Sunday, August 22, 2010

(ഗുണ്ടല്‍) പൂവേ പൊലി...



അത്തം പത്ത്‌ പിറന്ന്‌ ഇന്ന്‌ ഒമ്പതാം നാള്‍. തിരുവോണനാളില്‍ മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ വീട്ടമ്മമാര്‍ പാഞ്ഞു നടക്കുന്ന ഉത്രാടദിനം. അടുക്കളയില്‍ സദ്യവട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയാകും. ഉത്രാടമെങ്കിലും ഉച്ചയ്‌ക്ക് ചെറുസദ്യയില്ലാതെയെന്ത്‌ ആഘോഷമെന്ന വീട്ടുകാരിയുടെ തിരക്ക്‌. നാളെ ഇതു കിട്ടിയില്ല, അതു വാങ്ങിയില്ലെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. പുളിയിഞ്ചിയും കുറുക്കുകാളനും നാരങ്ങാക്കറിയും ഇന്നുതന്നെ തയാറാക്കിവച്ചാല്‍ തിരുവോണത്തിന്‌ നാവില്‍വയ്‌ക്കവെ രുചികൂടും.

എന്നാല്‍, സദ്യവട്ടങ്ങളുടെ കാര്യം മാത്രം നോക്കിയിരുന്നാല്‍ സംഗതിയാകെ കുഴയും. ഓണത്തിന്‌ സദ്യ കേമമാകുന്നതിനൊപ്പം പൂക്കളവും ഗംഭീരമാകണം. അത്തത്തിന്‌ തുമ്പപ്പൂ നുള്ളി ഒരുങ്ങിത്തുടങ്ങിയ പൂക്കളം പൂക്കള്‍കൊണ്ടു നിറയുന്നത്‌ തിരുവോണത്തിനാണ്‌. രുചിയേറും സദ്യയൊരുക്കവെ, പൂക്കളത്തിന്റെ കാര്യം മറന്നാല്‍ ആകെ കുഴങ്ങിയതു തന്നെ.

മുമ്പൊക്കെ പാടവും പറമ്പും കുന്നിന്‍പുറങ്ങളും താണ്ടിചെന്നായിരുന്നു പൂക്കള്‍ തേടിയിരുന്നത്‌. എന്നാലിന്ന്‌ കാലം മാറി. അത്തം തൊട്ട്‌ ഒറ്റപ്പൂവില്‍തുടങ്ങി തിരുവോണത്തിന്‌ പൂവായ പൂവെല്ലാം നിറച്ച്‌ വര്‍ണ്ണപ്പൊലിമയുടെ പൂക്കളം തീര്‍ക്കാന്‍ മറുനാടന്‍ പൂക്കള്‍ തന്നെ ശരണം. മറുനാടനെന്നാല്‍ ഗുണ്ടല്‍ പേട്ടയിലെ പൂപ്പാടങ്ങളില്‍ നുള്ളിയെടുത്ത പൂക്കള്‍ തന്നെ... അതുകൊണ്ടുതന്നെ, മാറിയ കാലത്ത്‌ ഗുണ്ടല്‍പേട്ടയ്‌ക്കാണ്‌ അത്തപ്പൂക്കളത്തിന്റെ പേറ്റന്റ്‌.

ചേലചുറ്റി മൂക്കുത്തിയണിഞ്ഞ്‌ അഴിച്ചിട്ട മുടിയില്‍ കുന്നോളം ജെണ്ടുമല്ലിപ്പൂചൂടി മുറുക്കിചുവപ്പിച്ച പാണ്ടിപെണ്ണിനെപോലെയാണ്‌ ഗുണ്ടല്‍പേട്ട. പൂമണമാണ്‌ തഴുകിയുണര്‍ത്തുന്ന കാറ്റിന്‌. വാടാമലരുകള്‍ വിരിയും പാടവരമ്പേറി അങ്ങുദൂരെ ഗുണ്ടല്‍പേട്ട ഇങ്ങു കേരളത്തിലേക്ക്‌ ഉറ്റുനോക്കുകയായിരുന്നു. അത്തപ്പുലരിയില്‍ തുടങ്ങി ഉത്രാടത്തിലെത്തി നില്‍ക്കവെ വീട്ടുമുറ്റത്ത്‌ കളംവരച്ചു പൂക്കളം തീര്‍ക്കാന്‍ തിടുക്കം കൂട്ടുന്ന നമുക്കായി പാടം നിറയെ പൂവൊരുക്കി.

ഒരു വട്ടി പൂവിനായി പൂച്ചന്തയില്‍ തിരക്കുകൂട്ടിയ നമുക്കായി പൂവുകളൊരുങ്ങിയത്‌ ഗുണ്ടല്‍പേട്ടയിലെ പാടങ്ങളില്‍നിന്നാണ്‌. ഇതിനായി മാസങ്ങള്‍ക്കുമുമ്പെ വിത്ത്‌വിതച്ച്‌ പൂപ്പാടമൊരുക്കി വിളവെടുപ്പിന്‌ ഒരുങ്ങികഴിഞ്ഞിരുന്നു ഗുണ്ടല്‍പേട്ടയിലെ കര്‍ഷകര്‍. പലതവണ വിളവെടുപ്പ്‌ നടത്തിയ പാടങ്ങളില്‍നിന്ന്‌ അവസാനഘട്ടത്തില്‍ പൂക്കളൊക്കെയും ഒഴുകിയത്‌ കേരളത്തിലേക്കുതന്നെ. വര്‍ഷത്തില്‍ പത്തുദിവസം മാത്രം ഒത്തുകിട്ടുന്ന കൊയ്‌ത്തുകാലം. മണ്ണില്‍നിന്നകന്ന്‌ ആധുനികരായി മാറിയ നമുക്ക്‌ പൂക്കളമൊരുക്കാനായി ഗുണ്ടല്‍പേട്ടയിലെ ഇടനിലക്കാര്‍ പത്ത്‌ ദിവസം സജീവമായി. പൂപ്പാടം മാത്രമല്ല, നമുക്ക്‌ വേണ്ട എല്ലാവിധ കാര്‍ഷിക വിളകളും ഗുണ്ടല്‍പേട്ടയിലെ പാടങ്ങളില്‍ വിളഞ്ഞുനിന്നതിനാല്‍ ആശങ്കയില്ലാതെ നമുക്ക്‌ സമൃദ്ധമായി ഓണത്തെ വരവേല്‍ക്കാം... മനം നിറയെ ആഘോഷിക്കാം...!

ഉദാത്തമാര്‍ന്നൊരു സ്വപ്‌ന സഞ്ചാരമാണ്‌ നമുക്ക്‌ ഓണം. കൊയ്‌ത്തുകാലത്തിന്റെ മുന്നോടിയെന്ന നിലയില്‍ ആചരിക്കപ്പെട്ട ഉര്‍വ്വരതാ ചടങ്ങായ ഓണം കാര്‍ഷിക മേഖലയുടെ സമ്പല്‍സമൃദ്ധിയ്‌ക്കുള്ള അനുഷ്‌ഠാനവും സമര്‍പ്പണവുമായിരുന്നെന്ന്‌ ചരിത്രം. ആരാധനാക്രമങ്ങളുടെ മാന്ത്രികതയില്‍ ഓണത്തിരക്കിലേക്ക്‌ മാവേലി കുടചൂടിയെത്തുകയും നാടന്‍ വീഥികളില്‍ പൂവിളിപ്പാട്ടുണരുകയും ചെയ്‌തത്‌ ഇന്നലകളിലെ നന്മവിരിയും ഓര്‍മകളായി. ഓണം ഓഫറുകളില്‍ ഉത്‌പ്പന്നം വിറ്റഴിക്കാനായി കടകള്‍ക്കു മുന്നില്‍ കുടനീര്‍ത്തിയ മാവേലിയായി രൂപംമാറവേ, പൂവിളിപ്പാട്ടു മറന്ന നാട്ടിന്‍പ്പുറങ്ങള്‍ പോലും പൂചൂടിയത്‌ ഗുണ്ടല്‍പേട്ടയെന്ന കാര്‍ഷികഹള്ളിയുടെ ദയാവായ്‌പില്‍...! ഓണക്കളികഴിഞ്ഞ്‌ കുളിച്ചു കുറിതൊട്ട്‌ തൂശനിലയ്‌ക്കു മുന്നില്‍ നിരന്ന വിഭവങ്ങളോരോന്നായി രുചിച്ചറിഞ്ഞ്‌ ഏമ്പക്കം വിട്ടെഴുന്നേല്‍ക്കാനായി സഹായിക്കുന്നതും ഗുണ്ടല്‍പേട്ടയിലെ പാടങ്ങളില്‍ പച്ചവിരിച്ച വിളവുതന്നെ.

കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയില്‍പ്പെട്ട ഒട്ടേറെ ഹള്ളികള്‍ കൂടിച്ചേര്‍ന്നതാണ്‌ ഗുണ്ടല്‍പേട്ട. കാര്‍ഷിക സമൃദ്ധിയുടെ ഗ്രാമകാഴ്‌ച. അത്തം പിറക്കുന്നതെന്നെന്ന്‌ നമ്മളെക്കാള്‍ മുമ്പേ കണക്കുകൂട്ടി കണ്ടെത്തുന്ന കന്നടഗ്രാമം. ഉത്സവം ദ്രാവിഡമെങ്കിലും ഓണത്തിന്റെ ഐതിഹ്യപ്പെരുമയില്‍ അലിഞ്ഞുചേര്‍ന്ന്‌ ആഘോഷത്തെ കൂടെക്കൂട്ടാനൊന്നും ഗുണ്ടല്‍പേട്ടക്കാരില്ല. കേരളീയര്‍ക്കായി രാവന്തി പാടം ഉഴുതുമറിച്ചു വിത്ത്‌ വിതച്ചു വിളവുകൊയ്യുന്ന തിരക്കിലാണവര്‍. ഒരൊറ്റദിവസം പോലും ഒഴിവില്ലാതെ പാടത്ത്‌ പണിത്തിരക്ക്‌. വിളവെടുപ്പിന്‌ പിന്നാലെതന്നെ വിത്തുവിത. പാടത്തിന്‌ എപ്പോഴും പേറ്റുനോവാണ്‌.

ഓണക്കാലത്തിന്റെ വരവറിയിച്ചാണ്‌ ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങള്‍ അണിഞ്ഞൊരുങ്ങുന്നത്‌. തമിഴ്‌നാട്ടിലെ വന്‍കിട പെയിന്റ്‌ കമ്പനികള്‍ ഗുണ്ടല്‍പേട്ടയിലെ ഗ്രാമീണര്‍ക്കു ജണ്ട്‌മല്ലിയുടെ വിത്തുകള്‍ നല്‍കി വിതയ്‌ക്കാനായി സൗകര്യമൊരുക്കും. പൂവിടര്‍ന്നാല്‍ വിളവെടുത്ത്‌ ചാക്കില്‍നിറച്ച്‌ വെച്ചാല്‍ മതി, കമ്പനിയുടെ ആളുകളെത്തി തൂക്കം നോക്കി ലോറിയില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക്‌ കടത്തും. ഒരു കിലോ പൂവിന്‌ മൂന്നുരൂപാ എണ്‍പതു പൈസയാണ്‌ കര്‍ഷകന്‌ ലഭിക്കുക. വളത്തിനും കീടനാശിനിയ്‌ക്കുമുള്ള കാശ്‌ ഇതില്‍നിന്നു പിടിക്കുകയും ചെയ്യും. പൂ വിതച്ചാല്‍ പിന്നെ പാടത്തെ കാര്യങ്ങള്‍ നോക്കാന്‍ കര്‍ഷകര്‍ക്കൊപ്പം കമ്പനിയുടെ മാനേജര്‍മാരുമുണ്ടാകും. ഓണക്കാലമാകുമ്പോഴേക്കും അഞ്ചാറുതവണ പൂപ്പാടങ്ങളില്‍ വിളവെടുപ്പ്‌ നടത്തിക്കഴിഞ്ഞിരിക്കും. ബാക്കി വരുന്ന പൂവുകളാണ്‌ ഓണക്കാലത്ത്‌ കേരളത്തിലേക്കു കടത്താനായി മാറ്റിവയ്‌ക്കുന്നത്‌.

മൂന്നുരൂപാ എണ്‍പതുപൈസയ്‌ക്കു കമ്പനി നല്‍കുന്ന ഒരു കിലോ പൂവിന്‌ കേരള വിപണിയില്‍ ഓണക്കാലത്ത്‌ മോഹവിലയാണ്‌. അപ്പപ്പോള്‍ പറയുന്നതാണ്‌ വില. കിലോയ്‌ക്കു മൂന്നുറിലേറെവരെ വില ഉയരാറുണ്ട്‌.

വിളവെടുപ്പിന്റെ തകൃതിയില്‍ സജീവമായ ഗുണ്ടല്‍പേട്ടയിലെ പാടങ്ങളിലായിരുന്നു ഹള്ളികളിലെ സ്‌ത്രീകളൊക്കെയും. നൂറു മുതല്‍ നൂറ്റമ്പതു രൂപ വരെയാണ്‌ ദിവസക്കൂലി. ജെണ്ടുമല്ലിയുടെ ഞെട്ടടര്‍ത്തി അരയില്‍ കെട്ടിയ ചാക്കിലേക്കു നിറയ്‌ക്കുകയാണ്‌ ഹള്ളിയിലെ പെണ്ണുങ്ങള്‍ക്കുള്ള പണി. പൂപ്പാടങ്ങളില്‍നിന്നു തലയിലേറ്റി എത്തിച്ച ചാക്കുകെട്ടുകള്‍ ലോറിയില്‍ കയറ്റിയയ്‌ക്കും.

ഇവിടെ നിന്ന്‌ പൂവ്‌ വാങ്ങണമെങ്കില്‍ ഏജന്റുമാരുടെ ഇടനില നിര്‍ബന്ധം. പത്തിരുപതോളം ഏജന്റുമാരുണ്ട്‌ വേരമ്പാടി ഹള്ളിയില്‍. കോഴിക്കോട്‌ പാളയം മാര്‍ക്കറ്റിലേക്കു വര്‍ഷങ്ങളായി പൂക്കളെത്തിക്കുന്ന സിദ്ധന്‍ എന്ന ഏജന്റ്‌ ഓണവിപണിയെ കുറിച്ച്‌ വാചാലനായി. പറയുന്ന വിലകിട്ടുന്ന കേരളത്തിലെ ഓണക്കാലം ഇവര്‍ക്കു ചാകരയാണ്‌.

ഓര്‍മയില്‍ ഗ്രാമനന്മയുടെ പൂക്കളം

ഇന്ന്‌ പൂക്കളം കേവലം വര്‍ണ്ണകാഴ്‌ചകളായി. ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങളില്‍നിന്നു ചാക്കില്‍ കുത്തിനിറച്ചു കടത്തിവിടുന്ന പൂക്കള്‍ വാങ്ങി ഇതളടര്‍ത്തി ഒരുക്കുന്ന കാഴ്‌ചവട്ടം മാത്രം. എന്നാല്‍ മുമ്പ്‌ പാടവും പറമ്പും കയറിയിറങ്ങി പൂവിറുത്ത്‌ പൂക്കളം തീര്‍ക്കലിന്റേയും പൂവിളിപ്പാട്ടുണര്‍ന്ന പ്രഭാതങ്ങളുടേയും ഉത്സവകാഴ്‌ചയായിരുന്നു പഴമക്കാര്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌. പൂവിളിപാട്ടും പൂ തേടലും കേവലം ഒരനുഷ്‌ഠാനം മാത്രമായിരുന്നില്ല; അത്‌ സസ്യവിജ്‌ഞാന രേഖകളെ പുതുതലമുറയ്‌ക്ക് കൈമാറുന്നതിനുള്ള ഗ്രാമീണ ഇടപെടല്‍ കൂടിയായിരുന്നു. വീട്ടുമുറ്റത്തെ മണമില്ലാത്ത പൂക്കള്‍ വിടരുന്ന പൂന്തോട്ടമൊക്കെ അന്യമായ അക്കാലത്ത്‌ നാട്ടിന്‍പുറത്തെ പൂവുകളെ തിരിച്ചറിഞ്ഞു പറിച്ചെടുക്കാനുള്ള ശ്രമകരവും വിജ്‌ഞാനപ്രദവുമായ പരീക്ഷണപ്പുലരികള്‍. നാടിന്റെ ഉള്ളറിഞ്ഞ്‌, മണ്ണിന്റെ മണമണിഞ്ഞ്‌ പുലരികള്‍ തേടിയ നിറബാല്യം.

ഓരോ നാടിനും തനതായ ജൈവ വൈവിദ്ധ്യത്തെ തിരിച്ചറിഞ്ഞു പരിചയപ്പെടാനുള്ള അവസരമായിരുന്നു അന്നത്തെ പൂക്കളം തീര്‍ക്കല്‍. പൂക്കളുടെ വലയത്തിനും നിറഭേദങ്ങള്‍ക്കും ചിട്ടയായ കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ജൈവവൈവിധ്യ സമ്പത്തിനൊപ്പം നാട്ടുവൈദ്യ സംസ്‌കൃതിയുടെ നേര്‍ചിത്രങ്ങള്‍ കൂടിയായിരുന്നു അന്നത്തെ പൂക്കളവും കളത്തിലുണര്‍ന്ന ഓരോപൂക്കളും.

എന്നാല്‍ ഇന്ന്‌ പാരമ്പര്യത്തിന്റെ ശീലങ്ങള്‍ വലിച്ചെറിഞ്ഞ കൂട്ടത്തില്‍ പൂവിളിയും പൂക്കൊട്ടയും മറഞ്ഞു. ആധുനിക ജീവിതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപ്പൊലിമ നാം വാരിച്ചുറ്റി. ചാനലുകള്‍ വിളമ്പുന്ന ഓണസദ്യയോട്‌ പ്രിയമേറി. ഓണസദ്യയും പുത്തന്‍വസ്‌ത്രങ്ങളും പിന്നെ ബീവറേജസില്‍നിന്നു പൊതിഞ്ഞുകിട്ടുന്ന വിദേശമദ്യവും മാത്രമായി ആധുനികതയുടെ സ്വന്തമായ ഓണയിനങ്ങള്‍. മണ്ണില്‍നിന്ന്‌ നാമകന്നപ്പോള്‍ പ്രകൃതിയോടുള്ള ആദരവും നഷ്‌ടമായി. കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്‌ക്ക് അനുദിനം ആക്കം കൂടി വിലക്കയറ്റത്തില്‍ നാം ശ്വാസംമുട്ടുമ്പോള്‍ ഗുണ്ടല്‍പേട്ടയിലെ ഹള്ളികളിലെ കാഴ്‌ച നമുക്കുള്ള പാഠംകൂടിയാണ്‌.

ഗുണ്ടല്‍പേട്ട നല്‍കുന്ന പാഠം

നടുവുയര്‍ന്ന്‌ ഇറതാഴ്‌ന്ന ഓടുമേഞ്ഞ ചെറുവീടുകള്‍ നിറഞ്ഞതാണ്‌ ഗുണ്ടല്‍പേട്ടയിലെ ഹള്ളികള്‍. തൊട്ടുരുമ്മി കഥപറഞ്ഞാണ്‌ കൂരകളത്രയും. കൂട്ടംതെറ്റി പരുങ്ങിനില്‍ക്കുംപോലെയാണ്‌ അപൂര്‍വ്വമായി കാണുന്ന കോണ്‍ക്രീറ്റ്‌വീടുകള്‍. കൃഷിയിടങ്ങളിലൊന്നും വീടുകള്‍ കാണില്ല. ഹള്ളികളിലൊന്നുംതന്നെ ചെമ്മണ്‍പാതകളില്ല. ടാറുപൂശി കറുപ്പിച്ച വീതികുറഞ്ഞ പരുക്കന്‍ നിരത്തുകള്‍ മാത്രം. നിരത്തിലൂടെ വല്ലപ്പോഴും നീങ്ങുന്ന കാളവണ്ടികള്‍. റോഡിനിരുവശവും നോട്ടമെത്താത്ത അകലത്തില്‍ പരന്നുകിടക്കുന്ന വയലേലകള്‍.

വേരമ്പാടി ഹള്ളിയില്‍നിന്ന്‌ നീളുന്ന റോഡിനൊരുവശത്ത്‌ കാബേജ്‌ വിളവെടുപ്പാണ്‌. നോക്കെത്താ ദൂരത്ത്‌ പരന്നുകിടക്കുന്ന കാബേജ്‌ പാടത്ത്‌ കൊയ്‌ത്തിനിറങ്ങിയ സ്‌ത്രീപുരുഷന്‍മാര്‍. നിലംപറ്റിയ കാബേജ്‌ ചെടികളില്‍ വിടര്‍ന്ന്‌കൂമ്പിയ ഇലവട്ടങ്ങള്‍ കൊയ്‌തെടുത്ത്‌ അടുക്കിവയ്‌ക്കുകയാണവര്‍. പാടത്തിനരികിലെ ഓലമറച്ച ചായ്‌പ്പില്‍ ചൂടിക്കട്ടിലില്‍ ചമ്രംപടിഞ്ഞിരുന്ന ചീര്‍ത്തുതടിച്ചരൂപമാണ്‌ ഗോപാലപ്പ- കാബേജ്‌ തോട്ടത്തിന്റെ മുതലാളി. ഇത്തവണ മഴ നന്നായി കിട്ടിയതിനാല്‍ കാബേജിന്‌ നല്ലവിളവായെന്ന്‌ പുകയിലകറപിടിച്ച പല്ലുകള്‍ വെളുക്കെചിരിച്ച്‌ തനികന്നഡയില്‍ ഗോപാലപ്പ പറഞ്ഞു.

റോഡിനു മറുഭാഗത്ത്‌ മഞ്ഞളും ബീറ്റ്‌റൂട്ടും വഴുതിനയും വിളഞ്ഞു നില്‍ക്കുന്നു. മുന്നോട്ടുനീങ്ങവെ, ഇഞ്ചിത്തോട്ടങ്ങള്‍ കണ്ടു. കാരറ്റും തുവരയും എന്നുവേണ്ട കാര്‍ഷികവിളകളെല്ലാംതന്നെ റോഡിനിരുവശങ്ങളിലും വിളഞ്ഞുനില്‍പ്പാണ്‌. മറ്റൊരു പാടത്ത്‌ സൂര്യവട്ടത്തില്‍ മഞ്ഞച്ച ചിരിയുമായി തലയാട്ടി മൊഴിഞ്ഞ്‌ സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞുണര്‍ന്ന പാടം. മറ്റൊരിടത്ത്‌ കരിഞ്ഞുണങ്ങിയ സൂര്യകാന്തി പൂക്കളില്‍നിന്ന്‌ അരിമണി ശേഖരിച്ച്‌ പതിരുനീക്കി എണ്ണയ്‌ക്കായി ചാക്കില്‍കെട്ടി മാറ്റിവയ്‌ക്കുന്ന കര്‍ഷകര്‍.

ഇടതൂര്‍ന്ന്‌ നിഗൂഢതവഴിയുന്ന കരിമ്പിന്‍തോട്ടങ്ങള്‍ കടന്ന്‌ കിലോമീറ്ററുകള്‍ക്കകലെ ദേവരഹള്ളിയ്‌ക്ക് സമീപത്താണ്‌ മഞ്‌ജുനാഥിന്റെ കൃഷിതോട്ടം. ചെറിയ ഉള്ളി പറിച്ചെടുത്ത്‌ മണ്ണ്‌നീക്കി ചാക്കില്‍നിറയ്‌ക്കുകയാണ്‌ പണിക്കാരു സ്‌ത്രീകള്‍. പത്തേക്കര്‍ വരുന്ന കൃഷിതോട്ടത്തിന്‌ ഉടമയാണ്‌ മഞ്‌ജുനാഥ്‌. ഒരു സെന്റ്‌ പോലും വെറുതെയിടില്ല. വിവിധതരം വിത്തുകള്‍ വിതച്ച്‌ നൂറുമേനി വിളവുകൊയ്യുന്ന പത്താംതരത്തില്‍ പഠിപ്പുനിര്‍ത്തിയ മഞ്‌ജുനാഥിന്‌ ഒരു സീസണില്‍ ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷംവരെ ലാഭം ലഭിക്കുന്നുണ്ടത്രെ. നഷ്‌ടക്കണക്കുകള്‍ നിരത്തി ആത്മഹത്യയില്‍ അഭയംതേടുന്ന നമ്മുടെ കാര്‍ഷിക ജനത ശ്രദ്ധിച്ചുകേള്‍ക്കേണ്ട ലാഭക്കണക്കാണിത്‌.

മജ്‌ഞുനാഥിന്റെ മാത്രം അനുഭവമല്ലിത്‌. ഇവിടെ ആര്‍ക്കും നഷ്‌ടക്കണക്കുകള്‍ നിരത്താനില്ല. ഹള്ളികളില്‍ പണിത്തഴമ്പും മണ്ണിന്റെ മണവുമില്ലാത്ത ആരുമില്ല. 90 ശതമാനവും കാര്‍ഷികമേഖലയുമായി ബന്ധപ്പെടുന്നവര്‍. സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയാലും ശരി മണ്ണിന്റെ മണം മറക്കാത്ത ജനത. നമ്മുടെ വൈറ്റ്‌ കോളര്‍ ചിന്തയ്‌ക്ക് ഒരിക്കലും മനസിലാക്കാനാവാത്ത നിലപാടുതറ. 25 കിലോമീറ്ററോളം സഞ്ചരിച്ച്‌ നഞ്ചന്‍കോട്ടെത്തിയപ്പോള്‍ അവിടെ ചുവന്നുതുടുത്ത തക്കാളിപ്പാടങ്ങള്‍. ഉരുളക്കിഴങ്ങിന്റെ വിളസമൃദ്ധി. സവാള വിളവെടുത്ത്‌ പുതുകുഷിയ്‌ക്കായി കാളപൂട്ടുന്ന വയലേലകള്‍.

നമ്മെ പോലെ കര്‍ഷരോട്‌ മുഖംതിരിക്കുന്ന നിലപാടല്ല അവിടത്തെ സര്‍ക്കാറിന്‌. തവണതെറ്റിയാല്‍ വൈദ്യുതി വിച്‌ഛേദിക്കാന്‍ കാത്തുനില്‍ക്കുന്ന ബോര്‍ഡുമില്ല. ഇവിടെ കൃഷിയിടങ്ങളില്‍ കര്‍ഷകന്‌ വൈദ്യുതിയും വെള്ളവും സൗജന്യമാണ്‌. പാടത്തിനരികെ വീതിയേറി ആഴം കുറഞ്ഞ കുളംകുത്തി വെള്ളം സംഭരിച്ച്‌ നാലുപാടുമെത്തിച്ചാണ്‌ നനയ്‌ക്കുന്നത്‌. വളവും വിത്തും ഉപദേശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സജീവമാണെന്നു കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളമാണിവരുടെ പ്രധാനവിപണി.

മണ്ണില്‍ നിന്ന്‌ മനസകന്നെങ്കിലും ഓണത്തെ നാമിനിയും മറന്നിട്ടില്ല. ഓണമെന്ന മധുരസങ്കല്‍പ്പം മലയാളികളുടെ ആഹ്‌ളാദമായിട്ട്‌ കാലമെത്രയോ കഴിഞ്ഞു. ഇനിയെത്രകാലംകഴിഞ്ഞാലും അത്തച്ചമയ ഘോഷയാത്രയും മാവേലി വേഷവുമൊക്കെയായി മലയാളിയും മലയാളവുമുള്ള കാലത്തോളം ഓണവുമുണ്ടാകും. സമൃദ്ധിയുടെ മധുരസ്വപ്‌നങ്ങള്‍ കാത്തുവയ്‌ക്കുമ്പോള്‍ നമുക്കായി പൂക്കളൊരുക്കിയും പച്ചക്കറി വിളയിച്ചും ഗുണ്ടല്‍പേട്ടയും കൂടെയുണ്ടാകും. അതുകൊണ്ട്‌തന്നെ നമുക്കിത്തവണയും ആശങ്കകക്കുറിച്ച്‌ പരിഹാരമില്ലാത്ത നെടുങ്കന്‍പ്രഭാഷണങ്ങള്‍ നടത്തുകയുമാകാം.... ഹാപ്പി ഓണം.

ജിനേഷ്‌ പൂനത്ത്‌

No comments:

Post a Comment