| | | മലയാളികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വാചകമുണ്ട്... ദൈവം മലയാളിയായി ജനിച്ചാല്‍ പാടുന്നത് യേശുദാസിന്റെ സ്വരത്തിലായിരിക്കുമെന്ന്... അങ്ങനെയായാല്‍ ആ ഗാനത്തിനു സംഗീതം നല്‍കുന്നത് ആരായിരിക്കും. സംശയിക്കേണ്ട. അത് ആലപ്പി രംഗനാഥ് തന്നെയായിരിക്കും. സംഗീതത്തിന്റെ പിതൃത്വം സംഗീത സംവിധായകനു മാത്രമാണെന്നു പറഞ്ഞു സിനിമയോടു പരിഭവിച്ച് പടിയിറങ്ങിയ അതേ ആലപ്പി രംഗനാഥ്.
രംഗനാഥും യേശുദാസും ഒത്തുചേര്‍ന്നപ്പോഴൊക്കെ മലയാളിക്കു ലഭിച്ചത് മധുര ഗാനങ്ങളായിരുന്നു. ഒരു വലിയ ആസ്വാദക വിഭാഗം തന്നെ ആ സംഗീതത്തിലൊഴുകി. എന്നിട്ടും എവിടെയോ താളം തെറ്റി. ആലപ്പി രംഗനാഥ് ധിക്കാരിയായി. സിനിമാലോകത്തെ ഒരു വിഭാഗവും അവരുടെ പിണിയാളുകളും രംഗനാഥിനെ പുറംതളളി. തോറ്റു പിന്‍മാറലല്ല, പിന്നെയുണ്ടായത് പോരാട്ടം. നാടകങ്ങള്‍ക്കും, ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി, എഴുതി, പ്രകോപിച്ചവര്‍ക്കു മുമ്പില്‍ തന്റെ വരികള്‍ ഉച്ചത്തില്‍ മുഴക്കി പ്രതിഷേധത്തിന്റെ ചൂടറിയിച്ചു.
സിനിമ മാത്രമല്ല സംഗീതമെന്നറിയിച്ച നീണ്ട പതിനഞ്ചുവര്‍ഷം. വര്‍ഷങ്ങളുടെ ഇടവേള മുറിച്ചുകൊണ്ട് ധിക്കാരത്തിന്റെ ആ സംഗീതം വീണ്ടും സിനിമയില്‍ മുഴങ്ങുകയാണ്, ജീവിതത്തിന്റെ പാതിവഴിയില്‍ മരണത്തിലേക്കുപോയ ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയ്‌ക്കു സംഗീതം ഒരുക്കി. ആ തിരിച്ചുവരവിന്റെ സംഗീതത്തിനു മുന്‍പില്‍ ഒരു വിജയത്തിന്റെ കഥയുണ്ട് ഒരു ധിക്കാരിയുടെ വിജയത്തിന്റെ കഥ.
ഉത്സവപ്പറമ്പുകളില്‍ നാടകത്തിന്റെ ഇടവേളയില്‍ കോളാമ്പിയില്‍ക്കൂടി രചന, സംഗീതം ആലപ്പി രംഗനാഥ് എന്ന പേരു മുഴങ്ങുമ്പോള്‍ വേദിക്കുപിറകില്‍ ആത്മ നിര്‍വൃതിയുമായി ഒരു പത്തൊമ്പതു വയസുകാരനുണ്ടായിരുന്നു. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും
മകന്‍ രംഗനാഥന്‍. ജന്മനാകിട്ടിയ സംഗീതത്തിന്റെ ബലത്തില്‍ നാടകങ്ങള്‍ക്കു സംഗീതമൊരുക്കിയെന്ന ധിക്കാരമാണ് രംഗനാഥന്‍ ആദ്യം ചെയ്‌തത്. വേദികള്‍ അതിനെ അംഗീകരിച്ചപ്പോള്‍ മനസില്‍ സിനിമാ മോഹങ്ങള്‍ പൂവിട്ടു. പിന്നെ താമസിച്ചില്ല, അച്‌ഛന്റെ ഒരു ശിഷ്യ തന്ന ശുപാര്‍ശക്കത്തു സമ്പാദ്യമാക്കി സിനിമയുടെ അത്ഭുതലോകമായ മദ്രാസിലേക്കു വണ്ടികയറി.
നാടകത്തിനു പാടാനായെത്തുമ്പോള്‍ സ്‌റ്റുഡിയോയ്‌ക്കുളളില്‍ നിറഞ്ഞ സൗഹൃദവുമായി എത്തുന്ന ഗായകരെ മാത്രമാണു പരിചയം. പിന്നെയുളളതു പോക്കറ്റിലുളള കത്തിന്റെ ബലമാണ്. കത്തിന്റെ മുന്‍പിലെ വിലാസം സത്യന്റെതായിരുന്നു. അന്നത്തെ സൂപ്പര്‍താരം സത്യന്‍ തന്നെ. ഗൗരവത്തില്‍ കത്തു വായിച്ചു നോക്കിയ സത്യന്‍ നേരെ എത്തിച്ചത് ബാബുരാജിന്റെ അടുത്തായിരുന്നു. സംഗീതത്തിലെ രാജാവായി ബാബുരാജ് വിളങ്ങുന്ന സമയം. പയ്യന്റെ മുഖത്തേക്കു ഒന്നു നോക്കിയ ബാബുരാജ് ചോദിച്ചു എന്തൊക്കെ അറിയാം. തബല, ഭരതനാട്യം. പയ്യന്‍ പറഞ്ഞു തീര്‍ന്നില്ല തനി കോഴിക്കോടന്‍ ഭാഷയില്‍ മറുപടിയെത്തി. നീ ആളൊരു പഹയനാണല്ലോടെ.
അതൊരു തുടക്കമായിരുന്നു. ബാബുരാജിന്റെയൊപ്പം നടന്നു നേടിയ സൗഹൃദങ്ങള്‍ ഏറെയായിരുന്നു. പിന്നീട് രാഘവന്‍മാഷിന്റെ 'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു...' എന്ന ഗാനത്തിനു ബുള്‍ബുള്‍ വായിച്ചുകൊണ്ടു സിനിമയില്‍ അരങ്ങേറ്റം. സ്‌റ്റുഡിയോകളില്‍ നിന്നു സ്‌റ്റുഡിയോകളിലേക്കുള്ള ഓട്ടം. സംഗീത സംവിധായകര്‍ വിളിക്കുമ്പോള്‍ കൈയില്‍ ചിലപ്പോള്‍ വണ്ടിക്കൂലി കാണില്ല. കണ്ണടച്ച് ഒരു നടപ്പാണ് കിലോമീറ്ററുകള്‍ താണ്ടുന്നതു ചിലപ്പോള്‍ സംഗീതം തേടിയുളള വ്യഗ്രതയില്‍ അറിയില്ല. ചെന്നെയിലെ പ്രശസ്‌തരായ ചെറിയാന്‍ ബ്രദേഴ്‌സ് ഗ്രൂപ്പില്‍പ്പെട്ട കാഞ്ഞിരപ്പളളിക്കാരന്‍ പോള്‍ എന്ന സുഹൃത്തിന്റെ വീട്ടിലാണു താമസമെന്നതിനാല്‍ ആഹാരത്തിനു മുട്ടുവന്നില്ല. പോളിന്റെ ശിപാര്‍ശപ്രകാരം പി.എ. തോമസിന്റെ ജീസസ് എന്ന സിനിമയില്‍ ഒരു ഗാനത്തിനു സംഗീതം നല്‍കാന്‍ അവസരം കിട്ടി.
ഓശാന, ഓശാന... എന്നു തുടങ്ങുന്ന അഗസ്‌റ്റിന്‍ വഞ്ചിമലയലിന്റെ വരികള്‍. സംവിധായകന്‍ അടക്കമുളളവരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അന്നേവരെയുളള ഓശാനയുടെ ട്യൂണുകളെ എല്ലാം മാറ്റിമറിച്ചു കൊണ്ട് ആഘോഷത്തിന്റെ സംഗീതമാണു രംഗനാഥ് നല്‍കിയത്. എതിര്‍പ്പുകള്‍ ഏറെയുണ്ടായെങ്കിലും ഗാനം ഹിറ്റാക്കിമാറ്റി രംഗനാഥന്‍ തന്റെ തീരുമാനമാണു ശരിയെന്നറിയിച്ചു. അതോടെ പി.എ. തോമസ് ഒരു വാഗ്‌ദാനം നല്‍കി. അടുത്ത പടമായ സെന്റ് തോമസിന്റെ മുഴുവന്‍ പാട്ടുകള്‍ക്കും സംഗീതം നല്‍കാനുളള അവസരം.
വിജയലഹരിയില്‍ നാട്ടിലേക്ക്
വെറുമൊരു കത്തിന്റെ ബലത്തില്‍ ചെന്നൈയ്‌ക്കു പോയ പയ്യന്‍ ഹീറോയായാണ് നാട്ടിലേക്കു തിരിച്ചെത്തിയത്. സിനിമക്കാരെ ആരാധനയോടെ നോക്കിയിരുന്ന നാട്ടുകാരുടെ സ്വീകരണങ്ങള്‍, യോഗങ്ങള്‍... ഇതൊന്നും അധികം നീണ്ടില്ല. സെന്റ് തോമസ് സിനിമയുടെ പരസ്യം വന്നപ്പോള്‍ സംഗീത സംവിധായകന്റെ സ്‌ഥാനത്ത് സലീല്‍ ചൗധരി. ഇതോടെ നിരാശയുടെ സംഗീതമായി മനസു മുഴുവന്‍. അപ്രതീക്ഷിതമായി അച്‌ഛന്റെ മരണം കൂടിയെത്തിയതോടെ തിരികെ ചെന്നൈയിലേക്കില്ലെന്ന് രംഗനാഥ് തീരുമാനിച്ചു. നാടകവും സംഗീതവുമായി നാട്ടില്‍ത്തന്നെ കൂടി.
സന്യാസത്തിന്റെ സംഗീതം
ഉയരത്തില്‍ നിന്നു ശൂന്യതയിലേക്കു വീണപ്പോള്‍ രംഗനാഥന്റെ മനസും ശൂന്യമായിരുന്നു. അതുവരെ ആരാധനയോടെ നോക്കിയിരുന്നവരുടെ കണ്ണുകളില്‍ പുച്‌ഛ ഭാവം നിഴലിച്ചപ്പോള്‍ സഹോദരങ്ങളോടു മാത്രം യാത്ര പറഞ്ഞു വീടു വിട്ടിറങ്ങി. അമ്പലത്തിണ്ണകളിലായിരുന്നു പിന്നെ അന്തിയുറക്കം. എല്ലാമുപേക്ഷിച്ചെങ്കിലും സംഗീതത്തെ മാത്രം ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മനസില്‍ സംഗീതവും ഈശ്വരനും മാത്രം ആ നിമിഷത്തില്‍ കുത്തിക്കുറിച്ച വരികളാണ് പിന്നീട് മലയാളത്തിലെ ഏറ്റവും നല്ല ഭക്‌തിഗാനങ്ങളായിമാറിയത്. അയ്യപ്പഭക്‌തരുടെ പ്രിയ ഗാനമായിമാറിയ 'സ്വാമി സംഗീതമാലപിക്കും താപസ ഗായകനല്ലോ ഞാന്‍...' എന്ന പാട്ടടക്കമുള്ളവ ഈ സന്യാസ ജീവിതത്തിന്റെ സംഭാവനയായിരുന്നു.
തരംഗിണിയുടെ തരംഗമായി
തരംഗിണി സ്‌റ്റുഡിയോയില്‍ അയ്യപ്പ ഭക്‌തിഗാനത്തിന്റെ റെക്കോഡിംഗ് പാടുന്നത് യേശുദാസ്.
പകലിലും കൂരിരുളിലും ഈ നട അടയ്‌ക്കില്ല
യുഗമൊരായിരമാകിലും ഞാന്‍ തൊഴുതു തീരില്ല
അടിയാനാശ്രയം.......
പാടിമുഴുമിക്കും മുന്‍പ് മൈക്രോഫോണിലൂടെ പുറത്തേക്കു വന്നത് യേശുദാസിന്റെ തേങ്ങല്‍. ഓടിയെത്തിയ സംഗീത സംവിധായകനെ യേശുദാസ് കെട്ടിപ്പിടിച്ചു വിങ്ങലോടെ പറഞ്ഞു, കരയാതെ ഈ പാട്ടെനിക്കു പാടാന്‍ കഴിയില്ല. അതു കേട്ടു സംഗീത സംവിധായകന്റെയും കണ്ണുകള്‍ നിറഞ്ഞു.
യേശുദാസിന്റെ ഹൃദയത്തെ സ്‌പര്‍ശിച്ച ഗാനത്തിന്റെ രചയിതാവും ആ സംവിധായകനായിരുന്നു. അത് ഒരു പൂക്കാലമായിരുന്നു സംഗീതത്തിന്റെയും ആലപ്പി രംഗനാഥിന്റെ ജീവിതത്തിലെയും. 'പ്രിയസഖിക്കൊരു ലേഖനം' എന്ന സിനിമയ്‌ക്കു പാട്ട് റെക്കോഡ് ചെയ്യാനാണ് രംഗനാഥന്‍ യേശുദാസിന്റെ തരംഗിണി സ്‌റ്റുഡിയോയുടെ പടികയറുന്നത്. അതു ജീവിതത്തിന്റെ പടവുകളുടെ കയറ്റവുമായിരുന്നു. തനിക്കു പാട്ടു പറഞ്ഞു തന്ന രംഗനാഥനെയും പാട്ടിന്റെ താളവും യേശുദാസിന് 'ക്ഷ' പിടിച്ചു.
നേരെ പറഞ്ഞു ഇവിടെ നിന്നു പോകരുത്. ആ ഇഷ്‌ടത്തിന്റെ സമ്മാനം തരംഗിണിയിലെ സ്‌ക്രിപ്‌റ്റ് സ്‌ക്രൂട്ടണൈസിംഗ് ഓഫീസര്‍ പദവി. പിന്നീട് പാട്ടിന്റെ ഒഴുക്കായിരുന്നു. തരംഗിണിയില്‍ പിറന്നത് ഹിറ്റുകള്‍ മാത്രം. രചനയും സംഗീതവും ആലപ്പി രംഗനാഥിന്റെതായി എത്തുന്ന പാട്ടുകള്‍ക്ക് യേശുദാസിന്റെ ശബ്‌ദം കൂടിച്ചേര്‍ന്നപ്പോള്‍ മലയാളക്കര അതേറ്റെടുത്തു. 251 ലേറെ ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് മലയാളത്തിനു സമ്മാനിച്ചത്. ഒടുവില്‍ തരംഗിണിയില്‍ സമരം വന്നപ്പോള്‍ യേശുദാസിനൊപ്പമോ കൂടെ ജോലിചെയ്‌ത ജീവനക്കാര്‍ക്കൊപ്പമോ എവിടെ നില്‍ക്കണമെന്ന സമ്മര്‍ദം. ഒടുവില്‍ രാജിക്കത്തു നല്‍കി തരംഗിണിയുടെ പടിയിറങ്ങി.
