സംസാരം തനി തൃശൂര്‍ ശൈലിയില്‍. കഥാപാത്രങ്ങളുടെ ചായ്‌വും ആ വഴിക്കായതുകൊണ്ടു അതു ചേരുന്നുമുണ്ട്. മോഹന്റെ സഹപാഠിയും ഉറ്റ ചങ്ങാതിയുമാണ് ഏകാഭിനയക്കാരന്‍. നിര്‍മാണത്തില്‍ ഡേവിഡ് കാച്ചപ്പള്ളിയുടെ പങ്കാളിയും. അഭിനയഭ്രമം കലശലായുണ്ട്. തൊട്ടുമുമ്പേ നിര്‍മിച്ച 'വിടപറയും മുന്‍പേ'യില്‍ ചെറിയൊരു വേഷമേ തരപ്പെട്ടുള്ളൂ. ആ ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. ഇറങ്ങണമെങ്കില്‍ അതിനു മുമ്പ് അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കണം. എങ്കിലേ കണ്ണിമുറിയാതെ സാമ്പത്തികവൃത്തം വട്ടമെത്തൂ എന്നാണ് ഡേവിഡിലെ സാമ്പത്തിക വിശാരദന്റെ കണ്ടുപിടുത്തം. എം. മുകുന്ദന്റെ സഹോദരന്‍ എം. രാഘവന്റെ 'ഇളക്കങ്ങള്‍' എന്ന കഥയാണു പുതിയ ചിത്രത്തിനു പ്രമേയം. നാട്ടിന്‍പുറമാണ് പശ്‌ചാത്തലം. കൗമാരം കടന്ന ഒരു പെണ്‍കുട്ടിയുടെ മയില്‍പ്പീലിക്കനവുകളിലെ ഗ്രാമക്കാഴ്‌ചകളില്‍ പതിയിരിക്കുന്ന വെളിപ്പെടുത്തപ്പെടാത്ത രതിസങ്കല്‍പങ്ങളുടെ ശീല്‍ക്കാര ശ്രുതിയില്‍ ഇണക്കിച്ചേര്‍ത്തുകൊണ്ടാണു ആഖ്യാനം. നാട്ടിന്‍പുറത്തെ പതിവു കഥാപാത്രങ്ങളെ വിട്ടു കഥയ്‌ക്കും കഥാപാത്രങ്ങളുടെ മനസിനും എരിവും വീര്യവും പകരുന്ന തുടിവൃത്തത്തില്‍നിന്നും തികഞ്ഞ നൈസര്‍ഗികതയുള്ള തനതു കാരിക്കേച്ചറുകളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി എന്നാദ്യമേ തീരുമാനമായി. എം. രാഘവന്റെ കഥയില്‍ അത്തരം കഥാപാത്രങ്ങളെ ദൃശ്യവ്യാഖ്യാനത്തിനുതകുംവിധം തിരുകി സന്നിവേശിപ്പിക്കുവാനുള്ള ഇടങ്ങള്‍ക്കു പഞ്ഞവുമില്ല. കോഴിമുട്ടയും പാലും കൊണ്ടു നടന്നു വില്‍ക്കുന്ന അറുപിശുക്കനായൊരു വ്യസനം അന്തോണി. പെണ്ണുങ്ങള്‍ കുളത്തിലോ മേല്‍ക്കൂരയില്ലാത്ത മറപ്പുരയിലോ കുളിക്കാനിറങ്ങുന്ന തക്കംനോക്കി തെങ്ങില്‍ കയറുന്ന ചെത്തുകാരന്‍ വാസു, വീട്ടിലെ പുറംപണിക്കാരി കൗസു, കറവക്കാരന്‍ ദേവസ്യക്കുട്ടി..... ഇവരൊക്കെയാണു ഒടുവില്‍ നറുക്കുവീണ കഥാപാത്രങ്ങള്‍. ചിലരൊക്കെ ഉടലോടെ അപ്പോഴും അതേപടി ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരിക്കുന്നവര്‍. വേറെ ചിലര്‍ ഒന്നു രണ്ടുപേരുടെ പ്രകൃതങ്ങള്‍ കൂട്ടിക്കുഴച്ചുണ്ടാക്കിയ മിശ്രിത വ്യക്‌തിത്വങ്ങള്‍. ആ നാടന്‍ കഥാപാത്രങ്ങളുടെ മൊത്ത ദൃഷ്‌ടാന്ത സ്രോതസായാണ് മോഹന്റെ ചങ്ങാതി കൂടെച്ചേര്‍ന്നിരിക്കുന്നത്. ഓരോന്നിനും ഓരോവിധമാണു ഭാവങ്ങളും ചേഷ്‌ടകളും സംഭാഷണരീതികളും നടത്തയും നോട്ടവും.... അവയത്രയും സൂക്ഷ്‌മാംശങ്ങളോടെ അതിതന്മയത്വമായി കഥാപുരുഷന്‍ മുന്നില്‍ അവതരിപ്പിക്കുന്നു. വ്യസനം അന്തോണിയായി ഗോപിയെ ആദ്യമാലോചിച്ചു. 'കള്ളന്‍ പവിത്രനി'ലെ മാമച്ചന്റെ വിദൂര ഛായ വന്നേക്കുമെന്നു തോന്നി മാറ്റി അടൂര്‍ഭാസി മതി എന്നാക്കി. മോഹന്റെ ചങ്ങാതിയുടെ നെഞ്ചിന്‍കൂട്ടില്‍നിന്നു ഒരു ചുടുനെടുവീര്‍പ്പുയര്‍ന്നു. കഥാപാത്രങ്ങള്‍ ഓരോന്നായി മറ്റുള്ളവര്‍ക്കു പകുത്തു നല്‍കുമ്പോള്‍ അഭിനയാര്‍ഥിയായ ചങ്ങാതി നെടുവീര്‍പ്പു തുടര്‍ന്നുകൊണ്ടേയിരുന്നു; സഹജം. മോഹിച്ച, സ്വപ്‌നം കണ്ട കഥാപാത്രങ്ങള്‍ ഓരോന്നായി കൈമോശംവരികയാണ്. ഇനിയുള്ളതിലൊന്ന് ചെത്തുകാരന്‍ വാസുവാണ്. അതില്‍ ചങ്ങാതിക്കത്ര പ്രതീക്ഷ തോന്നിയില്ല. സ്വന്തം ശരീരവടിവ് അതിനിണങ്ങാത്തതാവണം കാരണം. പുറംപണിക്കാരി കൗസു തൊഴുത്തു വൃത്തിയാക്കുവാന്‍ വരുമ്പോള്‍ കറവക്കാരന്‍ ദേവസ്യക്കുട്ടി തൊഴുത്തിലുണ്ടാകും. കൗസു മാദകസുന്ദരിയാണ്. മുട്ടിയുരുമ്മി അവള്‍ ദേവസ്യക്കുട്ടിയോടു കിന്നാരം പറയും. അതത്രയും അഗ്നിയായി അവനില്‍ ആളിപ്പടരും. പ്രപഞ്ചത്തില്‍ പെണ്ണായി പിറന്ന സര്‍വരോടും മനസുകൊണ്ടു അഭിരമിക്കുക ശീലമായ ദേവസ്യക്കുട്ടിയായി സംവിധായക ചങ്ങാതിയുടെ പ്രതീക്ഷയിലെ അവസാന കച്ചിത്തുരുമ്പ്. ദേവസ്യക്കുട്ടിയുടെ കഥാപാത്രം ചര്‍ച്ചയില്‍ ഊടുംപാവും ഇഴചേര്‍ന്നു തെളിഞ്ഞു. കണ്‍വെട്ടത്ത് ആര് എതിരെവന്നാലും ദേവസ്യക്കുട്ടി അയാളുടെ ചുറ്റുവൃത്തത്തില്‍ അക്ഷണം ഒരു അണിയറ ഗോസിപ്പ് ചുരമാന്തിയെടുത്തു വിളമ്പും. അതിനയാള്‍ക്കു ഒരു പ്രത്യേക പദാവലിയും തന്റേതു മാത്രമായ ഉച്ചാരണവിധങ്ങളുമുണ്ട്. ദേവസ്യക്കുട്ടിയുടെ ഓരോ ഭാവവും ഇഴുകിച്ചേര്‍ന്നാണു ചങ്ങാതി മുന്‍പിലവതരിപ്പിക്കുന്നത്. അത്ഭുതകരമായ സാത്മീഭാവം. ഇതുകൂടി കഴിഞ്ഞാല്‍ വേറെ കഥാപാത്രങ്ങളില്ല ചിത്രത്തില്‍. തൊടുക്കുന്നത് ആവനാഴിയിലെ അവസാനശരമാണെന്നറിയുമ്പോഴുള്ള പിടച്ചിലിന്റെ നോവു കണ്ടാലറിയാം.എല്ലാ ദൈവങ്ങളെയും മനസില്‍ ധ്യാനിച്ചു. ഇതെങ്കിലും എനിക്കായി ചാര്‍ത്തിത്തന്നു ഒരു വഴി തുറന്നുവരണേയെന്നു ചങ്കുരുകി പ്രാര്‍ഥിച്ചുകൊണ്ടാണു പ്രകടനമെന്ന്. ഓരോ സന്ദര്‍ഭത്തിനും മുഹൂര്‍ത്തത്തിനും ഇടപഴകുന്ന ഓരോ വ്യക്‌തിക്കും അടയാള സൂചകമായി ഓരോരോ ശബ്‌ദമാണു ദേവസ്യക്കുട്ടി പുറപ്പെടുവിക്കുക. മലയാള അക്ഷരങ്ങള്‍ അങ്ങനെ അത്ര വിചിത്രമായി കൂട്ടിച്ചേര്‍ത്തെഴുതി ആരും വാക്കുകളുണ്ടാക്കിക്കണ്ടിട്ടില്ല അതുവരെ. ഞാന്‍ സംശയിച്ചു. ഇയാളിനി ഞങ്ങളെ പ്രീതിപ്പെടുത്തുവാനുള്ള വിഭ്രാന്തിയില്‍ കൈവിട്ടുകളിക്കുകയാണോ? ആശങ്കയോടെ മോഹനെ നോക്കി. ശരിക്കും ഇങ്ങനെതന്നെയായിരുന്നു ദേവസ്യക്കുട്ടി എന്നു മോഹന്റെ സാക്ഷ്യം. പിശുക്കന്‍ വയസനും കൗസുവും വാസുവും ദേവസ്യക്കുട്ടിയുമെല്ലാം മോഹനോടും ചങ്ങാതിയോടുമൊപ്പം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ജീവിച്ചിരുന്നവരാണ്. ആ സാക്ഷ്യത്തിന് പിന്നെ അപ്പീലില്ല. ഒരു കാര്യം എനിക്കുറപ്പായി. ഇയാള്‍ പറയേണ്ട പല വാക്കുകളും അതേപടി കേട്ടെഴുതിവച്ചാല്‍ക്കൂടിയും ഒരു നടന്‍ പഠിച്ചെടുത്തു പറയുകയും ഡബ്ബിംഗില്‍ അതേ ശ്രുതുസ്‌ഥായിയില്‍ ആവര്‍ത്തിക്കുകയും ചെയ്യുക എളുപ്പമല്ല. സ്വകാര്യമായി ഞാനീ അപകട ഭീഷണി മോഹനുമായി പങ്കിട്ടു. അമ്പരപ്പോടെ മോഹന്‍ ചോദിച്ചു. ''അതിന്?'' ''വേറെ വഴിയില്ല. ദേവസ്യക്കുട്ടിയെ ഇയാളുതന്നെ അവതരിപ്പിക്കട്ടെ. അങ്ങനെയാകുമ്പോള്‍ പ്രത്യേകം ഇനി പഠിച്ചുവരേണ്ടതില്ലല്ലോ''. ഒരു നിമിഷം മോഹന്‍ ഒന്നു പകച്ചുനിന്നു. പിന്നെ തലയാട്ടി. തിരക്കഥയുടെ ജോലി പൂര്‍ത്തിയായ ദിവസം. ചെറിയ വേഷങ്ങളില്‍വരെ ആരാരെന്നു തീരുമാനമായി. ഡേവിഡ് ചോദിച്ചു. ദേവസ്യക്കുട്ടി വലിയ വേഷമല്ലേ? അതാരു ചെയ്യും? ഞാന്‍ ഇടംകണ്ണിട്ടു മോഹന്റെ ചങ്ങാതിയെ നോക്കി. മുഖത്തത്രയും ഉദ്വേഗം. പേശികള്‍ ത്രസിച്ചു വലിഞ്ഞു മുറുകി ഏതു നിമിഷവും പൊട്ടിക്കരയാം എന്ന അവസ്‌ഥയിലാണു അദ്ദേഹം. ''ദേവസ്യക്കുട്ടിയുടെ വേഷം....'' നാടകീയമായി ഒന്നു നിര്‍ത്തിയശേഷം മോഹന്‍ എഴുന്നേറ്റു മുറിയില്‍ ഒരുചാല്‍ വെറുതെ നടന്നു. ചങ്ങാതിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നതു ശിവരാത്രി മണപ്പുറത്തു കേള്‍ക്കാം. പെട്ടെന്നു ചങ്ങാതിയോടുള്ള എല്ലാ സ്‌നേഹവായ്‌പും വാത്സല്യവും അണപൊട്ടിയൊഴുകിയ ഒരാശ്ലേഷത്തിലൂടെ അയാളെ ചേര്‍ത്തണച്ചുകൊണ്ട് മോഹന്‍ പറഞ്ഞു. ''ആ വേഷം ചെയ്യുന്നത് നീയാണ്''. 'കൊടിയേറ്റ'ത്തിന്റെ തിരക്കഥ പകര്‍ത്തുന്നതില്‍ സഹായിയായിരുന്ന ഗോപി ഒടുവില്‍ മുഖ്യവേഷമായ ശങ്കരന്‍കുട്ടി താനാണ് അഭിനയിക്കുന്നതെന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാനാകാതെ സ്‌തബ്‌ദനായ കഥ പറഞ്ഞിട്ടുണ്ട്. ഇവിടെ അതല്ല കഥ. ദേവസ്യക്കുട്ടിയായഭിനയിക്കുവാന്‍ മറ്റാരെയെങ്കിലും മോഹന്‍ നിശ്‌ചയിച്ചിരുന്നുവെങ്കില്‍ ഉറപ്പാണ് ആ ചങ്ങാതി അന്നു മോഹനെ നിഷ്‌കരുണം കൊന്നശേഷം പുലര്‍ച്ചയ്‌ക്കുള്ള ഏതെങ്കിലും തീവണ്ടിക്കു പെരിയാര്‍ തീവണ്ടിപ്പാലത്തില്‍ അടവച്ചു സ്വയമൊടുങ്ങുമായിരുന്നു. ആ ചങ്ങാതിയുടെ പേരു പറഞ്ഞില്ല. ഊഹിച്ചിരിക്കും. ഊഹം ശരിയുമാണ്. തെക്കേത്തല വറീതിന്റെ മകന്‍ ഇന്നസെന്റ്! ഇളക്കങ്ങള്‍ എന്ന ചിത്രത്തില്‍ ദേവസ്യക്കുട്ടിയായഭിനയിച്ചതിനു ഇന്നസെന്റിനു ഫിലിം ഫാന്‍സിന്റെ മികച്ച സഹനടനുള്ള അവാര്‍ഡു ലഭിച്ചു. വേഷം