കാലികപ്രശ്‌നങ്ങളാണ് എം.എ.നിഷാദ് തന്റെ എല്ലാ സിനിമയ്‌ക്കും വിഷയങ്ങളാക്കിയിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ് നിഷാദ് സിനിമയെ സമീപിക്കുന്നത്. ഈ യുവസംവിധായകന്റെ ദൃശ്യഭാഷ്യം അനീതിക്കെതിരെയുള്ള പോരാട്ടങ്ങളാണെന്ന് ഓരോ സിനിമയെടുത്ത് പരിശോധിച്ചാല്‍ കാണാം. ആദ്യസിനിമയായ പകല്‍, നഗരം, ആയുധം, ഇപ്പോള്‍ ഇറങ്ങിയ വൈരം എല്ലാ സിനിമകളും സമൂഹത്തിലെ നേര്‍ക്കാഴ്‌ചകളാണ്. കര്‍ഷക ആത്മഹത്യ, മാലിന്യപ്രശ്‌നം, തീവ്രവാദം, ലൈംഗികചൂഷണം എല്ലാംതന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതാണ്. 'വൈര'ത്തിലൂടെ താനൊരു അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തിയതെന്ന് പറയാനാണ് സംവിധായകനും കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് ഇഷ്‌ടപ്പെടുന്നത്. ? 'ഒരാള്‍ മാത്രം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായിട്ടാണല്ലോ ചലച്ചിത്ര മേഖലയിലേക്കുള്ള താങ്കളുടെ പ്രവേശനം. ഈ മേഖല തെരഞ്ഞെടുക്കാന്‍ പ്രചോദനം. കോട്ടയം താഴത്തങ്ങാടിയിലാണ് ജനിച്ചതെങ്കിലും അമ്മയുടെ വീടായ പുനലൂരാണ് ബാല്യവും കൗമാരത്തിന്റെ ഏറെഭാഗവും ചെലവഴിച്ചത്.അമ്മവഴിയുള്ള അടുത്ത ബന്ധുവാണ് പ്രേംനസീറിന്റെ മകളെ കെട്ടിയത്. ആ ഒരു ബന്ധത്തിപുറമേ അമ്മയുടെ വീട്ടില്‍നിന്ന്‌കൊണ്ട് ധാരാളം സിനിമകള്‍ കാണാനുള്ള അവസരം ലഭിച്ചിരുന്നു. അതുപോലെ അഭിലാഷ്, ആനന്ദ് തുടങ്ങിയ തിയറ്ററുകളിലും കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. 1976-ല്‍കണ്ട പ്രേംനസീറിന്റെ 'യാഗാശ്വം' എന്ന സിനിമയാണ് എന്നില്‍ സിനിമയോടുള്ള അഭിനിവേശം കലശലാക്കിയത്. അഞ്ചോ ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അന്‍സാരിമാമയുടെകൂടെപോയി 'യാഗാശ്വം' കണ്ടത്. സിനിമ എങ്ങനെ ജനിക്കുന്നു ? എന്താണ് സംവിധാനം ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം എനിക്ക് ഉത്തരം നല്‍കയത് അന്‍സാരിമാമയാണ്. സിനിമയിലെ കലാപരമായ സാധ്യതകളെക്കുറിച്ചും പറഞ്ഞുതന്നതും ഈ മാമതന്നെയാണ്. മുതിര്‍ന്നപ്പോള്‍ ഇളയമാമയായ ഷാഫിയുടെകൂടെയാണ് സിനിമ കണ്ടുതുടങ്ങിയത്. ഞങ്ങള്‍ സിനിമകളെക്കുറിച്ച് പരസ്‌പരം സംസാരിച്ചു. അഭിപ്രായങ്ങള്‍ പങ്കുവച്ചു. എഞ്ചിനിയറിംഗ് വിദ്യഭ്യാസം കഴിഞ്ഞപ്പോള്‍ സിനിമാമേഖലയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു സിനിമാസംവിധായകന്റെ കീഴില്‍ സഹായിയായി പ്രവര്‍ത്തിക്കാന്‍ മനസ് വന്നില്ല. സിനിമയെ കൂടുതല്‍ അറിയാന്‍ അടുത്ത് മനസിലാക്കാന്‍ ഒരു സിനിമനിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഷാഫിമാമയും ഞാനുംചേര്‍ന്നാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഒരാള്‍ മാത്രം' നിര്‍മ്മിച്ചത്. പിന്നീട് ഡ്രീംസ്, തില്ലാന തില്ലാന എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. ഒരോസിനിമകളും നിര്‍മ്മിക്കുമ്പോഴും ഞാന്‍ സിനിമയെ മറ്റൊരുഭാഗത്ത്‌നിന്ന് കണ്ടുപഠിക്കുകയായിരുന്നു. ? താങ്കള്‍ സംവിധാനം ചെയ്‌ത പ്രഥമചിത്രമാണല്ലോ 'പകല്‍'. കാലികവിഷയമായ കര്‍ഷക ആത്മഹത്യ ഈ സിനിമയുടെ ഇതിവൃത്തമാക്കാന്‍ കാരണം. സിനിമ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള മാധ്യമമാണെന്നാണ് എന്റെ വിശ്വാസം. സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്‌ക്ക് പ്രേക്ഷകനോട് എന്തെങ്കിലും സംവേദിക്കാനുണ്ടാകണം. വെറുതെ ഒരു തട്ടുപൊളിപ്പന്‍ സിനിമചെയ്യാന്‍ താത്‌പര്യമുണ്ടായില്ല. ഞാന്‍ സിനിമയെ വളരെ ഗൗരവമായികാണുന്നു. അതുകൊണ്ടുതന്നെയാണ് രാഷ്‌ട്രീയ പശ്‌ചാത്തലംകൂടി കണക്കിലെടുത്ത് കാര്‍ഷികപ്രതിസന്ധിമൂലം ആത്മഹത്യ ചെയ്‌ത- ആത്മഹത്യയുടെവക്കത്തുള്ള ഒരു കൂട്ടം കര്‍ഷകര്‍ വസിക്കുന്ന ഗ്രാമത്തിന്റെ കഥ തെരഞ്ഞെടുത്തത്. നമ്മുടെ വിശപ്പകറ്റാന്‍ കഷ്‌ടപ്പെടുന്നവര്‍ വിഷം കഴിച്ചുമരിക്കേണ്ടിവരുന്ന ഒരു അവസ്‌ഥവന്നാല്‍ നമ്മള്‍ പ്രതികരിക്കണം. ഒരു കലാകാരനെന്നനിലയ്‌ക്ക് ഞാന്‍ എന്റെ പ്രതിബദ്ധത നിര്‍വഹിച്ചു. അത് എത്രമാത്രം വിജയിച്ചുവെന്ന് എനിക്ക് അറിയില്ല. ? ആഗോളതലത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ അല്ലെങ്കില്‍ ഗ്രാണീണര്‍ നേരിടുന്ന ഭീഷണിയാണ് മാലിന്യ പ്രശ്‌നം. രണ്ടാമത്തെ ചിത്രമായ 'നഗര' ത്തിന്റെ വിഷയവും കാലികവിഷയമായ മാലിന്യ പ്രശ്‌നമായിട്ടും സിനിമ ഒരു മോശം പ്രതികരണമായിരുന്നല്ലോ. നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റ് വാങ്ങുവാന്‍ വിധിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ കഷ്‌ടതനിറഞ്ഞകഥ പറയാനാണ് 'നഗര' ത്തിലൂടെ ഞാന്‍ ശ്രമിച്ചത്. മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനിടയാകുന്ന മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന അവസ്‌ഥ ദുഷ്‌കരമാണ്. എല്ലാ മാറാരോഗങ്ങളുടെയും തുടക്കം മാലിന്യങ്ങളില്‍നിന്നാണല്ലോ. ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. തൃശൂരിലെ ലാലൂര്‍, ബ്രഹ്‌മപുരം, വളപ്പില്‍ശാല ഇവിടെല്ലാം മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ട് വര്‍ഷങ്ങളായി. ഇവിടെ ജീവിക്കുന്നവരെ എന്തിനാണ് രണ്ടാംപൗരന്‍മാരായികാണുന്നത്. ശാസ്‌ത്രീയ മാലിന്യസംസ്‌കരണം അധികൃതര്‍ നടപ്പിലാക്കണം. ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഗ്രാമങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്ത്യപോലുള്ള മൂന്നാം രാഷ്‌ട്രങ്ങളെ അമേരിക്കയെപോലുള്ള സാമ്രജ്യത്വശക്‌തികള്‍ എങ്ങനെയാണോ കുപ്പതൊട്ടിയാക്കിയിരിക്കുന്നത് അതുപോലെയാണ് നഗരങ്ങള്‍ ഗ്രാമങ്ങളെ കുപ്പതൊട്ടിയാക്കിയിരിക്കുന്നത്. ഉപഭോഗസംസ്‌കാരത്തിന് അടിമപ്പെട്ടവരുടെ മാലിന്യമനസും ശദ്ധീകരിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഞാന്‍ നഗരത്തിലൂടെ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ തിരക്കഥയുടെ പാളിച്ചകൊണ്ട് സിനിമ ശ്രദ്ധിക്കാതെപോയി. ? സിനിമയുടെ സമസ്‌ഥതലങ്ങളിലേക്കും കണ്ണോടിക്കേണ്ടത് സംവിധായകനല്ലേ. തിരക്കഥ വായിച്ചപ്പോള്‍ ആ പാളിച്ച നേരത്തെ കണ്ടില്ലേ. എന്റെ കഥ ഒരു ആക്ഷേപഹാസ്യമാക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് സംതൃപ്‌തിയാകാത്തതരത്തിലാണ് രാജന്‍ കിരിയത്ത് തിരക്കഥ പൂര്‍ത്തിയാക്കിയത്. ഹാസ്യത്തിന്റെ മേമ്പൊടികള്‍ചേര്‍ത്ത് നൂതനമായ ശൈലിയോടുകൂടിയ സ്‌ക്രിപ്‌റ്റാണ് ഞാന്‍ ആവശ്യപ്പെട്ടത്. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ രാജന്‍ കിരിയത്ത്‌തന്നെയാണ് എന്നെ വന്ന് സമീപിച്ചത്. കഥയെക്കുറിച്ചും കഥാപശ്‌ചാത്തലത്തെക്കുറിച്ചും ഞാന്‍ നിരവധിതവണ പറഞ്ഞുകൊടുത്തിട്ടും അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗിന്റെ തലേദിവസമായിട്ടും സ്‌ക്രിപ്‌റ്റ് പൂര്‍ത്തിയായില്ല. അദ്ദേഹം കാണിച്ച വൈമുഖ്യം സിനിമയോട് കാണിച്ച മോശമായ നിലപാടാണ്. അസംതൃപ്‌തിയോടെയാണ് ഞാന്‍ സിനിമ തുടങ്ങിയത്. 'നഗരം' ഒരു മോശം സിനിമയാണെന്ന് ഞാന്‍ പറയുന്നില്ല. അത് നല്ലൊരു സിനിമയാക്കാമായിരുന്നു. എന്റെ സിനിമാജീവിതത്തിലെ ഒരു കറുത്ത അധ്യായമാണ് 'നഗരം'. ? മൂന്നാമത്തെ സിനിമയായ 'ആയുധ'ത്തിലൂടെ പറഞ്ഞത്. അയല്‍രാജ്യങ്ങളുടെ ആയുധങ്ങളാണ് നമ്മുടെ ചെറുപ്പക്കാര്‍. വൃത്തിക്കെട്ട പ്രവൃത്തികള്‍ ചെയ്യുന്നവരുണ്ട് . അതിന്റെ പേരില്‍ വീവ്രവാദം ആരോപിച്ച് നമ്മുടെ ചെറുപ്പക്കാര്‍ തീവ്രവാദികളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റൊരുവന്‍ ചെയ്‌ത കുറ്റത്തിന്റെ പേരില്‍ ഒരു സമൂഹത്തെ ഒരു സമുദായത്തെ മൊത്തമായി വിരല്‍ ചൂണ്ടുന്നത് ശരിയല്ല. അതാണ് ആയുധത്തിലൂടെ പറഞ്ഞത്. ആയുധത്തില്‍ മുരളിചേട്ടന്‍ വാങ്ക് വിളിക്കുന്ന ഒരു മുക്രിയുടെ വേഷത്തിലാണ്. സോഫ്‌റ്റ്വെയറായ അദ്ദേഹത്തിന്റെ മകന്റെ ഫോണിലേക്ക് ഒരു മിസഡ് കോള്‍ വരുകയാണ്. അതിന്റെ പേരില്‍ യുവാവിനെ തീവ്രവാദബന്ധം പറഞ്ഞ് കുറ്റംചുമത്തുകയാണ്. അയാള്‍ക്കറിയാം മകന്‍ കുറ്റക്കാരനല്ലെന്ന്. കുടുംബത്തിനെ ആക്രമിക്കാതിരിക്കാന്‍ യുവാവ് കുറ്റം ഏറ്റെടുക്കുകയാണ്. എനിക്ക് ഒരു 'ഐഡന്റിറ്റി' തന്ന ചിത്രമാണ് ആയുധം. ആയുധം ഒരു സൂപ്പര്‍ഹിറ്റ് ചിത്രമല്ലെങ്കിലും ഒരു ഹിറ്റ് ചിത്രമായിരുന്നു. ?വൈരത്തിനുമുമ്പ് ഒരു ഹ്രസ്വ ചിത്രം ചെയ്‌തല്ലോ. 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം'. സാധാരണകാരന്‍ അവിചാരിതമായി ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് പോയാല്‍ സംഭവിക്കുന്നതാണ് 'ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോക' ത്തില്‍ പറയുന്നത്. ഒരു എഴുത്തുകാരന്‍ നഗരം ചുറ്റുന്നതിനിടയില്‍ ഒരു നാടോടിപെണ്‍കുട്ടി വാഹനമിടിച്ച് കിടക്കുന്നത് കാണുന്നു. ഉടന്‍ അയാള്‍ പെണ്‍കുട്ടിയെ നഗരത്തിലെ ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ എത്തിച്ച് പുറത്ത് കാത്തിരിക്കുന്നു. വൈകുന്നേരമായിട്ടും വിവരം