Monday, November 2, 2009

ബ്ലാക്ക്‌ ബെല്‍റ്റ്‌ @ 62


തല മറന്ന്‌ എണ്ണ തേക്കരുതെന്നാണ്‌ പഴമൊഴിയെങ്കിലും അച്ചോയിച്ചേട്ടന്‍ ഇതിനൊരപവാദമാണിന്ന്‌. പ്രായത്തെ വെല്ലുവിളിച്ച്‌ അയോധനാഭ്യാസത്തിനിറങ്ങിയ ഇദ്ദേഹത്തിനു മുന്നില്‍ തലകുനിക്കാതെ വയ്യ. സപ്‌തതി പിന്നിട്ടിട്ടും കരാട്ടെയോടുള്ള അടങ്ങാത്ത ആവേശം ആദ്യമൊക്കെ കാഴ്‌ചക്കാര്‍ക്കൊരു തമാശയായിരുന്നു. എന്നാല്‍ കരാട്ടേ അഭ്യാസത്തിനിറങ്ങി അടവുകള്‍ പതിനെട്ടും പയറ്റിത്തെളിഞ്ഞ്‌ ബ്ലാക്ക്‌ ബെല്‍റ്റും അടിച്ചെടുത്താണ്‌ ഈ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിന്‍മാറിയത്‌. വടിവൊത്ത ഖദറിട്ട്‌ മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനിടയിലും ആയോധന കലയോടുള്ള അടങ്ങാത്ത ആരാധന മനസിലൊളിപ്പിച്ചിരുന്നുവെന്നതാണ്‌ യാഥാര്‍ഥ്യം. വെറുമൊരു ഹോബി മാത്രമായിരുന്നില്ല എസ്‌.ടി. അഗസ്‌റ്റ്യനെന്ന തങ്കമണി സ്രാമ്പിക്കല്‍ അച്ചോയിക്ക്‌ കരാട്ടെ പഠനം. ഒരു ജീവിതചര്യകൂടിയായിരുന്നു.

യൗവനത്തിന്റെ പ്രതാപം വിട്ടൊഴിയുന്നതിനു മുമ്പേ പരിശീലനംആരംഭിച്ചിരുന്നുവെങ്കിലും ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം തന്നെത്തേടിയെത്തിയതോടെ കരാട്ടെയെ താത്‌കാലികമായി കൈവിടേണ്ടിവന്നു. ഖദര്‍ അണിഞ്ഞ്‌ ഭരണസാരഥ്യം ഏറ്റെടുത്തതോടെ വെള്ളക്കുപ്പായം അഴിച്ചുവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. അഞ്ച്‌ വര്‍ഷത്തെ ഭരണത്തിരക്ക്‌ ഒഴിഞ്ഞപ്പോഴേയ്‌ക്കും പ്രായത്തിന്റെ അവശതകള്‍ ശരീരത്തിലും മനസിലും തികട്ടിത്തുടങ്ങിയിരുന്നു. എന്നാല്‍ കരാട്ടേയോടുള്ള ഒടുങ്ങാത്ത താത്‌പര്യം വീണ്ടും മനസില്‍ മൊട്ടിട്ടു. ഇത്തവണ ഇളയ മകനോടൊപ്പം വീണ്ടും വെള്ളക്കുപ്പായമണിഞ്ഞ്‌ ഗോദയിലിറങ്ങി. ചിട്ടയായ കഠിന പരിശ്രമത്തിനൊടുവില്‍ അച്ചോയി അത്‌ നേടുകതന്നെ ചെയ്‌തു. അയോധന കല ജീവിതത്തിന്റെ ഭാഗമാക്കിയ അച്ചോയിയെ തേടി 62-ാം വയസില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ എത്തി. 16 വര്‍ഷം മുമ്പ്‌ തുടക്കം കുറിച്ച പരിശീലനത്തിന്‌ അംഗീകാരം ലഭിച്ചത്‌ കഴിഞ്ഞ മേയ്‌ 10-നായിരുന്നു. 62-ാം വയസില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടുന്ന സംസ്‌ഥാനത്തെ ഒന്നാമനെന്ന ബഹുമതിയും ഇതോടെ അച്ചോയിക്ക്‌ സ്വന്തമായി. ഇന്റര്‍നാഷണല്‍ ഷോറിന്‍ റീയു സെയ്‌ബുഖാന്‍ സ്‌റ്റൈലിലായിരുന്നു പരിശീലനം.