ജീവിതത്തിലെ താളപ്പിഴകള്‍
പിഴവു പറ്റാത്ത താളമുണ്ടായിട്ടും രംഗനാഥിനു എവിടെയോക്കെയോ ചുവടുകള്‍ തെറ്റി. തരംഗിണിയില്‍ ഇരിക്കുന്ന സമയത്തും പുറത്തിരിക്കുന്ന സമയത്തുമായി ഇരുപതോളം സിനിമകള്‍ക്കു സംഗീതം പകര്‍ന്നു. ഇന്നു പ്രശസ്‌തരും അന്ന് അപ്രശസ്‌തരുമായ പല ഗായകരെയും മൈക്കിനു മുമ്പിലെത്തിച്ചു. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്‌മാന്‍ വരെ രംഗനാഥിനു വേണ്ടി കീബോര്‍ഡ് വായിച്ചു. അമ്പാടി തന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തു. നാല്‍പ്പത്തിരണ്ടോളം നാടകങ്ങള്‍ എഴുതി.
പ്രശ്‌സതിയില്‍ നിന്നു പ്രശസ്‌തിയിലേക്കുളള കുതിപ്പ്, രചനയും സംഗീതവുമെല്ലാം നല്‍കികൊണ്ടുളള ജൈത്രയാത്ര. അത് ഇഷ്‌ടപെടാത്തവര്‍ ഏറെയുണ്ടായിരുന്നു. ആ ഇഷ്‌ടക്കേടുകള്‍ രംഗനാഥന്റെ ജീവിതത്തില്‍ പലപ്പോഴും അപസ്വരങ്ങളായി. തേടിയെത്തിയ സിനിമകള്‍ക്ക് നിര്‍മാതാക്കളും, സംവിധായകരും പറയുന്ന വിധത്തില്‍ സംഗീതം നല്‍കാന്‍ രംഗനാഥന്‍ തയാറായില്ല. അതു തന്റെ ജോലിയാണന്നും, വെറും യന്ത്രപ്പാവയാകാന്‍ തന്നെ കിട്ടില്ലെന്നും തുറന്നു പറഞ്ഞതോടെ അവസരങ്ങള്‍ കുറഞ്ഞു.
സംഗീത രചനയിലും തിളങ്ങിയതോടെ മറ്റും പല എഴുത്തുകാരുടെയും ഉറക്കം നഷ്‌ടപ്പെട്ടു. അവരും എതിര്‍പ്പിന്റെ വാറോലകള്‍ മുഴക്കി. സിനിമ മാത്രമല്ല സംഗീതം എന്നറിയാമായിരുന്ന രംഗനാഥന്‍ കുലുങ്ങിയില്ല. രംഗനാഥന്റെ ധിക്കാര നിലപാടും എതിര്‍ക്കുന്നവരുടെയും രംഗനാഥിന്റെ കഴിവുകളെ ഭയന്നവരുടെയും തന്ത്രങ്ങളുമായപ്പോള്‍ സിനിമ രംഗനാഥിനെ വിട്ടുപോയിത്തുടങ്ങി.
തിരികെ ഉത്സവ പറമ്പുകളിലേക്ക്
ഒരു പണിയുമില്ലെങ്കില്‍ പോയി സിനിമയ്‌ക്കു സംഗീതം കൊടുക്കെടാ എന്ന നാടക ഡയലോഗായിരുന്നു മനസില്‍. തോല്‍ക്കാനല്ലായിരുന്നു തീരുമാനം. ഉത്സവപ്പറമ്പുകളില്‍ വീണ്ടും ആലപ്പി രംഗനാഥിന്റെ പേരു മുഴങ്ങിത്തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ മാത്രമല്ല ആല്‍ബങ്ങള്‍, ഭക്‌തിഗാനങ്ങള്‍, ഓണപ്പാട്ടുകള്‍. രംഗനാഥ് കൂടുതല്‍ സജീവമാക്കുകയായിരുന്നു. തളര്‍ച്ചയിലും ഉയര്‍ച്ചയിലും പരാതികളില്ലാതെ ഭാര്യ രാജശ്രീയുമുണ്ടായിരുന്നു കൂട്ടിന്. സംഗീതലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ രംഗനാഥിനെ ഒഴിവാക്കി നിര്‍ത്താന്‍ ഒരു ശക്‌തിക്കുമായില്ല. എതിര്‍ത്തവരെയും പ്രകോപിപ്പിച്ചവരെയും സംഗീതംകൊണ്ടാണ് രംഗനാഥ് തോല്‍പിച്ചത്.
സഹൃദയനായ സുഹൃത്തിനുവേണ്ടി
കോട്ടയത്തെ ഒരു ഹോട്ടല്‍ മുറി.. നാളുകള്‍ക്കുശേഷം രണ്ടു സുഹൃത്തുക്കളുടെ ഒരു സംഗമമവേദിയായിരുന്നു അത്. സിഗരറ്റും മദ്യവുമായിരുന്നില്ല അവിടെ എരിഞ്ഞത്. സംഗീതമായിരുന്നു ഒരേ മനസുകളുടെ സംഗീതം. ഗിരീഷ് പുത്തഞ്ചേരിയും രംഗനാഥും. സംഗീതത്തെ പ്രണയിക്കുന്ന കാമുകന്‍മാര്‍. സംഗീതം പടര്‍ന്നിറങ്ങിയ ദിനം എരിഞ്ഞടങ്ങുമ്പോഴും രംഗനാഥിന്റെ മടിയില്‍ തലവെച്ചു ഗിരീഷ് കവിതകള്‍ ചൊല്ലുകയായിരുന്നു. അതായിരുന്നു അവസാന കണ്ടുമുട്ടല്‍ പാട്ടുകളുടെ ഉറവിടമായ ഹൃദയം വിധി കൊട്ടിയടയ്‌ക്കുന്നതിനു മുമ്പേ ഗിരീഷ് ആ വരികള്‍ കുറിച്ചിരുന്നു. ഒരു യാത്ര പറച്ചിലല്ലായിരുന്നോ അത്. പക്ഷേ അതൊരു തിരിച്ചു വരവായിരുന്നു.
''മതിയായി ജീവിതം മതിയായി ജീവിതം
മരണത്തിനപ്പുറം ജനനമുണ്ടോ''
ഈ വരികള്‍ എഴുതിവച്ചു ഗിരീഷ് മരണത്തിനപ്പുറം പോയപ്പോള്‍ ഈ വരികളിലൂടെ രംഗനാഥ് സിനിമയുടെ ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു. അച്‌ഛന്‍ ബാലന്‍ മകന്‍ ഭീമന്‍ എന്ന സിനിമയ്‌ക്കുവേണ്ടി ഗിരീഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കി ഒരു തിരിച്ചു വരവ്. ഇതിനു പിന്നാലെ ഒരു തമിഴ് ചിത്രത്തിനും രംഗനാഥ് സംഗീതം നല്‍കിക്കഴിഞ്ഞു.
പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത കഥപോലെ , പാടിത്തീര്‍ക്കാന്‍ കഴിയാത്ത പാട്ടുപോലെയാണ് രംഗനാഥന്റെ ജീവിതവും.
എന്തു വന്നാലും നിര്‍മാതാവിന്റെയോ, സംവിധായകന്റെയോ നിര്‍ദേശപ്രകാരം ഗ്രാമത്തില്‍ പുല്ലരിയുന്ന പെണ്ണിനെക്കൊണ്ട് വാതാപി പാടിച്ചു സംഗീതം സൃഷ്‌ടിക്കാന്‍ തന്നെക്കൊണ്ട് കഴിയില്ലെന്നു പറഞ്ഞ ധിക്കാരത്തെയും ആ സംഗീതത്തെയും മലയാളം ഇന്നും സ്‌നേഹിക്കുന്നു... ആരാധിക്കുന്നു...
എം.എസ്. സന്ദീപ്
ചിത്രം: തമ്പാന്‍ പി. വര്‍ഗീസ് | |
|
No comments:
Post a Comment