*** കടമക്കുടി വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ അക്വാകള്‍ച്ചര്‍ കോഴ്‌സ് വിജയിക്കാനാവാതെ വന്നതോടെ പഠനം അവസാനിപ്പിച്ചാണ് സുരേഷ് നാടുപേക്ഷിക്കുന്നത്. ഒളിച്ചോട്ടമായിരുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ തൊഴിലുതേടിയുള്ള യാത്രയായിരുന്നു. അതവസാനിച്ചത് തിരുവല്ലയിലും. ഒരു ബാറ്ററി കമ്പനിയില്‍ ഹെല്‍പ്പറായി ജോലി നോക്കി. രണ്ടുവര്‍ഷത്തിനുശേഷം കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ നാട്ടിലക്കു തിരിച്ചു പോരുകയായിരുന്നു. മറ്റൊരു ജോലിയും തിരക്കി നില്‍ക്കാതെ മടങ്ങിയതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സുരേഷ് ഓര്‍ത്തെടുക്കുന്നു. കൃഷിയിലെ കടമക്കുടിത്തനിമ... പൊക്കാളിപ്പാടങ്ങളില്‍ നെല്ലും ചെമ്മീനും മാറി മാറി കൃഷിചെയ്യുന്ന കടമക്കുടിയുടെ പാരമ്പര്യത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. വര്‍ഷത്തില്‍ ആറുമാസം ചെമ്മീനും അടുത്ത ആറുമാസം നെല്ലും കൃഷിചെയ്യുന്നതാണ് കടമക്കുടിയിലെ കാര്‍ഷികപാരമ്പര്യം. സുരേഷ് കൃഷി ചെയ്‌തു തുടങ്ങിയിട്ട് ഇരുപത് വര്‍ഷമായി. കടമക്കുടിയിലെ വീരന്‍പുഴയ്‌ക്ക് സമീപത്തെ കര്‍ഷകസമാജം വക 16 ഏക്കര്‍ പള്ളി ബണ്ട് വാടകയ്‌ക്കെടുത്താണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ചെമ്മീനും പൊക്കാളിയും കൃഷി ചെയ്യുന്നത്. ഇതിനൊപ്പം പുഴയ്‌ക്കക്കരെ സ്വന്തമായുള്ള മൂന്നേക്കറിലും ചെമ്മീന്‍ കൃഷിയുണ്ട്. കടമക്കുടിയിലെ പൊക്കാളിപ്പാടത്ത് വിളയുന്ന നെല്ലിന് ആവശ്യക്കാരേറെയാണ്. നവംബര്‍ 15 മുതല്‍ വിഷുവിനു തലേന്ന് ഏപ്രില്‍ 13 വരെയാണ് ചെമ്മീന്‍ കൃഷി. പിന്നീടുള്ള ആറുമാസം പൊക്കാളി നെല്ലാവും പാടത്ത് വിളയുക. ചെമ്മീന്‍കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ 90 ദിവസമാണ് കാലാവധിയെങ്കിലും നിലമൊരുക്കലിനും മറ്റുമായി ആറുമാസത്തോളം സമയമെടുക്കാറുണ്ടെന്ന് സുരേഷ് പറയുന്നു. കൊച്ചിയിലെ സ്വകാര്യ മത്സ്യക്കയറ്റുമതി സ്‌ഥാപനങ്ങള്‍ക്കാണ് ചെമ്മീനും ഞണ്ടും വില്‍ക്കുന്നത്. എന്തുകൊണ്ടാണ് ആലുവയിലെയും എറണാകുളത്തെയും മാര്‍ക്കറ്റുകളില്‍ ചെമ്മീന്‍ വില്‍ക്കാത്തതെന്ന ചോദ്യത്തിന് എല്ലാ ദിവസവും ചെമ്മീന്‍ വാങ്ങാന്‍ ആളുണ്ടാവില്ലെന്ന് സുരേഷിന്റെ മറുപടി. കയറ്റുമതി കമ്പനികള്‍ക്കാകുമ്പോള്‍ വിലയുടെ കാര്യത്തിലും ഡിമാന്റിന്റെ കാര്യത്തിലും പ്രശ്‌നമുണ്ടാകാറില്ലെന്നാണ് അനുഭവസാക്ഷ്യം. വിദേശത്ത് ഏറെ പ്രിയമുള്ള കാരച്ചെമ്മീനാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇതിനൊപ്പം പുഴയില്‍ നിന്നു വേലിയേറ്റ സമയത്ത് ചെമ്മീന്‍ കെട്ടിലെത്തുന്ന ചൂടന്‍, തെള്ളി എന്നീ ചെമ്മീന്‍ ഇനങ്ങളും വിളവെടുക്കാറുണ്ട്. സീസണ്‍ ആരംഭിക്കുമ്പോള്‍ കിലോയ്‌ക്ക് മുന്നുറു രൂപ വരെവില വരുന്ന തെള്ളി ചെമ്മീന്‍ വീട്ടില്‍ തന്നെ പീലിംഗ് നടത്തി ഉണക്കി ആലുവ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവ്. മുമ്പ് വിളവെടുക്കുമ്പോള്‍ ഞണ്ടുകളെ ബോണസായി ലഭിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി ചെമ്മീനൊപ്പം വാണിജ്യാടിസ്‌ഥാനത്തില്‍ ഞണ്ടും സ്‌ഥിരമായി കൃഷിചെയ്യുന്നുണ്ട്. ഞാറ്റുവേലയും വിഷുപ്പക്കവും നോക്കി കൃഷിയിറക്കിയിരുന്ന പൊക്കാളി ചെമ്മീന്‍ കര്‍ഷകന്റെ എല്ലാ താളവും തെറ്റിയത് 2002 ലാണ്. കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്‌ടം വിതച്ച് ചെമ്മീന്‍ കെട്ടുകളില്‍ ദുരിതം വൈറസ് രോഗത്തിന്റെ രൂപത്തില്‍ പെയ്‌തിറങ്ങിയത് ആ വര്‍ഷമാണ്. ആദ്യം ചെമ്മീനിന്റെ തോടിനു പുറത്ത് ചെറിയ വെള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു തുടക്കം. വിളവെടുപ്പിന് പാകമായ ചെമ്മീനുകള്‍ ചുവപ്പ് നിറം പടര്‍ന്ന് ചത്തുപൊങ്ങിത്തുടങ്ങി. വൈറസ് രോഗമാണെന്നായിരുന്നു ഔദ്യോഗിക നിഗമനം. രോഗകാരണം അന്വേഷിച്ച് പഠനങ്ങള്‍ ഏറെ നടന്നെങ്കിലും രോഗകാരണവും പ്രതിവിധിയും മാത്രം തെളിഞ്ഞില്ല.. പിറ്റേ വര്‍ഷവും രോഗബാധ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ മുമ്പെങ്ങും കേട്ടുകേഴ്‌വി പോലുമില്ലാത്ത രോഗങ്ങളുടെ കാരണം കണ്‍മുന്നില്‍തന്നെയുണ്ടെന്നാണു സുരേഷിന്റെ നിലപാട്. വ്യവസായ മേഖലയായ ഏലൂരില്‍ നിന്നുള്ള മാലിന്യങ്ങള്‍ വീരന്‍പുഴയിലേക്ക് ഒഴുകിത്തുടങ്ങിയതോടെയാണ് രോഗങ്ങളുടെ വിളയാട്ടവുമെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. വേലിയേറ്റ സമയത്ത് പുഴയില്‍ നിന്നുള്ള വെള്ളമാണ് ചെമ്മീന്‍ കെട്ടുകളില്‍ നിറയ്‌ക്കുന്നത്. ഇങ്ങനെ പുഴയിലെ രാസമാലിന്യം ചെമ്മീനുകളില്‍ വൈറസ് ബാധയായി മാറിയെന്ന് ഈ മാതൃകാ കര്‍ഷകന്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വീരന്‍പുഴ നിറം മാറിയൊഴുകുന്ന ദിവസങ്ങളില്‍ സുരേഷ് ഇപ്പോള്‍ ചെമ്മീന്‍ കെട്ടിലേക്ക് പുഴയില്‍ നിന്ന് വെള്ളം നിറയ്‌ക്കാറില്ല. മത്സ്യകേരളം പൊലിച്ചു... മനസു മരവിച്ച പൊക്കാളി കര്‍ഷകന് ആശ്വാസമായാണ് ഫിഷറീസ് വകുപ്പും പിന്നീട് സര്‍ക്കാര്‍ ഏജന്‍സിയായ അഡാക്കും രംഗത്തെത്തുന്നത്. സ്വകാര്യ ഹാച്ചറികളില്‍ നിന്നുള്ള മത്സ്യവിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷി അവസാനിപ്പിക്കാനായിരുന്നു ആദ്യ നിര്‍ദേശം. അതു പൂര്‍ണമായും പാലിച്ചതോടെ ചെമ്മീന്‍ കെട്ടുകളില്‍ വീണ്ടും നൂറു മേനി വിളഞ്ഞുതുടങ്ങി. രോഗപ്രതിരോധശേഷി കൂടിയ മത്സ്യ വിത്ത് ( മത്സ്യകുഞ്ഞുങ്ങള്‍) കര്‍ഷകര്‍ക്കു വിതരണം ചെയ്‌തുകൊണ്ടാണ് മത്സ്യ കേരളം പദ്ധതിയുടെ തുടക്കം. ആദ്യം മടിച്ചെങ്കിലും പിന്നീട് എന്തും വരട്ടെയെന്നുകരുതി പദ്ധതിയില്‍ അംഗമാവുകയായിരുന്നു സുരേഷ്. ഇവിടെയും തീരുമാനം പിഴച്ചില്ല. സര്‍ക്കാര്‍ നല്‍കിയ മത്സ്യ വിത്തുകള്‍ ചതിച്ചില്ല. മുന്‍പുണ്ടായിരുന്നതിലും വിളവും കൂടി. ഇക്കഴിഞ്ഞ സീസണില്‍ തൊള്ളായിരം കിലോയിലേറെയായിരുന്നു വിളവ്. ചെമ്മീന്‍കെട്ടിലെ തയ്യത്ത് ടച്ച്... ഒരു തരത്തില്‍ പറഞ്ഞാല്‍ തയ്യത്ത് വീട്ടിലെ എല്ലാ അംഗങ്ങളും കര്‍ഷകരാണ്. കാരണം ചെമ്മീന്‍ കെട്ടിലെ ആദ്യാവസാന ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നത് കുടുംബാംഗങ്ങളൊന്നിച്ചാണ്. കടമക്കുടിയിലെ തറവാടിന് തൊട്ടുചേര്‍ന്നുതന്നെയാണു സുരേഷിന്റെയും താമസം. ഭാര്യ ഷൈലയും മക്കളായ സേതുലക്ഷ്‌മിയും ആരതിയും സമയം കിട്ടുമ്പോഴൊക്കെ ചെമ്മീന്‍ കെട്ടിലെത്തും. ചെമ്മീന് തീറ്റയായി നല്‍കുന്ന ഗോതമ്പ് പുഴുങ്ങുന്നതും അരി പൊടിച്ച് താവല്‍ ആക്കുന്നതും ഒടുവില്‍ വിളവെടുപ്പിനു ശേഷം പീലിംഗ് നടത്തുന്നതില്‍ വരെ തയ്യത്ത് കുടുംബാംഗങ്ങളുടെ ടച്ച് ഉണ്ട്. രാത്രി കാവലിനു മാത്രം പുറത്തുനിന്ന് ഒരാളെ ജോലിക്ക് നിര്‍ത്തിയിട്ടുണ്ട്. 250 രൂപ കൂലിയ്‌ക്ക് ഉച്ചയ്‌ക്ക് ഒരു മണി വരെ ചെമ്മീന്‍ കെട്ടിലോ പൊക്കാളിപ്പാടത്തോ ജോലിചെയ്യാന്‍ ആളെ കിട്ടാത്ത അവസ്‌ഥാണ് തനി നാട്ടിന്‍പുറമായ കടമക്കുടിയില്‍ പോലുമെന്ന് സുരേഷിന്റെ സാക്ഷ്യം. പ്രതിസന്ധികളില്‍ തളരാതെ നിന്ന സുരേഷിനെത്തേടി ആദ്യമെത്തിയത് ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡാണ്. തൊട്ടുപിന്നാലെ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അംഗീകാരവും. ദിപു വിജയ് | ||
Sunday, August 22, 2010
വീരന്‍പുഴയോരത്തെ കര്‍ഷക വിജയം
Subscribe to:
Post Comments (Atom)
No comments:
Post a Comment