വാര്‍ധക്യത്തിന്റെ അവശതകള്‍ കൊണ്ടെത്തിച്ച ശാരീരിക ക്ഷീണങ്ങള്‍ ഇന്ന്‌ പഴങ്കഥയായി. നിതാന്ത പരിശീലനം മാത്രമാണ്‌ ഇതിന്‌ വഴിതെളിച്ചത്‌. നഷ്‌ടപ്പെട്ട ഇച്‌ഛാശക്‌തിയും മാനോധൈര്യവും തിരിച്ചെത്തി. ഇന്നിപ്പോള്‍ എന്തിനും ഏതിനും യുവാവിന്റെ ചുറുചുറുക്കാണെന്ന്‌ അച്ചോയി പറയുന്നു. 1993-ലാണ്‌ കരാട്ടെ പഠനം ആരംഭിക്കുന്നത്‌. ആഴ്‌ചയില്‍ രണ്ട്‌ ദിവസം വൈകുന്നേരങ്ങളില്‍ തങ്കമണിയിലെ കവളക്കാട്ട്‌ ജോസിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. രണ്ട്‌ വര്‍ഷം പിന്നിട്ടതോടെ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രസിഡന്റാകാന്‍ നിയോഗമുണ്ടായതോടെ കരാട്ടെ പഠനം പൂര്‍ണമായി മുടങ്ങി. ഇതിനിടെ കൊളസ്‌ട്രോളും പിടികൂടി. പിന്നീട്‌ അധികാരമൊഴിഞ്ഞ്‌ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 2003-ലാണ്‌ വീണ്ടും പരിശീലനം പുനരാരംഭിക്കുന്നത്‌.

ആറ്‌ വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ്‌ ഇന്റര്‍ നാഷണല്‍ ഷോറിന്‍ യു ക്ലബ്ബില്‍ നിന്നും ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടുന്നത്‌. ചിങ്‌മോക്‌സങ്‌ മലേഷ്യയായിരുന്നു ഗ്രാന്റ്‌ മാസ്‌റ്റര്‍. നിശ്‌ചയദാര്‍ഢ്യവും നിതാന്ത പരിശ്രമവും അംഗീകാരം നേടിക്കൊടുത്തതിനൊപ്പം കൊളസ്‌ട്രോളിന്റെ ശല്യം പൂര്‍ണമായി വിട്ടൊഴിഞ്ഞു. മരുന്നില്ലാത്ത ജീവിതം ഇഷ്‌ടപ്പെടുന്ന അച്ചോയി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടിയെങ്കിലും പരിശീലനത്തിന്‌ മുടക്കം വരുത്തിയിട്ടില്ല. ദിവസവും വൈകിട്ട്‌ വീട്ടിലെത്തിയ ശേഷം രണ്ട്‌ മണിക്കൂര്‍ സമയമെങ്കിലും പരിശീലനം നിര്‍ബന്ധമാണ്‌. ഇന്നിപ്പോള്‍ ഏത്‌ ജോലി ചെയ്യാനും കിലോമീറ്ററുകള്‍ അനായാസേന താണ്ടാനും കഴിയമെന്ന്‌ തെല്ലഭിമാനത്തോടെ തന്നെ എസ്‌.ടി. അഗസ്‌റ്റ്യന്‍ പറയുന്നു. അടിപിടിയും അക്രമവും പതിവായ രാഷ്‌ട്രീയ രംഗത്തെ പിടിച്ചുനില്‍പ്പിന്‌ ആയോധന മുറകള്‍ അനിവാര്യമാണെങ്കിലും രാഷ്‌ട്രീയ പ്രതിയോഗികളെ കായിക കരുത്തുകൊണ്ട്‌ നേരിടുന്നതിനോട്‌ അച്ചോയിക്ക്‌ തെല്ലും താത്‌പര്യമില്ല. കട്ടപ്പന ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുകൂടിയായ എസ്‌.ടി. അഗസ്‌റ്റ്യന്‌ കരാട്ടെയോടുള്ള താത്‌പര്യം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ആയോധനമുറയുടെ ആദ്യപാഠങ്ങള്‍ മാത്രം അഭ്യസിച്ചുവെന്ന്‌ തോന്നലുള്ള അച്ചോയിക്ക്‌ കൂടുതല്‍ പരിശീലനത്തിനായി ജപ്പാനിലേക്ക്‌ പോകണമെന്നാണ്‌ ആഗ്രഹം. മക്കളായ ഷിജോയും ബിജോയും കരാട്ടേയില്‍ ഇതിനകം കഴിവ്‌ തെളിയിച്ചു കഴിഞ്ഞു. ആഗ്നസാണ്‌ ഭാര്യ.
-----------------------
എം.ഡി. രഞ്‌ജിത്ത്‌

No comments:

Post a Comment