Sunday, August 22, 2010

എന്റെയുള്ളിലെ നായിക



കോട്ടയ്‌ക്കല്‍ ശിവരാമന്‍ എന്നാല്‍ കഥകളി പ്രേമികള്‍ക്കു സ്‌ത്രീവേഷം തന്നെയാണ്‌. പ്രത്യേകിച്ചും കുടമാളൂരിന്റെയും കൃഷ്‌ണന്‍നായരുടെയും. വളരെ അധികം കീര്‍ത്തിപ്പെട്ട സ്‌ത്രീവേഷങ്ങള്‍ ഒക്കെ കാണാതെ കേള്‍ക്കുക മാത്രം ചെയ്‌തവര്‍ക്ക്‌... എന്നെപ്പോലെയുള്ളവര്‍ക്ക്‌.

ശിവരാമന്‍ അന്തസത്തയില്‍ സ്വന്തം അമ്മാവനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ്‌ പിന്തുടര്‍ന്നത്‌. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവ ഗതിക്ക്‌ അനുയോജ്യമല്ലാത്ത ഭാവസ്‌ഫുരണമോ സ്വീകരിച്ചിട്ടേയില്ല.

കഥകളി ആസ്വാദകര്‍ക്കിടയില്‍ വെള്ളംപോലെ തെളിഞ്ഞ, കല മുന്‍പ്‌ എന്ന ആസ്വാദന രീതി ദുര്‍ലഭമാണ്‌. ഒരുപാടു മുന്‍ധാരണകളും ഗ്രൂപ്പുവഴക്കുകളുമൊക്കെ ആസ്വാദര്‍ക്കിടയിലുണ്ട്‌. കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപി, ഉണ്ണികൃഷ്‌ണക്കുറുപ്പ്‌ എന്നിങ്ങനെ പലര്‍ക്കുവേണ്ടിയും ഘോരഘോരം വാദിക്കും.

ഏതു ഗ്രൂപ്പിനും ശിവരാമന്റെ കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു. പഴയ ചില സ്‌ത്രീവേഷക്കാരുടെ പേരു കേട്ടിട്ടുണ്ട്‌. പിന്നീട്‌ കലാമണ്ഡലം കൃഷ്‌ണന്‍ നായര്‍ തന്നെയാണ്‌ എല്ലാം തികഞ്ഞ സ്‌ത്രീവേഷക്കാരന്‍ ആയിരുന്നത്‌. പക്ഷെ പോകെപ്പോകെ ആകാരഗാംഭീര്യം മൂലം കൃഷ്‌ണന്‍നായര്‍ക്ക്‌ സ്‌ത്രീവേഷങ്ങള്‍ പറ്റാതായത്രേ. പിന്നെ കുടമാളൂര്‍ കരുണാകരന്‍. കുടമാളൂരിന്റെ ഔചിത്യഭാസുരവും അന്തസാര്‍ന്നതുമായ സ്‌്ത്രീവേഷത്തിനു ശേഷം ശിവരാമനാണ്‌ ആട്ടക്കഥകളിലെ പെണ്ണിന്റെ ഭാഗം തിളക്കിയത്‌. മറ്റുവേഷങ്ങളും ശിവരാമന്‍ കെട്ടിയിരുന്നു. ഞാന്‍ ശിവരാമന്റെ കൃഷ്‌ണനും കരിവേഷവും കണ്ടിട്ടുണ്ട്‌. പിന്നെ കണ്ടിട്ടുള്ള വേഷങ്ങള്‍ ഏതു കഥകളി പ്രേമിക്കും അറിയാവുന്നവ തന്നെ. എങ്കിലും ഓര്‍ത്തെടുത്ത്‌ എഴുതാന്‍ ഒരു വേദനയുള്ള സുഖം.

കാരണം ഒരുപാടു ദിക്കുകള്‍, കളികള്‍, ഗായകര്‍, ചെണ്ട-മദ്ദളം കലാകാരന്മാര്‍ അവരുടെയൊക്കെ നിലനില്‍പ്പുകളെന്നാല്‍ അതിന്റെ ഭാഗമാണല്ലോ. നീലകണ്‌ഠന്‍ നമ്പീശന്‍, പൊതുവാള്‍മാര്‍, കുറുപ്പാശാന്‍, രാമന്‍കുട്ടിവാര്യര്‍, അച്യുത പൊതുവാള്‍, ചന്ദ്രമന്നാഡിയാര്‍, കലാമണ്ഡലം ഗംഗാധരന്‍, ശങ്കരന്‍ എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങിയെത്രെയെത്ര പേര്‍... അവര്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞവരോ ഇപ്പോഴും അരങ്ങത്തു സജീവമായി ഉള്ളവരോ എന്നു പലപ്പോഴും ഓര്‍മ വരാറില്ല.

ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, വെങ്കിടകൃഷ്‌ണ ഭാഗവതര്‍, മൂത്തമന, വെങ്കിച്ചസ്വാമി, ആശാരിക്കോപ്പന്‍ എന്നിവരുംകൂടി മിത്തിന്റെ രൂപത്തിനുള്ളില്‍ വരും. മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയുംപോലെ കഥകളി ആസ്വാദകരുടെ മനസില്‍ പകുതി സ്വപ്‌നവും പകുതി യാഥാര്‍ഥ്യവുമാകും. ഒരുപാട്‌ ഐതിഹ്യങ്ങള്‍ പ്രചരിക്കും. സിനിമ, സാഹിത്യം, പാട്ട്‌, ചിത്രകല, രാഷ്ര്‌ടീയം എന്നിവപോലെ കഥകളിയും ആസ്വാദകര്‍ക്കിടയില്‍ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ടെന്നര്‍ത്ഥം.

കോട്ടയ്‌ക്കല്‍ ശിവരാമന്റെ ദമയന്തി (നാലുദിവസങ്ങള്‍), ദ്രൗപദി (ദുര്യോധന വധത്തിലെ പാഞ്ചാലിയാണതില്‍ ഏറ്റവുമുള്ളില്‍), സൈരന്ധ്രി, സീത, കുന്തി, സതി, പൂതന, മോഹിനി, ഉര്‍വശി, കിര്‍മീര വധത്തിലെ ലളിത, കാട്ടാളത്തി, രംഭ.... ഓരോ വേഷവും ഉള്ളില്‍ ഉണ്ട്‌. എന്‍.വി. കൃഷ്‌ണവാര്യരുടെ ചിത്രാംഗദ അരങ്ങേറിയപ്പോള്‍ ചിത്ര, ശിവരാമനായിരുന്നുവെന്നും. അത്‌ വളരെ നന്നായിരുന്നുവെന്നും എന്റെ അച്‌ഛന്‍ പറഞ്ഞ്‌ അറിയാം. കുഞ്ഞുനായരാശാനാണ്‌ അത്‌ ചിട്ടപ്പെടുത്തിയത്‌. ചിത്രയുടെ ഭാവമാറ്റങ്ങള്‍ അനായാസമായി ശിവരാമന്‍ ഉള്‍ക്കൊണ്ടു. കലാമണ്ഡലം ഗംഗാധരനായിരുന്നു പാടിയിരുന്നത്‌. പാട്ട്‌ ഇപ്പോഴും കേള്‍ക്കാന്‍ പറ്റും. ഒളപ്പമണ്ണയുടെ അംബ ഞാന്‍ തന്നെ കലാമണ്ഡലത്തില്‍ വച്ചു കണ്ടിട്ടുണ്ട്‌. ഗോപിയാശാന്റെ സാല്വനും രാമന്‍കുട്ടിയാശാന്റെ ഭീഷ്‌മരും അങ്ങനെ... അതും പിന്നെ കണ്ടിട്ടില്ല. എങ്കിലും മനസ്സില്‍ ഉണ്ട്‌.

ദക്ഷയാഗത്തിലെ സതി, കീചകവധത്തിലെ സൈരന്ധ്രി, നാലാം ദിവസത്തിലെ ദമയന്തി എന്നിവയാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ട വേഷങ്ങള്‍. ലവണാസുരവധത്തിലെ സീതയും അങ്ങനെതന്നെ. കീചകന്‍ ഹനുമാന്‍ ഇവ രാമന്‍കുട്ടിയാശാനും നാലാം ദിവസത്തിലെ ബാഹുകന്‍ ഗോപിയാശാനും തന്നെ ആവണം.

കുഞ്ചുനായരുടെ ശിഷ്യനായി ഗ്രഹിച്ച കലാപാടവം ഓരോ ചലനത്തിനെയും സുന്ദരമാക്കും. പട്ടിക്കാംതൊടി ആ കഥാപാത്രമാവുന്നതില്‍ തപസു പോലത്തെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു എന്നു കേട്ടിട്ടുണ്ട്‌. അറിവു കലാപരമായ സര്‍ഗാത്മകത ആവുന്ന നിമിഷം. ശിവരാമന്‍ മദ്യപാനത്തില്‍ മുഴുകിയിരുന്ന നാളുകളില്‍പോലും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക്‌ വിസ്‌മയകരമായി കൂടുമാറിയുന്നു. കൂട്ടുവേഷക്കാരന്‍ അനൗചിത്യം കാട്ടിയാലും അദ്ദേഹം പിന്തുടര്‍ന്നിരുന്നുമില്ല.

ശിവരാമന്‍ അരങ്ങത്തുണ്ടെങ്കില്‍ ചൊല്ലിയാട്ടത്തികവ്‌, മുദ്രക്കൈകളുടെ വെടിപ്പ്‌ തുടങ്ങി ആസ്വാദകര്‍ തലയാട്ടുന്ന സൂക്ഷ്‌മ സൗന്ദര്യങ്ങള്‍ക്കുമപ്പുറം മനസു പറക്കും. സ്‌ത്രീകളായ എന്നെപ്പോലുള്ളവര്‍ക്ക്‌ ഉള്ളലിവു തോന്നും എതു വേഷത്തോടും. എന്താണീ മനസിനെ ശിവരാമനോടടുപ്പിക്കുന്ന സവിശേഷത എന്ന്‌ ഞാന്‍ പലകുറി ആലോചിട്ടുണ്ട്‌. സ്‌ത്രീമനസിലെ വൈകാരിക വിക്ഷുബ്‌ധതകള്‍ പിടിച്ചെടുത്ത അഭിനയരീതി തന്നെ. ഒന്നാം ദിവസത്തില്‍ നാം ദമയന്തിയെ ആദ്യം കാണുമ്പോള്‍ അനുരാഗത്തില്‍പ്പെട്ട ഒരു കന്യക... അര്‍ണ്ണവം തന്നിലല്ലോ... എന്ന ഉറപ്പുള്ള പ്രണയിനി, ഈശ്വരന്മാര്‍ അതിനീചമായി തുടങ്ങാമോ എന്ന്‌ അവരോടും കയര്‍ത്തവള്‍, സ്വയംവര സദസില്‍ മനസാവാചാ വപുഷാ നളനെ മാത്രമേ സ്വീകരിക്കൂ എന്ന ഉറപ്പുള്ള ധീര....

ഒന്നാം ദിവസം തുടങ്ങി നാലാംദിവസം അവസാനംവരെ നമ്മള്‍ ദമയന്തിയുടെ ഒപ്പം സഞ്ചരിക്കും. അന്തസുള്ളവള്‍ അഭിമാനിനി എന്ന്‌ മാത്രമല്ല സ്വന്തമായ മനസും വികാരലോകവും ഉള്ളവള്‍. അതാണു ശിവരാമന്റെ ദമയന്തി. ഉണ്ണായിവാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ പുതിയ ലോകത്തില്‍ തന്റെ ദമയന്തിയെ കണ്ട്‌ ആഹ്ലാദിച്ചേനെ. കാണാനുള്ള ശ്രീയല്ല ഉള്ളില്‍ നിന്നു പ്രസരിക്കുന്ന ചൈതന്യമാണ്‌ ശിവരാമന്റെ സവിശേഷത. നല്ല സാഹിത്യമാണ്‌ നല്ല നായികയെ സൃഷ്‌ടിച്ചത്‌. ദേവയാനി, സതി തുടങ്ങിയ ഇതുപോലെ വൈകാരിക സങ്കീര്‍ണതകളുള്ള സ്‌ത്രീകള്‍ അത്രകണ്ട്‌ ആഴപ്പെടാഞ്ഞത്‌ ആട്ടക്കഥാകാരന്റെ കുഴപ്പമല്ലേ?

1999-ലോ മറ്റോ തൃശൂരില്‍ സ്‌ത്രീനാടകപ്പണിപ്പുര നടന്നപ്പോല്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പറ്റാവുന്നത്ര പുസ്‌തകങ്ങള്‍ വായിക്കാനും പുരാണകഥകള്‍ പിന്തുടരാനും ഇതിഹാസാധിഷ്‌ഠിത നോവലുകള്‍ വായിക്കാനുമൊക്കെ അദ്ദേഹം ശ്രദ്ധവെച്ചിരുന്നുവെന്നു മനസിലായി. സ്‌ത്രീമനസ്‌ അറിയാന്‍ ശ്രമിച്ചിരുന്നു. പുതിയ ലോകത്തിലെ അഭിമാനിനിയായ സ്‌ത്രീയായി ഇന്നും ഇദ്ദേഹത്തിന്റെ ദമയന്തി, സീത, സൈരന്ധ്രി ഒക്കെ നമ്മുടെയുള്ളില്‍ ഉണ്ടാവുന്നത്‌ അതാവാം.

ഒരു കലയും ഒരാളെമാത്രം ഓര്‍ത്തെടുത്ത്‌ അടച്ചുവയ്‌ക്കാന്‍ പറ്റില്ല. ഒരൊഴുക്കാണ്‌ അത്‌. മിത്തുകള്‍, സ്വപ്‌നങ്ങള്‍, നേരും നുണയും കൂടിക്കലര്‍ന്നുണ്ടായ മാന്ത്രിക രാത്രിലോകം. അതാണു കഥകളിയുടെ ആവിഷ്‌കാരം, ആസ്വാദനം എന്നിവയിലെ ആനന്ദ ഘടകം. തപസ്‌, കര്‍ശനമായ അഭ്യാസം എന്നിവയെ പൂര്‍ണ്ണമാക്കുന്ന ഒരു മൗലികതാ സ്‌പര്‍ശം. കോട്ടയ്‌ക്കല്‍ ശിവരാമന്‍ ആ ലോകത്തുണ്ട്‌.

വി. എം. ഗിരിജ

തകര്‍ച്ചയില്‍ തളരാത്ത കര്‍ഷക വീര്യം


യഥാര്‍ഥ കര്‍ഷകന്‍ ആരായിരിക്കണം...? ഈ ചോദ്യം ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ പണ്ടാരക്കാട്ടില്‍ വീട്ടില്‍ കെ.എ. അഹമ്മദ്‌കുട്ടിയെന്ന ഉമ്മറിനോടാണു ചോദിക്കുന്നതെങ്കില്‍ ഉത്തരം ഒന്നേയുളളു, പ്രതികൂലസാഹചര്യങ്ങളില്‍ മണ്ണിനോടും മനസിനോടും പടവെട്ടി നില്‍ക്കുന്നവനാകണം. കര്‍ഷക ആത്മഹത്യകള്‍ വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്ന ഈ കാലത്ത്‌ ഈ വാക്കുകളിലെ നിശ്‌ചയദാര്‍ഢ്യം സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച ശുദ്ധജല കര്‍ഷകനുള്ള പുരസ്‌കാരമാണ്‌ അഹമ്മദ്‌കുട്ടിക്കു നേടിക്കൊടുത്തത്‌.

കേരളത്തിലെ മറ്റുകര്‍ഷകരുടെതെന്നപോലെ അഹമ്മദ്‌കുട്ടിയുടെ ജീവിതവും കല്ലും മുളളും നിറഞ്ഞ പാതയിലൂടെയായിരുന്നു. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദ്‌കുട്ടി 1975ല്‍ വിദേശരാജ്യങ്ങളിലേക്കു സമുദ്രോല്‍പ്പന്ന സംസ്‌കരണ കയറ്റുമതി ആരംഭിച്ചു. നല്ലരീതിയില്‍ തുടങ്ങിയ ഈ വ്യവസായത്തിലും അഹമ്മദ്‌കുട്ടി തന്റെ പ്രതിഭയുടെ വെന്നിക്കൊടി പാറിച്ചു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കു കയറ്റുമതി വ്യവസായം തഴച്ചുവളര്‍ന്നു.

എന്നാല്‍ കാര്യങ്ങള്‍ പിന്നീട്‌ കുഴഞ്ഞുമറിയുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. 25 കോടിയുടെ കയറ്റുമതി നടന്നിരുന്ന വ്യവസായം അസംസ്‌കൃതവസ്‌തുക്കളുടെ ദൗര്‍ലഭ്യം നേരിട്ട്‌ 1992 മുതല്‍ തകര്‍ന്നുതുടങ്ങി. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇന്ത്യയില്‍ നിന്നുളള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക്‌ അധിക നികുതി ഏര്‍പ്പെടുത്തിയതോടെ 2003ല്‍ തകര്‍ച്ച പൂര്‍ണമായി. അതോടെ എക്‌സ്പോര്‍ട്ടിംഗ്‌ യൂണിറ്റുകള്‍ ഓരോന്നായി വിറ്റ്‌ കടബാധ്യത തീര്‍ക്കേണ്ടിവന്നു.

ഭീമമായ സാമ്പത്തികത്തകര്‍ച്ചയിലും തന്നിലെ കര്‍ഷകന്റെ മനസാന്നിധ്യം വീണ്ടെടുത്ത അഹമ്മദ്‌കുട്ടി കുടുംബസ്വത്തായി കിട്ടിയ 18 ഏക്കര്‍ നെല്‍പ്പാടത്ത്‌ മൂന്നേക്കറില്‍ ശുദ്ധജലമത്സ്യക്കൃഷി ആരംഭിക്കുകയായിരുന്നു. ചേര്‍ത്തല കാര്‍ഡ്‌ ബാങ്കില്‍ നിന്നും വായ്‌പ എടുത്താണ്‌ കൃഷിക്കാവശ്യമായ തുക കണ്ടെത്തിയത്‌.

ഫിഷറീസ്‌ വകുപ്പില്‍നിന്നു സൗജന്യമായി കിട്ടിയ ആറായിരം ശുദ്ധജലമത്സ്യക്കുഞ്ഞുങ്ങളില്‍നിന്നാണ്‌ കൃഷി ആരംഭിച്ചത്‌. റോഹു, കട്‌ല, മൃണാല്‍ ഇനത്തില്‍പ്പെട്ട ശുദ്ധജലമത്സ്യങ്ങള്‍ക്കൊപ്പം നാടന്‍ ഇനങ്ങളായ വരാല്‍, കരിമീന്‍ എന്നിവയും കൃഷിചെയ്യുന്നു. ശുദ്ധജലകൃഷിയോടനുബന്ധിച്ചു കടല്‍വെള്ളത്തില്‍ ചെമ്മീന്‍ കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്‌.

കൃഷിചെയ്‌ത ഉല്‍പന്നങ്ങള്‍ക്ക്‌ എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ തുടങ്ങിയ പ്രാദേശിക മാര്‍ക്കറ്റുകളിലാണ്‌ വിപണി കണ്ടെത്തുന്നത്‌.

കൃഷിയുടെ രണ്ടര ശതമാനം ഇപ്പോള്‍ത്തന്നെ വിറ്റുപോയി. തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളെപോലെ കാണുന്ന അഹമ്മദ്‌കുട്ടി വിറ്റുവരവിന്റെ 20 ശതമാനവും അവര്‍ക്കു കൊടുക്കുന്നു. കൂടാതെ മത്സ്യം പിടിക്കുന്ന സമയത്ത്‌ അധിക വേതനവും കൊടുക്കുന്നു.

അതുകൊണ്ടുതന്നെ തന്റെ കൃഷിയിടത്തിലെ തൊഴിലാളികള്‍ വളരെ സന്തോഷവും സാമ്പത്തിക ഭദ്രതയും ഉള്ളവരാണെന്ന്‌ ഈ കര്‍ഷകന്‍ ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ പറയുന്നു. ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കേരളത്തില്‍ ഉള്‍നാടന്‍ ശുദ്ധജലമത്സ്യക്കൃഷിയില്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്ന്‌ അഹമ്മദ്‌കുട്ടി സാക്ഷ്യപ്പെടുത്തുന്നു. മത്സ്യം വളരുന്ന കാലയളവില്‍ ഇവയെ പരിപാലിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ സ്‌റ്റൈപ്പന്റ്‌ പോലെ എന്തെങ്കിലും ആനുകൂല്യം കൊടുക്കണമെന്നാണ്‌ ഇദ്ദേഹത്തിന്റെ ആവശ്യം.

ഇളയമകന്‍ ഷിയാസാണ്‌ പുതിയ തൊഴിലിടങ്ങളില്‍ സഹായവും ധൈര്യവും പകരുന്നത്‌. ഭാര്യ: ഹഫ്‌സ. മറ്റുമക്കള്‍: ഷീബ(ദുബായ്‌), ഷൈന(ബംഗളുരു), ഷാനവാസ്‌(മസ്‌ക്കറ്റ്‌).

അനൂപ്‌ വൈക്കപ്രയാര്‍

മുരളി ആര്‍ദ്രമാം സൗഹൃദം



1999ലാണ്‌. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ ആരാവണമെന്ന ചര്‍ച്ച മുന്നണികളില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം വി.എസ്‌. അച്യുതാനന്ദന്റെ കാര്‍ ആലപ്പുഴയിലെ എന്റെ വീട്ടുമുറ്റത്തു വന്നു നിന്നു. അച്‌ഛന്റെ അടുത്ത സുഹൃത്തായ വി.എസ്‌. വീട്ടില്‍ വരുന്നത്‌ വലിയ സംഭവമൊന്നുമല്ല അക്കാലത്ത്‌. പക്ഷേ തെരഞ്ഞെടുപ്പു തിരക്കിനിടയ്‌ക്ക് എന്തിനാവാം...

അച്‌ഛനുമൊത്തുണ്ടായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്‌ സംസാരിച്ചുതുടങ്ങിയത്‌. 1938-48 കാലഘട്ടത്തില്‍ തിരുവിതാംകുര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ പ്രഥമ പ്രസിഡന്റായിരുന്നു അച്‌ഛന്‍ (വര്‍ഗീസ്‌ വൈദ്യര്‍). വി.എസ്‌. അന്ന്‌ ജോയിന്റ്‌ സെക്രട്ടറിയും. അച്‌ഛന്റെ കാര്യം അവസാനിച്ചപ്പോള്‍ വി.എസ്‌. താന്‍ വന്നകാര്യം എടുത്തിട്ടു.

'ചെറിയാന്‍ ഞങ്ങള്‍ക്കൊരു സഹായം ചെയ്യണം.'

ചെയ്യാമെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി.

'ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വി.എം. സുധീരന്‌ എതിര്‍ സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഞങ്ങള്‍ കണ്ടുവച്ചിരിക്കുന്നതു ചെറിയാന്റെ സുഹൃത്തിനെയാണ്‌. നടന്‍ മുരളിയെ'

എനിക്കൊട്ടും അദ്‌ഭുതം തോന്നിയില്ല. കാരണം കറകളഞ്ഞ കമ്യൂണിസ്‌റ്റുകാരനാണു മുരളി. എന്തുകൊണ്ടും പാര്‍ട്ടിയുടെ എം.പിയാവാന്‍ അര്‍ഹതപ്പെട്ടയാള്‍.

'മത്സരിക്കാന്‍ മുരളിയെക്കൊണ്ടു സമ്മതിപ്പിക്കണം. ചെറിയാനതു കഴിയും'

'നല്ല കാര്യമാണത്‌. ഞാനിന്നു തന്നെ മുരളിയെ നേരില്‍ക്കണ്ടു സമ്മതിപ്പിക്കാം.' വി.എസിന്‌ ഉറപ്പുനല്‍കിയതു പോലെ അന്നുതന്നെ മുരളിയെ പോയി കണ്ടു. എതിര്‍ സ്‌ഥാനാര്‍ഥി വി.എം. സുധീരനാണെന്ന്‌ അറിഞ്ഞപ്പോള്‍ പറ്റില്ലെന്നായി മുരളി. ഞാന്‍ വിട്ടില്ല.

'തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ. സുധീരനെപ്പോലൊരാളിനോടല്ലേ. അതൊരിക്കലും നാണക്കേടായി കാണേണ്ടതില്ല'

ഒടുവില്‍ മത്സരിക്കാന്‍ സമ്മതിച്ചു. മുരളി സ്‌ഥാനാര്‍ഥിയായി. എന്റെ വീട്ടില്‍ ഒരു മാസം താമസിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയത്‌. പക്ഷേ പരാജയപ്പെട്ടു. കുറച്ചുകാലം ആ ദുഃഖം മനസിലുണ്ടായിരുന്നു. മത്സരിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഞാന്‍ തന്നെ സമാധാനിപ്പിക്കാനുമെത്തി. വീണ്ടും മുരളി അഭിനയത്തിലേക്കു ശ്രദ്ധിച്ചുതുടങ്ങി. പിറ്റേവര്‍ഷമായിരുന്നു നെയ്‌ത്തുകാരന്‌ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിക്കുന്നത്‌. വിവരമറിഞ്ഞയുടന്‍ തന്നെ ഞാന്‍ വിളിച്ചുപറഞ്ഞു.

'ആലപ്പുഴയില്‍ തോറ്റാലെന്താ, സിനിമയില്‍ ജയിച്ചില്ലേ'



മുരളിയുമായുള്ള സൗഹൃദം തുടങ്ങുന്നത്‌ 1998ലാണ്‌. തിരുവനന്തപുരം പട്ടത്ത്‌ വൃന്ദാവന്‍ കോളനിയിലെ വീട്ടില്‍ ഞാന്‍ അന്ന്‌ 'ലാല്‍സലാ'മിന്റെ തിരക്കഥാരചനയിലായിരുന്നു. വേണു നാഗവള്ളിയുമുണ്ട്‌ കൂടെ. തൊട്ടടുത്ത ഹൗസിംഗ്‌ ബോര്‍ഡിന്റെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കു താമസിക്കുകയാണു മുരളി. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുവരുന്ന മുരളിക്ക്‌ അന്നു സ്വന്തമായി ഫോണുണ്ടായിരുന്നില്ല. എന്റെ വീട്ടിലെ നമ്പറായിരുന്നു സിനിമാപ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നത്‌. അതുകൊണ്ടുതന്നെ ഫോണ്‍ അറ്റന്‍ഡു ചെയ്യാനെത്തുന്നതു പതിവായി. ആ സൗഹൃദം ഞങ്ങളെയെത്തിച്ചത്‌ 'ലാല്‍സലാ'മിലെ സഖാവ്‌ ഡി.കെയുടെ വേഷത്തിലായിരുന്നു. ഡി.കെ.ആന്റണി എന്ന സഖാവിനെ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ മനസില്‍ മുരളിയായിരുന്നു. അതിനു കാരണം പലതാണ്‌. അന്നു മുതലേ കമ്യൂണിസ്‌റ്റ് ആഭിമുഖ്യം മുരളിക്കുണ്ടായിരുന്നു. മാത്രമല്ല, ആ മനുഷ്യനില്‍ ഒരു കമ്യൂണിസ്‌റ്റ് ലക്ഷണവുമുണ്ടായിരുന്നു. പരുക്കനായ ലാ ല്‍സലാമിലെ സഖാവ്‌ ഡി.കെ നല്ലൊരു ബ്രേക്കാണു മുരളിക്കു നല്‍കിയത്‌. പിന്നീടാണ്‌ 'അമര'ത്തിലേക്കു വിളിക്കുന്നത്‌. മുരളി നായകനായ 'ആധാരം' ഹിറ്റായപ്പോള്‍ വീണ്ടും നായകനാക്കിക്കൊണ്ട്‌ ഞാന്‍ 'ആര്‍ദ്ര'മെഴുതി. ആര്‍ദ്രത്തിലെ ഉപ്പന്‍രാഘവനും സാക്ഷ്യത്തിലെ മേജര്‍ നമ്പ്യാരും യോജിച്ച കഥാപാത്രങ്ങളായിരുന്നു.

ഏറ്റവുമൊടുവിലെഴുതിയ 'വൈര'ത്തിലെ പശുപതി ചെയ്‌ത വേഷം മുരളിക്കു കണ്ടുവച്ചതായിരുന്നു. ഇതിലേക്കു ക്ഷണിക്കാന്‍ ഞാനും സംവിധായകന്‍ എം.എ. നിഷാദും കൂടി പോയതാണ്‌ ഒടുവിലത്തെ കൂടിക്കാഴ്‌ച.

'ഒരു തമിഴ്‌പടം ചെയ്യുന്നുണ്ട്‌. അതു കഴിഞ്ഞാല്‍ വൈരം ചെയ്യാം'

ഒരുപാടു കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയ്‌ക്കു പുതിയ സിനിമയില്‍ അഭിനയിക്കാമെന്ന ഉറപ്പും നല്‍കിയാണു പിരിഞ്ഞത്‌. പക്ഷേ തമിഴ്‌ പടം വല്ലാതെ നീണ്ടുപോയി. ഡേറ്റ്‌ പ്രശ്‌നമാവുമെന്നു കണ്ട്‌ മുരളി തന്നെയാണ്‌ വൈരത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ പറഞ്ഞത്‌. പിന്നീട്‌ ദിവസങ്ങള്‍ കഴിഞ്ഞെത്തിയതു മരണവാര്‍ത്തയായിരുന്നു.

ചെറിയാന്‍ കല്‍പ്പകവാടി

തയാറാക്കിയത്‌: രമേഷ്‌ പുതിയമഠം

വീരന്‍പുഴയോരത്തെ കര്‍ഷക വിജയം



എണ്‍പതുകളുടെ അവസാനം, ഗ്രാമങ്ങളിലെ യുവത്വം പുഴയും കായലും കടന്ന്‌ നഗരത്തിരക്കുകളിലേക്ക്‌ തൊഴില്‍ തേടിപ്പോകുന്ന കാലം. കൊച്ചിയുടെ തിരക്കുകളില്‍ നിന്നകന്ന കടമക്കുടിയിലെ തയ്യത്ത്‌ ബാലകൃഷ്‌ണന്റെ മകന്‍ ടി.ബി. സുരേഷും ആ ഒഴുക്കില്‍പ്പെട്ടു. രണ്ടുവര്‍ഷം, ചെയ്‌ത തൊഴിലില്‍ മനസുറയ്‌ക്കാതായപ്പോള്‍ നാട്ടിലേക്കു മടക്കം. കാത്തിരുന്നത്‌ പരമ്പരാഗതമായി കൈമാറിവന്ന ചെമ്മീന്‍കൃഷി. ചെമ്മീനും നെല്ലും പൊലിക്കുന്ന പൊക്കാളിപ്പാടത്തേക്കിറങ്ങാന്‍ ആലോചിക്കേണ്ടി വന്നില്ല. ജനിച്ചമണ്ണിലും നീന്തികൈകുഴഞ്ഞ പുഴയുടെയോരത്തും കാലുറപ്പിക്കാനായിരുന്നു തിടുക്കം. കൊച്ചിയിലേക്ക്‌ ഏറെ ദൂരമില്ലെങ്കിലും നഗരം മോഹമായി മനസില്‍ വളര്‍ന്നില്ല. ഡിസംബറിലെ മഞ്ഞും തണുപ്പം വകവയ്‌ക്കാതെ അച്‌ഛന്‍ ബാലകൃഷ്‌ണനോടൊപ്പം ചെമ്മീന്‍കെട്ടിലേക്കിറങ്ങി. ഇടയ്‌ക്ക് ഇളയസഹോദരന്‍ സതീശനും ഒപ്പം ചേര്‍ന്നു. അച്‌ഛനും മക്കളുമൊത്ത്‌ പാടത്തേക്കിറങ്ങിയപ്പോള്‍ നൂറുമേനി പൊലിച്ചു. കാലവും നേരവും ചതിച്ചപ്പോള്‍ ചിലപ്പോളൊക്കെ മുടക്കിയതില്‍ പാതിപോലും കിട്ടാതെ നഷ്‌ടക്കണക്കുകള്‍ പെരുകി. എങ്കിലും വീരന്‍പുഴയെയും പുഴയോരത്തെ ചെമ്മീന്‍ കെട്ടിനെയും കൈവിട്ടില്ല. ഒടുവില്‍ കൃഷി ജീവശ്വാസമായ പൊക്കാളിപ്പാടത്തെ കര്‍ഷകപുത്രന്‌ മികച്ച ചെമ്മീന്‍ കര്‍ഷകനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും...

***

കടമക്കുടി വി.എച്ച്‌.എസ്‌.ഇ. സ്‌കൂളില്‍ അക്വാകള്‍ച്ചര്‍ കോഴ്‌സ് വിജയിക്കാനാവാതെ വന്നതോടെ പഠനം അവസാനിപ്പിച്ചാണ്‌ സുരേഷ്‌ നാടുപേക്ഷിക്കുന്നത്‌. ഒളിച്ചോട്ടമായിരുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ തൊഴിലുതേടിയുള്ള യാത്രയായിരുന്നു. അതവസാനിച്ചത്‌ തിരുവല്ലയിലും. ഒരു ബാറ്ററി കമ്പനിയില്‍ ഹെല്‍പ്പറായി ജോലി നോക്കി. രണ്ടുവര്‍ഷത്തിനുശേഷം കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ നാട്ടിലക്കു തിരിച്ചു പോരുകയായിരുന്നു. മറ്റൊരു ജോലിയും തിരക്കി നില്‍ക്കാതെ മടങ്ങിയതാണ്‌ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന്‌ സുരേഷ്‌ ഓര്‍ത്തെടുക്കുന്നു.

കൃഷിയിലെ കടമക്കുടിത്തനിമ...

പൊക്കാളിപ്പാടങ്ങളില്‍ നെല്ലും ചെമ്മീനും മാറി മാറി കൃഷിചെയ്യുന്ന കടമക്കുടിയുടെ പാരമ്പര്യത്തിന്‌ ഇപ്പോഴും മാറ്റം വന്നിട്ടില്ല. വര്‍ഷത്തില്‍ ആറുമാസം ചെമ്മീനും അടുത്ത ആറുമാസം നെല്ലും കൃഷിചെയ്യുന്നതാണ്‌ കടമക്കുടിയിലെ കാര്‍ഷികപാരമ്പര്യം. സുരേഷ്‌ കൃഷി ചെയ്‌തു തുടങ്ങിയിട്ട്‌ ഇരുപത്‌ വര്‍ഷമായി. കടമക്കുടിയിലെ വീരന്‍പുഴയ്‌ക്ക് സമീപത്തെ കര്‍ഷകസമാജം വക 16 ഏക്കര്‍ പള്ളി ബണ്ട്‌ വാടകയ്‌ക്കെടുത്താണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷമായി ചെമ്മീനും പൊക്കാളിയും കൃഷി ചെയ്യുന്നത്‌. ഇതിനൊപ്പം പുഴയ്‌ക്കക്കരെ സ്വന്തമായുള്ള മൂന്നേക്കറിലും ചെമ്മീന്‍ കൃഷിയുണ്ട്‌. കടമക്കുടിയിലെ പൊക്കാളിപ്പാടത്ത്‌ വിളയുന്ന നെല്ലിന്‌ ആവശ്യക്കാരേറെയാണ്‌. നവംബര്‍ 15 മുതല്‍ വിഷുവിനു തലേന്ന്‌ ഏപ്രില്‍ 13 വരെയാണ്‌ ചെമ്മീന്‍ കൃഷി. പിന്നീടുള്ള ആറുമാസം പൊക്കാളി നെല്ലാവും പാടത്ത്‌ വിളയുക.

ചെമ്മീന്‍കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ 90 ദിവസമാണ്‌ കാലാവധിയെങ്കിലും നിലമൊരുക്കലിനും മറ്റുമായി ആറുമാസത്തോളം സമയമെടുക്കാറുണ്ടെന്ന്‌ സുരേഷ്‌ പറയുന്നു. കൊച്ചിയിലെ സ്വകാര്യ മത്സ്യക്കയറ്റുമതി സ്‌ഥാപനങ്ങള്‍ക്കാണ്‌ ചെമ്മീനും ഞണ്ടും വില്‍ക്കുന്നത്‌. എന്തുകൊണ്ടാണ്‌ ആലുവയിലെയും എറണാകുളത്തെയും മാര്‍ക്കറ്റുകളില്‍ ചെമ്മീന്‍ വില്‍ക്കാത്തതെന്ന ചോദ്യത്തിന്‌ എല്ലാ ദിവസവും ചെമ്മീന്‍ വാങ്ങാന്‍ ആളുണ്ടാവില്ലെന്ന്‌ സുരേഷിന്റെ മറുപടി.

കയറ്റുമതി കമ്പനികള്‍ക്കാകുമ്പോള്‍ വിലയുടെ കാര്യത്തിലും ഡിമാന്റിന്റെ കാര്യത്തിലും പ്രശ്‌നമുണ്ടാകാറില്ലെന്നാണ്‌ അനുഭവസാക്ഷ്യം. വിദേശത്ത്‌ ഏറെ പ്രിയമുള്ള കാരച്ചെമ്മീനാണ്‌ പ്രധാനമായും കൃഷിചെയ്യുന്നത്‌. ഇതിനൊപ്പം പുഴയില്‍ നിന്നു വേലിയേറ്റ സമയത്ത്‌ ചെമ്മീന്‍ കെട്ടിലെത്തുന്ന ചൂടന്‍, തെള്ളി എന്നീ ചെമ്മീന്‍ ഇനങ്ങളും വിളവെടുക്കാറുണ്ട്‌. സീസണ്‍ ആരംഭിക്കുമ്പോള്‍ കിലോയ്‌ക്ക് മുന്നുറു രൂപ വരെവില വരുന്ന തെള്ളി ചെമ്മീന്‍ വീട്ടില്‍ തന്നെ പീലിംഗ്‌ നടത്തി ഉണക്കി ആലുവ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ്‌ പതിവ്‌. മുമ്പ്‌ വിളവെടുക്കുമ്പോള്‍ ഞണ്ടുകളെ ബോണസായി ലഭിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി ചെമ്മീനൊപ്പം വാണിജ്യാടിസ്‌ഥാനത്തില്‍ ഞണ്ടും സ്‌ഥിരമായി കൃഷിചെയ്യുന്നുണ്ട്‌.

ഞാറ്റുവേലയും വിഷുപ്പക്കവും നോക്കി കൃഷിയിറക്കിയിരുന്ന പൊക്കാളി ചെമ്മീന്‍ കര്‍ഷകന്റെ എല്ലാ താളവും തെറ്റിയത്‌ 2002 ലാണ്‌. കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്‌ടം വിതച്ച്‌ ചെമ്മീന്‍ കെട്ടുകളില്‍ ദുരിതം വൈറസ്‌ രോഗത്തിന്റെ രൂപത്തില്‍ പെയ്‌തിറങ്ങിയത്‌ ആ വര്‍ഷമാണ്‌. ആദ്യം ചെമ്മീനിന്റെ തോടിനു പുറത്ത്‌ ചെറിയ വെള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു തുടക്കം. വിളവെടുപ്പിന്‌ പാകമായ ചെമ്മീനുകള്‍ ചുവപ്പ്‌ നിറം പടര്‍ന്ന്‌ ചത്തുപൊങ്ങിത്തുടങ്ങി. വൈറസ്‌ രോഗമാണെന്നായിരുന്നു ഔദ്യോഗിക നിഗമനം. രോഗകാരണം അന്വേഷിച്ച്‌ പഠനങ്ങള്‍ ഏറെ നടന്നെങ്കിലും രോഗകാരണവും പ്രതിവിധിയും മാത്രം തെളിഞ്ഞില്ല.. പിറ്റേ വര്‍ഷവും രോഗബാധ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി. എന്നാല്‍ മുമ്പെങ്ങും കേട്ടുകേഴ്‌വി പോലുമില്ലാത്ത രോഗങ്ങളുടെ കാരണം കണ്‍മുന്നില്‍തന്നെയുണ്ടെന്നാണു സുരേഷിന്റെ നിലപാട്‌. വ്യവസായ മേഖലയായ ഏലൂരില്‍ നിന്നുള്ള മാലിന്യങ്ങള്‍ വീരന്‍പുഴയിലേക്ക്‌ ഒഴുകിത്തുടങ്ങിയതോടെയാണ്‌ രോഗങ്ങളുടെ വിളയാട്ടവുമെന്ന്‌ സുരേഷ്‌ സാക്ഷ്യപ്പെടുത്തുന്നു. വേലിയേറ്റ സമയത്ത്‌ പുഴയില്‍ നിന്നുള്ള വെള്ളമാണ്‌ ചെമ്മീന്‍ കെട്ടുകളില്‍ നിറയ്‌ക്കുന്നത്‌. ഇങ്ങനെ പുഴയിലെ രാസമാലിന്യം ചെമ്മീനുകളില്‍ വൈറസ്‌ ബാധയായി മാറിയെന്ന്‌ ഈ മാതൃകാ കര്‍ഷകന്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വീരന്‍പുഴ നിറം മാറിയൊഴുകുന്ന ദിവസങ്ങളില്‍ സുരേഷ്‌ ഇപ്പോള്‍ ചെമ്മീന്‍ കെട്ടിലേക്ക്‌ പുഴയില്‍ നിന്ന്‌ വെള്ളം നിറയ്‌ക്കാറില്ല.

മത്സ്യകേരളം പൊലിച്ചു...

മനസു മരവിച്ച പൊക്കാളി കര്‍ഷകന്‌ ആശ്വാസമായാണ്‌ ഫിഷറീസ്‌ വകുപ്പും പിന്നീട്‌ സര്‍ക്കാര്‍ ഏജന്‍സിയായ അഡാക്കും രംഗത്തെത്തുന്നത്‌. സ്വകാര്യ ഹാച്ചറികളില്‍ നിന്നുള്ള മത്സ്യവിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷി അവസാനിപ്പിക്കാനായിരുന്നു ആദ്യ നിര്‍ദേശം. അതു പൂര്‍ണമായും പാലിച്ചതോടെ ചെമ്മീന്‍ കെട്ടുകളില്‍ വീണ്ടും നൂറു മേനി വിളഞ്ഞുതുടങ്ങി. രോഗപ്രതിരോധശേഷി കൂടിയ മത്സ്യ വിത്ത്‌ ( മത്സ്യകുഞ്ഞുങ്ങള്‍) കര്‍ഷകര്‍ക്കു വിതരണം ചെയ്‌തുകൊണ്ടാണ്‌ മത്സ്യ കേരളം പദ്ധതിയുടെ തുടക്കം. ആദ്യം മടിച്ചെങ്കിലും പിന്നീട്‌ എന്തും വരട്ടെയെന്നുകരുതി പദ്ധതിയില്‍ അംഗമാവുകയായിരുന്നു സുരേഷ്‌. ഇവിടെയും തീരുമാനം പിഴച്ചില്ല. സര്‍ക്കാര്‍ നല്‍കിയ മത്സ്യ വിത്തുകള്‍ ചതിച്ചില്ല. മുന്‍പുണ്ടായിരുന്നതിലും വിളവും കൂടി. ഇക്കഴിഞ്ഞ സീസണില്‍ തൊള്ളായിരം കിലോയിലേറെയായിരുന്നു വിളവ്‌.

ചെമ്മീന്‍കെട്ടിലെ തയ്യത്ത്‌ ടച്ച്‌...

ഒരു തരത്തില്‍ പറഞ്ഞാല്‍ തയ്യത്ത്‌ വീട്ടിലെ എല്ലാ അംഗങ്ങളും കര്‍ഷകരാണ്‌. കാരണം ചെമ്മീന്‍ കെട്ടിലെ ആദ്യാവസാന ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നത്‌ കുടുംബാംഗങ്ങളൊന്നിച്ചാണ്‌. കടമക്കുടിയിലെ തറവാടിന്‌ തൊട്ടുചേര്‍ന്നുതന്നെയാണു സുരേഷിന്റെയും താമസം. ഭാര്യ ഷൈലയും മക്കളായ സേതുലക്ഷ്‌മിയും ആരതിയും സമയം കിട്ടുമ്പോഴൊക്കെ ചെമ്മീന്‍ കെട്ടിലെത്തും. ചെമ്മീന്‌ തീറ്റയായി നല്‍കുന്ന ഗോതമ്പ്‌ പുഴുങ്ങുന്നതും അരി പൊടിച്ച്‌ താവല്‍ ആക്കുന്നതും ഒടുവില്‍ വിളവെടുപ്പിനു ശേഷം പീലിംഗ്‌ നടത്തുന്നതില്‍ വരെ തയ്യത്ത്‌ കുടുംബാംഗങ്ങളുടെ ടച്ച്‌ ഉണ്ട്‌. രാത്രി കാവലിനു മാത്രം പുറത്തുനിന്ന്‌ ഒരാളെ ജോലിക്ക്‌ നിര്‍ത്തിയിട്ടുണ്ട്‌. 250 രൂപ കൂലിയ്‌ക്ക് ഉച്ചയ്‌ക്ക് ഒരു മണി വരെ ചെമ്മീന്‍ കെട്ടിലോ പൊക്കാളിപ്പാടത്തോ ജോലിചെയ്യാന്‍ ആളെ കിട്ടാത്ത അവസ്‌ഥാണ്‌ തനി നാട്ടിന്‍പുറമായ കടമക്കുടിയില്‍ പോലുമെന്ന്‌ സുരേഷിന്റെ സാക്ഷ്യം. പ്രതിസന്ധികളില്‍ തളരാതെ നിന്ന സുരേഷിനെത്തേടി ആദ്യമെത്തിയത്‌ ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡാണ്‌. തൊട്ടുപിന്നാലെ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അംഗീകാരവും.

ദിപു വിജയ്‌

ഒരു ധിക്കാരിയുടെ കഥ


മലയാളികള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വാചകമുണ്ട്‌... ദൈവം മലയാളിയായി ജനിച്ചാല്‍ പാടുന്നത്‌ യേശുദാസിന്റെ സ്വരത്തിലായിരിക്കുമെന്ന്‌... അങ്ങനെയായാല്‍ ആ ഗാനത്തിനു സംഗീതം നല്‍കുന്നത്‌ ആരായിരിക്കും. സംശയിക്കേണ്ട. അത്‌ ആലപ്പി രംഗനാഥ്‌ തന്നെയായിരിക്കും. സംഗീതത്തിന്റെ പിതൃത്വം സംഗീത സംവിധായകനു മാത്രമാണെന്നു പറഞ്ഞു സിനിമയോടു പരിഭവിച്ച്‌ പടിയിറങ്ങിയ അതേ ആലപ്പി രംഗനാഥ്‌.

രംഗനാഥും യേശുദാസും ഒത്തുചേര്‍ന്നപ്പോഴൊക്കെ മലയാളിക്കു ലഭിച്ചത്‌ മധുര ഗാനങ്ങളായിരുന്നു. ഒരു വലിയ ആസ്വാദക വിഭാഗം തന്നെ ആ സംഗീതത്തിലൊഴുകി. എന്നിട്ടും എവിടെയോ താളം തെറ്റി. ആലപ്പി രംഗനാഥ്‌ ധിക്കാരിയായി. സിനിമാലോകത്തെ ഒരു വിഭാഗവും അവരുടെ പിണിയാളുകളും രംഗനാഥിനെ പുറംതളളി. തോറ്റു പിന്‍മാറലല്ല, പിന്നെയുണ്ടായത്‌ പോരാട്ടം. നാടകങ്ങള്‍ക്കും, ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കി, എഴുതി, പ്രകോപിച്ചവര്‍ക്കു മുമ്പില്‍ തന്റെ വരികള്‍ ഉച്ചത്തില്‍ മുഴക്കി പ്രതിഷേധത്തിന്റെ ചൂടറിയിച്ചു.

സിനിമ മാത്രമല്ല സംഗീതമെന്നറിയിച്ച നീണ്ട പതിനഞ്ചുവര്‍ഷം. വര്‍ഷങ്ങളുടെ ഇടവേള മുറിച്ചുകൊണ്ട്‌ ധിക്കാരത്തിന്റെ ആ സംഗീതം വീണ്ടും സിനിമയില്‍ മുഴങ്ങുകയാണ്‌, ജീവിതത്തിന്റെ പാതിവഴിയില്‍ മരണത്തിലേക്കുപോയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ തൂലികയ്‌ക്കു സംഗീതം ഒരുക്കി. ആ തിരിച്ചുവരവിന്റെ സംഗീതത്തിനു മുന്‍പില്‍ ഒരു വിജയത്തിന്റെ കഥയുണ്ട്‌ ഒരു ധിക്കാരിയുടെ വിജയത്തിന്റെ കഥ.

ഉത്സവപ്പറമ്പുകളില്‍ നാടകത്തിന്റെ ഇടവേളയില്‍ കോളാമ്പിയില്‍ക്കൂടി രചന, സംഗീതം ആലപ്പി രംഗനാഥ്‌ എന്ന പേരു മുഴങ്ങുമ്പോള്‍ വേദിക്കുപിറകില്‍ ആത്മ നിര്‍വൃതിയുമായി ഒരു പത്തൊമ്പതു വയസുകാരനുണ്ടായിരുന്നു. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും

മകന്‍ രംഗനാഥന്‍. ജന്മനാകിട്ടിയ സംഗീതത്തിന്റെ ബലത്തില്‍ നാടകങ്ങള്‍ക്കു സംഗീതമൊരുക്കിയെന്ന ധിക്കാരമാണ്‌ രംഗനാഥന്‍ ആദ്യം ചെയ്‌തത്‌. വേദികള്‍ അതിനെ അംഗീകരിച്ചപ്പോള്‍ മനസില്‍ സിനിമാ മോഹങ്ങള്‍ പൂവിട്ടു. പിന്നെ താമസിച്ചില്ല, അച്‌ഛന്റെ ഒരു ശിഷ്യ തന്ന ശുപാര്‍ശക്കത്തു സമ്പാദ്യമാക്കി സിനിമയുടെ അത്ഭുതലോകമായ മദ്രാസിലേക്കു വണ്ടികയറി.

നാടകത്തിനു പാടാനായെത്തുമ്പോള്‍ സ്‌റ്റുഡിയോയ്‌ക്കുളളില്‍ നിറഞ്ഞ സൗഹൃദവുമായി എത്തുന്ന ഗായകരെ മാത്രമാണു പരിചയം. പിന്നെയുളളതു പോക്കറ്റിലുളള കത്തിന്റെ ബലമാണ്‌. കത്തിന്റെ മുന്‍പിലെ വിലാസം സത്യന്റെതായിരുന്നു. അന്നത്തെ സൂപ്പര്‍താരം സത്യന്‍ തന്നെ. ഗൗരവത്തില്‍ കത്തു വായിച്ചു നോക്കിയ സത്യന്‍ നേരെ എത്തിച്ചത്‌ ബാബുരാജിന്റെ അടുത്തായിരുന്നു. സംഗീതത്തിലെ രാജാവായി ബാബുരാജ്‌ വിളങ്ങുന്ന സമയം. പയ്യന്റെ മുഖത്തേക്കു ഒന്നു നോക്കിയ ബാബുരാജ്‌ ചോദിച്ചു എന്തൊക്കെ അറിയാം. തബല, ഭരതനാട്യം. പയ്യന്‍ പറഞ്ഞു തീര്‍ന്നില്ല തനി കോഴിക്കോടന്‍ ഭാഷയില്‍ മറുപടിയെത്തി. നീ ആളൊരു പഹയനാണല്ലോടെ.

അതൊരു തുടക്കമായിരുന്നു. ബാബുരാജിന്റെയൊപ്പം നടന്നു നേടിയ സൗഹൃദങ്ങള്‍ ഏറെയായിരുന്നു. പിന്നീട്‌ രാഘവന്‍മാഷിന്റെ 'നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു...' എന്ന ഗാനത്തിനു ബുള്‍ബുള്‍ വായിച്ചുകൊണ്ടു സിനിമയില്‍ അരങ്ങേറ്റം. സ്‌റ്റുഡിയോകളില്‍ നിന്നു സ്‌റ്റുഡിയോകളിലേക്കുള്ള ഓട്ടം. സംഗീത സംവിധായകര്‍ വിളിക്കുമ്പോള്‍ കൈയില്‍ ചിലപ്പോള്‍ വണ്ടിക്കൂലി കാണില്ല. കണ്ണടച്ച്‌ ഒരു നടപ്പാണ്‌ കിലോമീറ്ററുകള്‍ താണ്ടുന്നതു ചിലപ്പോള്‍ സംഗീതം തേടിയുളള വ്യഗ്രതയില്‍ അറിയില്ല. ചെന്നെയിലെ പ്രശസ്‌തരായ ചെറിയാന്‍ ബ്രദേഴ്‌സ് ഗ്രൂപ്പില്‍പ്പെട്ട കാഞ്ഞിരപ്പളളിക്കാരന്‍ പോള്‍ എന്ന സുഹൃത്തിന്റെ വീട്ടിലാണു താമസമെന്നതിനാല്‍ ആഹാരത്തിനു മുട്ടുവന്നില്ല. പോളിന്റെ ശിപാര്‍ശപ്രകാരം പി.എ. തോമസിന്റെ ജീസസ്‌ എന്ന സിനിമയില്‍ ഒരു ഗാനത്തിനു സംഗീതം നല്‍കാന്‍ അവസരം കിട്ടി.

ഓശാന, ഓശാന... എന്നു തുടങ്ങുന്ന അഗസ്‌റ്റിന്‍ വഞ്ചിമലയലിന്റെ വരികള്‍. സംവിധായകന്‍ അടക്കമുളളവരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട്‌ അന്നേവരെയുളള ഓശാനയുടെ ട്യൂണുകളെ എല്ലാം മാറ്റിമറിച്ചു കൊണ്ട്‌ ആഘോഷത്തിന്റെ സംഗീതമാണു രംഗനാഥ്‌ നല്‍കിയത്‌. എതിര്‍പ്പുകള്‍ ഏറെയുണ്ടായെങ്കിലും ഗാനം ഹിറ്റാക്കിമാറ്റി രംഗനാഥന്‍ തന്റെ തീരുമാനമാണു ശരിയെന്നറിയിച്ചു. അതോടെ പി.എ. തോമസ്‌ ഒരു വാഗ്‌ദാനം നല്‍കി. അടുത്ത പടമായ സെന്റ്‌ തോമസിന്റെ മുഴുവന്‍ പാട്ടുകള്‍ക്കും സംഗീതം നല്‍കാനുളള അവസരം.

വിജയലഹരിയില്‍ നാട്ടിലേക്ക്‌

വെറുമൊരു കത്തിന്റെ ബലത്തില്‍ ചെന്നൈയ്‌ക്കു പോയ പയ്യന്‍ ഹീറോയായാണ്‌ നാട്ടിലേക്കു തിരിച്ചെത്തിയത്‌. സിനിമക്കാരെ ആരാധനയോടെ നോക്കിയിരുന്ന നാട്ടുകാരുടെ സ്വീകരണങ്ങള്‍, യോഗങ്ങള്‍... ഇതൊന്നും അധികം നീണ്ടില്ല. സെന്റ്‌ തോമസ്‌ സിനിമയുടെ പരസ്യം വന്നപ്പോള്‍ സംഗീത സംവിധായകന്റെ സ്‌ഥാനത്ത്‌ സലീല്‍ ചൗധരി. ഇതോടെ നിരാശയുടെ സംഗീതമായി മനസു മുഴുവന്‍. അപ്രതീക്ഷിതമായി അച്‌ഛന്റെ മരണം കൂടിയെത്തിയതോടെ തിരികെ ചെന്നൈയിലേക്കില്ലെന്ന്‌ രംഗനാഥ്‌ തീരുമാനിച്ചു. നാടകവും സംഗീതവുമായി നാട്ടില്‍ത്തന്നെ കൂടി.

സന്യാസത്തിന്റെ സംഗീതം

ഉയരത്തില്‍ നിന്നു ശൂന്യതയിലേക്കു വീണപ്പോള്‍ രംഗനാഥന്റെ മനസും ശൂന്യമായിരുന്നു. അതുവരെ ആരാധനയോടെ നോക്കിയിരുന്നവരുടെ കണ്ണുകളില്‍ പുച്‌ഛ ഭാവം നിഴലിച്ചപ്പോള്‍ സഹോദരങ്ങളോടു മാത്രം യാത്ര പറഞ്ഞു വീടു വിട്ടിറങ്ങി. അമ്പലത്തിണ്ണകളിലായിരുന്നു പിന്നെ അന്തിയുറക്കം. എല്ലാമുപേക്ഷിച്ചെങ്കിലും സംഗീതത്തെ മാത്രം ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മനസില്‍ സംഗീതവും ഈശ്വരനും മാത്രം ആ നിമിഷത്തില്‍ കുത്തിക്കുറിച്ച വരികളാണ്‌ പിന്നീട്‌ മലയാളത്തിലെ ഏറ്റവും നല്ല ഭക്‌തിഗാനങ്ങളായിമാറിയത്‌. അയ്യപ്പഭക്‌തരുടെ പ്രിയ ഗാനമായിമാറിയ 'സ്വാമി സംഗീതമാലപിക്കും താപസ ഗായകനല്ലോ ഞാന്‍...' എന്ന പാട്ടടക്കമുള്ളവ ഈ സന്യാസ ജീവിതത്തിന്റെ സംഭാവനയായിരുന്നു.

തരംഗിണിയുടെ തരംഗമായി

തരംഗിണി സ്‌റ്റുഡിയോയില്‍ അയ്യപ്പ ഭക്‌തിഗാനത്തിന്റെ റെക്കോഡിംഗ്‌ പാടുന്നത്‌ യേശുദാസ്‌.

പകലിലും കൂരിരുളിലും ഈ നട അടയ്‌ക്കില്ല

യുഗമൊരായിരമാകിലും ഞാന്‍ തൊഴുതു തീരില്ല

അടിയാനാശ്രയം.......

പാടിമുഴുമിക്കും മുന്‍പ്‌ മൈക്രോഫോണിലൂടെ പുറത്തേക്കു വന്നത്‌ യേശുദാസിന്റെ തേങ്ങല്‍. ഓടിയെത്തിയ സംഗീത സംവിധായകനെ യേശുദാസ്‌ കെട്ടിപ്പിടിച്ചു വിങ്ങലോടെ പറഞ്ഞു, കരയാതെ ഈ പാട്ടെനിക്കു പാടാന്‍ കഴിയില്ല. അതു കേട്ടു സംഗീത സംവിധായകന്റെയും കണ്ണുകള്‍ നിറഞ്ഞു.

യേശുദാസിന്റെ ഹൃദയത്തെ സ്‌പര്‍ശിച്ച ഗാനത്തിന്റെ രചയിതാവും ആ സംവിധായകനായിരുന്നു. അത്‌ ഒരു പൂക്കാലമായിരുന്നു സംഗീതത്തിന്റെയും ആലപ്പി രംഗനാഥിന്റെ ജീവിതത്തിലെയും. 'പ്രിയസഖിക്കൊരു ലേഖനം' എന്ന സിനിമയ്‌ക്കു പാട്ട്‌ റെക്കോഡ്‌ ചെയ്യാനാണ്‌ രംഗനാഥന്‍ യേശുദാസിന്റെ തരംഗിണി സ്‌റ്റുഡിയോയുടെ പടികയറുന്നത്‌. അതു ജീവിതത്തിന്റെ പടവുകളുടെ കയറ്റവുമായിരുന്നു. തനിക്കു പാട്ടു പറഞ്ഞു തന്ന രംഗനാഥനെയും പാട്ടിന്റെ താളവും യേശുദാസിന്‌ 'ക്ഷ' പിടിച്ചു.

നേരെ പറഞ്ഞു ഇവിടെ നിന്നു പോകരുത്‌. ആ ഇഷ്‌ടത്തിന്റെ സമ്മാനം തരംഗിണിയിലെ സ്‌ക്രിപ്‌റ്റ് സ്‌ക്രൂട്ടണൈസിംഗ്‌ ഓഫീസര്‍ പദവി. പിന്നീട്‌ പാട്ടിന്റെ ഒഴുക്കായിരുന്നു. തരംഗിണിയില്‍ പിറന്നത്‌ ഹിറ്റുകള്‍ മാത്രം. രചനയും സംഗീതവും ആലപ്പി രംഗനാഥിന്റെതായി എത്തുന്ന പാട്ടുകള്‍ക്ക്‌ യേശുദാസിന്റെ ശബ്‌ദം കൂടിച്ചേര്‍ന്നപ്പോള്‍ മലയാളക്കര അതേറ്റെടുത്തു. 251 ലേറെ ഗാനങ്ങളാണ്‌ ഇരുവരും ചേര്‍ന്ന്‌ മലയാളത്തിനു സമ്മാനിച്ചത്‌. ഒടുവില്‍ തരംഗിണിയില്‍ സമരം വന്നപ്പോള്‍ യേശുദാസിനൊപ്പമോ കൂടെ ജോലിചെയ്‌ത ജീവനക്കാര്‍ക്കൊപ്പമോ എവിടെ നില്‍ക്കണമെന്ന സമ്മര്‍ദം. ഒടുവില്‍ രാജിക്കത്തു നല്‍കി തരംഗിണിയുടെ പടിയിറങ്ങി.

ജീവിതത്തിലെ താളപ്പിഴകള്‍

പിഴവു പറ്റാത്ത താളമുണ്ടായിട്ടും രംഗനാഥിനു എവിടെയോക്കെയോ ചുവടുകള്‍ തെറ്റി. തരംഗിണിയില്‍ ഇരിക്കുന്ന സമയത്തും പുറത്തിരിക്കുന്ന സമയത്തുമായി ഇരുപതോളം സിനിമകള്‍ക്കു സംഗീതം പകര്‍ന്നു. ഇന്നു പ്രശസ്‌തരും അന്ന്‌ അപ്രശസ്‌തരുമായ പല ഗായകരെയും മൈക്കിനു മുമ്പിലെത്തിച്ചു. ഓസ്‌കര്‍ അവാര്‍ഡ്‌ ജേതാവ്‌ എ.ആര്‍. റഹ്‌മാന്‍ വരെ രംഗനാഥിനു വേണ്ടി കീബോര്‍ഡ്‌ വായിച്ചു. അമ്പാടി തന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ സംവിധാനം ചെയ്‌തു. നാല്‍പ്പത്തിരണ്ടോളം നാടകങ്ങള്‍ എഴുതി.

പ്രശ്‌സതിയില്‍ നിന്നു പ്രശസ്‌തിയിലേക്കുളള കുതിപ്പ്‌, രചനയും സംഗീതവുമെല്ലാം നല്‍കികൊണ്ടുളള ജൈത്രയാത്ര. അത്‌ ഇഷ്‌ടപെടാത്തവര്‍ ഏറെയുണ്ടായിരുന്നു. ആ ഇഷ്‌ടക്കേടുകള്‍ രംഗനാഥന്റെ ജീവിതത്തില്‍ പലപ്പോഴും അപസ്വരങ്ങളായി. തേടിയെത്തിയ സിനിമകള്‍ക്ക്‌ നിര്‍മാതാക്കളും, സംവിധായകരും പറയുന്ന വിധത്തില്‍ സംഗീതം നല്‍കാന്‍ രംഗനാഥന്‍ തയാറായില്ല. അതു തന്റെ ജോലിയാണന്നും, വെറും യന്ത്രപ്പാവയാകാന്‍ തന്നെ കിട്ടില്ലെന്നും തുറന്നു പറഞ്ഞതോടെ അവസരങ്ങള്‍ കുറഞ്ഞു.

സംഗീത രചനയിലും തിളങ്ങിയതോടെ മറ്റും പല എഴുത്തുകാരുടെയും ഉറക്കം നഷ്‌ടപ്പെട്ടു. അവരും എതിര്‍പ്പിന്റെ വാറോലകള്‍ മുഴക്കി. സിനിമ മാത്രമല്ല സംഗീതം എന്നറിയാമായിരുന്ന രംഗനാഥന്‍ കുലുങ്ങിയില്ല. രംഗനാഥന്റെ ധിക്കാര നിലപാടും എതിര്‍ക്കുന്നവരുടെയും രംഗനാഥിന്റെ കഴിവുകളെ ഭയന്നവരുടെയും തന്ത്രങ്ങളുമായപ്പോള്‍ സിനിമ രംഗനാഥിനെ വിട്ടുപോയിത്തുടങ്ങി.

തിരികെ ഉത്സവ പറമ്പുകളിലേക്ക്‌

ഒരു പണിയുമില്ലെങ്കില്‍ പോയി സിനിമയ്‌ക്കു സംഗീതം കൊടുക്കെടാ എന്ന നാടക ഡയലോഗായിരുന്നു മനസില്‍. തോല്‍ക്കാനല്ലായിരുന്നു തീരുമാനം. ഉത്സവപ്പറമ്പുകളില്‍ വീണ്ടും ആലപ്പി രംഗനാഥിന്റെ പേരു മുഴങ്ങിത്തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ മാത്രമല്ല ആല്‍ബങ്ങള്‍, ഭക്‌തിഗാനങ്ങള്‍, ഓണപ്പാട്ടുകള്‍. രംഗനാഥ്‌ കൂടുതല്‍ സജീവമാക്കുകയായിരുന്നു. തളര്‍ച്ചയിലും ഉയര്‍ച്ചയിലും പരാതികളില്ലാതെ ഭാര്യ രാജശ്രീയുമുണ്ടായിരുന്നു കൂട്ടിന്‌. സംഗീതലോകത്ത്‌ തൊട്ടതെല്ലാം പൊന്നാക്കിയ രംഗനാഥിനെ ഒഴിവാക്കി നിര്‍ത്താന്‍ ഒരു ശക്‌തിക്കുമായില്ല. എതിര്‍ത്തവരെയും പ്രകോപിപ്പിച്ചവരെയും സംഗീതംകൊണ്ടാണ്‌ രംഗനാഥ്‌ തോല്‍പിച്ചത്‌.

സഹൃദയനായ സുഹൃത്തിനുവേണ്ടി

കോട്ടയത്തെ ഒരു ഹോട്ടല്‍ മുറി.. നാളുകള്‍ക്കുശേഷം രണ്ടു സുഹൃത്തുക്കളുടെ ഒരു സംഗമമവേദിയായിരുന്നു അത്‌. സിഗരറ്റും മദ്യവുമായിരുന്നില്ല അവിടെ എരിഞ്ഞത്‌. സംഗീതമായിരുന്നു ഒരേ മനസുകളുടെ സംഗീതം. ഗിരീഷ്‌ പുത്തഞ്ചേരിയും രംഗനാഥും. സംഗീതത്തെ പ്രണയിക്കുന്ന കാമുകന്‍മാര്‍. സംഗീതം പടര്‍ന്നിറങ്ങിയ ദിനം എരിഞ്ഞടങ്ങുമ്പോഴും രംഗനാഥിന്റെ മടിയില്‍ തലവെച്ചു ഗിരീഷ്‌ കവിതകള്‍ ചൊല്ലുകയായിരുന്നു. അതായിരുന്നു അവസാന കണ്ടുമുട്ടല്‍ പാട്ടുകളുടെ ഉറവിടമായ ഹൃദയം വിധി കൊട്ടിയടയ്‌ക്കുന്നതിനു മുമ്പേ ഗിരീഷ്‌ ആ വരികള്‍ കുറിച്ചിരുന്നു. ഒരു യാത്ര പറച്ചിലല്ലായിരുന്നോ അത്‌. പക്ഷേ അതൊരു തിരിച്ചു വരവായിരുന്നു.

''മതിയായി ജീവിതം മതിയായി ജീവിതം

മരണത്തിനപ്പുറം ജനനമുണ്ടോ''


ഈ വരികള്‍ എഴുതിവച്ചു ഗിരീഷ്‌ മരണത്തിനപ്പുറം പോയപ്പോള്‍ ഈ വരികളിലൂടെ രംഗനാഥ്‌ സിനിമയുടെ ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു. അച്‌ഛന്‍ ബാലന്‍ മകന്‍ ഭീമന്‍ എന്ന സിനിമയ്‌ക്കുവേണ്ടി ഗിരീഷിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കി ഒരു തിരിച്ചു വരവ്‌. ഇതിനു പിന്നാലെ ഒരു തമിഴ്‌ ചിത്രത്തിനും രംഗനാഥ്‌ സംഗീതം നല്‍കിക്കഴിഞ്ഞു.

പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത കഥപോലെ , പാടിത്തീര്‍ക്കാന്‍ കഴിയാത്ത പാട്ടുപോലെയാണ്‌ രംഗനാഥന്റെ ജീവിതവും.

എന്തു വന്നാലും നിര്‍മാതാവിന്റെയോ, സംവിധായകന്റെയോ നിര്‍ദേശപ്രകാരം ഗ്രാമത്തില്‍ പുല്ലരിയുന്ന പെണ്ണിനെക്കൊണ്ട്‌ വാതാപി പാടിച്ചു സംഗീതം സൃഷ്‌ടിക്കാന്‍ തന്നെക്കൊണ്ട്‌ കഴിയില്ലെന്നു പറഞ്ഞ ധിക്കാരത്തെയും ആ സംഗീതത്തെയും മലയാളം ഇന്നും സ്‌നേഹിക്കുന്നു... ആരാധിക്കുന്നു...

എം.എസ്‌. സന്ദീപ്‌

ചിത്രം: തമ്പാന്‍ പി. വര്‍ഗീസ്‌

കുടജാദ്രിയുടെ കുടക്കീഴില്‍


കുരുത്തോല വിതറി, മുഖം ചുളിച്ച്‌ ആര്‍ത്തട്ടഹസിച്ച്‌, കാവിന്‍മുറ്റത്തെ തെയ്യത്തെപ്പോലെ നിറഞ്ഞുതുള്ളുകയായിരുന്നു മഴ. കുടജാദ്രിയിലേക്കുള്ള കാട്ടുവഴിയിലുടനീളം വഴിമുടക്കി രൗദ്രഭാവം പുറത്തെടുത്ത അവള്‍ നിറഞ്ഞാടി... കാട്ടുവഴിയുടെ ദുരിതമത്രയും കോലമെഴുതിയ മുഖത്തുണര്‍ത്തി ഭയമണിഞ്ഞു തിരിച്ചുപോകാന്‍ അട്ടഹസിച്ചു... ചിലപ്പോള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ കൂടെനടന്നു. മറ്റു ചിലപ്പോള്‍ കാമുകിഭാവമാര്‍ന്ന്‌ തോളില്‍ ചാഞ്ഞു. കാട്ടുവഴിയില്‍ ചിരപരിചിതനെപോലെ മുള്‍പ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി വഴികാട്ടിയായി...

മൂകാംബിക സന്നിധിയില്‍നിന്നു നോക്കിയാല്‍ കണ്ണെത്താത്ത ദൂരെ ഉയര്‍ന്നുനില്‍ക്കുന്ന കുടജാദ്രിയിലേക്ക്‌ കര്‍ക്കിടമഴയ്‌ക്കൊപ്പമൊരു യാത്ര. കൊല്ലൂരില്‍നിന്ന്‌ 45 കിലോമീറ്ററോളം കൊക്കയും കൊല്ലിയും അഗാധഗര്‍ത്തങ്ങളും നിറഞ്ഞ കാട്ടുപാതയിലൂടെ ജീപ്പില്‍ സഞ്ചരിച്ചുവേണം കുടജാദ്രിയിലെത്താന്‍. എന്നാല്‍ പെയ്‌തലച്ച പെരുമഴയില്‍ കാട്ടുപാത ഇടിഞ്ഞൂര്‍ന്നില്ലാതായതോടെ ജീപ്പ്‌ സര്‍വ്വീസ്‌ നിലച്ചു. പിന്നെ ശരണം കാട്ടിലൂടെ മറു വഴിതെളിച്ച്‌, ഒറ്റയടിപാതയിലൂടെയുള്ള നടത്തംതന്നെ.

12 കിലോമീറ്റര്‍ നീളുന്ന കാട്ടുപാത കോടമഞ്ഞ്‌ പുതച്ചു നിഗൂഢമായതോടെ യാത്രികരും കുറഞ്ഞു. കുടജാദ്രിയിലേക്കുള്ള യാത്രയില്‍ അതുകൊണ്ടുതന്നെ പങ്കുചേരാന്‍ മഴയല്ലാതെ മറ്റാരേയും കിട്ടിയതുമില്ല.

കൊല്ലൂരില്‍ ഏറെ അന്വേഷിച്ചു, കുടജാദ്രിയിലേക്കൊരു കൂട്ടിനായി. കടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പിന്തിരിപ്പിക്കാന്‍ നോക്കി. പെരുവിരല്‍ നിവര്‍ത്തി അത്രത്തോളം പോന്ന അട്ടയെക്കുറിച്ചവര്‍ വാചാലരായി. കേട്ടവരത്രയും പിന്തിരിഞ്ഞതോടെ കാട്ടുപാത താണ്ടാന്‍ കൂടെചേര്‍ക്കാന്‍ ആരുമില്ലാതായി.

മൂകാബികയില്‍നിന്നുള്ള ബസില്‍ കയറിയാല്‍ കാരഘട്ടയെന്ന കുടജാദ്രി സ്‌റ്റോപ്പിലിറങ്ങാം. വിജനമായൊരിടത്ത്‌ ബസ്‌ കാത്തുനില്‍ക്കാന്‍ പോലും ആരുമില്ലായിരുന്നു. മുന്നില്‍, വലത്തോട്ടു നീണ്ടുതുടങ്ങിയ കാട്ടുപാതയും നിറഞ്ഞുപെയ്യുന്ന മഴയും മാത്രം. വീണുകിടക്കുന്ന കടപ്പക്കല്ലില്‍ 'കുടജാദ്രി' എന്ന്‌ അടയാളപ്പെടുത്തി അമ്പടയാളം പതിച്ചതുകണ്ടു. മൂകാംബികയില്‍നിന്ന്‌ വഴിപറഞ്ഞവരത്രയും ഓര്‍മപ്പെടുത്തിയ ദുര്‍ഘടവഴിത്താര മനസില്‍നിവര്‍ന്നു. മുന്നില്‍ കടപുഴകിയ വന്‍മരം പാതയിലേക്ക്‌ ചില്ലവിരിച്ച്‌ ചത്തുമലച്ചുകിടപ്പാണ്‌.

ബസ്‌ പോയിടത്തുനിന്നൊരു ജീപ്പ്‌ വരുന്നതുകണ്ടു വഴി തിരക്കാന്‍ കൈനീട്ടി. കുടജാദ്രിയിലേക്ക്‌ തുടങ്ങുന്ന വഴിയെക്കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക്‌ വിവരിക്കാന്‍ താല്‍പ്പര്യമേറെ. മധുക്കര്‍ എന്നാണ്‌ ഡ്രൈവറുടെ പേര്‌. മുമ്പ്‌ കുടജാദ്രിയില്‍ വെള്ളക്കച്ചവടമായിരുന്നു. ചേട്ടന്‍ സുരേന്ദ്രയ്‌ക്ക് പണിയൊന്നുമില്ലാതിരുന്നപ്പോള്‍ വെള്ളക്കച്ചവടത്തിനുള്ള പാത്രങ്ങളും മറ്റും നല്‍കി മധുക്കര്‍ ടാക്‌സി ഡ്രൈവറായി. വെള്ളവും പൈനാപ്പിള്‍ പീസും വിറ്റ്‌ നടക്കവെ, ഈ മഴക്കാലത്തിന്റെ തുടക്കത്തില്‍ കുടജാദ്രിയുടെ ഉയര്‍ച്ചയില്‍ ശങ്കരപീഠത്തിനരികില്‍വച്ചു മിന്നലേറ്റ്‌ സുരേന്ദ്ര മരിച്ചു. '' ഒറ്റയ്‌ക്കുള്ള നടത്തം അപകടം പിടിച്ചതാണ്‌. പിന്നെ കനത്ത മഴയും. അട്ടശല്ല്യവും രൂക്ഷമാണ്‌. കോടമൂടി വഴിയും കാണില്ല. പിന്നെയെല്ലാം ധൈര്യമാണ്‌...'' മിന്നലിന്റെ വെളിച്ചത്തില്‍ ഇല്ലാതായ ചേട്ടന്റെ ഓര്‍മയില്‍ നനഞ്ഞ്‌ മധുക്കര്‍ മുന്നറിയിപ്പ്‌ നല്‍കി വഴിചൂണ്ടി ജീപ്പോടിച്ചുപോയി.

കാട്ടുവഴിയിലൂടെ നടന്നു. അന്നാരും മൂകാംബികയില്‍നിന്ന്‌ കുടജാദ്രിയിലേക്ക്‌ പുറപ്പെട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ വഴിയെ ജീപ്പ്‌ വരുമായിരുന്നു. ആറു കിലോമീറ്റര്‍ സഞ്ചരിച്ച്‌ തങ്കപ്പ ഹോട്ടലിനടുത്തുവരെ ജീപ്പ്‌ വരും. ആയിരം രൂപയാണു വാടക. നിറഞ്ഞമഴയില്‍ കല്ലിളകി ചെളിക്കുളമായി കിടപ്പാണ്‌ റോഡ്‌. ജീപ്പ്‌ പോകാനുള്ള പാകത്തിലുള്ള കാട്ടുറോഡ്‌ പഞ്ചായത്ത്‌ നിര്‍മിച്ചതാണ്‌. ഇരുവശങ്ങളിലും കൂറ്റന്‍ മരങ്ങള്‍ മാത്രം. കുറച്ചേറെ നടന്നപ്പോള്‍ പച്ചവിരിച്ച പരന്ന നിലം.

അവസാനം കുടജാദ്രിയിലേക്കുള്ള യാത്രികരുടെ വഴിയമ്പലമായ 'തങ്കപ്പ ഹോട്ടലി'നടുത്തെത്തി. ഈ പാതയില്‍ കുടജാദ്രിയ്‌ക്കും മൂകാംബികയ്‌ക്കും ഇടയിലുള്ള ഏക സ്‌ഥാപനമാണ്‌ തങ്കപ്പ ഹോട്ടല്‍. പത്ത്‌ മുപ്പതു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എറണാകുളം കോതമംഗലം നെല്ലിമറ്റത്തുനിന്നെത്തി ടി.പി. തങ്കപ്പന്‍ ഓലമറച്ച്‌ കെട്ടിയുയര്‍ത്തിയ ചായക്കട. ഇപ്പോള്‍ മണ്‍ചുമരുകളും ഓടുംപാകി ഹോട്ടലായി മാറിയെന്നു മാത്രം.

ഈ വഴിപോകുന്നവരത്രയും 'തങ്കപ്പ ഹോട്ടലില്‍' കയറി ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചേ യാത്ര തുടരുകയുള്ളൂ. ചൂടുചായ അടിച്ചാറ്റുന്നതിനിടെ തങ്കപ്പനോട്‌ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ കൊടും കാട്ടില്‍ ഹോട്ടലുകെട്ടാന്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ തങ്കപ്പന്‍ തയാറായതില്‍ ആശ്‌ചര്യം തോന്നി. ആവിപറക്കുന്ന പുട്ടും കടലയും മുന്നില്‍ നിരത്തി തങ്കപ്പന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്‌ സഞ്ചരിച്ചു. മൂകാംബിയിലേക്ക്‌ എല്ലാവരേയും പോലെ തൊഴുതു നമിക്കാനായി എത്തിയതായിരുന്നു തങ്കപ്പന്‍. എല്ലാവരും തൊഴുതു മടങ്ങിയിട്ടും തങ്കപ്പനു തിരിച്ചുപോകാന്‍ മനസുവന്നില്ല. തന്റെ സവിധത്തില്‍ തന്നെ കഴിയണമെന്ന്‌ അമ്മ പറയുന്നതുപോലെ. ദിവസങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍ ഏറെ താമസിയാതെ തിരിച്ചുവരുമെന്നു വാക്കുനല്‍കിയിരുന്നു. നാട്ടിലെത്തി റബര്‍ തോട്ടം വിറ്റുകിട്ടിയ പണവുമായി കുടുംബത്തെ ഒപ്പംകൂട്ടി തിരിച്ചു മൂകാംബികയിലേക്ക്‌.

കൈയിലുള്ള കാശത്രയും പരിചയപ്പെട്ട ഭൂമിക്കച്ചവട ദല്ലാള്‍ക്ക്‌ കൈമാറി. അയാള്‍ നല്‍കിയ ഭൂമിയിലെത്തിയപ്പോഴാണ്‌ അത്‌ വനംവകുപ്പിന്റെ അധീനതയിലുള്ള സ്‌ഥലമാണെന്നറിയുന്നത്‌. വനംവകുപ്പുകാര്‍ ഒഴിപ്പിച്ചതോടെ വീണ്ടും ദല്ലാള്‍ക്ക്‌ മുന്നിലെത്തി മുട്ടുകുത്തി കേണു. അയാള്‍ മറ്റൊരിടത്ത്‌ സ്‌ഥലം അളന്നുനല്‍കി. പുരവെച്ച്‌ താമസിക്കാനൊരുങ്ങിയപ്പോഴാണ്‌ അത്‌ ആദിവാസി ഭൂമിയാണെന്നറിയുന്നത്‌. കിടപ്പാടം നഷ്‌ടമായി പോകാനിടമില്ലാതെപതറിയ തങ്കപ്പന്‍ കുടജാദ്രിയി കാട്ടുപാത കയറിയെത്തി വിടചോദിക്കവെയാണ്‌ ഗുഹയില്‍നിന്നൊരു സ്വാമി ഇറങ്ങിയെത്തി കാര്യമന്വേഷിക്കുന്നത്‌.

തിരുവനന്തപുരത്തു നിന്ന്‌ കുടജാദ്രിയില്‍ ഭജനമിരിക്കാനെത്തിയ സ്വാമി ആത്മാറാമായിരുന്നു അത്‌. എല്ലാം കേട്ടറിഞ്ഞ സ്വാമി വനപാലകരോടു കാര്യങ്ങള്‍ വിവരിച്ചു. തങ്കപ്പനു വേണ്ടി ദൂതുമായെത്തിയ സ്വാമി ചായക്കടവയ്‌ക്കാന്‍ മാത്രം പോന്നൊരു സ്‌ഥലം വനംവകുപ്പില്‍നിന്ന്‌ നേടിയെടുത്തു. അവിടെ ചായക്കട തുടങ്ങിയ തങ്കപ്പന്‌ ഇപ്പോള്‍ ഹോട്ടലായി. ആദിശങ്കരന്‍ തെളിച്ച അദ്വൈതവഴികള്‍ താണ്ടിയെത്തുന്ന തീര്‍ഥാടകപഥികര്‍ക്ക്‌ വിശ്രമമൊരുക്കി കഥപറയാനുള്ള നിയോഗമായി... ഭാര്യ വിമലയും രണ്ടു മക്കളുമായിരുന്നു തങ്കപ്പനൊപ്പം. അതിലൊരു മകന്‍ കഴിഞ്ഞ വേനലില്‍ ഹൃദയാഘാതത്താല്‍ മരിച്ചു.

കാട്ടുവഴിയും യാത്രയും മറ്റാരേക്കാളും അറിയാവുന്ന തങ്കപ്പന്‍ചേട്ടനും തനിച്ചുള്ള യാത്ര വിലക്കി. ഇതുവരെയെത്തിയതു പോലെയല്ല ഇനിയുള്ള നടത്തമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി. ജീപ്പു വരുന്ന പഞ്ചായത്ത്‌ പാത ഇവിടെ അവസാനിക്കുകയാണ്‌. ഇനിയുള്ളത്‌ കുത്തനെ ഒറ്റയടി കാട്ടുപാതയാണ്‌. പെരുമഴയില്‍ കുത്തിയൊലിച്ച്‌ വഴുവഴുപ്പാര്‍ന്ന ചളിപ്പാത. എങ്കിലും നടക്കാന്‍ തന്നെ തീരുമാനിച്ചപ്പോള്‍ ഹോട്ടലിന്റെ ചായ്‌പില്‍ കൂനിക്കൂടിയിരുന്ന ഒരൂ രൂപത്തെ തങ്കപ്പന്‍ചേട്ടന്‍ ചൂണ്ടി കാണിച്ചു. കാശുകൊടുത്താല്‍ ഇവന്‍ വഴികാട്ടുമെന്ന്‌ പതിയെ പറഞ്ഞു. കാശിന്റെ കാര്യം കേട്ടപ്പാടെ ആ രൂപം ചാടിയെഴുന്നേറ്റു. തലയില്‍ പാളത്തൊപ്പി നേരെയാക്കി, മൂലകീറിയ ചാക്ക്‌ തലയിലൂടെ കമഴ്‌ത്തി നടക്കാനായി മുന്നിലിറങ്ങി. ഉപ്പും ചുണ്ണാമ്പും പുല്‍ത്തൈലത്തില്‍ മുക്കി കിഴികെട്ടി കോലില്‍ കോര്‍ത്ത ഒറ്റമൂലി തങ്കപ്പന്‍ ചേട്ടന്‍ കൈയില്‍തന്നു.- അട്ടയുടെ ആക്രമണത്തെ നേരിടാനുള്ള ചെറുപ്രയോഗമാണിത്‌.

ഈറയെന്നായിരുന്നു അയാളുടെ പേര്‌. പ്രായം എന്തെന്നു തിരിച്ചറിയാന്‍ പറ്റാത്ത മുഖഭാവം. കുടജാദ്രിക്കാടുകളില്‍ ജീവിതം കണ്ടെത്തിയ പ്രാകൃത ആദിവാസി വിഭാഗത്തിലെ കണ്ണി. കന്നട ചാലിച്ച ആദിവാസി ഭാഷ ഒട്ടും മനസിലായില്ല; കേരളീയനാടന്‍ ഭാഷ ഈറയ്‌ക്കും. എന്നാലും ഈറയുടെ നോട്ടവും ഭാവവും നടത്തവും വാചാലമായി. പശിയടക്കാന്‍ മുണ്ടുമുറുക്കിയുടുക്കുന്ന ആദിവാസിയുടെ പ്രതിനിധി. ''ഏഴു കുഞ്ഞുങ്ങളാണ്‌ കുടിയില്‍. പണിയൊന്നുമില്ല...'' ദുരിതങ്ങളുടെ ആവര്‍ത്തനം. സംവേദനത്തിന്‌ ഭാഷ പ്രശ്‌നമാകുന്നില്ല. അട്ടപ്പാടിയില്‍ കണ്ടറിഞ്ഞ ആദിവാസി ജീവിതങ്ങള്‍ക്കപ്പുറത്തല്ല ഈറയുടെയും ജീവിതം. സ്‌ഥലകാലങ്ങള്‍ മാറുമ്പോഴും ഇവരുടെ ദുരിതങ്ങള്‍ക്ക്‌ സമാനതകള്‍ മാത്രം.

മൂലകീറിയ ചാക്ക്‌ തലയില്‍ കമഴ്‌ത്തി ഈറ പതിയെ നടന്നു. കാല്‍തെന്നി താഴെ വീണപ്പോഴൊക്കെ ഈറ കൈത്താങ്ങായി. ഒറ്റയടിപ്പാതയിലേക്ക്‌ കോടമൂടിയ കാട്ടില്‍നിന്ന്‌ അട്ടഹസിച്ചെത്തുന്ന മഴ തനിച്ചല്ല; കൊട്ടിപ്പാടാന്‍ കാറ്റുമുണ്ട്‌ കൂട്ടിന്‌. കൊട്ടിന്റെ മൂര്‍ദ്ധന്യത്തില്‍ കാറ്റ്‌ മരത്തലപ്പുകള്‍ പിടിച്ചുകുലുക്കും. പറന്നുപോകാതിരിക്കാന്‍ ചിലപ്പോഴെങ്കിലും കുറ്റിച്ചെടികളില്‍ മുറുകെ പിടിക്കേണ്ടിയും വന്നു.

കാലില്‍ അട്ടകള്‍ പൊതിഞ്ഞിരുന്നു. ഞരമ്പുകള്‍ തുളച്ച്‌ ചോരയൂറ്റി അവ തടിച്ചുകൊഴുത്ത്‌ ചീര്‍ത്തുവീണു. പിന്നെ പുതിയ അവകാശികള്‍ തലയും വാലും നിലത്തുകുത്തി വില്ലുപോലെ ഉയര്‍ന്നുപൊങ്ങി കാലിലേക്കു ചാടിവീണു. ആറുകിലോമീറ്ററാണു ദുര്‍ഘടമാര്‍ന്ന കാട്ടുപാത. ഉയരത്തിലേറിയപ്പോള്‍ പുല്‍മേടു കണ്ടു. പുല്‍നാമ്പുകളും മരത്തലപ്പുകളും കോടയണിഞ്ഞ്‌ നില്‍പ്പാണ്‌. തണുപ്പിന്റെ മൊട്ടുകള്‍ രോമകൂപങ്ങളില്‍ വിരിഞ്ഞുതുടങ്ങി. പുല്‍മേടിന്റെ മുകളില്‍ നില്‍ക്കവേ, നാലുപാടുനിന്നും മഴയ്‌ക്കൊപ്പം വീശിയെത്തുന്ന കോട ഈറയെ പൊതിഞ്ഞു.

കോടയില്ലാത്ത തെളിഞ്ഞ വേനലിന്റെ സായന്തനങ്ങളില്‍ ഇവിടെ നിന്നുള്ള കാഴ്‌ച അതിമനോഹരമാണ്‌. മൂകാംബികയ്‌ക്കും കുടജാദ്രിയ്‌ക്കുമപ്പുറത്ത്‌ മറ്റൊരു ലോകവും കണ്ടിട്ടില്ലാത്ത ഈറ കടലും നഗരവും കാണുന്നത്‌ ഈ പുല്‍മേട്ടില്‍നിന്നാണ്‌. അകലേക്കു കണ്ണുകള്‍ പായിച്ച്‌ ഈറ കണ്‍കുളിര്‍ക്കെ കാണും. നഗരത്തിരക്കിലലിഞ്ഞുചേരും. കോടയിലേക്കു ചൂണ്ടി നഗരം നിന്നിടങ്ങള്‍ ഈറ കാണിച്ചുതന്നു. പിന്നെ, യാത്രപറഞ്ഞ്‌ പതിയെ താഴോട്ട്‌ ഊര്‍ന്നിറങ്ങി തിരികെപോയി. ഞാന്‍ തനിച്ച്‌ മലമുകളിലേക്കും.

പുല്‍മേട്‌ പിന്നിട്ട്‌ കുടജാദ്രിയിലെ ക്ഷേത്രമുറ്റത്തേക്കാണ്‌ കയറിയത്‌. രണ്ടുക്ഷേത്രങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്‌. തിരിപുകയാത്ത ക്ഷേത്രച്ചുമരുകളില്‍ മഴയുടെ അര്‍ച്ചന. കോടമഞ്ഞ്‌ പുതപ്പുനിവര്‍ത്തി മറതീര്‍ത്ത നട്ടുച്ച. അമ്പലത്തോടു ചേര്‍ന്ന പൂജാരിയുടെ വീട്ടിലേക്കെത്തി വാതിലില്‍മുട്ടി. കാലംതെറ്റി തൊഴാനെത്തിയ ഭക്‌തനെ ആകര്‍ഷിക്കാനായിരിക്കണം, അകമുറിയില്‍നിന്ന്‌ പൊടുന്നനെ മണിനാദമുയര്‍ന്നു. അവ്യക്‌തമായ പ്രാര്‍ത്ഥനാമന്ത്രണങ്ങളും. ജനല്‍പാളി പാതിതുറന്ന്‌ കുള്ളനായ പൂജാരി 'ഭക്‌തനെ'കണ്ടു. പിന്നെ മുന്‍വാതില്‍തുറന്ന്‌ അമ്പലത്തിലേക്ക്‌ ഇറങ്ങാനൊരുങ്ങി. തൊഴലൊക്കെ നേരത്തെ നടത്തിയെന്നും രാത്രി കിടക്കാനൊരിടമാണ്‌ വേണ്ടതെന്നും പറഞ്ഞപ്പോള്‍ ശാന്തിയുടെ മുഖത്ത്‌ അശാന്തി. നേര്‍ച്ചയിലും വഴിപാടിലുമായി ഏറെയൊന്നും തടയാത്ത ഭക്‌തനാണ്‌ മുന്നിലെന്ന തിരിച്ചറിവില്‍ മുഖംതിരിച്ച പൂജാരി ഒറ്റയ്‌ക്ക് കിടക്കാന്‍ സ്‌ഥലം നല്‍കില്ലെന്ന്‌ തീര്‍ത്തുപറഞ്ഞു. പിന്നെ ശരണം റസ്‌റ്റ് ഹൗസാണ്‌. കോടവകഞ്ഞുമാറ്റി റസ്‌റ്റ് ഹൗസിനു മുറ്റത്തു നില്‍ക്കവെ, അതൊരു പ്രേതഭവനം പോലെ തോന്നിച്ചു. പായലുപിടിച്ച്‌ ഇടിഞ്ഞടരാന്‍ വെമ്പല്‍കൊള്ളുന്ന ചുമരുകള്‍... കാറ്റ്‌ അടിച്ചുതകര്‍ത്ത ജനല്‍വാതിലുകള്‍... ഏറെ വിളിച്ചിട്ടും മറുവിളിചൊല്ലാന്‍ ആരുമുണ്ടായിരുന്നില്ല.

താഴെ മറ്റൊരു ക്ഷേത്രത്തോടുചേര്‍ന്ന ചായ്‌പില്‍ കനലൂതി കുളിരുതീര്‍ക്കുന്ന വാച്ച്‌മാന്‍ പയ്യനെ കണ്ടെത്തി. താമസിക്കാനൊരിടം വേണമെന്നറിയിച്ചപ്പോള്‍ ഏകനായൊരാള്‍ക്കു കൊടുക്കരുതെന്നാണു കല്‍പനയെന്നു തീര്‍ത്തു പറച്ചില്‍. കീശയിലേക്കു തള്ളിയ നോട്ടും അനുനയിപ്പിച്ചുള്ള സംസാരവും പയ്യന്റെ മനംമാറ്റി. രാത്രിയില്‍ കിടക്കാന്‍ റസ്‌റ്റ് ഹൗസിന്റെ മൂലയിലൊരു ഇടം നല്‍കാമെന്നു സമ്മതിച്ചു.

കിടക്കാനിടമായതോടെ യാത്ര തുടര്‍ന്നു. ഇനിയും മൂന്നുകിലോമീറ്ററോളം കുന്നുകയറണം. മുന്നില്‍ കോടമഞ്ഞ്‌ മാത്രമേയുള്ളൂ. ഉയരമേറുന്നതിനൊത്ത്‌ കോടയുടെ കട്ടി കൂടുന്നു. കോടയിലേക്കിറങ്ങുമ്പോള്‍ മുന്നില്‍ കൈപ്പാടകലം മാത്രം തെളിഞ്ഞുവരും. വേനലില്‍ നടന്നെത്തിയ വഴിത്താരയുടെ പരിചയത്തില്‍ നടന്നുതുടങ്ങി. ഗണപതി ഗുഹയില്‍ വിഗ്രഹത്തിലേക്കു മഴ പുണ്യാഹം തളിയ്‌ക്കുകയാണ്‌. കാറ്റ്‌ നേരവും കാലവും നോക്കാതെ അഷ്‌ടപതി കൊട്ടിപ്പാടുന്നു. ഗുഹയില്‍നിന്നിറങ്ങി പിന്നേയും മുകളിലോട്ട്‌. കോടയിലൂടെ നടന്നുകയറവെ, മുന്നില്‍ കല്‍മണ്ഡപം അവ്യക്‌തമായി തെളിഞ്ഞു. ആദിശങ്കരന്‍ അറിവുതേടി വിളങ്ങിനിന്ന സര്‍വജ്‌ഞപീഠം. കുടജാദ്രിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ചുറ്റുവട്ടത്തൊന്നും മറ്റാരുമില്ല. വിളിച്ചാല്‍ വിളികേള്‍ക്കാനോ ഒരു കൈസഹായത്തിനോ ഒരു മനുഷ്യജീവിയുമില്ല. മധുക്കറിന്റെ ചേട്ടന്‍ സുരേന്ദ്രയെ മിന്നല്‍ വെളിച്ചം തട്ടിയെടുത്തത്‌ ഇവിടെ നിന്നായിരുന്നു. ഈ കോടയിലെവിടെയോ, വെള്ളപ്പാത്രവും പൈനാപ്പിള്‍ ചീളുമായി ഒരു പക്ഷേ സുരേന്ദ്രയുണ്ടാവാം. ചിന്തകള്‍ക്കു ചിറകുമുളയ്‌ക്കവെ രസംതോന്നി.

കൂറ്റന്‍ കരിങ്കല്‍ത്തൂണില്‍ ആദിയിലെന്നോ കെട്ടിപ്പെടുത്ത മണ്ഡപം. ഇത്ര ഉയരത്തില്‍ ആരാകും കരിങ്കല്ലുകളെത്തിച്ച്‌ മണ്ഡപം പണിതിട്ടുണ്ടാവുക...? മണ്ഡപത്തിന്റെ മുകള്‍ത്തട്ടില്‍നിന്നു വാര്‍ന്നുവീഴുന്ന മഴത്തുള്ളികള്‍ അകത്തെ ആദിശങ്കരന്റെ കുഞ്ഞു ബിംബത്തില്‍ ഇറ്റിറ്റുവീഴുന്നു. അറിവിനുമീതെ പ്രകൃതിയുടെ തര്‍പ്പണം. കൈകൂപ്പിയതു പ്രകൃതിക്കു നേരെയോ ആദിശങ്കരനു നേരെയോയെന്നു തിട്ടമില്ലാതെ മലയിറങ്ങി. തണുത്തുവിറങ്ങലിച്ച രാത്രിയില്‍ റസ്‌റ്റ് ഹൗസിലെ അഴക്കുപുരണ്ട തറയില്‍വിരിച്ച കീറപ്പായില്‍ ഉറക്കമകന്നു മലര്‍ന്നുകിടക്കവേ, പുറത്ത്‌ മഴയുടെ ആരവം കേട്ടു. പാതിതകര്‍ത്ത ജനല്‍ചില്ലില്‍ അരിശമടങ്ങാതെ മഴ പിന്നേയും മുഷ്‌ടിചുരുട്ടി ഇടിക്കുകയാണ്‌. അകമ്പടിയായി കാറ്റിന്റെ ശീല്‍ക്കാരം. കാറ്റ്‌ മഴയെ കനല്‍ചീളെന്നപോലെ വാരിയെറിയുകയാണ്‌. ആടിയുലയുന്ന മരച്ചില്ലകളിലേറിയുള്ള ഊഞ്ഞാലാട്ടം. മുറ്റത്തെ കൂറ്റന്‍ മരങ്ങളില്‍നിന്ന്‌ ചില്ലകള്‍ പൊട്ടിവീഴുന്ന ശബ്‌ദം കേള്‍ക്കാം. മഴമാത്രമേയുള്ളൂ. അറിവായി... അലിവായി.. അനുഭവമായി പെയ്‌തലയ്‌ക്കുന്ന മഴ... ക്ഷേത്രവും വഴിത്താരയും പിന്നെ അസംഖ്യം ചരാചരങ്ങളും മഴയില്‍ അലിഞ്ഞില്ലാതായ കുടജാദ്രിയിലെ രാത്രിയില്‍ ഞാനുമൊരു മഴയായി... നിറഞ്ഞുപെയ്‌ത കര്‍ക്കടമഴയിലൊരു കണമായി...

ജിനേഷ്‌ പൂനത്ത്‌

രചനയുടെ 60 വര്‍ഷങ്ങള്‍



അക്ഷര ലോകത്ത്‌ ഉണ്ണികൃഷ്‌ണന്‍ പുതൂര്‍ 60 ആണ്ട്‌ പൂര്‍ത്തിയാക്കുകയാണ്‌. മലയാള സാഹിത്യ രംഗത്ത്‌ ഇത്‌ വളരെ കുറച്ചുപേര്‍ക്കുമാത്രം നേടാനായ അംഗീകാരം. വായനയെ ഗൗരവത്തോടെ കാണുന്ന മലയാളികള്‍ ഒരിക്കലും പിന്‍നിരയിലേക്കു മാറാന്‍ നിര്‍ബന്ധി തരാകാത്ത എഴുത്തുകാര്‍ അപൂര്‍വം. ഒരു കാലഘട്ടത്തിലെ അങ്ങേയറ്റം വാഴ്‌ത്തപ്പെടുന്ന എഴുത്തുകാര്‍പോലും വര്‍ഷങ്ങളുടെ ഇടവേളയില്‍ പിന്‍തള്ളപ്പെടുന്നതിന്‌ എത്രയോ ഉദാഹരണങ്ങള്‍. പക്ഷേ പുതൂരിന്റെ കാര്യത്തില്‍ സാഹിത്യലോകം മുന്‍നിരയില്‍ എന്നും ഒരു ഇരിപ്പിടം ഒഴിച്ചുവച്ചിട്ടുണ്ട്‌.

1952 ല്‍ കരയുന്ന കാല്‌പാടുകള്‍ - എന്ന സമാഹാരവുമായി കഥാലോകത്ത്‌ കാല്‍വച്ച പുതൂരിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പല സമാഹാരങ്ങള്‍ക്കും നോവലുകള്‍ക്കും പതിപ്പുകള്‍ പലതിറങ്ങി. 1968 ല്‍ ബലിക്കല്ലിന്‌ കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌, 2004 ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം. ഇതിനിടയില്‍ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ വേറെയും.

പൊള്ളിക്കുന്ന സത്യസന്ധതയാണ്‌ പുതൂര്‍കഥകളുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ ആത്മസംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍നിന്ന്‌ ഉയിര്‍കൊണ്ടവയാണ്‌ ഓരോ കഥയും. സമൂഹത്തിലെ ക്രൂരതകളോടും വഞ്ചനയോടും പ്രതികാരമായാണ്‌ എഴുതിത്തുടങ്ങിയതെന്ന്‌ പുതൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. സാമൂഹ്യഘടനയുടെ ജീര്‍ണതയ്‌ക്കും കാപട്യങ്ങള്‍ക്കുമെതിരേ ഒരു ദൃക്‌സാക്ഷിവിവരണം നല്‍കാനല്ല പുതൂര്‍ ശ്രമിച്ചത്‌. കൈയില്‍കിട്ടിയതെന്തുമെടുത്ത്‌ അത്തരം തോന്ന്യാസങ്ങളോടു പടപൊരുതാനാണ്‌ അദ്ദേഹം തയാറായത്‌.

ജീവിതത്തിന്റെ രാജവീഥിയിലൂടെ മാത്രം സഞ്ചരിച്ചുവെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവരുടെ ലോകത്ത്‌ പുതൂര്‍ ഒറ്റയാനാണ്‌. ഇരുളും വെളിച്ചവും ഇടചേര്‍ന്ന ഊടുവഴികളിലൂടെ കടന്നുപോയ കാലവും കഥാപാത്രങ്ങളുമാണ്‌ അദ്ദേഹത്തിന്റേത്‌. മാനുഷികമായ എല്ലാ ദൗര്‍ബല്യങ്ങളും അഹങ്കാരവും സ്വാര്‍ത്ഥതയും അസൂയയും തന്നിലും ഉണ്ടെന്ന്‌ അദ്ദേഹം തുറന്നു സമ്മതിക്കുന്നു. അപാരമായ ഈ വെളിപ്പെടുത്തലാണ്‌, സത്യസന്ധതയാണ്‌ പുതൂര്‍ കൃതികളെ ആത്മനിഷ്‌ഠമാക്കുന്നത്‌.

ബലിക്കല്ല്‌, അമൃതമഥനം, ആനപ്പക, നാഴികമണി, മറക്കാനും പൊറുക്കാനും, ആട്ടുകട്ടില്‍, പാവക്കിനാവ്‌, മൃത്യുയാത്ര, ധര്‍മചക്രം, ജലസമാധി എന്നിവയാണ്‌ പുതൂരിന്റെ 18 നോവലുകളില്‍ ഏറെ ശ്രദ്ധേയമാകുന്നത്‌. 34 കഥാസമാഹാരങ്ങളും 'കല്‍പകപ്പൂമഴ' എന്ന കവിതാസമാഹാരവും രണ്ടു ജീവചരിത്രവും ഒരു അനുസ്‌മരണ കൃതിയും മൂന്ന്‌ മൊഴിമാറ്റങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌. എണ്ണമറ്റ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും സമാഹരിച്ചിട്ടില്ല.

