുതലാളിത്തവും സോഷ്യലിസവും (അതു ചൈനയില്‍ ബാക്കിയുണ്ടെങ്കില്‍) കൈകോര്‍ക്കുന്നതിന്റെ ഭീകര ചിത്രമാണ്‌ കോപ്പന്‍ഹേഗനില്‍ കാണാന്‍ പോകുന്നതെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു.

ഒരു ശാസ്രസത്യത്തെ പ്രചരിപ്പിക്കാന്‍ സാധാരണ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകിയ കാഴ്‌ച്ചയ്‌ക്ക് സാര്‍വലൗകികതയുണ്ടായിരുന്നു. പരസ്‌പരം പോരടിച്ചു നില്‍കുന്ന പലസീന്‍, ഇസ്രയേല്‍ ജനത ജോര്‍ദാനികളുമായി ചേര്‍ന്ന്‌ 350 ഒരുക്കിയതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. ചാവുകടല്‍ തീരത്ത്‌ ജോര്‍ദാനികള്‍ 3 ഉം പലസീന്‍കാര്‍ 5 ഉം ഇസ്രയേലികള്‍ 0 ഉം തീര്‍ത്തു.

സമൂഹത്തെക്കുറിച്ച്‌ ചിന്തയുള്ളവരെല്ലാം അണിചേരൂ എന്ന ആഹ്വാനം നല്‍കിയത്‌ 350.ഗ്നത്സദ്ദ എന്ന സംഘടനയായിരുന്നു. സമുദ്രജലാധിനിവേശത്തിന്റെ ഭീഷണി നേരിടുന്ന പസഫിക്‌ ദ്വീപുകളിലായിരുന്നു അണിചേരലിന്റെ തുടക്കം. അമേരിക്കന്‍ നഗരങ്ങളില്‍ കനത്തമഴയെ അവഗണിച്ച്‌ ആയിരങ്ങള്‍ തെരുവിലിറങ്ങി, ഫിലിപ്പീന്‍സില്‍ ജനങ്ങള്‍ക്കൊപ്പം സൈനികരും കൈകോര്‍ത്തു, സിഡ്‌നി ഓപ്പറാമന്ദിരത്തിന്റെ പരിസരം ആക്‌ടിവിസ്‌റ്റുകളെക്കൊണ്ടു നിറഞ്ഞു, ആഗോള താപനം തടഞ്ഞില്ലെങ്കില്‍ കടലെടുത്തു പോകുമെന്നു കരുതപ്പെടുന്ന കാറ്റിയ ദ്വീപിലായിരുന്നു വെനെസ്വേലയിലെ സംഗമം.

ബെര്‍ലിന്‍, ലണ്ടന്‍, പാരീസ്‌, ബെയ്‌റൂത്ത്‌, ഇസാന്‍ബൂള്‍, ജക്കാര്‍ത്ത, ധാക്ക എന്നിങ്ങനെ പരിസ്‌ഥിതി പ്രേമികള്‍ തെരുവിലിറങ്ങിയ സ്‌ഥലങ്ങള്‍ ഏറെയാണ്‌. ഇന്ത്യയില്‍ കൊച്ചിയിലും അഹമ്മദാബാദിലും ശ്രീനഗറിലെ ദാല്‍ തടാകത്തിലുമൊക്കെ 350 എന്ന പ്ലക്കാര്‍ഡുമേന്തി ജനങ്ങള്‍ പരിസ്‌ഥിതി അവബോധം തെളിയിച്ചു.

വരുംതലമുറയ്‌ക്കു വേണ്ടി കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കക്ഷിതാല്‍പര്യങ്ങള്‍ മറന്ന്‌ രണ്ട്‌ പരിസ്‌ഥിതി സംഘടനകളുടെ ചിറകിന്‍ കീഴില്‍ വന്‍ സമ്മേളനവും പ്രകടനവും നടത്തി. കേരളത്തിനേക്കാള്‍ അല്‌പം മാത്രം വലിപ്പം കൂടുതലുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു പ്രകടനത്തിന്റെ മുന്‍നിരയില്‍. തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനികര്‍ക്കൊപ്പം തെരുവിലിറങ്ങിയതില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുമുണ്ടായിരുന്നു. കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ ഇതൊക്കെ അറിയുന്നുണ്ടോ?.
--------------------
ഇ.പി. ഷാജുദീന്‍

അഭിനയകലയുടെ 'തലയ്‌ക്കല്‍'
















സിക്‌സ്പായ്‌ക്ക് ബോഡിയില്ല. ആക്ഷന്‍ഹീറോയുമല്ല , പക്ഷേ ക്യാമറയ്‌ക്കുമുന്‍പില്‍ മനോജ്‌ ഇതെല്ലാമാകും. ഇതിനെ കവച്ചു വയ്‌ക്കും. കത്തുന്ന നോട്ടം കൊണ്ട്‌ , തറച്ചുകയറുന്ന ഡയലോഗുകള്‍ കൊണ്ട്‌, ചിലപ്പോള്‍ ഒരു ചെറു ചലനം കൊണ്ട്‌... മനോജ്‌ അങ്ങനെയാണ്‌, പ്രതീക്ഷയോടെ നോക്കുന്ന കണ്ണുകളെ എപ്പോഴും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കും. സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍. ചമയത്തിലെ ആന്റോ, പഴശിരാജായിലെ തലയ്‌ക്കല്‍ ചന്തു. തീര്‍ന്നിട്ടില്ല ചെറുതും വലുതുമായ എത്രയോ കഥാപാത്രങ്ങള്‍ മലയാളിക്ക്‌ വിസ്‌മയകാഴ്‌ചയൊരുക്കി. ഒരു സീനിലെങ്കില്‍ അത്രമാത്രം പക്ഷേ അതിലുമുണ്ടാകും ഒരു മനോജ്‌ ടച്ച്‌.

ഒഴുകിയെത്തുന്ന,ഹ്യദയത്തെ പിടിച്ചുലയ്‌ക്കുന്ന ഒരു സ്‌പര്‍ശനം. തീയേറ്ററുകള്‍ നിറഞ്ഞോടുന്ന പഴശിരാജയില്‍ തലയ്‌ക്കല്‍ ചന്തുവിന്റെ ചലനത്തില്‍. കത്തുന്ന മിഴികളില്‍. ഒളിപ്പോരിന്റെ ചടുലവേഗത്തില്‍, എവിടെയൊ അത്‌ മറഞ്ഞിരിക്കുന്നു. കമ്പനി പട്ടാളം ചന്തുവിനെ തൂക്കിലേറ്റുമ്പോള്‍ പ്രേക്ഷകന്‌ കണ്ണീരല്ല പകരം ഹ്യദയത്തില്‍ നുരയിടുന്നത്‌ അഭിമാനമാണ്‌. നാടെന്ന വികാരമാണ്‌.

തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മാത്രമാണ്‌ തലയ്‌ക്കല്‍ ചന്തുവിനെ മനോജ്‌ എത്രത്തോളം മനോഹരമാക്കി എന്ന്‌ തിരിച്ചറിയുക. അതുവരെ മനസില്‍ ധീരനായ ചന്തുമാത്രം.

സിനിമയ്‌ക്ക് ശേഷം മാത്രമാണ്‌ മനോജിനെ ചന്തുവില്‍ നിന്ന്‌ വേര്‍തിരിയ്‌ക്കാന്‍ കഴിയുക. ക്യാമറയ്‌ക്ക് മുന്‍പില്‍ മനോജ്‌ തീര്‍ക്കുന്ന വിസ്‌മയത്തെ നിറഞ്ഞ മനസോടെയാണ്‌ സിനിമാ പ്രേമികള്‍ സ്വീകരിച്ചിട്ടുളളത്‌.

മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാടിന്റെ സെറ്റിലിരിക്കുമ്പോള്‍ മൊബൈലില്‍ എത്തുന്ന ഓരോ കോളിലും മനോജ്‌ ഈ സ്‌നേഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഓരോ കോളിലും തലയ്‌ക്കല്‍ ചന്തുവിന്റെ ആരാധകര്‍. ചരിത്ര സിനിമ ചരിത്ര വിജയമായതിന്റെ സന്തോഷത്തില്‍ തന്നെയാണ്‌ മനോജ്‌ മനസ്സു തുറന്നത്‌. അത്‌ കൊണ്ട്‌ തന്നെ സംസാരത്തില്‍ നിറഞ്ഞു നിന്നതും ചന്തു തന്നെ

കുട്ടന്‍ തമ്പുരാനുശേഷം വീണ്ടും ചന്തുവും മനോജും മലയാളത്തില്‍ ചര്‍ച്ചയാവുന്നു?

സന്തോഷം. ഗുരുക്കന്‍മാരുടെ അനുഗ്രഹം. ഒരു പാടു പേരുടെ പ്രാര്‍ത്ഥന. ദൈവാനുഗ്രഹം ഇതിന്റെ എല്ലാം ഫലമാണിത്‌. അതുമാത്രം.

ഹരിഹരന്റെ മിക്കവാറും സിനിമകളില്‍ മനോജിന്‌ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമുണ്ടാകുമല്ലോ?

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. അതില്‍ ഗുരുവാണെനിക്ക്‌് ഹരിഹരന്‍സാര്‍. എന്നെ അദേഹത്തിന്‌ നന്നായി അറിയാം. സര്‍ഗത്തിലൂടെ എനിക്ക്‌ ബ്രേക്ക്‌ തന്നത്‌ ഹരിഹരന്‍സാറാണ്‌. അതിലെ കുട്ടന്‍തമ്പുരാനെ മലയാളികള്‍ ഇന്നും സ്‌നേഹിക്കുന്നു.

ഇന്ന്‌ ആ കുട്ടന്‍ തമ്പുരാനും മുകളില്‍ എന്നിലൂടെ തലയ്‌ക്കല്‍ ചന്തുവിനെ സൃഷ്‌ടിക്കാനും അദേഹം വേണ്ടി വന്നു

തലയ്‌ക്കല്‍ ചന്തുവാകാന്‍ ഹരിഹരന്‍ വിളിച്ചപ്പോള്‍?

കുട്ടന്‍തമ്പുരാനും ഒരു പടി മുകളില്‍ നില്‍ക്കുന്ന ഒരു റോള്‍ ചെയ്യണമെന്ന്‌ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.പലപ്പോഴും അത്‌ സാറിനോട്‌ പറഞ്ഞിട്ടുമുണ്ട്‌ .അപ്പോഴാണ്‌ തലയ്‌ക്കല്‍ചന്തു എത്തുന്നത്‌. എന്നെ ഇതിനായി വിളിച്ചപ്പോള്‍ തന്നെ സാര്‍ പറഞ്ഞു ഈ റോള്‍ നീ ആഗ്രഹിച്ചതുപോലെ കുട്ടന്‍തമ്പുരാനും മുകളിലാണ്‌.

ചന്തുവായി ഒളിപ്പോരിനിറങ്ങിയപ്പോള്‍ ?

ഹോളിവുഡിലുപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്‌. പക്ഷേ ശരിക്കും വെല്ലുവിളി തന്നെ യായിരുന്നു അത്‌. സാഹസികമായ രംഗങ്ങള്‍. 160 അടി മുകളില്‍ റോപില്‍ തൂങ്ങി കിടക്കുമ്പോഴും മരത്തിന്റെ മുകളില്‍ നിന്ന്‌ താഴേക്ക്‌ ചാടുമ്പോഴുമൊക്കെ ദൈവം മാത്രമായിരുന്നു കൂട്ട്‌. ഒപ്പം ചന്തുവെന്ന ചരിത്രപുരുഷന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും. അമ്പത്‌ ദിവസമാണ്‌ ഞാന്‍ ക്യാമറയ്‌ക്ക് മുന്‍പില്‍ നിന്നത്‌ ദേഹത്ത്‌ മുറിവില്ലാതെ ഒരു ദിവസം പോലും മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ നീറ്റലുകള്‍ക്ക്‌ ഒരു സുഖമുണ്ട്‌.

ഷൂട്ടിംഗ്‌ സെറ്റില്‍ വച്ച്‌് നല്ല വില്ലാളിയാണെന്ന്‌ കുറിച്യരുടെ പുത്തന്‍ തലമുറ തന്നെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയല്ലോ?

ചന്തുവിനെ അവതരിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പഠിച്ചുവെന്നല്ലാതെ മറ്റൊന്നുമില്ല. അവര്‍ പറഞ്ഞുതന്നെതൊക്കെ പെട്ടന്ന്‌ പഠിച്ച്‌ എടുത്തുവെന്ന്‌ മാത്രം. അമ്പെയ്യുമ്പോള്‍ വിരലുകളുടെ ചലനം പ്രധാനമാണ്‌ വളരെ ശ്രദ്ധയോടെ പഠിച്ചാലെ അത്‌ മനസ്സിലാകൂ. അവര്‍ നല്ല അധ്യാപകരായിരുന്നു. അവരെ മറക്കാന്‍ കഴിയില്ല.

ചന്തുവിന്റെ മേയ്‌ക്കപ്പിനെചൊല്ലി വിവാദങ്ങളുണ്ടായല്ലോ?

കുറിച്യര്‍ വളരെ വ്യത്തിയുളളവരാണ്‌ കുളിക്കാതെ അവര്‍ വീടുകളില്‍ പോലും കയറ്റാറില്ല. വളരെ സുന്ദരികളും സുന്ദരന്‍മാരും. അതുകൊണ്ടാണ്‌ സിനിമയില്‍ വ്യത്തിയുളള മേയ്‌ക്കപ്പുകള്‍ ഉപയോഗിച്ചത്‌.

മേയ്‌ക്കപ്പ്‌മാന്‍ ആദ്യം മണ്ണും ചെളിയുമൊക്കെ ഉപയോഗിച്ച്‌ മേയ്‌ക്കപ്പിട്ടപ്പോള്‍ ഹരിഹരന്‍സാര്‍ തന്നെ ഇത്‌ മാറ്റാന്‍ പറയുകയായിരുന്നു. പിന്നെ എത്ര നല്ലതുണ്ടായാലും കുഴപ്പങ്ങള്‍ മാത്രം കണ്ടുപിടിക്കുക എന്നത്‌ ചിലരുടെ ശീലമാണ്‌ . അത്‌ മാറ്റാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. പിന്നെ വിവാദങ്ങള്‍ അതിന്റെ വഴിക്ക്‌ നടക്കട്ടെ.

മനസു നിറഞ്ഞത്‌?

എം.ടി.സാര്‍ ഷൂട്ടിംഗ്‌ സൈറ്റില്‍ അങ്ങനെ വരാറില്ല. പക്ഷേ അവിടെ നടക്കുന്ന ഓരോ കാര്യവും അദേഹമറിയും. ഒരു ദിവസം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നേരില്‍ കണ്ടപ്പോള്‍ അദേഹം പറഞ്ഞു മനോജ്‌ നന്നാക്കുന്നുണ്ട്‌ നല്ലത്‌ എന്നു പറഞ്ഞു.

അദേഹത്തെ പോലെ ഒരു വലിയ മനുഷ്യനില്‍ നിന്ന്‌ ആ വാക്കുകള്‍ കേള്‍ക്കുക. ഇതിലും വലിയ ഒരു അംഗീകാരം എവിടുന്ന്‌ ലഭിക്കാനാണ്‌.

മനോജ്‌ കെ.ജയന്‍ എന്ന വ്യക്‌തി സ്‌ക്രീനിലെത്തിയ തലയ്‌ക്കല്‍ ചന്തുവിനെ എങ്ങനെ വിലയിരുത്തുന്നു ?

ഞാനിതുവരെ സിനിമ തീയേറ്ററില്‍പോയി കണ്ടില്ല. പക്ഷേ എനിക്ക്‌ വരുന്ന ഓരോ ഫോണ്‍കോളിലും എനിക്ക്‌ ചന്തുവിനെ കാണാം. ഞാന്‍ തൃപ്‌തനാണ്‌ പൂര്‍ണ്ണതൃപ്‌തന്‍. ഒരുപാടു പേര്‍ എന്നെ വിളിച്ചു പറഞ്ഞു മനോജ്‌ ചന്തുവിനെ കണ്ടിട്ട്‌ മനസ്സു നിറഞ്ഞു തനിക്കിതിന്‌ അവാര്‍ഡ്‌കിട്ടും. അവാര്‍ഡ്‌ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. അതെല്ലാം അതിന്റെ വഴിക്ക്‌.

കഴിഞ്ഞ ദിവസം ഷൂട്ടിംഗ്‌ സൈറ്റിലെത്തിയ ഒരാള്‍ എന്റെ കാല്‍ തൊട്ട്‌ വണങ്ങാന്‍ വന്നു. ചന്തു അയാളുടെ മനസില്‍ അത്രമാത്രം പതിഞ്ഞിരുന്നു. ആ നിമിഷം, ആളുകളുടെ സ്‌നേഹം, അനുമോദനം ഇതൊന്നും മനസില്‍ നിന്ന്‌ പോകുന്നില്ല .ഇതില്‍ കൂടുതല്‍ എന്ത്‌ ലഭിക്കണം ഒരാള്‍ക്ക്‌ .ഞാന്‍ സന്തുഷ്‌ടനാണ്‌.

ചരിത്രപുരുഷനായ തലയ്‌ക്കല്‍ ചന്തുവിന്‌ ഒരുപാട്‌ ആരാധകരുണ്ട്‌, മനോജ്‌ കെ.ജയന്‌് ഫാന്‍സ്‌ അസോസിയേഷന്‍ ?

ഏതൊരു കലാകരനെയും പോലെ ആരാധകരാണ്‌ എന്റെയും ബലം . പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍. മലയാളത്തില്‍ നായകര്‍ക്ക്‌ അല്ലാതെ വില്ലന്‍മാര്‍ക്കും മറ്റു വേഷങ്ങള്‍ ചെയ്യുന്നവര്‍ക്കും ഫാന്‍സ്‌ അസോസിയേഷനുകളുണ്ടാകുന്ന കാലമുണ്ടായാല്‍ എനിക്കും ഉണ്ടാകാം .

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണല്ലോ?

ഹരിഹരന്‍സാറിന്റെയും ഭരതന്‍ സാറിന്റെയുമൊക്കെ ചിത്രങ്ങളിലൂടെയാണ്‌ ഞാന്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നത്‌. മാറി മാറിയെത്തുന്ന അവരുടെ ചിത്രങ്ങളിലൂടെ സിനിമയെ അറിഞ്ഞു.അതുകൊണ്ട്‌ തന്നെ ഞാന്‍ കലാമൂല്യമുളള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. അത്‌ പലപ്പോഴും എന്റെ ജീവിതത്തില്‍ ഭാഗ്യവുമായി.

എന്റെ നിലപാടുകള്‍ കൊണ്ട്‌ നല്ല റോളുകള്‍ എന്നെ തേടിയെത്തി. മറ്റൊരു ഭാഗ്യംഅടൂര്‍ഗോപാലക്യഷ്‌ണന്‍സാറിന്റെ പോലും രണ്ട്‌ ചിത്രങ്ങളില്‍ എനിക്ക്‌ അഭിനയിക്കാനായി എന്നുളളതാണ്‌. പിന്നെ ആഴ്‌ചയില്‍ എന്റെ ഒരു സിനിമയെങ്കിലും കാണിക്കാത്ത ചാനലുകളില്ല. എല്ലാം ഇതുകൊണ്ട്‌ വന്നു ചേര്‍ന്നതാണ്‌.

പുതുമുഖതാരങ്ങള്‍ പോലും ഒരു സിനിമയില്‍ നായകനായാല്‍ പിന്നെ മറ്റുവേഷങ്ങള്‍ സ്വീകരിക്കാന്‍ മടിയാണ്‌ മനോജാകട്ടെ നായകനായി തിളങ്ങിയിട്ടും ഏത്‌ റോളുകളിലും കാണാല്ലോ?

അത്‌ ഒരു രഹസ്യമാണ്‌ എങ്കിലും പറയാം . ഞാന്‍ നായകനായി മാത്രം അഭിനയിച്ചിരുന്നെങ്കില്‍ കുട്ടന്‍തമ്പുരാനോ, ദിഗംബരനോ , തലയ്‌ക്കല്‍ചന്തുവോ ആകാന്‍ കഴിയുമായിരുന്നോ, ഒരിക്കല്ലുമില്ല.

നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ഏത്‌ റോള്‍ ചെയ്യാനും എനിക്ക്‌ മടിയില്ല.

പലരും സ്വന്തമായി പറഞ്ഞ്‌ തനിക്ക്‌ ഹീറോ പരിവേഷം നല്‍കികൊണ്ടുളള കഥകള്‍ എഴുതിക്കുന്നു ? മനോജോ?

