Sunday, August 22, 2010

നേതാക്കള്‍ക്കും മുമ്പേ സ്വാതന്ത്ര്യത്തിലേക്ക്‌

Text Size:
ചന്നം പിന്നം പെയ്യുന്ന മഴ... താഴേക്കു പതിക്കുന്ന ഓരോ വെളളത്തുളളിയും ഒഴുകി വെളുത്ത ജനസാഗരത്തിലേക്കു ചേരുന്നു. ഖദര്‍ കൊണ്ട്‌ തയ്‌ച്ച കുട്ടിക്കുപ്പായം ധരിച്ച്‌ വെളുത്തതൊപ്പിയും വച്ച്‌ ബാഡ്‌ജും പോക്കറ്റില്‍ കുത്തി ജനക്കൂട്ടത്തോടൊപ്പം നിന്നപ്പോള്‍ ഞാനും മുതിര്‍ന്ന ആളായി മാറുകയായിരുന്നു. മുഷ്‌ടിചുരുട്ടി ആകാശത്തേക്കു വലിച്ചെറിഞ്ഞ്‌ അവര്‍ക്കൊപ്പം ആകുന്ന സ്വരത്തില്‍ ഞാനും വിളിച്ചു ഭാരത്‌ മാതാ കീ ജയ്‌, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ കീ ജയ്‌.

ഇന്നും ഈ മഴക്കാലത്ത്‌ എഴുപത്തിനാലിന്റെ പടിക്കല്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചിലപ്പോഴൊക്കെ ആ പത്തു വയസുകാരനാകാറുണ്ട്‌.

ഒരു പത്തുവയസുകാരന്റെ ഓര്‍മകള്‍ക്ക്‌ പരിമിതിയുണ്ടല്ലോ. എന്നാല്‍ എന്തൊക്കെ മറന്നാലും ആ ദിനങ്ങള്‍ എനിക്കു മറക്കാനാവില്ല. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്‌ ചിറകടിച്ചു പറന്ന ആ ദിവസങ്ങള്‍... പിന്നീട്‌ എനിക്ക്‌ അഭിമാനവും ചിലപ്പോഴൊക്കെ നഷ്‌ടബോധവും സൃഷ്‌ടിച്ച ദിനങ്ങള്‍

1947 ആഗസ്‌റ്റ് 14... ഞാനന്ന്‌ കോട്ടയം സി.എം.എസ്‌. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. നാടൊട്ടാകെ എന്തോ വലിയകാര്യം സംഭവിക്കാന്‍പോകുന്നതിന്റെ പ്രതീതിയായിരുന്നു. വീട്ടിലും നാട്ടിലുമൊക്കെ സംസാരവിഷയം അതുതന്നെ. അവരുടെ ഭാഷയുടെ പൊരുള്‍ പിടികിട്ടിയില്ലെങ്കിലും ഒന്നു മനസിലായി. നാം സ്വതന്ത്രരാകുകയാണ്‌. നാളെ ആഘോഷത്തിന്റെ ദിവസമാണ്‌. തിരുവിതാംകൂര്‍ രാജാവ്‌ ശ്രീ ചിത്തിര തിരുനാളിന്റെ പിറന്നാള്‍ ദിനമാണ്‌ എല്ലാ വര്‍ഷവും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ആഘോഷത്തിന്റെ ദിനം. ആ ദിവസം ഞങ്ങള്‍ മത്സരിച്ച്‌ രാജചിഹ്നമായ ശംഖ്‌ വരയ്‌ക്കാറുണ്ടായിരുന്നു. കൂടുതല്‍ നന്നായി വരച്ചാല്‍ സമ്മാനം. രാജാവിന്റെ പേര്‌ തെറ്റാതെ പറയുന്നയാള്‍ക്കുമുണ്ടായിരുന്നു സമ്മാനം. അതുപോലെ വീണ്ടുമൊരാഘോഷം, അതു സ്വാതന്ത്ര്യദിനം നല്‍കുമെന്ന പ്രതീക്ഷയിലും ഉത്സാഹത്തിലുമായിരുന്നു മനസ്‌. ആളുകളുടെ സംസാരത്തില്‍ നിന്ന്‌ ആ ആഘോഷത്തിന്റെ വലുപ്പം അറിയുന്തോറും മനസിലെ ഉത്സാഹവും ഏറിവന്നു. വൈകുന്നേരമായതോടെ അന്തീക്ഷത്തിനു കൂടുതല്‍ മുറുക്കം വന്നു. രാത്രിയായതോടെ ആളുകള്‍ റേഡിയോയുളള വീടുകളിലേക്കു പോയിത്തുടങ്ങി. ഡല്‍ഹിയിലെ വാര്‍ത്തകളറിയാന്‍, നെഹ്‌റുവിന്റെ പ്രസംഗമുണ്ടുപോലും.

അന്ന്‌ വീടുകളിലെ വലിയ ആഡംബരവസ്‌തുവായിരുന്നു റേഡിയോ, ഞങ്ങളുടെ പ്രദേശത്ത്‌ റേഡിയോയുളളത്‌ വളരെ ചുരുക്കം വീടുകളില്‍ മാത്രം. വീട്ടില്‍നിന്നു മുത്തച്‌ഛനും മറ്റും പോയെങ്കിലും ഞാന്‍ പോയില്ല. പിറ്റേന്നത്തെ ആഘോഷത്തിന്റെ സ്വപ്‌നങ്ങളും അയവിറക്കി ഞാന്‍ ഉറക്കത്തിലേക്കു വീണിരുന്നു. അന്നത്തെ രാത്രി ഉറങ്ങിപ്പോയതിന്റെ നഷ്‌ടം മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോഴാണ്‌ എന്നെ അലട്ടാന്‍ തുടങ്ങിയത്‌. നെഹ്‌റു അര്‍ധരാത്രിയില്‍ നടത്തിയ പ്രസംഗം ഓരോ വരിയും വായിച്ച്‌ ഞരമ്പുകളില്‍ ആവേശമൊഴുകിത്തുടങ്ങുമ്പോഴോക്കെയും ആ രാത്രി നിരാശയായി എന്റെ മുന്‍പിലുണ്ടായിരുന്നു.

1947 ഓഗസ്‌റ്റ് 15...

തിരുനക്കരമൈതാനത്തായിരുന്നു ആഘോഷപരിപാടികള്‍. മൈതാനത്തിനടുത്തായിരുന്നു തറവാട്ടു വീട്‌. മൈതാനത്തു നിന്നുളള ആഘോഷത്തിന്റെ അലയൊലികള്‍ അവിടെ കേള്‍ക്കാമായിരുന്നു. എല്ലാവരും ആഘോഷത്തില്‍ പങ്കടുക്കാന്‍ വെളള ഖദറും, തൊപ്പിയും ധരിച്ചാണ്‌ എത്തികൊണ്ടിരുന്നത്‌. എന്നാല്‍ എനിക്ക്‌ ഇതൊന്നുമുണ്ടായിരുന്നില്ല. അതോടെ വാശിയായി. ഖദര്‍ ധരിക്കാതെ പോകില്ല എന്നായി. അപ്പോഴാണ്‌ അച്ചാച്ചന്‍ (അമ്മയുടെ ആങ്ങള) എത്തുന്നത്‌. എന്റെ വാശികണ്ട്‌ അച്ചാച്ചന്‍ ഖദര്‍ തുണിയും വാങ്ങി എന്നെയും കൂട്ടി വീടിനടുത്തുളള ഒരു തയ്യല്‍ക്കാരന്റെ അടുത്തെത്തി. അളവെടുത്ത്‌ ഒരു കുട്ടിഷര്‍ട്ടും തൊപ്പിയും തയ്‌പ്പിച്ചു. അവ ധരിച്ച്‌ സ്വാതന്ത്ര്യത്തേക്കാള്‍ തുടികൊട്ടുന്ന മനസുമായാണ്‌ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വൈകുന്നേരം തിരുനക്കരയിലെത്തിയത്‌.

രാവിലെ ഞാന്‍ എത്തിയപ്പോള്‍ ശൂന്യമായിക്കിടന്ന മൈതാനം, എന്റെ കുസൃതികള്‍ കണ്ട്‌ അവിടവിടെയായി തലകുനിച്ചു നിന്ന മരങ്ങള്‍. അവിടമാകെ ജനസാഗരമായിരുന്നു. പരന്നുകിടക്കുന്ന മൈതാനമാകെ ഖദര്‍ധാരികള്‍.

പെയ്യുന്ന മഴ ആവേശത്തെ മേലേക്ക്‌ ഉയര്‍ത്തുന്നു. എങ്ങും കീ ജയ്‌ വിളികള്‍. അതിനിടയില്‍ മണ്ണില്‍ നാട്ടിയ കവുങ്ങ്‌ കൊടിമരത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പി.ടി. ചാക്കോ കൊടിയുയര്‍ത്തി. ആവേശം അതിരുകള്‍ക്കപ്പുറം ഉയരുകയായിരുന്നു. പിന്നാലെ ഇ. ജോണ്‍ ഫിലിപ്പോസ്‌, വരദരാജന്‍ നായര്‍ എന്നിവരുടെ പ്രസംഗങ്ങള്‍. ഓരോ വാക്കിനും കൈയടികള്‍, ആര്‍പ്പുവിളികള്‍, തുടര്‍ന്ന്‌ റാലി. അത്‌ ജാതി-മത-വര്‍ഗ വേര്‍തിരിവുകളില്ലാതെ കടല്‍പോലെ ഒഴുകുകയായിരുന്നു. അതിന്റെ ഓളപ്പരപ്പുകളിലെവിടെയോ ഞാന്‍ ധരിച്ചിരുന്ന ഖദര്‍ തൊപ്പി നഷ്‌ടമായി. അച്ചാച്ചനോട്‌ വാശിപിടിച്ച്‌ മേടിച്ച തൊപ്പി. മറ്റുളള ഖദര്‍ധാരികള്‍ക്കൊപ്പം എന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരുന്ന തൊപ്പി. അത്‌ എവിടെയോ നഷ്‌ടപ്പെട്ടിരിക്കുന്നു. മറ്റുളളവരില്‍ നിന്നു പെട്ടെന്ന്‌ അന്യനായതുപോലെ. ഉറക്കെ കരയാനാണ്‌ തോന്നിയത്‌. തോന്നലല്ല, കരയുക തന്നെ ചെയ്‌തു. ആ ആവേശപ്പുഴയില്‍ എന്റെ കരച്ചിലും ഒഴുകിച്ചേര്‍ന്നു. ആ റാലിയും ആ ദിനവും... അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. റിപ്പബ്ലിക്ക്‌ ദിനമായി, പിന്നീട്‌ വിവിധ ആഘോഷങ്ങളായി ആ മാറ്റം ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. അന്ന്‌ പൗരധ്വനി,പൗരപ്രഭ എന്നീ പത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്‌. ഡല്‍ഹിയില്‍ നടന്ന ആഘോഷങ്ങള്‍ എന്തെന്നു പുറംലോകം അറിഞ്ഞതും ഇവയിലൂടെയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ വാര്‍ത്തകള്‍ വായിക്കാനും ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാനും പത്രത്തിനു അന്ന്‌ പിടിച്ചുപറിയായിരുന്നു. അതില്‍ നെഹ്‌റു ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ചിത്രമുണ്ടായിരുന്നു. തെളിച്ചമൊന്നുമില്ലാത്ത ഒരു ചിത്രം. അതില്‍ ആരൊക്കെയുണ്ടെന്ന്‌ തിരിച്ചറിയാന്‍തന്നെ പ്രയാസം. കുറേക്കാലം അതു ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നു. കാലമേറെക്കഴിഞ്ഞെങ്കിലും ഇന്നും ഓരോ സ്വാതന്ത്ര്യദിനം എത്തുമ്പോഴും എന്റെ മനസില്‍ വിങ്ങലായി ആ ഖദര്‍ തൊപ്പിയെത്തും, തിരക്കിനിടയില്‍ നഷ്‌ടമായ എന്റെ തൊപ്പി. ഒപ്പം ഉറക്കം നഷ്‌ടമാക്കിക്കളഞ്ഞ ആ വാക്കുകളും... പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ ഓണാകുന്ന റേഡിയോയില്‍ നിന്ന്‌ ഉറച്ച ശബ്‌ദത്തിലെത്തിയ നെഹ്‌റുവിന്റെ വാക്കുകള്‍...

തയാറാക്കിയത്‌

എം. എസ്‌. സന്ദീപ്‌

No comments:

Post a Comment