കിട്ടാത്തതിനെത്തുടര്‍ന്ന് അയാള്‍ അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത്, നാടോടിപെണ്‍ക്കുട്ടി മരിച്ചിരിക്കുന്നത്. പെണ്‍ക്കുട്ടിയുടെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി മാറ്റിവച്ചിരിക്കുന്ന കാഴ്‌ച അയാളെ സ്‌തബ്‌ധനാക്കുന്നു. മനുഷ്യജീവിതങ്ങള്‍ക്ക് വിലയില്ലാത്ത ഒരു ലോകമാണ് ഇന്നത്തെ ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോകം. സുസ്‌മേഷ് ചന്ദ്രോത്തിന്റെ കഥയാണിത്. മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് 'ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോക'ത്തിനായിരുന്നു. ?തിയറ്ററില്‍ ഓടികൊണ്ടിരിക്കുന്ന വൈരത്തിന്റെ പ്രതികരണം. സമകാലികമായ ഒരു വിഷയം ഒരു കമ്മേര്‍ഷ്യല്‍ചേരുവകളോടെ പറഞ്ഞതാണ് വൈരം. മലയാളത്തില്‍ അടുത്തിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നാണ് വൈരം. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണിത്. വൈരത്തിന് രണ്ട് അര്‍ഥമുണ്ട് രത്നമെന്നും വൈരാഗ്യമെന്നും. ശിവരാജന്‍ എന്ന തമിഴനായ ബാങ്ക് മാനേജര്‍ കേരളത്തില്‍ ജോലിചെയ്യുന്നതിനിടയില്‍ അയാളുടെ ഓമന മകള്‍ 'വൈരമണി' കൊലചെയ്യപ്പെടുന്നു. നീതിക്ക്‌വേണ്ടിയുള്ള ഒരച്‌ഛന്റെ പോരാട്ടമാണ് വൈരം. കനലുപോലെ എരിയുന്ന ജീവിതത്തിന്റെ ദൃശ്യഭാഷയാണ് വൈരം. ഒരു തിരക്കഥാകൃത്തിന്റെ പിന്‍ബലം കിട്ടിയചിത്രമാണ് വൈരം. 'ലാല്‍സലാം' പോലുള്ള ചിത്രത്തിന് തിരക്കഥ എഴുതിയ ചെറിയാന്‍കല്‌പകവാടിയുടെ 'പക്ഷേ'യാണ് എന്നെ ഏറ്റവും സ്‌പര്‍ശിച്ചത്. വൈരം ജനം കൈനീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍. ? പ്രഥമചിത്രമായ 'പകലി'ലും ഇപ്പോള്‍ പുറത്തിറങ്ങിയ 'വൈരത്തി'ലും കഥയുടെ ചുരുളഴിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണല്ലോ. അതേ, പകലില്‍ ന്ദകുമാറും(പൃഥിരാജ്), വൈരത്തില്‍ ആനിജേക്കബും(സംവൃത സുനില്‍) മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണ്. അവരെ ആശ്രയിക്കാതെ ഇന്ന് സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഏത് സംഭവവും ജനശ്രദ്ധയിലെത്തിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. ഇവര്‍ സമൂഹത്തിന്റെ തിരുത്തല്‍ശക്‌തികളാണ്. വൈരത്തില്‍ വധശിക്ഷയ്‌ക്ക് വിധിച്ച ശിവരാജനെ പൊതുവേദിയില്‍ ഒരു സംഘം ആക്രമിക്കുന്നുണ്ട്. സംഭവം കണ്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. ആനിജേക്കബ് എന്ന ജേണലിസ്‌റ്റ് അതിന്റെ കാരണം തേടിപോകുന്നതിലൂടെയാണ് ശിവരാജന് ഒരു ഓമനപുത്രിയുണ്ടെന്നും കഥയുടെ സത്യാവസ്‌ഥ മറ്റൊന്നാണെന്നും മനസിലാകുന്നത്. കാലികവിഷയം സിനിമയ്‌ക്ക ് ഇതിവൃത്തമാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ റോള്‍ അത്യാവശ്യമാണ്. ധനേഷ് കൃഷ്‌ണ | ||
Monday, November 2, 2009
നിഷാദിന്റെ വൈരത്തിളക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment