Sunday, August 22, 2010

കുടജാദ്രിയുടെ കുടക്കീഴില്‍


കുരുത്തോല വിതറി, മുഖം ചുളിച്ച്‌ ആര്‍ത്തട്ടഹസിച്ച്‌, കാവിന്‍മുറ്റത്തെ തെയ്യത്തെപ്പോലെ നിറഞ്ഞുതുള്ളുകയായിരുന്നു മഴ. കുടജാദ്രിയിലേക്കുള്ള കാട്ടുവഴിയിലുടനീളം വഴിമുടക്കി രൗദ്രഭാവം പുറത്തെടുത്ത അവള്‍ നിറഞ്ഞാടി... കാട്ടുവഴിയുടെ ദുരിതമത്രയും കോലമെഴുതിയ മുഖത്തുണര്‍ത്തി ഭയമണിഞ്ഞു തിരിച്ചുപോകാന്‍ അട്ടഹസിച്ചു... ചിലപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ കൂടെനടന്നു. മറ്റു ചിലപ്പോള്‍ കാമുകിഭാവമാര്‍ന്ന്‌ തോളില്‍ ചാഞ്ഞു. കാട്ടുവഴിയില്‍ ചിരപരിചിതനെപോലെ മുള്‍പ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി വഴികാട്ടിയായി...

മൂകാംബിക സന്നിധിയില്‍നിന്നു നോക്കിയാല്‍ കണ്ണെത്താത്ത ദൂരെ ഉയര്‍ന്നുനില്‍ക്കുന്ന കുടജാദ്രിയിലേക്ക്‌ കര്‍ക്കിടമഴയ്‌ക്കൊപ്പമൊരു യാത്ര. കൊല്ലൂരില്‍നിന്ന്‌ 45 കിലോമീറ്ററോളം കൊക്കയും കൊല്ലിയും അഗാധഗര്‍ത്തങ്ങളും നിറഞ്ഞ കാട്ടുപാതയിലൂടെ ജീപ്പില്‍ സഞ്ചരിച്ചുവേണം കുടജാദ്രിയിലെത്താന്‍. എന്നാല്‍ പെയ്‌തലച്ച പെരുമഴയില്‍ കാട്ടുപാത ഇടിഞ്ഞൂര്‍ന്നില്ലാതായതോടെ ജീപ്പ്‌ സര്‍വ്വീസ്‌ നിലച്ചു. പിന്നെ ശരണം കാട്ടിലൂടെ മറു വഴിതെളിച്ച്‌, ഒറ്റയടിപാതയിലൂടെയുള്ള നടത്തംതന്നെ.

12 കിലോമീറ്റര്‍ നീളുന്ന കാട്ടുപാത കോടമഞ്ഞ്‌ പുതച്ചു നിഗൂഢമായതോടെ യാത്രികരും കുറഞ്ഞു. കുടജാദ്രിയിലേക്കുള്ള യാത്രയില്‍ അതുകൊണ്ടുതന്നെ പങ്കുചേരാന്‍ മഴയല്ലാതെ മറ്റാരേയും കിട്ടിയതുമില്ല.

കൊല്ലൂരില്‍ ഏറെ അന്വേഷിച്ചു, കുടജാദ്രിയിലേക്കൊരു കൂട്ടിനായി. കടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പിന്തിരിപ്പിക്കാന്‍ നോക്കി. പെരുവിരല്‍ നിവര്‍ത്തി അത്രത്തോളം പോന്ന അട്ടയെക്കുറിച്ചവര്‍ വാചാലരായി. കേട്ടവരത്രയും പിന്തിരിഞ്ഞതോടെ കാട്ടുപാത താണ്ടാന്‍ കൂടെചേര്‍ക്കാന്‍ ആരുമില്ലാതായി.

മൂകാബികയില്‍നിന്നുള്ള ബസില്‍ കയറിയാല്‍ കാരഘട്ടയെന്ന കുടജാദ്രി സ്‌റ്റോപ്പിലിറങ്ങാം. വിജനമായൊരിടത്ത്‌ ബസ്‌ കാത്തുനില്‍ക്കാന്‍ പോലും ആരുമില്ലായിരുന്നു. മുന്നില്‍, വലത്തോട്ടു നീണ്ടുതുടങ്ങിയ കാട്ടുപാതയും നിറഞ്ഞുപെയ്യുന്ന മഴയും മാത്രം. വീണുകിടക്കുന്ന കടപ്പക്കല്ലില്‍ 'കുടജാദ്രി' എന്ന്‌ അടയാളപ്പെടുത്തി അമ്പടയാളം പതിച്ചതുകണ്ടു. മൂകാംബികയില്‍നിന്ന്‌ വഴിപറഞ്ഞവരത്രയും ഓര്‍മപ്പെടുത്തിയ ദുര്‍ഘടവഴിത്താര മനസില്‍നിവര്‍ന്നു. മുന്നില്‍ കടപുഴകിയ വന്‍മരം പാതയിലേക്ക്‌ ചില്ലവിരിച്ച്‌ ചത്തുമലച്ചുകിടപ്പാണ്‌.

ബസ്‌ പോയിടത്തുനിന്നൊരു ജീപ്പ്‌ വരുന്നതുകണ്ടു വഴി തിരക്കാന്‍ കൈനീട്ടി. കുടജാദ്രിയിലേക്ക്‌ തുടങ്ങുന്ന വഴിയെക്കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക്‌ വിവരിക്കാന്‍ താല്‍പ്പര്യമേറെ. മധുക്കര്‍ എന്നാണ്‌ ഡ്രൈവറുടെ പേര്‌. മുമ്പ്‌ കുടജാദ്രിയില്‍ വെള്ളക്കച്ചവടമായിരുന്നു. ചേട്ടന്‍ സുരേന്ദ്രയ്‌ക്ക് പണിയൊന്നുമില്ലാതിരുന്നപ്പോള്‍ വെള്ളക്കച്ചവടത്തിനുള്ള പാത്രങ്ങളും മറ്റും നല്‍കി മധുക്കര്‍ ടാക്‌സി ഡ്രൈവറായി. വെള്ളവും പൈനാപ്പിള്‍ പീസും വിറ്റ്‌ നടക്കവെ, ഈ മഴക്കാലത്തിന്റെ തുടക്കത്തില്‍ കുടജാദ്രിയുടെ ഉയര്‍ച്ചയില്‍ ശങ്കരപീഠത്തിനരികില്‍വച്ചു മിന്നലേറ്റ്‌ സുരേന്ദ്ര മരിച്ചു. '' ഒറ്റയ്‌ക്കുള്ള നടത്തം അപകടം പിടിച്ചതാണ്‌. പിന്നെ കനത്ത മഴയും. അട്ടശല്ല്യവും രൂക്ഷമാണ്‌. കോടമൂടി വഴിയും കാണില്ല. പിന്നെയെല്ലാം ധൈര്യമാണ്‌...'' മിന്നലിന്റെ വെളിച്ചത്തില്‍ ഇല്ലാതായ ചേട്ടന്റെ ഓര്‍മയില്‍ നനഞ്ഞ്‌ മധുക്കര്‍ മുന്നറിയിപ്പ്‌ നല്‍കി വഴിചൂണ്ടി ജീപ്പോടിച്ചുപോയി.

കാട്ടുവഴിയിലൂടെ നടന്നു. അന്നാരും മൂകാംബികയില്‍നിന്ന്‌ കുടജാദ്രിയിലേക്ക്‌ പുറപ്പെട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ വഴിയെ ജീപ്പ്‌ വരുമായിരുന്നു. ആറു കിലോമീറ്റര്‍ സഞ്ചരിച്ച്‌ തങ്കപ്പ ഹോട്ടലിനടുത്തുവരെ ജീപ്പ്‌ വരും. ആയിരം രൂപയാണു വാടക. നിറഞ്ഞമഴയില്‍ കല്ലിളകി ചെളിക്കുളമായി കിടപ്പാണ്‌ റോഡ്‌. ജീപ്പ്‌ പോകാനുള്ള പാകത്തിലുള്ള കാട്ടുറോഡ്‌ പഞ്ചായത്ത്‌ നിര്‍മിച്ചതാണ്‌. ഇരുവശങ്ങളിലും കൂറ്റന്‍ മരങ്ങള്‍ മാത്രം. കുറച്ചേറെ നടന്നപ്പോള്‍ പച്ചവിരിച്ച പരന്ന നിലം.

അവസാനം കുടജാദ്രിയിലേക്കുള്ള യാത്രികരുടെ വഴിയമ്പലമായ 'തങ്കപ്പ ഹോട്ടലി'നടുത്തെത്തി. ഈ പാതയില്‍ കുടജാദ്രിയ്‌ക്കും മൂകാംബികയ്‌ക്കും ഇടയിലുള്ള ഏക സ്‌ഥാപനമാണ്‌ തങ്കപ്പ ഹോട്ടല്‍. പത്ത്‌ മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എറണാകുളം കോതമംഗലം നെല്ലിമറ്റത്തുനിന്നെത്തി ടി.പി. തങ്കപ്പന്‍ ഓലമറച്ച്‌ കെട്ടിയുയര്‍ത്തിയ ചായക്കട. ഇപ്പോള്‍ മണ്‍ചുമരുകളും ഓടുംപാകി ഹോട്ടലായി മാറിയെന്നു മാത്രം.

ഈ വഴിപോകുന്നവരത്രയും 'തങ്കപ്പ ഹോട്ടലില്‍' കയറി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചേ യാത്ര തുടരുകയുള്ളൂ. ചൂടുചായ അടിച്ചാറ്റുന്നതിനിടെ തങ്കപ്പനോട്‌ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ കൊടും കാട്ടില്‍ ഹോട്ടലുകെട്ടാന്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ തങ്കപ്പന്‍ തയാറായതില്‍ ആശ്‌ചര്യം തോന്നി. ആവിപറക്കുന്ന പുട്ടും കടലയും മുന്നില്‍ നിരത്തി തങ്കപ്പന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്‌ സഞ്ചരിച്ചു. മൂകാംബിയിലേക്ക്‌ എല്ലാവരേയും പോലെ തൊഴുതു നമിക്കാനായി എത്തിയതായിരുന്നു തങ്കപ്പന്‍. എല്ലാവരും തൊഴുതു മടങ്ങിയിട്ടും തങ്കപ്പനു തിരിച്ചുപോകാന്‍ മനസുവന്നില്ല. തന്റെ സവിധത്തില്‍ തന്നെ കഴിയണമെന്ന്‌ അമ്മ പറയുന്നതുപോലെ. ദിവസങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍ ഏറെ താമസിയാതെ തിരിച്ചുവരുമെന്നു വാക്കുനല്‍കിയിരുന്നു. നാട്ടിലെത്തി റബര്‍ തോട്ടം വിറ്റുകിട്ടിയ പണവുമായി കുടുംബത്തെ ഒപ്പംകൂട്ടി തിരിച്ചു മൂകാംബികയിലേക്ക്‌.

കൈയിലുള്ള കാശത്രയും പരിചയപ്പെട്ട ഭൂമിക്കച്ചവട ദല്ലാള്‍ക്ക്‌ കൈമാറി. അയാള്‍ നല്‍കിയ ഭൂമിയിലെത്തിയപ്പോഴാണ്‌ അത്‌ വനംവകുപ്പിന്റെ അധീനതയിലുള്ള സ്‌ഥലമാണെന്നറിയുന്നത്‌. വനംവകുപ്പുകാര്‍ ഒഴിപ്പിച്ചതോടെ വീണ്ടും ദല്ലാള്‍ക്ക്‌ മുന്നിലെത്തി മുട്ടുകുത്തി കേണു. അയാള്‍ മറ്റൊരിടത്ത്‌ സ്‌ഥലം അളന്നുനല്‍കി. പുരവെച്ച്‌ താമസിക്കാനൊരുങ്ങിയപ്പോഴാണ്‌ അത്‌ ആദിവാസി ഭൂമിയാണെന്നറിയുന്നത്‌. കിടപ്പാടം നഷ്‌ടമായി പോകാനിടമില്ലാതെപതറിയ തങ്കപ്പന്‍ കുടജാദ്രിയി കാട്ടുപാത കയറിയെത്തി വിടചോദിക്കവെയാണ്‌ ഗുഹയില്‍നിന്നൊരു സ്വാമി ഇറങ്ങിയെത്തി കാര്യമന്വേഷിക്കുന്നത്‌.

തിരുവനന്തപുരത്തു നിന്ന്‌ കുടജാദ്രിയില്‍ ഭജനമിരിക്കാനെത്തിയ സ്വാമി ആത്മാറാമായിരുന്നു അത്‌. എല്ലാം കേട്ടറിഞ്ഞ സ്വാമി വനപാലകരോടു കാര്യങ്ങള്‍ വിവരിച്ചു. തങ്കപ്പനു വേണ്ടി ദൂതുമായെത്തിയ സ്വാമി ചായക്കടവയ്‌ക്കാന്‍ മാത്രം പോന്നൊരു സ്‌ഥലം വനംവകുപ്പില്‍നിന്ന്‌ നേടിയെടുത്തു. അവിടെ ചായക്കട തുടങ്ങിയ തങ്കപ്പന്‌ ഇപ്പോള്‍ ഹോട്ടലായി. ആദിശങ്കരന്‍ തെളിച്ച അദ്വൈതവഴികള്‍ താണ്ടിയെത്തുന്ന തീര്‍ഥാടകപഥികര്‍ക്ക്‌ വിശ്രമമൊരുക്കി കഥപറയാനുള്ള നിയോഗമായി... ഭാര്യ വിമലയും രണ്ടു മക്കളുമായിരുന്നു തങ്കപ്പനൊപ്പം. അതിലൊരു മകന്‍ കഴിഞ്ഞ വേനലില്‍ ഹൃദയാഘാതത്താല്‍ മരിച്ചു.

കാട്ടുവഴിയും യാത്രയും മറ്റാരേക്കാളും അറിയാവുന്ന തങ്കപ്പന്‍ചേട്ടനും തനിച്ചുള്ള യാത്ര വിലക്കി. ഇതുവരെയെത്തിയതു പോലെയല്ല ഇനിയുള്ള നടത്തമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി. ജീപ്പു വരുന്ന പഞ്ചായത്ത്‌ പാത ഇവിടെ അവസാനിക്കുകയാണ്‌. ഇനിയുള്ളത്‌ കുത്തനെ ഒറ്റയടി കാട്ടുപാതയാണ്‌. പെരുമഴയില്‍ കുത്തിയൊലിച്ച്‌ വഴുവഴുപ്പാര്‍ന്ന ചളിപ്പാത. എങ്കിലും നടക്കാന്‍ തന്നെ തീരുമാനിച്ചപ്പോള്‍ ഹോട്ടലിന്റെ ചായ്‌പില്‍ കൂനിക്കൂടിയിരുന്ന ഒരൂ രൂപത്തെ തങ്കപ്പന്‍ചേട്ടന്‍ ചൂണ്ടി കാണിച്ചു. കാശുകൊടുത്താല്‍ ഇവന്‍ വഴികാട്ടുമെന്ന്‌ പതിയെ പറഞ്ഞു. കാശിന്റെ കാര്യം കേട്ടപ്പാടെ ആ രൂപം ചാടിയെഴുന്നേറ്റു. തലയില്‍ പാളത്തൊപ്പി നേരെയാക്കി, മൂലകീറിയ ചാക്ക്‌ തലയിലൂടെ കമഴ്‌ത്തി നടക്കാനായി മുന്നിലിറങ്ങി. ഉപ്പും ചുണ്ണാമ്പും പുല്‍ത്തൈലത്തില്‍ മുക്കി കിഴികെട്ടി കോലില്‍ കോര്‍ത്ത ഒറ്റമൂലി തങ്കപ്പന്‍ ചേട്ടന്‍ കൈയില്‍തന്നു.- അട്ടയുടെ ആക്രമണത്തെ നേരിടാനുള്ള ചെറുപ്രയോഗമാണിത്‌.

