Monday, November 2, 2009

മരമുകളിലെ എണ്‍പതുകാരന്‍
















പേര്‌: എസ്‌. മാധവന്‍

വയസ്‌: 82

ഇപ്പോഴത്തെ തൊഴില്‍: മരംകയറ്റം

വിളിപ്പേര്‌ എസ്‌ എന്നായതു കൊണ്ടുമാത്രമല്ല, തെങ്ങില്‍ കയറേണ്ടി വരുമ്പോള്‍ മാധവന്‍ യേസ്‌ എന്നു പറയുന്നത്‌. അതു തൊഴിലെന്നപോലെ ആവേശവും കൂടിയാണ്‌ ഈ എണ്‍പത്തിരണ്ടുകാരന്‌.

നാട്ടുമൂലകളില്‍ സൊറ പറഞ്ഞിരിക്കുന്നവരോട്‌ എസ്‌. മാധവന്‍ 'നിങ്ങള്‍ക്ക്‌ അയ്യത്ത്‌ നാലു തടം വെട്ടി കപ്പനട്ടൂടെ' എന്നു ചോദിക്കുന്നത്‌ വെറുതെയല്ല. പ്രായമിത്രയായാലും ഏതധ്വാനത്തിനും താന്‍ തയാറാണെന്ന ബോധ്യമാണു മാധവനെ മുന്നോട്ടു നയിക്കുന്നത്‌.

പുലര്‍ച്ചെ അഞ്ചു മണിക്ക്‌ എഴുന്നേല്‍ക്കും. വീടിനടുത്തുള്ള ഡിപ്പോക്കടവില്‍ (പമ്പയാറ്റില്‍) കുളി, സമീപത്തെ ശാസ്‌താക്ഷേത്രത്തില്‍ തൊഴുതശേഷം വീട്ടില്‍ തിരിച്ചെത്തി പത്രം വായന. തുടര്‍ന്ന്‌ ഭക്ഷണവും കഴിച്ച്‌ എട്ടുമണിക്ക്‌ ജോലി തുടങ്ങുകയായി വര്‍ഷങ്ങളായുള്ള പതിവാണിത്‌.

50 അടിയോളം ഉയരംവരുന്ന തെങ്ങുകളില്‍ കയറി തേങ്ങയിട്ടിറങ്ങാന്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എടുക്കുന്നത്ര സമയമൊന്നും മാധവന്‍ മൂപ്പര്‍ക്കുവേണ്ട. 'എസ്‌' കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള വാക്കത്തിയുമായി കൊന്നത്തെങ്ങുകള്‍ കയറാന്‍ തുടങ്ങിയത്‌ 17- ാം വയസിലാണ്‌. ഈ പണി തുടങ്ങിയിട്ട്‌ വര്‍ഷം 65 കഴിഞ്ഞു. ഷുഗറിനോ പ്രഷറിനോ കൊളസ്‌ട്രോളിനോ ഒന്നും ഇതുവരെയും ഈ അധ്വാനിയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 12- ാം വയസു മുതല്‍ പാടത്തെ പണിക്കു പോയിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ മക്കള്‍ പറയും എത്രവര്‍ഷമായി അച്‌ഛന്‍ കഷ്‌ടപ്പെടുകയാ ഇനിയും വിശ്രമിച്ചുകൂടെ? ''അധ്വാനിച്ചു കഴിക്കുന്ന സ്വാദ്‌ ചുമ്മാതിരുന്നു തിന്നാല്‍ കിട്ടുമോ അതെനിക്കു ദഹിക്കില്ല''. നാലാംക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള മൂപ്പരുടെ മറുപടി ഇതായിരിക്കും. ഈ വാക്കുകള്‍ ഏറ്റുപിടിച്ചിരുന്നെങ്കില്‍ രാജ്യം രക്ഷപ്പെട്ടേനെയെന്നാണ്‌ നാട്ടുകാരുടെ കമന്റ്‌.

1928- ല്‍ ജനിച്ച മാധവന്‍ ഹരിപ്പാട്‌ പിലാപ്പുഴയിലാണ്‌ വളര്‍ന്നത്‌. ഹരിപ്പാട്ടും പള്ളിപ്പാട്ടുമൊക്കെയായി പണി ചെയ്‌തു പോന്നു. 1949- ല്‍ വീയപുരത്തുകാരി ലക്ഷ്‌മിയെ വിവാഹം ചെയ്‌തശേഷമാണ്‌ വീയപുരത്തുകാരനായത്‌. 1977- ല്‍ വീയപുരം പാലത്തിന്റെ പണിക്കായി തെങ്ങുമുറിക്കുമ്പോള്‍ തെങ്ങിന്റെ ആരുകൊണ്ട്‌ ഇടതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടെങ്കിലും അധ്വാനിക്കാനുള്ള മനസിനെ തളര്‍ത്താന്‍ ആ ദുരന്തത്തിനുമായില്ല.

പണത്തിലും സ്വത്തിലും വലുതായി മാധവന്‍ കരുതുന്നത്‌ ആരോഗ്യവും അധ്വാനിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്‌തിയുമാണ്‌. മരണംവരെയും അതുണ്ടാകണമെന്ന പ്രാര്‍ഥനയെ ദൈവത്തോടുള്ളൂ. അഞ്ചു പെണ്ണും രണ്ടാണുമായി ഏഴു മക്കളാണ്‌. ഇതില്‍ അഞ്ചുപേരുടെ വിവാഹം കഴിഞ്ഞു.

ചെറുപ്പകാലം മുതല്‍ക്കേ പത്രംവായനയും റേഡിയോ കേള്‍ക്കലും ശീലമാക്കിയ മാധവനോട്‌ പഴയകാല സംഭവങ്ങള്‍ പറഞ്ഞ്‌ തര്‍ക്കിക്കാന്‍ തയാറായവര്‍ പലരുണ്ടെങ്കിലും ഒരിക്കല്‍ തര്‍ക്കിച്ചവര്‍ പിന്നീട്‌ അബദ്ധം കാട്ടിയിട്ടില്ല. അത്രയ്‌ക്കു തിട്ടമാണ്‌ രാഷ്‌ട്രീയമുള്‍പ്പെടെയുള്ള പഴയകാല സംഭവങ്ങള്‍.

ആര്‍ക്കും മാതൃകയാക്കാവുന്ന കുറേ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയ മാധവന്‍ ഏറെ ഉയരത്തിലാണ്‌, എല്ലാ അര്‍ഥത്തിലും.
-----------------------
സുധീഷ്‌ ഗോപാല്‍

No comments:

Post a Comment