ചക്രപാണിയുടെ മ്യൂസിക് ഡെമോണ്‍സ്‌ട്രേഷന്‍-കര്‍ണാടക സംഗീതവും സിനിമയും കര്‍ണാടക സംഗീതവും സിനിമയും എന്ന പേരുകേള്‍ക്കുമ്പോള്‍ തോന്നും ഇതെന്താ ലേഖനമോ മറ്റോ ആണോ എന്ന്. സിനിമാ സംഗീതവും കര്‍ണാടകസംഗീതവും ചേര്‍ത്ത ഈ സംഗീതാവതരണരീതിയെ കൃത്യമായി അടയാളപ്പെടുത്താന്‍ ഈ പേരാണ് ഉചിതമെന്നാണ് ചക്രപാണിയുടെ അഭിപ്രായം. കര്‍ണാടക സംഗീതത്തിലെ രാഗങ്ങളാണ് മലയാള സിനിമാഗാനങ്ങള്‍ക്കാധാരം എന്ന സാമാന്യ അറിവില്‍നിന്നാണ് ചക്രപാണിയുടെ സംഗീതം തുടങ്ങുന്നത്. ഒരു രാഗംപാടിയശേഷം രാഗഭാവവും ഉത്ഭവവും വിസ്‌തരിക്കുന്നു. ഉദാഹരണത്തിന് ഹംസധ്വനി രാഗത്തില്‍ പന്ത്രണ്ടോളം ഹിറ്റ് ഗാനങ്ങളാണു മലയാളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ ഗാനങ്ങള്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ സിനിമയില്‍ ആവിഷ്‌കരിക്കപ്പെട്ടു എന്നു വിശദീകരിക്കുന്നു. ഹംസധ്വനി രാഗത്തിലെ കീര്‍ത്തനവും അതേരാഗത്തില്‍ രചിച്ച സിനിമാഗാനവും പാടി സിനിമാ ഗാനത്തിന്റെ രൂപീകരണ പശ്‌ചാത്തലവും ഇഴപിരിച്ചെടുക്കുകയാണ് ചക്രപാണി ചെയ്യുന്നത്. ഇതുപോലെ മറ്റുരാഗങ്ങളെക്കുറിച്ചും അവയെ അടിസ്‌ഥാനമാക്കി ഉണ്ടായ സിനിമാ ഗാനങ്ങളെക്കുറിച്ചും സചരിത്ര വിശദീകരണം നിര്‍വഹിക്കുമ്പോള്‍ കര്‍ണാടകസംഗീതത്തെക്കുറിച്ച് കേള്‍വിക്കാര്‍ക്ക് അറിവ് ലഭിക്കുമെന്നു ചക്രപാണി പറയുന്നു. ഇതു വെറുതെ പറയുന്നതല്ല, കേള്‍വിയിലെ അനുഭവവും ഇതുതന്നെ. വിശദീകരണം വ്യക്‌തമാക്കുന്ന തരത്തില്‍ അവയുടെ ആലാപനവും ചക്രപാണി നിര്‍വഹിക്കും. ഇപ്രകാരം ഏഴുരാഗങ്ങളുടെ അവതരണമാണ് ഓരോ പരിപാടിയിലും നടത്തുക. ആത്മാവിഷ്‌കാരത്തിശന്റ ഒരുതലം തന്റെ സംഗീതത്തിനുണ്ടെന്ന വിശ്വാസമാണ് ചക്രപാണിയെ നയിക്കുന്നത്. അരങ്ങില്‍ നിന്ന് സംഗീതാസ്വാദകരുമായി നേരിട്ടു സംവദിക്കുകയാണ് ചക്രപാണി. സിനിമയും കര്‍ണാടക സംഗീതവും തമ്മിലുള്ള ബന്ധം സംഗീതാസ്വാദകന് അനുഭവവേദ്യമാക്കുന്നതാണ് ഈ മ്യൂസിക് ഡെമോണ്‍സ്‌ട്രേഷന്‍. ഇതിനെ കച്ചേരിയെന്നോ ഗാനമേളയെന്നോ വിളിക്കാനാവില്ല. കാരണം ഈ രണ്ടു വിഭാഗത്തിലും ഈ സംഗീതപരിപാടിയെ ഒതുക്കാനാവില്ല എന്നതുതന്നെ. വെറുതേ സ്‌റ്റേജില്‍ ഗാനമേള അവതരിപ്പിക്കുന്നതിന്റെ ഉപരിപ്ലവത തിരിച്ചറിയുന്നതുകൊണ്ടും അതില്‍ തന്റെ കൂട്ടിച്ചേരലുകള്‍ക്ക് സാധ്യത കുറവാണെന്ന തിരിച്ചറിവും ചക്രപാണിയുടെ സംഗീതത്തെ വ്യത്യസ്‌തമാക്കി. ഈ പരിപാടിയുടെ ആവിഷ്‌കര്‍ത്താവ് പക്ഷേ ചക്രപാണിയല്ല. ചക്രപാണിയുടെ ഗുരുവും ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്‌ഞനുമായ മധുരൈ ജി.എസ്. മണിയാണ്. ഇന്നു ജീവിച്ചിരിക്കുന്ന അപൂര്‍വം വാഗേയകാരന്‍മാരില്‍ (കര്‍ണാടക സംഗീതത്തില്‍ കൃതികള്‍ രചിക്കുകയും പാടുകയും ചെയ്യുന്ന പണ്ഡിതര്‍) ഒരാളാണ് ജി.എസ്. മണി. 1971-ല്‍ മധുരൈ മണി ആവിഷ്‌കരിച്ച ഈ പരിപാടി മണിയുടെ ശിഷ്യനായ ചക്രപാണി അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സ്വന്തം സംഗീതപരിപാടിയാക്കി മാറ്റുകയായിരുന്നു. ഈ രീതിയിലുള്ള സംഗീതാവതരണത്തിന് പ്രയാസമേറെയാണെന്നു ചക്രപാണി പറയുന്നു. ശാസ്‌ത്രീയ സംഗീതത്തില്‍ ആഴത്തിലുള്ള അറിവുണ്ടാകുന്നതിനൊപ്പം സിനിമാഗാനങ്ങളെക്കുറിച്ചും സമഗ്രമായ അറിവു വേണം. നാലു പക്കമേളക്കാര്‍ക്കും ഒരു ഗായികയ്‌ക്കുമൊപ്പമാണ് ചക്രപാണി തന്റെ പരിപാടി അവതരിപ്പിക്കുന്നത്. സംഗീതത്തെ സാധാരണക്കാര്‍ക്കരികിലെത്തിക്കുക എന്നതും ഇതിലൂടെ ചക്രപാണി ലക്ഷ്യമാക്കുന്നു. ചിലപ്രത്യേക വിഭാഗത്തിശന്റ സംഗീതം എന്ന് ഒതുക്കിനിര്‍ത്തുന്ന കര്‍ണാടക സംഗീതത്തെ സാധാരണക്കാരോടടുപ്പിക്കുമ്പോള്‍ തനതു സംഗീത പാരമ്പര്യം നിലനിര്‍ത്താനും സഹായിക്കുമെന്നതാണ് ചക്രപാണിയുടെ കാഴ്‌ചപാട്. സിനിമാസംഗീതരംത്തും ചക്രപാണി ഇപ്പോള്‍ സജീവമാണ്. നിരവധി ഡോക്യൂമെന്ററികള്‍ക്കും ഭക്‌തിഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ള ചക്രപാണി പ്രശസ്‌ത യുവസംഗീത സംവിധായകന്‍ ബിജിബാലിന്റെ അസിസ്‌റ്റന്റായി ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്. 12ഓളം കര്‍ണാടക സംഗീത കൃതികള്‍ രചിച്ചിട്ടുണ്ട് തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍നിന്നു സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഈ യുവാവ് കെ.എ. ചക്രപാണി-രമണി ദമ്പതികളുടെ മകനാണ്. കെ.എസ്. പ്രമോദ് | ||
Sunday, August 22, 2010
സംഗീത ലോകത്തെ ചക്രപാണി സ്‌റ്റൈല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment