Wednesday, February 10, 2010

സി.പിയുടെ സ്വന്തം ഇത്തിക്കര പക്കി



ഉള്ളവനില്‍ നിന്ന്‌ പിടിച്ചെടുത്ത്‌ ഇല്ലാത്തവന്‌ കൊടുത്ത്‌ അവന്റെ പട്ടിണി മാറ്റുന്നതിലൂടെ സംതൃപ്‌തിയടഞ്ഞ പാവങ്ങളുടെ കള്ളന്‍ ഇത്തിക്കരപ്പക്കിയുടെ ഓര്‍മകളിലൂടെ ജീവിതസായാഹ്നത്തില്‍ ആശ്വാസത്തിന്റെ മധുരം നുകരുന്ന ഒരാളുണ്ട്‌ പക്കിയുടെ നാട്ടില്‍. സി.പി എന്ന ഓമനപ്പേരില്‍ നാട്ടുകാര്‍ വിളിക്കുന്ന മീരാസാഹിബ്‌ എന്ന എണ്‍പത്തഞ്ചുകാരന്‍.

ഇത്തിക്കരപക്കിയുടെ കുടുംബത്തിലെ മൂന്നാമത്തെ പിന്‍തലമുറക്കാരന്‍. ഇത്തിക്കരപക്കിയുടെ സാഹസകഥകള്‍ കുട്ടിക്കാലത്ത്‌ ബാപ്പയില്‍ നിന്നും ഉപ്പുപ്പായില്‍ നിന്നും കേട്ടറിഞ്ഞതിനപ്പുറം പക്കിയുമായി ഒരാത്മബന്ധമുണ്ടായിരുന്നുവെന്നേ മീരാസാഹിബിനെ അടുത്തറിയുന്നവര്‍ക്ക്‌ തോന്നുകയുള്ളൂ.

തന്റെ നാടിനെ പ്രശസ്‌തമാക്കിയ കുടുംബക്കാരനെ നെഞ്ചിലേറ്റി ആരാധിക്കുക മാത്രമല്ല ഇദ്ദേഹം, പുതിയ തലമുറയ്‌ക്ക് ഇത്തിക്കര പക്കിയെക്കുറിച്ചുള്ള കഥകള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുകയാണ്‌ കൊല്ലം ജില്ലയിലെ ഇത്തിക്കര ജവാദ്‌ മന്‍സിലില്‍ മീരാസാഹിബ്‌.

ഇത്തിക്കര പക്കിയെപ്പറ്റി സിനിമയിലും ചിത്രകഥകളിലും വായിച്ചറിഞ്ഞിട്ടുള്ള കുട്ടികള്‍ പക്കിയുടെ വീരസാഹസികതകള്‍ അറിയാന്‍ മീരാസാഹിബിനെ സമീപിക്കും. സി.പി അപ്പുപ്പന്‍ എന്നാണ്‌ കുട്ടികള്‍ മീരാസാഹിബിനെ വിളിക്കാറ്‌.

അവധി ദിവസങ്ങളില്‍ സി.പി അപ്പുപ്പന്റെ വീടിന്റെ മുറ്റത്തെ മാവിന്‍ചോട്ടില്‍ കുട്ടികളുടെ നല്ല കൂട്ടമുണ്ടാകും. ചാരുകസേരയില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന്‌ സി.പി കുട്ടികളില്‍ ഒരാളായി മാറും. പിന്നെ മണിക്കൂറുകള്‍ നീളുന്ന കഥ പറച്ചില്‍. ടി.വിയില്‍ ഇത്തിക്കരപക്കി സിനിമ കണ്ടിട്ടുള്ള കുട്ടികള്‍ക്ക്‌ അതില്‍ നിന്ന്‌ വിഭിന്നമാണ്‌ യഥാര്‍ത്ഥ കഥയെന്ന്‌ അപ്പോഴാണ്‌ മനസിലാകുന്നത്‌.

പ്രേംനസീര്‍ അവതരിപ്പിച്ച കഥാനായകനെക്കാള്‍ എത്രയോ വ്യത്യസ്‌തന്‍ എന്ന്‌ കുട്ടികള്‍ക്ക്‌ തോന്നിപ്പോകും സി.പിയുടെ സ്വന്തം ഇത്തിക്കര പക്കിയുടെ കഥ കേട്ടാല്‍. കായംകുളം കൊച്ചുണ്ണി, വെള്ളായണി പരമു, ജംബുലിംഗം, മുളമൂട്ടില്‍ അടിമ, കാട്ടുബാവ എന്നിവരുമായുള്ള ഇത്തിക്കര പക്കിയുടെ കൊള്ള നടത്തലിനെക്കുറിച്ചുള്ളവ കുട്ടികള്‍ക്ക്‌ ഹരമാകുന്നത്‌ സി.പിയ്‌ക്ക് പ്രായത്തെ മറന്നുള്ള ത്രില്ലാണ്‌. ഇന്നത്തെ പോലെ പാതിരാത്രി വീട്ടിനുള്ളില്‍ കയറി തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച്‌ വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കുകയും ബൈക്കിലെത്തി മാലപൊട്ടിച്ച്‌ പണവുമായി നാടുവിട്ട്‌ ആഡംബര ജീവിതം നയിക്കുന്ന രീതിയൊന്നുമല്ലായിരുന്നു അന്ന്‌.

പാവങ്ങളെ അടിമകളെപോലെ പണിയെടുപ്പിച്ച്‌ പണമുണ്ടാക്കുകയും കപ്പം കൊടുക്കാത്തവരുടെ കൃഷിയിടങ്ങള്‍ കൈയേറി കാര്‍ഷിക ഉല്‌പന്നങ്ങള്‍ സ്വന്തം പത്തായത്തിലാക്കുന്നവരാണ്‌ ഇത്തിക്കരപക്കിയുടെ നോട്ടപുള്ളികള്‍. ഇവരെ കൊള്ള നടത്തികിട്ടുന്ന മുതലുകള്‍ പാവങ്ങള്‍ക്ക്‌ നല്‍കുകയാണ്‌ പക്കിയുടെ രീതി.

ഇത്തിക്കരയാറിന്റെ ഭാഗങ്ങളാണ്‌ പക്കിയുടെയും കൂട്ടരുടേയും സങ്കേതം. പരവൂര്‍ കായല്‍, ആറ്റിങ്ങലാറ്‌ എന്നിവിടങ്ങളിലും പകല്‍കൊള്ളയും തീവെട്ടിക്കൊള്ളയും നടത്തും. തിരുവിതാംകൂര്‍ രാജഭരണം അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്ന സമയമായിരുന്നു അന്ന്‌. ബ്രിട്ടീഷ്‌ചക്രം നിലവിലുള്ള കാലം.

28 ചക്രമാണ്‌ ഇന്നത്തെ ഒരു രൂപ. ഇരുപത്തിയെട്ടര ചക്രം ഒരു ബ്രിട്ടീഷ്‌ ചക്രം- സി.പി അപ്പുപ്പന്‍ കഥ പറയാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ കാതുകൂര്‍പ്പിക്കും. -ഒരിയ്‌ക്കല്‍ ആദിച്ചനല്ലൂര്‍ എന്ന സ്‌ഥലത്ത്‌ നാട്ടിലെ പ്രമാണിയായ ഒരു നമ്പൂതിരി കുടുംബം താമസിച്ചിരുന്നു. നമ്പ്യാര്‍മഠം എന്നായിരുന്നു കുടുംബപ്പേര്‌. സമ്പത്ത്‌ ഉണ്ടായിട്ടും പ്രമാണി അറുത്ത കൈയ്‌ക്ക് ഉപ്പു തേയ്‌ക്കാത്ത അറുപിശുക്കനായിരുന്നു. വീടിനു സമീപം നോക്കെത്താദൂരം വരെ പാടം.

വിശന്ന്‌ അന്നത്തിനായി യാചിക്കുന്നവരെ അടിച്ചുപുറത്താക്കുന്ന പ്രമാണിയുടെ വീട്ടില്‍ കയറാന്‍ ഇത്തിക്കര പക്കിയും കൂട്ടരും തീരുമാനിച്ചു. അന്നു രാത്രിതന്നെ അവര്‍ പ്രമാണിയെ കെട്ടിയിട്ട്‌ കൊള്ള നടത്തി. നെല്ലും പണവും വാരിക്കെട്ടി പോകാന്‍ നേരം, പുഴവക്കില്‍ തല ചായ്‌ക്കുമ്പോള്‍ ഉപയോഗിക്കാനായി പ്രമാണിയുടെ മുറിയിലുണ്ടായിരുന്ന തലയിണ കൂടി പക്കിയെടുത്തു.

അതുകണ്ട്‌ പ്രമാണി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി. നിങ്ങള്‍ പണമോ നെല്ലോ എന്തുവേണമെങ്കിലും കൊണ്ടുപൊയ്‌ക്കാ, തലയിണ മാത്രം ദയവായി കൊണ്ടു പോകരുത്‌. വെറും ഒരു തലയിണയ്‌ക്കുവേണ്ടി പ്രമാണി എന്താണിങ്ങനെ?- ഇത്തിക്കരപക്കി സംശയിച്ചുനിന്നു. തലയിണ മുറിച്ച്‌ പരിശോധിച്ചപ്പോഴോ നിറച്ചും രത്നങ്ങള്‍. പാവങ്ങളെ പറ്റിച്ച്‌ ഉണ്ടാക്കിയ അവയൊക്കെ അവരവര്‍ക്കുതന്നെ വീതിച്ചു നല്‍കുകയും ചെയ്‌തു. - ഇങ്ങനെയുള്ള ഇത്തിക്കരപക്കിയുടെ കഥ കേള്‍ക്കാ ന്‍ ഓരോ ദിവസവും സി.പിയുടെ വീട്ടില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌.

ഇത്തിക്കരപക്കി വിഹരിച്ചിരുന്ന ഇത്തിക്കരയാറിന്റെ തീരത്തും കൊള്ള നടത്താന്‍ പദ്ധതിയിടുന്ന സ്‌ഥലവും സി.പിയ്‌ക്ക് പരിചിതമാണ്‌. ഇവിടെ വന്നിരുന്ന്‌ ഏറെനേരം കേട്ടറിഞ്ഞുള്ള കഥകളിലൂടെ ഓര്‍മകളെ താലോലിക്കാറുണ്ട്‌.

ഉമയനല്ലൂര്‍ എന്ന സ്‌ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്റെ മകനായിരുന്നു ഇത്തിക്കരപക്കി. യഥാര്‍ത്ഥ പേര്‌ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍. ഉമ്മയോടൊപ്പം ബന്ധുക്കള്‍ക്കൊപ്പം കുട്ടിക്കാലത്ത്‌ ഇത്തിക്കരയില്‍ എത്തി സ്‌ഥിര താമസമായി. പഠനത്തില്‍ പിന്നിലാണെങ്കിലും അന്യരെ സഹായിക്കാന്‍ സദാസന്നദ്ധന്‍. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനായിരുന്നു.

ആറ്റില്‍ വീണ്‌ ജീവനുവേണ്ടി കേണ നിരവധിപ്പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്‌. ജന്മികള്‍ക്ക്‌ വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത്‌ നിര്‍ധനരുടെ വീടുകളില്‍ കൊണ്ടുപോയി കൊടുത്തിരുന്നു. ഇവയൊക്കെയാണ്‌ പക്കിയെ കള്ളനെങ്കിലും നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ടവനാക്കിയത്‌.

എവിടെയും എത്ര വേഗത്തിലും കൃത്യം നടത്തുവാനുള്ള പ്രാവീണ്യമാണ്‌ പക്കി എന്ന പേരുണ്ടാകാന്‍ കാരണമെന്ന്‌ സി.പി പറയുന്നു. പ്രദേശത്തെ ആദ്യ പോലീസ്‌ സ്‌റ്റേഷന്‍ പരവൂരായിരുന്നു. ഇവിടത്തെ പോലീസുകാര്‍ക്കെല്ലാം പക്കിയെ ഭയവുമായിരുന്നു. ഒരിയ്‌ക്കല്‍ പോലും പിടികൂടാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുമില്ലായിരുന്നു. അക്കാലത്ത്‌ പരവൂര്‍ കായല്‍ വഴിയും തോടുവഴിയും കായംകുളത്തു നിന്നും കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കും മറ്റും വലിയ വള്ളത്തില്‍ ചരക്ക്‌ കടത്ത്‌ ഉണ്ടായിരുന്നു.

ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിയെ്‌ക്കാപ്പം പക്കിയും കാണുമായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കി ഒരിയ്‌ക്കലും ഒപ്പം നിന്നവരെ ചതിച്ചിട്ടില്ലെന്ന്‌ മുന്‍തലമുറ പറഞ്ഞിട്ടുള്ളതായി സി.പി ഓര്‍ക്കുന്നു. സി.പിയുടെ ഉപ്പുപ്പായുടെ സഹോദരന്റെ മകനാണ്‌ പക്കി. ഒരു പക്ഷേ പക്കിയുടെ കുടുംബത്തിലെ അവസാന കണ്ണി സി.പിയെന്ന്‌ വേണമെങ്കില്‍ പറയാം.

45-ാമത്തെ വയസില്‍ കാന്‍സര്‍ പിടിപ്പെട്ടാണ്‌ പക്കി മരണത്തിന്‌ കീഴടങ്ങുന്നത്‌. ഒരു കള്ളന്‍ മരിയ്‌ക്കുമ്പോഴത്തെ വികാരമായിരുന്നില്ല അന്നുണ്ടായതെന്ന്‌ സി.പിയുടെ കേട്ടറിഞ്ഞ ഓര്‍മകളില്‍ നിന്നും പറയുന്നു.

സാധാരണ ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ഒരു രാഷ്‌ട്രീയ നേതാവിന്റെ വേര്‍പടിന്റെ വേദനയായിരുന്നു നാട്ടുകാര്‍ക്ക്‌. മൈലക്കാട്‌ സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബര്‍സ്‌ഥാനില്‍ ആദ്യ വരിയിലെ രണ്ടാമനായി നിത്യവിശ്രമം കൊള്ളുന്നത്‌ ഇത്തിക്കരപക്കിയാണെന്ന്‌ സ്വന്തം നാട്ടിലെ പോലും പുതിയ തലമുറയ്‌ക്ക് അജ്‌ഞാതമായിരിക്കുമെന്നാണ്‌ സി.പി പറയുന്നത്‌.

സന്തോഷ്‌ പ്രിയന്‍

No comments:

Post a Comment