യാത്ര തുടങ്ങുകയാണ്...
തിരുനെല്ലി ക്ഷേത്രത്തോടു ചേര്‍ന്നുള്ള വനംവകുപ്പിന്റെ ഐ.ബിക്കു പുറത്തു നേരം വെളുത്തു വരുന്നു. ഐബിയോട് ചേര്‍ന്നുളള ചങ്ങലക്കെട്ടാണു കാടിന്റെ അതിര്‍ത്തി. ജീപ്പ് റോഡെന്നു സങ്കല്‍പിക്കാവുന്ന തെളിച്ചിട്ട കാട്ടുവഴിയിലൂടെ കുറച്ചുദൂരം. വനംവകുപ്പിന്റെ ജീപ്പിനു മാത്രമാണ് ഇവിടേക്കു പ്രവേശനം. മഴ കഴിഞ്ഞ് നടന്നു കാടുകയറുന്ന ആദ്യ കൂട്ടമായിരുന്നു ഞങ്ങളുടേത്. അട്ടപ്പട്ടാളം സമൃദ്ധമായിരിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഉപ്പും പുകയിലയും കൂട്ടിക്കുഴച്ച് കിഴിയുണ്ടാക്കി, അത് ഒരു വടിയുടെ തലപ്പത്തു കെട്ടിയാണു നടത്തം. അട്ട കാലില്‍ കയറിയാല്‍ ഇതുകൊണ്ടൊന്നു തൊട്ടാല്‍ മതി. അതു ചത്തുവീഴും.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ റോഡുപേക്ഷിച്ച് ഊടുവഴികളിലൂടെയായി നടപ്പ്. തണുപ്പിനൊപ്പം കയറ്റത്തിന്റെ കാഠിന്യവും ഏറുന്നു. ഹൃദയമിടിപ്പിന്റെ താളവും മാറുന്നുണ്ട്.
തടസങ്ങളും കുറ്റിക്കാടുകളും വകഞ്ഞുമാറ്റാന്‍ വഴികാട്ടിയായി വനംവകുപ്പിന്റെ വാച്ചര്‍ മുന്നില്‍. കുറ്റിക്കാടെന്നു പറയാന്‍ മാത്രമേ പറ്റൂ. തലയ്‌ക്കു മുകളിലാണ് ഉയരം. കയറ്റം കുത്തനെയായി. എത്തിപ്പെട്ടത് ഒരു പുല്‍മേട്ടില്‍. അകലെ ഞങ്ങള്‍ യാത്ര തുടങ്ങിയ തിരുനെല്ലി ക്ഷേത്രം... മലമടക്കുകളില്‍ അള്ളിപ്പിടിച്ചു വളരുന്ന ചോലവനങ്ങള്‍. അതിനുമപ്പുറം കാളിന്ദീ തീരത്തു നീണ്ടു നിവര്‍ന്നുകിടക്കുന്ന വയല്‍... ഒരു കാഴ്‌ചയും ഒറ്റ ഫ്രെയിമില്‍ ഒതുക്കാവുന്നതല്ല.
നടത്തം പാതിയില്‍ നിര്‍ത്തിയാല്‍ മുന്നോട്ടു പോകാനാവുമെന്നു കരുതേണ്ട- കൂടെയുള്ള വഴികാട്ടി ഓര്‍മിപ്പിച്ചു. ബ്രഹ്‌മഗിരി മലയുടെ പാതി പിന്നിട്ടിരിക്കുന്നു. അമ്മയെ കുഞ്ഞ് അള്ളിപ്പിടിച്ചു കിടക്കുംപോലെയാണ് ചോലക്കാടുകള്‍. മലമുകളിലെ കനത്തകാറ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ചോലക്കാടുകള്‍ മലഞ്ചെരുവില്‍ മാത്രമെന്ന് ചിലരുടെ സംശയങ്ങള്‍ക്കു വാച്ചറുടെ മറുപടി.
ചോലക്കാടുകളിലെ മരങ്ങള്‍ക്കുമുണ്ട് പ്രത്യേകതകള്‍. ഇലകള്‍ നന്നേ ചെറുത്. ചില്ലകളില്‍ അപ്പൂപ്പന്‍താടികള്‍ പോലെ തൂങ്ങിക്കിടക്കുന്ന ഫംഗസുകള്‍. വര്‍ഷങ്ങളുടെ പഴക്കമുണ്ടത്രേ പല മരങ്ങള്‍ക്കും. പക്ഷേ, പറഞ്ഞാല്‍ വിശ്വസിക്കില്ല. കാരണം, അത്ര പ്രായം തോന്നിപ്പിക്കുന്ന നീളമോ തടിയോ ഇല്ലെന്നതുതന്നെ. ബോണ്‍സായ് ചെടികളെപോലെ. ചോലവനങ്ങള്‍ പിന്നിട്ടു വീണ്ടും പുല്‍മേട്ടിലേക്ക്...
കൂറേദൂരം കൂടി പിന്നിട്ടപ്പോള്‍ മുന്നില്‍ നടന്നവര്‍ നിശബ്‌ദരായി അടുത്തമലയിലേക്കു നോക്കുന്നു. ഒരൊറ്റയാന, പൊടിമണ്ണ് വാരി ദേഹത്തിട്ടു തകര്‍ക്കുകയാണ്. ഇടയ്‌ക്കു ചോലക്കാടിനോടു ചേര്‍ന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റിക്കാട്ടില്‍നിന്ന് എന്തൊക്കെയോ പിഴുതെറിയുന്നു.
സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു കാടിനുള്ളില്‍ കിട്ടിയ ആദ്യ ഇര. അതവര്‍ കിടന്നും മരത്തില്‍ കയറിയുമൊക്കെ ചിത്രമെടുത്ത് ആഘോഷിച്ചു.
ഒറ്റയാന്റെ പരാക്രമങ്ങളില്‍ രസിച്ചു നില്‍ക്കുമ്പോള്‍ വാച്ചറുടെ മുന്നറിയിപ്പ്. പക്ഷി പാതാളത്തിലേക്ക് ഇനിയുമുണ്ടേറെ. നടപ്പു തുടര്‍ന്നു. ബ്രഹ്‌മഗിരിയുടെ മുകളിലെത്തി. ഇവിടെ സന്ദര്‍ശകരെ കാത്തെന്നപോലെ കൂറ്റന്‍ വാച്ച് ടവര്‍.
കാഴ്‌ച കാണാന്‍ അതിനുമുകളിലേക്കു വലിഞ്ഞുകയറി. ഒരാള്‍ക്കുമാത്രം കഷ്‌ടിച്ചു കയറാനാവുന്ന കുത്തനെയുള്ള ഗോവണിയിലൂടെ വേണം മുകളിലെത്താന്‍. മുകളിലെത്തിയപ്പോഴാകട്ടെ ശരിക്കും ആകാശം തൊട്ടതുപോലെ.
ദൂരെ തിരുനെല്ലി ക്ഷേത്രം ഇപ്പോഴും കാണാം. ടവറിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ കാടിന്റെ തലപ്പും കാണാം. ചോലക്കാടുകളില്‍ തമ്പടിച്ച പക്ഷികളുടെ കൂടുകാണാം. കാട്ടുപൊന്തയില്‍ ഇളംവെയില്‍ കായാനിരിക്കുന്ന അപൂര്‍വ ചിത്രശലഭങ്ങളെ കാണാം, അതിനെല്ലാമിടയില്‍ കാടിന്റെ മൊത്തം കാവല്‍ക്കാരനാണെന്നു തോന്നിപ്പിക്കുന്നതരത്തില്‍ പുല്‍മേട്ടില്‍ ഒരൊറ്റമരവും.
ഇനിയാത്ര മലയുടെ മറുപുറത്തേക്കാണ്. പക്ഷിപാതാളം കേരളത്തിലാണെങ്കിലും അവിടെത്താന്‍ കര്‍ണാടക അതിര്‍ത്തി കടക്കണം. കുറച്ചുദൂരം കര്‍ണാടകത്തിലൂടെ നടന്ന് വീണ്ടും കേരളത്തിലേക്കുതന്നെ എത്തി. കാടിനുള്ളിലെന്തു കര്‍ണാടകവും കേരളവും...
കൂറേ നടന്നപ്പോള്‍ പുല്‍മേടിനു കനവും നീളവും കൂടിവരുന്നതായി തോന്നി. ഇപ്പോള്‍ മുന്‍പില്‍ ഒരാള്‍ പൊക്കത്തിലുളള പുല്‍മേടാണ്. കുറേ ദൂരം നടന്നപ്പോള്‍ വീണ്ടും ഒരു ചോലവനത്തിലേക്കുകയറി. നല്ലകാട്. ഒരു ഗുഹയിലേക്കുകടക്കുന്നതുപോലെയാണ് ചോലക്കാട്ടിലേക്കു കയറിയത്. പെട്ടെന്ന് ഇരുട്ടായതുപോലെ. ഉള്ളിലേക്കു കയറിയപ്പോള്‍തന്നെ ഒരു കാട്ടരുവിയുടെ ശബ്‌ദം കേട്ടു. അടിക്കാടുകളെ വകഞ്ഞുമാറ്റി കുറച്ചുനടന്നപ്പോള്‍ കാട്ടാറിനടുത്തെത്തി. കണ്ണാടിപോലെ അതങ്ങനെ ഒഴുകുകയാണ്. സമയം ഉച്ചയായിരിക്കുന്നു. നല്ലവിശപ്പും ദാഹവും. കണ്ണാടിപോലെ ഒഴുകുന്ന ആറിലേക്ക് കൈക്കുമ്പിള്‍ താഴ്‌ത്തി. നല്ലതണുപ്പ്. കുറേ വെളളം കുടിച്ച് ദാഹംമാറ്റി.
ക്യാമ്പിന്റെ സംഘാടകര്‍ ആരോകൊണ്ടുവന്ന അവല്‍പൊതിയഴിച്ച് വയറുനിറയെ അതും കഴിച്ച് യാത്ര തുടര്‍ന്നു. ഇപ്പോള്‍ നാലുഭാഗത്തും പുല്‍മേടുകള്‍മാത്രം. ചെറുതും വലുതുമായ ചോലവനങ്ങള്‍ മലമടക്കുകളില്‍ ചിതറിക്കിടക്കുന്നപോലെ തോന്നി. ചോലവനങ്ങളെ തൊട്ടുരുമ്മി മഴമേഘങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുകയാണ്. പുല്‍മേട്ടിലൂടെ നടന്നപ്പോള്‍ അങ്ങു ദൂരെ ഒരു വലിയ പാറകണ്ടു. ഞങ്ങള്‍ക്ക് മുന്‍പേ പോയവര്‍ പാറപുറത്ത് കയറിയിരിക്കുന്നു.
കുത്തനെയുളള കയറ്റമാണ്. പാറയില്‍ അളളിപ്പിടിച്ച് മുകളിലെത്തിയപ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നി. ചുറ്റും നല്ലകാട്, ചെങ്കുത്തായ ചരിവ്, പാലക്കാട്ടുനിന്ന് ക്യാമ്പിനുവന്ന രാധാകൃഷ്‌ണന്‍ എന്ന രാധ ഒറ്റയാനായ ഒരു പാറപുറത്തേക്ക് വലിഞ്ഞുകയറി സാഹസികത കാട്ടി. അവനുപിന്നില്‍ വലിയ ഒരു കൊല്ലിയാണ് പാതാളക്കൊല്ലി!
ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളാണ് താഴെ. ഇതാണ് പക്ഷി പാതാളം. പാതാളത്തിലേക്കിറങ്ങാന്‍ വഴിവേറെയാണ്. പാറപ്പുറത്തുനിന്ന് അള്ളിപിടിച്ചുതന്നെ താഴോട്ടിറങ്ങി. ഗൂഹാമുഖംപോലെ രണ്ടു വലിയ പാറയിടുക്കിലൂടെ ഞങ്ങള്‍ പിന്നെ പാതാളം ലക്ഷ്യമായിറങ്ങി. പാറക്കെട്ടുകള്‍ക്കെല്ലാം നല്ല തണുപ്പ്. പേടിപ്പെടുത്തുന്ന നിശബ്‌ദത. പാതാളത്തിലേക്ക് ഇറങ്ങുന്തോറും ഇരുട്ടു കൂടി വരുന്നുണ്ട്. ചില സ്‌ഥലങ്ങളില്‍ പാറയിടുക്കുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമാണ് വഴികാട്ടി. വെളിച്ചം അരിച്ചിറങ്ങുന്ന പാറയിടുക്കിലൂടെ നോക്കിയാല്‍ കാടിന്റെ തലപ്പുകാണാം.
കൂറേക്കൂടിയിറങ്ങിയപ്പോള്‍ പാറയിടുക്കില്‍ കുരുവികള്‍ കൂടുകൂട്ടിയതു കണ്ടു. വീണ്ടും താഴോട്ടിറങ്ങിയപ്പോള്‍ കുറേ നരിച്ചീറുകള്‍ വീണ്ടും ആവേശത്തോടെ താഴോട്ടിറങ്ങിയപ്പോള്‍ മുന്നിലൊട്ടും വെളിച്ചമില്ല. നിശബ്‌ദതയെ കീറിമുറിച്ച് വവ്വാലുകളുടെ ചിറകടിയൊച്ച. പിന്നെ അനേകം പക്ഷിക്കൂട്ടങ്ങളുടെ സാമ്രാജ്യത്തിലൂടെ, അവയുടെ ഒരിക്കലും തീരാത്ത കലമ്പലുകളിലൂടെ കുറേ നേരം. ഏതോ മന്ത്രവാദിയുടെ സിംഹാസനത്തിലെത്തിയതുപോലെ തോന്നി. കുറേ നേരം ആ പേടിപ്പെടുത്തുന്ന കറുത്ത തണുപ്പില്‍ തന്നെ ഇരുന്നു.
പിന്നെ എഴുപതുകളില്‍ വസന്തത്തിന്റെ ഇടിമുഴക്കം കാതോര്‍ത്ത് കുറേ ചെറുപ്പക്കാര്‍ നക്‌സല്‍ പ്രസ്‌ഥാനത്തിന്റെ ഊടും പാവും നെയ്‌തതും ഇവിടെ വച്ചായിരുന്നു. പക്ഷിപാതാളത്തിന്റെ ഈ ഇരുട്ടില്‍ നിന്നായിരുന്നോ അവര്‍ സമത്വസുന്ദര ലോകം സ്വപ്‌ന്ം കണ്ടത്? എന്തായാലും ചരിത്രാന്വേഷകര്‍ക്കും പ്രകൃതി പഠനത്തിനായി ഈ പാതാളലോകത്തെത്തുന്നവര്‍ക്കും ഒരത്ഭുത ലോകമായി പക്ഷിപാതാളം എന്നും നിലനില്‍ക്കുമെന്ന കാര്യമുറപ്പാണ്. പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ് ഇവിടുത്തെ കാഴ്‌ച്ചകളും.
വരുണ്‍ രമേഷ് |
No comments:
Post a Comment