ശ്രദ്ധിക്കപ്പെട്ടു. ഒന്നൊന്നര ദശാബ്‌ദക്കാലത്തെ അഭിനയാര്‍ഥി പീഡനങ്ങള്‍ക്കൊടുവില്‍ ഇന്നസെന്റ് നാലാളറിയുന്ന നടനായി. പക്ഷേ, ചലച്ചിത്ര വ്യവസ്‌ഥിതി ഇന്നസെന്റിനെ ശ്രദ്ധിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കഥാപാത്രം അവതരിപ്പിക്കാന്‍ ആരുവേണം എന്നു ചര്‍ച്ച വരുമ്പോള്‍ ആ ചിത്രത്തില്‍ ആ വേഷം ചെയ്‌ത ആ ആള്‍ കൊള്ളാം എന്ന പരാമര്‍ശമാകുവാന്‍ നറുക്കുവീഴുന്നതോടെയാണ്. അതിനു നിയോഗമാകുവാനുള്ള ഭാഗ്യവും കെ.എസ്. സേതുമാധവനോടും മമ്മൂട്ടിയോടും നിര്‍മാതാക്കളായ സെഞ്ച്വറിയോടുമൊപ്പം എനിക്കുമുണ്ടായി. സി. രാധാകൃഷ്‌ണന്റെ 'ഊടും പാവും' എന്ന നോവലിനെ അടിസ്‌ഥാനമാക്കി സേതുമാധവന്‍ 'അവിടത്തെപ്പോലെ ഇവിടെയും' സംവിധാനം ചെയ്യുന്നു. ഞാനാണു തിരക്കഥ. നഗരത്തിലെ തിരക്കേറിയ ബിസിനസ് തെരുവില്‍ ഒരുപാടു കമ്പനികളുടെ ഉത്‌പന്നങ്ങള്‍ മൊത്തവ്യാപാരത്തിനെടുക്കുന്ന ഒരു ഡീലറാണു കഥാപാത്രം. കോടികളുടെ ബിസിനസാണു ഒരു ദിവസം ചെയ്യുന്നത്. വന്നാലുടനെ ഷര്‍ട്ടഴിച്ചു ഭിത്തിയിലെ ആണിയില്‍ തൂക്കും. പിന്നെ വിലകൂടിയ എക്‌സിക്യൂട്ടീവ് ചെയറില്‍ കുന്തുകാലിലിരുന്നു വിസ്‌തരിച്ചു മുറുക്കിക്കൊണ്ടാണു ചാണിക്യബുദ്ധിയെടുത്തുള്ള തിരുവിളയാടല്‍. ഒന്നോ രണ്ടോ ടെലിഫോണ്‍ അതിനിടയില്‍ കൈകളില്‍ കിടന്നു അമ്മാനമാടും. എല്ലായിടത്തും കണ്ണെത്തും. അവിടെ വരുന്ന ഓരോ ആളോടും ശ്രദ്ധയോടെ വിവരങ്ങള്‍ ആരായും. കൃത്യമായ തീര്‍പ്പുകള്‍ എടുക്കും. എറണാകുളത്തെ ബ്രോഡ്‌വേയിലെ കടയില്‍ ദശാബ്‌ദങ്ങളോളം നിറഞ്ഞു വിലസിയ ഈ കഥാപാത്രത്തെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. എന്നെ പരിചയപ്പെടുത്തിത്തന്നത് ആന്റണി ഈസ്‌റ്റ്മാനാണെന്നാണോര്‍മ. ആ മാതൃകയില്‍ എഴുതിയ കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കുന്നു എന്നായിരുന്നു ആദ്യ തീരുമാനം. ഷൂട്ടിംഗ് മദിരാശിയിലാണ്. ഞാന്‍ എറണാകുളത്താണുള്ളത്. ഷൂട്ടിംഗ് സമയമായപ്പോള്‍ തിലകനെന്തോ ഒരു അസൗകര്യം. പകരമാര്? രണ്ടേ രണ്ട് സീനില്‍ മാത്രമേ ആ കഥാപാത്രം വരുന്നുള്ളൂ. പക്ഷേ, രണ്ടും രണ്ടു സീനാണ്. കഥാപാത്രത്തിന്റെ സങ്കീര്‍ണത അറിയാമായിരുന്ന മമ്മൂട്ടിയാണു ഇന്നസെന്റിന്റെ പേരാദ്യം നിര്‍ദേശിക്കുന്നത്. സേതുമാധവന്‍ എന്നോടാലോചിച്ചു. ഞാന്‍ പിന്‍താങ്ങി. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു. ''എഴുതിവച്ച സീന്‍ വായിച്ചുകൊടുക്കുക. എന്നിട്ടു അതിന്റെ പരിവൃത്തത്തില്‍നിന്നുകൊണ്ടു ഷൂട്ടിംഗ് വേളയില്‍ സ്വയം പറയുവാന്‍ നിര്‍ദേശിക്കുക. ആ സ്ലാംഗിലായതുകൊണ്ടു അയാള്‍ക്കത് സ്വാഭാവികമായും നാവില്‍ തെളിഞ്ഞുവരും. വിഷയം മറികടന്നു പോകാതെ നോക്കിയാല്‍ മതി. എഴുതിവച്ചതു പഠിപ്പിച്ചു പറയിപ്പിക്കുന്നതിലും നന്നാവുക അതാണ്. സങ്കോചത്തോടെയാണു സേതുമാധവന്‍ ആ പരീക്ഷണത്തിനൊരുങ്ങിയത്. പക്ഷേ, അതേറ്റു. ആ ചിത്രത്തിലെ ഏറ്റവും മിഴിവാര്‍ന്ന രണ്ടു രംഗങ്ങളായി അത്‌് കഥാപാത്രമായി സ്വയം വിന്യസിപ്പിച്ചുകൊണ്ടു കുന്നംകുളം സ്ലാംഗിന്റെ നീട്ടലിലും കുറുക്കലുകളിലും വളവുകളിലും ഇഴുകിയലിഞ്ഞു ഇന്നസെന്റ് മൊഴിപറഞ്ഞു തിമിര്‍ത്താടുമ്പോള്‍ പറയുന്ന സംഭാഷണം വള്ളിപുള്ളി തെറ്റാതെ കേട്ടെഴുതുക എന്നതായിരുന്നു അന്ന് ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്‌ടര്‍മാരായിരുന്ന ജോര്‍ജു കിത്തുവും കമലും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഈ ചിത്രത്തോടെ ഇന്നസെന്റ് മലയാളത്തിന്റെ പ്രിയപ്പെട്ട താരവും നടനുമായി. ഇന്നിപ്പോള്‍ വിവാദകോലാഹലങ്ങളില്‍ എതിര്‍പക്ഷങ്ങളിലെ സിംഹമുഖത്താണു തിലകനും ഇന്നസെന്റും. അന്നു താനെത്തിപ്പെടാതിരുന്ന ഒഴിവില്‍ കടന്നുവന്നു ശ്രദ്ധേയനായ ഇന്നസെന്റ് പിന്നെപ്പിന്നെ വളര്‍ന്ന് 'അമ്മ'യുടെ സാരഥിയായി തന്റെ നേര്‍ക്ക് ചിട്ടപ്പടി വാളോങ്ങാന്‍ വന്നെത്തുമെന്ന് തിലകന്‍ സ്വപ്‌നത്തില്‍പ്പോലും