1933 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഇല്ലത്തകായില്‍ തറവാട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അച്‌ഛന്‍ കല്ലാത്ത്‌ ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണി നായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ബാല്യകാലവും പ്രൈമറി പഠനവും ഗുരുവായൂരില്‍. ചാവക്കാട്‌ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പാസായി. ഇന്റര്‍മീഡിയറ്റ്‌ വിക്‌ടോറിയ കോളജില്‍. ബിരുദ പഠനം പൂര്‍ത്തിയാക്കിയില്ല.

1952 ല്‍ കരയുന്ന കാല്‌പാടുകള്‍ എന്ന ആദ്യകഥാസമാഹാരവുമായി കേരളത്തിനകത്തും പുറത്തും ഊരുചുറ്റി. ഉത്സവപ്പറമ്പുകളില്‍ അലഞ്ഞുനടന്ന്‌ പുസ്‌തകം വില്‍ക്കാന്‍ ശ്രമിച്ച കൗമാരക്കാരന്റെ അനുഭവങ്ങള്‍ നാഴികമണിയില്‍ ഒളിക്കാതെ വിവരിച്ചിട്ടുണ്ട്‌.

ജാതി ഭ്രഷ്‌ട് കല്‍പ്പിച്ച കുറിയേടത്ത്‌ താത്രി എന്ന ബ്രാഹ്‌മണ യുവതിയുടെ കഥ പറഞ്ഞ അമൃതമഥനം ഗവേഷണ നോവല്‍ തന്നെയാണ്‌. അതിലെ ലൈംഗികതയുടെ പേരില്‍ പുതൂരിന്‌ കുറച്ചൊന്നുമല്ല വിമര്‍ശനം നേരിടേണ്ടിവന്നത്‌.

എഴുന്നൂറിലേറെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ രംഗത്ത്‌ മറ്റാര്‍ക്കും ഈയൊരു നേട്ടം ഉണ്ടായതായി പറയാനാവില്ല.

ചങ്ങമ്പുഴയുടെ അകാലമരണത്തില്‍ മനംനൊന്ത്‌ 1950 ല്‍ എഴുതിയ 'മായാത്ത സ്വപ്‌ന'മാണ്‌ അച്ചടിമഷി പുരണ്ട ആദ്യ കൃതി. ഈ കഥ കൂടി ഉള്‍പ്പെടുത്തി 1952-ല്‍ 'കരയുന്ന കാല്‍പാടുകള്‍' പുറത്തിറങ്ങി. അവിടുന്നങ്ങോട്ട്‌ എഴുത്ത്‌ അഭിനിവേശമായിരുന്നു പുതൂരിന്‌. എഴുത്തുകാരനായി അറിയപ്പെടാന്‍ അദ്ദേഹം സഹിച്ച വേദന ചില്ലറയല്ല. എഴുത്തിന്റെ വഴിയിലേക്കുള്ള പുതൂരിന്റെ യാത്ര പൂവിരിച്ചപാതയിലൂടെയായിരുന്നില്ല. കല്ലും മുള്‍പ്പടര്‍പ്പും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങി സ്വന്തം ഹൃദയരക്‌തം കൊണ്ടാണ്‌ അദ്ദേഹം രചനനിര്‍വഹിച്ചത്‌. ബലിക്കല്ല്‌ എഴുതിയശേഷം ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനായി കഴിയവേ തനിക്കു നേരിടേണ്ടിവന്ന അനുഭവങ്ങള്‍ 'നാഴികമണി'യില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്‌ കണ്ണുനീര്‍ പാതി കാഴ്‌ച മറച്ച കണ്ണുകളോടെയാണ്‌.



ആത്മകഥയുടെ അവസാനത്തെ മിനുക്കുപണിയിലാണ്‌ പുതൂര്‍. രോഗം മൂര്‍ച്‌ഛിച്ച്‌ ഏറെനാള്‍ ആശുപത്രിയിലായിരുന്നു. അതില്‍നിന്നെല്ലാം മുക്‌തനായി ഗുരുവായൂരിലെ ജാനകീസദനത്തില്‍ ഓണപ്പതിപ്പുകളിലേക്കുള്ള രചനകളുടെ തിരക്കിലായിരുന്നു കഴിഞ്ഞ നാളുകള്‍.

എഴുത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന 19നു വൈകിട്ട്‌ രചനയുടെ ഷഷ്‌ഠിപൂര്‍ത്തി ഉദ്‌ഘാടനവും കരയുന്ന കാല്‍പാടുകളുടെ പുനഃപ്രകാശനവും നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 'കരയുന്ന കാല്‍പാടുകള്‍' പുതിയ കെട്ടിലുംമട്ടിലും പുനഃപ്രസിദ്ധീകരിക്കുന്നത്‌ ഗുരുവായൂരിലെ സായി സഞ്‌ജീവനി പബ്ലിക്കേഷന്‍സാണ്‌. ആര്‍ട്ടിസ്‌റ്റ് നമ്പൂതിരിയാണ്‌ പുതിയ പുസ്‌തകത്തിന്റെ കവര്‍ ഒരുക്കിയിരിക്കുന്നത്‌. ഗുരുവായൂര്‍ സാഗര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചതിരിഞ്ഞു നടക്കുന്ന ചടങ്ങിനെ മഹാകവി അക്കിത്തം, ഡോ. എം. ലീലാവതി, സി. രാധാകൃഷ്‌ണന്‍, എം.പി വീരേന്ദ്രകുമാര്‍, മാടമ്പ്‌ കുഞ്ഞുകുട്ടന്‍ തുടങ്ങിയവര്‍ ധന്യമാക്കും.

ഗുരുവായൂരിന്റെ കഥാകാരനെ ആദരിക്കല്‍ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌ സായി സഞ്‌ജീവനി ട്രസ്‌റ്റും തൃശൂരിലെ അങ്കണം കലാസാഹിത്യവേദിയും സംയുക്‌തമായാണ്‌.

ഹണിമോള്‍

നേതാക്കള്‍ക്കും മുമ്പേ സ്വാതന്ത്ര്യത്തിലേക്ക്‌

Text Size:
ചന്നം പിന്നം പെയ്യുന്ന മഴ... താഴേക്കു പതിക്കുന്ന ഓരോ വെളളത്തുളളിയും ഒഴുകി വെളുത്ത ജനസാഗരത്തിലേക്കു ചേരുന്നു. ഖദര്‍ കൊണ്ട്‌ തയ്‌ച്ച കുട്ടിക്കുപ്പായം ധരിച്ച്‌ വെളുത്തതൊപ്പിയും വച്ച്‌ ബാഡ്‌ജും പോക്കറ്റില്‍ കുത്തി ജനക്കൂട്ടത്തോടൊപ്പം നിന്നപ്പോള്‍ ഞാനും മുതിര്‍ന്ന ആളായി മാറുകയായിരുന്നു. മുഷ്‌ടിചുരുട്ടി ആകാശത്തേക്കു വലിച്ചെറിഞ്ഞ്‌ അവര്‍ക്കൊപ്പം ആകുന്ന സ്വരത്തില്‍ ഞാനും വിളിച്ചു ഭാരത്‌ മാതാ കീ ജയ്‌, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ കീ ജയ്‌.

ഇന്നും ഈ മഴക്കാലത്ത്‌ എഴുപത്തിനാലിന്റെ പടിക്കല്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചിലപ്പോഴൊക്കെ ആ പത്തു വയസുകാരനാകാറുണ്ട്‌.

ഒരു പത്തുവയസുകാരന്റെ ഓര്‍മകള്‍ക്ക്‌ പരിമിതിയുണ്ടല്ലോ. എന്നാല്‍ എന്തൊക്കെ മറന്നാലും ആ ദിനങ്ങള്‍ എനിക്കു മറക്കാനാവില്ല. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്‌ ചിറകടിച്ചു പറന്ന ആ ദിവസങ്ങള്‍... പിന്നീട്‌ എനിക്ക്‌ അഭിമാനവും ചിലപ്പോഴൊക്കെ നഷ്‌ടബോധവും സൃഷ്‌ടിച്ച ദിനങ്ങള്‍

1947 ആഗസ്‌റ്റ് 14... ഞാനന്ന്‌ കോട്ടയം സി.എം.എസ്‌. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌. നാടൊട്ടാകെ എന്തോ വലിയകാര്യം സംഭവിക്കാന്‍പോകുന്നതിന്റെ പ്രതീതിയായിരുന്നു. വീട്ടിലും നാട്ടിലുമൊക്കെ സംസാരവിഷയം അതുതന്നെ. അവരുടെ ഭാഷയുടെ പൊരുള്‍ പിടികിട്ടിയില്ലെങ്കിലും ഒന്നു മനസിലായി. നാം സ്വതന്ത്രരാകുകയാണ്‌. നാളെ ആഘോഷത്തിന്റെ ദിവസമാണ്‌. തിരുവിതാംകൂര്‍ രാജാവ്‌ ശ്രീ ചിത്തിര തിരുനാളിന്റെ പിറന്നാള്‍ ദിനമാണ്‌ എല്ലാ വര്‍ഷവും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ആഘോഷത്തിന്റെ ദിനം. ആ ദിവസം ഞങ്ങള്‍ മത്സരിച്ച്‌ രാജചിഹ്നമായ ശംഖ്‌ വരയ്‌ക്കാറുണ്ടായിരുന്നു. കൂടുതല്‍ നന്നായി വരച്ചാല്‍ സമ്മാനം. രാജാവിന്റെ പേര്‌ തെറ്റാതെ പറയുന്നയാള്‍ക്കുമുണ്ടായിരുന്നു സമ്മാനം. അതുപോലെ വീണ്ടുമൊരാഘോഷം, അതു സ്വാതന്ത്ര്യദിനം നല്‍കുമെന്ന പ്രതീക്ഷയിലും ഉത്സാഹത്തിലുമായിരുന്നു മനസ്‌. ആളുകളുടെ സംസാരത്തില്‍ നിന്ന്‌ ആ ആഘോഷത്തിന്റെ വലുപ്പം അറിയുന്തോറും മനസിലെ ഉത്സാഹവും ഏറിവന്നു. വൈകുന്നേരമായതോടെ അന്തീക്ഷത്തിനു കൂടുതല്‍ മുറുക്കം വന്നു. രാത്രിയായതോടെ ആളുകള്‍ റേഡിയോയുളള വീടുകളിലേക്കു പോയിത്തുടങ്ങി. ഡല്‍ഹിയിലെ വാര്‍ത്തകളറിയാന്‍, നെഹ്‌റുവിന്റെ പ്രസംഗമുണ്ടുപോലും.

അന്ന്‌ വീടുകളിലെ വലിയ ആഡംബരവസ്‌തുവായിരുന്നു റേഡിയോ, ഞങ്ങളുടെ പ്രദേശത്ത്‌ റേഡിയോയുളളത്‌ വളരെ ചുരുക്കം വീടുകളില്‍ മാത്രം. വീട്ടില്‍നിന്നു മുത്തച്‌ഛനും മറ്റും പോയെങ്കിലും ഞാന്‍ പോയില്ല. പിറ്റേന്നത്തെ ആഘോഷത്തിന്റെ സ്വപ്‌നങ്ങളും അയവിറക്കി ഞാന്‍ ഉറക്കത്തിലേക്കു വീണിരുന്നു. അന്നത്തെ രാത്രി ഉറങ്ങിപ്പോയതിന്റെ നഷ്‌ടം മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയപ്പോഴാണ്‌ എന്നെ അലട്ടാന്‍ തുടങ്ങിയത്‌. നെഹ്‌റു അര്‍ധരാത്രിയില്‍ നടത്തിയ പ്രസംഗം ഓരോ വരിയും വായിച്ച്‌ ഞരമ്പുകളില്‍ ആവേശമൊഴുകിത്തുടങ്ങുമ്പോഴോക്കെയും ആ രാത്രി നിരാശയായി എന്റെ മുന്‍പിലുണ്ടായിരുന്നു.

1947 ഓഗസ്‌റ്റ് 15...

തിരുനക്കരമൈതാനത്തായിരുന്നു ആഘോഷപരിപാടികള്‍. മൈതാനത്തിനടുത്തായിരുന്നു തറവാട്ടു വീട്‌. മൈതാനത്തു നിന്നുളള ആഘോഷത്തിന്റെ അലയൊലികള്‍ അവിടെ കേള്‍ക്കാമായിരുന്നു. എല്ലാവരും ആഘോഷത്തില്‍ പങ്കടുക്കാന്‍ വെളള ഖദറും, തൊപ്പിയും ധരിച്ചാണ്‌ എത്തികൊണ്ടിരുന്നത്‌. എന്നാല്‍ എനിക്ക്‌ ഇതൊന്നുമുണ്ടായിരുന്നില്ല. അതോടെ വാശിയായി. ഖദര്‍ ധരിക്കാതെ പോകില്ല എന്നായി. അപ്പോഴാണ്‌ അച്ചാച്ചന്‍ (അമ്മയുടെ ആങ്ങള) എത്തുന്നത്‌. എന്റെ വാശികണ്ട്‌ അച്ചാച്ചന്‍ ഖദര്‍ തുണിയും വാങ്ങി എന്നെയും കൂട്ടി വീടിനടുത്തുളള ഒരു തയ്യല്‍ക്കാരന്റെ അടുത്തെത്തി. അളവെടുത്ത്‌ ഒരു കുട്ടിഷര്‍ട്ടും തൊപ്പിയും തയ്‌പ്പിച്ചു. അവ ധരിച്ച്‌ സ്വാതന്ത്ര്യത്തേക്കാള്‍ തുടികൊട്ടുന്ന മനസുമായാണ്‌ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വൈകുന്നേരം തിരുനക്കരയിലെത്തിയത്‌.

രാവിലെ ഞാന്‍ എത്തിയപ്പോള്‍ ശൂന്യമായിക്കിടന്ന മൈതാനം, എന്റെ കുസൃതികള്‍ കണ്ട്‌ അവിടവിടെയായി തലകുനിച്ചു നിന്ന മരങ്ങള്‍. അവിടമാകെ ജനസാഗരമായിരുന്നു. പരന്നുകിടക്കുന്ന മൈതാനമാകെ ഖദര്‍ധാരികള്‍.

പെയ്യുന്ന മഴ ആവേശത്തെ മേലേക്ക്‌ ഉയര്‍ത്തുന്നു. എങ്ങും കീ ജയ്‌ വിളികള്‍. അതിനിടയില്‍ മണ്ണില്‍ നാട്ടിയ കവുങ്ങ്‌ കൊടിമരത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പി.ടി. ചാക്കോ കൊടിയുയര്‍ത്തി. ആവേശം അതിരുകള്‍ക്കപ്പുറം ഉയരുകയായിരുന്നു. പിന്നാലെ ഇ. ജോണ്‍ ഫിലിപ്പോസ്‌, വരദരാജന്‍ നായര്‍ എന്നിവരുടെ പ്രസംഗങ്ങള്‍. ഓരോ വാക്കിനും കൈയടികള്‍, ആര്‍പ്പുവിളികള്‍, തുടര്‍ന്ന്‌ റാലി. അത്‌ ജാതി-മത-വര്‍ഗ വേര്‍തിരിവുകളില്ലാതെ കടല്‍പോലെ ഒഴുകുകയായിരുന്നു. അതിന്റെ ഓളപ്പരപ്പുകളിലെവിടെയോ ഞാന്‍ ധരിച്ചിരുന്ന ഖദര്‍ തൊപ്പി നഷ്‌ടമായി. അച്ചാച്ചനോട്‌ വാശിപിടിച്ച്‌ മേടിച്ച തൊപ്പി. മറ്റുളള ഖദര്‍ധാരികള്‍ക്കൊപ്പം എന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരുന്ന തൊപ്പി. അത്‌ എവിടെയോ നഷ്‌ടപ്പെട്ടിരിക്കുന്നു. മറ്റുളളവരില്‍ നിന്നു പെട്ടെന്ന്‌ അന്യനായതുപോലെ. ഉറക്കെ കരയാനാണ്‌ തോന്നിയത്‌. തോന്നലല്ല, കരയുക തന്നെ ചെയ്‌തു. ആ ആവേശപ്പുഴയില്‍ എന്റെ കരച്ചിലും ഒഴുകിച്ചേര്‍ന്നു. ആ റാലിയും ആ ദിനവും... അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. റിപ്പബ്ലിക്ക്‌ ദിനമായി, പിന്നീട്‌ വിവിധ ആഘോഷങ്ങളായി ആ മാറ്റം ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. അന്ന്‌ പൗരധ്വനി,പൗരപ്രഭ എന്നീ പത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്‌. ഡല്‍ഹിയില്‍ നടന്ന ആഘോഷങ്ങള്‍ എന്തെന്നു പുറംലോകം അറിഞ്ഞതും ഇവയിലൂടെയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ വാര്‍ത്തകള്‍ വായിക്കാനും ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാനും പത്രത്തിനു അന്ന്‌ പിടിച്ചുപറിയായിരുന്നു. അതില്‍ നെഹ്‌റു ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്ന ചിത്രമുണ്ടായിരുന്നു. തെളിച്ചമൊന്നുമില്ലാത്ത ഒരു ചിത്രം. അതില്‍ ആരൊക്കെയുണ്ടെന്ന്‌ തിരിച്ചറിയാന്‍തന്നെ പ്രയാസം. കുറേക്കാലം അതു ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നു. കാലമേറെക്കഴിഞ്ഞെങ്കിലും ഇന്നും ഓരോ സ്വാതന്ത്ര്യദിനം എത്തുമ്പോഴും എന്റെ മനസില്‍ വിങ്ങലായി ആ ഖദര്‍ തൊപ്പിയെത്തും, തിരക്കിനിടയില്‍ നഷ്‌ടമായ എന്റെ തൊപ്പി. ഒപ്പം ഉറക്കം നഷ്‌ടമാക്കിക്കളഞ്ഞ ആ വാക്കുകളും... പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ ഓണാകുന്ന റേഡിയോയില്‍ നിന്ന്‌ ഉറച്ച ശബ്‌ദത്തിലെത്തിയ നെഹ്‌റുവിന്റെ വാക്കുകള്‍...

തയാറാക്കിയത്‌

എം. എസ്‌. സന്ദീപ്‌

പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണപ്പകല്‍













മാമുക്കോയ


ഓണക്കാലമായി എന്നറിയുന്നതു തന്നെ പപ്പുവേട്ടന്‍ വിളിക്കുമ്പോഴായിരിക്കും. 'മാമുവേ, തിരുവോണം അടുത്തയാഴ്‌ചയാണ്‌. രാവിലെ തന്നെ വീട്ടിലെത്തണം. പതിവുപോലെ നമുക്കൊന്ന്‌ ഒത്തുകൂടണം.'

പപ്പുവേട്ടന്‍ അങ്ങനെയാണ്‌. തിരുവോണ ദിവസം എന്തു സംഭവിച്ചാലും ഷൂട്ടിംഗിന്‌ അവധി നല്‍കി കോഴിക്കോട്‌ കുതിരവട്ടത്തെ വീട്ടിലുണ്ടാവും. രാവിലെ കുളിച്ചൊരുങ്ങി അതിഥികളെ കാത്തുനില്‍ക്കും. ഭാര്യയേയും മക്കളേയും അമ്പലത്തില്‍ പറഞ്ഞയക്കും. മക്കള്‍ അമ്പലത്തില്‍ നിന്നെത്തിയാല്‍ പൂക്കളിടാനുള്ള ചിത്രം വരയാണു പിന്നീട്‌. കുട്ടികള്‍ പൂവിടുന്നതു നോക്കിയിരുന്ന്‌ അഭിപ്രായം പറയും. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കു തിരുവോണം ഒരു കൂടിച്ചേരലായിരുന്നു അന്ന്‌. ഓരോരോ തിരക്കുകളുള്ള പഴയ നാടകപ്രവര്‍ത്തകരും സിനിമാക്കാരുമൊക്കെ അവിടെ ഒന്നിച്ചുണ്ടാവും. സിനിമയിലേയും ജീവിതത്തിലേയും തമാശകള്‍ പരസ്‌പരം പങ്കുവയ്‌ക്കുന്ന ദിവസം. സുഹൃത്തുക്കളില്‍ ആരെങ്കിലും വന്നില്ലെങ്കില്‍ പപ്പുവേട്ടനു പരിഭവമാണ്‌. ഷൂട്ടിംഗുണ്ടെങ്കില്‍ വരേണ്ടെന്നു പറയും. അത്രയ്‌ക്കു സ്‌നേഹമായിരുന്നു ഞങ്ങളോടൊക്കെ. അതുകൊണ്ടുതന്നെ ആ ദിവസം എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും കുതിരവട്ടത്തെത്തും.

തിരുവോണദിവസം രാവിലെ പപ്പുവേട്ടന്റെ വീട്ടിലെത്തുമ്പോള്‍ കോലായയില്‍ എല്ലാവരുമുണ്ടാവും. കുഞ്ഞാണ്ടിയേട്ടന്‍, നെല്ലിക്കോട്‌ ഭാസ്‌കരന്‍, രാജന്‍ പാടൂര്‍, അശോകന്‍, എ.പി. രാജു, ഹരിദാസന്‍......

പരസ്‌പരം കളിയാക്കലുകളും തമാശകളും തര്‍ക്കവുമൊക്കെയായി സമയം പോകുന്നതറിയില്ല. സദ്യയുടെ നേരംവരെ അതു നീളും. ഇടയ്‌ക്ക് അടുക്കളയിലേക്കോടും. ഭാര്യ പത്മിനിയമ്മയുണ്ടാക്കിയ വിഭവങ്ങള്‍ രുചിച്ച്‌ അഭിപ്രായം പറയും. തിരുവോണത്തിന്‌ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക്‌ ഇറച്ചിയും മീനും നിര്‍ബന്ധമാണ്‌. പപ്പുവേട്ടന്റെ ഇഷ്‌ടവിഭവം മീനാണ്‌. നല്ല മീന്‍ എവിടെക്കണ്ടാലും വാങ്ങും. അതിനു പണം പോലും നോക്കാറില്ല. ഷൂട്ടിംഗിനു പോകുന്ന വഴിയിലാണു നല്ല മീന്‍ കാണുന്നതെങ്കില്‍ അപ്പോള്‍ തന്നെ വാങ്ങി കാറില്‍ വയ്‌ക്കും. എന്നിട്ട്‌ ലൊക്കേഷനിലെ മെസില്‍ ഏല്‍പ്പിച്ച്‌ ഇതൊന്നു വറുത്തുതരണമെന്നു പറയും. അത്രയ്‌ക്കിഷ്‌ടമാണ്‌ മീനിനോട്‌. തിരുവോണ ദിവസവും രാവിലെയിറങ്ങി നല്ല മീന്‍ തന്നെ വാങ്ങും. ഇതിനു പുറമെ ഇറച്ചിയും. എന്നാലേ ഓണസദ്യ പൂര്‍ണമാകൂ.

ഞങ്ങളൊക്കെ വന്നു എന്നറിയുമ്പോഴേക്കും ചെറുപ്പം മുതലുള്ള പപ്പുവേട്ടന്റെ സ്‌നേഹിതരും അയല്‍ക്കാരും എത്തിത്തുടങ്ങും. അവരെയൊക്കെ സ്വീകരിച്ചിരുത്തി സദ്യയും കഴിപ്പിച്ചേ വിടുകയുള്ളൂ. ചെറുപ്പത്തില്‍ അനുഭവിച്ച കഷ്‌ടപ്പാടുകള്‍ പപ്പുവേട്ടന്‍ സിനിമാക്കാരനായിട്ടും മറന്നിരുന്നില്ല. തിരുവോണത്തിന്‌ വീട്ടിലെത്തുന്ന പാവപ്പെട്ടവര്‍ക്കു കൈനീട്ടം നല്‍കിയേ വിടാറുള്ളൂ. ആരെങ്കിലും ഭക്ഷണം കഴിക്കാതെ പോയാല്‍ ആ സങ്കടം പറഞ്ഞുകൊണ്ടേയിരിക്കും. അത്രയ്‌ക്കു സല്‍ക്കാരപ്രിയനായിരുന്നു. അടുത്ത സുഹൃത്തുക്കളുടെ വീട്ടില്‍ ഭക്ഷണം വയ്‌ക്കരുതെന്നു പപ്പുവേട്ടനു നിര്‍ബന്ധമാണ്‌. വന്നില്ലെങ്കില്‍ കാറയച്ചു വരുത്തിക്കും. അതുകൊണ്ടുതന്നെ അവരുടെ കുടുംബാംഗങ്ങളുമുണ്ടാവും ഓണത്തിന്‌.

ഒരു വലിയ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണം. ഉച്ചയ്‌ക്കു സദ്യ കഴിഞ്ഞാല്‍ ഒന്നിച്ചുനിര്‍ത്തി ഫോട്ടോയെടുത്തതിനു ശേഷമേ എല്ലാവരേയും പറഞ്ഞയക്കുകയുള്ളൂ. അതിനായി ആഴ്‌ചകള്‍ക്കു മുമ്പു തന്നെ ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടു ചെയ്‌തിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാലൊന്നും ഞങ്ങളെ വിടില്ല.

'എവിടേം പോകണ്ട. കുറച്ചുസമയം സംസാരിച്ചിട്ട്‌ രാത്രിയെത്താം വീട്ടില്‍. എന്താ' എന്ന ചോദ്യത്തിന്‌ ഞങ്ങളാരും എതിരുനില്‍ക്കില്ല. രാത്രി വൈകുവോളം കളിയും ചിരിയും തമാശകളും നിറഞ്ഞ ആ തിരുവോണനാളുകള്‍ ഓര്‍മകള്‍ മാത്രമായി. പപ്പുവേട്ടന്‍ മരിച്ചതിനു ശേഷം ഒരു വീട്ടിലും ഓണസദ്യയുണ്ണാന്‍ പോകാറില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിച്ചേരുന്നതു തന്നെ അപൂര്‍വമായി. മാത്രമല്ല, തിരുവോണത്തിനു പലപ്പോഴും ലൊക്കേഷനിലൊക്കെയായിരിക്കും. അവിടെത്തന്നെയാവും ഓണസദ്യയും.

ഇത്തവണ തിരുവോണം ഓസ്‌ട്രേലിയയിലാണ്‌. അവിടെ മലയാളി അസോസിയേഷന്റെ പരിപാടി. 25നേ തിരിച്ചെത്തുകയുള്ളൂ. എവിടെയെത്തിയാലും ഓണമുണ്ണുമ്പോള്‍ പപ്പുവേട്ടന്റെ കുതിരവട്ടത്തെ വീട്ടിലെ സ്വാതന്ത്ര്യത്തോടെയുള്ള ഓണപ്പകലുകളാണ്‌ ഓര്‍മ വരുന്നത്‌.

തയാറാക്കിയത്‌- രമേഷ്‌ പുതിയമഠം

ഓര്‍മ്മകള്‍ ഓണമൂട്ടുമ്പോള്‍



''പനിനീര്‍ പുഷ്‌പത്തിന്റെ സൗന്ദര്യം വര്‍ണിച്ചതു കേട്ടപ്പോള്‍ അന്ധന്റെ മനസില്‍ വിരിഞ്ഞത്‌ അനുപമമായ ആനന്ദമായിരന്നു. കാഴ്‌ച കിട്ടി ഒടുവില്‍ പൂവിനെ നേരിട്ടു കണ്ടപ്പോള്‍ അവനു നിരാശ തോന്നി. കാരണം അവന്റെയുളളില്‍ വിരിഞ്ഞ പൂവിന്‌ യഥാര്‍ഥത്തിലുളളതിനേക്കാള്‍ പത്തിരട്ടി സൗന്ദര്യമുണ്ടായിരുന്നു.''- അയോധ്യാ സിംഗ്‌ ഉപാധ്യായ ഹരിയൗദ്‌.

ന്യൂഡല്‍ഹിയിലെ ഔറംഗസേബ്‌ മാര്‍ഗിലെ 33-ാം നമ്പര്‍ വസതിയിലിരുന്നു ഓണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ വരണാധികാരി ചുമതല വരെ വഹിച്ച ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി സാധാരണ കുമ്പനാടുകാരനായി മാറുന്നു. 40 വര്‍ഷം നീണ്ട പ്രവാസി ജീവിതത്തിനിടയിലും ഓണത്തിന്റെ ചിട്ടകള്‍ ഇദ്ദേഹം ഇന്നും തെറ്റിക്കാറില്ല. റൂളിംഗുകളൊന്നും തെറ്റാതെ ലോക്‌സഭയെ ശരിയായ രീതിയില്‍ കൈപിടിച്ചു നടത്തുന്ന ഈ ഉന്നത ഉദ്യോഗസ്‌ഥന്‌ ഓണം എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ത്തന്നെ കുട്ടിക്കാലമാണ്‌ മനസിലേക്ക്‌ ഓടിയെത്തുന്നത്‌. രണ്ടര ദശാബ്‌ദം മാത്രമാണ്‌ നാടുമായിട്ടുളള ബന്ധമെങ്കിലും മനസിലെ ഊഷ്‌മളതകള്‍ സൂക്ഷിക്കാന്‍ ഈ വര്‍ഷങ്ങള്‍ തന്നെ ധാരാളം.

ജനിച്ചതും വളര്‍ന്നതുമെല്ലാം സംസ്‌കാരത്തിന്റെ ഈറ്റില്ലമായ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലായിരുന്നു. ചിങ്ങമാസത്തിലെ ഉത്സവ ദിവസങ്ങള്‍ ചിലവഴിക്കുന്നത്‌ അമ്മവീടായ കുമ്പനാടായിരിക്കും. കുമ്പനാട്‌ എത്താന്‍ ബസ്‌ കിട്ടണമെങ്കില്‍ കോഴഞ്ചേരി വരെ നടക്കണം. ഉപ്പേരിയുടേയും കായ വറുത്തതിന്റേയും കാര്യം ഓര്‍ത്ത്‌ നടക്കുമ്പോള്‍ അഞ്ചും ആറും കിലോമീറ്ററുകളാണ്‌ പിന്നിടുന്നതെന്ന്‌ ഓര്‍ക്കാറുമില്ല. തുമ്പിതുളളലില്‍ പങ്കെടുത്തും പാട്ടുപാടിയും എത്തുന്ന കുട്ടികള്‍ കുമ്പനാട്‌ എത്തിയാല്‍ തിരക്കോട്‌ തിരക്കാണ്‌. പൂവിടലും പൂവിളിയും ആകെ ബഹളം തന്നെ. അമ്മമാരും സഹോദരിമാരും പാചകത്തിരക്കിലാകും ഒന്നാം ഓണമായ ഉത്രാടരാത്രിയില്‍ ആരും ഉറങ്ങാറില്ലായിരുന്നു. ഒത്തുകൂടിയതിന്റെ സന്തോഷം ആവോളം നുകര്‍ന്ന്‌ യാമങ്ങള്‍ കഴിയുന്നത്‌ അറിയാറേയില്ല. വെളുപ്പിനെ മാത്രമായിരിക്കും ഒന്നു തലചായ്‌ക്കുക. അതുവരെ സ്‌ത്രീകള്‍ അടുക്കളയില്‍ വറുക്കലും പൊരിയ്‌ക്കലും സദ്യയൊരുക്കലും നടത്തുമ്പോള്‍ ആണ്‍പ്രജകള്‍ വെടിപറയുകയായിരിക്കും. സൂര്യന്‌ താഴെയുളള എല്ലാകാര്യങ്ങളും ചര്‍ച്ചയ്‌ക്ക് വിഷയമാകും. അജണ്ടകളില്ലാത്ത ഈ ചര്‍ച്ചയില്‍ പലര്‍ക്കും പറയാനുളളത്‌ മുന്‍കാലങ്ങളില്‍ തങ്ങള്‍ നടത്തിയ കൃത്യങ്ങളെ കുറിച്ചായിരിക്കും.

തിരുവോണം പിറക്കുന്നതു തന്നെ ആഹ്‌ളാദത്തിലേക്കാണ്‌. ആശങ്കകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അവധികൊടുത്ത്‌ അന്നു ചിന്തിക്കുന്നത്‌ തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയെക്കുറിച്ചും മറ്റ്‌ ആഘോഷങ്ങളെക്കുറിച്ചുമായിരിക്കും. ഊണു കഴിഞ്ഞ്‌ നാടന്‍കളികളിലും കലാപരിപാടികളിലും പങ്കെടുക്കുകയെന്നത്‌ ആഘോഷത്തിന്റെ ഭാഗമാണ്‌. വീട്ടില്‍ ചടഞ്ഞിരിക്കുകയെന്ന സ്വഭാവം ആര്‍ക്കുമില്ല. നാടകങ്ങളുടെ അണിയറ പ്രവര്‍ത്തനത്തിലാണ്‌ താന്‍ മുഴുകിയിരുന്നതെന്ന്‌ ആചാരി ഓര്‍ക്കുന്നു. അന്നുണ്ടായിരുന്ന സൗഹൃദത്തിന്റെ നൈര്‍മല്യം ഇന്നും കാത്തുസൂക്ഷിക്കുന്നു. ജീവിതത്തില്‍ ഒന്നുമാകാത്ത കാലത്തുണ്ടാകുന്ന സുഹൃത്തുക്കളായിരിക്കും എന്നുമുണ്ടാകുക.

ഓണനൊമ്പരം

1969 ല്‍ ഡല്‍ഹിയിലേയ്‌ക്ക് ആചാരി വണ്ടികയറി. മാസങ്ങള്‍ക്കുളളില്‍ പാര്‍ലമെന്റിലെ ഇന്റര്‍പ്രട്ടേഷന്‍ വിഭാഗത്തില്‍ ജോലികിട്ടി. ലോഡ്‌ജില്‍ ഒറ്റയ്‌ക്ക് താമസം തുടങ്ങി. ഈ സമയത്താണ്‌ ഓണത്തിന്റെ വരവ്‌. സദ്യയില്ല, ആഘോഷമില്ല, ഓണത്തെക്കുറിച്ച്‌ പറയാനും കേള്‍ക്കാനും ആരുമില്ല. ഒറ്റപ്പെടലിന്റെ വേദന, പ്രവാസ ജീവിതത്തിലെ ആദ്യ ഓണം. മനസില്‍ സങ്കടം വീര്‍പ്പുമുട്ടി. അന്നു കഴിച്ച ആഹാരത്തിന്‌ ഒട്ടും രുചി തോന്നിയില്ല. നാട്ടില്‍ നിന്നു പറിച്ചു നടുന്നവന്റെ നികത്താനാകാത്ത നഷ്‌ടങ്ങളില്‍ ഒന്നാണ്‌ ഓണം. പിന്നീട്‌ ഡല്‍ഹിയില്‍ കുടുംബമായി സ്‌ഥിരതാമസം തുടങ്ങിയതോടെ ഓണസദ്യ പ്രശ്‌നമല്ലാതായി മാറി. എല്ലാ ദിവസവും വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിയ്‌ക്കുന്ന ആചാരിയ്‌ക്ക് ഉത്രാടം, തിരുവോണം, ചതയം ദിവസങ്ങളില്‍ തൂശനിലയില്‍ സദ്യവേണമെന്നു നിര്‍ബന്ധമുണ്ട്‌. ഓണത്തിനു വിഭവ സമൃദ്ധമായ സദ്യയൊരുക്കാന്‍ ഭാര്യ ലീലയ്‌ക്കും നിറഞ്ഞ സന്തോഷം. മക്കളും പേരക്കുട്ടികളും നിറഞ്ഞ വലിയ കുടുംബം ആചാരിയോടൊപ്പം തന്നെയാണ്‌ താമസം.

ഡല്‍ഹിയില്‍ വളരുന്ന മക്കളായ മനോജ്‌ കുമാര്‍, അജയ്‌കുമാര്‍, രാഹുല്‍ എന്നിവര്‍ക്ക്‌ നാട്ടിലെ ഓണാഘോഷം അനുഭവിച്ചറിയാന്‍ കഴിയാത്തതില്‍ ആചാരിക്ക്‌ വിഷമമുണ്ട്‌.'നിലത്തിരുന്ന്‌ ഊണു കഴിക്കുന്ന ദിവസ'മെന്ന്‌ മാത്രമാണ്‌ മക്കള്‍ക്ക്‌ ഓണത്തെക്കുറിച്ചുളള അറിയുന്നത്‌. ഡല്‍ഹി മലയാളി കൂട്ടായ്‌മകള്‍ ഒരുക്കുന്ന ഓണാഘാഷങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ സന്തോഷം തിരികെ വന്ന്‌ തുടങ്ങി. എങ്കിലും നാട്ടിലെ ഓണം ഗൃഹാതുരത്വമുണര്‍ത്തികൊണ്ടേയിരുന്നു.

നാടന്‍ ഓണത്തിനോടുളള പ്രേമം കൊടുമ്പിരികൊണ്ടപ്പോള്‍ എന്തുവിലകൊടുത്തും നാട്ടിലെത്തി ഓണാഘോഷത്തില്‍ പങ്കാളിയാകണമെന്ന്‌ തോന്നി. കാല്‍നൂറ്റാണ്ടിന്‌ ശേഷം ഓണത്തിന്‌ നാട്ടിലെത്താന്‍ തീരുമാനിച്ചു. 1994-ാണ്‌ മറക്കാനാവാത്ത ഓണയാത്ര നടത്തുന്നത്‌. പുലികളിയും വളളംകളിയും നാടന്‍ കളികളും മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്‌. ഓര്‍മകളില്‍ ഓണം നിറഞ്ഞ്‌ കവിഞ്ഞു. നാട്ടിലെത്തിയപ്പോള്‍ ആചാരിയും കുടുംബവും കരുതിയിരുന്ന ഓണമല്ല അവരെ കാത്തിരുന്നത്‌. പുലികളി തൃശൂരില്‍ മാത്രമൊതുങ്ങി.ഓണക്കാഴ്‌ച ടെലിവിഷനില്‍ മാത്രം. തുമ്പിതുളളല്‍ ഉള്‍പ്പെടെ നാടന്‍കളികള്‍ എങ്ങോ പോയിമറഞ്ഞു. നിരാശമാത്രമായി മനസില്‍. പൂവിന്റേയും പൂവിളികളുടേയും ഓണമല്ല; ഓഫറുകളുടേയും കച്ചവടത്തിന്റേയും 'ഓന'മാണെന്ന്‌ തിരിച്ചറിയാന്‍ വേണ്ടി മാത്രമായിരുന്നോ യാത്ര എന്നോര്‍ത്തപ്പോള്‍ വളരെ വിഷമം തോന്നി.നാട്ടിലെ മാറ്റങ്ങള്‍ ഓണത്തിനെ ഇത്രയും മാറ്റിമറിച്ചുകാണുമെന്ന്‌ അദ്ദേഹം കരുതിയില്ല. ഒടുവില്‍ ഇനി ഒരിയ്‌ക്കലും ഓണത്തിന്‌ നാട്ടിലേയ്‌ക്കില്ലെന്നു മനസില്‍ ഉറപ്പിച്ച്‌ വീട്ടില്‍ നിന്നും പടിയിറങ്ങി.

അവനവനിലെ ഓര്‍മകളിലെ ഓണത്തിനാണ്‌ മാധുര്യം.സൗഹൃദങ്ങളില്‍ പോലും മായം കലരാതെ സൂക്ഷിക്കുന്നത്‌ പ്രവാസജീവിതത്തിന്റെ പ്രത്യേകതയാണ്‌ എന്ന്‌ ആചാരി തിരിച്ചറിയുന്നു.ഓണത്തിന്‌ മലയാളികളെ കാണാനെത്തുന്ന മഹാബലി ഓര്‍മകളുടെ ഓണനിലാവ്‌ പരന്നൊഴുകുന്ന ആചാരിയുടെ വീട്ടിലുമെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. .

ഡി. ധനസുമോദ്‌

കണ്ണാടിയില്‍ കണ്ടാലെന്നതു പോല്‍



മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ കഥയാണ്‌. സര്‍ക്കാര്‍ അതിഥിമന്ദിരമായ ആലുവാ കൊട്ടാരം. താഴത്തെ നിലയിലെ മുറി. സംവിധായകന്‍ മോഹനും നിര്‍മാതാവ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയും ഞാനുമടങ്ങുന്ന സദസിന്റെ മുമ്പില്‍ ഒരേകാഭിനയം പൊടിപൊടിക്കുന്നു. ഇരിഞ്ഞാലക്കുടയില്‍ അതിനും രണ്ടു ദശാബ്‌ദങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്ന ചില തനതു മനുഷ്യരുടെ ജീവിതപാര്‍ശ്വങ്ങളാണ്‌ അഭിനയവിഷയം.

സംസാരം തനി തൃശൂര്‍ ശൈലിയില്‍. കഥാപാത്രങ്ങളുടെ ചായ്‌വും ആ വഴിക്കായതുകൊണ്ടു അതു ചേരുന്നുമുണ്ട്‌. മോഹന്റെ സഹപാഠിയും ഉറ്റ ചങ്ങാതിയുമാണ്‌ ഏകാഭിനയക്കാരന്‍. നിര്‍മാണത്തില്‍ ഡേവിഡ്‌ കാച്ചപ്പള്ളിയുടെ പങ്കാളിയും. അഭിനയഭ്രമം കലശലായുണ്ട്‌.

തൊട്ടുമുമ്പേ നിര്‍മിച്ച 'വിടപറയും മുന്‍പേ'യില്‍ ചെറിയൊരു വേഷമേ തരപ്പെട്ടുള്ളൂ. ആ ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. ഇറങ്ങണമെങ്കില്‍ അതിനു മുമ്പ്‌ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങിയിരിക്കണം. എങ്കിലേ കണ്ണിമുറിയാതെ സാമ്പത്തികവൃത്തം വട്ടമെത്തൂ എന്നാണ്‌ ഡേവിഡിലെ സാമ്പത്തിക വിശാരദന്റെ കണ്ടുപിടുത്തം.

എം. മുകുന്ദന്റെ സഹോദരന്‍ എം. രാഘവന്റെ 'ഇളക്കങ്ങള്‍' എന്ന കഥയാണു പുതിയ ചിത്രത്തിനു പ്രമേയം. നാട്ടിന്‍പുറമാണ്‌ പശ്‌ചാത്തലം.

കൗമാരം കടന്ന ഒരു പെണ്‍കുട്ടിയുടെ മയില്‍പ്പീലിക്കനവുകളിലെ ഗ്രാമക്കാഴ്‌ചകളില്‍ പതിയിരിക്കുന്ന വെളിപ്പെടുത്തപ്പെടാത്ത രതിസങ്കല്‍പങ്ങളുടെ ശീല്‍ക്കാര ശ്രുതിയില്‍ ഇണക്കിച്ചേര്‍ത്തുകൊണ്ടാണു ആഖ്യാനം. നാട്ടിന്‍പുറത്തെ പതിവു കഥാപാത്രങ്ങളെ വിട്ടു കഥയ്‌ക്കും കഥാപാത്രങ്ങളുടെ മനസിനും എരിവും വീര്യവും പകരുന്ന തുടിവൃത്തത്തില്‍നിന്നും തികഞ്ഞ നൈസര്‍ഗികതയുള്ള തനതു കാരിക്കേച്ചറുകളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി എന്നാദ്യമേ തീരുമാനമായി.

എം. രാഘവന്റെ കഥയില്‍ അത്തരം കഥാപാത്രങ്ങളെ ദൃശ്യവ്യാഖ്യാനത്തിനുതകുംവിധം തിരുകി സന്നിവേശിപ്പിക്കുവാനുള്ള ഇടങ്ങള്‍ക്കു പഞ്ഞവുമില്ല.

കോഴിമുട്ടയും പാലും കൊണ്ടു നടന്നു വില്‍ക്കുന്ന അറുപിശുക്കനായൊരു വ്യസനം അന്തോണി. പെണ്ണുങ്ങള്‍ കുളത്തിലോ മേല്‍ക്കൂരയില്ലാത്ത മറപ്പുരയിലോ കുളിക്കാനിറങ്ങുന്ന തക്കംനോക്കി തെങ്ങില്‍ കയറുന്ന ചെത്തുകാരന്‍ വാസു, വീട്ടിലെ പുറംപണിക്കാരി കൗസു, കറവക്കാരന്‍ ദേവസ്യക്കുട്ടി..... ഇവരൊക്കെയാണു ഒടുവില്‍ നറുക്കുവീണ കഥാപാത്രങ്ങള്‍. ചിലരൊക്കെ ഉടലോടെ അപ്പോഴും അതേപടി ഇരിങ്ങാലക്കുടയില്‍ ജീവിച്ചിരിക്കുന്നവര്‍.

വേറെ ചിലര്‍ ഒന്നു രണ്ടുപേരുടെ പ്രകൃതങ്ങള്‍ കൂട്ടിക്കുഴച്ചുണ്ടാക്കിയ മിശ്രിത വ്യക്‌തിത്വങ്ങള്‍. ആ നാടന്‍ കഥാപാത്രങ്ങളുടെ മൊത്ത ദൃഷ്‌ടാന്ത സ്രോതസായാണ്‌ മോഹന്റെ ചങ്ങാതി കൂടെച്ചേര്‍ന്നിരിക്കുന്നത്‌. ഓരോന്നിനും ഓരോവിധമാണു ഭാവങ്ങളും ചേഷ്‌ടകളും സംഭാഷണരീതികളും നടത്തയും നോട്ടവും.... അവയത്രയും സൂക്ഷ്‌മാംശങ്ങളോടെ അതിതന്മയത്വമായി കഥാപുരുഷന്‍ മുന്നില്‍ അവതരിപ്പിക്കുന്നു.

വ്യസനം അന്തോണിയായി ഗോപിയെ ആദ്യമാലോചിച്ചു. 'കള്ളന്‍ പവിത്രനി'ലെ മാമച്ചന്റെ വിദൂര ഛായ വന്നേക്കുമെന്നു തോന്നി മാറ്റി അടൂര്‍ഭാസി മതി എന്നാക്കി. മോഹന്റെ ചങ്ങാതിയുടെ നെഞ്ചിന്‍കൂട്ടില്‍നിന്നു ഒരു ചുടുനെടുവീര്‍പ്പുയര്‍ന്നു. കഥാപാത്രങ്ങള്‍ ഓരോന്നായി മറ്റുള്ളവര്‍ക്കു പകുത്തു നല്‍കുമ്പോള്‍ അഭിനയാര്‍ഥിയായ ചങ്ങാതി നെടുവീര്‍പ്പു തുടര്‍ന്നുകൊണ്ടേയിരുന്നു; സഹജം. മോഹിച്ച, സ്വപ്‌നം കണ്ട കഥാപാത്രങ്ങള്‍ ഓരോന്നായി കൈമോശംവരികയാണ്‌.

ഇനിയുള്ളതിലൊന്ന്‌ ചെത്തുകാരന്‍ വാസുവാണ്‌. അതില്‍ ചങ്ങാതിക്കത്ര പ്രതീക്ഷ തോന്നിയില്ല. സ്വന്തം ശരീരവടിവ്‌ അതിനിണങ്ങാത്തതാവണം കാരണം. പുറംപണിക്കാരി കൗസു തൊഴുത്തു വൃത്തിയാക്കുവാന്‍ വരുമ്പോള്‍ കറവക്കാരന്‍ ദേവസ്യക്കുട്ടി തൊഴുത്തിലുണ്ടാകും.

കൗസു മാദകസുന്ദരിയാണ്‌. മുട്ടിയുരുമ്മി അവള്‍ ദേവസ്യക്കുട്ടിയോടു കിന്നാരം പറയും. അതത്രയും അഗ്നിയായി അവനില്‍ ആളിപ്പടരും. പ്രപഞ്ചത്തില്‍ പെണ്ണായി പിറന്ന സര്‍വരോടും മനസുകൊണ്ടു അഭിരമിക്കുക ശീലമായ ദേവസ്യക്കുട്ടിയായി സംവിധായക ചങ്ങാതിയുടെ പ്രതീക്ഷയിലെ അവസാന കച്ചിത്തുരുമ്പ്‌.

ദേവസ്യക്കുട്ടിയുടെ കഥാപാത്രം ചര്‍ച്ചയില്‍ ഊടുംപാവും ഇഴചേര്‍ന്നു തെളിഞ്ഞു. കണ്‍വെട്ടത്ത്‌ ആര്‌ എതിരെവന്നാലും ദേവസ്യക്കുട്ടി അയാളുടെ ചുറ്റുവൃത്തത്തില്‍ അക്ഷണം ഒരു അണിയറ ഗോസിപ്പ്‌ ചുരമാന്തിയെടുത്തു വിളമ്പും. അതിനയാള്‍ക്കു ഒരു പ്രത്യേക പദാവലിയും തന്റേതു മാത്രമായ ഉച്ചാരണവിധങ്ങളുമുണ്ട്‌. ദേവസ്യക്കുട്ടിയുടെ ഓരോ ഭാവവും ഇഴുകിച്ചേര്‍ന്നാണു ചങ്ങാതി മുന്‍പിലവതരിപ്പിക്കുന്നത്‌. അത്ഭുതകരമായ സാത്മീഭാവം.

ഇതുകൂടി കഴിഞ്ഞാല്‍ വേറെ കഥാപാത്രങ്ങളില്ല ചിത്രത്തില്‍. തൊടുക്കുന്നത്‌ ആവനാഴിയിലെ അവസാനശരമാണെന്നറിയുമ്പോഴുള്ള പിടച്ചിലിന്റെ നോവു കണ്ടാലറിയാം.എല്ലാ ദൈവങ്ങളെയും മനസില്‍ ധ്യാനിച്ചു. ഇതെങ്കിലും എനിക്കായി ചാര്‍ത്തിത്തന്നു ഒരു വഴി തുറന്നുവരണേയെന്നു ചങ്കുരുകി പ്രാര്‍ഥിച്ചുകൊണ്ടാണു പ്രകടനമെന്ന്‌. ഓരോ സന്ദര്‍ഭത്തിനും മുഹൂര്‍ത്തത്തിനും ഇടപഴകുന്ന ഓരോ വ്യക്‌തിക്കും അടയാള സൂചകമായി ഓരോരോ ശബ്‌ദമാണു ദേവസ്യക്കുട്ടി പുറപ്പെടുവിക്കുക.

മലയാള അക്ഷരങ്ങള്‍ അങ്ങനെ അത്ര വിചിത്രമായി കൂട്ടിച്ചേര്‍ത്തെഴുതി ആരും വാക്കുകളുണ്ടാക്കിക്കണ്ടിട്ടില്ല അതുവരെ. ഞാന്‍ സംശയിച്ചു. ഇയാളിനി ഞങ്ങളെ പ്രീതിപ്പെടുത്തുവാനുള്ള വിഭ്രാന്തിയില്‍ കൈവിട്ടുകളിക്കുകയാണോ? ആശങ്കയോടെ മോഹനെ നോക്കി. ശരിക്കും ഇങ്ങനെതന്നെയായിരുന്നു ദേവസ്യക്കുട്ടി എന്നു മോഹന്റെ സാക്ഷ്യം. പിശുക്കന്‍ വയസനും കൗസുവും വാസുവും ദേവസ്യക്കുട്ടിയുമെല്ലാം മോഹനോടും ചങ്ങാതിയോടുമൊപ്പം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ജീവിച്ചിരുന്നവരാണ്‌.

ആ സാക്ഷ്യത്തിന്‌ പിന്നെ അപ്പീലില്ല. ഒരു കാര്യം എനിക്കുറപ്പായി. ഇയാള്‍ പറയേണ്ട പല വാക്കുകളും അതേപടി കേട്ടെഴുതിവച്ചാല്‍ക്കൂടിയും ഒരു നടന്‍ പഠിച്ചെടുത്തു പറയുകയും ഡബ്ബിംഗില്‍ അതേ ശ്രുതുസ്‌ഥായിയില്‍ ആവര്‍ത്തിക്കുകയും ചെയ്യുക എളുപ്പമല്ല.

സ്വകാര്യമായി ഞാനീ അപകട ഭീഷണി മോഹനുമായി പങ്കിട്ടു.

അമ്പരപ്പോടെ മോഹന്‍ ചോദിച്ചു.

''അതിന്‌?''

''വേറെ വഴിയില്ല. ദേവസ്യക്കുട്ടിയെ ഇയാളുതന്നെ അവതരിപ്പിക്കട്ടെ. അങ്ങനെയാകുമ്പോള്‍ പ്രത്യേകം ഇനി പഠിച്ചുവരേണ്ടതില്ലല്ലോ''.

ഒരു നിമിഷം മോഹന്‍ ഒന്നു പകച്ചുനിന്നു. പിന്നെ തലയാട്ടി.

തിരക്കഥയുടെ ജോലി പൂര്‍ത്തിയായ ദിവസം. ചെറിയ വേഷങ്ങളില്‍വരെ ആരാരെന്നു തീരുമാനമായി.

ഡേവിഡ്‌ ചോദിച്ചു.

ദേവസ്യക്കുട്ടി വലിയ വേഷമല്ലേ? അതാരു ചെയ്യും?

ഞാന്‍ ഇടംകണ്ണിട്ടു മോഹന്റെ ചങ്ങാതിയെ നോക്കി. മുഖത്തത്രയും ഉദ്വേഗം. പേശികള്‍ ത്രസിച്ചു വലിഞ്ഞു മുറുകി ഏതു നിമിഷവും പൊട്ടിക്കരയാം എന്ന അവസ്‌ഥയിലാണു അദ്ദേഹം.

''ദേവസ്യക്കുട്ടിയുടെ വേഷം....'' നാടകീയമായി ഒന്നു നിര്‍ത്തിയശേഷം മോഹന്‍ എഴുന്നേറ്റു മുറിയില്‍ ഒരുചാല്‍ വെറുതെ നടന്നു. ചങ്ങാതിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നതു ശിവരാത്രി മണപ്പുറത്തു കേള്‍ക്കാം.

പെട്ടെന്നു ചങ്ങാതിയോടുള്ള എല്ലാ സ്‌നേഹവായ്‌പും വാത്സല്യവും അണപൊട്ടിയൊഴുകിയ ഒരാശ്ലേഷത്തിലൂടെ അയാളെ ചേര്‍ത്തണച്ചുകൊണ്ട്‌ മോഹന്‍ പറഞ്ഞു.

''ആ വേഷം ചെയ്യുന്നത്‌ നീയാണ്‌''.

'കൊടിയേറ്റ'ത്തിന്റെ തിരക്കഥ പകര്‍ത്തുന്നതില്‍ സഹായിയായിരുന്ന ഗോപി ഒടുവില്‍ മുഖ്യവേഷമായ ശങ്കരന്‍കുട്ടി താനാണ്‌ അഭിനയിക്കുന്നതെന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാനാകാതെ സ്‌തബ്‌ദനായ കഥ പറഞ്ഞിട്ടുണ്ട്‌.

ഇവിടെ അതല്ല കഥ.

ദേവസ്യക്കുട്ടിയായഭിനയിക്കുവാന്‍ മറ്റാരെയെങ്കിലും മോഹന്‍ നിശ്‌ചയിച്ചിരുന്നുവെങ്കില്‍ ഉറപ്പാണ്‌ ആ ചങ്ങാതി അന്നു മോഹനെ നിഷ്‌കരുണം കൊന്നശേഷം പുലര്‍ച്ചയ്‌ക്കുള്ള ഏതെങ്കിലും തീവണ്ടിക്കു പെരിയാര്‍ തീവണ്ടിപ്പാലത്തില്‍ അടവച്ചു സ്വയമൊടുങ്ങുമായിരുന്നു.

ആ ചങ്ങാതിയുടെ പേരു പറഞ്ഞില്ല. ഊഹിച്ചിരിക്കും. ഊഹം ശരിയുമാണ്‌.

തെക്കേത്തല വറീതിന്റെ മകന്‍ ഇന്നസെന്റ്‌!

ഇളക്കങ്ങള്‍ എന്ന ചിത്രത്തില്‍ ദേവസ്യക്കുട്ടിയായഭിനയിച്ചതിനു ഇന്നസെന്റിനു ഫിലിം ഫാന്‍സിന്റെ മികച്ച സഹനടനുള്ള അവാര്‍ഡു ലഭിച്ചു. വേഷം ശ്രദ്ധിക്കപ്പെട്ടു. ഒന്നൊന്നര ദശാബ്‌ദക്കാലത്തെ അഭിനയാര്‍ഥി പീഡനങ്ങള്‍ക്കൊടുവില്‍ ഇന്നസെന്റ്‌ നാലാളറിയുന്ന നടനായി. പക്ഷേ, ചലച്ചിത്ര വ്യവസ്‌ഥിതി ഇന്നസെന്റിനെ ശ്രദ്ധിക്കുന്നത്‌ ഏതെങ്കിലും ഒരു പ്രത്യേക കഥാപാത്രം അവതരിപ്പിക്കാന്‍ ആരുവേണം എന്നു ചര്‍ച്ച വരുമ്പോള്‍ ആ ചിത്രത്തില്‍ ആ വേഷം ചെയ്‌ത ആ ആള്‍ കൊള്ളാം എന്ന പരാമര്‍ശമാകുവാന്‍ നറുക്കുവീഴുന്നതോടെയാണ്‌. അതിനു നിയോഗമാകുവാനുള്ള ഭാഗ്യവും കെ.എസ്‌. സേതുമാധവനോടും മമ്മൂട്ടിയോടും നിര്‍മാതാക്കളായ സെഞ്ച്വറിയോടുമൊപ്പം എനിക്കുമുണ്ടായി.

സി. രാധാകൃഷ്‌ണന്റെ 'ഊടും പാവും' എന്ന നോവലിനെ അടിസ്‌ഥാനമാക്കി സേതുമാധവന്‍ 'അവിടത്തെപ്പോലെ ഇവിടെയും' സംവിധാനം ചെയ്യുന്നു. ഞാനാണു തിരക്കഥ.

നഗരത്തിലെ തിരക്കേറിയ ബിസിനസ്‌ തെരുവില്‍ ഒരുപാടു കമ്പനികളുടെ ഉത്‌പന്നങ്ങള്‍ മൊത്തവ്യാപാരത്തിനെടുക്കുന്ന ഒരു ഡീലറാണു കഥാപാത്രം. കോടികളുടെ ബിസിനസാണു ഒരു ദിവസം ചെയ്യുന്നത്‌. വന്നാലുടനെ ഷര്‍ട്ടഴിച്ചു ഭിത്തിയിലെ ആണിയില്‍ തൂക്കും. പിന്നെ വിലകൂടിയ എക്‌സിക്യൂട്ടീവ്‌ ചെയറില്‍ കുന്തുകാലിലിരുന്നു വിസ്‌തരിച്ചു മുറുക്കിക്കൊണ്ടാണു ചാണിക്യബുദ്ധിയെടുത്തുള്ള തിരുവിളയാടല്‍.

ഒന്നോ രണ്ടോ ടെലിഫോണ്‍ അതിനിടയില്‍ കൈകളില്‍ കിടന്നു അമ്മാനമാടും. എല്ലായിടത്തും കണ്ണെത്തും. അവിടെ വരുന്ന ഓരോ ആളോടും ശ്രദ്ധയോടെ വിവരങ്ങള്‍ ആരായും. കൃത്യമായ തീര്‍പ്പുകള്‍ എടുക്കും. എറണാകുളത്തെ ബ്രോഡ്‌വേയിലെ കടയില്‍ ദശാബ്‌ദങ്ങളോളം നിറഞ്ഞു വിലസിയ ഈ കഥാപാത്രത്തെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്‌. എന്നെ പരിചയപ്പെടുത്തിത്തന്നത്‌ ആന്റണി ഈസ്‌റ്റ്മാനാണെന്നാണോര്‍മ.

ആ മാതൃകയില്‍ എഴുതിയ കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കുന്നു എന്നായിരുന്നു ആദ്യ തീരുമാനം. ഷൂട്ടിംഗ്‌ മദിരാശിയിലാണ്‌. ഞാന്‍ എറണാകുളത്താണുള്ളത്‌. ഷൂട്ടിംഗ്‌ സമയമായപ്പോള്‍ തിലകനെന്തോ ഒരു അസൗകര്യം.

പകരമാര്‌?

രണ്ടേ രണ്ട്‌ സീനില്‍ മാത്രമേ ആ കഥാപാത്രം വരുന്നുള്ളൂ. പക്ഷേ, രണ്ടും രണ്ടു സീനാണ്‌. കഥാപാത്രത്തിന്റെ സങ്കീര്‍ണത അറിയാമായിരുന്ന മമ്മൂട്ടിയാണു ഇന്നസെന്റിന്റെ പേരാദ്യം നിര്‍ദേശിക്കുന്നത്‌. സേതുമാധവന്‍ എന്നോടാലോചിച്ചു. ഞാന്‍ പിന്‍താങ്ങി. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു.

''എഴുതിവച്ച സീന്‍ വായിച്ചുകൊടുക്കുക. എന്നിട്ടു അതിന്റെ പരിവൃത്തത്തില്‍നിന്നുകൊണ്ടു ഷൂട്ടിംഗ്‌ വേളയില്‍ സ്വയം പറയുവാന്‍ നിര്‍ദേശിക്കുക. ആ സ്ലാംഗിലായതുകൊണ്ടു അയാള്‍ക്കത്‌ സ്വാഭാവികമായും നാവില്‍ തെളിഞ്ഞുവരും. വിഷയം മറികടന്നു പോകാതെ നോക്കിയാല്‍ മതി. എഴുതിവച്ചതു പഠിപ്പിച്ചു പറയിപ്പിക്കുന്നതിലും നന്നാവുക അതാണ്‌.

സങ്കോചത്തോടെയാണു സേതുമാധവന്‍ ആ പരീക്ഷണത്തിനൊരുങ്ങിയത്‌. പക്ഷേ, അതേറ്റു. ആ ചിത്രത്തിലെ ഏറ്റവും മിഴിവാര്‍ന്ന രണ്ടു രംഗങ്ങളായി അത്‌് കഥാപാത്രമായി സ്വയം വിന്യസിപ്പിച്ചുകൊണ്ടു കുന്നംകുളം സ്ലാംഗിന്റെ നീട്ടലിലും കുറുക്കലുകളിലും വളവുകളിലും ഇഴുകിയലിഞ്ഞു ഇന്നസെന്റ്‌ മൊഴിപറഞ്ഞു തിമിര്‍ത്താടുമ്പോള്‍ പറയുന്ന സംഭാഷണം വള്ളിപുള്ളി തെറ്റാതെ കേട്ടെഴുതുക എന്നതായിരുന്നു അന്ന്‌ ചിത്രത്തില്‍ അസോസിയേറ്റ്‌ ഡയറക്‌ടര്‍മാരായിരുന്ന ജോര്‍ജു കിത്തുവും കമലും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.

ഈ ചിത്രത്തോടെ ഇന്നസെന്റ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട താരവും നടനുമായി. ഇന്നിപ്പോള്‍ വിവാദകോലാഹലങ്ങളില്‍ എതിര്‍പക്ഷങ്ങളിലെ സിംഹമുഖത്താണു തിലകനും ഇന്നസെന്റും. അന്നു താനെത്തിപ്പെടാതിരുന്ന ഒഴിവില്‍ കടന്നുവന്നു ശ്രദ്ധേയനായ ഇന്നസെന്റ്‌ പിന്നെപ്പിന്നെ വളര്‍ന്ന്‌ 'അമ്മ'യുടെ സാരഥിയായി തന്റെ നേര്‍ക്ക്‌ ചിട്ടപ്പടി വാളോങ്ങാന്‍ വന്നെത്തുമെന്ന്‌ തിലകന്‍ സ്വപ്‌നത്തില്‍പ്പോലും പ്രതീക്ഷിച്ചിരിക്കില്ല!

രണ്ടു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ദിവസം ഇരിങ്ങാലക്കുട ഗസ്‌റ്റ്ഹൗസില്‍ മോഹനും ഇന്നസെന്റും ഞാനും ഒന്നിച്ചുകൂടുമ്പോള്‍ ഇന്നസെന്റും മോഹനും അവിടെയുണ്ടെന്ന്‌ അറിഞ്ഞു ഒരാള്‍ കാണാന്‍ വന്നു. അന്ന്‌ അയാള്‍ക്ക്‌ അറുപത്തിയഞ്ചിനടുത്തു പ്രായം കാണും. മോഹനും ഇന്നസെന്റും ചേര്‍ന്ന്‌ ആഗതനെ എനിക്ക്‌ പരിചയപ്പെടുത്തി.

'ജോണേ ഇതു ദേവസ്യക്കുട്ടി. നമ്മുടെ ഇളക്കങ്ങളിലെ കറവക്കാരന്‍ ദേവസ്യക്കുട്ടി'.

വിസ്‌മയത്തോടെ ഞാന്‍ ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ തൊഴുതു. ദേവസ്യക്കുട്ടിക്ക്‌ സഹജമായ കുസൃതിച്ചിരി കണ്ണില്‍ മിന്നിച്ചുകൊണ്ട്‌ ഒറിജിനല്‍ ദേവസ്യക്കുട്ടി ചെയ്യാറുള്ളതുപോലെ വിചിത്രമായ അക്ഷരക്കൂട്ടുകള്‍ ചേര്‍ത്തുവച്ചൊരു ശബ്‌ദമുയര്‍ത്തി. ഗൃഹാതുരത്വമുയര്‍ത്തുന്ന ഞങ്ങളുടെ ഒരു പൊട്ടിച്ചിരിയില്‍ ആനിമിഷം പൂത്തുലഞ്ഞു.

വാല്‍ക്കഷണം

കുറച്ചുനാള്‍ മുന്‍പൊരു തമിഴ്‌ ചിത്രം ടി.വി.യില്‍ വന്നു. അതിലൊരു രംഗത്തില്‍ 'അവിടത്തെപ്പോലെ ഇവിടെ'യിലെ ഇന്നസെന്റിന്റെ കഥാപാത്രം നാഗേഷിന്റെ ശരീരവടിവില്‍ ഒരു സ്‌കൂളില്‍ ഹെഡ്‌മാസ്‌റ്ററുടെ കസേരയിലിരുന്നു ഒരേസമയം ഒരുപാടുപേരെ നാവിന്‍തുമ്പത്തിട്ട്‌ അമ്മാനമാടുന്നു.

ലാവണത്തിലും ഭാഷയിലും മാത്രമേയുള്ള മാറ്റം. കര്‍മ്മവും മര്‍മ്മവും നര്‍മ്മവും ഭാവവും പ്രതിഭാവവും കുന്ദംകുളത്തുകാരന്റേതുതന്നെ. അന്വേഷിച്ചപ്പോളറിഞ്ഞു ആ രംഗം മലയാളത്തില്‍ കണ്ടിഷ്‌ടം തോന്നി കഥയുമായി ബന്ധമില്ലാഞ്ഞിട്ടും സംവിധായകനായ എന്റെ സുഹൃത്ത്‌ പ്രിയദര്‍ശന്‍ തമിഴ്‌ ചിത്രത്തിലിണക്കിചേര്‍ത്തതാണെന്ന്‌. സ്‌നേഹ സൗഹൃദങ്ങള്‍ക്ക്‌ പകര്‍പ്പവകാശത്തേക്കാള്‍ മൂല്യമുണ്ടെന്നറിയാവുന്നതുകൊണ്ട്‌ പ്രിയദര്‍ശനു നന്ദി.

ജോണ്‍പോള്‍

(ഗുണ്ടല്‍) പൂവേ പൊലി...



അത്തം പത്ത്‌ പിറന്ന്‌ ഇന്ന്‌ ഒമ്പതാം നാള്‍. തിരുവോണനാളില്‍ മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ വീട്ടമ്മമാര്‍ പാഞ്ഞു നടക്കുന്ന ഉത്രാടദിനം. അടുക്കളയില്‍ സദ്യവട്ടങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയാകും. ഉത്രാടമെങ്കിലും ഉച്ചയ്‌ക്ക് ചെറുസദ്യയില്ലാതെയെന്ത്‌ ആഘോഷമെന്ന വീട്ടുകാരിയുടെ തിരക്ക്‌. നാളെ ഇതു കിട്ടിയില്ല, അതു വാങ്ങിയില്ലെന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. പുളിയിഞ്ചിയും കുറുക്കുകാളനും നാരങ്ങാക്കറിയും ഇന്നുതന്നെ തയാറാക്കിവച്ചാല്‍ തിരുവോണത്തിന്‌ നാവില്‍വയ്‌ക്കവെ രുചികൂടും.

എന്നാല്‍, സദ്യവട്ടങ്ങളുടെ കാര്യം മാത്രം നോക്കിയിരുന്നാല്‍ സംഗതിയാകെ കുഴയും. ഓണത്തിന്‌ സദ്യ കേമമാകുന്നതിനൊപ്പം പൂക്കളവും ഗംഭീരമാകണം. അത്തത്തിന്‌ തുമ്പപ്പൂ നുള്ളി ഒരുങ്ങിത്തുടങ്ങിയ പൂക്കളം പൂക്കള്‍കൊണ്ടു നിറയുന്നത്‌ തിരുവോണത്തിനാണ്‌. രുചിയേറും സദ്യയൊരുക്കവെ, പൂക്കളത്തിന്റെ കാര്യം മറന്നാല്‍ ആകെ കുഴങ്ങിയതു തന്നെ.

മുമ്പൊക്കെ പാടവും പറമ്പും കുന്നിന്‍പുറങ്ങളും താണ്ടിചെന്നായിരുന്നു പൂക്കള്‍ തേടിയിരുന്നത്‌. എന്നാലിന്ന്‌ കാലം മാറി. അത്തം തൊട്ട്‌ ഒറ്റപ്പൂവില്‍തുടങ്ങി തിരുവോണത്തിന്‌ പൂവായ പൂവെല്ലാം നിറച്ച്‌ വര്‍ണ്ണപ്പൊലിമയുടെ പൂക്കളം തീര്‍ക്കാന്‍ മറുനാടന്‍ പൂക്കള്‍ തന്നെ ശരണം. മറുനാടനെന്നാല്‍ ഗുണ്ടല്‍ പേട്ടയിലെ പൂപ്പാടങ്ങളില്‍ നുള്ളിയെടുത്ത പൂക്കള്‍ തന്നെ... അതുകൊണ്ടുതന്നെ, മാറിയ കാലത്ത്‌ ഗുണ്ടല്‍പേട്ടയ്‌ക്കാണ്‌ അത്തപ്പൂക്കളത്തിന്റെ പേറ്റന്റ്‌.

ചേലചുറ്റി മൂക്കുത്തിയണിഞ്ഞ്‌ അഴിച്ചിട്ട മുടിയില്‍ കുന്നോളം ജെണ്ടുമല്ലിപ്പൂചൂടി മുറുക്കിചുവപ്പിച്ച പാണ്ടിപെണ്ണിനെപോലെയാണ്‌ ഗുണ്ടല്‍പേട്ട. പൂമണമാണ്‌ തഴുകിയുണര്‍ത്തുന്ന കാറ്റിന്‌. വാടാമലരുകള്‍ വിരിയും പാടവരമ്പേറി അങ്ങുദൂരെ ഗുണ്ടല്‍പേട്ട ഇങ്ങു കേരളത്തിലേക്ക്‌ ഉറ്റുനോക്കുകയായിരുന്നു. അത്തപ്പുലരിയില്‍ തുടങ്ങി ഉത്രാടത്തിലെത്തി നില്‍ക്കവെ വീട്ടുമുറ്റത്ത്‌ കളംവരച്ചു പൂക്കളം തീര്‍ക്കാന്‍ തിടുക്കം കൂട്ടുന്ന നമുക്കായി പാടം നിറയെ പൂവൊരുക്കി.

ഒരു വട്ടി പൂവിനായി പൂച്ചന്തയില്‍ തിരക്കുകൂട്ടിയ നമുക്കായി പൂവുകളൊരുങ്ങിയത്‌ ഗുണ്ടല്‍പേട്ടയിലെ പാടങ്ങളില്‍നിന്നാണ്‌. ഇതിനായി മാസങ്ങള്‍ക്കുമുമ്പെ വിത്ത്‌വിതച്ച്‌ പൂപ്പാടമൊരുക്കി വിളവെടുപ്പിന്‌ ഒരുങ്ങികഴിഞ്ഞിരുന്നു ഗുണ്ടല്‍പേട്ടയിലെ കര്‍ഷകര്‍. പലതവണ വിളവെടുപ്പ്‌ നടത്തിയ പാടങ്ങളില്‍നിന്ന്‌ അവസാനഘട്ടത്തില്‍ പൂക്കളൊക്കെയും ഒഴുകിയത്‌ കേരളത്തിലേക്കുതന്നെ. വര്‍ഷത്തില്‍ പത്തുദിവസം മാത്രം ഒത്തുകിട്ടുന്ന കൊയ്‌ത്തുകാലം. മണ്ണില്‍നിന്നകന്ന്‌ ആധുനികരായി മാറിയ നമുക്ക്‌ പൂക്കളമൊരുക്കാനായി ഗുണ്ടല്‍പേട്ടയിലെ ഇടനിലക്കാര്‍ പത്ത്‌ ദിവസം സജീവമായി. പൂപ്പാടം മാത്രമല്ല, നമുക്ക്‌ വേണ്ട എല്ലാവിധ കാര്‍ഷിക വിളകളും ഗുണ്ടല്‍പേട്ടയിലെ പാടങ്ങളില്‍ വിളഞ്ഞുനിന്നതിനാല്‍ ആശങ്കയില്ലാതെ നമുക്ക്‌ സമൃദ്ധമായി ഓണത്തെ വരവേല്‍ക്കാം... മനം നിറയെ ആഘോഷിക്കാം...!

ഉദാത്തമാര്‍ന്നൊരു സ്വപ്‌ന സഞ്ചാരമാണ്‌ നമുക്ക്‌ ഓണം. കൊയ്‌ത്തുകാലത്തിന്റെ മുന്നോടിയെന്ന നിലയില്‍ ആചരിക്കപ്പെട്ട ഉര്‍വ്വരതാ ചടങ്ങായ ഓണം കാര്‍ഷിക മേഖലയുടെ സമ്പല്‍സമൃദ്ധിയ്‌ക്കുള്ള അനുഷ്‌ഠാനവും സമര്‍പ്പണവുമായിരുന്നെന്ന്‌ ചരിത്രം. ആരാധനാക്രമങ്ങളുടെ മാന്ത്രികതയില്‍ ഓണത്തിരക്കിലേക്ക്‌ മാവേലി കുടചൂടിയെത്തുകയും നാടന്‍ വീഥികളില്‍ പൂവിളിപ്പാട്ടുണരുകയും ചെയ്‌തത്‌ ഇന്നലകളിലെ നന്മവിരിയും ഓര്‍മകളായി. ഓണം ഓഫറുകളില്‍ ഉത്‌പ്പന്നം വിറ്റഴിക്കാനായി കടകള്‍ക്കു മുന്നില്‍ കുടനീര്‍ത്തിയ മാവേലിയായി രൂപംമാറവേ, പൂവിളിപ്പാട്ടു മറന്ന നാട്ടിന്‍പ്പുറങ്ങള്‍ പോലും പൂചൂടിയത്‌ ഗുണ്ടല്‍പേട്ടയെന്ന കാര്‍ഷികഹള്ളിയുടെ ദയാവായ്‌പില്‍...! ഓണക്കളികഴിഞ്ഞ്‌ കുളിച്ചു കുറിതൊട്ട്‌ തൂശനിലയ്‌ക്കു മുന്നില്‍ നിരന്ന വിഭവങ്ങളോരോന്നായി രുചിച്ചറിഞ്ഞ്‌ ഏമ്പക്കം വിട്ടെഴുന്നേല്‍ക്കാനായി സഹായിക്കുന്നതും ഗുണ്ടല്‍പേട്ടയിലെ പാടങ്ങളില്‍ പച്ചവിരിച്ച വിളവുതന്നെ.

കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയില്‍പ്പെട്ട ഒട്ടേറെ ഹള്ളികള്‍ കൂടിച്ചേര്‍ന്നതാണ്‌ ഗുണ്ടല്‍പേട്ട. കാര്‍ഷിക സമൃദ്ധിയുടെ ഗ്രാമകാഴ്‌ച. അത്തം പിറക്കുന്നതെന്നെന്ന്‌ നമ്മളെക്കാള്‍ മുമ്പേ കണക്കുകൂട്ടി കണ്ടെത്തുന്ന കന്നടഗ്രാമം. ഉത്സവം ദ്രാവിഡമെങ്കിലും ഓണത്തിന്റെ ഐതിഹ്യപ്പെരുമയില്‍ അലിഞ്ഞുചേര്‍ന്ന്‌ ആഘോഷത്തെ കൂടെക്കൂട്ടാനൊന്നും ഗുണ്ടല്‍പേട്ടക്കാരില്ല. കേരളീയര്‍ക്കായി രാവന്തി പാടം ഉഴുതുമറിച്ചു വിത്ത്‌ വിതച്ചു വിളവുകൊയ്യുന്ന തിരക്കിലാണവര്‍. ഒരൊറ്റദിവസം പോലും ഒഴിവില്ലാതെ പാടത്ത്‌ പണിത്തിരക്ക്‌. വിളവെടുപ്പിന്‌ പിന്നാലെതന്നെ വിത്തുവിത. പാടത്തിന്‌ എപ്പോഴും പേറ്റുനോവാണ്‌.

ഓണക്കാലത്തിന്റെ വരവറിയിച്ചാണ്‌ ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങള്‍ അണിഞ്ഞൊരുങ്ങുന്നത്‌. തമിഴ്‌നാട്ടിലെ വന്‍കിട പെയിന്റ്‌ കമ്പനികള്‍ ഗുണ്ടല്‍പേട്ടയിലെ ഗ്രാമീണര്‍ക്കു ജണ്ട്‌മല്ലിയുടെ വിത്തുകള്‍ നല്‍കി വിതയ്‌ക്കാനായി സൗകര്യമൊരുക്കും. പൂവിടര്‍ന്നാല്‍ വിളവെടുത്ത്‌ ചാക്കില്‍നിറച്ച്‌ വെച്ചാല്‍ മതി, കമ്പനിയുടെ ആളുകളെത്തി തൂക്കം നോക്കി ലോറിയില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക്‌ കടത്തും. ഒരു കിലോ പൂവിന്‌ മൂന്നുരൂപാ എണ്‍പതു പൈസയാണ്‌ കര്‍ഷകന്‌ ലഭിക്കുക. വളത്തിനും കീടനാശിനിയ്‌ക്കുമുള്ള കാശ്‌ ഇതില്‍നിന്നു പിടിക്കുകയും ചെയ്യും. പൂ വിതച്ചാല്‍ പിന്നെ പാടത്തെ കാര്യങ്ങള്‍ നോക്കാന്‍ കര്‍ഷകര്‍ക്കൊപ്പം കമ്പനിയുടെ മാനേജര്‍മാരുമുണ്ടാകും. ഓണക്കാലമാകുമ്പോഴേക്കും അഞ്ചാറുതവണ പൂപ്പാടങ്ങളില്‍ വിളവെടുപ്പ്‌ നടത്തിക്കഴിഞ്ഞിരിക്കും. ബാക്കി വരുന്ന പൂവുകളാണ്‌ ഓണക്കാലത്ത്‌ കേരളത്തിലേക്കു കടത്താനായി മാറ്റിവയ്‌ക്കുന്നത്‌.

മൂന്നുരൂപാ എണ്‍പതുപൈസയ്‌ക്കു കമ്പനി നല്‍കുന്ന ഒരു കിലോ പൂവിന്‌ കേരള വിപണിയില്‍ ഓണക്കാലത്ത്‌ മോഹവിലയാണ്‌. അപ്പപ്പോള്‍ പറയുന്നതാണ്‌ വില. കിലോയ്‌ക്കു മൂന്നുറിലേറെവരെ വില ഉയരാറുണ്ട്‌.

വിളവെടുപ്പിന്റെ തകൃതിയില്‍ സജീവമായ ഗുണ്ടല്‍പേട്ടയിലെ പാടങ്ങളിലായിരുന്നു ഹള്ളികളിലെ സ്‌ത്രീകളൊക്കെയും. നൂറു മുതല്‍ നൂറ്റമ്പതു രൂപ വരെയാണ്‌ ദിവസക്കൂലി. ജെണ്ടുമല്ലിയുടെ ഞെട്ടടര്‍ത്തി അരയില്‍ കെട്ടിയ ചാക്കിലേക്കു നിറയ്‌ക്കുകയാണ്‌ ഹള്ളിയിലെ പെണ്ണുങ്ങള്‍ക്കുള്ള പണി. പൂപ്പാടങ്ങളില്‍നിന്നു തലയിലേറ്റി എത്തിച്ച ചാക്കുകെട്ടുകള്‍ ലോറിയില്‍ കയറ്റിയയ്‌ക്കും.

ഇവിടെ നിന്ന്‌ പൂവ്‌ വാങ്ങണമെങ്കില്‍ ഏജന്റുമാരുടെ ഇടനില നിര്‍ബന്ധം. പത്തിരുപതോളം ഏജന്റുമാരുണ്ട്‌ വേരമ്പാടി ഹള്ളിയില്‍. കോഴിക്കോട്‌ പാളയം മാര്‍ക്കറ്റിലേക്കു വര്‍ഷങ്ങളായി പൂക്കളെത്തിക്കുന്ന സിദ്ധന്‍ എന്ന ഏജന്റ്‌ ഓണവിപണിയെ കുറിച്ച്‌ വാചാലനായി. പറയുന്ന വിലകിട്ടുന്ന കേരളത്തിലെ ഓണക്കാലം ഇവര്‍ക്കു ചാകരയാണ്‌.

ഓര്‍മയില്‍ ഗ്രാമനന്മയുടെ പൂക്കളം

ഇന്ന്‌ പൂക്കളം കേവലം വര്‍ണ്ണകാഴ്‌ചകളായി. ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങളില്‍നിന്നു ചാക്കില്‍ കുത്തിനിറച്ചു കടത്തിവിടുന്ന പൂക്കള്‍ വാങ്ങി ഇതളടര്‍ത്തി ഒരുക്കുന്ന കാഴ്‌ചവട്ടം മാത്രം. എന്നാല്‍ മുമ്പ്‌ പാടവും പറമ്പും കയറിയിറങ്ങി പൂവിറുത്ത്‌ പൂക്കളം തീര്‍ക്കലിന്റേയും പൂവിളിപ്പാട്ടുണര്‍ന്ന പ്രഭാതങ്ങളുടേയും ഉത്സവകാഴ്‌ചയായിരുന്നു പഴമക്കാര്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌. പൂവിളിപാട്ടും പൂ തേടലും കേവലം ഒരനുഷ്‌ഠാനം മാത്രമായിരുന്നില്ല; അത്‌ സസ്യവിജ്‌ഞാന രേഖകളെ പുതുതലമുറയ്‌ക്ക് കൈമാറുന്നതിനുള്ള ഗ്രാമീണ ഇടപെടല്‍ കൂടിയായിരുന്നു. വീട്ടുമുറ്റത്തെ മണമില്ലാത്ത പൂക്കള്‍ വിടരുന്ന പൂന്തോട്ടമൊക്കെ അന്യമായ അക്കാലത്ത്‌ നാട്ടിന്‍പുറത്തെ പൂവുകളെ തിരിച്ചറിഞ്ഞു പറിച്ചെടുക്കാനുള്ള ശ്രമകരവും വിജ്‌ഞാനപ്രദവുമായ പരീക്ഷണപ്പുലരികള്‍. നാടിന്റെ ഉള്ളറിഞ്ഞ്‌, മണ്ണിന്റെ മണമണിഞ്ഞ്‌ പുലരികള്‍ തേടിയ നിറബാല്യം.

ഓരോ നാടിനും തനതായ ജൈവ വൈവിദ്ധ്യത്തെ തിരിച്ചറിഞ്ഞു പരിചയപ്പെടാനുള്ള അവസരമായിരുന്നു അന്നത്തെ പൂക്കളം തീര്‍ക്കല്‍. പൂക്കളുടെ വലയത്തിനും നിറഭേദങ്ങള്‍ക്കും ചിട്ടയായ കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ജൈവവൈവിധ്യ സമ്പത്തിനൊപ്പം നാട്ടുവൈദ്യ സംസ്‌കൃതിയുടെ നേര്‍ചിത്രങ്ങള്‍ കൂടിയായിരുന്നു അന്നത്തെ പൂക്കളവും കളത്തിലുണര്‍ന്ന ഓരോപൂക്കളും.

എന്നാല്‍ ഇന്ന്‌ പാരമ്പര്യത്തിന്റെ ശീലങ്ങള്‍ വലിച്ചെറിഞ്ഞ കൂട്ടത്തില്‍ പൂവിളിയും പൂക്കൊട്ടയും മറഞ്ഞു. ആധുനിക ജീവിതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപ്പൊലിമ നാം വാരിച്ചുറ്റി. ചാനലുകള്‍ വിളമ്പുന്ന ഓണസദ്യയോട്‌ പ്രിയമേറി. ഓണസദ്യയും പുത്തന്‍വസ്‌ത്രങ്ങളും പിന്നെ ബീവറേജസില്‍നിന്നു പൊതിഞ്ഞുകിട്ടുന്ന വിദേശമദ്യവും മാത്രമായി ആധുനികതയുടെ സ്വന്തമായ ഓണയിനങ്ങള്‍. മണ്ണില്‍നിന്ന്‌ നാമകന്നപ്പോള്‍ പ്രകൃതിയോടുള്ള ആദരവും നഷ്‌ടമായി. കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്‌ക്ക് അനുദിനം ആക്കം കൂടി വിലക്കയറ്റത്തില്‍ നാം ശ്വാസംമുട്ടുമ്പോള്‍ ഗുണ്ടല്‍പേട്ടയിലെ ഹള്ളികളിലെ കാഴ്‌ച നമുക്കുള്ള പാഠംകൂടിയാണ്‌.

ഗുണ്ടല്‍പേട്ട നല്‍കുന്ന പാഠം

നടുവുയര്‍ന്ന്‌ ഇറതാഴ്‌ന്ന ഓടുമേഞ്ഞ ചെറുവീടുകള്‍ നിറഞ്ഞതാണ്‌ ഗുണ്ടല്‍പേട്ടയിലെ ഹള്ളികള്‍. തൊട്ടുരുമ്മി കഥപറഞ്ഞാണ്‌ കൂരകളത്രയും. കൂട്ടംതെറ്റി പരുങ്ങിനില്‍ക്കുംപോലെയാണ്‌ അപൂര്‍വ്വമായി കാണുന്ന കോണ്‍ക്രീറ്റ്‌വീടുകള്‍. കൃഷിയിടങ്ങളിലൊന്നും വീടുകള്‍ കാണില്ല. ഹള്ളികളിലൊന്നുംതന്നെ ചെമ്മണ്‍പാതകളില്ല. ടാറുപൂശി കറുപ്പിച്ച വീതികുറഞ്ഞ പരുക്കന്‍ നിരത്തുകള്‍ മാത്രം. നിരത്തിലൂടെ വല്ലപ്പോഴും നീങ്ങുന്ന കാളവണ്ടികള്‍. റോഡിനിരുവശവും നോട്ടമെത്താത്ത അകലത്തില്‍ പരന്നുകിടക്കുന്ന വയലേലകള്‍.

വേരമ്പാടി ഹള്ളിയില്‍നിന്ന്‌ നീളുന്ന റോഡിനൊരുവശത്ത്‌ കാബേജ്‌ വിളവെടുപ്പാണ്‌. നോക്കെത്താ ദൂരത്ത്‌ പരന്നുകിടക്കുന്ന കാബേജ്‌ പാടത്ത്‌ കൊയ്‌ത്തിനിറങ്ങിയ സ്‌ത്രീപുരുഷന്‍മാര്‍. നിലംപറ്റിയ കാബേജ്‌ ചെടികളില്‍ വിടര്‍ന്ന്‌കൂമ്പിയ ഇലവട്ടങ്ങള്‍ കൊയ്‌തെടുത്ത്‌ അടുക്കിവയ്‌ക്കുകയാണവര്‍. പാടത്തിനരികിലെ ഓലമറച്ച ചായ്‌പ്പില്‍ ചൂടിക്കട്ടിലില്‍ ചമ്രംപടിഞ്ഞിരുന്ന ചീര്‍ത്തുതടിച്ചരൂപമാണ്‌ ഗോപാലപ്പ- കാബേജ്‌ തോട്ടത്തിന്റെ മുതലാളി. ഇത്തവണ മഴ നന്നായി കിട്ടിയതിനാല്‍ കാബേജിന്‌ നല്ലവിളവായെന്ന്‌ പുകയിലകറപിടിച്ച പല്ലുകള്‍ വെളുക്കെചിരിച്ച്‌ തനികന്നഡയില്‍ ഗോപാലപ്പ പറഞ്ഞു.

റോഡിനു മറുഭാഗത്ത്‌ മഞ്ഞളും ബീറ്റ്‌റൂട്ടും വഴുതിനയും വിളഞ്ഞു നില്‍ക്കുന്നു. മുന്നോട്ടുനീങ്ങവെ, ഇഞ്ചിത്തോട്ടങ്ങള്‍ കണ്ടു. കാരറ്റും തുവരയും എന്നുവേണ്ട കാര്‍ഷികവിളകളെല്ലാംതന്നെ റോഡിനിരുവശങ്ങളിലും വിളഞ്ഞുനില്‍പ്പാണ്‌. മറ്റൊരു പാടത്ത്‌ സൂര്യവട്ടത്തില്‍ മഞ്ഞച്ച ചിരിയുമായി തലയാട്ടി മൊഴിഞ്ഞ്‌ സൂര്യകാന്തിപൂക്കള്‍ വിരിഞ്ഞുണര്‍ന്ന പാടം. മറ്റൊരിടത്ത്‌ കരിഞ്ഞുണങ്ങിയ സൂര്യകാന്തി പൂക്കളില്‍നിന്ന്‌ അരിമണി ശേഖരിച്ച്‌ പതിരുനീക്കി എണ്ണയ്‌ക്കായി ചാക്കില്‍കെട്ടി മാറ്റിവയ്‌ക്കുന്ന കര്‍ഷകര്‍.

ഇടതൂര്‍ന്ന്‌ നിഗൂഢതവഴിയുന്ന കരിമ്പിന്‍തോട്ടങ്ങള്‍ കടന്ന്‌ കിലോമീറ്ററുകള്‍ക്കകലെ ദേവരഹള്ളിയ്‌ക്ക് സമീപത്താണ്‌ മഞ്‌ജുനാഥിന്റെ കൃഷിതോട്ടം. ചെറിയ ഉള്ളി പറിച്ചെടുത്ത്‌ മണ്ണ്‌നീക്കി ചാക്കില്‍നിറയ്‌ക്കുകയാണ്‌ പണിക്കാരു സ്‌ത്രീകള്‍. പത്തേക്കര്‍ വരുന്ന കൃഷിതോട്ടത്തിന്‌ ഉടമയാണ്‌ മഞ്‌ജുനാഥ്‌. ഒരു സെന്റ്‌ പോലും വെറുതെയിടില്ല. വിവിധതരം വിത്തുകള്‍ വിതച്ച്‌ നൂറുമേനി വിളവുകൊയ്യുന്ന പത്താംതരത്തില്‍ പഠിപ്പുനിര്‍ത്തിയ മഞ്‌ജുനാഥിന്‌ ഒരു സീസണില്‍ ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷംവരെ ലാഭം ലഭിക്കുന്നുണ്ടത്രെ. നഷ്‌ടക്കണക്കുകള്‍ നിരത്തി ആത്മഹത്യയില്‍ അഭയംതേടുന്ന നമ്മുടെ കാര്‍ഷിക ജനത ശ്രദ്ധിച്ചുകേള്‍ക്കേണ്ട ലാഭക്കണക്കാണിത്‌.

മജ്‌ഞുനാഥിന്റെ മാത്രം അനുഭവമല്ലിത്‌. ഇവിടെ ആര്‍ക്കും നഷ്‌ടക്കണക്കുകള്‍ നിരത്താനില്ല. ഹള്ളികളില്‍ പണിത്തഴമ്പും മണ്ണിന്റെ മണവുമില്ലാത്ത ആരുമില്ല. 90 ശതമാനവും കാര്‍ഷികമേഖലയുമായി ബന്ധപ്പെടുന്നവര്‍. സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയാലും ശരി മണ്ണിന്റെ മണം മറക്കാത്ത ജനത. നമ്മുടെ വൈറ്റ്‌ കോളര്‍ ചിന്തയ്‌ക്ക് ഒരിക്കലും മനസിലാക്കാനാവാത്ത നിലപാടുതറ. 25 കിലോമീറ്ററോളം സഞ്ചരിച്ച്‌ നഞ്ചന്‍കോട്ടെത്തിയപ്പോള്‍ അവിടെ ചുവന്നുതുടുത്ത തക്കാളിപ്പാടങ്ങള്‍. ഉരുളക്കിഴങ്ങിന്റെ വിളസമൃദ്ധി. സവാള വിളവെടുത്ത്‌ പുതുകുഷിയ്‌ക്കായി കാളപൂട്ടുന്ന വയലേലകള്‍.

നമ്മെ പോലെ കര്‍ഷരോട്‌ മുഖംതിരിക്കുന്ന നിലപാടല്ല അവിടത്തെ സര്‍ക്കാറിന്‌. തവണതെറ്റിയാല്‍ വൈദ്യുതി വിച്‌ഛേദിക്കാന്‍ കാത്തുനില്‍ക്കുന്ന ബോര്‍ഡുമില്ല. ഇവിടെ കൃഷിയിടങ്ങളില്‍ കര്‍ഷകന്‌ വൈദ്യുതിയും വെള്ളവും സൗജന്യമാണ്‌. പാടത്തിനരികെ വീതിയേറി ആഴം കുറഞ്ഞ കുളംകുത്തി വെള്ളം സംഭരിച്ച്‌ നാലുപാടുമെത്തിച്ചാണ്‌ നനയ്‌ക്കുന്നത്‌. വളവും വിത്തും ഉപദേശങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സജീവമാണെന്നു കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളമാണിവരുടെ പ്രധാനവിപണി.

മണ്ണില്‍ നിന്ന്‌ മനസകന്നെങ്കിലും ഓണത്തെ നാമിനിയും മറന്നിട്ടില്ല. ഓണമെന്ന മധുരസങ്കല്‍പ്പം മലയാളികളുടെ ആഹ്‌ളാദമായിട്ട്‌ കാലമെത്രയോ കഴിഞ്ഞു. ഇനിയെത്രകാലംകഴിഞ്ഞാലും അത്തച്ചമയ ഘോഷയാത്രയും മാവേലി വേഷവുമൊക്കെയായി മലയാളിയും മലയാളവുമുള്ള കാലത്തോളം ഓണവുമുണ്ടാകും. സമൃദ്ധിയുടെ മധുരസ്വപ്‌നങ്ങള്‍ കാത്തുവയ്‌ക്കുമ്പോള്‍ നമുക്കായി പൂക്കളൊരുക്കിയും പച്ചക്കറി വിളയിച്ചും ഗുണ്ടല്‍പേട്ടയും കൂടെയുണ്ടാകും. അതുകൊണ്ട്‌തന്നെ നമുക്കിത്തവണയും ആശങ്കകക്കുറിച്ച്‌ പരിഹാരമില്ലാത്ത നെടുങ്കന്‍പ്രഭാഷണങ്ങള്‍ നടത്തുകയുമാകാം.... ഹാപ്പി ഓണം.

ജിനേഷ്‌ പൂനത്ത്‌

വമ്പനാകാന്‍ 'അംബി'


അവന്‍ വരുന്നു... ചെമ്മണ്‍ പാതകളില്‍ പൊടിപറത്തി അധികാരത്തിന്റെ കിരീടവും ചെങ്കോലുമേന്തി ചീറിപ്പാഞ്ഞിരുന്ന ആ പഴയ കരുത്തന്‍. രാജകീയ പ്രൗഢിയോടെ ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകള്‍ അടക്കി വാണിരുന്ന അംബാസഡര്‍ എന്ന അംബി. പുതുമയുടെ തള്ളിക്കയറ്റത്തിനിടയല്‍ കാലിടറി ടാക്‌സി സ്‌റ്റാന്‍ഡുകളിലെ നരച്ച യൂണിഫോണിട്ട ചില കിളവന്‍മാരുടെ മാത്രം കൈമുതലായി മാറിയ അംബാസഡര്‍... അതുപഴയ കഥ. നഷ്‌ടപ്രതാപത്തിന്റെ കഥ ഭാണ്ഡക്കെട്ടിലാക്കി പുതിയൊരു അവതാരത്തിനു കച്ചകെട്ടുകയാണ്‌ നമ്മുടെ പ്രിയപ്പെട്ട അംബി. പുത്തന്‍കൂറ്റുകാര്‍ ഇനി അല്‍പം സൂക്ഷിക്കുക. കാരണം ഇവര്‍ രാജാവാണ്‌. രൂപം കൊണ്ടും ഭാവം കൊണ്ടും. ഭരണം അവന്റെ നിയോഗമാണ്‌.

മാറിയ സാഹചര്യത്തില്‍ കുറച്ചധികം മാറ്റങ്ങളുമായാണ്‌ അംബി എത്തുന്നത്‌. പുതിയ രൂപവും ഭാവവും കൈവരിച്ച്‌ അടുത്ത വര്‍ഷത്തോടെ അംബി എത്തുമെന്നാണ്‌ നിര്‍മാതാക്കളായ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്‌. കഴിഞ്ഞ എഴുപത്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ റോഡുകളിലെ നിത്യസാന്നിധ്യമായ അംബാസിഡറിന്‌ പുതിയ മുഖം നല്‍കാനാണ്‌ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സിന്റെ തീരുമാനം. നിലവിലുള്ള ടാക്‌സി സെഗ്മെന്റിലുള്ള അംബാസഡര്‍ മോഡലുകളില്‍നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും പുതിയ മോഡല്‍.

അംബാസഡറുകളുടെ കാലം അസ്‌തമിച്ചു എന്നു വാദിക്കുന്നവരുടെ മുന്നില്‍ വിജയം വരിച്ചു കാട്ടുകയാണ്‌ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സിന്റെ ലക്ഷ്യം. റോഡുകളിലെ മുത്തശ്ശന്‌ ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നാണ്‌ നിര്‍മാതാക്കളുടെ അവകാശവാദം. പഴമ നിര്‍ത്തിക്കൊണ്ടു തന്നെ ഒരു സ്‌പോര്‍ടി ലുക്ക്‌ അംബാസിഡര്‍ പുറത്തിറക്കാനാണ്‌ എഞ്ചിനീയര്‍മാരുടെ ശ്രമമെന്ന്‌ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ സികെ ബിര്‍ല പറയുന്നു. പരിഷ്‌കാരത്തിന്‌ വിദേശ എഞ്ചിനിയര്‍മാരുടെ സഹായവുമുണ്ട്‌. അംബാസഡറിന്റെ അഴിച്ചുപണിക്ക്‌ യൂറോപ്യന്‍ ഓട്ടോ വിദഗ്‌ധരുടെ സഹായമാണ്‌ ലഭ്യമായിട്ടുള്ളത്‌.

കമ്പനിയുടെ നഷ്‌ടങ്ങളെല്ലാം നികത്തുന്ന പുതിയ അവതാരമെന്ന റോളാണ്‌ പുതിയ അംബിക്ക്‌ ബിര്‍ള നല്‍കുന്നത്‌. അടുത്ത വര്‍ഷം മേയ്‌ മാസത്തോടെ ടെസ്‌റ്റ്- ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ വാണിജ്യ ഉത്‌പാദനം തുടങ്ങാമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ. പഴയ പ്ലാറ്റ്‌ഫോമില്‍ തന്നെ പുതിയ ലുക്ക്‌ സൃഷ്‌ടിയ്‌ക്കാനാണ്‌ അവരുടെ ശ്രമം. പഴയ അംബിയുടെ വിദൂര ഛായമാത്രമാകും പുതിയ അവതാരത്തിനെന്നാണ്‌ കമ്പനി നല്‍കുന്ന 'ക്ലൂ'. കാറിന്റെ ഇന്റീരിയറിലും സമഗ്രമായ മാറ്റം വരുത്തുമെന്നുറപ്പ്‌.

മുന്‍പൊരിക്കല്‍ അംബി പരിഷ്‌കരിച്ചതും വിപണിയില്‍ ക്ലച്ച്‌ പിടിക്കാതെ പോയതും പഴയ കഥയെന്നാണ്‌ കമ്പനി എംഡി മനോജ്‌ ഝാ പറയുന്നത്‌. 2003 ലാണ്‌ അംബി അവസാനമയി റീഡിസൈന്‍ ചെയ്‌തത്‌. അന്ന്‌ ഫ്രണ്ടും ബോണറ്റും ഡാഷ്‌ബോര്‍ഡുമൊക്കെ നവീകരിച്ചെങ്കിലും പിന്‍ഭാഗത്തെ തൊട്ടിരുന്നില്ല. എന്‍ജിനിയറിങ്‌ പോരായ്‌മകള്‍ കൂടിയായപ്പോള്‍ അംബാസഡര്‍ അവിഗോ വിപണിയില്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഉരുണ്ട ബോഡിയും സോഫാ പോലുള്ള സീറ്റുകളുമൊക്കെ പുത്തന്‍ കസ്‌റ്റമേഴ്‌സിന്റെ മനസ്‌ കീഴടക്കാനായി അംബി കൈയൊഴിയും.

ബിഎസ്‌ - ഐവിബിഎസ്‌ വി എഞ്ചിനുകളായിരിക്കും പുതിയ മോഡലിലുണ്ടാവുക. 1.22 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ വേരിയന്റുകള്‍ കൂടുതല്‍ കരുത്തുറ്റതും ഇന്ധനക്ഷമത നല്‍കുന്നതാണെന്ന്‌ കമ്പനി അവകാശപ്പെടുന്നു. വിപണിയിലെ മാറ്റങ്ങള്‍ മുന്നില്‍ കണ്ട്‌ 30 പുതിയ ഡീലര്‍മാരെയും കമ്പനി ഇതിനകം ചേര്‍ത്ത്‌ കഴിഞ്ഞു. അഞ്ചുമുതല്‍ ഏഴ്‌ ലക്ഷം വരെയായിരിക്കും പുത്തന്‍ അംബിയുടെ വില. ശ്രീലങ്കയും ബംഗല്‍ദേശുമടക്കമുള്ള വിദേശ പിപണികളും ഈ മാറ്റത്തില്‍ അംബി ലക്ഷ്യമിടുന്നുണ്ട്‌.

പരിഷ്‌കാരം വരുത്തുന്നുവെന്നുവച്ച്‌ പഴയ അംബിയെ പൂര്‍ണമായും എച്ച്‌എം കൈവിടുമെന്നു കരുതേണ്ട. പുതിയ മോഡല്‍ വന്നാലും ടാക്‌സി വിഭാഗത്തില്‍ നിലവിലെ അംബി തുടരുമെന്നാണ്‌ നിര്‍മാതാക്കള്‍ ഉറപ്പുപറയുന്നു. മോറിസ്‌ ഓക്‌സ്ഫോര്‍ഡ്‌ സീരീസ്‌ ടുവിന്റെയും (ലാന്‍ഡ്‌ മാസ്‌റ്റര്‍) സീരിസ്‌ ത്രീയുടെയും (അംബാസിഡര്‍) പാരമ്പര്യവുമായി വന്ന്‌ നിരത്തുകള്‍ കീഴടക്കിയ അംബിയുടെ പുതിയ അവതാരവും റോഡുകളില്‍ വിപ്ലവം സൃഷ്‌ടിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടതാണ്‌.

സുജിത്‌ പി. നായര്‍