Sunday, August 22, 2010

ഓര്‍മ്മകള്‍ ഓണമൂട്ടുമ്പോള്‍



''പനിനീര്‍ പുഷ്‌പത്തിന്റെ സൗന്ദര്യം വര്‍ണിച്ചതു കേട്ടപ്പോള്‍ അന്ധന്റെ മനസില്‍ വിരിഞ്ഞത്‌ അനുപമമായ ആനന്ദമായിരന്നു. കാഴ്‌ച കിട്ടി ഒടുവില്‍ പൂവിനെ നേരിട്ടു കണ്ടപ്പോള്‍ അവനു നിരാശ തോന്നി. കാരണം അവന്റെയുളളില്‍ വിരിഞ്ഞ പൂവിന്‌ യഥാര്‍ഥത്തിലുളളതിനേക്കാള്‍ പത്തിരട്ടി സൗന്ദര്യമുണ്ടായിരുന്നു.''- അയോധ്യാ സിംഗ്‌ ഉപാധ്യായ ഹരിയൗദ്‌.

ന്യൂഡല്‍ഹിയിലെ ഔറംഗസേബ്‌ മാര്‍ഗിലെ 33-ാം നമ്പര്‍ വസതിയിലിരുന്നു ഓണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ വരണാധികാരി ചുമതല വരെ വഹിച്ച ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി സാധാരണ കുമ്പനാടുകാരനായി മാറുന്നു. 40 വര്‍ഷം നീണ്ട പ്രവാസി ജീവിതത്തിനിടയിലും ഓണത്തിന്റെ ചിട്ടകള്‍ ഇദ്ദേഹം ഇന്നും തെറ്റിക്കാറില്ല. റൂളിംഗുകളൊന്നും തെറ്റാതെ ലോക്‌സഭയെ ശരിയായ രീതിയില്‍ കൈപിടിച്ചു നടത്തുന്ന ഈ ഉന്നത ഉദ്യോഗസ്‌ഥന്‌ ഓണം എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ത്തന്നെ കുട്ടിക്കാലമാണ്‌ മനസിലേക്ക്‌ ഓടിയെത്തുന്നത്‌. രണ്ടര ദശാബ്‌ദം മാത്രമാണ്‌ നാടുമായിട്ടുളള ബന്ധമെങ്കിലും മനസിലെ ഊഷ്‌മളതകള്‍ സൂക്ഷിക്കാന്‍ ഈ വര്‍ഷങ്ങള്‍ തന്നെ ധാരാളം.

ജനിച്ചതും വളര്‍ന്നതുമെല്ലാം സംസ്‌കാരത്തിന്റെ ഈറ്റില്ലമായ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലായിരുന്നു. ചിങ്ങമാസത്തിലെ ഉത്സവ ദിവസങ്ങള്‍ ചിലവഴിക്കുന്നത്‌ അമ്മവീടായ കുമ്പനാടായിരിക്കും. കുമ്പനാട്‌ എത്താന്‍ ബസ്‌ കിട്ടണമെങ്കില്‍ കോഴഞ്ചേരി വരെ നടക്കണം. ഉപ്പേരിയുടേയും കായ വറുത്തതിന്റേയും കാര്യം ഓര്‍ത്ത്‌ നടക്കുമ്പോള്‍ അഞ്ചും ആറും കിലോമീറ്ററുകളാണ്‌ പിന്നിടുന്നതെന്ന്‌ ഓര്‍ക്കാറുമില്ല. തുമ്പിതുളളലില്‍ പങ്കെടുത്തും പാട്ടുപാടിയും എത്തുന്ന കുട്ടികള്‍ കുമ്പനാട്‌ എത്തിയാല്‍ തിരക്കോട്‌ തിരക്കാണ്‌. പൂവിടലും പൂവിളിയും ആകെ ബഹളം തന്നെ. അമ്മമാരും സഹോദരിമാരും പാചകത്തിരക്കിലാകും ഒന്നാം ഓണമായ ഉത്രാടരാത്രിയില്‍ ആരും ഉറങ്ങാറില്ലായിരുന്നു. ഒത്തുകൂടിയതിന്റെ സന്തോഷം ആവോളം നുകര്‍ന്ന്‌ യാമങ്ങള്‍ കഴിയുന്നത്‌ അറിയാറേയില്ല. വെളുപ്പിനെ മാത്രമായിരിക്കും ഒന്നു തലചായ്‌ക്കുക. അതുവരെ സ്‌ത്രീകള്‍ അടുക്കളയില്‍ വറുക്കലും പൊരിയ്‌ക്കലും സദ്യയൊരുക്കലും നടത്തുമ്പോള്‍ ആണ്‍പ്രജകള്‍ വെടിപറയുകയായിരിക്കും. സൂര്യന്‌ താഴെയുളള എല്ലാകാര്യങ്ങളും ചര്‍ച്ചയ്‌ക്ക് വിഷയമാകും. അജണ്ടകളില്ലാത്ത ഈ ചര്‍ച്ചയില്‍ പലര്‍ക്കും പറയാനുളളത്‌ മുന്‍കാലങ്ങളില്‍ തങ്ങള്‍ നടത്തിയ കൃത്യങ്ങളെ കുറിച്ചായിരിക്കും.

തിരുവോണം പിറക്കുന്നതു തന്നെ ആഹ്‌ളാദത്തിലേക്കാണ്‌. ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അവധികൊടുത്ത്‌ അന്നു ചിന്തിക്കുന്നത്‌ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയെക്കുറിച്ചും മറ്റ്‌ ആഘോഷങ്ങളെക്കുറിച്ചുമായിരിക്കും. ഊണു കഴിഞ്ഞ്‌ നാടന്‍കളികളിലും കലാപരിപാടികളിലും പങ്കെടുക്കുകയെന്നത്‌ ആഘോഷത്തിന്റെ ഭാഗമാണ്‌. വീട്ടില്‍ ചടഞ്ഞിരിക്കുകയെന്ന സ്വഭാവം ആര്‍ക്കുമില്ല. നാടകങ്ങളുടെ അണിയറ പ്രവര്‍ത്തനത്തിലാണ്‌ താന്‍ മുഴുകിയിരുന്നതെന്ന്‌ ആചാരി ഓര്‍ക്കുന്നു. അന്നുണ്ടായിരുന്ന സൗഹൃദത്തിന്റെ നൈര്‍മല്യം ഇന്നും കാത്തുസൂക്ഷിക്കുന്നു. ജീവിതത്തില്‍ ഒന്നുമാകാത്ത കാലത്തുണ്ടാകുന്ന സുഹൃത്തുക്കളായിരിക്കും എന്നുമുണ്ടാകുക.

ഓണനൊമ്പരം

1969 ല്‍ ഡല്‍ഹിയിലേയ്‌ക്ക് ആചാരി വണ്ടികയറി. മാസങ്ങള്‍ക്കുളളില്‍ പാര്‍ലമെന്റിലെ ഇന്റര്‍പ്രട്ടേഷന്‍ വിഭാഗത്തില്‍ ജോലികിട്ടി. ലോഡ്‌ജില്‍ ഒറ്റയ്‌ക്ക് താമസം തുടങ്ങി. ഈ സമയത്താണ്‌ ഓണത്തിന്റെ വരവ്‌. സദ്യയില്ല, ആഘോഷമില്ല, ഓണത്തെക്കുറിച്ച്‌ പറയാനും കേള്‍ക്കാനും ആരുമില്ല. ഒറ്റപ്പെടലിന്റെ വേദന, പ്രവാസ ജീവിതത്തിലെ ആദ്യ ഓണം. മനസില്‍ സങ്കടം വീര്‍പ്പുമുട്ടി. അന്നു കഴിച്ച ആഹാരത്തിന്‌ ഒട്ടും രുചി തോന്നിയില്ല. നാട്ടില്‍ നിന്നു പറിച്ചു നടുന്നവന്റെ നികത്താനാകാത്ത നഷ്‌ടങ്ങളില്‍ ഒന്നാണ്‌ ഓണം. പിന്നീട്‌ ഡല്‍ഹിയില്‍ കുടുംബമായി സ്‌ഥിരതാമസം തുടങ്ങിയതോടെ ഓണസദ്യ പ്രശ്‌നമല്ലാതായി മാറി. എല്ലാ ദിവസവും വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിയ്‌ക്കുന്ന ആചാരിയ്‌ക്ക് ഉത്രാടം, തിരുവോണം, ചതയം ദിവസങ്ങളില്‍ തൂശനിലയില്‍ സദ്യവേണമെന്നു നിര്‍ബന്ധമുണ്ട്‌. ഓണത്തിനു വിഭവ സമൃദ്ധമായ സദ്യയൊരുക്കാന്‍ ഭാര്യ ലീലയ്‌ക്കും നിറഞ്ഞ സന്തോഷം. മക്കളും പേരക്കുട്ടികളും നിറഞ്ഞ വലിയ കുടുംബം ആചാരിയോടൊപ്പം തന്നെയാണ്‌ താമസം.

ഡല്‍ഹിയില്‍ വളരുന്ന മക്കളായ മനോജ്‌ കുമാര്‍, അജയ്‌കുമാര്‍, രാഹുല്‍ എന്നിവര്‍ക്ക്‌ നാട്ടിലെ ഓണാഘോഷം അനുഭവിച്ചറിയാന്‍ കഴിയാത്തതില്‍ ആചാരിക്ക്‌ വിഷമമുണ്ട്‌.'നിലത്തിരുന്ന്‌ ഊണു കഴിക്കുന്ന ദിവസ'മെന്ന്‌ മാത്രമാണ്‌ മക്കള്‍ക്ക്‌ ഓണത്തെക്കുറിച്ചുളള അറിയുന്നത്‌. ഡല്‍ഹി മലയാളി കൂട്ടായ്‌മകള്‍ ഒരുക്കുന്ന ഓണാഘാഷങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ സന്തോഷം തിരികെ വന്ന്‌ തുടങ്ങി. എങ്കിലും നാട്ടിലെ ഓണം ഗൃഹാതുരത്വമുണര്‍ത്തികൊണ്ടേയിരുന്നു.

നാടന്‍ ഓണത്തിനോടുളള പ്രേമം കൊടുമ്പിരികൊണ്ടപ്പോള്‍ എന്തുവിലകൊടുത്തും നാട്ടിലെത്തി ഓണാഘോഷത്തില്‍ പങ്കാളിയാകണമെന്ന്‌ തോന്നി. കാല്‍നൂറ്റാണ്ടിന്‌ ശേഷം ഓണത്തിന്‌ നാട്ടിലെത്താന്‍ തീരുമാനിച്ചു. 1994-ാണ്‌ മറക്കാനാവാത്ത ഓണയാത്ര നടത്തുന്നത്‌. പുലികളിയും വളളംകളിയും നാടന്‍ കളികളും മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്‌. ഓര്‍മകളില്‍ ഓണം നിറഞ്ഞ്‌ കവിഞ്ഞു. നാട്ടിലെത്തിയപ്പോള്‍ ആചാരിയും കുടുംബവും കരുതിയിരുന്ന ഓണമല്ല അവരെ കാത്തിരുന്നത്‌. പുലികളി തൃശൂരില്‍ മാത്രമൊതുങ്ങി.ഓണക്കാഴ്‌ച ടെലിവിഷനില്‍ മാത്രം. തുമ്പിതുളളല്‍ ഉള്‍പ്പെടെ നാടന്‍കളികള്‍ എങ്ങോ പോയിമറഞ്ഞു. നിരാശമാത്രമായി മനസില്‍. പൂവിന്റേയും പൂവിളികളുടേയും ഓണമല്ല; ഓഫറുകളുടേയും കച്ചവടത്തിന്റേയും 'ഓന'മാണെന്ന്‌ തിരിച്ചറിയാന്‍ വേണ്ടി മാത്രമായിരുന്നോ യാത്ര എന്നോര്‍ത്തപ്പോള്‍ വളരെ വിഷമം തോന്നി.നാട്ടിലെ മാറ്റങ്ങള്‍ ഓണത്തിനെ ഇത്രയും മാറ്റിമറിച്ചുകാണുമെന്ന്‌ അദ്ദേഹം കരുതിയില്ല. ഒടുവില്‍ ഇനി ഒരിയ്‌ക്കലും ഓണത്തിന്‌ നാട്ടിലേയ്‌ക്കില്ലെന്നു മനസില്‍ ഉറപ്പിച്ച്‌ വീട്ടില്‍ നിന്നും പടിയിറങ്ങി.

അവനവനിലെ ഓര്‍മകളിലെ ഓണത്തിനാണ്‌ മാധുര്യം.സൗഹൃദങ്ങളില്‍ പോലും മായം കലരാതെ സൂക്ഷിക്കുന്നത്‌ പ്രവാസജീവിതത്തിന്റെ പ്രത്യേകതയാണ്‌ എന്ന്‌ ആചാരി തിരിച്ചറിയുന്നു.ഓണത്തിന്‌ മലയാളികളെ കാണാനെത്തുന്ന മഹാബലി ഓര്‍മകളുടെ ഓണനിലാവ്‌ പരന്നൊഴുകുന്ന ആചാരിയുടെ വീട്ടിലുമെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. .

ഡി. ധനസുമോദ്‌

No comments:

Post a Comment