ഈറയെന്നായിരുന്നു അയാളുടെ പേര്‌. പ്രായം എന്തെന്നു തിരിച്ചറിയാന്‍ പറ്റാത്ത മുഖഭാവം. കുടജാദ്രിക്കാടുകളില്‍ ജീവിതം കണ്ടെത്തിയ പ്രാകൃത ആദിവാസി വിഭാഗത്തിലെ കണ്ണി. കന്നട ചാലിച്ച ആദിവാസി ഭാഷ ഒട്ടും മനസിലായില്ല; കേരളീയനാടന്‍ ഭാഷ ഈറയ്‌ക്കും. എന്നാലും ഈറയുടെ നോട്ടവും ഭാവവും നടത്തവും വാചാലമായി. പശിയടക്കാന്‍ മുണ്ടുമുറുക്കിയുടുക്കുന്ന ആദിവാസിയുടെ പ്രതിനിധി. ''ഏഴു കുഞ്ഞുങ്ങളാണ്‌ കുടിയില്‍. പണിയൊന്നുമില്ല...'' ദുരിതങ്ങളുടെ ആവര്‍ത്തനം. സംവേദനത്തിന്‌ ഭാഷ പ്രശ്‌നമാകുന്നില്ല. അട്ടപ്പാടിയില്‍ കണ്ടറിഞ്ഞ ആദിവാസി ജീവിതങ്ങള്‍ക്കപ്പുറത്തല്ല ഈറയുടെയും ജീവിതം. സ്‌ഥലകാലങ്ങള്‍ മാറുമ്പോഴും ഇവരുടെ ദുരിതങ്ങള്‍ക്ക്‌ സമാനതകള്‍ മാത്രം.

മൂലകീറിയ ചാക്ക്‌ തലയില്‍ കമഴ്‌ത്തി ഈറ പതിയെ നടന്നു. കാല്‍തെന്നി താഴെ വീണപ്പോഴൊക്കെ ഈറ കൈത്താങ്ങായി. ഒറ്റയടിപ്പാതയിലേക്ക്‌ കോടമൂടിയ കാട്ടില്‍നിന്ന്‌ അട്ടഹസിച്ചെത്തുന്ന മഴ തനിച്ചല്ല; കൊട്ടിപ്പാടാന്‍ കാറ്റുമുണ്ട്‌ കൂട്ടിന്‌. കൊട്ടിന്റെ മൂര്‍ദ്ധന്യത്തില്‍ കാറ്റ്‌ മരത്തലപ്പുകള്‍ പിടിച്ചുകുലുക്കും. പറന്നുപോകാതിരിക്കാന്‍ ചിലപ്പോഴെങ്കിലും കുറ്റിച്ചെടികളില്‍ മുറുകെ പിടിക്കേണ്ടിയും വന്നു.

കാലില്‍ അട്ടകള്‍ പൊതിഞ്ഞിരുന്നു. ഞരമ്പുകള്‍ തുളച്ച്‌ ചോരയൂറ്റി അവ തടിച്ചുകൊഴുത്ത്‌ ചീര്‍ത്തുവീണു. പിന്നെ പുതിയ അവകാശികള്‍ തലയും വാലും നിലത്തുകുത്തി വില്ലുപോലെ ഉയര്‍ന്നുപൊങ്ങി കാലിലേക്കു ചാടിവീണു. ആറുകിലോമീറ്ററാണു ദുര്‍ഘടമാര്‍ന്ന കാട്ടുപാത. ഉയരത്തിലേറിയപ്പോള്‍ പുല്‍മേടു കണ്ടു. പുല്‍നാമ്പുകളും മരത്തലപ്പുകളും കോടയണിഞ്ഞ്‌ നില്‍പ്പാണ്‌. തണുപ്പിന്റെ മൊട്ടുകള്‍ രോമകൂപങ്ങളില്‍ വിരിഞ്ഞുതുടങ്ങി. പുല്‍മേടിന്റെ മുകളില്‍ നില്‍ക്കവേ, നാലുപാടുനിന്നും മഴയ്‌ക്കൊപ്പം വീശിയെത്തുന്ന കോട ഈറയെ പൊതിഞ്ഞു.

കോടയില്ലാത്ത തെളിഞ്ഞ വേനലിന്റെ സായന്തനങ്ങളില്‍ ഇവിടെ നിന്നുള്ള കാഴ്‌ച അതിമനോഹരമാണ്‌. മൂകാംബികയ്‌ക്കും കുടജാദ്രിയ്‌ക്കുമപ്പുറത്ത്‌ മറ്റൊരു ലോകവും കണ്ടിട്ടില്ലാത്ത ഈറ കടലും നഗരവും കാണുന്നത്‌ ഈ പുല്‍മേട്ടില്‍നിന്നാണ്‌. അകലേക്കു കണ്ണുകള്‍ പായിച്ച്‌ ഈറ കണ്‍കുളിര്‍ക്കെ കാണും. നഗരത്തിരക്കിലലിഞ്ഞുചേരും. കോടയിലേക്കു ചൂണ്ടി നഗരം നിന്നിടങ്ങള്‍ ഈറ കാണിച്ചുതന്നു. പിന്നെ, യാത്രപറഞ്ഞ്‌ പതിയെ താഴോട്ട്‌ ഊര്‍ന്നിറങ്ങി തിരികെപോയി. ഞാന്‍ തനിച്ച്‌ മലമുകളിലേക്കും.

പുല്‍മേട്‌ പിന്നിട്ട്‌ കുടജാദ്രിയിലെ ക്ഷേത്രമുറ്റത്തേക്കാണ്‌ കയറിയത്‌. രണ്ടുക്ഷേത്രങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്‌. തിരിപുകയാത്ത ക്ഷേത്രച്ചുമരുകളില്‍ മഴയുടെ അര്‍ച്ചന. കോടമഞ്ഞ്‌ പുതപ്പുനിവര്‍ത്തി മറതീര്‍ത്ത നട്ടുച്ച. അമ്പലത്തോടു ചേര്‍ന്ന പൂജാരിയുടെ വീട്ടിലേക്കെത്തി വാതിലില്‍മുട്ടി. കാലംതെറ്റി തൊഴാനെത്തിയ ഭക്‌തനെ ആകര്‍ഷിക്കാനായിരിക്കണം, അകമുറിയില്‍നിന്ന്‌ പൊടുന്നനെ മണിനാദമുയര്‍ന്നു. അവ്യക്‌തമായ പ്രാര്‍ത്ഥനാമന്ത്രണങ്ങളും. ജനല്‍പാളി പാതിതുറന്ന്‌ കുള്ളനായ പൂജാരി 'ഭക്‌തനെ'കണ്ടു. പിന്നെ മുന്‍വാതില്‍തുറന്ന്‌ അമ്പലത്തിലേക്ക്‌ ഇറങ്ങാനൊരുങ്ങി. തൊഴലൊക്കെ നേരത്തെ നടത്തിയെന്നും രാത്രി കിടക്കാനൊരിടമാണ്‌ വേണ്ടതെന്നും പറഞ്ഞപ്പോള്‍ ശാന്തിയുടെ മുഖത്ത്‌ അശാന്തി. നേര്‍ച്ചയിലും വഴിപാടിലുമായി ഏറെയൊന്നും തടയാത്ത ഭക്‌തനാണ്‌ മുന്നിലെന്ന തിരിച്ചറിവില്‍ മുഖംതിരിച്ച പൂജാരി ഒറ്റയ്‌ക്ക് കിടക്കാന്‍ സ്‌ഥലം നല്‍കില്ലെന്ന്‌ തീര്‍ത്തുപറഞ്ഞു. പിന്നെ ശരണം റസ്‌റ്റ് ഹൗസാണ്‌. കോടവകഞ്ഞുമാറ്റി റസ്‌റ്റ് ഹൗസിനു മുറ്റത്തു നില്‍ക്കവെ, അതൊരു പ്രേതഭവനം പോലെ തോന്നിച്ചു. പായലുപിടിച്ച്‌ ഇടിഞ്ഞടരാന്‍ വെമ്പല്‍കൊള്ളുന്ന ചുമരുകള്‍... കാറ്റ്‌ അടിച്ചുതകര്‍ത്ത ജനല്‍വാതിലുകള്‍... ഏറെ വിളിച്ചിട്ടും മറുവിളിചൊല്ലാന്‍ ആരുമുണ്ടായിരുന്നില്ല.

താഴെ മറ്റൊരു ക്ഷേത്രത്തോടുചേര്‍ന്ന ചായ്‌പില്‍ കനലൂതി കുളിരുതീര്‍ക്കുന്ന വാച്ച്‌മാന്‍ പയ്യനെ കണ്ടെത്തി. താമസിക്കാനൊരിടം വേണമെന്നറിയിച്ചപ്പോള്‍ ഏകനായൊരാള്‍ക്കു കൊടുക്കരുതെന്നാണു കല്‍പനയെന്നു തീര്‍ത്തു പറച്ചില്‍. കീശയിലേക്കു തള്ളിയ നോട്ടും അനുനയിപ്പിച്ചുള്ള സംസാരവും പയ്യന്റെ മനംമാറ്റി. രാത്രിയില്‍ കിടക്കാന്‍ റസ്‌റ്റ് ഹൗസിന്റെ മൂലയിലൊരു ഇടം നല്‍കാമെന്നു സമ്മതിച്ചു.

കിടക്കാനിടമായതോടെ യാത്ര തുടര്‍ന്നു. ഇനിയും മൂന്നുകിലോമീറ്ററോളം കുന്നുകയറണം. മുന്നില്‍ കോടമഞ്ഞ്‌ മാത്രമേയുള്ളൂ. ഉയരമേറുന്നതിനൊത്ത്‌ കോടയുടെ കട്ടി കൂടുന്നു. കോടയിലേക്കിറങ്ങുമ്പോള്‍ മുന്നില്‍ കൈപ്പാടകലം മാത്രം തെളിഞ്ഞുവരും. വേനലില്‍ നടന്നെത്തിയ വഴിത്താരയുടെ പരിചയത്തില്‍ നടന്നുതുടങ്ങി. ഗണപതി ഗുഹയില്‍ വിഗ്രഹത്തിലേക്കു മഴ പുണ്യാഹം തളിയ്‌ക്കുകയാണ്‌. കാറ്റ്‌ നേരവും കാലവും നോക്കാതെ അഷ്‌ടപതി കൊട്ടിപ്പാടുന്നു. ഗുഹയില്‍നിന്നിറങ്ങി പിന്നേയും മുകളിലോട്ട്‌. കോടയിലൂടെ നടന്നുകയറവെ, മുന്നില്‍ കല്‍മണ്ഡപം അവ്യക്‌തമായി തെളിഞ്ഞു. ആദിശങ്കരന്‍ അറിവുതേടി വിളങ്ങിനിന്ന സര്‍വജ്‌ഞപീഠം. കുടജാദ്രിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ചുറ്റുവട്ടത്തൊന്നും മറ്റാരുമില്ല. വിളിച്ചാല്‍ വിളികേള്‍ക്കാനോ ഒരു കൈസഹായത്തിനോ ഒരു മനുഷ്യജീവിയുമില്ല. മധുക്കറിന്റെ ചേട്ടന്‍ സുരേന്ദ്രയെ മിന്നല്‍ വെളിച്ചം തട്ടിയെടുത്തത്‌ ഇവിടെ നിന്നായിരുന്നു. ഈ കോടയിലെവിടെയോ, വെള്ളപ്പാത്രവും പൈനാപ്പിള്‍ ചീളുമായി ഒരു പക്ഷേ സുരേന്ദ്രയുണ്ടാവാം. ചിന്തകള്‍ക്കു ചിറകുമുളയ്‌ക്കവെ രസംതോന്നി.

കൂറ്റന്‍ കരിങ്കല്‍ത്തൂണില്‍ ആദിയിലെന്നോ കെട്ടിപ്പെടുത്ത മണ്ഡപം. ഇത്ര ഉയരത്തില്‍ ആരാകും കരിങ്കല്ലുകളെത്തിച്ച്‌ മണ്ഡപം പണിതിട്ടുണ്ടാവുക...? മണ്ഡപത്തിന്റെ മുകള്‍ത്തട്ടില്‍നിന്നു വാര്‍ന്നുവീഴുന്ന മഴത്തുള്ളികള്‍ അകത്തെ ആദിശങ്കരന്റെ കുഞ്ഞു ബിംബത്തില്‍ ഇറ്റിറ്റുവീഴുന്നു. അറിവിനുമീതെ പ്രകൃതിയുടെ തര്‍പ്പണം. കൈകൂപ്പിയതു പ്രകൃതിക്കു നേരെയോ ആദിശങ്കരനു നേരെയോയെന്നു തിട്ടമില്ലാതെ മലയിറങ്ങി. തണുത്തുവിറങ്ങലിച്ച രാത്രിയില്‍ റസ്‌റ്റ് ഹൗസിലെ അഴക്കുപുരണ്ട തറയില്‍വിരിച്ച കീറപ്പായില്‍ ഉറക്കമകന്നു മലര്‍ന്നുകിടക്കവേ, പുറത്ത്‌ മഴയുടെ ആരവം കേട്ടു. പാതിതകര്‍ത്ത ജനല്‍ചില്ലില്‍ അരിശമടങ്ങാതെ മഴ പിന്നേയും മുഷ്‌ടിചുരുട്ടി ഇടിക്കുകയാണ്‌. അകമ്പടിയായി കാറ്റിന്റെ ശീല്‍ക്കാരം. കാറ്റ്‌ മഴയെ കനല്‍ചീളെന്നപോലെ വാരിയെറിയുകയാണ്‌. ആടിയുലയുന്ന മരച്ചില്ലകളിലേറിയുള്ള ഊഞ്ഞാലാട്ടം. മുറ്റത്തെ കൂറ്റന്‍ മരങ്ങളില്‍നിന്ന്‌ ചില്ലകള്‍ പൊട്ടിവീഴുന്ന ശബ്‌ദം കേള്‍ക്കാം. മഴമാത്രമേയുള്ളൂ. അറിവായി... അലിവായി.. അനുഭവമായി പെയ്‌തലയ്‌ക്കുന്ന മഴ... ക്ഷേത്രവും വഴിത്താരയും പിന്നെ അസംഖ്യം ചരാചരങ്ങളും മഴയില്‍ അലിഞ്ഞില്ലാതായ കുടജാദ്രിയിലെ രാത്രിയില്‍ ഞാനുമൊരു മഴയായി... നിറഞ്ഞുപെയ്‌ത കര്‍ക്കടമഴയിലൊരു കണമായി...

ജിനേഷ്‌ പൂനത്ത്‌

No comments:

Post a Comment