മാമുക്കോയ ഓണക്കാലമായി എന്നറിയുന്നതു തന്നെ പപ്പുവേട്ടന്‍ വിളിക്കുമ്പോഴായിരിക്കും. 'മാമുവേ, തിരുവോണം അടുത്തയാഴ്‌ചയാണ്. രാവിലെ തന്നെ വീട്ടിലെത്തണം. പതിവുപോലെ നമുക്കൊന്ന് ഒത്തുകൂടണം.' പപ്പുവേട്ടന്‍ അങ്ങനെയാണ്. തിരുവോണ ദിവസം എന്തു സംഭവിച്ചാലും ഷൂട്ടിംഗിന് അവധി നല്‍കി കോഴിക്കോട് കുതിരവട്ടത്തെ വീട്ടിലുണ്ടാവും. രാവിലെ കുളിച്ചൊരുങ്ങി അതിഥികളെ കാത്തുനില്‍ക്കും. ഭാര്യയേയും മക്കളേയും അമ്പലത്തില്‍ പറഞ്ഞയക്കും. മക്കള്‍ അമ്പലത്തില്‍ നിന്നെത്തിയാല്‍ പൂക്കളിടാനുള്ള ചിത്രം വരയാണു പിന്നീട്. കുട്ടികള്‍ പൂവിടുന്നതു നോക്കിയിരുന്ന് അഭിപ്രായം പറയും. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കു തിരുവോണം ഒരു കൂടിച്ചേരലായിരുന്നു അന്ന്. ഓരോരോ തിരക്കുകളുള്ള പഴയ നാടകപ്രവര്‍ത്തകരും സിനിമാക്കാരുമൊക്കെ അവിടെ ഒന്നിച്ചുണ്ടാവും. സിനിമയിലേയും ജീവിതത്തിലേയും തമാശകള്‍ പരസ്‌പരം പങ്കുവയ്‌ക്കുന്ന ദിവസം. സുഹൃത്തുക്കളില്‍ ആരെങ്കിലും വന്നില്ലെങ്കില്‍ പപ്പുവേട്ടനു പരിഭവമാണ്. ഷൂട്ടിംഗുണ്ടെങ്കില്‍ വരേണ്ടെന്നു പറയും. അത്രയ്‌ക്കു സ്‌നേഹമായിരുന്നു ഞങ്ങളോടൊക്കെ. അതുകൊണ്ടുതന്നെ ആ ദിവസം എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും കുതിരവട്ടത്തെത്തും. തിരുവോണദിവസം രാവിലെ പപ്പുവേട്ടന്റെ വീട്ടിലെത്തുമ്പോള്‍ കോലായയില്‍ എല്ലാവരുമുണ്ടാവും. കുഞ്ഞാണ്ടിയേട്ടന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, രാജന്‍ പാടൂര്‍, അശോകന്‍, എ.പി. രാജു, ഹരിദാസന്‍...... പരസ്‌പരം കളിയാക്കലുകളും തമാശകളും തര്‍ക്കവുമൊക്കെയായി സമയം പോകുന്നതറിയില്ല. സദ്യയുടെ നേരംവരെ അതു നീളും. ഇടയ്‌ക്ക് അടുക്കളയിലേക്കോടും. ഭാര്യ പത്മിനിയമ്മയുണ്ടാക്കിയ വിഭവങ്ങള്‍ രുചിച്ച് അഭിപ്രായം പറയും. തിരുവോണത്തിന് ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് ഇറച്ചിയും മീനും നിര്‍ബന്ധമാണ്. പപ്പുവേട്ടന്റെ ഇഷ്‌ടവിഭവം മീനാണ്. നല്ല മീന്‍ എവിടെക്കണ്ടാലും വാങ്ങും. അതിനു പണം പോലും നോക്കാറില്ല. ഷൂട്ടിംഗിനു പോകുന്ന വഴിയിലാണു നല്ല മീന്‍ കാണുന്നതെങ്കില്‍ അപ്പോള്‍ തന്നെ വാങ്ങി കാറില്‍ വയ്‌ക്കും. എന്നിട്ട് ലൊക്കേഷനിലെ മെസില്‍ ഏല്‍പ്പിച്ച് ഇതൊന്നു വറുത്തുതരണമെന്നു പറയും. അത്രയ്‌ക്കിഷ്‌ടമാണ് മീനിനോട്. തിരുവോണ ദിവസവും രാവിലെയിറങ്ങി നല്ല മീന്‍ തന്നെ വാങ്ങും. ഇതിനു പുറമെ ഇറച്ചിയും. എന്നാലേ ഓണസദ്യ പൂര്‍ണമാകൂ. ഞങ്ങളൊക്കെ വന്നു എന്നറിയുമ്പോഴേക്കും ചെറുപ്പം മുതലുള്ള പപ്പുവേട്ടന്റെ സ്‌നേഹിതരും അയല്‍ക്കാരും എത്തിത്തുടങ്ങും. അവരെയൊക്കെ സ്വീകരിച്ചിരുത്തി സദ്യയും കഴിപ്പിച്ചേ വിടുകയുള്ളൂ. ചെറുപ്പത്തില്‍ അനുഭവിച്ച കഷ്‌ടപ്പാടുകള്‍ പപ്പുവേട്ടന്‍ സിനിമാക്കാരനായിട്ടും മറന്നിരുന്നില്ല. തിരുവോണത്തിന് വീട്ടിലെത്തുന്ന പാവപ്പെട്ടവര്‍ക്കു കൈനീട്ടം നല്‍കിയേ വിടാറുള്ളൂ. ആരെങ്കിലും ഭക്ഷണം കഴിക്കാതെ പോയാല്‍ ആ സങ്കടം പറഞ്ഞുകൊണ്ടേയിരിക്കും. അത്രയ്‌ക്കു സല്‍ക്കാരപ്രിയനായിരുന്നു. അടുത്ത സുഹൃത്തുക്കളുടെ വീട്ടില്‍ ഭക്ഷണം വയ്‌ക്കരുതെന്നു പപ്പുവേട്ടനു നിര്‍ബന്ധമാണ്. വന്നില്ലെങ്കില്‍ കാറയച്ചു വരുത്തിക്കും. അതുകൊണ്ടുതന്നെ അവരുടെ കുടുംബാംഗങ്ങളുമുണ്ടാവും ഓണത്തിന്. ഒരു വലിയ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണം. ഉച്ചയ്‌ക്കു സദ്യ കഴിഞ്ഞാല്‍ ഒന്നിച്ചുനിര്‍ത്തി ഫോട്ടോയെടുത്തതിനു ശേഷമേ എല്ലാവരേയും പറഞ്ഞയക്കുകയുള്ളൂ. അതിനായി ആഴ്‌ചകള്‍ക്കു മുമ്പു തന്നെ ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടു ചെയ്‌തിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാലൊന്നും ഞങ്ങളെ വിടില്ല. 'എവിടേം പോകണ്ട. കുറച്ചുസമയം സംസാരിച്ചിട്ട് രാത്രിയെത്താം വീട്ടില്‍. എന്താ' എന്ന ചോദ്യത്തിന് ഞങ്ങളാരും എതിരുനില്‍ക്കില്ല. രാത്രി വൈകുവോളം കളിയും ചിരിയും തമാശകളും നിറഞ്ഞ ആ തിരുവോണനാളുകള്‍ ഓര്‍മകള്‍ മാത്രമായി. പപ്പുവേട്ടന്‍ മരിച്ചതിനു ശേഷം ഒരു വീട്ടിലും ഓണസദ്യയുണ്ണാന്‍ പോകാറില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിച്ചേരുന്നതു തന്നെ അപൂര്‍വമായി. മാത്രമല്ല, തിരുവോണത്തിനു പലപ്പോഴും ലൊക്കേഷനിലൊക്കെയായിരിക്കും. അവിടെത്തന്നെയാവും ഓണസദ്യയും. ഇത്തവണ തിരുവോണം ഓസ്‌ട്രേലിയയിലാണ്. അവിടെ മലയാളി അസോസിയേഷന്റെ പരിപാടി. 25നേ തിരിച്ചെത്തുകയുള്ളൂ. എവിടെയെത്തിയാലും ഓണമുണ്ണുമ്പോള്‍ പപ്പുവേട്ടന്റെ കുതിരവട്ടത്തെ വീട്ടിലെ സ്വാതന്ത്ര്യത്തോടെയുള്ള ഓണപ്പകലുകളാണ് ഓര്‍മ വരുന്നത്. തയാറാക്കിയത്- രമേഷ് പുതിയമഠം | |
Sunday, August 22, 2010
പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണപ്പകല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment