Sunday, August 22, 2010

എന്റെയുള്ളിലെ നായിക



കോട്ടയ്‌ക്കല്‍ ശിവരാമന്‍ എന്നാല്‍ കഥകളി പ്രേമികള്‍ക്കു സ്‌ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റെയും കൃഷ്‌ണന്‍നായരുടെയും. വളരെ അധികം കീര്‍ത്തിപ്പെട്ട സ്‌ത്രീവേഷങ്ങള്‍ ഒക്കെ കാണാതെ കേള്‍ക്കുക മാത്രം ചെയ്‌തവര്‍ക്ക്‌... എന്നെപ്പോലെയുള്ളവര്‍ക്ക്‌.

ശിവരാമന്‍ അന്തസത്തയില്‍ സ്വന്തം അമ്മാവനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടര്‍ന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവ ഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്‌ഫുരണമോ സ്വീകരിച്ചിട്ടേയില്ല.

കഥകളി ആസ്വാദകര്‍ക്കിടയില്‍ വെള്ളംപോലെ തെളിഞ്ഞ, കല മുന്‍പ്‌ എന്ന ആസ്വാദന രീതി ദുര്‍ലഭമാണ്‌. ഒരുപാടു മുന്‍ധാരണകളും ഗ്രൂപ്പുവഴക്കുകളുമൊക്കെ ആസ്വാദര്‍ക്കിടയിലുണ്ട്‌. കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപി, ഉണ്ണികൃഷ്‌ണക്കുറുപ്പ്‌ എന്നിങ്ങനെ പലര്‍ക്കുവേണ്ടിയും ഘോരഘോരം വാദിക്കും.

ഏതു ഗ്രൂപ്പിനും ശിവരാമന്റെ കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു. പഴയ ചില സ്‌ത്രീവേഷക്കാരുടെ പേരു കേട്ടിട്ടുണ്ട്‌. പിന്നീട്‌ കലാമണ്ഡലം കൃഷ്‌ണന്‍ നായര്‍ തന്നെയാണ്‌ എല്ലാം തികഞ്ഞ സ്‌ത്രീവേഷക്കാരന്‍ ആയിരുന്നത്‌. പക്ഷെ പോകെപ്പോകെ ആകാരഗാംഭീര്യം മൂലം കൃഷ്‌ണന്‍നായര്‍ക്ക്‌ സ്‌ത്രീവേഷങ്ങള്‍ പറ്റാതായത്രേ. പിന്നെ കുടമാളൂര്‍ കരുണാകരന്‍. കുടമാളൂരിന്റെ ഔചിത്യഭാസുരവും അന്തസാര്‍ന്നതുമായ സ്‌്ത്രീവേഷത്തിനു ശേഷം ശിവരാമനാണ്‌ ആട്ടക്കഥകളിലെ പെണ്ണിന്റെ ഭാഗം തിളക്കിയത്‌. മറ്റുവേഷങ്ങളും ശിവരാമന്‍ കെട്ടിയിരുന്നു. ഞാന്‍ ശിവരാമന്റെ കൃഷ്‌ണനും കരിവേഷവും കണ്ടിട്ടുണ്ട്‌. പിന്നെ കണ്ടിട്ടുള്ള വേഷങ്ങള്‍ ഏതു കഥകളി പ്രേമിക്കും അറിയാവുന്നവ തന്നെ. എങ്കിലും ഓര്‍ത്തെടുത്ത്‌ എഴുതാന്‍ ഒരു വേദനയുള്ള സുഖം.

കാരണം ഒരുപാടു ദിക്കുകള്‍, കളികള്‍, ഗായകര്‍, ചെണ്ട-മദ്ദളം കലാകാരന്മാര്‍ അവരുടെയൊക്കെ നിലനില്‍പ്പുകളെന്നാല്‍ അതിന്റെ ഭാഗമാണല്ലോ. നീലകണ്‌ഠന്‍ നമ്പീശന്‍, പൊതുവാള്‍മാര്‍, കുറുപ്പാശാന്‍, രാമന്‍കുട്ടിവാര്യര്‍, അച്യുത പൊതുവാള്‍, ചന്ദ്രമന്നാഡിയാര്‍, കലാമണ്ഡലം ഗംഗാധരന്‍, ശങ്കരന്‍ എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങിയെത്രെയെത്ര പേര്‍... അവര്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞവരോ ഇപ്പോഴും അരങ്ങത്തു സജീവമായി ഉള്ളവരോ എന്നു പലപ്പോഴും ഓര്‍മ വരാറില്ല.

ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, വെങ്കിടകൃഷ്‌ണ ഭാഗവതര്‍, മൂത്തമന, വെങ്കിച്ചസ്വാമി, ആശാരിക്കോപ്പന്‍ എന്നിവരുംകൂടി മിത്തിന്റെ രൂപത്തിനുള്ളില്‍ വരും. മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയുംപോലെ കഥകളി ആസ്വാദകരുടെ മനസില്‍ പകുതി സ്വപ്‌നവും പകുതി യാഥാര്‍ഥ്യവുമാകും. ഒരുപാട്‌ ഐതിഹ്യങ്ങള്‍ പ്രചരിക്കും. സിനിമ, സാഹിത്യം, പാട്ട്‌, ചിത്രകല, രാഷ്ര്‌ടീയം എന്നിവപോലെ കഥകളിയും ആസ്വാദകര്‍ക്കിടയില്‍ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ടെന്നര്‍ത്ഥം.

കോട്ടയ്‌ക്കല്‍ ശിവരാമന്റെ ദമയന്തി (നാലുദിവസങ്ങള്‍), ദ്രൗപദി (ദുര്യോധന വധത്തിലെ പാഞ്ചാലിയാണതില്‍ ഏറ്റവുമുള്ളില്‍), സൈരന്ധ്രി, സീത, കുന്തി, സതി, പൂതന, മോഹിനി, ഉര്‍വശി, കിര്‍മീര വധത്തിലെ ലളിത, കാട്ടാളത്തി, രംഭ.... ഓരോ വേഷവും ഉള്ളില്‍ ഉണ്ട്‌. എന്‍.വി. കൃഷ്‌ണവാര്യരുടെ ചിത്രാംഗദ അരങ്ങേറിയപ്പോള്‍ ചിത്ര, ശിവരാമനായിരുന്നുവെന്നും. അത്‌ വളരെ നന്നായിരുന്നുവെന്നും എന്റെ അച്‌ഛന്‍ പറഞ്ഞ്‌ അറിയാം. കുഞ്ഞുനായരാശാനാണ്‌ അത്‌ ചിട്ടപ്പെടുത്തിയത്‌. ചിത്രയുടെ ഭാവമാറ്റങ്ങള്‍ അനായാസമായി ശിവരാമന്‍ ഉള്‍ക്കൊണ്ടു. കലാമണ്ഡലം ഗംഗാധരനായിരുന്നു പാടിയിരുന്നത്‌. പാട്ട്‌ ഇപ്പോഴും കേള്‍ക്കാന്‍ പറ്റും. ഒളപ്പമണ്ണയുടെ അംബ ഞാന്‍ തന്നെ കലാമണ്ഡലത്തില്‍ വച്ചു കണ്ടിട്ടുണ്ട്‌. ഗോപിയാശാന്റെ സാല്വനും രാമന്‍കുട്ടിയാശാന്റെ ഭീഷ്‌മരും അങ്ങനെ... അതും പിന്നെ കണ്ടിട്ടില്ല. എങ്കിലും മനസ്സില്‍ ഉണ്ട്‌.

ദക്ഷയാഗത്തിലെ സതി, കീചകവധത്തിലെ സൈരന്ധ്രി, നാലാം ദിവസത്തിലെ ദമയന്തി എന്നിവയാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ട വേഷങ്ങള്‍. ലവണാസുരവധത്തിലെ സീതയും അങ്ങനെതന്നെ. കീചകന്‍ ഹനുമാന്‍ ഇവ രാമന്‍കുട്ടിയാശാനും നാലാം ദിവസത്തിലെ ബാഹുകന്‍ ഗോപിയാശാനും തന്നെ ആവണം.

കുഞ്ചുനായരുടെ ശിഷ്യനായി ഗ്രഹിച്ച കലാപാടവം ഓരോ ചലനത്തിനെയും സുന്ദരമാക്കും. പട്ടിക്കാംതൊടി ആ കഥാപാത്രമാവുന്നതില്‍ തപസു പോലത്തെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു എന്നു കേട്ടിട്ടുണ്ട്‌. അറിവു കലാപരമായ സര്‍ഗാത്മകത ആവുന്ന നിമിഷം. ശിവരാമന്‍ മദ്യപാനത്തില്‍ മുഴുകിയിരുന്ന നാളുകളില്‍പോലും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക്‌ വിസ്‌മയകരമായി കൂടുമാറിയുന്നു. കൂട്ടുവേഷക്കാരന്‍ അനൗചിത്യം കാട്ടിയാലും അദ്ദേഹം പിന്തുടര്‍ന്നിരുന്നുമില്ല.

ശിവരാമന്‍ അരങ്ങത്തുണ്ടെങ്കില്‍ ചൊല്ലിയാട്ടത്തികവ്‌, മുദ്രക്കൈകളുടെ വെടിപ്പ്‌ തുടങ്ങി ആസ്വാദകര്‍ തലയാട്ടുന്ന സൂക്ഷ്‌മ സൗന്ദര്യങ്ങള്‍ക്കുമപ്പുറം മനസു പറക്കും. സ്‌ത്രീകളായ എന്നെപ്പോലുള്ളവര്‍ക്ക്‌ ഉള്ളലിവു തോന്നും എതു വേഷത്തോടും. എന്താണീ മനസിനെ ശിവരാമനോടടുപ്പിക്കുന്ന സവിശേഷത എന്ന്‌ ഞാന്‍ പലകുറി ആലോചിട്ടുണ്ട്‌. സ്‌ത്രീമനസിലെ വൈകാരിക വിക്ഷുബ്‌ധതകള്‍ പിടിച്ചെടുത്ത അഭിനയരീതി തന്നെ. ഒന്നാം ദിവസത്തില്‍ നാം ദമയന്തിയെ ആദ്യം കാണുമ്പോള്‍ അനുരാഗത്തില്‍പ്പെട്ട ഒരു കന്യക... അര്‍ണ്ണവം തന്നിലല്ലോ... എന്ന ഉറപ്പുള്ള പ്രണയിനി, ഈശ്വരന്മാര്‍ അതിനീചമായി തുടങ്ങാമോ എന്ന്‌ അവരോടും കയര്‍ത്തവള്‍, സ്വയംവര സദസില്‍ മനസാവാചാ വപുഷാ നളനെ മാത്രമേ സ്വീകരിക്കൂ എന്ന ഉറപ്പുള്ള ധീര....

ഒന്നാം ദിവസം തുടങ്ങി നാലാംദിവസം അവസാനംവരെ നമ്മള്‍ ദമയന്തിയുടെ ഒപ്പം സഞ്ചരിക്കും. അന്തസുള്ളവള്‍ അഭിമാനിനി എന്ന്‌ മാത്രമല്ല സ്വന്തമായ മനസും വികാരലോകവും ഉള്ളവള്‍. അതാണു ശിവരാമന്റെ ദമയന്തി. ഉണ്ണായിവാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ പുതിയ ലോകത്തില്‍ തന്റെ ദമയന്തിയെ കണ്ട്‌ ആഹ്ലാദിച്ചേനെ. കാണാനുള്ള ശ്രീയല്ല ഉള്ളില്‍ നിന്നു പ്രസരിക്കുന്ന ചൈതന്യമാണ്‌ ശിവരാമന്റെ സവിശേഷത. നല്ല സാഹിത്യമാണ്‌ നല്ല നായികയെ സൃഷ്‌ടിച്ചത്‌. ദേവയാനി, സതി തുടങ്ങിയ ഇതുപോലെ വൈകാരിക സങ്കീര്‍ണതകളുള്ള സ്‌ത്രീകള്‍ അത്രകണ്ട്‌ ആഴപ്പെടാഞ്ഞത്‌ ആട്ടക്കഥാകാരന്റെ കുഴപ്പമല്ലേ?

1999-ലോ മറ്റോ തൃശൂരില്‍ സ്‌ത്രീനാടകപ്പണിപ്പുര നടന്നപ്പോല്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പറ്റാവുന്നത്ര പുസ്‌തകങ്ങള്‍ വായിക്കാനും പുരാണകഥകള്‍ പിന്തുടരാനും ഇതിഹാസാധിഷ്‌ഠിത നോവലുകള്‍ വായിക്കാനുമൊക്കെ അദ്ദേഹം ശ്രദ്ധവെച്ചിരുന്നുവെന്നു മനസിലായി. സ്‌ത്രീമനസ്‌ അറിയാന്‍ ശ്രമിച്ചിരുന്നു. പുതിയ ലോകത്തിലെ അഭിമാനിനിയായ സ്‌ത്രീയായി ഇന്നും ഇദ്ദേഹത്തിന്റെ ദമയന്തി, സീത, സൈരന്ധ്രി ഒക്കെ നമ്മുടെയുള്ളില്‍ ഉണ്ടാവുന്നത്‌ അതാവാം.

ഒരു കലയും ഒരാളെമാത്രം ഓര്‍ത്തെടുത്ത്‌ അടച്ചുവയ്‌ക്കാന്‍ പറ്റില്ല. ഒരൊഴുക്കാണ്‌ അത്‌. മിത്തുകള്‍, സ്വപ്‌നങ്ങള്‍, നേരും നുണയും കൂടിക്കലര്‍ന്നുണ്ടായ മാന്ത്രിക രാത്രിലോകം. അതാണു കഥകളിയുടെ ആവിഷ്‌കാരം, ആസ്വാദനം എന്നിവയിലെ ആനന്ദ ഘടകം. തപസ്‌, കര്‍ശനമായ അഭ്യാസം എന്നിവയെ പൂര്‍ണ്ണമാക്കുന്ന ഒരു മൗലികതാ സ്‌പര്‍ശം. കോട്ടയ്‌ക്കല്‍ ശിവരാമന്‍ ആ ലോകത്തുണ്ട്‌.

വി. എം. ഗിരിജ

No comments:

Post a Comment