ഞാനൊന്നിനുമില്ല. എനിക്ക്‌ വരാനുളള കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തുമെന്ന വിശ്വാസക്കാരനാണ്‌ ഞാന്‍
------------------------
എം.എസ്‌. സന്ദീപ്‌

ടൊയോട്ടയുടെ സര്‍പ്രൈസ്‌ 'പ്രയസ്‌'

വാഹന വിപണിയില്‍ ഏതാണ്ട്‌ ചൈനയ്‌ക്കൊപ്പമാണ്‌ ഇന്ത്യയുടെയും പോക്ക്‌. ദിനംപ്രതി എന്നവണ്ണം പുതുപുത്തന്‍ മോഡല്‍ കാറുകള്‍ ഇന്ത്യന്‍ റോഡുകളിലെത്താന്‍ മത്സരിക്കുന്നതിനും കാരണം മറ്റൊന്നുമല്ല. പെട്രോള്‍ കാറുകളും ഡീസല്‍ മോഡലുകളും ഒരുപോലെ വിറ്റുപോകുന്ന ഇന്ത്യന്‍ വിപണിയിലേക്ക്‌ പുതിയൊരു അതിഥി കൂടി എത്തുകയാണ്‌. ഹൈബ്രിഡ്‌ കാര്‍.

ഹൈബ്രിഡ്‌ കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ അവതരിപ്പിക്കുന്നതാകട്ടെ വാഹന രംഗത്തെ അതികായരായ ടൊയോട്ടയും. ലോകത്തെ ബെസ്‌റ്റ് സെല്ലര്‍ എന്ന പദവി സ്വന്തമായുള്ള ടൊയോട്ട പ്രയസാണ്‌ പുതിയ വെല്ലുവിളിയായി ഇന്ത്യന്‍ റോഡികളിലെത്തുന്നത്‌. അടുത്തവര്‍ഷം പ്രയസ്‌ ഇന്ത്യയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്പോയില്‍ ടൊയോട്ട പ്രയസിനെ കാണാന്‍ കഴിഞ്ഞേക്കും.

ലോകത്തെ ഏറ്റവും പേരുകേട്ട ഹൈബ്രിഡ്‌ കാറും പ്രയസ്‌ തന്നെ. മേയില്‍ ജപ്പാന്‍ വിപണിയില്‍ ഇറക്കിയ പുതുക്കിയ പ്രയസാകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയിലെ സാന്നിധ്യം ശക്‌തമാക്കാന്‍ ആഗ്രഹിക്കുന്ന ടൊയോട്ട ഏതാനും ചില മോഡലുകള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനും ശ്രമിക്കുന്നതായി അണിയറയില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഓട്ടോ ഓഫ്‌ സംവിധാനമുള്ള പ്രൊജക്‌ടര്‍ബീം ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, എല്‍.ഇ.ഡി ടെയ്‌ല്‍ ലാമ്പുകള്‍, എയര്‍ഫില്‍ട്ടറുള്ള ഓട്ടോമാറ്റിക്‌ ക്ലൈമെറ്റ്‌ കണ്‍ട്രോള്‍, സാറ്റലൈറ്റ്‌ റേഡിയോ സൗകര്യമുള്ള സി.ഡി പ്ലെയര്‍, വോയ്‌സ് ആക്‌ടിവേറ്റഡ്‌ ടച്ചസ്‌ക്രീന്‍ ഡി.വി.ഡി നാവിഗേഷന്‍ സംവിധാനം, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ചെയ്യാവുന്ന െ്രെഡവര്‍ സീററും നാലു തരത്തില്‍ ക്രമീകരിക്കാവുന്ന യാത്രക്കാരുടെ സീറ്റുകളും, സ്‌റ്റിയറിങ്‌ വീലില്‍ ഘടിപ്പിച്ച ഡൈനമിക്‌ ക്രൂയിസ്‌ കണ്‍ട്രോള്‍, സ്‌റ്റിയറിങ്‌ വീലില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത്‌ ഹാന്‍ഡ്‌ഫ്രീ ഫോണ്‍ നിയന്ത്രണ സ്വിച്ചുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ തുടങ്ങിയവയെല്ലാം പ്രയസിന്റെ സവിശേഷതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പ്രയസ്‌ അത്രവേഗം സ്വന്തമാക്കാമെന്നു കരുതരുത്‌. മുഖ്യകാരണം വിലയിലുള്ള വ്യത്യാസം തന്നെ. ഹോണ്ടയുടെ സിവിക്‌ നേരത്തേ ഹൈബ്രിഡ്‌ കാര്‍ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തിരുന്നു. 12 ലക്ഷത്തിനു ഹോണ്ട സിവിക്‌ പെട്രോള്‍ വേര്‍ഷന്‍ ലഭിക്കുമ്പോള്‍ ഹൈബ്രിഡ്‌ സിവികിന്‌ വില 20 ലക്ഷത്തോളമാണ്‌ ഉപഭോക്‌താവില്‍നിന്ന്‌ ഈടാക്കിയിരുന്നത്‌. നികുതി ഇനത്തില്‍ അല്‍പം പണം കൂടുതല്‍ നല്‍കേണ്ടതാണ്‌ ഇതിനു കാരണം എന്നു വാദിക്കാമെങ്കിലും ഹൈബ്രിഡ്‌ വേര്‍ഷന്‍ അത്രകണ്ട്‌ ആദായകരമായിരിക്കില്ല എന്നാണ്‌ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്‌.

യുഎസില്‍ 22,000 ഡോളറാണ്‌ (ഏകദേശം 11 ലക്ഷം രൂപ) പ്രയസിന്റെ അടിസ്‌ഥാന മോഡലിന്റെ വില. ഇന്ത്യന്‍ വിപണിയിലേക്ക്‌ പൂര്‍ണമായി നിര്‍മിച്ച പ്രയസാകും ഇറക്കുമതി ചെയ്യുക. അതുകൊണ്ടുതന്നെ നികുതിയിനത്തില്‍ നല്ലൊരു തുക നല്‍കേണ്ടിവരുമെന്നതിനാല്‍ വില താങ്ങാന്‍ കഴിയാവുന്നതിലും അധികമായേക്കും. ഇന്ത്യയില്‍ 20-22 ലക്ഷം രൂപ വില വരുമെന്നാണ്‌ കരുതുന്നത്‌. എന്നാല്‍ ഈ വിഭാഗത്തിന്റെ മറ്റു മോഡലുകളെ അപേക്ഷിച്ച്‌ പ്രയസിന്റെ ഇലക്‌ട്രിക്‌ എഞ്ചിന്‌ കരുത്തു കൂടുതലാണെന്നും അതുകൊണ്ടുതന്നെ അതിലൂടെ വിലക്കൂടുതല്‍ മറികടക്കാമെന്നും ടൊയോട്ട കണക്കുകൂട്ടിയാല്‍ അത്ഭുമില്ല.

ചൈനയില്‍ 2006-ല്‍ ടൊയോട്ട ഹൈബ്രിഡ്‌ പ്രയസ്‌ ഇറക്കിയെങ്കിലും രണ്ടു വര്‍ഷം കൊണ്ട്‌ വിറ്റഴിക്കാന്‍ കഴിഞ്ഞത്‌ 2400 വണ്ടികള്‍ മാത്രമാണെന്ന്‌ ചില കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതുകൊണ്ടുതന്നെ വാഹന കമ്പത്തില്‍ ചൈനക്കാരന്റെ മനസിനോട്‌ സാദൃശ്യമുള്ള ഇന്ത്യക്കാരനും ഇതേപോലെ ചിന്തിച്ചാല്‍ ടൊയോട്ടയുടെ സര്‍പ്രൈസായ പ്രയസിന്റെ ഭാവി അധോഗതിയായേക്കും.

അതിനിടെ ലോക വിപണിയിലേക്കുളള ടൊയോട്ടയുടെ പുതിയ ചെറുകാറും ഇന്ത്യയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇ.എഫ്‌.സി 800 എല്‍ എന്ന അപരനാമമാണ്‌ ടൊയോട്ട ചെറുകാറിന്‌ നല്‍കിയിട്ടുളളത്‌. ബാംഗ്ലൂരിന്‌ അടുത്തുളള ടൊയോട്ട കിര്‍ലോസ്‌കറിന്റെ പ്ലാന്റിലാകും ചെറുകാര്‍ നിര്‍മ്മിക്കുക. 2010 ഡിസംബര്‍ മുതല്‍ ചെറുകാറിന്റെ നിര്‍മ്മാണം തുടങ്ങാനാണ്‌ ടൊയോട്ട ലക്ഷ്യമിടുന്നത്‌.

റിറ്റ്‌സ്, ഫിയറ്റ്‌ ഗ്രാന്‍ഡ്‌ പിന്തോ, ടാറ്റാ ഇന്‍ഡിക്ക വിസ്‌റ്റ, ഹ്യുണ്ടായ്‌ ഐ 20, ഹോണ്ട ജാസ്‌ എന്നിവയുടെ സെഗ്മന്റിലേക്കാണ്‌ ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്‌. അടുത്തവര്‍ഷം ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ എത്തുന്ന നിസാന്‍ മൈക്ര, ഫോക്‌സ വാഗണ്‍ പോളോ, ഫോര്‍ഡ്‌ ഫീഗോ എന്നിവയോടും ടൊയോട്ടയുടെ ചെറുകാര്‍ കൊമ്പുകോര്‍ക്കും.
------------------------
സുജിത്‌ പി. നായര്‍

ബൂലോകം നിറയാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍



ഓര്‍ഡര്‍, ഓര്‍ഡര്‍, ഓര്‍ഡര്‍...

ഗുമസ്‌തന്‍: രാജപ്പനെ കുത്തിക്കൊന്ന കേസില്‍ പ്രതി നീലിക്കൊതുക്‌..നീലിക്കൊതുക്‌... നീലിക്കൊതുക്‌... കോടതി മുമ്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന്‌ ഭഗവത്‌ഗീതയില്‍ തൊട്ട്‌ സത്യം ചെയ്യുക.

നീലിക്കൊതുക്‌: കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ...

(കൊതുകു വിചാരണ, ജിഎച്ച്‌എസ്‌മാഞ്ഞൂര്‍ ഡോട്ട്‌ ബ്ലോഗ്‌സ്പോട്ട്‌ ഡോട്ട്‌ കോം)

ഇതൊരു കൊതുകു വിചാരണയാണ്‌. രോഗങ്ങള്‍ പരത്തുന്നതില്‍ കൊതുകുകള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും തുല്യപങ്കുണ്ടെന്നതു ചൂണ്ടിക്കാണിച്ച്‌ അഞ്ചാം ക്ലാസുകാരുടെ ഭാവനയില്‍ വിരിഞ്ഞ വിചാരണ... തോടുകളും പാടശേഖരങ്ങളും നിറഞ്ഞ, ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ഗ്രാമത്തിലെ കൊച്ചു സര്‍ക്കാര്‍ സ്‌കൂളിന്റെ സ്വപ്‌നത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരേട്‌.

തങ്ങളുടെ സ്വപ്‌നങ്ങളും ചിന്തകളും സൃഷ്‌ടികളുംകൊണ്ടു 'ബൂലോകം' നിറയ്‌ക്കാനാകുമെന്നാണ്‌ ഇതുവഴി കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലെ കൊച്ചു മിടുക്കന്‍മാരും മിടുക്കികളും പറയുന്നത്‌. കഠിനപ്രയത്നത്തിലൂടെ പരിമിതികളുടെ യാഗാശ്വത്തെ പിടിച്ചുകെട്ടി സ്വന്തം കലാസൃഷ്‌ടികളാല്‍ ബൂലോകത്തെ കൈവെള്ളയിലെടുത്തിരിക്കുന്നു, ഈ കൊച്ചുകൂട്ടുകാര്‍. സംസ്‌ഥാനസര്‍ക്കാരിന്റെ one learn one പദ്ധതി സ്‌കൂളില്‍ നടപ്പാക്കുന്നതിനുള്ള ആലോചനയിലാണു തുടക്കം. ചിന്തകള്‍ ആദ്യം ചിറകുവിരിച്ചത്‌ അച്ചടി മാഗസിന്‍ എന്ന ആശയത്തിലേക്ക്‌. എന്നാല്‍ മാഗസിനു വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകള്‍ ഒരു സാദാ സര്‍ക്കാര്‍ സ്‌കൂളിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാത്രവുമല്ല വായനക്കാരുടെ എണ്ണത്തിലും പരിമിതികളുണ്ട്‌. അതിനാല്‍ ചിന്തകള്‍ മറ്റുമാര്‍ഗങ്ങള്‍ തേടി. ഈ പ്രതിസ്‌ന്ധിയിലാണ്‌ 'ഓണ്‍ലൈന്‍ മാഗസിന്‍' എന്ന ആശയത്തിന്റെ പിറവി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്‍പശാലയില്‍ നിന്നു തെരഞ്ഞെടുത്ത കഥകളും കവിതകളും ചേര്‍ത്ത്‌ ghsmanjoor.blogspot.com എന്ന ബ്ലോഗ്‌ ആരംഭിച്ചു.

ബോഗുകളേയും ബ്ലോഗിംഗിനേയും സംബന്ധിച്ച്‌ കുട്ടികള്‍ക്കും അധ്യപാകര്‍ക്കുമായി ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തി.

കുട്ടികളുടെ കഥകളും കവിതകളും ലേഖനങ്ങളും കൂടാതെ ആഘോഷങ്ങളും ദിനാചരണങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമൊക്കെ ബ്ലോഗില്‍ ഇടംപിടിക്കുന്നു. വിരലിലെണ്ണാവുന്നത്ര വായനക്കാരുടെ കൈകളില്‍ മാത്രം എത്തിപ്പെട്ടേക്കാമായിരുന്ന ഈ സൃഷ്‌ടികള്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം പേരാണു വായിച്ചു കഴിഞ്ഞത്‌.

ബ്ലോഗിനു ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കാണുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലായില്ലെന്നോര്‍ത്ത്‌ അഭിമാനിക്കുകയാണ്‌ പ്രഥാനാധ്യാപകന്‍ എ.എം. ബേബിയും സഹപ്രവര്‍ത്തകരും.

അതേ, സര്‍വരും പഠിക്കുക, സര്‍വരും വളരുക എന്ന ലക്ഷ്യത്തോടെ നൂറിലേറെ വയസ്‌ പ്രായമുള്ള ഈ വിദ്യാലയ മുത്തശി ബ്ലോഗിംഗ്‌ തുടരുകയാണ്‌...



''കാറ്റിന്റെ ഈണത്തില്‍ താളമിട്ട്‌

ഒഴുകുന്ന പുഴയുടെ പാട്ടുകേട്ട്‌

ശബളമാം കുഞ്ഞിളം കൈകള്‍ വീശി

ആടുന്നു പാടുന്നു എന്റെ മരം''- എന്ന്‌ ഒമ്പതാം ക്ലാസുകാരി ഭാഗ്യലക്ഷ്‌മിയും,

''അക്ഷരമുത്തുകള്‍ തിങ്ങിനിറഞ്ഞിടും

സാഗരമാണെന്‍ വിദ്യാലയം''- എന്ന്‌ ഏഴാം ക്ലസുകാരന്‍ ജോയല്‍ ജോസും ബ്ലോഗില്‍ കുറിക്കുന്നു...

അതേ, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉണരുകയാണ്‌... വിവരസാങ്കേതികവിദ്യയുടെ യുഗത്തിലേക്ക്‌...

---------------------------
സുചിത്ര പ്രിയദര്‍ശിനി

നിഷാദിന്റെ വൈരത്തിളക്കം
















കാലികപ്രശ്‌നങ്ങളാണ്‌ എം.എ.നിഷാദ്‌ തന്റെ എല്ലാ സിനിമയ്‌ക്കും വിഷയങ്ങളാക്കിയിരിക്കുന്നത്‌. ഒരു മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ്‌ നിഷാദ്‌ സിനിമയെ സമീപിക്കുന്നത്‌. ഈ യുവസംവിധായകന്റെ ദൃശ്യഭാഷ്യം അനീതിക്കെതിരെയുള്ള പോരാട്ടങ്ങളാണെന്ന്‌ ഓരോ സിനിമയെടുത്ത്‌ പരിശോധിച്ചാല്‍ കാണാം.

ആദ്യസിനിമയായ പകല്‍, നഗരം, ആയുധം, ഇപ്പോള്‍ ഇറങ്ങിയ വൈരം എല്ലാ സിനിമകളും സമൂഹത്തിലെ നേര്‍ക്കാഴ്‌ചകളാണ്‌. കര്‍ഷക ആത്മഹത്യ, മാലിന്യപ്രശ്‌നം, തീവ്രവാദം, ലൈംഗികചൂഷണം എല്ലാംതന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതാണ്‌. 'വൈര'ത്തിലൂടെ താനൊരു അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ്‌ നടത്തിയതെന്ന്‌ പറയാനാണ്‌ സംവിധായകനും കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ്‌ ഇഷ്‌ടപ്പെടുന്നത്‌.

? 'ഒരാള്‍ മാത്രം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായിട്ടാണല്ലോ ചലച്ചിത്ര മേഖലയിലേക്കുള്ള താങ്കളുടെ പ്രവേശനം. ഈ മേഖല തെരഞ്ഞെടുക്കാന്‍ പ്രചോദനം.

കോട്ടയം താഴത്തങ്ങാടിയിലാണ്‌ ജനിച്ചതെങ്കിലും അമ്മയുടെ വീടായ പുനലൂരാണ്‌ ബാല്യവും കൗമാരത്തിന്റെ ഏറെഭാഗവും ചെലവഴിച്ചത്‌.അമ്മവഴിയുള്ള അടുത്ത ബന്ധുവാണ്‌ പ്രേംനസീറിന്റെ മകളെ കെട്ടിയത്‌. ആ ഒരു ബന്ധത്തിപുറമേ അമ്മയുടെ വീട്ടില്‍നിന്ന്‌കൊണ്ട്‌ ധാരാളം സിനിമകള്‍ കാണാനുള്ള അവസരം ലഭിച്ചിരുന്നു. അതുപോലെ അഭിലാഷ്‌, ആനന്ദ്‌ തുടങ്ങിയ തിയറ്ററുകളിലും കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്‌. 1976-ല്‍കണ്ട പ്രേംനസീറിന്റെ 'യാഗാശ്വം' എന്ന സിനിമയാണ്‌ എന്നില്‍ സിനിമയോടുള്ള അഭിനിവേശം കലശലാക്കിയത്‌. അഞ്ചോ ആറോ വയസുള്ളപ്പോഴാണ്‌ ഞാന്‍ അന്‍സാരിമാമയുടെകൂടെപോയി 'യാഗാശ്വം' കണ്ടത്‌.

സിനിമ എങ്ങനെ ജനിക്കുന്നു ? എന്താണ്‌ സംവിധാനം ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം എനിക്ക്‌ ഉത്തരം നല്‍കയത്‌ അന്‍സാരിമാമയാണ്‌. സിനിമയിലെ കലാപരമായ സാധ്യതകളെക്കുറിച്ചും പറഞ്ഞുതന്നതും ഈ മാമതന്നെയാണ്‌. മുതിര്‍ന്നപ്പോള്‍ ഇളയമാമയായ ഷാഫിയുടെകൂടെയാണ്‌ സിനിമ കണ്ടുതുടങ്ങിയത്‌. ഞങ്ങള്‍ സിനിമകളെക്കുറിച്ച്‌ പരസ്‌പരം സംസാരിച്ചു. അഭിപ്രായങ്ങള്‍ പങ്കുവച്ചു. എഞ്ചിനിയറിംഗ്‌ വിദ്യഭ്യാസം കഴിഞ്ഞപ്പോള്‍ സിനിമാമേഖലയിലേക്ക്‌ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു സിനിമാസംവിധായകന്റെ കീഴില്‍ സഹായിയായി പ്രവര്‍ത്തിക്കാന്‍ മനസ്‌ വന്നില്ല. സിനിമയെ കൂടുതല്‍ അറിയാന്‍ അടുത്ത്‌ മനസിലാക്കാന്‍ ഒരു സിനിമനിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഷാഫിമാമയും ഞാനുംചേര്‍ന്നാണ്‌ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത 'ഒരാള്‍ മാത്രം' നിര്‍മ്മിച്ചത്‌. പിന്നീട്‌ ഡ്രീംസ്‌, തില്ലാന തില്ലാന എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. ഒരോസിനിമകളും നിര്‍മ്മിക്കുമ്പോഴും ഞാന്‍ സിനിമയെ മറ്റൊരുഭാഗത്ത്‌നിന്ന്‌ കണ്ടുപഠിക്കുകയായിരുന്നു.

? താങ്കള്‍ സംവിധാനം ചെയ്‌ത പ്രഥമചിത്രമാണല്ലോ 'പകല്‍'. കാലികവിഷയമായ കര്‍ഷക ആത്മഹത്യ ഈ സിനിമയുടെ ഇതിവൃത്തമാക്കാന്‍ കാരണം.

സിനിമ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള മാധ്യമമാണെന്നാണ്‌ എന്റെ വിശ്വാസം. സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്‌ക്ക് പ്രേക്ഷകനോട്‌ എന്തെങ്കിലും സംവേദിക്കാനുണ്ടാകണം. വെറുതെ ഒരു തട്ടുപൊളിപ്പന്‍ സിനിമചെയ്യാന്‍ താത്‌പര്യമുണ്ടായില്ല. ഞാന്‍ സിനിമയെ വളരെ ഗൗരവമായികാണുന്നു. അതുകൊണ്ടുതന്നെയാണ്‌ രാഷ്‌ട്രീയ പശ്‌ചാത്തലംകൂടി കണക്കിലെടുത്ത്‌ കാര്‍ഷികപ്രതിസന്ധിമൂലം ആത്മഹത്യ ചെയ്‌ത- ആത്മഹത്യയുടെവക്കത്തുള്ള ഒരു കൂട്ടം കര്‍ഷകര്‍ വസിക്കുന്ന ഗ്രാമത്തിന്റെ കഥ തെരഞ്ഞെടുത്തത്‌. നമ്മുടെ വിശപ്പകറ്റാന്‍ കഷ്‌ടപ്പെടുന്നവര്‍ വിഷം കഴിച്ചുമരിക്കേണ്ടിവരുന്ന ഒരു അവസ്‌ഥവന്നാല്‍ നമ്മള്‍ പ്രതികരിക്കണം. ഒരു കലാകാരനെന്നനിലയ്‌ക്ക് ഞാന്‍ എന്റെ പ്രതിബദ്ധത നിര്‍വഹിച്ചു. അത്‌ എത്രമാത്രം വിജയിച്ചുവെന്ന്‌ എനിക്ക്‌ അറിയില്ല.

? ആഗോളതലത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ അല്ലെങ്കില്‍ ഗ്രാണീണര്‍ നേരിടുന്ന ഭീഷണിയാണ്‌ മാലിന്യ പ്രശ്‌നം. രണ്ടാമത്തെ ചിത്രമായ 'നഗര' ത്തിന്റെ വിഷയവും കാലികവിഷയമായ മാലിന്യ പ്രശ്‌നമായിട്ടും സിനിമ ഒരു മോശം പ്രതികരണമായിരുന്നല്ലോ.

നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റ്‌ വാങ്ങുവാന്‍ വിധിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ കഷ്‌ടതനിറഞ്ഞകഥ പറയാനാണ്‌ 'നഗര' ത്തിലൂടെ ഞാന്‍ ശ്രമിച്ചത്‌. മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനിടയാകുന്ന മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന അവസ്‌ഥ ദുഷ്‌കരമാണ്‌. എല്ലാ മാറാരോഗങ്ങളുടെയും തുടക്കം മാലിന്യങ്ങളില്‍നിന്നാണല്ലോ. ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ്‌ ചിത്രം വിരല്‍ ചൂണ്ടുന്നത്‌. തൃശൂരിലെ ലാലൂര്‍, ബ്രഹ്‌മപുരം, വളപ്പില്‍ശാല ഇവിടെല്ലാം മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ട്‌ വര്‍ഷങ്ങളായി. ഇവിടെ ജീവിക്കുന്നവരെ എന്തിനാണ്‌ രണ്ടാംപൗരന്‍മാരായികാണുന്നത്‌. ശാസ്‌ത്രീയ മാലിന്യസംസ്‌കരണം അധികൃതര്‍ നടപ്പിലാക്കണം. ഇന്ത്യയുടെ ആത്മാവ്‌ ജീവിക്കുന്നത്‌ ഗ്രാമങ്ങളിലാണെന്നാണ്‌ ഗാന്ധിജി പറഞ്ഞിട്ടുള്ളത്‌. ഗ്രാമങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്‌. ഇന്ത്യപോലുള്ള മൂന്നാം രാഷ്‌ട്രങ്ങളെ അമേരിക്കയെപോലുള്ള സാമ്രജ്യത്വശക്‌തികള്‍ എങ്ങനെയാണോ കുപ്പതൊട്ടിയാക്കിയിരിക്കുന്നത്‌ അതുപോലെയാണ്‌ നഗരങ്ങള്‍ ഗ്രാമങ്ങളെ കുപ്പതൊട്ടിയാക്കിയിരിക്കുന്നത്‌. ഉപഭോഗസംസ്‌കാരത്തിന്‌ അടിമപ്പെട്ടവരുടെ മാലിന്യമനസും ശദ്ധീകരിക്കേണ്ടതുണ്ട്‌ എന്ന സന്ദേശമാണ്‌ ഞാന്‍ നഗരത്തിലൂടെ പറയാന്‍ ശ്രമിച്ചത്‌. എന്നാല്‍ തിരക്കഥയുടെ പാളിച്ചകൊണ്ട്‌ സിനിമ ശ്രദ്ധിക്കാതെപോയി.

? സിനിമയുടെ സമസ്‌ഥതലങ്ങളിലേക്കും കണ്ണോടിക്കേണ്ടത്‌ സംവിധായകനല്ലേ. തിരക്കഥ വായിച്ചപ്പോള്‍ ആ പാളിച്ച നേരത്തെ കണ്ടില്ലേ.

എന്റെ കഥ ഒരു ആക്ഷേപഹാസ്യമാക്കാനാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. എനിക്ക്‌ സംതൃപ്‌തിയാകാത്തതരത്തിലാണ്‌ രാജന്‍ കിരിയത്ത്‌ തിരക്കഥ പൂര്‍ത്തിയാക്കിയത്‌. ഹാസ്യത്തിന്റെ മേമ്പൊടികള്‍ചേര്‍ത്ത്‌ നൂതനമായ ശൈലിയോടുകൂടിയ സ്‌ക്രിപ്‌റ്റാണ്‌ ഞാന്‍ ആവശ്യപ്പെട്ടത്‌. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതിയ രാജന്‍ കിരിയത്ത്‌തന്നെയാണ്‌ എന്നെ വന്ന്‌ സമീപിച്ചത്‌. കഥയെക്കുറിച്ചും കഥാപശ്‌ചാത്തലത്തെക്കുറിച്ചും ഞാന്‍ നിരവധിതവണ പറഞ്ഞുകൊടുത്തിട്ടും അദ്ദേഹത്തിന്‌ അത്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗിന്റെ തലേദിവസമായിട്ടും സ്‌ക്രിപ്‌റ്റ് പൂര്‍ത്തിയായില്ല. അദ്ദേഹം കാണിച്ച വൈമുഖ്യം സിനിമയോട്‌ കാണിച്ച മോശമായ നിലപാടാണ്‌. അസംതൃപ്‌തിയോടെയാണ്‌ ഞാന്‍ സിനിമ തുടങ്ങിയത്‌. 'നഗരം' ഒരു മോശം സിനിമയാണെന്ന്‌ ഞാന്‍ പറയുന്നില്ല. അത്‌ നല്ലൊരു സിനിമയാക്കാമായിരുന്നു. എന്റെ സിനിമാജീവിതത്തിലെ ഒരു കറുത്ത അധ്യായമാണ്‌ 'നഗരം'.

? മൂന്നാമത്തെ സിനിമയായ 'ആയുധ'ത്തിലൂടെ പറഞ്ഞത്‌.

അയല്‍രാജ്യങ്ങളുടെ ആയുധങ്ങളാണ്‌ നമ്മുടെ ചെറുപ്പക്കാര്‍. വൃത്തിക്കെട്ട പ്രവൃത്തികള്‍ ചെയ്യുന്നവരുണ്ട്‌ . അതിന്റെ പേരില്‍ വീവ്രവാദം ആരോപിച്ച്‌ നമ്മുടെ ചെറുപ്പക്കാര്‍ തീവ്രവാദികളാകുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. മറ്റൊരുവന്‍ ചെയ്‌ത കുറ്റത്തിന്റെ പേരില്‍ ഒരു സമൂഹത്തെ ഒരു സമുദായത്തെ മൊത്തമായി വിരല്‍ ചൂണ്ടുന്നത്‌ ശരിയല്ല. അതാണ്‌ ആയുധത്തിലൂടെ പറഞ്ഞത്‌. ആയുധത്തില്‍ മുരളിചേട്ടന്‍ വാങ്ക്‌ വിളിക്കുന്ന ഒരു മുക്രിയുടെ വേഷത്തിലാണ്‌. സോഫ്‌റ്റ്വെയറായ അദ്ദേഹത്തിന്റെ മകന്റെ ഫോണിലേക്ക്‌ ഒരു മിസഡ്‌ കോള്‍ വരുകയാണ്‌.

അതിന്റെ പേരില്‍ യുവാവിനെ തീവ്രവാദബന്ധം പറഞ്ഞ്‌ കുറ്റംചുമത്തുകയാണ്‌. അയാള്‍ക്കറിയാം മകന്‍ കുറ്റക്കാരനല്ലെന്ന്‌. കുടുംബത്തിനെ ആക്രമിക്കാതിരിക്കാന്‍ യുവാവ്‌ കുറ്റം ഏറ്റെടുക്കുകയാണ്‌. എനിക്ക്‌ ഒരു 'ഐഡന്റിറ്റി' തന്ന ചിത്രമാണ്‌ ആയുധം. ആയുധം ഒരു സൂപ്പര്‍ഹിറ്റ്‌ ചിത്രമല്ലെങ്കിലും ഒരു ഹിറ്റ്‌ ചിത്രമായിരുന്നു.

?വൈരത്തിനുമുമ്പ്‌ ഒരു ഹ്രസ്വ ചിത്രം ചെയ്‌തല്ലോ. 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം'.

സാധാരണകാരന്‍ അവിചാരിതമായി ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക്‌ പോയാല്‍ സംഭവിക്കുന്നതാണ്‌ 'ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോക' ത്തില്‍ പറയുന്നത്‌. ഒരു എഴുത്തുകാരന്‍ നഗരം ചുറ്റുന്നതിനിടയില്‍ ഒരു നാടോടിപെണ്‍കുട്ടി വാഹനമിടിച്ച്‌ കിടക്കുന്നത്‌ കാണുന്നു. ഉടന്‍ അയാള്‍ പെണ്‍കുട്ടിയെ നഗരത്തിലെ ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ എത്തിച്ച്‌ പുറത്ത്‌ കാത്തിരിക്കുന്നു. വൈകുന്നേരമായിട്ടും വിവരം കിട്ടാത്തതിനെത്തുടര്‍ന്ന്‌ അയാള്‍ അന്വേഷിച്ചപ്പോഴാണ്‌ മനസിലാകുന്നത്‌, നാടോടിപെണ്‍ക്കുട്ടി മരിച്ചിരിക്കുന്നത്‌. പെണ്‍ക്കുട്ടിയുടെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാനായി മാറ്റിവച്ചിരിക്കുന്ന കാഴ്‌ച അയാളെ സ്‌തബ്‌ധനാക്കുന്നു. മനുഷ്യജീവിതങ്ങള്‍ക്ക്‌ വിലയില്ലാത്ത ഒരു ലോകമാണ്‌ ഇന്നത്തെ ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോകം. സുസ്‌മേഷ്‌ ചന്ദ്രോത്തിന്റെ കഥയാണിത്‌. മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്‌ 'ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോക'ത്തിനായിരുന്നു.

?തിയറ്ററില്‍ ഓടികൊണ്ടിരിക്കുന്ന വൈരത്തിന്റെ പ്രതികരണം.

സമകാലികമായ ഒരു വിഷയം ഒരു കമ്മേര്‍ഷ്യല്‍ചേരുവകളോടെ പറഞ്ഞതാണ്‌ വൈരം. മലയാളത്തില്‍ അടുത്തിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നാണ്‌ വൈരം. എന്റെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന സിനിമയാണിത്‌. വൈരത്തിന്‌ രണ്ട്‌ അര്‍ഥമുണ്ട്‌ രത്നമെന്നും വൈരാഗ്യമെന്നും. ശിവരാജന്‍ എന്ന തമിഴനായ ബാങ്ക്‌ മാനേജര്‍ കേരളത്തില്‍ ജോലിചെയ്യുന്നതിനിടയില്‍ അയാളുടെ ഓമന മകള്‍ 'വൈരമണി' കൊലചെയ്യപ്പെടുന്നു. നീതിക്ക്‌വേണ്ടിയുള്ള ഒരച്‌ഛന്റെ പോരാട്ടമാണ്‌ വൈരം. കനലുപോലെ എരിയുന്ന ജീവിതത്തിന്റെ ദൃശ്യഭാഷയാണ്‌ വൈരം. ഒരു തിരക്കഥാകൃത്തിന്റെ പിന്‍ബലം കിട്ടിയചിത്രമാണ്‌ വൈരം. 'ലാല്‍സലാം' പോലുള്ള ചിത്രത്തിന്‌ തിരക്കഥ എഴുതിയ ചെറിയാന്‍കല്‌പകവാടിയുടെ 'പക്ഷേ'യാണ്‌ എന്നെ ഏറ്റവും സ്‌പര്‍ശിച്ചത്‌. വൈരം ജനം കൈനീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്‌ ഞാന്‍.

? പ്രഥമചിത്രമായ 'പകലി'ലും ഇപ്പോള്‍ പുറത്തിറങ്ങിയ 'വൈരത്തി'ലും കഥയുടെ ചുരുളഴിക്കുന്നത്‌ മാധ്യമപ്രവര്‍ത്തകരാണല്ലോ.

അതേ, പകലില്‍ ന്ദകുമാറും(പൃഥിരാജ്‌), വൈരത്തില്‍ ആനിജേക്കബും(സംവൃത സുനില്‍) മാധ്യമപ്രവര്‍ത്തകരാണ്‌. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണ്‌. അവരെ ആശ്രയിക്കാതെ ഇന്ന്‌ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഏത്‌ സംഭവവും ജനശ്രദ്ധയിലെത്തിക്കുന്നത്‌ മാധ്യമപ്രവര്‍ത്തകരാണ്‌. ഇവര്‍ സമൂഹത്തിന്റെ തിരുത്തല്‍ശക്‌തികളാണ്‌. വൈരത്തില്‍ വധശിക്ഷയ്‌ക്ക് വിധിച്ച ശിവരാജനെ പൊതുവേദിയില്‍ ഒരു സംഘം ആക്രമിക്കുന്നുണ്ട്‌. സംഭവം കണ്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വെറുതെയിരിക്കാന്‍ കഴിയില്ല. ആനിജേക്കബ്‌ എന്ന ജേണലിസ്‌റ്റ് അതിന്റെ കാരണം തേടിപോകുന്നതിലൂടെയാണ്‌ ശിവരാജന്‌ ഒരു ഓമനപുത്രിയുണ്ടെന്നും കഥയുടെ സത്യാവസ്‌ഥ മറ്റൊന്നാണെന്നും മനസിലാകുന്നത്‌. കാലികവിഷയം സിനിമയ്‌ക്ക ്‌ ഇതിവൃത്തമാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ റോള്‍ അത്യാവശ്യമാണ്‌.

ധനേഷ്‌ കൃഷ്‌ണ

കവിത : അലവലാതികള്‍

അലവലാതികള്‍

കോഴിക്കോട്‌ ബസ്സ്റ്റാന്‍ഡിലെ

സിമന്റു ബഞ്ചില്‍

കൂനിവളഞ്ഞിരുന്ന്‌ മലയാളപത്രം

നോക്കുന്ന

കെളവനെ നോക്കി

മനസില്‍ പറഞ്ഞു,

'അലവലാതി'.

വായിക്കുന്നെങ്കില്‍ ഹിന്ദു വായിക്കണം.

വാര്‍ത്തയെന്നാല്‍, അതാണു വാര്‍ത്ത.

ഭാഷയെന്നാല്‍, അതിലേതാണു ഭാഷ.

ടെലിവിഷനു മുന്നിലിരിക്കുമ്പോള്‍

സ്‌റ്റാര്‍ പ്ലസും ബി.ബി.സിയും വിട്ട്‌

ഏഷ്യാനെറ്റില്‍ തട്ടിനിന്ന അമ്മയെ നോക്കി

അങ്ങനെ പറഞ്ഞില്ലെങ്കിലും

ഇങ്ങനെ പറഞ്ഞു

'ചവറ്‌ സീര്യേല്‌'.

സ്‌പോര്‍ട്‌സ് സ്യൂട്ടണിഞ്ഞ്‌

വൈകുന്നേരം നടക്കാനിറങ്ങി

ഏതോ സര്‍ക്കാര്‍ പള്ളിക്കൂടം വിട്ട്‌,

അലഞ്ഞുതിരിഞ്ഞ്‌,

മാങ്ങാച്ചുന പുരണ്ട കവിളുകളോടെ

കുറേ കുട്ടികള്‍

ബഹളം കൂട്ടി കടന്നുപോയി.

മനസില്‍ പിറുപിറുത്തു

'കച്ചറപിള്ളേര്‌'.

അരണ്ട വെളിച്ചംവീണ ബാറിന്റെ മൂലയില്‍

അവര്‍ നാലുപേര്‍ ടെന്‍ഷന്‍ മറക്കുകയാണ്‌,

വഴങ്ങാത്ത നാവുവളച്ച്‌

ഒരുവന്‍ പാട്ടുപാടി.

കലാഭവന്‍ മണിയുടെ നാടന്‍(?)പാട്ട്‌.

ഒരുവന്‍ പറഞ്ഞു

'മലയാളം കൊള്ളാം'.

''മണിയ്‌ക്കിനിയും ജ്‌ഞാനപീഠം കിട്ടാത്തതെന്ത്‌?''.

സി. ശ്രീകുമാര്‍ തട്ടക്കുഴ

Monday, October 26, 2009

സ്വന്തം അയ്യപ്പന്‍

സ്വന്തം അയ്യപ്പന്‍












തിരുവനന്തപുരം

1988 ഓഗസ്‌റ്റ് 16.

പ്രിയ സെബാസ്‌റ്റ്യന്‍,

മുണ്ഡനം ചെയ്‌തതിനു തുല്യം എന്റെ മുടി മുറിച്ചുകളഞ്ഞു.

അന്നു കണ്ടതിലും ശരീരം പകുതിയായി.

ഇവിടം വിട്ട്‌ എത്രയും ദൂരെ പോകണമെന്നുണ്ട്‌.

എന്നിട്ടും വയ്യ.

ഇതൊക്കെയായിരുന്നു എഴുതാത്തതിനു കാരണം.

ഞാന്‍ തീരെ കിടപ്പിലായിരുന്നു.

ഞാനും മരണവുമായുള്ള ഒരു സംഗമേച്‌ഛ കൂടിയായിരുന്നുവെന്നു വേണം പറയാന്‍.

നേരിയ നെഞ്ചുവേദനയായിരുന്നു. കണ്ണു തുറന്നതു ജനറല്‍ ആശുപത്രിയിലും. ഇപ്പോള്‍ വളരെ മിടുക്കനായിപ്പോയി. മുടി മുളയ്‌ക്കുന്നു. ശ്‌മശ്രുക്കള്‍ വളരുന്നു.

സദാ കണ്ണട, പേന, പുസ്‌തകം ഇതൊക്കെ എനിക്കു ജീവിതം തരുന്ന വിഭവവേളയാണ്‌. വളരെയേറെ എന്റെ മരണത്തെക്കുറിച്ച്‌ എഴുതണമെന്നുണ്ട്‌. അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തേക്കുറിച്ച്‌. കഴിയുന്നില്ല. ഈ വരുന്ന 25-ന്‌ ഞാന്‍ വരും. വൈകിട്ട്‌് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ആ ആല്‍ത്തറയിലിരിക്കും.

ആ വഴിക്ക്‌ ഞാന്‍ കോഴിക്കോട്ടേക്കു പോകും.

ആ വഴിക്ക്‌.. ആ വഴിക്ക്‌...

നിന്റെ സ്വന്തം അയ്യപ്പന്‍.

അയ്യപ്പന്‍ എനിക്കെഴുതിയിട്ടുള്ള നൂറുകണക്കിനു കത്തുകളില്‍ ഒരെണ്ണമാണു മുകളില്‍. മരണതുല്യമായ ജീവിതത്തേക്കുറിച്ചും മരണത്തേക്കുറിച്ചും വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം പറയുന്നു.

എങ്കിലും തനിക്ക്‌ അറുപതായി എന്നു നമ്മളെ നിശബ്‌ദമായി ഓര്‍മിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ആത്മമിത്രങ്ങളായിരുന്ന വി.പി. ശിവകുമാര്‍, ജോണ്‍ ഏബ്രഹാം, സുരാസു, നരേന്ദ്രപ്രസാദ്‌, കടമ്മനിട്ട, മുരളി എന്നിവരെല്ലാം മരണത്തിലേക്കു നടന്നുപോയിട്ടും വാക്കുകളുടെ വജ്രസൂചികള്‍ കൊണ്ട്‌ അനുവാചകന്റെ കരള്‍ കൊത്തി മുറിക്കുവാന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യത്തിനായി പ്രകൃതി തന്നെ അദ്ദേഹത്തെ കാത്തു സംരക്ഷിച്ചു ജീവിപ്പിക്കുന്നു.

കരിനാക്കുള്ള പാട്ടുകാരനായി... മലയാളി കവിതയില്‍ ഗദ്യത്തിന്‌ അപൂര്‍വമായ സാന്ദ്രതയും സംഗീതവും നല്‍കി... ജീവപര്യന്തം കവിയായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട്‌...

ഒരുവനു കവിത അവന്റെ ജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടു നില്‌ക്കാം എന്നതിനു മലയാള ഭാഷയിലെ അവസാന വാക്കാകുമെന്നു തോന്നിപ്പിക്കുന്നു അയ്യപ്പന്‍.

കാട്ടുപുല്ലുകള്‍ക്കിടയില്‍ പൊട്ടിമുളച്ച്‌.. ഋതുഭേദങ്ങളെ കൊഞ്ഞനം കുത്തി.. വിടര്‍ന്നുനില്‌ക്കുന്ന വിഷപ്പൂവ്‌...

ഇടിമിന്നല്‍ ഏല്‍ക്കാതെ വാടിക്കരിയാതെ മഴയില്‍ പൊഴിയാതെ ചെറുകാറ്റില്‍ ഉന്മാദിയായി ചൂണ്ടുവിരലും പെരുവിരലും മഷിത്തണ്ടും കൊണ്ടു ഹൃദയത്തില്‍ നിന്നും പൊട്ടി ഒലിച്ച കാരീയം കോരിയെറിഞ്ഞ്‌... മലയാളഭാഷ അതുവരെ പരിചയിക്കാത്ത തന്റേതു മാത്രമായ രക്‌തനക്ഷത്രങ്ങള്‍ ചമച്ച്‌.. വ്യത്യസ്‌തമായ വഴിവെട്ടി കവിതയ്‌ക്ക് ആഴത്തിന്റെയും പരപ്പിന്റെയും ശക്‌തമായ ഒരു മൗലികത നല്‍കി കവിതയുമായി സഹവസിക്കേണ്ടത്‌ എങ്ങനെയെന്ന്‌, ചോര ചീറ്റുമാറു നെഞ്ചുകീറി തെളിയിക്കുകയും ചെയ്‌ത്... ചേറുള്ള കാലടികളില്‍ തീര്‍ഥയാനങ്ങളുടെ മുദ്രകള്‍ സൂക്ഷിച്ച്‌... അയ്യപ്പന്‍.

എനിക്ക്‌ പതിനഞ്ചു വയസുള്ളപ്പോള്‍ തുടങ്ങുന്നു അദ്ദേഹവുമായുള്ള ബന്ധം. ഒരു പ്രസിദ്ധീകരണത്തില്‍ ഒരേ പേജില്‍ രണ്ടുപേരുടെയും കവിത അച്ചടിച്ചു വന്നത്‌.. അദ്ദേഹം എനിക്ക്‌ കത്തെഴുതിയത്‌.. അദ്ദേഹത്തെ തേടി എറണാകുളം മുഴുവന്‍ ഞാന്‍ അലഞ്ഞത്‌.. പിന്നെ ഒയാസീസ്‌ ലോഡ്‌ജില്‍ വച്ചു കണ്ടത്‌.. പരസ്‌പരം ഒഴുകിച്ചേര്‍ന്നത്‌.. അദ്ദേഹത്തിന്റെ നിഴലായ്‌ ഞാന്‍ മാറിയത്‌.. പിന്നീട്‌ കാലം പോയത്‌ ഒരൊറ്റ മിന്നലായാണ്‌. പേമാരിയും ഇടിവെട്ടുമില്ലാതെ ഞൊടിയിടെ വെറും മിന്നലായ്‌.. ഞങ്ങളുടെ ജീവിതത്തില്‍ മുപ്പതു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവായി എനിക്കു തോന്നിയിട്ടില്ല. അത്രയ്‌ക്ക് അലിഞ്ഞിരുന്നു എന്റെ ജീവിതവുമായി അദ്ദേഹം.

എന്റെ ആദ്യ കവിതാസമാഹാരമായ 'പുറപ്പാടി'ല്‍ ആദ്യം ചുംബനം എന്ന കുറിപ്പില്‍ അദ്ദേഹം എഴുതി: ''വെയിലില്‍ വിഹലമല്ലാത്ത മഹാവൃക്ഷത്തിന്റെ ചുവട്‌ ഞാനാശംസിക്കുന്നു. ഏറ്റവും നല്ല കവിതയെഴുതുന്ന കവിയുടെ കൈവിരലുകള്‍ കടിച്ചുമുറിക്കാന്‍ നിന്റെ ദംഷ്‌ട്രകള്‍ക്കു ഞാനുറപ്പു തരുന്നു..''

വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ 'കണ്ണ്‌' എന്ന കാവ്യസമാഹാരത്തിന്റെ ആദ്യപേജില്‍ അദ്ദേഹം കുറിച്ചിട്ടു:

''എന്നും ഒരു കാലൊച്ച പ്രതീക്ഷിക്കുന്ന സാഹോദര്യത്തിന്‌, സെബാസ്‌റ്റ്യന്‌.

അദ്ദേഹത്തിന്റെ നിഴലായി മാറിയ ഞാന്‍ ആ ജീവിതവും കവിതയും വിസ്‌മയത്തോടെ നോക്കിനിന്നു.

ഇതിനിടയില്‍ അദ്ദേഹം പലയിടങ്ങളിലേക്കും പറന്നുപോയി. മദ്രാസില്‍...ഡല്‍ഹിയില്‍...ആന്‌ധ്രയില്‍... റെയില്‍വേ പ്ലാറ്റ്‌ഫോം... ബസ്സ്റ്റാന്‍ഡ്‌... വരാന്തകള്‍... രാത്രി തങ്ങുവാനുള്ള ഇടങ്ങളാക്കി... ഈ ജീവിതയാത്രയില്‍ അദ്ദേഹം എനിക്കു നിരന്തരം കത്തുകള്‍ എഴുതി.

നിരവധി വട്ടം നാട്ടിലും വീട്ടിലും വന്നു.. ഞങ്ങള്‍ ഒരുമിച്ചു യാത്രകള്‍ ചെയ്‌തു.

എന്റെ അമ്മ വിളമ്പിയ ചോറ്‌ ഒന്നിച്ചുണ്ടു.. എന്റെയും എന്റെ ബന്ധുക്കളുടെയും എല്ലാ വിശേഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. എന്റെ വിവാഹത്തിനു സഹോദരതുല്യം കൂടെ നിന്നു. ആലുവയിലെ ഞങ്ങളുടെ കടയ്‌ക്കു പിന്നില്‍ അദ്ദേഹത്തിനായി പണി തീര്‍ത്ത മുറിയില്‍ നാലുവര്‍ഷത്തോളം താമസിച്ചു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ അദ്ദേഹത്തെ തേടി വന്നപ്പോള്‍ ആലുവ ചന്തയില്‍ വെച്ച്‌ അദ്ദേഹത്തിനു സ്വീകരണം നല്‍കി. ആ ചടങ്ങില്‍ വന്‍ ജനാവലിക്കു മുമ്പില്‍ വച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രസംഗിച്ചു: ''ഞാന്‍ ചന്തകളില്‍ പ്രസംഗിക്കാന്‍ യോഗ്യനല്ല. ഇങ്ങനെയുള്ള സ്‌ഥലങ്ങളില്‍ പ്രസംഗിച്ചവര്‍ ശ്രീ യേശുദേവനും ശ്രീബുദ്ധനും മുഹമ്മദ്‌ നബിയും മറ്റുമാണ്‌....''

ആലുവ താമസത്തിനിടയില്‍ അയ്യപ്പന്‍ പലവട്ടം ആശുപത്രിയിലായി. അദ്ദേഹത്തെ ബാധിച്ച ഒരു വലിയ അസുഖം ചികിത്സിച്ചു മാറ്റാന്‍ സഹായിച്ചത്‌ ന്യൂയോര്‍ക്കിലെ മലയാള കവി റെജീസ്‌ ജോണാണ്‌...

ഇതിനിടെ ഒഡേസ മൂവീസ്‌ അയ്യപ്പനെക്കുറിച്ചു സിനിമയെടുത്തു.

ഡല്‍ഹിയിലും കേരളത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട പലയിടങ്ങളിലും വച്ച്‌ അതു ചിത്രീകരിച്ചു.

കൂടിയാട്ടത്തിന്റെ ആചാര്യന്‍ ലോകപ്രശസ്‌തനായ വേണുജി, അയ്യപ്പന്റെ സഹപാഠിയാണ്‌.ഇരിങ്ങാലക്കുടയിലെ നാട്യകൈരളിയില്‍ ഒരിക്കല്‍ കാളിദാസ മഹോത്സവം നടക്കുമ്പോള്‍ ആ വേദിയില്‍ വച്ച്‌ അയ്യപ്പനെ വേണുജി പൊന്നാടയണിയിച്ച്‌ ആദരിച്ചു. അയ്യപ്പനുമായുള്ള ബാല്യകാലാനുഭവങ്ങള്‍ പങ്കുവച്ചു അദ്ദേഹം.

എന്റെ ജീവിതത്തിലെന്ന പോലെ എന്റെ കാവ്യജീവിതത്തിലും നിറഞ്ഞുനിന്നു അദ്ദേഹം. ആദ്യ പുസ്‌തകത്തിലര്‍പ്പിച്ച ആദ്യ ചുംബനം മുതല്‍ എന്റെ ഈയിടെ തുടങ്ങിയ ആറാമത്തെ കവിതാസമാഹാരമായ 'ഇരുട്ട്‌ പിഴിഞ്ഞ്‌' കൊല്ലത്തുവച്ചു ഡി.സി. ബുക്‌സ് പ്രകാശിപ്പിച്ചപ്പോള്‍ സദസില്‍ കാണികള്‍ക്കിടയിലിരുന്ന്‌ അദ്ദേഹമെന്നെ അനുഗ്രഹിച്ചു.

അയ്യപ്പനു കേരളം മുഴുവന്‍ സുഹൃത്തുക്കളുണ്ട്‌. ഇങ്ങനെയുള്ള അനുഭവങ്ങള്‍ അവര്‍ക്കുമുണ്ടാകാം. അവര്‍ക്കും അദ്ദേഹത്തെക്കുറിച്ചു പലതും പറയാനുണ്ടാകും.

എങ്കിലും

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ വീട്ടിലെ കഞ്ഞിപ്പുരയില്‍ അമ്മ വിളമ്പിയ ചോറ്‌ പലകയിലിരുന്നു കഴിക്കുന്ന ഞാനാകും കൗമാര കവിയും അയ്യപ്പനും.

ഇന്നു വീട്ടിലെ ഡൈനിംഗ്‌ ടേബിളില്‍ എനിക്കും അയ്യപ്പനും ചോറു വിളമ്പുന്ന എന്റെ ഭാര്യ.

എന്റെ മക്കള്‍ക്ക്‌ ഉടുപ്പുകളും ഭാര്യയ്‌ക്കു സാരിയും വാങ്ങി, പണ്ഡിറ്റ്‌ കറുപ്പന്‍ അവാര്‍ഡ്‌ തുകയില്‍ ബാക്കിയുമായി വരുന്ന അയ്യപ്പന്‍. ചിലപ്പോഴെല്ലാം മാസങ്ങള്‍ കഴിഞ്ഞിട്ടും വരാതെയാകുന്ന അയ്യപ്പനെ കാത്തിരിക്കുന്ന എന്റെ മക്കള്‍.. ഭാര്യ..

എന്റെ അപ്പന്‍ കിടപ്പിലായിരുന്നിട്ടും അയ്യപ്പന്‍ വന്നാല്‍ അപ്പന്‍ അറിയും. ശബ്‌ദം കേള്‍ക്കുമ്പോള്‍ ഉറക്കെ വിളിച്ചു ചോദിക്കും..

'അയ്യപ്പന്‍ വന്നോടാ..'

കാലങ്ങള്‍ പോയി. അയ്യപ്പന്‍ എനിക്കും ഞാന്‍ അയ്യപ്പനും കത്തെഴുതാതെയായി. അദ്ദേഹം എനിക്കയച്ച നൂറുകണക്കിനു കത്തുകള്‍ ഫയലില്‍ വിശ്രമിക്കുന്നു. ഞങ്ങളിരുന്നു കഞ്ഞികുടിച്ച അടുക്കളപ്പുരയും പലകയും ഇപ്പോഴില്ല.

അമ്മയും അപ്പനും ഓര്‍മയായി..

ആലുവ മാര്‍ക്കറ്റില്‍ അയ്യപ്പന്‍ വര്‍ഷങ്ങള്‍ താമസിച്ച മുറി പൊളിച്ചു പോയി.

മുപ്പതു വര്‍ഷത്തെ കവിതയും കാലവും മാറി...

അയ്യപ്പനും അദ്ദേഹത്തിന്റെ കവിതയും മാറിയില്ല.

2009 സെപ്‌റ്റംബര്‍ 27, പുലരുന്നേയുള്ളൂ.

കാലവര്‍ഷം പോയ്‌ മറഞ്ഞിട്ടും വൈകി വന്ന മഴ തിമര്‍ത്തു പെയ്യുന്നു. ആകെ നനഞ്ഞു വിറച്ച്‌ എന്റെ വീടിനുമ്മറത്ത്‌ എവിടെ നിന്നോ വന്ന്‌ അയ്യപ്പന്‍ വിളിക്കുന്നു- ''എടാ ഉണര്‍ന്നില്ലേ... ഷീബ.. എവിടെ.. ചായയെടുക്ക്‌...''

സെബാസ്‌റ്റ്യന്‍
25/10/2009

ഭ്രാന്തന്‌ കൂട്ട്‌ ഭട്ടതിരി












ചെങ്കുത്തായ കാട്ടുവഴിയിലൂടെ കൂറ്റന്‍ പാറകല്ലുകള്‍ ഉരുട്ടിക്കയറ്റി മലമുകളിലെത്തിച്ച്‌ കൈകൊട്ടിച്ചിരിച്ച്‌ താഴേക്ക്‌ തള്ളിവീഴ്‌ത്തിയ നാറാണത്തെ ദത്തുപുത്രനെ താഴ്‌വാരത്തുള്ളവര്‍ അന്ന്‌ ഭ്രാന്തനെന്ന്‌ വിളിച്ചു. ഭ്രാന്തന്‍ തെളിയിച്ച വഴിയിലൂടെ നടന്നുകയറി ദേവിയുടെ കാലടിപ്പാടുകള്‍ വാല്‍കണ്ണാടിയില്‍ വീഴ്‌ത്തി നാറാണത്തുകാര്‍ ക്ഷേത്രം പണിതിട്ട്‌ കാലമേറെ പിന്നിട്ടു.

എന്നാല്‍, പത്തമ്പതു വര്‍ഷമായി അതിരാവിലെ ഭക്‌തരില്ലാത്ത ഈ കാട്ടുവഴിതാണ്ടി മലമുകളിലെത്തി ദേവിക്ക്‌ മുടങ്ങാതെ പൂജ നടത്തി തിരിച്ചിറങ്ങുന്ന ഒരു വൃദ്ധ ബ്രാഹ്‌മണനുണ്ട്‌. കാഴ്‌ചമറയുന്ന കണ്‍പോളകള്‍ക്ക്‌ മുകളില്‍ കട്ടിക്കണ്ണട വെച്ച്‌ വലംകൈയില്‍ പൂജാദ്രവ്യങ്ങളും വിധിപാത്രങ്ങളുമായി ഭക്‌തരില്ലാത്ത വഴിയിലൂടെ ഏകനായി കയറിയിറങ്ങുന്ന ഈ വൃദ്ധ ബ്രാഹ്‌മണനെ ലാഭക്കണ്ണില്‍മാത്രം ബന്ധങ്ങള്‍പോലും അളക്കുന്ന നാമെന്തുവിളിക്കും...?!

കാണിക്കയായി നാലണപോലും അര്‍പ്പിക്കാനെത്താറില്ല ഭക്‌തരാരും. താഴെ അസംഖ്യം ക്ഷേത്രങ്ങളും മുപ്പത്തിമുക്കോടി ദേവഗണങ്ങളുമുള്ളപ്പോള്‍ അനുഗ്രഹത്തിനായി എന്തിന്‌ കുന്നുകയറണമെന്നാകും ചോദ്യം. പോരാത്തതിന്‌ ദേവാനുഗ്രഹം പോസ്‌റ്റല്‍ മാര്‍ഗ്ഗം പോലും നമ്മെ തേടിയെത്തുന്ന ഇക്കാലത്ത്‌...

എന്നാല്‍ പട്ടാമ്പി നാറാണത്തു മംഗലം ആമയൂര്‍മനയിലെ അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാടിന്‌ ലോകത്താകമാനം ക്ഷേത്രങ്ങളാല്‍ നിറഞ്ഞാലും അതിനെല്ലാം മുകളിലാണ്‌ മലമുകളിലെ ഈ ദുര്‍ഗ്ഗാക്ഷേത്രം. മലയോളംപോന്ന വിശ്വാസത്തില്‍ രൂപപ്പെടുത്തിയെടുത്ത അനുഷ്‌ഠാനം. രായിരനെല്ലൂര്‍ മലയിലെ ദേവിക്ഷേത്രത്തിലേക്ക്‌ അതിരാവിലെ പൂജാപാത്രങ്ങളും ദ്രവ്യങ്ങളുമായി നടന്നുകയറാത്ത ദിവസത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഭട്ടതിരിപ്പാടിന്‌ അതുകൊണ്ടുതന്നെ സാധിക്കില്ലായിരുന്നു.

വഴിയരികലെ കാട്ടുച്ചെടികളിലെ കരിനീല പൂക്കള്‍ പോലെ നീണ്ട അമ്പതുവര്‍ഷങ്ങളാണ്‌ കൊഴിഞ്ഞ്‌ വീണത്‌... മഞ്ഞും മഴയുമേറ്റ്‌ പാമ്പും മയിലും പത്തിയും പീലിയും വിരിച്ചാടിയ വഴികളിലൂടെ, ഒരു സാധനപോലെ നടന്നുകയറിയ പ്രഭാതങ്ങള്‍ മാത്രമാണ്‌ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയില്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ ഭട്ടതിരിപ്പാടിന്‌ ഓര്‍ക്കുവാനുള്ളത്‌.

15-ാം വയസിലാണ്‌ പിതാവില്‍നിന്ന്‌ പൂജാപാത്രങ്ങള്‍ ഏറ്റുവാങ്ങി സ്വന്തമായി ശാന്തിതുടങ്ങിയത്‌. അതുവരെ പിതാവിന്റെ നിഴല്‍പറ്റി പൂജാവിധികളത്രയും പഠിച്ചെടുത്തു. മനയുടെ സ്വന്തം ക്ഷേത്രമാണ്‌. ഭാഗംവച്ചപ്പോള്‍ ക്ഷേത്രത്തെ ഒരംഗമായി സങ്കല്‍പ്പിച്ച്‌ സ്വത്തുവകകള്‍ നല്‍കി ഒപ്പം നിര്‍ത്തിയ പാരമ്പര്യം.

പുകള്‍പെറ്റതായിരുന്നു നാറാണത്തുമംഗലം മന. വായ്‌നല്‍കിയ ദൈവത്തിനാണ്‌ കുഞ്ഞിന്‌ അന്നംനല്‍കേണ്ട ചുമതലയെന്ന ചിന്തയാല്‍ കുട്ടികളെ ഓരോന്നിനേയും വഴിയരികില്‍ ഉപേക്ഷിച്ച വരുരുചി. അതിലൊരാളെ എടുത്തുവളര്‍ത്തിയത്‌ നാറാണത്തുമംഗലത്തുകാരായി. കിലോമീറ്ററുകള്‍ക്കകലെ ചിത്തല്ലൂര്‍ മനയില്‍ കുട്ടിവളര്‍ന്നു. പിന്നീട്‌ കുട്ടിയെ വേദപഠനത്തിനായാണ്‌ രായിരനല്ലൂര്‍ ഭാഗത്തെത്തിച്ചത്‌. വേദസൂക്‌തങ്ങള്‍ കുട്ടിയില്‍ കനലായെരിഞ്ഞു. അറിവിന്റെ പൊലിമയില്‍, വ്യാഖ്യാനത്തിന്റെ വ്യാപനത്തില്‍ കുട്ടിയില്‍ ചിന്തകള്‍ ചിതറി. അത്‌ പൊതുസമൂഹത്തിന്റെ ചിന്താമണ്ഡലത്തില്‍നിന്ന്‌ കുതറിമാറി സ്വതന്ത്രമായി.

അങ്ങിനെ കുട്ടി രായിരനല്ലൂര്‍ മലമുകളിലേക്ക്‌ കഷ്‌ടപ്പെട്ട്‌ പാറകല്ലുകള്‍ ഉരുട്ടികയറ്റി പിന്നെ താഴേക്ക്‌ തള്ളി ആര്‍ത്തുചിരിച്ചു. താഴ്‌വാരത്തിലെ അല്‍പ്പജ്‌ഞാനികളായ പരിഷ്‌കൃത സമൂഹം കുട്ടിയുടെ ചിരിമാലകളില്‍ കുടുങ്ങി 'നാറാണത്തെ കുട്ടി'ക്ക്‌ ഭ്രാന്താണെന്ന്‌ മുദ്രകുത്തി. എന്നാല്‍ ഈ ഭ്രാന്ത്‌ തങ്ങളുടെ ജീവിതത്തെയാണ്‌ നിര്‍വ്വചിക്കുന്നതെന്നറിഞ്ഞപ്പോള്‍ അവര്‍ക്കിത്‌ തത്വശാസ്‌ത്രമായി. അങ്ങിനെ നാറാണത്തു ഭ്രാന്തന്‍ ഒരേ സമയം ഭ്രാന്തനും തത്വജ്‌ഞാനിയുമായി.

കല്ലുരുട്ടിയ ഭ്രാന്തനെ താഴ്‌വാരത്തെ ജനത കൈകൂപ്പിവളങ്ങി. മുകളില്‍, ഉരുട്ടികയറ്റിയ കല്ലില്‍ ഞാന്നിരിക്കവെ കാടുണര്‍ത്തും സ്വകാര്യതയില്‍ ഊഞ്ഞാലാടാന്‍ വന്ന ദേവിക്ക്‌ ഭ്രാന്തന്‍ കൗതുകമായി. ഭ്രാന്തനെ വലംവച്ച ദേവി കല്ലില്‍ പാദമുദ്ര പതിപ്പിച്ച്‌ അനുഗ്രഹം ചൊരിഞ്ഞാണത്രെ മറഞ്ഞത്‌. ഭ്രാന്തനെ തേടിയെത്തിയ നാറാണത്തുമംഗലത്തുകാര്‍ കാലടിപ്പാടുകണ്ടു. പ്രശ്‌നചിന്തയില്‍ ദേവി സാന്നിദ്ധ്യം തെളിഞ്ഞു. കാലടിപ്പാട്‌ വാല്‍കണ്ണാടിയില്‍ വീഴ്‌ത്തി ക്ഷേത്രം പണിതു. ശാന്തിയ്‌ക്കായി ഒരു താവഴി രായിരനല്ലൂര്‍ മലയുടെ താഴ്‌വാരത്തേക്ക്‌ പറിച്ചുനട്ടു. അതില്‍ പിന്‍തലമുറയുണ്ടായി. കണ്ണികളിലൊന്നായി, നിയോഗമായി, അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാടും നടന്നുകയറുകയാണ്‌ ഈ അമ്പത്തേഴാം വയസിലും രായിരനല്ലൂര്‍ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കാട്ടുപാത. പാതിയില്‍ മുറിഞ്ഞ ഭ്രാന്തന്റെ യാത്രയ്‌ക്ക് പൂരണമേകാനുള്ള തുടര്‍യാത്രകള്‍...

കുടുംബക്ഷേത്രമായതിനാല്‍ പുതുക്കിപണിയാനും പൂജകഴിക്കാനുമുള്ള വക ഇല്ലത്തുനിന്നുതന്നെ കണ്ടെത്തണം. പ്രതിവര്‍ഷം നല്ലൊരു തുക വരുമിത്‌. ക്ഷേത്രത്തിലെ പണി ബാക്കിനിര്‍ത്തി ഇല്ലത്ത്‌ പണി നടത്തിയപ്പോള്‍ തീപിടിച്ചതില്‍പിന്നെ ക്ഷേത്രത്തിലെ പ്രവര്‍ത്തികഴിഞ്ഞേ ഇല്ലത്തു അറ്റകുറ്റപണികളുള്ളൂ. അടുത്തിടെ ക്ഷേത്രകവാടത്തില്‍, താഴ്‌വാരത്തേക്ക്‌ നോക്കി

നില്‍ക്കുന്ന നാറാണത്തുഭ്രാന്തന്റെ പ്രതിമയും പണികഴിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള കാട്ടുപാത വീതികൂട്ടി പടികള്‍ പണിതു. ഇല്ലത്തുനിന്നും വിട്ടുവിട്ടു പണിതാലും അഞ്ഞൂറിലേറെ വേണം പടികള്‍. കാലങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ പത്തിരുനൂറെണ്ണം പണിതു.

ഇല്ലത്തെ ഇന്നത്തെ കാരണവരായ അഷ്‌ടമൂര്‍ത്തിഭട്ടതിരിപ്പാട്‌ ക്ഷേത്രത്തിനായി ചെയ്‌തതൊന്നും എഴുതിവച്ചിട്ടില്ല. പാരമ്പര്യമങ്ങിനെയാണ്‌. പ്രതിഫലമായി ഒന്നും എടുക്കാറുമില്ല. കാണിക്കയില്ലാതെ, വഴിപാടില്ലാതെ നിത്യപൂജ നടന്നുപോകുന്ന ക്ഷേത്രത്തില്‍ നിന്ന്‌ എന്തു വരുമാനം ലഭിക്കാനാണ്‌...?!

ഭ്രാന്തന്‍ ദേവിയെ കണ്ടത്‌ തുലാം ഒന്നിനായിരുന്നെന്ന്‌ ഐതിഹ്യം. ഈ ഐതിഹ്യത്തെ പിന്‍പറ്റി ഭക്‌തര്‍ അന്നേദിവസം മലകയറും. കേട്ടറിഞ്ഞ്‌ സീസണ്‍ ഭക്‌തിയില്‍ ചുളുവില്‍ പാപമോചനം തേടി അന്യദേശത്തുനിന്നുപോലും നാട്ടുകാരൊഴുകും. കാട്ടുവഴിയില്‍ നിന്നുതിരിയാനിടമില്ലാതെ മനുഷ്യസാഗരമൊഴുകും. പീപ്പിയും അരിപ്പൊരിയുംചക്കരയുമായി കൊച്ചുകച്ചവടക്കാരും വഴിനീളെ അണിനിരക്കും. അന്ന്‌ നടവരവുണ്ടാകും. അന്നുകിട്ടുന്നതു മാത്രമാണ്‌ ക്ഷേത്രത്തിലെ വരുമാനം. സമീപകാലത്തായി വൃശ്‌ചികത്തിലെ കാര്‍ത്തികനാളിലും എത്താറുണ്ട്‌ ചിലരെങ്കിലും.

പ്രഭാതങ്ങളിലെ ശാന്തിക്കായുള്ള യാത്ര. ഒറ്റപൂജയേയുള്ളൂ. പാത്രങ്ങള്‍ ക്ഷേത്രത്തില്‍തന്നെ വച്ചിരുന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. അന്ന്‌ കള്ളന്‍കൊണ്ടുപോയതില്‍പിന്നെ ശാന്തിക്കായി പോകുമ്പോള്‍ കൊണ്ടുപോകാറാണ്‌ പതിവ്‌. കാണിക്കയില്ലാത്ത കാണിക്കവഞ്ചികൊണ്ടുപോകാന്‍ ഏതായാലും അറിവുള്ള കള്ളന്‍മാതൊന്നും മലകയറിയെത്തുകയുമില്ല.

'...വയ്യാതായി... രാമനായിരുന്നു ഒരു സഹായം. അയാള്‍ നേരത്തെയങ്ങ്‌ പോയി. ഇപ്പോള്‍ ജ്യേഷ്‌ഠന്റെ മക്കളാണ്‌ സഹായത്തിന്‌. പലപ്പോഴും കയറാന്‍ പറ്റാറില്ല. അപ്പോള്‍ അവരെ അയയ്‌ക്കും...'! ക്ഷേത്രവഴിയിറങ്ങവെ പലയിടങ്ങിലായി പലതവണയിരുന്നിട്ടും അടങ്ങാത്ത കിതപ്പിനിടയില്‍ അഷ്‌ടമൂര്‍ത്തി ഭട്ടതിരിപ്പാട്‌ മുറിഞ്ഞവാക്കുകളോടെ പറഞ്ഞൊപ്പിച്ചു. സഹോദരന്‍ രാമനെ പൂജാകര്‍മ്മങ്ങള്‍ പഠിപ്പിച്ചുകൊണ്ടുവന്നതായിരുന്നു. എന്നാല്‍ അഞ്ചുമാസം മുന്നെ അദ്ദേഹം മരിച്ചതോടെ ജ്യോഷ്‌ഠന്റെ മക്കളാണ്‌ പൂജാകാര്യങ്ങളില്‍ സഹായിക്കുന്നത്‌. അവര്‍ അദ്ധ്യാപകരും മറ്റ്‌ ജോലിയുള്ളവരുമാണ്‌. ഇതിനിടയില്‍വേണം ശാന്തിക്കായി പുലര്‍കാലെ മലകയറാന്‍... 'തലമുറകളായുള്ള വിധിയാണ്‌. മുടക്കാന്‍ പറ്റില്ല...' ഭട്ടതിരിപ്പാട്‌ പുതുതലമുറയ്‌ക്ക് അനുഭവജ്‌ഞാനം പകര്‍ന്നുനല്‍കുന്നു. ഇതരക്ഷേത്രങ്ങളില്‍ നിന്ന്‌ തികച്ചും വത്യസ്‌തമാണ്‌ ഇവിടുത്തെ പൂജാധികര്‍മ്മങ്ങളും.

പുതുതലമുറ എത്രകാലത്തോളം ഇത്‌ തുടരുമെന്നതാണ്‌ ചോദ്യം. പക്ഷേ, ഭട്ടതിരിപ്പാടിന്‌ ഇക്കാര്യത്തില്‍ ഒട്ടുമില്ല സംശയം. താഴെ ഇല്ലത്തിനു സമീപത്ത്‌, സാമൂതിരിയുടെ കാലത്ത്‌ പണികഴിച്ച കുളത്തില്‍ മുങ്ങിനിവര്‍ന്ന്‌ ഈറനണിഞ്ഞ്‌ മലമുകളിലേക്ക്‌ പൂജാപാത്രങ്ങളും പൂജാപുഷ്‌പങ്ങളുമായി ഇനിയും പിന്തുടരും ഒട്ടേറെ കാലടിപ്പാടുകള്‍... കാലത്തിനു മായ്‌ക്കാന്‍ പറ്റില്ലല്ലോ, നിയോഗങ്ങളൊന്നും....

ജിനേഷ്‌ പൂനത്ത്‌
25/10/2009

സമാന്തര സിനിമയിലെ സ്‌ത്രീശക്‌തി
















മലയാളത്തിലെ സമാന്തരസിനിമകളില്‍ സമീപകാലത്ത്‌ ശക്‌തമായ കുറെ സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രതിഭയും പ്രതിബദ്ധതയുമുണ്ടെന്നു തെളിയിച്ച നടിയാണ്‌ ശ്വേതമേനോന്‍. ആ അനന്യമായ അഭിനയം മുതല്‍ക്കൂട്ടായി മാറിയ ചിത്രങ്ങളാണ്‌ പരദേശി, മദ്ധ്യവേനല്‍, സമയം, ആകാശഗോപുരം, പലേരിമാണിക്യം എന്നിവയൊക്കെ.

അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. പിന്നെ മോഡലും അവതാരകയുമൊക്കെയായി ആ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി, തമിഴ്‌ സിനിമകളില്‍ അഭിനയം തുടരുന്ന ശ്വേത മലയാളത്തിലേക്ക്‌ തിരികെയെത്തിയിട്ട്‌ രണ്ടുകൊല്ലമേ ആവുന്നുള്ളു.

ഇവിടത്തെ മുഖ്യധാര സിനിമകളുടെ ഭാഗമാകാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു?

ഹിന്ദിയിലെ വന്‍ബാനര്‍ ചിത്രങ്ങളില്‍ മുന്‍നിര നായകര്‍ക്കൊപ്പം ഞാനഭിനയിക്കുന്നുണ്ട്‌. തമിഴില്‍ കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുന്നു. അതേസമയംതന്നെ മലയാളത്തില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളും ലഭിക്കുന്നു. ഏത്‌ ആര്‍ട്ടിസ്‌റ്റിനാണ്‌ ഒരേസമയം ഇങ്ങനെ വൈവിധ്യമുള്ള റോളുകള്‍ കിട്ടുന്നത്‌.

മലയാളി നടികള്‍ കുടുംബിനികളായി രംഗമൊഴിയുന്നു, അതല്ലെങ്കില്‍ അന്യഭാഷാ ചിത്രങ്ങളിലേക്ക്‌ കളംമാറുന്നു. ആ ഒഴിവിലേക്ക്‌ മറുനാടന്‍ നടികള്‍ വരുന്നു. അപ്പോള്‍ മലയാളിയായ ശ്വേതയ്‌ക്ക് ഇവിടെ ന്യായമായും ലഭിക്കേണ്ട ഒരു സ്‌ഥാനമുണ്ട്‌. അതു കിട്ടുന്നില്ലെന്നു തോന്നുന്നുണ്ടോ?

എല്ലാ പടത്തിലും എന്നെ കാസ്‌റ്റുചെയ്യണമെന്ന്‌ പറയാന്‍ കഴിയില്ലല്ലോ. എല്ലാം ചെയ്യാനെനിക്കു സാധിക്കുകയുമില്ല.

ഒരുപക്ഷേ, മലയാളത്തിലെ ഒരു നായികാനടിയും സ്വീകരിക്കാനിഷ്‌ടപ്പെടാത്ത കഥാപാത്രങ്ങളെയാണ്‌ ശ്വേത ചെയ്‌തത്‌. പരദേശിയിലെ ആമിന, മദ്ധ്യവേനലിലെ സരോജനി തുടങ്ങിയവയൊക്കെ എന്തുകൊണ്ട്‌?

ഹിന്ദിയിലും മറ്റും ഗ്ലാമറസായി അഭിനയിക്കുന്നതിനിടെ ഡീഗ്ലാമറസായ കഥാപാത്രങ്ങളെ ലഭിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. മലയാളത്തില്‍ പക്ഷേ, അത്തരം വേഷങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ബഹുഭൂരിപക്ഷവും അതു മാത്രമായിത്തീര്‍ന്നു. കുറച്ച്‌ ലൈറ്റായ റോളുകള്‍കൂടി ഇടയ്‌ക്ക് കിട്ടിയിരുന്നെങ്കിലെന്ന്‌ വിചാരിക്കാറുണ്ട്‌. അത്തരത്തിലൊന്നാണ്‌ സലിംബാബ സംവിധാനംചെയ്യുന്ന വലിയങ്ങാടിയിലെ ലക്ഷ്‌മി.

അന്യഭാഷാചിത്രങ്ങളില്‍ ഗ്ലാമറസായി അഭിനയിക്കുന്നതിന്റെ കുറ്റബോധം നിമിത്തമാണോ മലയാളത്തില്‍ അതിനു വിരുദ്ധമായി അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നത്‌?

കുറ്റബോധമോ പ്രായശ്‌ചിത്തമോ ഒന്നുമല്ല കാരണം. ഓരോ സിനിമയ്‌ക്കും അതത്‌ പ്രദേശത്തിന്റെ സാംസ്‌കാരിക സ്വഭാവമുണ്ട്‌. ഹിന്ദിയിലും മറ്റും കാണുന്ന ഗ്ലാമര്‍ പ്രകടനം മലയാളത്തില്‍ പറ്റില്ല. കേരളീയന്റെ മനസില്‍ ഒരു ബാരോമീറ്റര്‍ ഉണ്ട്‌.

പ്രത്യേകിച്ച്‌ സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌. അതിനപ്പുറം പോകാന്‍ ഇവിടത്തെ സിനിമ തയാറല്ല. അപ്പോള്‍ ഞാനും അത്‌ അനുസരിക്കേണ്ടതുണ്ട്‌.

ഇത്രയൊക്കെ അര്‍പ്പണബോധത്തോടെ അഭിനയിക്കുന്ന ശ്വേതയെ മലയാള ചലച്ചിത്രമേഖല വേണ്ടത്ര അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നുണ്ടോ?

അത്ര പെട്ടെന്ന്‌ നമ്മളാരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും അംഗീകരിക്കാറുണ്ടോ? അതിന്‌ വാശിപിടിച്ചിട്ടു കാര്യമുണ്ടോ? ഒക്കെ ക്രമേണ സംഭവിക്കേണ്ടതാണ്‌. എന്നെ തിരിച്ചറിയുന്ന ഒരവസരം വരുമെന്നുതന്നെയാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.

ഷാജി കാരാട്ടുപാറ
25/10/2009

ലോകം വിഴുങ്ങാന്‍ 'സുനാമി 2022'

ലോകം വിഴുങ്ങാന്‍ 'സുനാമി 2022'











2004ല്‍ ലോകത്ത്‌ വന്‍ വിനാശം വിതച്ച സുനാമിയെക്കുറിച്ച്‌ നമ്മളിന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നു. ഇതാ വരാന്‍പോകുന്ന 2022ല്‍ ലോകം വിഴുങ്ങാന്‍ സുനാമി ഭീകരന്‍ എത്തുന്നു. ലോകം മുഴുവന്‍ ഈ വരാന്‍ പോകുന്ന സുനാമി കീഴടക്കും!

ട്രന്റി ബൂണ്‍ ഇന്റര്‍നാഷണലിനുവേണ്ടി ട്രെനോങ്‌ ശ്രീച്ചുവാ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുനാമി 2022 എന്ന ചിത്രമാണ്‌ വരാന്‍ പോകുന്ന സുനാമിയുടെ ഭീകരത വെളിപ്പെടുത്തുന്നത്‌. ഹോളിവുഡില്‍ വിസ്‌മയമായി മാറാന്‍ പോകുന്ന സുനാമി 2022 ലോകം മുഴുവന്‍ ഒക്‌ടോബര്‍ അവസാനം റിലീസ്‌ ചെയ്യും.

കേരളത്തില്‍ നവഗ്രഹ സിനി ആര്‍ട്ട്‌സിനുവേണ്ടി കെ.എന്‍. ബൈജു ചിത്രം അവതരിപ്പിക്കുന്നു.

പത്ത്‌ മില്യന്‍ യു.എസ്‌. ഡോളര്‍ മുടക്കി ഒരു വര്‍ഷംകൊണ്ട്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ്‌ ചിത്രം പുറത്തിറങ്ങുന്നത്‌. ലോക പ്രശസ്‌ത ഗ്രാഫിക്‌സ് ഡിസൈന്‍ കമ്പനിയായ ഹോളിവുഡിലെ ഡിജിറ്റല്‍ ലാബിലാണ്‌ ചിത്രത്തിന്റെ ഗ്രാഫിക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കിയത്‌. വരാന്‍ പോകുന്ന 2022 ലെ സുനാമി, ലോകത്ത്‌ വന്‍ വിനാശം വിതയ്‌ക്കുന്ന രംഗങ്ങള്‍ ആരെയും അദ്‌ഭുതപ്പെടുത്തുന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

സുനാമി ലോകത്ത്‌ പ്രത്യക്ഷപ്പെട്ടശേഷം ലോകമെങ്ങുമുള്ള ശാസ്‌ത്രഞ്‌ജന്‍മാര്‍ സുനാമിയെക്കുറിച്ച്‌ പഠനങ്ങള്‍ നടത്തുന്നു. ഒരു അമേരിക്കന്‍ ശാസ്‌ത്രജ്‌ഞന്‍ 2022 ല്‍ സുനാമി ശക്‌തമായി ആഞ്ഞടിക്കുമെന്നും അതോടെ ലോകാവസാനം ഉണ്ടാകുമെന്നും പ്രഖ്യാപിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ സുനാമി ദിവസം അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ ആശങ്കയോടെ ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്‌തു. പക്ഷേ, അന്ന്‌ സുനാമി എന്ന ഭീകരന്‍ എത്തിയില്ല. ശാസ്‌ത്രജ്‌ഞന്‍ വീണ്ടും സുനാമിയുടെ വരവിനെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ശാസ്‌ത്രജ്‌ഞന്റെ എതിരാളികള്‍, എതിര്‍ പ്രചരണം ആരംഭിക്കുകയും ചെയ്‌തു. അടുത്തദിവസം സുനാമി ലോകം മുഴുവന്‍ ആഞ്ഞടിച്ചു. ലോകത്തുള്ള സകല ജീവജാലങ്ങളും ചത്തൊടുങ്ങി. അന്ന്‌, ആകാശംമുട്ടെ ഉയര്‍ന്നുനിന്ന ബുദ്ധപ്രതിമയില്‍ ഉടക്കി രാജ്യത്തിന്റെ പരമാധികാരിയായ പ്രസിഡന്റ്‌ മാത്രം രക്ഷപ്പെട്ടു. പ്രേക്ഷകരെ ജിജ്‌ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന 'സുനാമി 2022' ട്രന്റി ബൂണ്‍ ഇന്റര്‍നാഷണലാണ്‌ നിര്‍മ്മിക്കുന്നത്‌. രചന, സംവിവാനം: ട്രനോങ്ങ്‌ ശ്രീച്ചുവാ, ക്യാമറ: സരയൂ സുററാപ്രോണ്‍, പി.ആര്‍.ഒ. അയ്‌മനം സാജന്‍, വിതരണം: നവഗ്രഹ സിനി ആര്‍ട്ട്‌സ്. പിസ്രാണ്‍, ശ്രീമാന്‍ കോംങ്ങ്‌ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
25/10/2009

റിയോ ചിറകില്‍ പ്രീമിയര്‍

റിയോ ചിറകില്‍ പ്രീമിയര്‍

പ്രീമിയര്‍ പദ്‌മിനി... പേരില്‍ത്തന്നെ ഗുണമേന്‍മ അടക്കം എന്ന പരസ്യ വാചകം അനുസ്‌മരിപ്പിക്കുന്ന ബ്രാന്‍ഡ്‌ നെയിം. ഒരു കാലത്ത്‌ ആഡംബരത്തിന്റെ അവസാന വാക്കായി ഇന്ത്യ കണ്ടിരുന്ന കാര്‍. പഴയ പ്രതാപത്തിന്റെ അവശേഷിപ്പ്‌ പോലെ ചില 'പഴഞ്ചന്‍' പ്രീമിയര്‍ പദ്‌മിനികള്‍ ഇപ്പോഴും നിരത്തുകളില്‍ കാണാം. 'വയസന്‍' പ്രീമിയര്‍ പദ്‌മിനിയില്‍ സഞ്ചരിക്കുന്നവരെ കാണുമ്പോള്‍ ഇപ്പോഴും ജനങ്ങള്‍ക്ക്‌ ഒരു ആദരവ്‌ തോന്നുന്നത്‌ സ്വാഭാവികം. 'പഴയ കുടുംബക്കാരുടെ' ഇന്ത്യയിലെ ഇന്നത്തെ നില അല്‍പം മോശമായിരിക്കാം. എന്നാലും തറവാടിന്റെ പേരിനൊരു കുറവും സംഭവിച്ചിട്ടില്ലെന്ന്‌ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ആരും പറയും.

തറവാടിന്റെ ഈ നല്ല പേര്‌ മുതലാക്കാന്‍ തന്നെ ഒടുവില്‍ പ്രീമിയര്‍ തീരുമാനിച്ചുകഴിഞ്ഞു. ഒന്‍പത്‌ വര്‍ഷത്തിനുശേഷം വാഹന വിപണിയിലേക്ക്‌ മടങ്ങി വരികയാണ്‌ ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകളിലെ രാജാക്കന്‍മാരായി വാണ ആദ്യകാല വാഹന നിര്‍മ്മാതാക്കളായ പ്രീമിയര്‍ ഓട്ടോ.കോംപാക്‌ട് സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനവുമായാണ്‌ പ്രീമിയര്‍ ഓട്ടോ വീണ്ടുമെത്തുന്നത്‌.

എന്നാല്‍ ഇക്കുറി ചൈനയുടെ ഒരു കൈയ്‌ സഹായത്തോടെയാണ്‌ പ്രീമിയര്‍ ഇന്ത്യയിലേക്ക്‌ ഓടിയെത്തുന്നത്‌. ചൈനയിലെ വാഹന നിര്‍മ്മാതാക്കളായ സോട്യേയുടെ സഹകരണത്തോടെയാണ്‌ പ്രീമിയര്‍ 'റിയോ' എന്ന ചെറു എസ്‌.യു.വി. പുറത്തിറക്കുന്നത്‌. സോട്യേ നല്‍കുന്ന വാഹന ഘടകങ്ങള്‍ പ്രീമിയര്‍ പുണെയിലുള്ള പ്ലാന്റില്‍ കൂട്ടിയോജിപ്പിക്കും. പ്രതിവര്‍ഷം 20,000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ്‌ പ്ലാന്റിനുള്ളത്‌. എന്നാല്‍ എഞ്ചിന്‍ പ്രീമിയറിന്റെ തന്നെയാകും.

ചൈനയുടെ പേര്‌ കേള്‍ക്കുമ്പോള്‍ത്തന്നെ വിലയില്‍ അല്‍പം കുറവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരാണ്‌ അധികവും. റിയോയുടെ കാര്യത്തില്‍ ഇതു നൂറു ശതമാനം ശരിയുമാണ്‌. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതല്ലെങ്കിലും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ എസ്‌.യു.വി വിപണിയില്‍ എത്തിക്കാനാണ്‌ പ്രീമിയര്‍ ശ്രമിക്കുന്നത്‌.

റിയോയുടെ അടിസ്‌ഥാന മോഡലിന്‌ അഞ്ചുലക്ഷം രൂപയാകും വിലയെന്നാണ്‌ സൂചന. തൊട്ടടുത്ത പ്രതിയോഗി മഹീന്ദ്ര സ്‌കോര്‍പിയൊയെക്കാള്‍ മുപ്പത്‌ ശതമാനം വിലകുറവാണിത്‌. വലിപ്പവും സ്‌കോര്‍പിയോയെക്കാള്‍ അല്‍പം ചെറുതാണ്‌. ഈ വിഭാഗത്തിലുള്ള എതിരാളികളേക്കാള്‍ ഒന്നരലക്ഷം രൂപയോളം കുറവുണ്ടാകുമെന്നാണ്‌ കമ്പനി നല്‍കുന്ന ഉറപ്പ്‌. അതുകൊണ്ടുതന്ന സ്‌കോര്‍പിയോ അടക്കമുള്ള എതിരാളികള്‍ ഒന്ന്‌ അറച്ച മട്ടാണ്‌. എന്നാല്‍ കൂടിയ റിയോയുടെ വില ഏഴുലക്ഷം വരുമെന്നും സൂചനയുണ്ട്‌. എ.ബി.എസ്‌, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ റിയോവിലുണ്ടാകും. ഹൈവേയില്‍ 17 കിലോമീറ്ററാണ്‌ കമ്പനി പറയുന്ന മൈലേജ്‌. നഗരത്തില്‍ ഇത്‌ 13 ആയി കുറയും.

ടൊയോട്ട 1997 ല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇറക്കിയ ടെറിയോസിന്റെ പിന്‍ഗാമിയാണ്‌ റിയോ. ടെറിയോസിന്റെ ഘടകങ്ങള്‍ പിന്നീട്‌ സോട്യേ സ്വന്തമാക്കുകയായിരുന്നു. അഞ്ചുസ്‌പീഡ്‌ മാനുവല്‍ ഗിയറുള്ള 65 ബി.എച്ച്‌.പി കരുത്ത്‌ പകരുന്നതാണ്‌ പ്രീമിയര്‍ വികസിപ്പിച്ച 1.5 ലിററര്‍ ഡീസല്‍ എന്‍ജിന്‍.

പ്യൂഷോ, ഫിയറ്റ്‌ തുടങ്ങിയവയുടെ സഹായത്തോടെ ഈ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ഫിയറ്റിന്റെ ശ്രമം പുത്തന്‍ തലമുറ കാറുകളുടെ കടന്നുവരവോടെയാണ്‌ തകര്‍ന്നത്‌. ഒപ്പം തൊഴില്‍ പ്രശ്‌നങ്ങളും കൂടിയായപ്പോള്‍ കമ്പനി അടച്ചു പൂട്ടുക മാത്രമായിരുന്നു ഏക പോംവഴി.

തിന്മയ്‌ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഉത്സവമായ ദീപാവലിയോടെ വീണ്ടും ഇന്ത്യയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടം തെളിക്കാമെന്നാണ്‌ പ്രീമിയര്‍ പ്രതീക്ഷിക്കുന്നത്‌. ഒരിക്കല്‍ കുടി പ്രീമിയര്‍ നമ്പര്‍ വണ്‍ എന്ന്‌ വാഹനപ്രേമികളെക്കൊണ്ട്‌ പറയിക്കാന്‍ ഒരു കാലത്ത്‌ സമ്പന്നതയുടെ പ്രതീകം കൂടിയായിരുന്ന പ്രീമിയറിനു കഴിയുമോ? വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നതും ഇതുതന്നെയാണ്‌.

സുജിത്‌ പി. നായര്‍
25/10/2009

വാരണാസിതന്‍ ചെണ്ടയുണര്‍ന്നുണര്‍ന്നു...














പൊന്നാരംതോട്ടത്തെ വാരണാസി ഇല്ലത്തിപ്പോള്‍ പഴയപോലെ മഹാപ്രതിഭകള്‍ വിരുന്നുവരാറില്ല. രാമലക്ഷ്‌മണന്മാരെപ്പോലെയായിരുന്നു വാരണാസി മാധവന്‍ നമ്പൂതിരിയും വിഷ്‌ണു നമ്പൂതിരിയും.... മദ്ദളത്തിന്റെ ഇടന്തലയും വലന്തലയുംപോലെ പരസ്‌പര പൂരിതം.

അസുരവാദ്യമായ ചെണ്ടയില്‍ കൊടുങ്കാറ്റ്‌ തീര്‍ത്ത വാരണാസി മാധവന്‍ നമ്പൂതിരി ദേവനന്മകളുള്ള എളിമയുള്ള മനുഷ്യനായിരുന്നു. അനുജന്‍ വിഷ്‌ണുവും വ്യത്യസ്‌തനായില്ല...

വാരണാസി വിഷ്‌ണു നമ്പൂതിരിയുടെ മനസിന്റെ കളിയരങ്ങില്‍ ഓര്‍മകളുടെ കേളികൊട്ട്‌.

''ജ്യേഷ്‌ഠനെപ്പോലെ ചെണ്ടയോ മൃദംഗമോ അഭ്യസിക്കാനായിരുന്നു മോഹം. പക്ഷേ, അങ്ങിനെയായാല്‍ രണ്ടുപേരും രണ്ടുവഴിക്കാകുമോ എന്ന്‌ ഞാന്‍ ഭയന്നു. അങ്ങനെ ജ്യേഷ്‌ഠന്റെ നിഴലാകാന്‍ മദ്ദളം അഭ്യസിക്കാന്‍ തീരുമാനിച്ചു...'' അതൊരു കാലം...!!

മാവേലിക്കര വാരണാസി ഇല്ലത്തെ ചന്ദന-കര്‍പ്പൂര സുഗന്ധസാന്ദ്രതയില്‍, ആത്മീയതയുടെ ചാരുകസാലയിലിരുന്ന്‌ വാരണാസി വിഷ്‌ണു നമ്പൂതിരി ഗതകാലം പരതുകയാണ്‌.

''...തുടക്കത്തില്‍ ഒരു നൂറ്‌ വൈതരണികളുണ്ടായിരുന്നു. ഈ നമ്പൂരാര്‍ക്ക്‌ പൊതുവാള്‍മാരുടേം മാരാര്‍മാരുടേം കഞ്ഞികുടി മുട്ടിക്കണോ എന്നായിരുന്നു സ്വജാതീലുള്ള ചില കാര്‍ണോര്‍മാരുടെ സന്ദേഹം. ഈ വാരണാസിമാര്‍ക്ക്‌ ശീവേലിക്ക്‌ കൊട്ടിയാല്‍ പോരേ എന്ന്‌ കല്ലുവഴിച്ചിട്ടയില്‍ പ്രാവീണ്യമുള്ള ചില വടക്കന്‍ വീരന്മാരുടെ ചോദ്യം... കേരളത്തില്‍ തെക്ക്‌- വടക്ക്‌ സ്‌പര്‍ധ പണ്ടുമുതലേയുണ്ട്‌. അതിന്റെ വൈഷമ്യങ്ങള്‍ ഞങ്ങള്‍ വേണ്ടതിലേറെ അനുഭവിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ അത്‌ തെല്ലുകുറഞ്ഞിട്ടുണ്ടെന്നാണ്‌ കേട്ടറിവ്‌. എങ്കിലും ഗോപിയാശാനും കടവൂര്‍ വാസുദേവന്‍ നായര്‍ക്കുമെല്ലാം ദേശീയ ബഹുമതികള്‍ കിട്ടിയപ്പോള്‍ തെക്കന്‍ ദേശത്താണ്‌ മികച്ച സ്വീകരണങ്ങള്‍ ലഭിച്ചത്‌. പ്രതിഫലത്തിന്റെ കാര്യത്തിലും ഓണാട്ടുകര തന്നെയാണ്‌ മെച്ചം എന്നാണ്‌ ഞങ്ങളുടെ അനുഭവം.

? ശ്രീകുമാരന്‍ തമ്പിയും 'വാരണാസിതന്‍ ചെണ്ട'യെക്കുറിച്ച്‌ ഹിറ്റ്‌ പാട്ടെഴുതിയിട്ടുണ്ടല്ലോ (ഉത്തരാസ്വയംവരം)

ഉണ്ട്‌... അടുത്തിടെ എനിക്കുള്ള ഒരു പുരസ്‌കാരച്ചടങ്ങില്‍ തമ്പിസാര്‍ മുഖ്യാതിഥിയായിരുന്നു. നല്ല മനുഷ്യനായതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ തൊട്ടതെല്ലാം പൊന്നാക്കാനായത്‌. 'വാരണാസി'യുടെ പേര്‌ പാട്ടില്‍ കേട്ടപ്പോള്‍ വടക്കന്‍ ദേശത്തുനിന്നുണ്ടായ എതിര്‍പ്പുകളെക്കുറിച്ച്‌ അദ്ദേഹം സവിസ്‌തരം പറഞ്ഞു.

? ഈ തെക്ക്‌-വടക്ക്‌ വേര്‍തിരിവ്‌ ഇന്നും ഉണ്ടോ.

വിദ്യാഭ്യാസം കൂടിയില്ലേ? അന്നത്തെപ്പോലെ ഉണ്ടാവില്ല. ഞങ്ങളുടെ ആരംഭകാലത്ത്‌ ചെണ്ടയും മദ്ദളവും ഇലത്താളവും മാത്രമേ കഥകളിക്ക്‌ പിന്നണിയിലുണ്ടായിരുന്നുള്ളൂ. കട്ടിക്കസവുമുണ്ടും വീരാളിപ്പട്ടും നാലുമടക്ക്‌ മാലയുമൊക്കെയായിരുന്നു വാദ്യക്കാരുടെ വേഷം. ഞങ്ങള്‍ ഖദര്‍ വസ്‌ത്രമായിരുന്നു ധരിക്കാറ്‌. അതുതന്നെ വേഷംകൊണ്ട്‌ മാത്രം വമ്പന്മാരായി വിലസിയിരുന്ന ചിലര്‍ക്ക്‌ ഈര്‍ഷ്യ ഉണ്ടാകാന്‍ ഇടയായി.

? അക്കാലത്ത്‌ പ്രതിഫലം...

തുടക്കത്തില്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും മറ്റും നാലുദിവസത്തെ കളിക്ക്‌ തുടക്കത്തില്‍ ഏഴ്‌ ക. ജ്യേഷ്‌ഠന്‌ 30 ക. വരെ കിട്ടിയിരുന്നു. വാസ്‌തവത്തില്‍ കഥകളി കലാകാരന്മാരുടെ പ്രതിഫലത്തിനായി പോരാടിയ ഒറ്റയാള്‍ പട്ടാളം കലാമണ്ഡലം കൃഷ്‌ണന്‍നായരായിരുന്നു. ഹരിചന്ദ്രന്റെ രണ്ടു വേഷങ്ങള്‍ക്ക്‌ 75 ക. കിട്ടിയേ മതിയാകൂ എന്ന്‌ അദ്ദേഹം പരസ്യമായി ശഠിച്ചു. അക്കാലത്ത്‌ അതൊരു വലിയ വാര്‍ത്തയായിരുന്നു. രജനീകാന്ത്‌ 50 കോടി ആവശ്യപ്പെട്ടു എന്നൊക്കെ ഇന്ന്‌ എഴുതുമ്പോലെ...!

? സാമ്പത്തിക നേട്ടം ഇന്നാണെങ്കിലും അത്‌ കഥകളിയുടെ പുഷ്‌കലകാലമായിരുന്നില്ലേ.

അതെ. ഒരിക്കല്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പത്തു ദിവസം തുടര്‍ച്ചയായി കളിയുണ്ടായിരുന്നു. എഴുപതുകളില്‍ ഒരു ഫെബ്രുവരി മാസം തുടര്‍ച്ചയായി 28 ദിവസവും കളിയരങ്ങിലായിരുന്നു.

? അരങ്ങിലെ സംതൃപ്‌തി.

തീര്‍ച്ചയായും ഇന്നത്തെക്കാള്‍ കൂടുതലായിരുന്നു. ഒരിക്കല്‍ മദ്ദളം അരയിലേറ്റിയാല്‍ മറ്റൊരു ലോകത്താകും. ഗുരു ചെങ്ങന്നൂര്‍, മാങ്കുളം, കൃഷ്‌ണന്‍നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കുടമാളൂര്‍... ഇവരുടെയൊക്കെ അഭിനയത്തികവില്‍ സ്വര-നാദ-ഭാവങ്ങളുടെ ഒരു സ്വര്‍ഗലോകത്തുതന്നെയാകും ഞങ്ങള്‍.

? അരങ്ങിന്‌ പുറത്തെ കഷ്‌ടതകളോ.

അതും ഇന്നത്തേതിന്റെ പത്തിരട്ടി. ഒരു മദ്ദളം വാങ്ങണമെങ്കില്‍ പെരുവമ്പില്‍ പോകണം. ക്ഷേത്രപ്പറമ്പിലെ പ്ലാവിന്റെ തടി കൊണ്ടുള്ളതുതന്നെ വേണമെന്ന്‌ എനിക്ക്‌ നിര്‍ബന്ധമായിരുന്നു. അതിന്‌ നാദശുദ്ധി കൂടും. മദ്ദളം മംഗളവാദ്യമാണ്‌. ദേവവാദ്യമെന്നും പറയും. ശിവതാണ്‌ഠവത്തിന്‌ അനിവാര്യമാണ്‌. കഥകളിയില്‍ പരിഷ്‌കാരങ്ങള്‍ കൂടുന്നതിന്‌ മുമ്പ്‌ മദ്ദളമായിരുന്നു അകമ്പടി. കോട്ടയം തമ്പുരാന്റെ കാലത്താണ്‌ അസുരവാദ്യമായ ചെണ്ടയെ കളിയരങ്ങിലേക്ക്‌ ആനയിച്ചത്‌. അക്കാലത്ത്‌ മദ്ദളം സ്‌ത്രീ വേഷക്കാരുടെ ചലനങ്ങള്‍ക്കൊത്തു മാത്രം മുഴങ്ങി.

ശുദ്ധമദ്ദളത്തിന്‌ ഏതാണ്ട്‌ 15 കി.ഗ്രാം തൂക്കംവരുമായിരുന്നു (ഇന്നത്‌ കുറഞ്ഞിട്ടുണ്ട്‌). യാത്രയിലുടനീളം ശരീരത്തിന്റെ ഒരനുബന്ധംപോലെ ഞങ്ങള്‍ ചുമന്നുനടന്നു. മറ്റൊരു കൈമാറാതെ. പിന്നെ ഈ ഭാരം അരയില്‍ തൂക്കി അഞ്ചും ആറും മണിക്കൂര്‍ വേദിയില്‍. നീണ്ട അഞ്ചു ദശകങ്ങള്‍... ഇതിന്റെയൊക്കെ ഫലമായി തണ്ടെല്ലിന്‌ തുടര്‍ച്ചയായി അസ്വാസ്‌ഥ്യങ്ങളുണ്ട്‌ ഇപ്പോള്‍. പലപ്പോഴും അരങ്ങിന്റെ പിന്നില്‍ ചാക്ക്‌ വിരിച്ചായിരുന്നു ഉറക്കം. അപ്പോഴും നിവൃത്തിയുണ്ടെങ്കില്‍ മണ്ണൂര്‍മഠം ശിവക്ഷേത്രത്തിലെ ശാന്തി മുടക്കാതെ നോക്കുമായിരുന്നു.

? ഗുരുനാഥന്മാര്‍....

ഹൈസ്‌കൂള്‍ കാലത്തുതന്നെ മദ്ദളവാദനം അഭ്യസിച്ചു തുടങ്ങിയിരുന്നു. 52- ല്‍ ഇതേ ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട്‌ കലാമണ്ഡലത്തിലും ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിലും ഉപരിപഠനം. അക്കാലത്ത്‌ സുതാര്യമായ ഒരു അക്കാദമിക്‌ സിലബസ്‌ ഉണ്ടായിരുന്നില്ല. റഫറന്‍സ്‌ ഗ്രന്ഥങ്ങളുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ നമ്പീശനുണ്ടാക്കിയ സിലബസുണ്ട്‌. കലാമണ്ഡലം ശങ്കരവാര്യരുടെ 'മദ്ദളം മംഗളവാദ്യം'പോലുള്ള പുസ്‌തകങ്ങളുണ്ട്‌. മദ്ദളത്തിന്റെ ഇരുവശത്തും തുകല്‍ തൊപ്പിക്ക്‌ പകരം പ്ലാവിന്‍പലകയുള്ള ഉപകരണത്തിലായിരുന്നു വാദ്യപഠനം. പലപ്പോഴും വിരലുകളില്‍ ചോരകിനിഞ്ഞിട്ടുണ്ട്‌.

? പുരസ്‌കാരങ്ങള്‍.

72- ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കലാരത്നം ചെന്നിത്തല ചെല്ലപ്പന്‍പിള്ളയുടെയും വീരമണി അയ്യരുടെയും സ്‌മാരക പുരസ്‌കാരങ്ങള്‍, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം കലാമണ്ഡലം ഹൈദരാലി അവാര്‍ഡ്‌, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ സ്‌മാരക അവാര്‍ഡ്‌, മാവേലിക്കര കഥകളി ക്ലബില്‍നിന്നും വീരശൃംഖല.... പിന്നെയും നിരവധിയുണ്ട്‌.

? എന്തേ അകാലത്തില്‍ അരങ്ങിനെ ഉപേക്ഷിച്ചത്‌..? ഇപ്പോള്‍ പൂര്‍ണ സംതൃപ്‌തനാണോ.

ജ്യേഷ്‌ഠനോടൊപ്പം വാരണാസി സഹോദരന്മാരായാണ്‌ അരങ്ങില്‍ കാലുറപ്പിച്ചത്‌. ജ്യേഷ്‌ഠന്റെ വിയോഗത്തോടെ അരങ്ങിനോട്‌ വിടപറഞ്ഞു. കൈലാസനാഥന്റെ പൂജാരിയായി കഴിയുന്നു. ഒന്നു കണ്ണടച്ചിരുന്നാല്‍ മതി. കടലിരമ്പുംപോലെയുള്ള ജ്യേഷ്‌ഠന്റെ വാദ്യഘോഷം കേള്‍ക്കാം. മാങ്കുളത്തിന്റെ നളനെയും മുകുരഭ്രമര മുദ്രകളും കാണാം.

? വാരണാസി കുടുംബത്തിലെ പുത്തന്‍തലമുറയ്‌ക്ക് വാദ്യകലയോടുള്ള താത്‌പര്യം.

മകന്‍ നാരായണന്‍ നമ്പൂതിരി മദ്ദളം അഭ്യസിച്ചിട്ടുണ്ട്‌. എന്നാല്‍ അയാള്‍ ബാങ്കുദ്യോഗസ്‌ഥനാണ്‌. ജ്യേഷ്‌ഠന്റെ മകന്‍ കലാമണ്ഡലം നാരായണന്‍ നമ്പൂതിരി പുത്തന്‍ തലമുറയിലെ അറിയപ്പെടുന്ന ചെണ്ടവിദ്വാനാണ്‌. മധു വാരണാസിയും (സ്‌ത്രീ വേഷം) ഇപ്പോള്‍ നന്നേ പ്രശസ്‌തനാണ്‌.

? തിരിഞ്ഞുനോക്കുമ്പോള്‍...

അഴിയിടത്തുചിറ ഭഗവതി (ഞങ്ങളുടെ കുലദേവത)യുടെയും ശ്രീ പരമേശ്വരന്റെയും അനുഗ്രഹം. എം.എ. ബേബിയും രമേശ്‌ ചെന്നിത്തലയുമൊക്കെ ഈ ഇല്ലത്ത്‌ വന്നിട്ടുണ്ട്‌. കഥകളി ഗവേഷണവുമായി ബന്ധപ്പെട്ട്‌ സ്വദേശികളും വിദേശികളുമായ പല വിദ്യാര്‍ഥികളും എന്നെപ്പോലുള്ളവരെ ബഹുമാനിക്കുമ്പോള്‍ സന്തോഷമുണ്ട്‌. കഥകളിയിലെ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരുപാടു കലാകാരന്മാര്‍ സന്ദര്‍ശിച്ചിട്ടുള്ള ഇല്ലമാണിത്‌. എല്ലാം ദൈവകൃപ.

എങ്കിലും ഒരു ചെറിയ നൊമ്പരം ബാക്കിയുണ്ട്‌. ഇരുപതുകൊല്ലം സര്‍ക്കാര്‍ ജോലി ചെയ്യുന്ന ശിപായിമാര്‍ക്കുപോലും നല്ല തുക പെന്‍ഷന്‍ ലഭിക്കുന്നുണ്ട്‌. ഏതാണ്ട്‌ അരനൂറ്റാണ്ടോളം ദിനരാത്രങ്ങള്‍ കഠിനാധ്വാനം ചെയ്‌ത ഞങ്ങള്‍ക്ക്‌ വാര്‍ധക്യപീഡകള്‍ മാത്രം ബാക്കി. കേരള ലളിതകലാ അക്കാദമിയുടെ ചെറിയ പെന്‍ഷന്‍ തുക വിസ്‌മരിക്കുന്നില്ല. എങ്കിലും ഞങ്ങളെക്കാള്‍ കഴിവിലും പരിചയത്തിലും പ്രായത്തിലുമെല്ലാം പിന്നില്‍ നില്‍ക്കുന്ന പല കലാകാരന്മാരും പത്മശ്രീയും ദേശീയ പുരസ്‌കാരങ്ങളുമെല്ലാം ലഭിക്കുമ്പോള്‍ അസൂയപ്പെടാറില്ല. പകരം ഞങ്ങളുടെ തലമുറയിലെ പല നല്ല കലാകാരന്മാരും അവഗണിക്കപ്പെടുന്നില്ലേ എന്നൊരു സന്ദേഹം മാത്രം.

സുരേഷ്‌ വര്‍മ
25/10/2009

കാവേരി തടത്തിലെ കാരണവര്‍

ഈ കാരണവര്‍ക്ക്‌ പ്രായം അല്‍പം കൂടുതലാണ്‌. ആറരക്കോടി വര്‍ഷം. ഇത്രയും നാളും ചുണ്ണാമ്പ്‌ പൊടിയുടെ അടിയില്‍ സുഖ സുക്ഷുപിയിലായിരുന്നു, അടുത്തിടെ കണ്ടെത്തും വരെ. കണ്ടെത്തിയപ്പോഴാകട്ടെ അനേക കോടി രഹസ്യങ്ങള്‍ തന്റെയൊപ്പം ഉറങ്ങിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഈ കാരണവര്‍ ശാസ്ര ലോകത്തിന്‌ പ്രതീക്ഷയുടെ വെള്ളിവെളിച്ചമേകുന്നു.

തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ അരിയാലൂരില്‍ അടുത്തിടെ കണ്ടെത്തിയ ദിനോസര്‍ മുട്ടകള്‍ ശാസ്രലോകത്തെ ഇന്നും കുഴപ്പിച്ചുകൊണ്ടിരിക്കുന്ന, എങ്ങനെ ദിനോസര്‍ വംശം ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായി എന്ന സമസ്യക്കു മറുപടി നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്‌. ഇവിടെ നിന്ന്‌ മുമ്പ്‌ ദിനോസര്‍ മുട്ടകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കണ്ടു പിടിത്തം വളരെ യാദൃച്‌ഛികമായിരുന്നു. പെരിയാര്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ കാവേരീനദിക്കരയില്‍ ഖനനത്തിനു പറ്റിയ സ്‌ഥലം തപ്പിക്കൊണ്ടിരിക്കെ ഒരു നീര്‍ച്ചാലിനരികെ മണലില്‍ വൃത്താകൃതിയിലുള്ള ഒരുനിര കുഴികള്‍ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം നിര വൃത്തങ്ങളുടെ ഒരു കൂട്ടമാണതെന്നു കണ്ടെത്തിയ ശാസ്രജ്‌ഞര്‍ അതൊരു പ്രജനനകേന്ദ്രമാണെന്ന തിരിച്ചറിവില്‍ ഗവേഷണം ആവഴിക്കുവിട്ടു. ഭാരതിയാര്‍, ഭാരതിദാസന്‍ സര്‍വകലാശാലയിലെ ജിയോളജിസ്‌റ്റുകളും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ അതു ദിനോസര്‍ മുട്ടകളാകാമെന്ന നിഗമനത്തിലെത്തിയത്‌. ഫോട്ടോ കണ്ട രാജ്യാന്തര ദിനോസര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്രജ്‌ഞര്‍ നിഗമനം ശരിയാണെന്ന്‌ ഉറപ്പിച്ചു.

ഒരു മുട്ടയ്‌ക്ക് അഞ്ചുമുതല്‍ എട്ടിഞ്ചുവരെ വ്യാസം. എട്ടെണ്ണമുള്ള ഒരുനിര. അങ്ങനെ പലനിരകള്‍. നദീ തീരത്തോ അടിത്തട്ടിലോ ആണ്‌ മുട്ടകള്‍ കണ്ടെത്തിയത്‌. കൂടുതല്‍ കുഴിച്ചപ്പോള്‍ ദിനോസറുകളുടെ എല്ലുകളും വിസര്‍ജ്യാവശിഷ്‌ടങ്ങളും കണ്ടെത്തി. എന്നാല്‍, ഇതിനേക്കാളൊക്കെ സന്തോഷമേകിയ കണ്ടെത്തല്‍ ഈ അവശിഷ്‌ടങ്ങളെ പൊതിഞ്ഞു നിന്ന പൊടിയുടെ അംശമായിരുന്നു. അഗ്നിപര്‍വ തത്തില്‍ നിന്നുള്ള ലാവാപ്രവാഹം ഉറഞ്ഞുണ്ടാകുന്ന പൊടിയായിരുന്നു അത്‌. ശാസജ്‌ഞരുടെ നിഗമനം ഇങ്ങനെ: ഒരു ചതുരശ്ര കിലോമീറ്ററിലധികം മുട്ടകള്‍ കണ്ടെത്തിയ ഇവിടം ദിനോസറുകളുടെ നഴ്‌സറിയായിരുന്നു. തമ്പടിച്ച്‌ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കുന്ന പ്രദേശം. ആറരക്കോടി വര്‍ഷം മുമ്പുണ്ടായ വന്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ആ കുലമൊന്നാകെ നശിച്ചു. ഇത്‌ ശരിയാണെന്നു വന്നാല്‍ ഉല്‍ക്കാപതനത്തിലാണ്‌ ദിനോസറുകള്‍ ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായതെന്ന ഇതുവരെയുള്ള വിശ്വാസം തിരുത്തിയെഴുതേണ്ടിവരും.

ആക്രമണകാരിയായ ഇരുകാലി കാര്‍ണോവറും നാലുകാലിയും സസ്യഭുക്കുമായിരുന്ന സൗറോപോഡുമായിരുന്നു ഇവിടെ മേഞ്ഞു നടന്നിരുന്ന ദിനോസറുകള്‍ എന്നാണ്‌ കരുതുന്നത്‌. അരിയാലൂരിലെ ദിനോസര്‍ സാന്നിധ്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കണ്ടെത്തിയതാണ്‌. 1843-ല്‍ ഇവിടെവച്ച്‌ ബ്രിട്ടീഷ്‌ ദമ്പതികള്‍ക്ക്‌ കുറെ 'വിചിത്രമായ എല്ലിന്‍ കഷണങ്ങള്‍' കിട്ടി. 32 പെട്ടികളിലായി അടുക്കിയ അവ ദിനോസറുകളുടേതായിരുന്നുവെന്ന്‌ തിരിച്ചറിയുന്നത്‌ 1860-ല്‍ ഒരു ബ്രിട്ടീഷ്‌ ജിയോളജിസ്‌റ്റ് ഇവിടെ നിന്ന്‌ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയതോടെയാണ്‌. തൊണ്ണൂറുകളില്‍ വീണ്ടും ദിനോസര്‍ മുട്ടകള്‍ കിട്ടിയെങ്കിലും ഇവിടം അതി വിശാലമായ ദിനോസര്‍ ഈറ്റില്ലമാണെന്ന്‌ തിരിച്ചറിയുന്നത്‌ ഒടുവിലത്തെ കണ്ടു പിടിത്തത്തോടെയാണ്‌.

പ്രപഞ്ചത്തിന്റെ തന്നെ രഹസ്യങ്ങള്‍ അടങ്ങുന്ന ഒരു പ്രദേശം കണ്ടെത്തിയാല്‍ സാധാരണഗതിയില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കുകയാണല്ലോ ചെയ്യുക. എന്നാല്‍, ഇതൊരു വിലപ്പെട്ട സ്‌ഥലമാണെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനസിലായെങ്കിലും സംരക്ഷിക്കാനുള്ള ഒന്നും ഇവിടെ ചെയില്ല. എട്ട്‌ സിമന്റ്‌ ഫാക്‌ടറികളാണ്‌ ഈ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മുതിര്‍ന്ന ജിയോളജിസ്‌റ്റായ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടുന്നു. 60,000 ടണ്‍ സിമന്റ്‌ ഒരോ ദിവസവും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഒരുലക്ഷം ടണ്ണിലധികം ചുണ്ണാമ്പ്‌കല്ലാണ്‌ ഇതിനായി പൊടിക്കുന്നത്‌. ഇക്കാലമത്രയും കൊണ്ട്‌ എത്രയധികം ഫോസിലുകള്‍ ഇവിടെ ചതഞ്ഞരഞ്ഞ്‌ സിമന്റായി ചാക്കില്‍ കയറി പോയിട്ടുണ്ടാവാം.

ഇന്ത്യയില്‍ ഫോസില്‍ ഗവേഷണരംഗത്ത്‌ വളരെകുറച്ചു പേരേ പങ്കെടുക്കുന്നുള്ളു. അവരില്‍ മുന്‍നിരയിലുള്ള പഞ്ചാബ്‌ സര്‍വകലാശാലയിലെ പ്രഫ.അശോക്‌ സാഹ്നിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ശാസ്രരംഗത്തെ അതിപ്രധാനമായ ചുവടുവയ്‌പാണ്‌ അരിയാലൂരിലെ കണ്ടുപിടിത്തം.

ദിനോസര്‍ പഠനത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന കാര്യംകൂടിയാണിത്‌. പടിഞ്ഞാറ്‌ ഗുജറാത്തില്‍ തുടങ്ങി മധ്യപ്രദേശില്‍ പടര്‍ന്ന്‌ തെക്കുകിഴക്ക്‌ തമിഴ്‌നാട്ടിലെത്തി നില്‍ക്കുന്ന ദിനോസര്‍ പെരുമ. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര വ്യാപക ഭൂപ്രദേശമാണ്‌ ഇത്തരം ഫോസിലുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്‌.

അരിയാലുരില്‍ ഭൂമിക്കടിയില്‍ പലതട്ടിലായി മുട്ടകള്‍ കണ്ടെത്തിയതില്‍ നിന്നു മനസിലായ ഒരുകാര്യം ദിനോസറുകള്‍ ഇവിടേക്ക്‌ സ്‌ഥിരമായി മുട്ടയിടാന്‍ എത്തിയിരുന്നുന്നതാണ്‌. 1859-ല്‍ ഫ്രാന്‍സില്‍ ആദ്യമായി ദിനോസറുകളുടെ മുട്ട കണ്ടെത്തിയ ശേഷം ഇരുന്നൂറോളം സ്‌ഥലങ്ങളില്‍ മുട്ട കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ശാസ്ര ലോകത്തിന്‌ തിരിച്ചറിയാന്‍ പറ്റാത്ത ഒരുകാര്യമുണ്ട്‌ - ദിനോസറുകള്‍ മുട്ട വിരിയിച്ചിരുന്നതെങ്ങനെ എന്ന്‌. പക്ഷികളെ പോലെ അടയിരുന്നായിരുന്നോ അതോ ഉരഗങ്ങളെപ്പോലെ അവയെ തനിയെ വിരിയാന്‍ വിടുകയായിരുന്നോ എന്നത്‌ ഇനിയും അജ്‌ഞാതം. അതിനുള്ള മറുപടി ഈ തമിഴ്‌മണ്ണില്‍ ഉറഞ്ഞു കിടപ്പുണ്ടെന്നാണ്‌ പ്രതീക്ഷ.

ഇ.പി. ഷാജുദീന്‍
25/10/2009

Thursday, October 22, 2009

ചീറ്റയുടെ രണ്ടാം വരവ്‌



ഒരു ചീറ്റപ്പുലിയെ കിട്ടിയിരുന്നെങ്കില്‍ ഓട്ടമല്‍സരം നടത്താമായിരുന്നുവെന്ന്‌ കരുതിയിരുന്ന ഓട്ടക്കാരെല്ലാം ഒരുങ്ങിയിരുന്നോളൂ, ചീറ്റപ്പുലിയുടെ വംശം ഇന്ത്യയില്‍ കുറ്റിയറ്റു പോയതിനാല്‍ ഇനി ഒരിക്കലും ഓട്ടമല്‍സരം നടത്തേണ്ടി വരില്ലെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി- താമസിയാതെ ഇന്ത്യന്‍ കാടുകളിലും ചീറ്റപ്പുലി ചീറ്റിത്തുടങ്ങും.

ഇന്ത്യയുടെ സ്വന്തം ഭാഷയായ സംസ്‌കൃതത്തിലെ സിത്രകായായില്‍ നിന്നാണ്‌ ചീറ്റയുടെ പേരു വന്നതെങ്കിലും അരനൂറ്റാണ്ടു മുമ്പ്‌ ഇന്ത്യയില്‍ നിന്ന്‌ അവസാന ചീറ്റയും അപ്രത്യക്ഷമായി. സ്വാതന്ത്ര്യത്തിനുമുന്‍പ്‌ സായിപ്പുമാരും രാജാക്കന്മാരുമൊക്കെ വേട്ടയാടിക്കൊന്ന്‌ അവസാനം പേരിനുപോലും ഒന്ന്‌ ഇന്ത്യയില്‍ ഇല്ലാതായി. ഏഷ്യന്‍ വനമേഖലയില്‍ വ്യാപകമായുണ്ടായിരുന്ന മൃഗമായിരുന്നു ഇതെന്നോര്‍ക്കണം.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വംശമറ്റുപോയ ഏക മൃഗവും ചീറ്റയായിരുന്നു. ഇന്ന്‌ ആഫ്രിക്കയിലും ഇറാനിലും, യു.എ.ഇയിലും പാകിസാന്റെ ചില മലയിടുക്കുകളിലും മാത്രമുള്ള ചീറ്റയെ ഇന്ത്യന്‍ കാടുകളില്‍ കുടിയിരുത്താനുള്ള വമ്പന്‍ പദ്ധതി ഒരുങ്ങുകയാണ്‌.

ആഫ്രിക്കയില്‍ നിന്നോ യു.എ.ഇയില്‍ നിന്നോ ലക്ഷണമൊത്ത പുലികളെ ഇന്ത്യയില്‍ കാട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയെടുക്കാനുള്ളതാണു പദ്ധതി. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലൊക്കെ ഇഷ്‌ടം പോലെ പുലികള്‍ ഉണ്ട്‌. അവയില്‍ ചിലതിനെ ഇവിടേക്കു കൊണ്ടുവരും. കുറെ നാളത്തേക്ക്‌ ചെറിയ ഒരു പ്രദേശത്ത്‌ താമസിപ്പിച്ച്‌ ഇനി കഴിയാന്‍ പോകുന്ന വനത്തിനെക്കുറിച്ച്‌ നന്നായി മനസിലാക്കിക്കൊടുത്തശേഷമായിരിക്കും പുലികളെ കാട്ടിലേക്കു തുറന്നു വിടുന്നത്‌. കാര്യങ്ങളെല്ലാം ഉദ്ദേശിച്ചരീതിയില്‍ നടന്നാല്‍, കര്‍ണാടകയിലെ ബിജാപുര്‍-സോളാപുര്‍ വനത്തില്‍ 60 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ആദ്യമായി ചീറ്റപ്പുലിയുടെ കാലടി പതിയും. ആന്ധ്രാ പ്രദേശിലെ ചില വന പ്രദേശവും കണ്ടു വച്ചിട്ടുണ്ട്‌.

കഴിഞ്ഞയാഴ്‌ച രാജ്‌സ്ഥാനിലെ ബികാനെറില്‍ നടന്നയോഗമാണ്‌ പുലിക്കൈമാറ്റത്തിന്‌ അന്തിമ തീരുമാനമെടുത്തത്‌. കര്‍ണാടകയും ആന്ധ്രയും കൂടാതെ ഗുജറാത്തും രാജസ്‌ഥാനും ചത്തിസ്‌ഗഡും മധ്യപ്രദേശും പരിഗണനയിലുണ്ട്‌.

അടുത്ത പത്തുവര്‍ഷത്തേക്ക്‌ ഓരോ വര്‍ഷവും പത്തോളം പുലികളെ ഇന്ത്യയിലേക്ക്‌ ഇറക്കാനാണ്‌ പരിപാടി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ചീറ്റവര്‍ഗങ്ങള്‍ 5000 വര്‍ഷം മുമ്പ്‌ വേര്‍പിരിഞ്ഞതാണ്‌. ഒടുവില്‍ ഇന്ത്യന്‍ ചീറ്റകള്‍ക്ക്‌ പുനര്‍ജനമേകാന്‍ ആഫ്രിക്കന്‍ ചീറ്റകള്‍ വരേണ്ടി വരികയാണ്‌.

ഇന്ത്യയില്‍ മൃഗങ്ങളെ കാടുമാറ്റി പാര്‍പ്പിക്കുന്നത്‌ പുതിയ സംഭവമൊന്നുമല്ല. മധ്യപ്രദേശിലെ പന്ന, രാജ്‌സ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതങ്ങളില്‍ കടുവകളെ മറ്റു സങ്കേതങ്ങളില്‍ നിന്ന്‌ കൊണ്ടുവന്നു പാര്‍പ്പിച്ചത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു.

ഇങ്ങനെ കടുവയെ മാറ്റിത്താമസിപ്പിക്കേണ്ടി വന്നത്‌ ചീറ്റയെ ഇറക്കുമതി ചെയ്യുന്നതിന്‌ ഭീഷണിയാണെന്നും അഭിപ്രായമുണ്ട്‌. കാരണം, സരിസ്‌കയില്‍ ഒറ്റക്കടുവപോലും ഇല്ലാതായപ്പോഴാണ്‌ അവിടേക്ക്‌ കുടിയേറ്റം വേണ്ടി വന്നത്‌. പന്നയിലാവട്ടെ പെണ്‍കടുവകള്‍ ഇല്ലാതായപ്പോള്‍ ഇറക്കുമതി വേണ്ടിവന്നു. കാല്‍ നൂറ്റാണ്ടിലേറെയായി കടുവാസംരക്ഷണത്തിനു കോടികള്‍ ചെലവഴിച്ചിട്ടും ഇങ്ങനെ കടുവകള്‍ ഇല്ലാതാകുന്ന നാട്ടില്‍ പുറത്തു നിന്നു ചീറ്റപ്പുലിയെ കൊണ്ടു വരുന്നത്‌ എത്രത്തോളം പ്രായോഗികമാകുമെന്നതാണ്‌ പ്രസകമായ ചോദ്യം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വേട്ടയാടപ്പെട്ടത്‌ 110 കടുവകളാണ്‌. ഇതിനിടയില്‍ ചീറ്റപ്പുലികളെ വിദേശത്തു നിന്നു കൊണ്ടുവന്ന്‌ സംരക്ഷിക്കാനായില്ലെങ്കില്‍ അതു പാഴ്‌ചെലവാവില്ലേ എന്നു ചോദിക്കുന്നവരും ഏറെ.

മാത്രവുമല്ല, മാറിയ കാടിലും കാലാവസ്‌ഥയിലും ആഫ്രിക്കന്‍ ചീറ്റകള്‍ ഇന്ത്യയില്‍ അതിജീവിച്ചേക്കില്ലെന്നു പറയുന്നവരും ഉണ്ട്‌. രാജസ്‌ഥാനിലെ മുഖ്യ വനപാലകന്‍ ആര്‍.എന്‍. മല്‍ഹോത്ര ഈ അഭിപ്രായക്കാരനാണ്‌.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്‌ മോലിക്യുലാര്‍ ബയോളജി ചീറ്റയെ ക്ലോണ്‍ ചെയു സൃഷ്‌ടിക്കാന്‍ പരിപാടി ഇട്ടിരുന്നു. ഇറാനില്‍ നിന്ന്‌ ഒരു ജോഡി ചീറ്റയെ കൊണ്ടുവന്ന്‌ ക്ലോണ്‍ ചെയ്യാനായിരുന്നു പരിപാടി. ഇറാന്‍ സമ്മതിക്കാതിരുന്നതിനാല്‍ അതു നടന്നില്ല. പിന്നീട്‌ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയു. പിന്നീട്‌ ഇന്ത്യ ഇറാനോട്‌ ഒരു ചീറ്റയെ വിട്ടു തരാമോ എന്നു ചോദിച്ചു. സമ്മതമല്ലെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഇറാന്‌ അരസമ്മതമായിട്ടുണ്ട്‌- ഒരു സിംഹത്തെ കൊടുത്താല്‍ ഒരു ചീറ്റയെ തരാം. ഇന്ത്യ ഇനിയും സമ്മതം മൂളിയിട്ടില്ല.

എന്തായാലും വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ സ്വപ്‌നപദ്ധതിയാണ്‌ ചീറ്റയുടെ രണ്ടാം വരവ്‌. വൈല്‍ഡ്‌ ലൈഫ്‌ ട്രസ്‌റ്റ് തലവന്‍ എം.കെ. രഞ്‌ജിത്‌ സിംഗിനെയും വന്യജീവി വിദഗ്‌ധന്‍ വൈ. വി. ഝാലയെയും പോലുള്ളവര്‍ പിന്തുണയുമായി ഉള്ളതിനാല്‍ ജയ്‌റാം രമേശ്‌ ശുഭാപ്തി വിശ്വാസത്തിലാണ്‌.

സണ്‍ഡേ മംഗളം സെപ്റ്റംബര്‍ 20, 2009

Wednesday, October 21, 2009

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു...












ഏവര്‍ക്കും ഇവിടേക്ക്‌ സ്വാഗതം... കോട്ടയത്തെ നീണ്ടൂരില്‍ നിന്നും ചെമ്മാച്ചേല്‍ വീട്ടിലേക്കെത്തുമ്പോള്‍ ആദ്യം ഉളളിലേക്കു ക്ഷണിക്കുന്നത്‌ ഈ ചൂണ്ടു പലകയാണ്‌. അതു കഴിഞ്ഞ്‌ അകത്തേക്കു കയറുമ്പോള്‍ ആദ്യം ഓര്‍മ വരിക കളര്‍ഫുള്‍ ആയ ഒരു മലയാളസിനിമയുടെ സെറ്റാണ്‌്. ചുറ്റിനും കാഴ്‌ചയുടെ ഒരു ഉത്സവം തന്നെ. വേനല്‍ചൂടിലും ഭൂമിക്കു കുളിരു പകര്‍ന്നു നിരന്നു നില്‍ക്കുന്ന തണല്‍മരങ്ങള്‍. കണ്ണെത്താദൂരത്തോളം നെല്‍പാടങ്ങള്‍, വിശാലമായ ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ പശ്‌ചാത്തലത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന തെങ്ങുകളുടെ ചന്തം. കുലച്ച വാഴകള്‍, അരയന്നങ്ങളും എമു പക്ഷികളും തീര്‍ക്കുന്ന കാഴ്‌ചയുടെ അനുഭവം. കുളം, താമര, നീന്തിതുടിക്കുന്ന മത്സ്യങ്ങള്‍, മനോഹരമായ ശില്‌പങ്ങള്‍. ഷട്ടില്‍ ,വോളിബോള്‍ കോര്‍ട്ടുകള്‍ വിശ്രമമുറികള്‍ .എവിടെയ്‌ക്ക് ക്യാമറ തിരിച്ചാലും മനോഹരമായ ഫ്രെയിം.

സിനിമാസെറ്റുമായി തട്ടിച്ചു നോക്കിയാല്‍ ആകെ ഒരു വ്യത്യസ്‌തതയുളളത്‌, പക്ഷികളുടെ കോലാഹലത്തിനിടയിലും ഇവിടം ശാന്തമാണ്‌ എന്നുളളതാണ്‌. ഇനി പുറമെ കാഴ്‌ച പകര്‍ന്നു നല്‍കുന്ന ആനന്ദത്തിനപ്പുറം ഇറങ്ങിപ്പോയാല്‍ ഇവിടെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തി നിരവധി ജീവിതങ്ങളെയും കാണാം. പാടങ്ങളിലും മറ്റും പണിയെടുക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങള്‍.

കമ്പനികളിലെ തൊഴിലാളികളെപോലെ പി.എഫും, ബോണസും, മറ്റാനുകൂല്യങ്ങളും എല്ലാം വാങ്ങുന്നവരാണ്‌ ഈ തൊഴിലാളികള്‍. കൂലിപ്പണിചെയ്യുന്നവര്‍ക്ക്‌ ആരെങ്കിലും ഇത്രയെറെ ആനുകൂല്യങ്ങള്‍ നല്‍കുമോ എന്ന കൗതുകത്തേക്കാളുപരി മൂന്നു വര്‍ഷം മുന്‍പുവരെ ഈ ഭൂമി തരിശു നിലമായിരുന്നു എന്നറിയുമ്പോഴാണ്‌ ശരിക്കും അത്ഭുതപ്പെടുക. പിന്നെ ഇവിടം എങ്ങനെ ഇത്രയും മാറി എന്ന ചോദ്യത്തിന്‌ ഉത്തരം തേടിയാല്‍ ആദ്യം കണ്ട ചൂണ്ടു പലകയിലേക്ക്‌ തിരിച്ചു പോകേണ്ടി വരും. അവിടെ ആതിഥേയനായും സുഹ്യത്തായും ജോയി ചെമ്മാച്ചേല്‍ ഉണ്ടാവും ആ കഥ പറയാന്‍.

മറുനാടന്‍ മലയാളികള്‍ക്കൊരു കുഴപ്പമുണ്ട്‌. അന്യനാടുകളില്‍ കഴിയുന്നതിനിടയില്‍ കിട്ടുന്ന സമയം മുഴുവന്‍ അവന്‍ ഒരു പാട്‌ കാര്യങ്ങള്‍ ആലോചിച്ചു കൂട്ടും . എന്റെ വീട്‌, നാട്‌, കുടുംബം ഇതൊക്കെ ഇപ്പോള്‍ എങ്ങനെയാവും. ഈ തവണ ഉത്സവത്തിന്‌ അവധി കിട്ടുമോ തുടങ്ങിയ കാര്യങ്ങളാവും ചിന്തകളില്‍ മുഴുവന്‍. ഇനി സുന്ദരമായ ഒരു ഗ്രാമത്തില്‍ ജനിച്ചയാള്‍ കൂടിയാണെങ്കിലോ പറയേണ്ട. പാടവും പുഴയും, ഞാറ്റുപാട്ടിന്റെയും കൊയ്‌ത്തുപാട്ടിന്റെയും ഈണങ്ങളും ഗ്രാമ ചിത്രം എപ്പോഴും മാടിവിളിച്ചുകൊണ്ടിരിക്കും. പിന്നെ നാട്ടിലെത്താന്‍ കാത്തിരിക്കും. പാടത്തൊന്നിറങ്ങാന്‍, കൂട്ടുകാരുമൊത്ത്‌ പുഴക്കരയില്‍ ഇരുന്ന്‌ സൊറപറയാന്‍. ബിസിനസിന്റെയൊ ജോലിയുടെയൊ തിരക്കുകള്‍ വിട്ട്‌് മനസിനെ സ്വതന്ത്രമാക്കി വിടാന്‍,

അങ്ങനെ സ്വപ്‌നങ്ങളുടെ ഒരു നീണ്ടകണക്കുകൂട്ടലുമൊക്കെ കഴിഞ്ഞു മടങ്ങിയെത്തുമ്പോഴോ നിരാശയായിരിക്കും ഫലം. പുഴ മൊത്തം മണല്‍ വാരി വറ്റി വരണ്ടിരിക്കും. പുഞ്ചപ്പാടങ്ങള്‍ക്കു പകരം ബഹുനില മന്ദിരങ്ങളുടെ ആര്‍ഭാടം. ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളെ മനസില്‍ കുഴിച്ചുമൂടി മടങ്ങാന്‍ മാത്രമേ ഈ പ്രവാസികള്‍ക്കു പിന്നെ കഴിയൂ. അപ്പോഴും പുഴയും പാടവുമൊക്കെ ഒരു തേങ്ങലായി ഉള്ളിലുണ്ടാവും.

ഗൃഹാതുരതയില്‍ ഊറ്റംകൊളളുന്ന എല്ലാ വിദേശമലയാളികളേയും പോലെ നീണ്ടൂര്‍ ചെമ്മാച്ചേല്‍ ജോയിക്കും ഒരിക്കല്‍ ഇങ്ങനെയൊരു അവസ്‌ഥയുണ്ടായി.

മനസില്‍ കെട്ടിപ്പൊക്കിയ ചിത്രങ്ങളുമായി അമേരിക്കയില്‍നിന്നു നാട്ടിലെത്തിയ ജോയി താന്‍ മനസില്‍ ചില്ലിട്ടു വച്ച നാടിന്റെ ചിത്രങ്ങള്‍ പൊട്ടിത്തകരുന്നത്‌ അറിഞ്ഞു. എന്നാല്‍ പഴമയെയും ശീലങ്ങളെയും തട്ടിയെറിഞ്ഞുകൊണ്ടുളള നാടിന്റെ ഓട്ടത്തെ അങ്ങനെ വിടാന്‍ ജോയി തയാറായില്ല. അന്നു വീടിനു മുന്‍പില്‍ തരിശായി കിടന്ന മണ്ണാര്‍മൂല പാടശേഖരത്തില്‍ നോക്കി ജോയി ഒരു തീരുമാനമെടുത്തു. ആ തീരുമാനമാണ്‌ ഇന്നു മണ്ണാര്‍മൂലയില്‍ നെല്ലായും, ഏലമായും, ഔഷധത്തോട്ടമായുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്‌്. ഒരു നാടിനുമൊത്തം അഭിമാനമായി. കഥ ഇവിടെ തീരുന്നു ഇനി യഥാര്‍ഥ്യത്തിലേക്ക്‌... കല്ലും മുളളും നിറഞ്ഞ പാതയിലൂടെ നടന്നാണ്‌ ജോയി നാടിനെ സ്വപ്‌ന തുല്യമാക്കിയത്‌. ജോയിയും ഭാര്യ ഷൈലയും ചേര്‍ന്ന്‌ ലാന്‍ഡ്‌ ഫിഷറീസ്‌ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ്‌ പ്രൊജക്‌ട് എന്ന നൂതന സംയോജിത കൃഷിപദ്ധതി രൂപീകരിക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. 28 ഏക്കറില്‍ തെങ്ങുകള്‍, മത്സ്യങ്ങള്‍, നെല്ല്‌, വാഴ, പക്ഷികള്‍, പശുക്കള്‍, ഏലം... എല്ലാവര്‍ക്കും വേണ്ടി ഒരു ചെറിയ ലോകം തീര്‍ക്കുക എന്നതായിരുന്നു പദ്ധതി. തുടക്കത്തില്‍ പ്രോത്സാഹനങ്ങള്‍ക്കു പകരം എതിര്‍പ്പുകളാണ്‌ എത്തിയത്‌. ഇതിനെതിരേയുളള പടവെട്ടല്‍ തുടങ്ങിയപ്പോള്‍ ഒരു പറ്റം ആളുകള്‍ സഹായവുമായെത്തി. ഇതോടെ പദ്ധതികള്‍ വീണ്ടും തളിരിട്ടു.

കൃഷി. മൃഗസംരക്ഷണ-ഫിഷറീസ്‌ വകുപ്പുകളും നീണ്ടൂര്‍ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്തും കൂടി സഹായവുമായെത്തിയതോടെ ആദ്യഘട്ടം പൂര്‍ത്തിയായി. നാട്ടില്‍തന്നെയുളള നൂറോളം തൊഴില്‍രഹിതര്‍ക്കു തൊഴില്‍ നല്‍കിക്കൊണ്ടു പദ്ധതി തുടങ്ങി.

ജോയി അമേരിക്കയിലിരുന്നും ഇടയ്‌ക്കിടെ നാട്ടിലെത്തിയും ക്യഷി ചെയ്യുന്നതിനു നേതൃത്വം നല്‍കി. ബിസിനസ്‌ തിരക്കിനിടയില്‍ കൃഷി ചെയ്യാനായി നാട്ടില്‍ പോകുന്നു എന്നു പറഞ്ഞ്‌ കൂട്ടുകാര്‍ പോലും കളിയാക്കി. എന്നാല്‍ തന്റെ സ്വപ്‌ന സാഫല്യത്തിനുവേണ്ടി ജോയി അതൊക്കെ ചിരിച്ചുതളളി. ഏതു തീരുമാനങ്ങള്‍ക്കും പുറകില്‍ സഹായവുമായി ഭാര്യ ഷൈലയുമുണ്ടായിരുന്നു. പാടത്ത്‌ ചെളി നിറച്ചാണ്‌ ഞാറു നട്ടത്‌. കാര്‍ഷികഗവേഷണകേന്ദ്രങ്ങളില്‍ നിന്ന്‌ വിളകള്‍ ഏറ്റവും നല്ലതു തന്നെ എത്തിച്ചു. മികച്ച പശുകള്‍ക്കും ആടുകള്‍ക്കും മറ്റുമായി നാടൊട്ടുക്കു പോയി. വിദഗ്‌്ദ്ധരുടെ ഉപദേശം തേടി. പാരമ്പരാഗതവും ശാസ്‌ത്രീയവുമായ കാര്‍ഷികരീതികള്‍ തന്നെയാണ്‌ പരീക്ഷിച്ചത്‌.22 ല്‍ പരം കൃഷിയിനങ്ങള്‍ നട്ടു.

സ്വപ്‌നങ്ങളൊന്നും വെറുതെയായില്ല. ഒടുവില്‍ കഷ്‌ടപ്പെട്ട്‌ ഭൂമിയില്‍ വീഴ്‌ത്തിയ വിയര്‍പ്പുതുളളികള്‍ക്കു പൊന്നിന്റെ നിറം നല്‍കികൊണ്ട്‌ നെല്‍ക്കതിരുകള്‍ വിരിഞ്ഞു. വരള്‍ച്ചയിലും കൃഷിയിടത്തോടു ചേര്‍ന്ന മുക്കാലിതോട്‌ വറ്റാതെ അവയ്‌ക്കു വെളളം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ പ്രകൃതിപോലും ആ സ്വപ്‌നത്തിനു തണല്‍ വിരിച്ചു.

കൃത്രിമമായി നിര്‍മിച്ച കുളത്തില്‍ താമരകള്‍ വിരിഞ്ഞു. ഒന്നും രണ്ടുമല്ല നൂറുകണക്കിന്‌ താമരകള്‍ തന്നെ

താറാവുകളും അരയന്നങ്ങളും, പാലക്കാടു നിന്നെത്തിച്ച വിലയേറിയ എമുവും അടങ്ങുന്ന പക്ഷികളുടെ ഒരു പടതന്നെ അതിലെ പറന്നും ഓടിയും നടന്നു. തൊഴുത്തുകളില്‍ ജേഴ്‌സി, സിന്ധി, സ്വസ്‌ബ്രൗണ്‍. തുടങ്ങിയ സങ്കരയിനം പശുക്കളും ഒപ്പം നാടന്‍ പശുക്കളും നിറഞ്ഞു. മറുനാടന്‍, നാടന്‍ ഇനങ്ങളില്‍പെട്ട ആടുകളുമെത്തി. കുളത്തില്‍ താമരയ്‌ക്കൊപ്പം കരീമീന്‍ , ആറ്റുകൊഞ്ച്‌ , കാരി, വരാല്‍, അലങ്കാരമത്സ്യങ്ങള്‍ എന്നിവ ഓടി നടന്നു. അങ്ങനെ തരിശുപാടം വിസ്‌മയക്കാഴ്‌ചയുടെയും ഒരു പാടു കുടുംബങ്ങളുടെ വരുമാന സ്രോതസിന്റെയും ഇടമായി. പട്ടിണിമാറിയ കുടുംബങ്ങള്‍ക്കു മുകളില്‍ പുഞ്ചിരി പടര്‍ന്നു നിന്നു. നിലം മനോഹരമാകുന്നതിനൊപ്പം വിവിധങ്ങളായ കാര്‍ഷികവിളകളും പരീക്ഷിച്ചു. എല്ലാം നൂറുമേനി വിജയം.

നെല്ല്‌ വിളവെടുപ്പിനു സമയമായപ്പോള്‍ ഇവിടുത്തെ നെല്ല്‌ കൊയ്യാന്‍ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ നേരിട്ടെത്തി, പണിയാളുകളോടൊപ്പം കൂടി. കേരളത്തിനു മൊത്തം മാതൃകയാണു നീണ്ടൂരെന്നു പറഞ്ഞ്‌ അംഗീകാരങ്ങള്‍ നല്‍കി. ഇതെല്ലാം കേട്ടു നിറഞ്ഞ മനസോടെനിന്നവരില്‍ ജോയിയുമുണ്ടായിരുന്നു. തന്റെയൊരു ഭ്രാന്തന്‍ സ്വപ്‌നം, അമേരിക്കയില്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം കളയാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞവരുടെ മുന്‍പില്‍ തെല്ലൊരു ഗര്‍വോടു കൂടിത്തന്നെ.

അപ്പോള്‍ ആ കണ്ണുകള്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ യഥാര്‍ഥ്യമാക്കി, എന്റെ നാടിതാ കണ്‍മുന്‍പില്‍. ഇനി എനിക്ക്‌ നിരാശയോടെ മടങ്ങേണ്ടി വരില്ല എന്ന്‌. ഒപ്പം എന്നെ പോലെ ആര്‍ക്കും. അതിനാണി ചൂണ്ടുപലക ആര്‍ക്കും ഇവിടെ വരാം മനസ്സിനെ സ്വതന്ത്രമാക്കാം മടങ്ങാം ഏവര്‍ക്കും ഇവിടെയ്‌ക്ക് സ്വാഗതം.

ജോസ്‌ കാണക്കാരി