പ്രതീക്ഷിച്ചിരിക്കില്ല! രണ്ടു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ദിവസം ഇരിങ്ങാലക്കുട ഗസ്‌റ്റ്ഹൗസില്‍ മോഹനും ഇന്നസെന്റും ഞാനും ഒന്നിച്ചുകൂടുമ്പോള്‍ ഇന്നസെന്റും മോഹനും അവിടെയുണ്ടെന്ന് അറിഞ്ഞു ഒരാള്‍ കാണാന്‍ വന്നു. അന്ന് അയാള്‍ക്ക് അറുപത്തിയഞ്ചിനടുത്തു പ്രായം കാണും. മോഹനും ഇന്നസെന്റും ചേര്‍ന്ന് ആഗതനെ എനിക്ക് പരിചയപ്പെടുത്തി. 'ജോണേ ഇതു ദേവസ്യക്കുട്ടി. നമ്മുടെ ഇളക്കങ്ങളിലെ കറവക്കാരന്‍ ദേവസ്യക്കുട്ടി'. വിസ്‌മയത്തോടെ ഞാന്‍ ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ തൊഴുതു. ദേവസ്യക്കുട്ടിക്ക് സഹജമായ കുസൃതിച്ചിരി കണ്ണില്‍ മിന്നിച്ചുകൊണ്ട് ഒറിജിനല്‍ ദേവസ്യക്കുട്ടി ചെയ്യാറുള്ളതുപോലെ വിചിത്രമായ അക്ഷരക്കൂട്ടുകള്‍ ചേര്‍ത്തുവച്ചൊരു ശബ്‌ദമുയര്‍ത്തി. ഗൃഹാതുരത്വമുയര്‍ത്തുന്ന ഞങ്ങളുടെ ഒരു പൊട്ടിച്ചിരിയില്‍ ആനിമിഷം പൂത്തുലഞ്ഞു. വാല്‍ക്കഷണം കുറച്ചുനാള്‍ മുന്‍പൊരു തമിഴ് ചിത്രം ടി.വി.യില്‍ വന്നു. അതിലൊരു രംഗത്തില്‍ 'അവിടത്തെപ്പോലെ ഇവിടെ'യിലെ ഇന്നസെന്റിന്റെ കഥാപാത്രം നാഗേഷിന്റെ ശരീരവടിവില്‍ ഒരു സ്‌കൂളില്‍ ഹെഡ്‌മാസ്‌റ്ററുടെ കസേരയിലിരുന്നു ഒരേസമയം ഒരുപാടുപേരെ നാവിന്‍തുമ്പത്തിട്ട് അമ്മാനമാടുന്നു. ലാവണത്തിലും ഭാഷയിലും മാത്രമേയുള്ള മാറ്റം. കര്‍മ്മവും മര്‍മ്മവും നര്‍മ്മവും ഭാവവും പ്രതിഭാവവും കുന്ദംകുളത്തുകാരന്റേതുതന്നെ. അന്വേഷിച്ചപ്പോളറിഞ്ഞു ആ രംഗം മലയാളത്തില്‍ കണ്ടിഷ്‌ടം തോന്നി കഥയുമായി ബന്ധമില്ലാഞ്ഞിട്ടും സംവിധായകനായ എന്റെ സുഹൃത്ത് പ്രിയദര്‍ശന്‍ തമിഴ് ചിത്രത്തിലിണക്കിചേര്‍ത്തതാണെന്ന്. സ്‌നേഹ സൗഹൃദങ്ങള്‍ക്ക് പകര്‍പ്പവകാശത്തേക്കാള്‍ മൂല്യമുണ്ടെന്നറിയാവുന്നതുകൊണ്ട് പ്രിയദര്‍ശനു നന്ദി. ജോണ്‍പോള്‍ | ||
Sunday, August 22, 2010
കണ്ണാടിയില്‍ കണ്ടാലെന്നതു പോല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment