ശിവരാമന്‍ അന്തസത്തയില്‍ സ്വന്തം അമ്മാവനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നെയാണ് പിന്തുടര്‍ന്നത്. അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവ ഗതിക്ക് അനുയോജ്യമല്ലാത്ത ഭാവസ്‌ഫുരണമോ സ്വീകരിച്ചിട്ടേയില്ല. കഥകളി ആസ്വാദകര്‍ക്കിടയില്‍ വെള്ളംപോലെ തെളിഞ്ഞ, കല മുന്‍പ് എന്ന ആസ്വാദന രീതി ദുര്‍ലഭമാണ്. ഒരുപാടു മുന്‍ധാരണകളും ഗ്രൂപ്പുവഴക്കുകളുമൊക്കെ ആസ്വാദര്‍ക്കിടയിലുണ്ട്. കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കലാമണ്ഡലം ഗോപി, ഉണ്ണികൃഷ്‌ണക്കുറുപ്പ് എന്നിങ്ങനെ പലര്‍ക്കുവേണ്ടിയും ഘോരഘോരം വാദിക്കും. ഏതു ഗ്രൂപ്പിനും ശിവരാമന്റെ കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു. പഴയ ചില സ്‌ത്രീവേഷക്കാരുടെ പേരു കേട്ടിട്ടുണ്ട്. പിന്നീട് കലാമണ്ഡലം കൃഷ്‌ണന്‍ നായര്‍ തന്നെയാണ് എല്ലാം തികഞ്ഞ സ്‌ത്രീവേഷക്കാരന്‍ ആയിരുന്നത്. പക്ഷെ പോകെപ്പോകെ ആകാരഗാംഭീര്യം മൂലം കൃഷ്‌ണന്‍നായര്‍ക്ക് സ്‌ത്രീവേഷങ്ങള്‍ പറ്റാതായത്രേ. പിന്നെ കുടമാളൂര്‍ കരുണാകരന്‍. കുടമാളൂരിന്റെ ഔചിത്യഭാസുരവും അന്തസാര്‍ന്നതുമായ സ്‌്ത്രീവേഷത്തിനു ശേഷം ശിവരാമനാണ് ആട്ടക്കഥകളിലെ പെണ്ണിന്റെ ഭാഗം തിളക്കിയത്. മറ്റുവേഷങ്ങളും ശിവരാമന്‍ കെട്ടിയിരുന്നു. ഞാന്‍ ശിവരാമന്റെ കൃഷ്‌ണനും കരിവേഷവും കണ്ടിട്ടുണ്ട്. പിന്നെ കണ്ടിട്ടുള്ള വേഷങ്ങള്‍ ഏതു കഥകളി പ്രേമിക്കും അറിയാവുന്നവ തന്നെ. എങ്കിലും ഓര്‍ത്തെടുത്ത് എഴുതാന്‍ ഒരു വേദനയുള്ള സുഖം. കാരണം ഒരുപാടു ദിക്കുകള്‍, കളികള്‍, ഗായകര്‍, ചെണ്ട-മദ്ദളം കലാകാരന്മാര്‍ അവരുടെയൊക്കെ നിലനില്‍പ്പുകളെന്നാല്‍ അതിന്റെ ഭാഗമാണല്ലോ. നീലകണ്‌ഠന്‍ നമ്പീശന്‍, പൊതുവാള്‍മാര്‍, കുറുപ്പാശാന്‍, രാമന്‍കുട്ടിവാര്യര്‍, അച്യുത പൊതുവാള്‍, ചന്ദ്രമന്നാഡിയാര്‍, കലാമണ്ഡലം ഗംഗാധരന്‍, ശങ്കരന്‍ എമ്പ്രാന്തിരി, ഹൈദരാലി തുടങ്ങിയെത്രെയെത്ര പേര്‍... അവര്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞവരോ ഇപ്പോഴും അരങ്ങത്തു സജീവമായി ഉള്ളവരോ എന്നു പലപ്പോഴും ഓര്‍മ വരാറില്ല. ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍, വെങ്കിടകൃഷ്‌ണ ഭാഗവതര്‍, മൂത്തമന, വെങ്കിച്ചസ്വാമി, ആശാരിക്കോപ്പന്‍ എന്നിവരുംകൂടി മിത്തിന്റെ രൂപത്തിനുള്ളില്‍ വരും. മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയുംപോലെ കഥകളി ആസ്വാദകരുടെ മനസില്‍ പകുതി സ്വപ്‌നവും പകുതി യാഥാര്‍ഥ്യവുമാകും. ഒരുപാട് ഐതിഹ്യങ്ങള്‍ പ്രചരിക്കും. സിനിമ, സാഹിത്യം, പാട്ട്, ചിത്രകല, രാഷ്ര്‌ടീയം എന്നിവപോലെ കഥകളിയും ആസ്വാദകര്‍ക്കിടയില്‍ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ടെന്നര്‍ത്ഥം. കോട്ടയ്‌ക്കല്‍ ശിവരാമന്റെ ദമയന്തി (നാലുദിവസങ്ങള്‍), ദ്രൗപദി (ദുര്യോധന വധത്തിലെ പാഞ്ചാലിയാണതില്‍ ഏറ്റവുമുള്ളില്‍), സൈരന്ധ്രി, സീത, കുന്തി, സതി, പൂതന, മോഹിനി, ഉര്‍വശി, കിര്‍മീര വധത്തിലെ ലളിത, കാട്ടാളത്തി, രംഭ.... ഓരോ വേഷവും ഉള്ളില്‍ ഉണ്ട്. എന്‍.വി. കൃഷ്‌ണവാര്യരുടെ ചിത്രാംഗദ അരങ്ങേറിയപ്പോള്‍ ചിത്ര, ശിവരാമനായിരുന്നുവെന്നും. അത് വളരെ നന്നായിരുന്നുവെന്നും എന്റെ അച്‌ഛന്‍ പറഞ്ഞ് അറിയാം. കുഞ്ഞുനായരാശാനാണ് അത് ചിട്ടപ്പെടുത്തിയത്. ചിത്രയുടെ ഭാവമാറ്റങ്ങള്‍ അനായാസമായി ശിവരാമന്‍ ഉള്‍ക്കൊണ്ടു. കലാമണ്ഡലം ഗംഗാധരനായിരുന്നു പാടിയിരുന്നത്. പാട്ട് ഇപ്പോഴും കേള്‍ക്കാന്‍ പറ്റും. ഒളപ്പമണ്ണയുടെ അംബ ഞാന്‍ തന്നെ കലാമണ്ഡലത്തില്‍ വച്ചു കണ്ടിട്ടുണ്ട്. ഗോപിയാശാന്റെ സാല്വനും രാമന്‍കുട്ടിയാശാന്റെ ഭീഷ്‌മരും അങ്ങനെ... അതും പിന്നെ കണ്ടിട്ടില്ല. എങ്കിലും മനസ്സില്‍ ഉണ്ട്. ദക്ഷയാഗത്തിലെ സതി, കീചകവധത്തിലെ സൈരന്ധ്രി, നാലാം ദിവസത്തിലെ ദമയന്തി എന്നിവയാണ് എനിക്കേറ്റവും പ്രിയപ്പെട്ട വേഷങ്ങള്‍. ലവണാസുരവധത്തിലെ സീതയും അങ്ങനെതന്നെ. കീചകന്‍ ഹനുമാന്‍ ഇവ രാമന്‍കുട്ടിയാശാനും നാലാം ദിവസത്തിലെ ബാഹുകന്‍ ഗോപിയാശാനും തന്നെ ആവണം. കുഞ്ചുനായരുടെ ശിഷ്യനായി ഗ്രഹിച്ച കലാപാടവം ഓരോ ചലനത്തിനെയും സുന്ദരമാക്കും. പട്ടിക്കാംതൊടി ആ കഥാപാത്രമാവുന്നതില്‍ തപസു പോലത്തെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു എന്നു കേട്ടിട്ടുണ്ട്. അറിവു കലാപരമായ സര്‍ഗാത്മകത ആവുന്ന നിമിഷം. ശിവരാമന്‍ മദ്യപാനത്തില്‍ മുഴുകിയിരുന്ന നാളുകളില്‍പോലും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് വിസ്‌മയകരമായി കൂടുമാറിയുന്നു. കൂട്ടുവേഷക്കാരന്‍ അനൗചിത്യം കാട്ടിയാലും അദ്ദേഹം പിന്തുടര്‍ന്നിരുന്നുമില്ല. ശിവരാമന്‍ അരങ്ങത്തുണ്ടെങ്കില്‍ ചൊല്ലിയാട്ടത്തികവ്, മുദ്രക്കൈകളുടെ വെടിപ്പ് തുടങ്ങി ആസ്വാദകര്‍ തലയാട്ടുന്ന സൂക്ഷ്‌മ സൗന്ദര്യങ്ങള്‍ക്കുമപ്പുറം മനസു പറക്കും. സ്‌ത്രീകളായ എന്നെപ്പോലുള്ളവര്‍ക്ക് ഉള്ളലിവു തോന്നും എതു വേഷത്തോടും. എന്താണീ മനസിനെ ശിവരാമനോടടുപ്പിക്കുന്ന സവിശേഷത എന്ന് ഞാന്‍ പലകുറി ആലോചിട്ടുണ്ട്. സ്‌ത്രീമനസിലെ വൈകാരിക വിക്ഷുബ്‌ധതകള്‍ പിടിച്ചെടുത്ത അഭിനയരീതി തന്നെ. ഒന്നാം ദിവസത്തില്‍ നാം ദമയന്തിയെ ആദ്യം കാണുമ്പോള്‍ അനുരാഗത്തില്‍പ്പെട്ട ഒരു കന്യക... അര്‍ണ്ണവം തന്നിലല്ലോ... എന്ന ഉറപ്പുള്ള പ്രണയിനി, ഈശ്വരന്മാര്‍ അതിനീചമായി തുടങ്ങാമോ എന്ന് അവരോടും കയര്‍ത്തവള്‍, സ്വയംവര സദസില്‍ മനസാവാചാ വപുഷാ നളനെ മാത്രമേ സ്വീകരിക്കൂ എന്ന ഉറപ്പുള്ള ധീര.... ഒന്നാം ദിവസം തുടങ്ങി നാലാംദിവസം അവസാനംവരെ നമ്മള്‍ ദമയന്തിയുടെ ഒപ്പം സഞ്ചരിക്കും. അന്തസുള്ളവള്‍ അഭിമാനിനി എന്ന് മാത്രമല്ല സ്വന്തമായ മനസും വികാരലോകവും ഉള്ളവള്‍. അതാണു ശിവരാമന്റെ ദമയന്തി. ഉണ്ണായിവാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ പുതിയ ലോകത്തില്‍ തന്റെ ദമയന്തിയെ കണ്ട് ആഹ്ലാദിച്ചേനെ. കാണാനുള്ള ശ്രീയല്ല ഉള്ളില്‍ നിന്നു പ്രസരിക്കുന്ന ചൈതന്യമാണ് ശിവരാമന്റെ സവിശേഷത. നല്ല സാഹിത്യമാണ് നല്ല നായികയെ സൃഷ്‌ടിച്ചത്. ദേവയാനി, സതി തുടങ്ങിയ ഇതുപോലെ വൈകാരിക സങ്കീര്‍ണതകളുള്ള സ്‌ത്രീകള്‍ അത്രകണ്ട് ആഴപ്പെടാഞ്ഞത് ആട്ടക്കഥാകാരന്റെ കുഴപ്പമല്ലേ? 1999-ലോ മറ്റോ തൃശൂരില്‍ സ്‌ത്രീനാടകപ്പണിപ്പുര നടന്നപ്പോല്‍ അദ്ദേഹം പങ്കെടുത്തിരുന്നു. പറ്റാവുന്നത്ര പുസ്‌തകങ്ങള്‍ വായിക്കാനും പുരാണകഥകള്‍ പിന്തുടരാനും ഇതിഹാസാധിഷ്‌ഠിത നോവലുകള്‍ വായിക്കാനുമൊക്കെ അദ്ദേഹം ശ്രദ്ധവെച്ചിരുന്നുവെന്നു മനസിലായി. സ്‌ത്രീമനസ് അറിയാന്‍ ശ്രമിച്ചിരുന്നു. പുതിയ ലോകത്തിലെ അഭിമാനിനിയായ സ്‌ത്രീയായി ഇന്നും ഇദ്ദേഹത്തിന്റെ ദമയന്തി, സീത, സൈരന്ധ്രി ഒക്കെ നമ്മുടെയുള്ളില്‍ ഉണ്ടാവുന്നത് അതാവാം. ഒരു കലയും ഒരാളെമാത്രം ഓര്‍ത്തെടുത്ത് അടച്ചുവയ്‌ക്കാന്‍ പറ്റില്ല. ഒരൊഴുക്കാണ് അത്. മിത്തുകള്‍, സ്വപ്‌നങ്ങള്‍, നേരും നുണയും കൂടിക്കലര്‍ന്നുണ്ടായ മാന്ത്രിക രാത്രിലോകം. അതാണു കഥകളിയുടെ ആവിഷ്‌കാരം, ആസ്വാദനം എന്നിവയിലെ ആനന്ദ ഘടകം. തപസ്, കര്‍ശനമായ അഭ്യാസം എന്നിവയെ പൂര്‍ണ്ണമാക്കുന്ന ഒരു മൗലികതാ സ്‌പര്‍ശം. കോട്ടയ്‌ക്കല്‍ ശിവരാമന്‍ ആ ലോകത്തുണ്ട്. വി. എം. ഗിരിജ | ||
sunday mangalam
Online version of Sunday Mangalam
Sunday, August 22, 2010
എന്റെയുള്ളിലെ നായിക
തകര്‍ച്ചയില്‍ തളരാത്ത കര്‍ഷക വീര്യം
കേരളത്തിലെ മറ്റുകര്‍ഷകരുടെതെന്നപോലെ അഹമ്മദ്‌കുട്ടിയുടെ ജീവിതവും കല്ലും മുളളും നിറഞ്ഞ പാതയിലൂടെയായിരുന്നു. പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദ്‌കുട്ടി 1975ല്‍ വിദേശരാജ്യങ്ങളിലേക്കു സമുദ്രോല്‍പ്പന്ന സംസ്‌കരണ കയറ്റുമതി ആരംഭിച്ചു. നല്ലരീതിയില്‍ തുടങ്ങിയ ഈ വ്യവസായത്തിലും അഹമ്മദ്‌കുട്ടി തന്റെ പ്രതിഭയുടെ വെന്നിക്കൊടി പാറിച്ചു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കു കയറ്റുമതി വ്യവസായം തഴച്ചുവളര്‍ന്നു. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് കുഴഞ്ഞുമറിയുന്ന കാഴ്‌ചയാണ് കണ്ടത്. 25 കോടിയുടെ കയറ്റുമതി നടന്നിരുന്ന വ്യവസായം അസംസ്‌കൃതവസ്‌തുക്കളുടെ ദൗര്‍ലഭ്യം നേരിട്ട് 1992 മുതല്‍ തകര്‍ന്നുതുടങ്ങി. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇന്ത്യയില്‍ നിന്നുളള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതോടെ 2003ല്‍ തകര്‍ച്ച പൂര്‍ണമായി. അതോടെ എക്‌സ്പോര്‍ട്ടിംഗ് യൂണിറ്റുകള്‍ ഓരോന്നായി വിറ്റ് കടബാധ്യത തീര്‍ക്കേണ്ടിവന്നു. ഭീമമായ സാമ്പത്തികത്തകര്‍ച്ചയിലും തന്നിലെ കര്‍ഷകന്റെ മനസാന്നിധ്യം വീണ്ടെടുത്ത അഹമ്മദ്‌കുട്ടി കുടുംബസ്വത്തായി കിട്ടിയ 18 ഏക്കര്‍ നെല്‍പ്പാടത്ത് മൂന്നേക്കറില്‍ ശുദ്ധജലമത്സ്യക്കൃഷി ആരംഭിക്കുകയായിരുന്നു. ചേര്‍ത്തല കാര്‍ഡ് ബാങ്കില്‍ നിന്നും വായ്‌പ എടുത്താണ് കൃഷിക്കാവശ്യമായ തുക കണ്ടെത്തിയത്. ഫിഷറീസ് വകുപ്പില്‍നിന്നു സൗജന്യമായി കിട്ടിയ ആറായിരം ശുദ്ധജലമത്സ്യക്കുഞ്ഞുങ്ങളില്‍നിന്നാണ് കൃഷി ആരംഭിച്ചത്. റോഹു, കട്‌ല, മൃണാല്‍ ഇനത്തില്‍പ്പെട്ട ശുദ്ധജലമത്സ്യങ്ങള്‍ക്കൊപ്പം നാടന്‍ ഇനങ്ങളായ വരാല്‍, കരിമീന്‍ എന്നിവയും കൃഷിചെയ്യുന്നു. ശുദ്ധജലകൃഷിയോടനുബന്ധിച്ചു കടല്‍വെള്ളത്തില്‍ ചെമ്മീന്‍ കൃഷിയും ഇവിടെ ചെയ്യുന്നുണ്ട്. കൃഷിചെയ്‌ത ഉല്‍പന്നങ്ങള്‍ക്ക് എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ തുടങ്ങിയ പ്രാദേശിക മാര്‍ക്കറ്റുകളിലാണ് വിപണി കണ്ടെത്തുന്നത്. കൃഷിയുടെ രണ്ടര ശതമാനം ഇപ്പോള്‍ത്തന്നെ വിറ്റുപോയി. തൊഴിലാളികളെ സ്വന്തം കുടുംബാംഗങ്ങളെപോലെ കാണുന്ന അഹമ്മദ്‌കുട്ടി വിറ്റുവരവിന്റെ 20 ശതമാനവും അവര്‍ക്കു കൊടുക്കുന്നു. കൂടാതെ മത്സ്യം പിടിക്കുന്ന സമയത്ത് അധിക വേതനവും കൊടുക്കുന്നു. അതുകൊണ്ടുതന്നെ തന്റെ കൃഷിയിടത്തിലെ തൊഴിലാളികള്‍ വളരെ സന്തോഷവും സാമ്പത്തിക ഭദ്രതയും ഉള്ളവരാണെന്ന് ഈ കര്‍ഷകന്‍ ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ പറയുന്നു. ആത്മാര്‍ഥമായി ശ്രമിച്ചാല്‍ കേരളത്തില്‍ ഉള്‍നാടന്‍ ശുദ്ധജലമത്സ്യക്കൃഷിയില്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്ന് അഹമ്മദ്‌കുട്ടി സാക്ഷ്യപ്പെടുത്തുന്നു. മത്സ്യം വളരുന്ന കാലയളവില്‍ ഇവയെ പരിപാലിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സ്‌റ്റൈപ്പന്റ് പോലെ എന്തെങ്കിലും ആനുകൂല്യം കൊടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇളയമകന്‍ ഷിയാസാണ് പുതിയ തൊഴിലിടങ്ങളില്‍ സഹായവും ധൈര്യവും പകരുന്നത്. ഭാര്യ: ഹഫ്‌സ. മറ്റുമക്കള്‍: ഷീബ(ദുബായ്), ഷൈന(ബംഗളുരു), ഷാനവാസ്(മസ്‌ക്കറ്റ്). അനൂപ് വൈക്കപ്രയാര്‍ | ||
മുരളി ആര്‍ദ്രമാം സൗഹൃദം
അച്‌ഛനുമൊത്തുണ്ടായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് സംസാരിച്ചുതുടങ്ങിയത്. 1938-48 കാലഘട്ടത്തില്‍ തിരുവിതാംകുര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ പ്രഥമ പ്രസിഡന്റായിരുന്നു അച്‌ഛന്‍ (വര്‍ഗീസ് വൈദ്യര്‍). വി.എസ്. അന്ന് ജോയിന്റ് സെക്രട്ടറിയും. അച്‌ഛന്റെ കാര്യം അവസാനിച്ചപ്പോള്‍ വി.എസ്. താന്‍ വന്നകാര്യം എടുത്തിട്ടു. 'ചെറിയാന്‍ ഞങ്ങള്‍ക്കൊരു സഹായം ചെയ്യണം.' ചെയ്യാമെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി. 'ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വി.എം. സുധീരന് എതിര്‍ സ്‌ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഞങ്ങള്‍ കണ്ടുവച്ചിരിക്കുന്നതു ചെറിയാന്റെ സുഹൃത്തിനെയാണ്. നടന്‍ മുരളിയെ' എനിക്കൊട്ടും അദ്‌ഭുതം തോന്നിയില്ല. കാരണം കറകളഞ്ഞ കമ്യൂണിസ്‌റ്റുകാരനാണു മുരളി. എന്തുകൊണ്ടും പാര്‍ട്ടിയുടെ എം.പിയാവാന്‍ അര്‍ഹതപ്പെട്ടയാള്‍. 'മത്സരിക്കാന്‍ മുരളിയെക്കൊണ്ടു സമ്മതിപ്പിക്കണം. ചെറിയാനതു കഴിയും' 'നല്ല കാര്യമാണത്. ഞാനിന്നു തന്നെ മുരളിയെ നേരില്‍ക്കണ്ടു സമ്മതിപ്പിക്കാം.' വി.എസിന് ഉറപ്പുനല്‍കിയതു പോലെ അന്നുതന്നെ മുരളിയെ പോയി കണ്ടു. എതിര്‍ സ്‌ഥാനാര്‍ഥി വി.എം. സുധീരനാണെന്ന് അറിഞ്ഞപ്പോള്‍ പറ്റില്ലെന്നായി മുരളി. ഞാന്‍ വിട്ടില്ല. 'തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ. സുധീരനെപ്പോലൊരാളിനോടല്ലേ. അതൊരിക്കലും നാണക്കേടായി കാണേണ്ടതില്ല' ഒടുവില്‍ മത്സരിക്കാന്‍ സമ്മതിച്ചു. മുരളി സ്‌ഥാനാര്‍ഥിയായി. എന്റെ വീട്ടില്‍ ഒരു മാസം താമസിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയത്. പക്ഷേ പരാജയപ്പെട്ടു. കുറച്ചുകാലം ആ ദുഃഖം മനസിലുണ്ടായിരുന്നു. മത്സരിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഞാന്‍ തന്നെ സമാധാനിപ്പിക്കാനുമെത്തി. വീണ്ടും മുരളി അഭിനയത്തിലേക്കു ശ്രദ്ധിച്ചുതുടങ്ങി. പിറ്റേവര്‍ഷമായിരുന്നു നെയ്‌ത്തുകാരന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ തന്നെ ഞാന്‍ വിളിച്ചുപറഞ്ഞു. 'ആലപ്പുഴയില്‍ തോറ്റാലെന്താ, സിനിമയില്‍ ജയിച്ചില്ലേ' മുരളിയുമായുള്ള സൗഹൃദം തുടങ്ങുന്നത് 1998ലാണ്. തിരുവനന്തപുരം പട്ടത്ത് വൃന്ദാവന്‍ കോളനിയിലെ വീട്ടില്‍ ഞാന്‍ അന്ന് 'ലാല്‍സലാ'മിന്റെ തിരക്കഥാരചനയിലായിരുന്നു. വേണു നാഗവള്ളിയുമുണ്ട് കൂടെ. തൊട്ടടുത്ത ഹൗസിംഗ് ബോര്‍ഡിന്റെ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കു താമസിക്കുകയാണു മുരളി. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുവരുന്ന മുരളിക്ക് അന്നു സ്വന്തമായി ഫോണുണ്ടായിരുന്നില്ല. എന്റെ വീട്ടിലെ നമ്പറായിരുന്നു സിനിമാപ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ അറ്റന്‍ഡു ചെയ്യാനെത്തുന്നതു പതിവായി. ആ സൗഹൃദം ഞങ്ങളെയെത്തിച്ചത് 'ലാല്‍സലാ'മിലെ സഖാവ് ഡി.കെയുടെ വേഷത്തിലായിരുന്നു. ഡി.കെ.ആന്റണി എന്ന സഖാവിനെ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ മനസില്‍ മുരളിയായിരുന്നു. അതിനു കാരണം പലതാണ്. അന്നു മുതലേ കമ്യൂണിസ്‌റ്റ് ആഭിമുഖ്യം മുരളിക്കുണ്ടായിരുന്നു. മാത്രമല്ല, ആ മനുഷ്യനില്‍ ഒരു കമ്യൂണിസ്‌റ്റ് ലക്ഷണവുമുണ്ടായിരുന്നു. പരുക്കനായ ലാ ല്‍സലാമിലെ സഖാവ് ഡി.കെ നല്ലൊരു ബ്രേക്കാണു മുരളിക്കു നല്‍കിയത്. പിന്നീടാണ് 'അമര'ത്തിലേക്കു വിളിക്കുന്നത്. മുരളി നായകനായ 'ആധാരം' ഹിറ്റായപ്പോള്‍ വീണ്ടും നായകനാക്കിക്കൊണ്ട് ഞാന്‍ 'ആര്‍ദ്ര'മെഴുതി. ആര്‍ദ്രത്തിലെ ഉപ്പന്‍രാഘവനും സാക്ഷ്യത്തിലെ മേജര്‍ നമ്പ്യാരും യോജിച്ച കഥാപാത്രങ്ങളായിരുന്നു. ഏറ്റവുമൊടുവിലെഴുതിയ 'വൈര'ത്തിലെ പശുപതി ചെയ്‌ത വേഷം മുരളിക്കു കണ്ടുവച്ചതായിരുന്നു. ഇതിലേക്കു ക്ഷണിക്കാന്‍ ഞാനും സംവിധായകന്‍ എം.എ. നിഷാദും കൂടി പോയതാണ് ഒടുവിലത്തെ കൂടിക്കാഴ്‌ച. 'ഒരു തമിഴ്‌പടം ചെയ്യുന്നുണ്ട്. അതു കഴിഞ്ഞാല്‍ വൈരം ചെയ്യാം' ഒരുപാടു കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയ്‌ക്കു പുതിയ സിനിമയില്‍ അഭിനയിക്കാമെന്ന ഉറപ്പും നല്‍കിയാണു പിരിഞ്ഞത്. പക്ഷേ തമിഴ് പടം വല്ലാതെ നീണ്ടുപോയി. ഡേറ്റ് പ്രശ്‌നമാവുമെന്നു കണ്ട് മുരളി തന്നെയാണ് വൈരത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞെത്തിയതു മരണവാര്‍ത്തയായിരുന്നു. ചെറിയാന്‍ കല്‍പ്പകവാടി തയാറാക്കിയത്: രമേഷ് പുതിയമഠം | ||
വീരന്‍പുഴയോരത്തെ കര്‍ഷക വിജയം
*** കടമക്കുടി വി.എച്ച്.എസ്.ഇ. സ്‌കൂളില്‍ അക്വാകള്‍ച്ചര്‍ കോഴ്‌സ് വിജയിക്കാനാവാതെ വന്നതോടെ പഠനം അവസാനിപ്പിച്ചാണ് സുരേഷ് നാടുപേക്ഷിക്കുന്നത്. ഒളിച്ചോട്ടമായിരുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ തൊഴിലുതേടിയുള്ള യാത്രയായിരുന്നു. അതവസാനിച്ചത് തിരുവല്ലയിലും. ഒരു ബാറ്ററി കമ്പനിയില്‍ ഹെല്‍പ്പറായി ജോലി നോക്കി. രണ്ടുവര്‍ഷത്തിനുശേഷം കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ നാട്ടിലക്കു തിരിച്ചു പോരുകയായിരുന്നു. മറ്റൊരു ജോലിയും തിരക്കി നില്‍ക്കാതെ മടങ്ങിയതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സുരേഷ് ഓര്‍ത്തെടുക്കുന്നു. കൃഷിയിലെ കടമക്കുടിത്തനിമ... പൊക്കാളിപ്പാടങ്ങളില്‍ നെല്ലും ചെമ്മീനും മാറി മാറി കൃഷിചെയ്യുന്ന കടമക്കുടിയുടെ പാരമ്പര്യത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. വര്‍ഷത്തില്‍ ആറുമാസം ചെമ്മീനും അടുത്ത ആറുമാസം നെല്ലും കൃഷിചെയ്യുന്നതാണ് കടമക്കുടിയിലെ കാര്‍ഷികപാരമ്പര്യം. സുരേഷ് കൃഷി ചെയ്‌തു തുടങ്ങിയിട്ട് ഇരുപത് വര്‍ഷമായി. കടമക്കുടിയിലെ വീരന്‍പുഴയ്‌ക്ക് സമീപത്തെ കര്‍ഷകസമാജം വക 16 ഏക്കര്‍ പള്ളി ബണ്ട് വാടകയ്‌ക്കെടുത്താണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ചെമ്മീനും പൊക്കാളിയും കൃഷി ചെയ്യുന്നത്. ഇതിനൊപ്പം പുഴയ്‌ക്കക്കരെ സ്വന്തമായുള്ള മൂന്നേക്കറിലും ചെമ്മീന്‍ കൃഷിയുണ്ട്. കടമക്കുടിയിലെ പൊക്കാളിപ്പാടത്ത് വിളയുന്ന നെല്ലിന് ആവശ്യക്കാരേറെയാണ്. നവംബര്‍ 15 മുതല്‍ വിഷുവിനു തലേന്ന് ഏപ്രില്‍ 13 വരെയാണ് ചെമ്മീന്‍ കൃഷി. പിന്നീടുള്ള ആറുമാസം പൊക്കാളി നെല്ലാവും പാടത്ത് വിളയുക. ചെമ്മീന്‍കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ 90 ദിവസമാണ് കാലാവധിയെങ്കിലും നിലമൊരുക്കലിനും മറ്റുമായി ആറുമാസത്തോളം സമയമെടുക്കാറുണ്ടെന്ന് സുരേഷ് പറയുന്നു. കൊച്ചിയിലെ സ്വകാര്യ മത്സ്യക്കയറ്റുമതി സ്‌ഥാപനങ്ങള്‍ക്കാണ് ചെമ്മീനും ഞണ്ടും വില്‍ക്കുന്നത്. എന്തുകൊണ്ടാണ് ആലുവയിലെയും എറണാകുളത്തെയും മാര്‍ക്കറ്റുകളില്‍ ചെമ്മീന്‍ വില്‍ക്കാത്തതെന്ന ചോദ്യത്തിന് എല്ലാ ദിവസവും ചെമ്മീന്‍ വാങ്ങാന്‍ ആളുണ്ടാവില്ലെന്ന് സുരേഷിന്റെ മറുപടി. കയറ്റുമതി കമ്പനികള്‍ക്കാകുമ്പോള്‍ വിലയുടെ കാര്യത്തിലും ഡിമാന്റിന്റെ കാര്യത്തിലും പ്രശ്‌നമുണ്ടാകാറില്ലെന്നാണ് അനുഭവസാക്ഷ്യം. വിദേശത്ത് ഏറെ പ്രിയമുള്ള കാരച്ചെമ്മീനാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇതിനൊപ്പം പുഴയില്‍ നിന്നു വേലിയേറ്റ സമയത്ത് ചെമ്മീന്‍ കെട്ടിലെത്തുന്ന ചൂടന്‍, തെള്ളി എന്നീ ചെമ്മീന്‍ ഇനങ്ങളും വിളവെടുക്കാറുണ്ട്. സീസണ്‍ ആരംഭിക്കുമ്പോള്‍ കിലോയ്‌ക്ക് മുന്നുറു രൂപ വരെവില വരുന്ന തെള്ളി ചെമ്മീന്‍ വീട്ടില്‍ തന്നെ പീലിംഗ് നടത്തി ഉണക്കി ആലുവ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവ്. മുമ്പ് വിളവെടുക്കുമ്പോള്‍ ഞണ്ടുകളെ ബോണസായി ലഭിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തായി ചെമ്മീനൊപ്പം വാണിജ്യാടിസ്‌ഥാനത്തില്‍ ഞണ്ടും സ്‌ഥിരമായി കൃഷിചെയ്യുന്നുണ്ട്. ഞാറ്റുവേലയും വിഷുപ്പക്കവും നോക്കി കൃഷിയിറക്കിയിരുന്ന പൊക്കാളി ചെമ്മീന്‍ കര്‍ഷകന്റെ എല്ലാ താളവും തെറ്റിയത് 2002 ലാണ്. കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്‌ടം വിതച്ച് ചെമ്മീന്‍ കെട്ടുകളില്‍ ദുരിതം വൈറസ് രോഗത്തിന്റെ രൂപത്തില്‍ പെയ്‌തിറങ്ങിയത് ആ വര്‍ഷമാണ്. ആദ്യം ചെമ്മീനിന്റെ തോടിനു പുറത്ത് ചെറിയ വെള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു തുടക്കം. വിളവെടുപ്പിന് പാകമായ ചെമ്മീനുകള്‍ ചുവപ്പ് നിറം പടര്‍ന്ന് ചത്തുപൊങ്ങിത്തുടങ്ങി. വൈറസ് രോഗമാണെന്നായിരുന്നു ഔദ്യോഗിക നിഗമനം. രോഗകാരണം അന്വേഷിച്ച് പഠനങ്ങള്‍ ഏറെ നടന്നെങ്കിലും രോഗകാരണവും പ്രതിവിധിയും മാത്രം തെളിഞ്ഞില്ല.. പിറ്റേ വര്‍ഷവും രോഗബാധ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ മുമ്പെങ്ങും കേട്ടുകേഴ്‌വി പോലുമില്ലാത്ത രോഗങ്ങളുടെ കാരണം കണ്‍മുന്നില്‍തന്നെയുണ്ടെന്നാണു സുരേഷിന്റെ നിലപാട്. വ്യവസായ മേഖലയായ ഏലൂരില്‍ നിന്നുള്ള മാലിന്യങ്ങള്‍ വീരന്‍പുഴയിലേക്ക് ഒഴുകിത്തുടങ്ങിയതോടെയാണ് രോഗങ്ങളുടെ വിളയാട്ടവുമെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. വേലിയേറ്റ സമയത്ത് പുഴയില്‍ നിന്നുള്ള വെള്ളമാണ് ചെമ്മീന്‍ കെട്ടുകളില്‍ നിറയ്‌ക്കുന്നത്. ഇങ്ങനെ പുഴയിലെ രാസമാലിന്യം ചെമ്മീനുകളില്‍ വൈറസ് ബാധയായി മാറിയെന്ന് ഈ മാതൃകാ കര്‍ഷകന്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വീരന്‍പുഴ നിറം മാറിയൊഴുകുന്ന ദിവസങ്ങളില്‍ സുരേഷ് ഇപ്പോള്‍ ചെമ്മീന്‍ കെട്ടിലേക്ക് പുഴയില്‍ നിന്ന് വെള്ളം നിറയ്‌ക്കാറില്ല. മത്സ്യകേരളം പൊലിച്ചു... മനസു മരവിച്ച പൊക്കാളി കര്‍ഷകന് ആശ്വാസമായാണ് ഫിഷറീസ് വകുപ്പും പിന്നീട് സര്‍ക്കാര്‍ ഏജന്‍സിയായ അഡാക്കും രംഗത്തെത്തുന്നത്. സ്വകാര്യ ഹാച്ചറികളില്‍ നിന്നുള്ള മത്സ്യവിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷി അവസാനിപ്പിക്കാനായിരുന്നു ആദ്യ നിര്‍ദേശം. അതു പൂര്‍ണമായും പാലിച്ചതോടെ ചെമ്മീന്‍ കെട്ടുകളില്‍ വീണ്ടും നൂറു മേനി വിളഞ്ഞുതുടങ്ങി. രോഗപ്രതിരോധശേഷി കൂടിയ മത്സ്യ വിത്ത് ( മത്സ്യകുഞ്ഞുങ്ങള്‍) കര്‍ഷകര്‍ക്കു വിതരണം ചെയ്‌തുകൊണ്ടാണ് മത്സ്യ കേരളം പദ്ധതിയുടെ തുടക്കം. ആദ്യം മടിച്ചെങ്കിലും പിന്നീട് എന്തും വരട്ടെയെന്നുകരുതി പദ്ധതിയില്‍ അംഗമാവുകയായിരുന്നു സുരേഷ്. ഇവിടെയും തീരുമാനം പിഴച്ചില്ല. സര്‍ക്കാര്‍ നല്‍കിയ മത്സ്യ വിത്തുകള്‍ ചതിച്ചില്ല. മുന്‍പുണ്ടായിരുന്നതിലും വിളവും കൂടി. ഇക്കഴിഞ്ഞ സീസണില്‍ തൊള്ളായിരം കിലോയിലേറെയായിരുന്നു വിളവ്. ചെമ്മീന്‍കെട്ടിലെ തയ്യത്ത് ടച്ച്... ഒരു തരത്തില്‍ പറഞ്ഞാല്‍ തയ്യത്ത് വീട്ടിലെ എല്ലാ അംഗങ്ങളും കര്‍ഷകരാണ്. കാരണം ചെമ്മീന്‍ കെട്ടിലെ ആദ്യാവസാന ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നത് കുടുംബാംഗങ്ങളൊന്നിച്ചാണ്. കടമക്കുടിയിലെ തറവാടിന് തൊട്ടുചേര്‍ന്നുതന്നെയാണു സുരേഷിന്റെയും താമസം. ഭാര്യ ഷൈലയും മക്കളായ സേതുലക്ഷ്‌മിയും ആരതിയും സമയം കിട്ടുമ്പോഴൊക്കെ ചെമ്മീന്‍ കെട്ടിലെത്തും. ചെമ്മീന് തീറ്റയായി നല്‍കുന്ന ഗോതമ്പ് പുഴുങ്ങുന്നതും അരി പൊടിച്ച് താവല്‍ ആക്കുന്നതും ഒടുവില്‍ വിളവെടുപ്പിനു ശേഷം പീലിംഗ് നടത്തുന്നതില്‍ വരെ തയ്യത്ത് കുടുംബാംഗങ്ങളുടെ ടച്ച് ഉണ്ട്. രാത്രി കാവലിനു മാത്രം പുറത്തുനിന്ന് ഒരാളെ ജോലിക്ക് നിര്‍ത്തിയിട്ടുണ്ട്. 250 രൂപ കൂലിയ്‌ക്ക് ഉച്ചയ്‌ക്ക് ഒരു മണി വരെ ചെമ്മീന്‍ കെട്ടിലോ പൊക്കാളിപ്പാടത്തോ ജോലിചെയ്യാന്‍ ആളെ കിട്ടാത്ത അവസ്‌ഥാണ് തനി നാട്ടിന്‍പുറമായ കടമക്കുടിയില്‍ പോലുമെന്ന് സുരേഷിന്റെ സാക്ഷ്യം. പ്രതിസന്ധികളില്‍ തളരാതെ നിന്ന സുരേഷിനെത്തേടി ആദ്യമെത്തിയത് ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡാണ്. തൊട്ടുപിന്നാലെ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അംഗീകാരവും. ദിപു വിജയ് | ||
ഒരു ധിക്കാരിയുടെ കഥ
|
കുടജാദ്രിയുടെ കുടക്കീഴില്‍
മൂകാംബിക സന്നിധിയില്‍നിന്നു നോക്കിയാല്‍ കണ്ണെത്താത്ത ദൂരെ ഉയര്‍ന്നുനില്‍ക്കുന്ന കുടജാദ്രിയിലേക്ക് കര്‍ക്കിടമഴയ്‌ക്കൊപ്പമൊരു യാത്ര. കൊല്ലൂരില്‍നിന്ന് 45 കിലോമീറ്ററോളം കൊക്കയും കൊല്ലിയും അഗാധഗര്‍ത്തങ്ങളും നിറഞ്ഞ കാട്ടുപാതയിലൂടെ ജീപ്പില്‍ സഞ്ചരിച്ചുവേണം കുടജാദ്രിയിലെത്താന്‍. എന്നാല്‍ പെയ്‌തലച്ച പെരുമഴയില്‍ കാട്ടുപാത ഇടിഞ്ഞൂര്‍ന്നില്ലാതായതോടെ ജീപ്പ് സര്‍വ്വീസ് നിലച്ചു. പിന്നെ ശരണം കാട്ടിലൂടെ മറു വഴിതെളിച്ച്, ഒറ്റയടിപാതയിലൂടെയുള്ള നടത്തംതന്നെ. 12 കിലോമീറ്റര്‍ നീളുന്ന കാട്ടുപാത കോടമഞ്ഞ് പുതച്ചു നിഗൂഢമായതോടെ യാത്രികരും കുറഞ്ഞു. കുടജാദ്രിയിലേക്കുള്ള യാത്രയില്‍ അതുകൊണ്ടുതന്നെ പങ്കുചേരാന്‍ മഴയല്ലാതെ മറ്റാരേയും കിട്ടിയതുമില്ല. കൊല്ലൂരില്‍ ഏറെ അന്വേഷിച്ചു, കുടജാദ്രിയിലേക്കൊരു കൂട്ടിനായി. കടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പിന്തിരിപ്പിക്കാന്‍ നോക്കി. പെരുവിരല്‍ നിവര്‍ത്തി അത്രത്തോളം പോന്ന അട്ടയെക്കുറിച്ചവര്‍ വാചാലരായി. കേട്ടവരത്രയും പിന്തിരിഞ്ഞതോടെ കാട്ടുപാത താണ്ടാന്‍ കൂടെചേര്‍ക്കാന്‍ ആരുമില്ലാതായി. മൂകാബികയില്‍നിന്നുള്ള ബസില്‍ കയറിയാല്‍ കാരഘട്ടയെന്ന കുടജാദ്രി സ്‌റ്റോപ്പിലിറങ്ങാം. വിജനമായൊരിടത്ത് ബസ് കാത്തുനില്‍ക്കാന്‍ പോലും ആരുമില്ലായിരുന്നു. മുന്നില്‍, വലത്തോട്ടു നീണ്ടുതുടങ്ങിയ കാട്ടുപാതയും നിറഞ്ഞുപെയ്യുന്ന മഴയും മാത്രം. വീണുകിടക്കുന്ന കടപ്പക്കല്ലില്‍ 'കുടജാദ്രി' എന്ന് അടയാളപ്പെടുത്തി അമ്പടയാളം പതിച്ചതുകണ്ടു. മൂകാംബികയില്‍നിന്ന് വഴിപറഞ്ഞവരത്രയും ഓര്‍മപ്പെടുത്തിയ ദുര്‍ഘടവഴിത്താര മനസില്‍നിവര്‍ന്നു. മുന്നില്‍ കടപുഴകിയ വന്‍മരം പാതയിലേക്ക് ചില്ലവിരിച്ച് ചത്തുമലച്ചുകിടപ്പാണ്. ബസ് പോയിടത്തുനിന്നൊരു ജീപ്പ് വരുന്നതുകണ്ടു വഴി തിരക്കാന്‍ കൈനീട്ടി. കുടജാദ്രിയിലേക്ക് തുടങ്ങുന്ന വഴിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് വിവരിക്കാന്‍ താല്‍പ്പര്യമേറെ. മധുക്കര്‍ എന്നാണ് ഡ്രൈവറുടെ പേര്. മുമ്പ് കുടജാദ്രിയില്‍ വെള്ളക്കച്ചവടമായിരുന്നു. ചേട്ടന്‍ സുരേന്ദ്രയ്‌ക്ക് പണിയൊന്നുമില്ലാതിരുന്നപ്പോള്‍ വെള്ളക്കച്ചവടത്തിനുള്ള പാത്രങ്ങളും മറ്റും നല്‍കി മധുക്കര്‍ ടാക്‌സി ഡ്രൈവറായി. വെള്ളവും പൈനാപ്പിള്‍ പീസും വിറ്റ് നടക്കവെ, ഈ മഴക്കാലത്തിന്റെ തുടക്കത്തില്‍ കുടജാദ്രിയുടെ ഉയര്‍ച്ചയില്‍ ശങ്കരപീഠത്തിനരികില്‍വച്ചു മിന്നലേറ്റ് സുരേന്ദ്ര മരിച്ചു. '' ഒറ്റയ്‌ക്കുള്ള നടത്തം അപകടം പിടിച്ചതാണ്. പിന്നെ കനത്ത മഴയും. അട്ടശല്ല്യവും രൂക്ഷമാണ്. കോടമൂടി വഴിയും കാണില്ല. പിന്നെയെല്ലാം ധൈര്യമാണ്...'' മിന്നലിന്റെ വെളിച്ചത്തില്‍ ഇല്ലാതായ ചേട്ടന്റെ ഓര്‍മയില്‍ നനഞ്ഞ് മധുക്കര്‍ മുന്നറിയിപ്പ് നല്‍കി വഴിചൂണ്ടി ജീപ്പോടിച്ചുപോയി. കാട്ടുവഴിയിലൂടെ നടന്നു. അന്നാരും മൂകാംബികയില്‍നിന്ന് കുടജാദ്രിയിലേക്ക് പുറപ്പെട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ വഴിയെ ജീപ്പ് വരുമായിരുന്നു. ആറു കിലോമീറ്റര്‍ സഞ്ചരിച്ച് തങ്കപ്പ ഹോട്ടലിനടുത്തുവരെ ജീപ്പ് വരും. ആയിരം രൂപയാണു വാടക. നിറഞ്ഞമഴയില്‍ കല്ലിളകി ചെളിക്കുളമായി കിടപ്പാണ് റോഡ്. ജീപ്പ് പോകാനുള്ള പാകത്തിലുള്ള കാട്ടുറോഡ് പഞ്ചായത്ത് നിര്‍മിച്ചതാണ്. ഇരുവശങ്ങളിലും കൂറ്റന്‍ മരങ്ങള്‍ മാത്രം. കുറച്ചേറെ നടന്നപ്പോള്‍ പച്ചവിരിച്ച പരന്ന നിലം. അവസാനം കുടജാദ്രിയിലേക്കുള്ള യാത്രികരുടെ വഴിയമ്പലമായ 'തങ്കപ്പ ഹോട്ടലി'നടുത്തെത്തി. ഈ പാതയില്‍ കുടജാദ്രിയ്‌ക്കും മൂകാംബികയ്‌ക്കും ഇടയിലുള്ള ഏക സ്‌ഥാപനമാണ് തങ്കപ്പ ഹോട്ടല്‍. പത്ത് മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം കോതമംഗലം നെല്ലിമറ്റത്തുനിന്നെത്തി ടി.പി. തങ്കപ്പന്‍ ഓലമറച്ച് കെട്ടിയുയര്‍ത്തിയ ചായക്കട. ഇപ്പോള്‍ മണ്‍ചുമരുകളും ഓടുംപാകി ഹോട്ടലായി മാറിയെന്നു മാത്രം. ഈ വഴിപോകുന്നവരത്രയും 'തങ്കപ്പ ഹോട്ടലില്‍' കയറി ഭക്ഷണം കഴിച്ച് വിശ്രമിച്ചേ യാത്ര തുടരുകയുള്ളൂ. ചൂടുചായ അടിച്ചാറ്റുന്നതിനിടെ തങ്കപ്പനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ കൊടും കാട്ടില്‍ ഹോട്ടലുകെട്ടാന്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് തങ്കപ്പന്‍ തയാറായതില്‍ ആശ്‌ചര്യം തോന്നി. ആവിപറക്കുന്ന പുട്ടും കടലയും മുന്നില്‍ നിരത്തി തങ്കപ്പന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. മൂകാംബിയിലേക്ക് എല്ലാവരേയും പോലെ തൊഴുതു നമിക്കാനായി എത്തിയതായിരുന്നു തങ്കപ്പന്‍. എല്ലാവരും തൊഴുതു മടങ്ങിയിട്ടും തങ്കപ്പനു തിരിച്ചുപോകാന്‍ മനസുവന്നില്ല. തന്റെ സവിധത്തില്‍ തന്നെ കഴിയണമെന്ന് അമ്മ പറയുന്നതുപോലെ. ദിവസങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍ ഏറെ താമസിയാതെ തിരിച്ചുവരുമെന്നു വാക്കുനല്‍കിയിരുന്നു. നാട്ടിലെത്തി റബര്‍ തോട്ടം വിറ്റുകിട്ടിയ പണവുമായി കുടുംബത്തെ ഒപ്പംകൂട്ടി തിരിച്ചു മൂകാംബികയിലേക്ക്. കൈയിലുള്ള കാശത്രയും പരിചയപ്പെട്ട ഭൂമിക്കച്ചവട ദല്ലാള്‍ക്ക് കൈമാറി. അയാള്‍ നല്‍കിയ ഭൂമിയിലെത്തിയപ്പോഴാണ് അത് വനംവകുപ്പിന്റെ അധീനതയിലുള്ള സ്‌ഥലമാണെന്നറിയുന്നത്. വനംവകുപ്പുകാര്‍ ഒഴിപ്പിച്ചതോടെ വീണ്ടും ദല്ലാള്‍ക്ക് മുന്നിലെത്തി മുട്ടുകുത്തി കേണു. അയാള്‍ മറ്റൊരിടത്ത് സ്‌ഥലം അളന്നുനല്‍കി. പുരവെച്ച് താമസിക്കാനൊരുങ്ങിയപ്പോഴാണ് അത് ആദിവാസി ഭൂമിയാണെന്നറിയുന്നത്. കിടപ്പാടം നഷ്‌ടമായി പോകാനിടമില്ലാതെപതറിയ തങ്കപ്പന്‍ കുടജാദ്രിയി കാട്ടുപാത കയറിയെത്തി വിടചോദിക്കവെയാണ് ഗുഹയില്‍നിന്നൊരു സ്വാമി ഇറങ്ങിയെത്തി കാര്യമന്വേഷിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കുടജാദ്രിയില്‍ ഭജനമിരിക്കാനെത്തിയ സ്വാമി ആത്മാറാമായിരുന്നു അത്. എല്ലാം കേട്ടറിഞ്ഞ സ്വാമി വനപാലകരോടു കാര്യങ്ങള്‍ വിവരിച്ചു. തങ്കപ്പനു വേണ്ടി ദൂതുമായെത്തിയ സ്വാമി ചായക്കടവയ്‌ക്കാന്‍ മാത്രം പോന്നൊരു സ്‌ഥലം വനംവകുപ്പില്‍നിന്ന് നേടിയെടുത്തു. അവിടെ ചായക്കട തുടങ്ങിയ തങ്കപ്പന് ഇപ്പോള്‍ ഹോട്ടലായി. ആദിശങ്കരന്‍ തെളിച്ച അദ്വൈതവഴികള്‍ താണ്ടിയെത്തുന്ന തീര്‍ഥാടകപഥികര്‍ക്ക് വിശ്രമമൊരുക്കി കഥപറയാനുള്ള നിയോഗമായി... ഭാര്യ വിമലയും രണ്ടു മക്കളുമായിരുന്നു തങ്കപ്പനൊപ്പം. അതിലൊരു മകന്‍ കഴിഞ്ഞ വേനലില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. കാട്ടുവഴിയും യാത്രയും മറ്റാരേക്കാളും അറിയാവുന്ന തങ്കപ്പന്‍ചേട്ടനും തനിച്ചുള്ള യാത്ര വിലക്കി. ഇതുവരെയെത്തിയതു പോലെയല്ല ഇനിയുള്ള നടത്തമെന്ന് മുന്നറിയിപ്പ് നല്‍കി. ജീപ്പു വരുന്ന പഞ്ചായത്ത് പാത ഇവിടെ അവസാനിക്കുകയാണ്. ഇനിയുള്ളത് കുത്തനെ ഒറ്റയടി കാട്ടുപാതയാണ്. പെരുമഴയില്‍ കുത്തിയൊലിച്ച് വഴുവഴുപ്പാര്‍ന്ന ചളിപ്പാത. എങ്കിലും നടക്കാന്‍ തന്നെ തീരുമാനിച്ചപ്പോള്‍ ഹോട്ടലിന്റെ ചായ്‌പില്‍ കൂനിക്കൂടിയിരുന്ന ഒരൂ രൂപത്തെ തങ്കപ്പന്‍ചേട്ടന്‍ ചൂണ്ടി കാണിച്ചു. കാശുകൊടുത്താല്‍ ഇവന്‍ വഴികാട്ടുമെന്ന് പതിയെ പറഞ്ഞു. കാശിന്റെ കാര്യം കേട്ടപ്പാടെ ആ രൂപം ചാടിയെഴുന്നേറ്റു. തലയില്‍ പാളത്തൊപ്പി നേരെയാക്കി, മൂലകീറിയ ചാക്ക് തലയിലൂടെ കമഴ്‌ത്തി നടക്കാനായി മുന്നിലിറങ്ങി. ഉപ്പും ചുണ്ണാമ്പും പുല്‍ത്തൈലത്തില്‍ മുക്കി കിഴികെട്ടി കോലില്‍ കോര്‍ത്ത ഒറ്റമൂലി തങ്കപ്പന്‍ ചേട്ടന്‍ കൈയില്‍തന്നു.- അട്ടയുടെ ആക്രമണത്തെ നേരിടാനുള്ള ചെറുപ്രയോഗമാണിത്. ഈറയെന്നായിരുന്നു അയാളുടെ പേര്. പ്രായം എന്തെന്നു തിരിച്ചറിയാന്‍ പറ്റാത്ത മുഖഭാവം. കുടജാദ്രിക്കാടുകളില്‍ ജീവിതം കണ്ടെത്തിയ പ്രാകൃത ആദിവാസി വിഭാഗത്തിലെ കണ്ണി. കന്നട ചാലിച്ച ആദിവാസി ഭാഷ ഒട്ടും മനസിലായില്ല; കേരളീയനാടന്‍ ഭാഷ ഈറയ്‌ക്കും. എന്നാലും ഈറയുടെ നോട്ടവും ഭാവവും നടത്തവും വാചാലമായി. പശിയടക്കാന്‍ മുണ്ടുമുറുക്കിയുടുക്കുന്ന ആദിവാസിയുടെ പ്രതിനിധി. ''ഏഴു കുഞ്ഞുങ്ങളാണ് കുടിയില്‍. പണിയൊന്നുമില്ല...'' ദുരിതങ്ങളുടെ ആവര്‍ത്തനം. സംവേദനത്തിന് ഭാഷ പ്രശ്‌നമാകുന്നില്ല. അട്ടപ്പാടിയില്‍ കണ്ടറിഞ്ഞ ആദിവാസി ജീവിതങ്ങള്‍ക്കപ്പുറത്തല്ല ഈറയുടെയും ജീവിതം. സ്‌ഥലകാലങ്ങള്‍ മാറുമ്പോഴും ഇവരുടെ ദുരിതങ്ങള്‍ക്ക് സമാനതകള്‍ മാത്രം. മൂലകീറിയ ചാക്ക് തലയില്‍ കമഴ്‌ത്തി ഈറ പതിയെ നടന്നു. കാല്‍തെന്നി താഴെ വീണപ്പോഴൊക്കെ ഈറ കൈത്താങ്ങായി. ഒറ്റയടിപ്പാതയിലേക്ക് കോടമൂടിയ കാട്ടില്‍നിന്ന് അട്ടഹസിച്ചെത്തുന്ന മഴ തനിച്ചല്ല; കൊട്ടിപ്പാടാന്‍ കാറ്റുമുണ്ട് കൂട്ടിന്. കൊട്ടിന്റെ മൂര്‍ദ്ധന്യത്തില്‍ കാറ്റ് മരത്തലപ്പുകള്‍ പിടിച്ചുകുലുക്കും. പറന്നുപോകാതിരിക്കാന്‍ ചിലപ്പോഴെങ്കിലും കുറ്റിച്ചെടികളില്‍ മുറുകെ പിടിക്കേണ്ടിയും വന്നു. കാലില്‍ അട്ടകള്‍ പൊതിഞ്ഞിരുന്നു. ഞരമ്പുകള്‍ തുളച്ച് ചോരയൂറ്റി അവ തടിച്ചുകൊഴുത്ത് ചീര്‍ത്തുവീണു. പിന്നെ പുതിയ അവകാശികള്‍ തലയും വാലും നിലത്തുകുത്തി വില്ലുപോലെ ഉയര്‍ന്നുപൊങ്ങി കാലിലേക്കു ചാടിവീണു. ആറുകിലോമീറ്ററാണു ദുര്‍ഘടമാര്‍ന്ന കാട്ടുപാത. ഉയരത്തിലേറിയപ്പോള്‍ പുല്‍മേടു കണ്ടു. പുല്‍നാമ്പുകളും മരത്തലപ്പുകളും കോടയണിഞ്ഞ് നില്‍പ്പാണ്. തണുപ്പിന്റെ മൊട്ടുകള്‍ രോമകൂപങ്ങളില്‍ വിരിഞ്ഞുതുടങ്ങി. പുല്‍മേടിന്റെ മുകളില്‍ നില്‍ക്കവേ, നാലുപാടുനിന്നും മഴയ്‌ക്കൊപ്പം വീശിയെത്തുന്ന കോട ഈറയെ പൊതിഞ്ഞു. കോടയില്ലാത്ത തെളിഞ്ഞ വേനലിന്റെ സായന്തനങ്ങളില്‍ ഇവിടെ നിന്നുള്ള കാഴ്‌ച അതിമനോഹരമാണ്. മൂകാംബികയ്‌ക്കും കുടജാദ്രിയ്‌ക്കുമപ്പുറത്ത് മറ്റൊരു ലോകവും കണ്ടിട്ടില്ലാത്ത ഈറ കടലും നഗരവും കാണുന്നത് ഈ പുല്‍മേട്ടില്‍നിന്നാണ്. അകലേക്കു കണ്ണുകള്‍ പായിച്ച് ഈറ കണ്‍കുളിര്‍ക്കെ കാണും. നഗരത്തിരക്കിലലിഞ്ഞുചേരും. കോടയിലേക്കു ചൂണ്ടി നഗരം നിന്നിടങ്ങള്‍ ഈറ കാണിച്ചുതന്നു. പിന്നെ, യാത്രപറഞ്ഞ് പതിയെ താഴോട്ട് ഊര്‍ന്നിറങ്ങി തിരികെപോയി. ഞാന്‍ തനിച്ച് മലമുകളിലേക്കും. പുല്‍മേട് പിന്നിട്ട് കുടജാദ്രിയിലെ ക്ഷേത്രമുറ്റത്തേക്കാണ് കയറിയത്. രണ്ടുക്ഷേത്രങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. തിരിപുകയാത്ത ക്ഷേത്രച്ചുമരുകളില്‍ മഴയുടെ അര്‍ച്ചന. കോടമഞ്ഞ് പുതപ്പുനിവര്‍ത്തി മറതീര്‍ത്ത നട്ടുച്ച. അമ്പലത്തോടു ചേര്‍ന്ന പൂജാരിയുടെ വീട്ടിലേക്കെത്തി വാതിലില്‍മുട്ടി. കാലംതെറ്റി തൊഴാനെത്തിയ ഭക്‌തനെ ആകര്‍ഷിക്കാനായിരിക്കണം, അകമുറിയില്‍നിന്ന് പൊടുന്നനെ മണിനാദമുയര്‍ന്നു. അവ്യക്‌തമായ പ്രാര്‍ത്ഥനാമന്ത്രണങ്ങളും. ജനല്‍പാളി പാതിതുറന്ന് കുള്ളനായ പൂജാരി 'ഭക്‌തനെ'കണ്ടു. പിന്നെ മുന്‍വാതില്‍തുറന്ന് അമ്പലത്തിലേക്ക് ഇറങ്ങാനൊരുങ്ങി. തൊഴലൊക്കെ നേരത്തെ നടത്തിയെന്നും രാത്രി കിടക്കാനൊരിടമാണ് വേണ്ടതെന്നും പറഞ്ഞപ്പോള്‍ ശാന്തിയുടെ മുഖത്ത് അശാന്തി. നേര്‍ച്ചയിലും വഴിപാടിലുമായി ഏറെയൊന്നും തടയാത്ത ഭക്‌തനാണ് മുന്നിലെന്ന തിരിച്ചറിവില്‍ മുഖംതിരിച്ച പൂജാരി ഒറ്റയ്‌ക്ക് കിടക്കാന്‍ സ്‌ഥലം നല്‍കില്ലെന്ന് തീര്‍ത്തുപറഞ്ഞു. പിന്നെ ശരണം റസ്‌റ്റ് ഹൗസാണ്. കോടവകഞ്ഞുമാറ്റി റസ്‌റ്റ് ഹൗസിനു മുറ്റത്തു നില്‍ക്കവെ, അതൊരു പ്രേതഭവനം പോലെ തോന്നിച്ചു. പായലുപിടിച്ച് ഇടിഞ്ഞടരാന്‍ വെമ്പല്‍കൊള്ളുന്ന ചുമരുകള്‍... കാറ്റ് അടിച്ചുതകര്‍ത്ത ജനല്‍വാതിലുകള്‍... ഏറെ വിളിച്ചിട്ടും മറുവിളിചൊല്ലാന്‍ ആരുമുണ്ടായിരുന്നില്ല. താഴെ മറ്റൊരു ക്ഷേത്രത്തോടുചേര്‍ന്ന ചായ്‌പില്‍ കനലൂതി കുളിരുതീര്‍ക്കുന്ന വാച്ച്‌മാന്‍ പയ്യനെ കണ്ടെത്തി. താമസിക്കാനൊരിടം വേണമെന്നറിയിച്ചപ്പോള്‍ ഏകനായൊരാള്‍ക്കു കൊടുക്കരുതെന്നാണു കല്‍പനയെന്നു തീര്‍ത്തു പറച്ചില്‍. കീശയിലേക്കു തള്ളിയ നോട്ടും അനുനയിപ്പിച്ചുള്ള സംസാരവും പയ്യന്റെ മനംമാറ്റി. രാത്രിയില്‍ കിടക്കാന്‍ റസ്‌റ്റ് ഹൗസിന്റെ മൂലയിലൊരു ഇടം നല്‍കാമെന്നു സമ്മതിച്ചു. കിടക്കാനിടമായതോടെ യാത്ര തുടര്‍ന്നു. ഇനിയും മൂന്നുകിലോമീറ്ററോളം കുന്നുകയറണം. മുന്നില്‍ കോടമഞ്ഞ് മാത്രമേയുള്ളൂ. ഉയരമേറുന്നതിനൊത്ത് കോടയുടെ കട്ടി കൂടുന്നു. കോടയിലേക്കിറങ്ങുമ്പോള്‍ മുന്നില്‍ കൈപ്പാടകലം മാത്രം തെളിഞ്ഞുവരും. വേനലില്‍ നടന്നെത്തിയ വഴിത്താരയുടെ പരിചയത്തില്‍ നടന്നുതുടങ്ങി. ഗണപതി ഗുഹയില്‍ വിഗ്രഹത്തിലേക്കു മഴ പുണ്യാഹം തളിയ്‌ക്കുകയാണ്. കാറ്റ് നേരവും കാലവും നോക്കാതെ അഷ്‌ടപതി കൊട്ടിപ്പാടുന്നു. ഗുഹയില്‍നിന്നിറങ്ങി പിന്നേയും മുകളിലോട്ട്. കോടയിലൂടെ നടന്നുകയറവെ, മുന്നില്‍ കല്‍മണ്ഡപം അവ്യക്‌തമായി തെളിഞ്ഞു. ആദിശങ്കരന്‍ അറിവുതേടി വിളങ്ങിനിന്ന സര്‍വജ്‌ഞപീഠം. കുടജാദ്രിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ചുറ്റുവട്ടത്തൊന്നും മറ്റാരുമില്ല. വിളിച്ചാല്‍ വിളികേള്‍ക്കാനോ ഒരു കൈസഹായത്തിനോ ഒരു മനുഷ്യജീവിയുമില്ല. മധുക്കറിന്റെ ചേട്ടന്‍ സുരേന്ദ്രയെ മിന്നല്‍ വെളിച്ചം തട്ടിയെടുത്തത് ഇവിടെ നിന്നായിരുന്നു. ഈ കോടയിലെവിടെയോ, വെള്ളപ്പാത്രവും പൈനാപ്പിള്‍ ചീളുമായി ഒരു പക്ഷേ സുരേന്ദ്രയുണ്ടാവാം. ചിന്തകള്‍ക്കു ചിറകുമുളയ്‌ക്കവെ രസംതോന്നി. കൂറ്റന്‍ കരിങ്കല്‍ത്തൂണില്‍ ആദിയിലെന്നോ കെട്ടിപ്പെടുത്ത മണ്ഡപം. ഇത്ര ഉയരത്തില്‍ ആരാകും കരിങ്കല്ലുകളെത്തിച്ച് മണ്ഡപം പണിതിട്ടുണ്ടാവുക...? മണ്ഡപത്തിന്റെ മുകള്‍ത്തട്ടില്‍നിന്നു വാര്‍ന്നുവീഴുന്ന മഴത്തുള്ളികള്‍ അകത്തെ ആദിശങ്കരന്റെ കുഞ്ഞു ബിംബത്തില്‍ ഇറ്റിറ്റുവീഴുന്നു. അറിവിനുമീതെ പ്രകൃതിയുടെ തര്‍പ്പണം. കൈകൂപ്പിയതു പ്രകൃതിക്കു നേരെയോ ആദിശങ്കരനു നേരെയോയെന്നു തിട്ടമില്ലാതെ മലയിറങ്ങി. തണുത്തുവിറങ്ങലിച്ച രാത്രിയില്‍ റസ്‌റ്റ് ഹൗസിലെ അഴക്കുപുരണ്ട തറയില്‍വിരിച്ച കീറപ്പായില്‍ ഉറക്കമകന്നു മലര്‍ന്നുകിടക്കവേ, പുറത്ത് മഴയുടെ ആരവം കേട്ടു. പാതിതകര്‍ത്ത ജനല്‍ചില്ലില്‍ അരിശമടങ്ങാതെ മഴ പിന്നേയും മുഷ്‌ടിചുരുട്ടി ഇടിക്കുകയാണ്. അകമ്പടിയായി കാറ്റിന്റെ ശീല്‍ക്കാരം. കാറ്റ് മഴയെ കനല്‍ചീളെന്നപോലെ വാരിയെറിയുകയാണ്. ആടിയുലയുന്ന മരച്ചില്ലകളിലേറിയുള്ള ഊഞ്ഞാലാട്ടം. മുറ്റത്തെ കൂറ്റന്‍ മരങ്ങളില്‍നിന്ന് ചില്ലകള്‍ പൊട്ടിവീഴുന്ന ശബ്‌ദം കേള്‍ക്കാം. മഴമാത്രമേയുള്ളൂ. അറിവായി... അലിവായി.. അനുഭവമായി പെയ്‌തലയ്‌ക്കുന്ന മഴ... ക്ഷേത്രവും വഴിത്താരയും പിന്നെ അസംഖ്യം ചരാചരങ്ങളും മഴയില്‍ അലിഞ്ഞില്ലാതായ കുടജാദ്രിയിലെ രാത്രിയില്‍ ഞാനുമൊരു മഴയായി... നിറഞ്ഞുപെയ്‌ത കര്‍ക്കടമഴയിലൊരു കണമായി... ജിനേഷ് പൂനത്ത് | ||
രചനയുടെ 60 വര്‍ഷങ്ങള്‍
|
Subscribe to:
Posts (Atom)