Sunday, August 22, 2010

മുരളി ആര്‍ദ്രമാം സൗഹൃദം



1999ലാണ്‌. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ ആരാവണമെന്ന ചര്‍ച്ച മുന്നണികളില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം വി.എസ്‌. അച്യുതാനന്ദന്റെ കാര്‍ ആലപ്പുഴയിലെ എന്റെ വീട്ടുമുറ്റത്തു വന്നു നിന്നു. അച്‌ഛന്റെ അടുത്ത സുഹൃത്തായ വി.എസ്‌. വീട്ടില്‍ വരുന്നത്‌ വലിയ സംഭവമൊന്നുമല്ല അക്കാലത്ത്‌. പക്ഷേ തെരഞ്ഞെടുപ്പു തിരക്കിനിടയ്‌ക്ക് എന്തിനാവാം...

അച്‌ഛനുമൊത്തുണ്ടായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്‌ സംസാരിച്ചുതുടങ്ങിയത്‌. 1938-48 കാലഘട്ടത്തില്‍ തിരുവിതാംകുര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ പ്രഥമ പ്രസിഡന്റായിരുന്നു അച്‌ഛന്‍ (വര്‍ഗീസ്‌ വൈദ്യര്‍). വി.എസ്‌. അന്ന്‌ ജോയിന്റ്‌ സെക്രട്ടറിയും. അച്‌ഛന്റെ കാര്യം അവസാനിച്ചപ്പോള്‍ വി.എസ്‌. താന്‍ വന്നകാര്യം എടുത്തിട്ടു.

'ചെറിയാന്‍ ഞങ്ങള്‍ക്കൊരു സഹായം ചെയ്യണം.'

ചെയ്യാമെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി.

'ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വി.എം. സുധീരന്‌ എതിര്‍ സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഞങ്ങള്‍ കണ്ടുവച്ചിരിക്കുന്നതു ചെറിയാന്റെ സുഹൃത്തിനെയാണ്‌. നടന്‍ മുരളിയെ'

എനിക്കൊട്ടും അദ്‌ഭുതം തോന്നിയില്ല. കാരണം കറകളഞ്ഞ കമ്യൂണിസ്‌റ്റുകാരനാണു മുരളി. എന്തുകൊണ്ടും പാര്‍ട്ടിയുടെ എം.പിയാവാന്‍ അര്‍ഹതപ്പെട്ടയാള്‍.

'മത്സരിക്കാന്‍ മുരളിയെക്കൊണ്ടു സമ്മതിപ്പിക്കണം. ചെറിയാനതു കഴിയും'

'നല്ല കാര്യമാണത്‌. ഞാനിന്നു തന്നെ മുരളിയെ നേരില്‍ക്കണ്ടു സമ്മതിപ്പിക്കാം.' വി.എസിന്‌ ഉറപ്പുനല്‍കിയതു പോലെ അന്നുതന്നെ മുരളിയെ പോയി കണ്ടു. എതിര്‍ സ്‌ഥാനാര്‍ഥി വി.എം. സുധീരനാണെന്ന്‌ അറിഞ്ഞപ്പോള്‍ പറ്റില്ലെന്നായി മുരളി. ഞാന്‍ വിട്ടില്ല.

'തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ. സുധീരനെപ്പോലൊരാളിനോടല്ലേ. അതൊരിക്കലും നാണക്കേടായി കാണേണ്ടതില്ല'

ഒടുവില്‍ മത്സരിക്കാന്‍ സമ്മതിച്ചു. മുരളി സ്‌ഥാനാര്‍ഥിയായി. എന്റെ വീട്ടില്‍ ഒരു മാസം താമസിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയത്‌. പക്ഷേ പരാജയപ്പെട്ടു. കുറച്ചുകാലം ആ ദുഃഖം മനസിലുണ്ടായിരുന്നു. മത്സരിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഞാന്‍ തന്നെ സമാധാനിപ്പിക്കാനുമെത്തി. വീണ്ടും മുരളി അഭിനയത്തിലേക്കു ശ്രദ്ധിച്ചുതുടങ്ങി. പിറ്റേവര്‍ഷമായിരുന്നു നെയ്‌ത്തുകാരന്‌ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിക്കുന്നത്‌. വിവരമറിഞ്ഞയുടന്‍ തന്നെ ഞാന്‍ വിളിച്ചുപറഞ്ഞു.

'ആലപ്പുഴയില്‍ തോറ്റാലെന്താ, സിനിമയില്‍ ജയിച്ചില്ലേ'



മുരളിയുമായുള്ള സൗഹൃദം തുടങ്ങുന്നത്‌ 1998ലാണ്‌. തിരുവനന്തപുരം പട്ടത്ത്‌ വൃന്ദാവന്‍ കോളനിയിലെ വീട്ടില്‍ ഞാന്‍ അന്ന്‌ 'ലാല്‍സലാ'മിന്റെ തിരക്കഥാരചനയിലായിരുന്നു. വേണു നാഗവള്ളിയുമുണ്ട്‌ കൂടെ. തൊട്ടടുത്ത ഹൗസിംഗ്‌ ബോര്‍ഡിന്റെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കു താമസിക്കുകയാണു മുരളി. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുവരുന്ന മുരളിക്ക്‌ അന്നു സ്വന്തമായി ഫോണുണ്ടായിരുന്നില്ല. എന്റെ വീട്ടിലെ നമ്പറായിരുന്നു സിനിമാപ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നത്‌. അതുകൊണ്ടുതന്നെ ഫോണ്‍ അറ്റന്‍ഡു ചെയ്യാനെത്തുന്നതു പതിവായി. ആ സൗഹൃദം ഞങ്ങളെയെത്തിച്ചത്‌ 'ലാല്‍സലാ'മിലെ സഖാവ്‌ ഡി.കെയുടെ വേഷത്തിലായിരുന്നു. ഡി.കെ.ആന്റണി എന്ന സഖാവിനെ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ മനസില്‍ മുരളിയായിരുന്നു. അതിനു കാരണം പലതാണ്‌. അന്നു മുതലേ കമ്യൂണിസ്‌റ്റ് ആഭിമുഖ്യം മുരളിക്കുണ്ടായിരുന്നു. മാത്രമല്ല, ആ മനുഷ്യനില്‍ ഒരു കമ്യൂണിസ്‌റ്റ് ലക്ഷണവുമുണ്ടായിരുന്നു. പരുക്കനായ ലാ ല്‍സലാമിലെ സഖാവ്‌ ഡി.കെ നല്ലൊരു ബ്രേക്കാണു മുരളിക്കു നല്‍കിയത്‌. പിന്നീടാണ്‌ 'അമര'ത്തിലേക്കു വിളിക്കുന്നത്‌. മുരളി നായകനായ 'ആധാരം' ഹിറ്റായപ്പോള്‍ വീണ്ടും നായകനാക്കിക്കൊണ്ട്‌ ഞാന്‍ 'ആര്‍ദ്ര'മെഴുതി. ആര്‍ദ്രത്തിലെ ഉപ്പന്‍രാഘവനും സാക്ഷ്യത്തിലെ മേജര്‍ നമ്പ്യാരും യോജിച്ച കഥാപാത്രങ്ങളായിരുന്നു.

ഏറ്റവുമൊടുവിലെഴുതിയ 'വൈര'ത്തിലെ പശുപതി ചെയ്‌ത വേഷം മുരളിക്കു കണ്ടുവച്ചതായിരുന്നു. ഇതിലേക്കു ക്ഷണിക്കാന്‍ ഞാനും സംവിധായകന്‍ എം.എ. നിഷാദും കൂടി പോയതാണ്‌ ഒടുവിലത്തെ കൂടിക്കാഴ്‌ച.

'ഒരു തമിഴ്‌പടം ചെയ്യുന്നുണ്ട്‌. അതു കഴിഞ്ഞാല്‍ വൈരം ചെയ്യാം'

ഒരുപാടു കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയ്‌ക്കു പുതിയ സിനിമയില്‍ അഭിനയിക്കാമെന്ന ഉറപ്പും നല്‍കിയാണു പിരിഞ്ഞത്‌. പക്ഷേ തമിഴ്‌ പടം വല്ലാതെ നീണ്ടുപോയി. ഡേറ്റ്‌ പ്രശ്‌നമാവുമെന്നു കണ്ട്‌ മുരളി തന്നെയാണ്‌ വൈരത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ പറഞ്ഞത്‌. പിന്നീട്‌ ദിവസങ്ങള്‍ കഴിഞ്ഞെത്തിയതു മരണവാര്‍ത്തയായിരുന്നു.

ചെറിയാന്‍ കല്‍പ്പകവാടി

തയാറാക്കിയത്‌: രമേഷ്‌ പുതിയമഠം

No comments:

Post a Comment