Sunday, August 22, 2010

രചനയുടെ 60 വര്‍ഷങ്ങള്‍



അക്ഷര ലോകത്ത്‌ ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ 60 ആണ്ട്‌ പൂര്‍ത്തിയാക്കുകയാണ്‌. മലയാള സാഹിത്യ രംഗത്ത്‌ ഇത്‌ വളരെ കുറച്ചുപേര്‍ക്കുമാത്രം നേടാനായ അംഗീകാരം. വായനയെ ഗൗരവത്തോടെ കാണുന്ന മലയാളികള്‍ ഒരിക്കലും പിന്‍നിരയിലേക്കു മാറാന്‍ നിര്‍ബന്ധി തരാകാത്ത എഴുത്തുകാര്‍ അപൂര്‍വം. ഒരു കാലഘട്ടത്തിലെ അങ്ങേയറ്റം വാഴ്‌ത്തപ്പെടുന്ന എഴുത്തുകാര്‍പോലും വര്‍ഷങ്ങളുടെ ഇടവേളയില്‍ പിന്‍തള്ളപ്പെടുന്നതിന്‌ എത്രയോ ഉദാഹരണങ്ങള്‍. പക്ഷേ പുതൂരിന്റെ കാര്യത്തില്‍ സാഹിത്യലോകം മുന്‍നിരയില്‍ എന്നും ഒരു ഇരിപ്പിടം ഒഴിച്ചുവച്ചിട്ടുണ്ട്‌.

1952 ല്‍ കരയുന്ന കാല്‌പാടുകള്‍ - എന്ന സമാഹാരവുമായി കഥാലോകത്ത്‌ കാല്‍വച്ച പുതൂരിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പല സമാഹാരങ്ങള്‍ക്കും നോവലുകള്‍ക്കും പതിപ്പുകള്‍ പലതിറങ്ങി. 1968 ല്‍ ബലിക്കല്ലിന്‌ കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌, 2004 ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം. ഇതിനിടയില്‍ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ വേറെയും.

പൊള്ളിക്കുന്ന സത്യസന്ധതയാണ്‌ പുതൂര്‍കഥകളുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ ആത്മസംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍നിന്ന്‌ ഉയിര്‍കൊണ്ടവയാണ്‌ ഓരോ കഥയും. സമൂഹത്തിലെ ക്രൂരതകളോടും വഞ്ചനയോടും പ്രതികാരമായാണ്‌ എഴുതിത്തുടങ്ങിയതെന്ന്‌ പുതൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. സാമൂഹ്യഘടനയുടെ ജീര്‍ണതയ്‌ക്കും കാപട്യങ്ങള്‍ക്കുമെതിരേ ഒരു ദൃക്‌സാക്ഷിവിവരണം നല്‍കാനല്ല പുതൂര്‍ ശ്രമിച്ചത്‌. കൈയില്‍കിട്ടിയതെന്തുമെടുത്ത്‌ അത്തരം തോന്ന്യാസങ്ങളോടു പടപൊരുതാനാണ്‌ അദ്ദേഹം തയാറായത്‌.

ജീവിതത്തിന്റെ രാജവീഥിയിലൂടെ മാത്രം സഞ്ചരിച്ചുവെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരുടെ ലോകത്ത്‌ പുതൂര്‍ ഒറ്റയാനാണ്‌. ഇരുളും വെളിച്ചവും ഇടചേര്‍ന്ന ഊടുവഴികളിലൂടെ കടന്നുപോയ കാലവും കഥാപാത്രങ്ങളുമാണ്‌ അദ്ദേഹത്തിന്റേത്‌. മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും അഹങ്കാരവും സ്വാര്‍ത്ഥതയും അസൂയയും തന്നിലും ഉണ്ടെന്ന്‌ അദ്ദേഹം തുറന്നു സമ്മതിക്കുന്നു. അപാരമായ ഈ വെളിപ്പെടുത്തലാണ്‌, സത്യസന്ധതയാണ്‌ പുതൂര്‍ കൃതികളെ ആത്മനിഷ്‌ഠമാക്കുന്നത്‌.

ബലിക്കല്ല്‌, അമൃതമഥനം, ആനപ്പക, നാഴികമണി, മറക്കാനും പൊറുക്കാനും, ആട്ടുകട്ടില്‍, പാവക്കിനാവ്‌, മൃത്യുയാത്ര, ധര്‍മചക്രം, ജലസമാധി എന്നിവയാണ്‌ പുതൂരിന്റെ 18 നോവലുകളില്‍ ഏറെ ശ്രദ്ധേയമാകുന്നത്‌. 34 കഥാസമാഹാരങ്ങളും 'കല്‍പകപ്പൂമഴ' എന്ന കവിതാസമാഹാരവും രണ്ടു ജീവചരിത്രവും ഒരു അനുസ്‌മരണ കൃതിയും മൂന്ന്‌ മൊഴിമാറ്റങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. എണ്ണമറ്റ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും സമാഹരിച്ചിട്ടില്ല.

1933 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഇല്ലത്തകായില്‍ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്‌ഛന്‍ കല്ലാത്ത്‌ ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണി നായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ബാല്യകാലവും പ്രൈമറി പഠനവും ഗുരുവായൂരില്‍. ചാവക്കാട്‌ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പാസായി. ഇന്റര്‍മീഡിയറ്റ്‌ വിക്‌ടോറിയ കോളജില്‍. ബിരുദ പഠനം പൂര്‍ത്തിയാക്കിയില്ല.

1952 ല്‍ കരയുന്ന കാല്‌പാടുകള്‍ എന്ന ആദ്യകഥാസമാഹാരവുമായി കേരളത്തിനകത്തും പുറത്തും ഊരുചുറ്റി. ഉത്സവപ്പറമ്പുകളില്‍ അലഞ്ഞുനടന്ന്‌ പുസ്‌തകം വില്‍ക്കാന്‍ ശ്രമിച്ച കൗമാരക്കാരന്റെ അനുഭവങ്ങള്‍ നാഴികമണിയില്‍ ഒളിക്കാതെ വിവരിച്ചിട്ടുണ്ട്‌.

ജാതി ഭ്രഷ്‌ട് കല്‍പ്പിച്ച കുറിയേടത്ത്‌ താത്രി എന്ന ബ്രാഹ്‌മണ യുവതിയുടെ കഥ പറഞ്ഞ അമൃതമഥനം ഗവേഷണ നോവല്‍ തന്നെയാണ്‌. അതിലെ ലൈംഗികതയുടെ പേരില്‍ പുതൂരിന്‌ കുറച്ചൊന്നുമല്ല വിമര്‍ശനം നേരിടേണ്ടിവന്നത്‌.

എഴുന്നൂറിലേറെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ രംഗത്ത്‌ മറ്റാര്‍ക്കും ഈയൊരു നേട്ടം ഉണ്ടായതായി പറയാനാവില്ല.

ചങ്ങമ്പുഴയുടെ അകാലമരണത്തില്‍ മനംനൊന്ത്‌ 1950 ല്‍ എഴുതിയ 'മായാത്ത സ്വപ്‌ന'മാണ്‌ അച്ചടിമഷി പുരണ്ട ആദ്യ കൃതി. ഈ കഥ കൂടി ഉള്‍പ്പെടുത്തി 1952-ല്‍ 'കരയുന്ന കാല്‍പാടുകള്‍' പുറത്തിറങ്ങി. അവിടുന്നങ്ങോട്ട്‌ എഴുത്ത്‌ അഭിനിവേശമായിരുന്നു പുതൂരിന്‌. എഴുത്തുകാരനായി അറിയപ്പെടാന്‍ അദ്ദേഹം സഹിച്ച വേദന ചില്ലറയല്ല. എഴുത്തിന്റെ വഴിയിലേക്കുള്ള പുതൂരിന്റെ യാത്ര പൂവിരിച്ചപാതയിലൂടെയായിരുന്നില്ല. കല്ലും മുള്‍പ്പടര്‍പ്പും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങി സ്വന്തം ഹൃദയരക്‌തം കൊണ്ടാണ്‌ അദ്ദേഹം രചനനിര്‍വഹിച്ചത്‌. ബലിക്കല്ല്‌ എഴുതിയശേഷം ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനായി കഴിയവേ തനിക്കു നേരിടേണ്ടിവന്ന അനുഭവങ്ങള്‍ 'നാഴികമണി'യില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്‌ കണ്ണുനീര്‍ പാതി കാഴ്‌ച മറച്ച കണ്ണുകളോടെയാണ്‌.



ആത്മകഥയുടെ അവസാനത്തെ മിനുക്കുപണിയിലാണ്‌ പുതൂര്‍. രോഗം മൂര്‍ച്‌ഛിച്ച്‌ ഏറെനാള്‍ ആശുപത്രിയിലായിരുന്നു. അതില്‍നിന്നെല്ലാം മുക്‌തനായി ഗുരുവായൂരിലെ ജാനകീസദനത്തില്‍ ഓണപ്പതിപ്പുകളിലേക്കുള്ള രചനകളുടെ തിരക്കിലായിരുന്നു കഴിഞ്ഞ നാളുകള്‍.

എഴുത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന 19നു വൈകിട്ട്‌ രചനയുടെ ഷഷ്‌ഠിപൂര്‍ത്തി ഉദ്‌ഘാടനവും കരയുന്ന കാല്‍പാടുകളുടെ പുനഃപ്രകാശനവും നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 'കരയുന്ന കാല്‍പാടുകള്‍' പുതിയ കെട്ടിലുംമട്ടിലും പുനഃപ്രസിദ്ധീകരിക്കുന്നത്‌ ഗുരുവായൂരിലെ സായി സഞ്‌ജീവനി പബ്ലിക്കേഷന്‍സാണ്‌. ആര്‍ട്ടിസ്‌റ്റ് നമ്പൂതിരിയാണ്‌ പുതിയ പുസ്‌തകത്തിന്റെ കവര്‍ ഒരുക്കിയിരിക്കുന്നത്‌. ഗുരുവായൂര്‍ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞു നടക്കുന്ന ചടങ്ങിനെ മഹാകവി അക്കിത്തം, ഡോ. എം. ലീലാവതി, സി. രാധാകൃഷ്‌ണന്‍, എം.പി വീരേന്ദ്രകുമാര്‍, മാടമ്പ്‌ കുഞ്ഞുകുട്ടന്‍ തുടങ്ങിയവര്‍ ധന്യമാക്കും.

ഗുരുവായൂരിന്റെ കഥാകാരനെ ആദരിക്കല്‍ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌ സായി സഞ്‌ജീവനി ട്രസ്‌റ്റും തൃശൂരിലെ അങ്കണം കലാസാഹിത്യവേദിയും സംയുക്‌തമായാണ്‌.

ഹണിമോള്‍

No comments:

Post a Comment