Sunday, August 22, 2010

തകര്‍ച്ചയില്‍ തളരാത്ത കര്‍ഷക വീര്യം


യഥാര്‍ഥ കര്‍ഷകന്‍ ആരായിരിക്കണം...? ഈ ചോദ്യം ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ പണ്ടാരക്കാട്ടില്‍ വീട്ടില്‍ കെ.എ. അഹമ്മദ്‌കുട്ടിയെന്ന ഉമ്മറിനോടാണു ചോദിക്കുന്നതെങ്കില്‍ ഉത്തരം ഒന്നേയുളളു, പ്രതികൂലസാഹചര്യങ്ങളില്‍ മണ്ണിനോടും മനസിനോടും പടവെട്ടി നില്‍ക്കുന്നവനാകണം. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്ന ഈ കാലത്ത്‌ ഈ വാക്കുകളിലെ നിശ്‌ചയദാര്‍ഢ്യം സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച ശുദ്ധജല കര്‍ഷകനുള്ള പുരസ്‌കാരമാണ്‌ അഹമ്മദ്‌കുട്ടിക്കു നേടിക്കൊടുത്തത്‌.

കേരളത്തിലെ മറ്റുകര്‍ഷകരുടെതെന്നപോലെ അഹമ്മദ്‌കുട്ടിയുടെ ജീവിതവും കല്ലും മുളളും നിറഞ്ഞ പാതയിലൂടെയായിരുന്നു. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദ്‌കുട്ടി 1975ല്‍ വിദേശരാജ്യങ്ങളിലേക്കു സമുദ്രോല്‍പ്പന്ന സംസ്‌കരണ കയറ്റുമതി ആരംഭിച്ചു. നല്ലരീതിയില്‍ തുടങ്ങിയ ഈ വ്യവസായത്തിലും അഹമ്മദ്‌കുട്ടി തന്റെ പ്രതിഭയുടെ വെന്നിക്കൊടി പാറിച്ചു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കു കയറ്റുമതി വ്യവസായം തഴച്ചുവളര്‍ന്നു.

എന്നാല്‍ കാര്യങ്ങള്‍ പിന്നീട്‌ കുഴഞ്ഞുമറിയുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. 25 കോടിയുടെ കയറ്റുമതി നടന്നിരുന്ന വ്യവസായം അസംസ്‌കൃതവസ്‌തുക്കളുടെ ദൗര്‍ലഭ്യം നേരിട്ട്‌ 1992 മുതല്‍ തകര്‍ന്നുതുടങ്ങി. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇന്ത്യയില്‍ നിന്നുളള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക്‌ അധിക നികുതി ഏര്‍പ്പെടുത്തിയതോടെ 2003ല്‍ തകര്‍ച്ച പൂര്‍ണമായി. അതോടെ എക്‌സ്പോര്‍ട്ടിംഗ്‌ യൂണിറ്റുകള്‍ ഓരോന്നായി വിറ്റ്‌ കടബാധ്യത തീര്‍ക്കേണ്ടിവന്നു.

ഭീമമായ സാമ്പത്തികത്തകര്‍ച്ചയിലും തന്നിലെ കര്‍ഷകന്റെ മനസാന്നിധ്യം വീണ്ടെടുത്ത അഹമ്മദ്‌കുട്ടി കുടുംബസ്വത്തായി കിട്ടിയ 18 ഏക്കര്‍ നെല്‍പ്പാടത്ത്‌ മൂന്നേക്കറില്‍ ശുദ്ധജലമത്സ്യക്കൃഷി ആരംഭിക്കുകയായിരുന്നു. ചേര്‍ത്തല കാര്‍ഡ്‌ ബാങ്കില്‍ നിന്നും വായ്‌പ എടുത്താണ്‌ കൃഷിക്കാവശ്യമായ തുക കണ്ടെത്തിയത്‌.

ഫിഷറീസ്‌ വകുപ്പില്‍നിന്നു സൗജന്യമായി കിട്ടിയ ആറായിരം ശുദ്ധജലമത്സ്യക്കുഞ്ഞുങ്ങളില്‍നിന്നാണ്‌ കൃഷി ആരംഭിച്ചത്‌. റോഹു, കട്‌ല, മൃണാല്‍ ഇനത്തില്‍പ്പെട്ട ശുദ്ധജലമത്സ്യങ്ങള്‍ക്കൊപ്പം നാടന്‍ ഇനങ്ങളായ വരാല്‍, കരിമീന്‍ എന്നിവയും കൃഷിചെയ്യുന്നു. ശുദ്ധജലകൃഷിയോടനുബന്ധിച്ചു കടല്‍വെള്ളത്തില്‍ ചെമ്മീന്‍ കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്‌.

കൃഷിചെയ്‌ത ഉല്‍പന്നങ്ങള്‍ക്ക്‌ എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ തുടങ്ങിയ പ്രാദേശിക മാര്‍ക്കറ്റുകളിലാണ്‌ വിപണി കണ്ടെത്തുന്നത്‌.

കൃഷിയുടെ രണ്ടര ശതമാനം ഇപ്പോള്‍ത്തന്നെ വിറ്റുപോയി. തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളെപോലെ കാണുന്ന അഹമ്മദ്‌കുട്ടി വിറ്റുവരവിന്റെ 20 ശതമാനവും അവര്‍ക്കു കൊടുക്കുന്നു. കൂടാതെ മത്സ്യം പിടിക്കുന്ന സമയത്ത്‌ അധിക വേതനവും കൊടുക്കുന്നു.

അതുകൊണ്ടുതന്നെ തന്റെ കൃഷിയിടത്തിലെ തൊഴിലാളികള്‍ വളരെ സന്തോഷവും സാമ്പത്തിക ഭദ്രതയും ഉള്ളവരാണെന്ന്‌ ഈ കര്‍ഷകന്‍ ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ പറയുന്നു. ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കേരളത്തില്‍ ഉള്‍നാടന്‍ ശുദ്ധജലമത്സ്യക്കൃഷിയില്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്ന്‌ അഹമ്മദ്‌കുട്ടി സാക്ഷ്യപ്പെടുത്തുന്നു. മത്സ്യം വളരുന്ന കാലയളവില്‍ ഇവയെ പരിപാലിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ സ്‌റ്റൈപ്പന്റ്‌ പോലെ എന്തെങ്കിലും ആനുകൂല്യം കൊടുക്കണമെന്നാണ്‌ ഇദ്ദേഹത്തിന്റെ ആവശ്യം.

ഇളയമകന്‍ ഷിയാസാണ്‌ പുതിയ തൊഴിലിടങ്ങളില്‍ സഹായവും ധൈര്യവും പകരുന്നത്‌. ഭാര്യ: ഹഫ്‌സ. മറ്റുമക്കള്‍: ഷീബ(ദുബായ്‌), ഷൈന(ബംഗളുരു), ഷാനവാസ്‌(മസ്‌ക്കറ്റ്‌).

അനൂപ്‌ വൈക്കപ്രയാര്‍

No comments:

Post a Comment